‘സത്യമുളളതാണ് ഈച്ച. ഞങ്ങളുടെ മന്ത്രവും തന്ത്രവുമാണിത്.’
സമ്പാഃ സി.ജയശ്രീ
ഉളളാടർ അലഞ്ഞുതിരിയുന്ന വർഗ്ഗക്കാരാണ്. എളളുവാരം മലയോരങ്ങളിൽ മാടം കെട്ടി താമസിച്ചിരുന്ന അവർ തോട്ടകൃഷി ആരംഭിച്ചപ്പോൾ ഏതെങ്കിലും തോട്ടക്കാരുടെയോ ജന്‌മിമാരുടെയോ അടിമകളായി. പിന്നീട് സർക്കാർ അവർക്ക് നാലുസെന്റ് നൽകി. ഇടിഞ്ഞു വീഴാറായ വീടുകൾ. ഇപ്പോൾ അലച്ചിലില്ല. തേൻ ശേഖരണമില്ല. നായാട്ടില്ല. പെരുമ്പാവൂരടുത്ത് ചെമ്പിറക്കി വേലൻമുടിയ്‌ക്കടുത്തുളള ഉളളാടർ കുടിയിലെ ചക്കി അവരുടെ പഴം പുരാണങ്ങൾ പറഞ്ഞു. ചക്കി തഴപ്പാ നെയ്യുകയായിരുന്നു. നെയ്‌ത്തിനിടയിൽ അവർ പറഞ്ഞു. അവരുടെ വംശത്തിന്റെ ഗാഥകൾ. അന്ധനായ അവരുടെ ഭർത്താവ് നിലത്തു കുന്തിച്ചിരുന്നു. പഴയ പാട്ടുകൾ പാടി. തേൻ പാട്ടുകൾ, നായാട്ടു പാട്ടുകൾ, കോലടിപ്പാട്ടുകൾ. ചക്കിപ്പെണ്ണിന് ഇന്ന് കാഴ്‌ച കുറവാണ്. ഈച്ച പോകുന്നതു കാണില്ല. ദൂരെയുളള ഈച്ചയെ കണ്ടുകൊണ്ട് പുറകെ സഞ്ചരിച്ചിരുന്ന ചക്കിപ്പെണ്ണ് എവിടെയുളള തേനും കണ്ടുപിടിച്ചിരുന്നു.
ഒരു കാലത്തവർ നായാട്ടുകാരായിരുന്നു. കടമറ്റത്തെ കത്തനാരെ സേവിച്ച് മന്ത്രവാദം ചെയ്തവരുണ്ടായിരുന്നു. ‘വായും മനസ്സും’ അറിയാതെ ഇറങ്ങിനടക്കുന്ന കൂട്ടർ. ‘കെട്ടും നടക്കും’ ഇതാണവരുടെ ജീവിതരീതി. കുടിൽകെട്ടി അതും പൊളിച്ചുകൊണ്ടുപോകും. വംശോത്ഭവത്തെപ്പറ്റി ഇവർക്കൊരു കഥയുണ്ട്. പണ്ട് ബ്രാഹ്‌മണവർഗ്ഗത്തിൽപ്പെട്ട ചേട്ടാനുജൻമാർ മൂന്നുപേർ വനത്തിൽപോയി. ഇളയ അനിയൻ കാട്ടിൽ കൊടും തപസ്സു ചെയ്തു. രണ്ടാമത്തെയാൾ തിരിച്ചുപോന്നു. മൂന്നാമത്തെ ആൾ ‘നൂറാനും വീഴാനും’ കുത്തി വനത്തിൽ തന്നെ താമസിച്ചു വന്നു. അവരാണ് മലനായാടികൾ. അവരുടെ വംശത്തിൽ പിറന്നവരാണ് ഉളളാടർ. വിഷവർ, മന്നാൻ, ഊരാളി, മുതുവാൻ, മലനായാടി, മലങ്കുടി, വേട്ടുവർ ഇവരൊക്കെ കാട്ടിലെ മനുഷ്യരാണ്. എലി, ആമ, തേൻ ഇവ ശേഖരിച്ചാണ് ഉളളാടർ കഴിഞ്ഞിരുന്നത്. ഈ ജീവികളെപ്പറ്റിയുളള ഉളളാടരുടെ കാട്ടറിവ് പ്രസിദ്ധമാണ്.
