ഗോത്രവർഗ്ഗപ്പാട്ടുകൾ

സാന്താൾ (ബീഹാർ)

—————–

മരണത്തെക്കുറിച്ചൊരു പാട്ട്‌

നൊമ്മടെ ജെന്‌മം വെറും

ഒരു തണ്ണീർ കുടം മാത്രം

ചെറിയൊരു ചോർച്ചപോരെ

തണ്ണീരു പൊയ്‌പ്പോകാൻ.

പട്ടിണിപ്പാട്ട്‌

നാടാകെ ഇരുള്‌ പരക്കുന്നു

എവിടേം നിക്കക്കളളിയില്ലല്ലോ

തിന്നാനൊന്നുമില്ല

അരുവിയും വറ്റിവരണ്ടല്ലോ

നമുക്ക്‌ ഈ നാടുവിട്ടുപോകാം

എങ്ങോട്ടെങ്കിലും പോകാം

പട്ടട കത്തുന്നു

അന്തിമാനവും കത്തുന്നു

ഓളടെ മിന്നുന്ന കവിളുകൾ

ഒരു പിടി ചാരമായ്‌ മാറുന്നു

ഇരുളു നിറഞ്ഞ മാനത്ത്‌

ഓളടെ കണ്ണുകളിപ്പോഴും മിന്നുന്നു.

പേരിടൽപ്പാട്ട്‌

മാരൻ ബുരുവേ, സ്‌തുതി

കുഞ്ഞിനു പേർ കുറിക്കും നാളിൽ

ഞങ്ങൾ തരും

നിരും പൂവ്വും

ആമോദം കൈക്കൊളളുവിൻ

പ്രാർത്ഥിക്കുന്നേൻ

കുഞ്ഞിനാരോഗ്യം, ശക്തി-

യായുസ്സും നല്ല കാലവും

അറിവും ബുദ്ധിയും നൽകി

അതിനെ കാക്കേണമേ.

തമാശപ്പാട്ട്‌

കരിമ്പും

അച്ഛന്റെയമ്മയുടെ സ്‌നേഹവും

മധുരം

വേപ്പില കയ്‌ക്കുന്ന

പൂവും

വീട്ടിൽ പെണ്ണൊത്തിരിക്കുമ്പോൾ

അതിലും കയ്‌ക്കുന്നു.

കോണ്ട്‌ (ഒറീസ)

————-

കാരണവൻമാരുടെ മണ്ണിൽ

ചോല നിറഞ്ഞു കവിഞ്ഞല്ലൊ

നാമൊരേപ്രായക്കാരാണേ

ഉറ്റതോഴാ നീ വായോ

മോളുടെ കെട്ട്യോനാണെന്നാലും

അല്ലെന്നാലും

ഉറ്റതോഴാ നീ വായോ

ഇഷ്‌ടത്തോടെ വിളിക്കുന്നു

ഉളളു തുറന്നു വിളിക്കുന്നു

ഉറ്റ തോഴാ നീ വായോ

മ്മടെ വയലിലെ നെല്ലും തിനയും

ചോടുകൾ വച്ചു കുളിക്കുമ്പോൾ

ഉറ്റ തോഴാ നീ വായോ

ബന്ധുക്കാരേ സ്വന്തക്കാരേ

മുറ്റത്തു പാടിക്കളിക്കാം പോരൂ

തോഴരേ നിങ്ങൾ വായോ

സ്വന്തത്തിലുളേളാരേ ബന്ധൂക്കാരേ

വയലേലകളിൽ പോകാം

ആടിപ്പാടി രസിക്കാം

ഉറ്റതോഴരേ വായോ

കൂട്ടരേ നിങ്ങളൊത്തു വരിൻ

ചപ്പു ചവറിന്‌ തീക്കൂട്ടാം

ഉറ്റ തോഴാ നീ വായോ

ചപ്പുചവറിന്‌ തീക്കൂട്ടാം

പാടം പൂട്ടാൻ പോകാലോ

ഉറ്റ തോഴാ നീ വായോ

കൊതിയന്‌മാർ

മുമ്പെങ്ങും കേട്ടിട്ടേയില്ലല്ലോ

ഏനറിഞ്ഞിടേയില്ലല്ലോ

ഇടവഴി ചേരുന്നോരത്ത്‌

കുയിലും കുരുവിയും വിളിക്കുന്നു

എന്തിനേ മാടി വിളിക്കുന്നു

യ്യോ ഞാൻ പൂമരമായല്ലോ.

