കാടും മൃഗങ്ങളും സാഹിത്യത്തിൽ

പി. പവിത്രൻ

‘പണ്ടൊരു കാട്ടിൽ ഒരു സിംഹം പാർത്തിരുന്നു’ എന്ന വാക്യത്തിൽ നിന്നാണ്‌ മനുഷ്യസംസ്‌കൃതിയുടെ ആദിമശേഖരങ്ങളായ മൃഗകഥകളിൽ പലതും ആരംഭിക്കുന്നത്‌. രാജാവിന്റെ കുട്ടികൾക്ക്‌ ബുദ്ധിവയ്‌ക്കാൻ ഒരാൾ പടച്ചുണ്ടാക്കിയ കഥകൾ എന്ന നിലവിട്ട്‌ അന്വേഷിക്കുമ്പോൾ അവയുടെ സാമൂഹ്യ തലത്തിലാണ്‌ ഒരാൾ എത്തിച്ചേരുക. ഈസോപ്പ്‌ കഥകളിലും പഞ്ചതന്ത്രം കഥകളിലും സമാഹരിക്കപ്പെട്ടവ മുതൽ ഈ കഥകൾക്ക്‌ ഒരു പരിണാമ ചരിത്രവുമുണ്ട്‌.

രാജാവിന്റെ വിജയത്തിലും സ്‌തുതിയിലും അവസാനിക്കുന്ന പ്രത്യക്ഷമായ യഥാതഥകഥകൾ നിലനിന്ന അതേ സമൂഹത്തിൽത്തന്നെയാണ്‌ മൃഗകഥകളിൽ സിംഹം എന്ന രാജാവ്‌ പ്രത്യക്ഷപ്പെടുന്നത്‌. സമൂഹത്തിൽ രാജത്വത്തിൽനിന്ന്‌ ഭിന്നമായ അധികാരകേന്ദ്രങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതാണ്‌ ആ കാലം. രാജനിയമങ്ങൾക്ക്‌ പകരമായി നില്‌ക്കാവുന്നതോ അതിനെ വെല്ലുവിളിക്കാൻ പോന്നതോ ആയ മറ്റൊരു നിയമകേന്ദ്രം സമൂഹത്തിൽ നിലവില്ലാതിരുന്ന കാലം. ‘സോഷ്യൽ റബലി’നെയൊ ‘സോഷ്യൽ റവല്യൂഷനറിയെ’യോ പ്രതിനിധീകരിക്കുന്ന കർതൃസ്ഥാനം അതിനാൽ തന്നെയാണ്‌ സാഹിത്യമണ്ഡലത്തിൽ പ്രത്യക്ഷപ്പെടാതെ പോയത്‌. രാമായണ മഹാഭാരതങ്ങളും ഇലിയഡും ഒഡീസ്സിയും മുതൽ കാളിദാസനെപ്പോലുളള കവികളും രാഷ്‌ട്രീയാധിപത്യത്തെ സംബന്ധിച്ച ഇതിവൃത്തങ്ങളെ രാജസ്‌തുതി പരമായിത്തന്നെ സമീപിക്കാനുളള കാരണവും അതുതന്നെ.

മൃഗകഥകളിൽ പ്രതൃക്ഷപ്പെടുന്ന സിംഹരാജാവിന്റെ അധികാരത്തിനും ഇതേ സ്വഭാവമാണുളളത്‌. ‘രാജാവിനോട്‌ നുണ പറയുന്നവൻ നശിച്ചുപോകും. രാജാവ്‌ ഈശ്വരനെപ്പോലെയാണെന്നാണ്‌ മനു പറഞ്ഞിട്ടുളളത്‌.’ എന്ന്‌ പഞ്ചതന്ത്രത്തിൽ നേരിട്ട്‌ ഈ നിയമം വ്യക്തമാവുന്നു. “രാജാവിന്‌ ഇഷ്‌ടമില്ലാത്തവരെ വെറുക്കുകയും ഇഷ്‌ടമുളളവരെ സ്‌നേഹിക്കുകയും ചെയ്യുന്നവൻ രാജാവിന്‌ പ്രിയപ്പെട്ടവനായിത്തീരും. രാജാവ്‌ എന്തെങ്കിലും പറഞ്ഞാൽ ഒന്നും എതിർത്തുപറയാതിരിക്കുക. അടുത്തു നിന്ന്‌ ഉറക്കെ ചിരിക്കാതിരിക്കുക. ഇങ്ങനെയൊക്കെ ചെയ്‌താൽ രാജാവ്‌ സ്‌നേഹിക്കും….ഭൃത്യരില്ലാതെ രാജാവില്ല. രാജാവില്ലാതെ ഭൃത്യരുമില്ല. അവർ അന്യോന്യം ബന്ധപ്പെട്ടവരാണ്‌” എന്നു പറയുന്ന പഞ്ചതന്ത്രത്തിൽ രാജശാസനകളും രാജത്വത്തിന്റെ വിമർശനവുമുണ്ട്‌.