എലിയെപ്പറ്റിയുളള അറിവുകൾ
————————–
എലിയെ പിടിക്കാൻ വിദഗ്‌ധരാണ് ഉളളാടർ. എലി ഇറങ്ങുന്ന വഴിച്ചാലു കണ്ടാൽ ഇവർക്കറിയാം. പിന്നീട് എലിയുടെ ഒരു പൊത്തൊഴിച്ച് എല്ലാം മണ്ണുവച്ച് പൊത്തും. അപ്പോൾ എല്ലാ എലികളും ഒരു പൊത്തിലൂടെ പുറത്തുവരും. എലികൾ പതിനെട്ടുതരമുണ്ടെന്നാണ് അവരുടെ ഒരു പാട്ടിൽ കാണുന്നത്. ‘ചുണ്ടെലി, ചൊറിയെലി, ചുണ്ടുമ്മെ പാണ്ടെലി, പെരിച്ചാഴി, തൊരപ്പൻ, വെളളലി….കെട്ടിയ പെണ്ണിന്റെ താലികരണ്ടെലി’. ഇതിന് ഓരോന്നിനും ഓരോ സവിശേഷതകളുണ്ട്. പാമ്പിന് വഴികാട്ടുന്ന എലിയാണ് നച്ചൻ. നച്ചനുളളിടത്ത് പാമ്പുവരും. നച്ചനെലിയുടെ മാംസം വിഷമാണ്. വേറൊരു മൃഗവും അതിനെ തിന്നുകയില്ല. മിഥുനം കർക്കിടകം മാസത്തിലാണ് അതിനു വിഷമുണ്ടാകുക. ചുണ്ടിന് നീളമുളള ഈ എലിയുടെ ഒച്ചക്കു മാറ്റമുണ്ട്. അതിന്റെ ശബ്ദം കേട്ടാൽ പാമ്പു പുറകെവരും. മിക്കവാറും മരത്തിലാണ് ഇതു ജീവിക്കുന്നത്. വലിയ എലിയെ തിന്നാം. വായുരോഗങ്ങൾക്ക് നല്ലതാണിത്.
ആമ
—–
കാട്ടിലും നാട്ടിലും കുളത്തിലുമുളള ആമയെ പിടിക്കുന്നവരുമായിരുന്നു ഉളളാടർ. ആമയുടെ വ്യത്യസ്ത ഇനങ്ങളെപ്പറ്റിയും ആമത്തോടുകൊണ്ട് രോഗങ്ങൾ മാറ്റുന്നവിധവും ഇവർക്കറിയാം. വെളളാമ, ആറ്റാമ, കല്ലാമ, കാരാമ എന്നിങ്ങനെ നാലുതരം ആമകളുണ്ട്. ആറുമാസം കരയിലും ആറുമാസം വെളളത്തിലും ജീവിക്കുന്ന ആമയാണ് വെളളാമ. പത്തരകിലോ വരെ ഭാരമുണ്ടാകാറുളള ആറ്റാമ വെളളത്തിൽ കഴിയുന്നു. കാട്ടിൽ കഴിയുന്നതാണ് കല്ലാമ. കല്ലാമയും കാരാമയും കിട്ടാൻ വിഷമമുളളതാണ്. വെളളത്തിൽ കാഷ്‌ഠമിട്ടതു നോക്കിയാണ് ആറ്റാമയുളളത് തിരിച്ചറിയുന്നത്.
ഉളളാടർ പല മന്ത്രവാദ കർമ്മൾക്കും ചികിത്സക്കും ആമത്തോട് ഉപയോഗിച്ചു വരുന്നു. വേടൻ, പക്ഷിപീഡ, ബാലപീഡ ഇവയ്‌ക്കെല്ലാം ആമത്തോടുപയോഗിക്കുന്നു. കുട്ടികൾക്ക് സർപ്പത്തിന്റെ ശല്യമുണ്ടെങ്കിലും ഇതുപയോഗിച്ചുവരുന്നു.