ന്റാങ്ങിളമാരെ മാമന്‌മാരെ

അങ്ങേ കുടീലും പോകാലോ

കൂട്ടരവിടെയെത്തൂലോ.

ആടിപ്പാടിയെത്തൂലോ

കളളക്കൊതിയന്‌മാരെത്തൂലോ.

പൂമിതേവി പാട്ട്‌

മാനവർക്കു ദുരിതങ്ങളുമായി

ഇനിയൊരു ക്ഷാമം

ഈ മണ്ണിൽ വിരുന്നുവരാതിരിക്കട്ടെ.

ലോകം മുഴുവൻ സമാധാനം പുലരട്ടെ.

സിയാലി ചെടികളെപ്പോലെയും

ഗുൾചിപടർപ്പുകൾ പോലേയും

നമ്മുടെ വിളവുകൾ നിറഞ്ഞു വിളയട്ടെ

കണ്ടരാണി ടിനിരാണി രാസ്‌കക്കോട്ട

മലനിരകൾ എങ്ങളുടെ വീടാക്കുന്നു

ഉളളിത്തൈകൾ വളരട്ടെ

വെളുത്തുളളിയും വളരട്ടെ

ഞങ്ങൾ കുറ്റം ചെയ്യുന്നില്ല

കുറ്റബോധവുമില്ല

ഞങ്ങൾ ദൈവങ്ങളെ ഊട്ടുന്നു.

വളളിച്ചെടികൾ തലയിൽ ഉടക്കിടല്ലെ

മുളളുകൾ കുത്തി മുറിവേല്‌ക്കല്ലെ, ദൈവമേ

നീയിക്കയറുണ്ടാക്കിയത്‌ മെറിയാബ്‌നെ കെട്ടാനല്ലേ

ഈ വാളും കോടാലിയും

അവനു തീറ്റി കൊടുക്കാനല്ലേ

ഞങ്ങളിൽ പാപമില്ല

ഞങ്ങൾ തെറ്റു ചെയ്യുകയില്ല.

ഞങ്ങൾ കുറ്റം ചെയ്‌തിട്ടില്ല.

നിന്റെ കൊല്ലനല്ലേ

ഈ കോടാലി ഉണ്ടാക്കിയത്‌

ദുർഗ്ഗ ഭക്ഷിക്കുന്നു

എല്ലാം ഭക്ഷിക്കുന്നു

പൂമിക്കു താഴെയുളളതെല്ലാം

നീതിയുടെ ദേവനായ ധർമ്മനു മുകളിലുളളതെല്ലാം

നിനക്കർപ്പിക്കുന്നു, ചെറുതെങ്കിലും അപ്രധാനമെങ്കിലും.

പൂമിക്കു സന്തോഷമാകും

ദൈവങ്ങൾക്കും

പൊലിക, പൊലിക.

മറ്റുഗോത്രങ്ങൾ

————-

പിറവിപ്പാട്ട്‌

വെളുമ്പിയും കറമ്പിയും സോദരിമാർ

ഒന്നിച്ചവർ വെളളത്തിനുപോകുന്നു.

വെളുമ്പി ചുവന്ന കട്ടിലിൽ ഉറങ്ങുന്നു.

കറുമ്പി പൊളിഞ്ഞ കട്ടിലിലും.

വെളുമ്പി മുറ്റത്തു നിൽക്കവേ ഇരുട്ടു പരക്കുന്നു

കറുമ്പി മുറ്റത്ത്‌ വാദ്യം വായിക്കുന്നു.

ശോകഗീതം

തോഴി എത്ര രാത്രികൾ വീണ്ടും വരും

ആരും തുണയില്ലല്ലോ.