ക്രൂരനായ രാജാവിനെ പ്രതിനിധീകരിക്കുന്ന ക്രൂരനായ സിംഹം അംഗീകൃത സാഹിത്യത്തിലെ രാജാവിനെപ്പോലെ വിജയിക്കുകയല്ല, പരാജയപ്പെടുത്തപ്പെടുകയാണ്‌. മൃഗകഥയിലെ ഈ വിത്യാസം ശ്രദ്ധേയമാണ്‌. അതോടൊപ്പം ഇവയൊന്നിലും തന്നെ പ്രണയമല്ല ഇതിവൃത്തം എന്ന കാര്യവും. ചെറിയവർ&വലിയവൻ എന്ന ദ്വന്ദ്വത്തിൽ രാഷ്‌ട്രീയ ബലാബലത്തിന്റെ പ്രതീകലോകത്ത്‌ രൂപപ്പെട്ടതാണ്‌ ഇവയിലെ ഇതിവൃത്തങ്ങൾ.

ശക്തനും ക്രൂരനുമായ മൃഗരാജാവിനെ പരാജയപ്പെടുത്തുന്ന മുയലിന്റെ കഥ നോക്കുക. രാജാവിന്‌ ഇരയായിത്തീരുന്ന മൃഗങ്ങളുടെ പ്രതിനിധിയാണ്‌ ഈ മുയൽ. കേൾവിക്കാരന്റെ മനസ്സ്‌ മുയലിനൊപ്പമാണ്‌. യഥാർത്ഥ കഥകളിലെപ്പോലെ രാജാവുമായി ആരും ഐക്യപ്പെടുന്നില്ല. കൊന്നു തിന്നപ്പെടുന്ന മൃഗങ്ങളിൽ ഒന്ന്‌ പീഡിപ്പിക്കപ്പെടുന്ന പ്രജകളിൽ ഒന്ന്‌ -ഏകാന്തമായി നടത്തുന്ന ചെറുത്തുനില്‌പും വിജയവുമാണ്‌ മുയൽ കഥയിലെ ഇതിവൃത്തം. ഈ കഥകൾ നടക്കുന്നത്‌ കാട്ടിലാണ്‌. യഥാർത്ഥകഥകളുടെ ഭൂമിയാകട്ടെ നാടുമാണ്‌. കാടും മൃഗങ്ങളും ചേർന്ന ഈ ലോകം പഴയ സമൂഹത്തിൽ പ്രത്യക്ഷസൂചനകളുളളതാണ്‌. കാട്‌ ഒരപൂർവ്വ വസ്‌തുവല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ എന്നാൽ നാഗരികത&കാട്‌ എന്ന ദ്വന്ദ്വപരിസരത്ത്‌ കാട്‌ അബോധവും ഏകാന്തവും പ്രതിരോധപരവും സ്വപ്‌നാത്‌മകവുമായ ഒരു മറുലോകമാണ്‌. അബോധമനസ്സിന്റെ വിഹാരരംഗമാണത്‌. കാട്ടിൽ നടക്കുന്നത്‌ സ്വപ്‌നത്തിൽ നടക്കുന്നതാണ്‌. രാത്രിയിൽ ഇരുട്ടിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു ഇരുണ്ട ലോകം.