തേനിനെപ്പറ്റിയുളള അറിവുകൾ
—————————
തേനുമായി ബന്ധപ്പെട്ടാണ് ഉളളാരരെപ്പറ്റി അറിയപ്പെടുന്നത്. ചില പ്രത്യേക കാലങ്ങളിൽ ഗ്രാമങ്ങൾ ചുറ്റിനടന്ന് തേൻ വില്‌ക്കുന്നവരായിരുന്നു ഉളളാടർ. തേനിന്റെ ‘അട’യടക്കമായാണ് ഇവർ വരുക. ഇന്ന് കാട്ടുതേനിന്റെ പേരിൽ എന്തെല്ലാം വ്യാജമായ കച്ചവടമാണ് നടക്കുന്നത്. കാടെല്ലാം വെട്ടിപ്പോയപ്പോൾ തേനും കിട്ടാതായി. തേനും തേൻ പാട്ടുകളും ഉളളാടർക്കിന്ന് ഓർമ്മകൾ മാത്രമാണ്. തേൻശേഖരണത്തെ പരിശുദ്ധമായ ഒരു ജീവിതചര്യയായിട്ടാണ് ആദിവാസികൾ കരുതി വരുന്നത്. എല്ലാ ആദിവാസികൾക്കും തേൻ ശേഖരണത്തിന് സ്വന്തമായ വഴികളും വിശ്വാസങ്ങളും ആചാരങ്ങളും സാങ്കേതിക വിദ്യകളുമുണ്ട്.
‘ഈച്ച കറങ്ങിക്കറങ്ങി പോകുന്നത്’ കണ്ട് പുറകെ പോകുന്നവരാണ് ഉളളാടർ. നാലുതരം തേനുകളും അവ ശേഖരിക്കുന്ന മാസവും താഴെ കൊടുക്കുന്നു.
കൊമ്പൻ- ചിങ്ങം, കന്നി- ഉയരമുളള മരക്കൊമ്പിൽ
കോലി- മീനം, മേടം- പാറയിൽ
ചെറുതേൻ-എടവം, മിഥുനം-പുരയുടെ അടുത്ത്
പൊത്തിക്കുരുടൻ-മീനം, മേടം-പെട്ടിയിൽ ഇരിക്കുന്നത്
കൊമ്പൻതേൻ ഏറ്റവും ഉയരുമുളള മരക്കൊമ്പിലാണുണ്ടാവുക. മരത്തിൽ ആണിയടിച്ചാണ് കയറുക. എത്താവുന്നിടത്തോളം ഏണി വയ്‌ക്കും. മുകളിൽകയറി ചൂട്ടുകത്തിച്ച് ഈച്ചകളെ പുകച്ചു മാറ്റും. പിന്നീട് തേനിന്റെ ‘മടി’ അല്ലെങ്കിൽ അട എടുക്കും. നേനെടുത്ത കൈ നക്കാൻ പാടില്ല. മനുഷ്യൻ തൊട്ടാൽ തേനട അശുദ്ധമായി എന്നു തേനീച്ചകൾ കരുതുന്നുവത്രെ. പിന്നീട് ഏഴുദിവസം കഴിഞ്ഞ് വെളളത്തിൽ മുങ്ങിയതിനുശേഷം മാത്രമേ തേനീച്ചകൾ പുതിയ പൂവ്വിൽ പോകുകയുളളു.
വെളുത്ത പക്ഷത്തിൽ തേനുണ്ടാവുകയില്ല. കറുത്തപക്ഷത്തിലാണ് സാധാരണ തേൻ ശേഖരിക്കുന്നത്. നിലാവു പടിഞ്ഞാട്ടു തിരിയുമ്പോൾ നല്ലവണ്ണം തേനുണ്ടാകും. പണ്ട് പലതരം കാട്ടുമരങ്ങളുടെ പൂക്കളിൽനിന്ന് തേൻ കിട്ടിയിരുന്നു. ഇന്ന് റബ്ബറിന്റെ പൂവിൽനിന്നാണ് തേനീച്ചകൾ തേൻ ശേഖരിക്കുന്നത്. തേൻ പിഴിയാതെത്തന്നെ വീട്ടിലേക്കു കൊണ്ടുവരികയാണ് പതിവ്. തേൻ കയ്യിലെടുക്കുമ്പോൾ പുകയാതിരിക്കാൻ കയ്യിൽ ചുണ്ണാമ്പ് പുരട്ടാറുണ്ട്. തേനിന് ഒരു പ്രത്യേക ചൂടുണ്ട്. നല്ലതേൻ കൊണ്ട് കടലാസു കത്തുമത്രെ. നാലുവിധം തേനുളളതിൽ ചെറുതേനാണ് ഏറ്റവും നല്ലതും ശക്തിയുളളതും. കാത്തിരപ്പൂ, ചെത്തിപ്പൂ, തുമ്പപ്പൂ തുടങ്ങിയ ഔഷധ സസ്യങ്ങളുടെ പൂക്കളിൽനിന്നാണ് ചെറുതേൻ ശേഖരിക്കുന്നത്. ഭൂമിയോടു