എന്റെ പ്രാണൻ പിടയുന്നു

എത്ര രാത്രികൾ വീണ്ടുവന്നു.

മാലവിറ്റ്‌ വിറകുവാങ്ങിയല്ലോ.

മൂക്കുത്തിവിറ്റ്‌ ആ മുഖത്ത്‌ തീവച്ചല്ലോ

എത്ര രാത്രികൾ………..

മുണ്ട (ഒറീസ)

————

ജാതൂർ പാട്ടുകൾ

വഴി നീളെ സാല പൂക്കളോളംതല്ലീ

വഴിനീളെ പെണ്ണാളും ചിരിക്കുണുണ്ടേ

പൂക്കൾ പറിക്കാനോ

കൈകളങ്ങോട്ട്‌ നീളനില്ലല്ലോ

ഒന്നുന്റെ മൊഴിയാനോ

ന്റെ വാക്കങ്ങോട്ട്‌ നീങ്ങണില്ലല്ലോ.

കയ്യെത്തിണില്ലേ…….

ഏനൊരു പങ്കായമായെങ്കിൽ

വാക്കെത്തുണില്ലേ……..

ഏനൊരു കത്തയച്ചീടാല്ലോ

പങ്കായമൊഴിഞ്ഞും പോയി

കത്തു കാണാണ്ടും പോയി

തണ്ടു മുറിഞ്ഞല്ലോ

തണ്ടു മുറിഞ്ഞല്ലോ

തണ്ടറ്റുപോയാല്‌ കൂടില്ലന്റമ്മോ

ഒഴുകണ ചോലവെളളം

താഴോട്ടൊഴുകണ ചോലവെളളം

മേലോട്ടൊഴുകില്ലല്ലോ

മലേടെ മോളിലേക്കെത്തില്ലമ്മോ

കെട്ടു കഴിഞ്ഞൊരു പെണ്ണ്‌

കെട്ടികച്ചയച്ചൊരു പെണ്ണ്‌

വീണ്ടും മടങ്ങി വരില്ലെന്റമ്മോ.

കെട്ടുകഴിഞ്ഞൊരു പെണ്ണ്‌

ദൂരെ കെട്ടിച്ചയച്ചൊരു പെണ്ണ്‌

അമ്മേ തിരിച്ചു കിട്ടില്ലല്ലോ

തിരിച്ചു വരില്ലമ്മേ

ഓളെ തിരിയെ കിട്ടില്ലല്ലേ.

ഒറയോൺ (ബീഹാർ, ഒറീസ)

————————-

അടുപ്പം

പുതിയൊരു ചങ്ങായി വന്നാലോ

ഞങ്ങള്‌ കയ്യും കഴുകിച്ച്‌

കാലും കഴുകിച്ച്‌

സ്‌നേഹം കൊണ്ടു പൊതിയൂലോ

വീട്ടിലൊരുക്കിയിരുത്തൂലോ

ദൂരേന്നു ചങ്ങാതി വന്നാലും

ഞങ്ങള്‌ കയ്യും കഴുകിച്ച്‌

കാലും കഴുകിച്ച്‌

സ്‌നേഹം കൊണ്ടു പൊതിയൂലോ

എവടന്നു ചങ്ങാതി വന്നാലും

ഞങ്ങളെ ചങ്ങാതി തന്നല്ലോ

സ്‌നേഹം കൊണ്ടു പൊതിയൂലോ

അകലത്തിൽ ഞങ്ങടെ കാടും മലയും കത്തമ്പോൾ

എല്ലാരുമെല്ലാരും കാണുന്നു

ഞങ്ങടെ ഉയിരു നീറിയെരിയുമ്പോൾ

ആരാരുമാരാരുമില്ലല്ലോ

അച്ഛനുമമ്മയുമില്ലല്ലോ

മൊഴിമാറ്റംഃ ഡി.ദാമോദർ പ്രസാദ്‌, ഇ.എസ്‌.സതീശൻ, ഗോപീകൃഷ്‌ണൻ, ഡോ.സി.ശാന്ത

Generated from archived content: gothra_pattu.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English