ഈ ഇരുണ്ടലോകത്തിൽവെച്ച്‌ യഥാർത്ഥ പ്രകാശലോകത്ത്‌ അംഗീകരിക്കപ്പെടുന്ന അധികാരങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. ഇവിടെവച്ച്‌ പ്രതിരോധതന്ത്രങ്ങൾ മെനഞ്ഞെടുക്കപ്പെടുന്നു. സ്വപ്നത്തിലെന്നപോലെ ശക്തിഹീനൻ ഇവിടെവച്ച്‌ സ്വയം ശക്തനാവുന്നു. സ്വപ്‌നം കാണുന്ന ഒരു മനുഷ്യൻ സ്വയം മുയലായി മാറി സിംഹത്തെ പരാജയപ്പെടുത്തുന്നതു പോലെയാണത്‌. കാട്‌ രാഷ്‌ട്രീയ സ്വത്വത്തിന്റെ അധികാരബന്ധങ്ങളുടെ പ്രകാശനഭൂമിയാണ്‌. കാട്‌ നാടുകടത്തപ്പെട്ടവന്റെ ലോകം കൂടിയാണ്‌. ഉപേക്ഷിക്കപ്പെടുന്നവരുടെയും സമൂഹത്തിൽനിന്ന്‌ ഭ്രഷ്‌ടരാക്കപ്പെടുന്നവരുടെയും ഭൂമി. അതിനാൽ അധികാര ലോകത്ത്‌ പ്രവേശനം നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സ്വപ്‌നാത്മകമായ ആവാസഭൂമിയാണ്‌. സമൂഹത്തിന്റെ അധികാര ഘടനയ്‌ക്കുളളിൽ അംഗീകാരമുളളവർ ‘യഥാർത്ഥ മനുഷ്യ’രാണ്‌. അതിൽ പ്രവേശനമില്ലാത്തവർ മൃഗങ്ങളോ പക്ഷികളോ രാക്ഷസരോ ആയി മാറും. മൃഗകഥകളിൽ മൃഗത്തിന്റെ കർതൃസ്ഥാനങ്ങൾ ഭ്രഷ്‌ടന്റെ കർതൃസ്ഥാനമാവുന്നത്‌ അങ്ങിനെയാണ്‌. അതുപോലെ സ്‌ത്രീകളുടെ കർതൃസ്ഥാനങ്ങൾ പക്ഷികളോ പാമ്പോ ആയി മാറും. കുറുക്കനെ പറ്റിച്ച കോഴിയുടെ കഥയിൽ കോഴി സ്‌ത്രീ കർതൃസ്ഥാനത്താണ്‌. ‘നാഗകന്യക’ സങ്കല്പവും അതുതന്നെ.

മൃഗകഥകളുടെ ഈ പ്രതിരോധപരവും സ്വപ്‌നാത്മകവുമായ തലത്തെ അധീരത്വഘടന സ്വാംശീകരിച്ചതിന്റെ ഉദാഹരണമാണ്‌ രാമായണ മഹാഭാരതങ്ങളിലെയും അതുവഴി രൂപപ്പെട്ട നിയോക്ലാസിക്‌ സാഹിത്യത്തിലെയും ജന്തുസങ്കല്പം. അവിടെ ജന്തുക്കൾ അധീശരായ മനുഷ്യരുടെ ദാസന്മാരാണ്‌. ഹനുമാൻ&രാമൻ ബന്ധം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. ബാലി&ഗരുഡൻ എന്നിവയൊക്കെ ഇങ്ങനെ സ്വാംശീകരിക്കപ്പെട്ടിരിക്കുന്നു.

ഇവിടെ മറ്റൊരു വ്യത്യാസമുണ്ട്‌. പ്രാചീനജന്തുകഥകളിൽ കായികമായ അശക്തൻ ശക്തനെ പരാജയപ്പെടുത്തുകയാണെങ്കിൽ ഇവിടെ കായികമായി ശക്തിയുളളവൻ അതില്ലാത്ത എന്നാൽ ബുദ്ധിയും അധികാരവുമുളളവന്റെ ദാസനായിത്തീരുന്നു. ഹനുമാനും ബാലിയും ഗരുഡനും കായികശക്തിയുടെ പ്രതീകമാണ്‌. ജാതിഘടനയിൽ കായികമായി ശക്തരായ വർഗ്ഗം അതില്ലാത്ത എന്നാൽ അധികാരമുളളവരുടെ ദാസന്മാരായതിന്റെ പ്രതിനിധാനമാണ്‌ ഇത്‌. ഫ്യൂഡൽ ഭക്തികൊണ്ടാണ്‌ ഈ മൃഗപ്രതീകങ്ങൾ മനുഷ്യരോട്‌ വിധേയരായിരിക്കുന്നത്‌. കുഞ്ചൻ നമ്പ്യാരുടെ കവിതകളിൽ കടന്നുവരുന്ന ഹനുമാൻ, ബാലി, ഗരുഡൻ എന്നീ ശക്തി ചിഹ്‌നങ്ങളെല്ലാം കേരളത്തിലെ ബ്രാഹ്‌മണാശ്രിത ആയോധനവർഗ്ഗത്തെ പ്രതിനിധീകരിക്കുന്നതാണ്‌. ‘ഗരുഡ ഗർവഭംഗ’ത്തിൽ ഗരുഡനും ഹനുമാനും തമ്മിൽ നടക്കുന്നത്‌ ആശ്രിതന്മാർ തമ്മിൽ യജമാനപ്രീതിയുടെ കാര്യത്തിൽ നടക്കുന്ന മത്സരമാണ്‌.