ചേർന്നു പറക്കുന്ന ഈ തേനീച്ചകൾ അധികം ഉയരത്തിൽ പറക്കാത്തവയാണ്. തേനെടുക്കുന്ന വിദ്യയും ഉളളാടർക്കറിയാം. ചിലപ്പോൾ കുടത്തിൽ ശേഖരിക്കും. ഇരുട്ടുസമയത്ത് കുഞ്ഞും മുട്ടയും മണ്ണുവച്ച് പൊത്തി തേൻ എടുക്കുന്നു. കാട്ടിൽനിന്നു ശേഖരിച്ചാൽ മുഴുവൻ ഉളളാടരെടുക്കും. എന്നാൽ മറ്റൊരാളുടെ വീട്ടിലാണെങ്കിൽ ‘ഒപ്പം പാതി’ എന്നാണു നിയമം. തേനെടുക്കേണ്ട സമയമായാൽ ഒരു മണം വരും. ‘കരിമണം’, അതു ഉളളാടർ തിരിച്ചറിയുന്നു. തേനെടുത്താൽ കാരണവൻമാർക്കുളള പങ്ക് ഒരു ഇലയിൽ ദൂരെ വയ്‌ക്കും. എന്നിട്ടേ അവർ തേൻ ഉപയോഗിക്കാനെടുക്കുകയുളളൂ. ‘സത്യമുളളതാണ് ഈച്ച. ഞങ്ങളുടെ മന്ത്രവും തന്ത്രവുമാണിത്.’ തേനിനെപ്പറ്റി ഇവർക്ക് പാട്ടുമുണ്ട്.
കല്യാണം, ഓണം ഇവയോടനുബന്ധിച്ച് അനുഷ്‌ഠാനങ്ങളും നൃത്തങ്ങളും ഉളളാടർക്കുണ്ട്. രാമായണം കോലുകളിപ്പാട്ടാണ് പ്രധാനം. നായാട്ടുപാട്ടുമുണ്ട്. തുളളൽപാട്ടും ബാധ ഒഴിപ്പിക്കുന്ന പാട്ടുമുണ്ട്. മന്ത്രവാദകർമ്മങ്ങൾ നടത്തുന്ന കർമ്മിയെ ‘കറുമ്പാൻ’ എന്നു വിളിക്കുന്നു. മരണവുമായി ബന്ധപ്പെട്ടുകൊണ്ട് ഉളളാടർക്ക് പ്രത്യേക ചടങ്ങുകളുണ്ട്. ഏതെങ്കിലും വീട്ടിൽ ആരെങ്കിലും മരിക്കാൻ കിടക്കുമ്പോൾ ഉളളാടർക്ക് ‘കഞ്ഞി കൊടുക്കുക’ എന്ന ചടങ്ങുണ്ട്. മരണത്തെ സംബന്ധിച്ച സൂചനകൾ അവർക്കു പറയാനാകുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. ഒരു തോർത്തുമുണ്ടിന്റെ നാലുമൂലയിലും ബലിസാധനങ്ങൾ കെട്ടി അതിൽ ഏതെങ്കിലും ഒരു കെട്ട് വീട്ടുകാരെക്കൊണ്ട് അഴിപ്പിക്കുന്ന ചടങ്ങാണിത്. കറുക, നെല്ല്, അരി, ചക്രം, കരിക്കട്ട, മഞ്ഞൾ, തുളസി, എളള് ഇവയാണ് നാലു മൂലയിലും കെട്ടുന്നത്. നടുക്ക് നെല്ലും അരിയും വയ്‌ക്കും. അത് മരണശയ്യയിൽ കിടക്കുന്ന ആളുടെ തലയിൽ ഉഴിഞ്ഞ് കൊണ്ടുവരും. കണ്ണടച്ച് അതിലൊരു കെട്ട് തൊടും. കെട്ടിലുളള സാധനങ്ങളുടെ സ്വഭാവം നോക്കി മരണത്തെപ്പറ്റി പ്രവചിക്കുന്നു. നെല്ലും അരിയുമാണ് കിട്ടുന്നതെങ്കിൽ ആളുടനെ മരിക്കില്ലെന്നാണ് അർത്ഥം. ചക്രമാണ് കിട്ടുന്നതെങ്കിൽ ഏതെങ്കിലും വഴിപാട് കഴിക്കാനുളള സൂചനയാണുളളത്. കരിക്കട്ടയാണ് കിട്ടുന്നതെങ്കിൽ മരണം തീർച്ച. എളളും തൃത്താവും കറുകയുമാണെങ്കിൽ ബലിയുടെ ചടങ്ങിന്റെ സൂചനയാണ് കാണിക്കുന്നത്. ‘തോല്‌മയാണ്, പിടീന്നാവും മരണം’. മഞ്ഞൾ കിട്ടുന്നത് ശുഭ സൂചനയാണ്. അസുഖം മാറുമെന്ന് കരുതാം.