മനുഷ്യൻ&മൃഗം എന്ന ഈ ദ്വന്ദ്വം ഒരു വംശത്തെ മറ്റൊരു വംശം കിഴടക്കുന്നതിന്റെ സൂചന കൂടിയാണ്‌. കൊളോണിയൽ അധിനിവേശത്തിന്റെ കാലഘട്ടത്തിൽ ഈ പ്രതീകദ്വന്ദ്വം മറ്റൊരു രൂപമാറ്റത്തിന്‌ വിധേയമായി. ചിത്രകഥകളിലൂടെയാണ്‌ അത്‌ പ്രത്യക്ഷമായത്‌. തങ്ങൾ പുതിയ വൻകരകൾ ‘കണ്ടെത്തി’യതിന്റെ ലഹരിയിൽ നിന്നാണ്‌ ഈ കഥകൾ ജനിച്ചുവീണത്‌. കാടൻമാരായ ആദിവാസികൾ അവിടെ പ്രമേയമായി. ഫാന്റം കഥകളിലുളളത്‌ ഫാന്റം എന്ന വെളളക്കാരനും അയാളെ ദൈവതുല്യം കരുതുന്ന ആദിവാസികളുമാണ്‌. വെളളക്കാരൻ അത്ഭുത സിദ്ധികളുളള മനുഷ്യനാണ്‌ഇവിടെ. ആദിവാസികളെക്കാൾ ജ്ഞാനമുളളവനും അവന്റെ രക്ഷിതാവും. ആഫ്രിക്ക ‘ഇരുണ്ട ഭൂഖണ്ഡ’മാണ്‌. പരിണാമവാദപരമായ ഒരു ലോകവീക്ഷണം കാടിനെയും കാടരെയും അപരിഷ്‌കൃതരായി തളളുന്നു. യഥാർത്ഥത്തിൽ കാലത്തിലൂടെ നാം നടത്തുന്ന ഈ വിഭജനവും ബഹിഷ്‌കരണവും കൊളോണിയൽ ‘പ്രത്യയശാസ്‌ത്രത്തെ ഉൾക്കൊളളുന്നതാണ്‌. ഇത്‌ കഥകളിലൂടെ ആവർത്തിച്ചുറപ്പിക്കപ്പെടുന്നു. കാടും കാട്ടിലെ ജീവിതവും ഒരു ചരിത്രസംവർഗമല്ല, പകരം മനഃശാസ്‌ത്ര പ്രത്യയശാസ്‌ത്ര സംവർഗമാണ്‌. ഭൂതകാലത്തിലല്ല വർത്തമാനത്തിന്റെ അധികാരവൈരുദ്ധ്യത്തിലാണ്‌ അത്‌ കൂടുവെച്ചിട്ടുളളത്‌.

ഇതുപോലെയാണ്‌ ’മാന്ത്രികനായ മാൻഡ്രേക്കി‘ൽ വെളളക്കാരനായ മാൻഡ്രേക്കും കറുത്തവനായ ലോതറും തമ്മിലുളള ബന്ധവും. ബ്രാഹ്‌മണ&ബ്രാഹ്‌മണേതര ബന്ധത്തിന്‌ തുല്യമാണത്‌. മാന്ത്രികനായ മാൻഡ്രേക്കിന്റെ ആശ്രിതനായി കായികശക്തി മാത്രമുളള ലോതർ.

ആധുനിക കാലഘട്ടത്തിൽ റൊമാന്റിസിസത്തിനും ശേഷമുളള കാലഘട്ടത്തിലും കാടും മൃഗബിംബങ്ങളും മറ്റൊന്നായി മാറുന്നുണ്ട്‌. കുമാരനാശാന്റെ ’സിംഹപ്രസവ‘ത്തിലെ സിംഹം കീഴാളരുടെ പ്രതിനിധിയാണ്‌. നിയോക്ലാസിക്‌ പാരമ്പര്യത്തിലെ ആശ്രിത സ്ഥാനമല്ല ഈ സിംഹത്തിന്റേത്‌. പകരം സ്വേഛാകാരിയാണ്‌. വഞ്ചി രാജാവിന്റെ തടവറയിലാണ്‌ ഈ സിംഹം. ആശാൻ കവിതയുടെ പൊതുവായ പശ്ചാത്തലവും കാടായിരിക്കുന്നതിന്റെ അർത്ഥവും ഇതുതന്നെ. എന്നാൽ വളളത്തോൾ കവിതയിൽ നിലവിലിരിക്കുന്ന രാജാധിപത്യത്തിന്റെ നാഗരികതയും മേടകളും പശ്ചാത്തലമാണ്‌. കാട്‌ ആശാന്റെ സ്വത്വസ്ഥാനമാണെങ്കിൽ വളളത്തോളിന്‌ രാജധാനിയും ക്ഷേത്രാങ്കണങ്ങളും ശ്രീകോവിലുകളും സ്വസ്ഥാനമായി. ക്ഷേത്രപ്രവേശനമില്ലാതിരുന്ന ജനതയുടെ പ്രാതിനിധ്യമാണ്‌ ആശാൻ കവിതയ്‌ക്കുളളത്‌.

വ്യവസ്ഥക്കുളളില സംരക്ഷിക്കപ്പെടുന്ന ഈ കാടുകൾ എതിർപ്പിനുളള സമൂഹത്തിലെ സാധ്യതയെയാണ്‌ സൂചിപ്പിക്കുന്നത്‌. അംഗീകൃത നാഗരികതയുടെ വ്യവസ്ഥീകരണത്തോടു പൊരുത്തപ്പെടാത്തവരുടെ ആശ്രയസ്ഥാനമാണ്‌ കാട്‌. വ്യവസ്ഥക്കുളളിൽത്തന്നെയുളള ഒളിത്താവളം, വ്യവസ്ഥയെ ആക്രമിക്കാനുളള ഒരു കേന്ദ്രംദ വ്യവസ്ഥയിൽ നിന്ന്‌ അകലംസൂക്ഷിക്കുന്ന സ്വത്വത്തിന്റെ ആവിഷ്‌കരണം.

അംഗീകൃതവും സ്ഥിരവും ആധിപത്യസ്വഭാവവുമുളള വ്യവസ്ഥകൾ ഇത്തരം ഒരു എതിർപ്പിന്റെ കേന്ദ്രത്തെ അനുവദിക്കുകയില്ല. അറേബ്യൻ മണലാരണ്യങ്ങളിൽനിന്ന്‌ കാടിന്റെ ഒരു സംസ്‌കൃതി നമുക്ക്‌ ലഭിച്ചിട്ടില്ല. വ്യവസ്ഥയെ അതിലംഘിക്കുന്നതിനുളള സ്വത്വകേന്ദ്രങ്ങൾ ഇസ്ലാമിക വ്യവസ്ഥ അനുവദിക്കുന്നുമില്ല. പകരം പകലിന്റെ പ്രകാശത്തിൽനിന്ന്‌ ഒളിഞ്ഞിരിക്കാൻ രാത്രിയുടെ ഇരുട്ടാണുളളത്‌. ആയിരത്തൊന്നു രാവുകളിൽ രാവ്‌ രതിയുടെ പ്രകാശനമാണ്‌. അത്‌ കാട്‌-മൃഗം എന്ന പ്രത്യക്ഷ രാഷ്‌ട്രീയ ദ്വന്ദ്വങ്ങളെ ഉൾക്കൊളളുന്നില്ല. പകരം അത്‌ നിലാവിന്റെയും രാത്രിയുടെയും മറ്റൊരു സൂചകമാണ്‌. കാടുപോലെ തന്നെ നിലാവും കഥയുടെ ആദിമ ജന്‌മപരിസരമാണ്‌. കാളിദാസനിൽ ഇവയുടെ മേളനം കാണാം. നിലാവ്‌, രാത്രി എന്നിവ കഥകളിൽ സ്വപ്‌നത്തിന്റെ തലത്തെ നിലനിർത്തുന്നു. പക്ഷെ ദൈന്യചിഹ്‌നങ്ങളെ അവയ്‌ക്ക്‌ ഉൾക്കൊളളാൻ കഴിയുന്നില്ല.