പിന്നീട് കിടക്കുന്ന ആളുടെ കാലുകഴുകിയ വെളളത്തില കഞ്ഞി വച്ച് ഉളളാടർക്ക് കൊടുക്കുന്നു. ‘നിങ്ങൾ വരുത്തിവച്ച ശാപത്തെ ഞങ്ങളേല്‌ക്കുകയാണ്’ എന്നാണ് ഇതിന്റെ സങ്കൽപ്പം. മറ്റുളളവരുടെ ശാപംപോലും കയ്യേല്‌ക്കാൻ തയ്യാറായ നിഷ്‌ക്കളങ്കരായിരുന്നു ഉളളാടർ. ഇന്ന് അവരതിനു തയ്യാറല്ല. ‘മുടിഞ്ഞ് മുദ്രകുത്തി ഒക്കെ നശിച്ചില്ലെ’.
കാരണവൻമാരുടെ ചടങ്ങിന് മഞ്ഞപ്പൊടി കൊണ്ടു കളംവരയ്‌ക്കുന്ന ചടങ്ങവർക്കുണ്ട്. സ്വന്തമായ വസ്‌ത്രധാരണരീതിയും അലങ്കാരങ്ങളും അവർക്കുണ്ടായിരുന്നു. കുമ്പളത്താലി, മുത്ത് എന്നിങ്ങനെയാണ് ആഭരണങ്ങൾ. വനവാസക്കാലത്ത് പുരുഷൻമാർ നായാട്ടിനുപോകാറുണ്ട്. നിരന്നു നിരന്ന് ഒച്ചയിട്ടുകൊണ്ടാണ് മലനായാട്ടുസംഘം നീങ്ങുക. തോക്കും മറ്റു ആയുധങ്ങളുമുണ്ടാകും. അന്ന് നാടൻ തോക്കിന് ‘അകമ്പടി’ (ലൈസൻസ്)യുണ്ടായിരുന്നു. തോക്കിന്റെ പാത്തിയിലെ ഒരു പൊത്തിലാണിതു സൂക്ഷിക്കുക. നായാട്ടുസംഘത്തെ രണ്ടായി വിഭജിക്കുന്നു. ഒന്നു നോട്ടക്കാര്. മറ്റോര് തോക്കുകാരും. ഒരു പ്രത്യേക ഈണത്തിലുളള പാട്ടു പാടിയാണ് മുന്നോട്ടു നീങ്ങുക. പാട്ടിന്റെ മാന്ത്രിക ഈണം കേട്ട് മൃഗങ്ങൾ പതുങ്ങുമത്രെ
.
‘എന്റെ കൈ മടക്ക്വോട്ടോ……
എന്റെ കൊമ്പേ…… ഓ……..
എന്റെ കൊമ്പു തിക്കിയോ…….
ഓടല്ലടാ കൊച്ചു പൈതലേ……
എന്റെ കൈ മടക്ക്വോട്ടോ ഓ…… ഇ……. ആ……
എന്റെ കൊമ്പൊതുക്ക്വോ……..
എന്നിങ്ങനെ പാടി മുന്നേറുന്നു. ഏതു മൃഗത്തെയാണോ കാണുന്നത് അതിനെ വിളിച്ചാണ് പാടുന്നത്. മേൽ കാണിച്ചപാട്ട് മുയൽ നായാട്ടിലുളളതാണ്. മുയൽ ചെവി മടക്കിവച്ച് പതുങ്ങി ഇരിക്കുന്നതാണ് ചിത്രം. മുയൽ ഒതുങ്ങിനിന്നാൽ അതിനു ചുറ്റും വലംവക്കുന്നു.
Generated from archived content: chakkikutti.html Author: nattariv-patana-kendram
Click this button or press Ctrl+G to toggle between Malayalam and English