സുവർണഭംഗിയുടെ ഈ മായിക പരിസരത്തിന്‌ സ്വർഗ്ഗഛായയുണ്ട്‌. ഏകാന്തതയെയും ദുരിതത്തെയും സ്വകർത്ത്യസ്ഥാനങ്ങളിൽ ആവാഹിക്കാൻ ഇവയ്‌ക്കു കഴിയുന്നില്ല.

ആധുനിക രാഷ്‌ട്രവ്യവസ്ഥക്കുളളിൽ പ്രതിരോധത്തിന്റെ പശ്ചാത്തല ഭൂമിയായ കാട്‌ പ്രത്യക്ഷമാകുന്നില്ല. പുതിയ ഇലക്‌ട്രോണിക്‌ യുഗത്തിന്റെ ദീപ പ്രഭയിൽ അവയ്‌ക്കെങ്ങനെ നിലനില്‌ക്കാനാവും? അവയ്‌ക്കു പകരം വ്യവസ്ഥാ ഭിന്നമായ പുതിയ സ്വത്വ കേന്ദ്രങ്ങൾ ഉയർന്നുവരുന്നുണ്ട്‌. സോൾഷെനിറ്റ്‌സന്റെ ’കാൻസർ വാർഡു‘പോലെ അംഗീകൃതമായ സാമൂഹ്യാരോഗ്യത്തെ അവ ചോദ്യം ചെയ്യുന്നു.

അംഗീകൃത വ്യവസ്ഥയുടെ സുരക്ഷിതസ്ഥാനങ്ങളെ പിൻതളളി കടന്നുവരുന്ന ഈ ഒളിത്താവളങ്ങൾ സാമൂഹ്യമായ സ്വത്വ നവീകരണത്തിന്റെ ഗർഭസ്ഥാനമാണ്‌. കാടു നാടായിക്കഴിഞ്ഞ പുതിയ ലോകത്തിൽ അബോധമായ ചെറുത്തുനില്‌പിന്റെ സ്ഥലപരമായ ഈ സ്വത്വാശ്രയങ്ങൾ അവസാനിക്കുകയാണ്‌. ഒരുവശത്ത്‌ രോഗത്തിന്റെയും മരണത്തിന്റെയും സൂചനകൾ അതിനു തേടേണ്ടിവരും.

കുട്ടിക്കഥകളിൽ പുതിയ ഗ്രഹങ്ങളിലെ ജീവികളിലേക്കും കടലിനുളളിലേക്കും ഒരു വശത്ത്‌ അത്‌ ഇന്ന്‌ കുടിയേറിക്കൊണ്ടിരിക്കുന്നു. മറുവശത്ത്‌ മിക്കിമൗസ്‌ അടുക്കളയിലേക്ക്‌ കടന്നുചെല്ലുകയും ചെയ്യുന്നു. അച്ഛനമ്മമാരെ പറ്റിക്കുകയും അവരോടു കുസൃതി കാട്ടുകയും അവരറിയാതെ മറ്റു ജീവികളുമായി സല്ലപിക്കുകയും ചെയ്യുന്ന ഈ എലിയും പൂച്ചയും ആധുനികോത്തര സമൂഹത്തിലെ ബാല്യത്തിന്റെ പ്രതിനിധികളാണ്‌.

എന്നാൽ തികച്ചും സ്വസ്ഥമായി വ്യവസ്ഥക്ക്‌ ഇപ്പോഴും തുടർന്നുപോകാൻ സാധ്യമല്ല. മർദ്ദനമുളളിടത്തോളം അധികാര ഭേദങ്ങളുളളിടത്തോളം പ്രതിരോധത്തിന്റെ സ്ഥാനങ്ങളും സൃഷ്‌ടിക്കപ്പെടും. ഏകീകൃത ലോകത്തിന്റെ സ്വാസ്ഥ്യങ്ങളെ പിൻതളളി കടന്നുവരുന്ന ഏഷ്യനാഫ്രിക്കൻ ലാറ്റിനമേരിക്കൻ സാഹിത്യം പോലെ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന്‌ പ്രതിരോധ പ്രതീകങ്ങൾ പൊട്ടിമുളക്കുകതന്നെ ചെയ്യുന്നുണ്ട്‌.

Generated from archived content: kadum_mrigangalum.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English