“അമ്മൂമ്മേ, നഖം കടിക്കുന്നതിന് വല്ല മരുന്നും….?”
“അസ്സല് പൂശ് കൊടുക്കണം”. സി.ആർ. നാരായണിയമ്മയ്ക്ക് ഒന്നും സംശയിക്കേണ്ടിവന്നില്ല. ചെന്നിനായകം പുരട്ടുന്നതു നല്ലതാണെന്നായിരുന്നു. ഏലിക്കുട്ടിയുടെ നിർദ്ദേശം. വലിയാലുക്കൽ നാട്ടറിവ് പഠനകേന്ദ്രത്തിൽ പാരമ്പര്യ മുത്തശി അറിവുകൾ പങ്കുവയ്ക്കാനെത്തിയതാണിവർ.
അവരവരുടെ മൂത്രം ഒഴിച്ചാൽ കുഴിനഖം പമ്പകടക്കും. – മുത്തശ്ശിമാർ അറിവിന്റെ ചെപ്പു തുറക്കുകയായി. പടിക്കാരം നാളികേര പാലിൽ ചാലിച്ച് കുഴിനഖത്തിൽ പുരട്ടി തുണി കെട്ടിവയ്ക്കുന്നതും ഇതിനൊരു പരിഹാരമാർഗമാണ്.
കുഞ്ഞിന്റെ കണ്ണ് വലിച്ചെഴുതിയാൽ നീളക്കണ്ണാകും. എഴുതിയില്ലെങ്കിൽ വട്ടക്കണ്ണും. ഇപ്പോൾ അതൊക്കെയുണ്ടോ? കണ്ണിനു ചതവോ മറ്റോ പറ്റിയാൽ കണ്ണിവെറ്റിലയും അഞ്ചാറു ജീരകവും ചതച്ചുപിഴിഞ്ഞിടുകയായിരുന്നു പതിവ്.
ഇപ്പോഴതു വല്ലതും പറഞ്ഞാൽ ആരെങ്കിലും കേൾക്കുമോ? എല്ലാ കമ്പനിക്കാരുടെം ഇഞ്ചക്ഷനല്ലേ-അറിവു പകരുമ്പോൾതന്നെ സംശയവുമേറുന്നു.
വളളിവടി വളഞ്ഞവടി, വളഞ്ഞൊടിഞ്ഞു നീർന്ന വടി, ചുളളിവടി ചുളിഞ്ഞവടി, ചുളിഞ്ഞൊടിഞ്ഞു നീർന്ന വടി.
മച്ചിയിൽ അറയിൽ അരുവിന്, ഉറിയില്‍ ഉരുളിയില്‍ ഉരിയില് ഉരിയെണ്ണ. ഇതു രണ്ടും വേഗത്തിൽ തുടർച്ചയായി ചൊല്ലിയാൽ കുട്ടികളുടെ നാവ് കെട്ടൽ മാറും.
കറിവേപ്പിലയും ഇഞ്ചിയും വെളളംതൊടാതെ അരച്ച് നെല്ലിക്ക വലിപ്പത്തിലാക്കി കഴിച്ചാൽ വയറ്റിലെ അസുഖങ്ങൾ ഭേദമാകും. ഏതു മരുും വെറുംവയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. വയറിളക്കത്തിന് ജാതിക്കയും വയമ്പും അരച്ചുനൽകിയാൽ മതിയാകും. ഇലക്കറികൾ, പ്രത്യേകിച്ച് മുരിങ്ങയില കഴിച്ചാൽ മുലപ്പാൽ കൂടും. കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ് ഒരൗൺസ് കഴിക്കുന്നതും മുലപ്പാലിന് മികച്ചതാണ്.
കരിമുഖത്തിന് മരുന്നുണ്ടോ?
കഷ്ടകാലം മാറുമ്പോൾ തന്നെ പൊയ്ക്കൊളളും.
പാലുണ്ണിക്കോ?
കാബേജിന്റെ നീര് പുരട്ടിയാൽ മതി.
പ്രസവത്തെത്തുടർന്നുളള രക്തസ്രാവത്തിന് നാട്ടുമരുന്നുണ്ടോ?
പച്ചക്കടുക് അരച്ച് നെറുകയിലിടുക.
ഫലമുണ്ടോ?
ഫലമില്ലെങ്കിൽ വല്ലതും ചെയ്യുമോ. ഇതെന്താ തമാശക്കളിയോ. ജീവൻ വച്ചുളള കളിയല്ലെ. പാലായിൽനിന്നു വരന്തരപ്പളളിയിലേക്കു കുടിയേറിയ സ്വദേശി ഏലിക്കുട്ടി അൽപം ഗൗരവത്തിലായി.
ജനിച്ചയുടനെ കുട്ടയുടെ മുഖത്ത് വെളളം തളിക്കുന്ന ചടങ്ങ് ഹിന്ദുക്കൾക്കിടയിലുണ്ട്. വെളളം തളിക്കുന്ന ബന്ധുവിന്റെ സുകൃതം കുട്ടിക്കു കിട്ടുമെന്നാണു വിശ്വാസം.
സുഭദ്ര വി.നായർ (കോണത്തുകുന്ന്), യശോദ ഗോപാലൻ (പൊയ്യ) എന്നിവരാണ് അറിവ് പങ്കുവയ്ക്കാനെത്തിയ മറ്റു മുത്തശിമാർ. സി.എൻ.രാമപണിക്കർ, കെ.കെ.രാമൻകുട്ടി എന്നിവരും പങ്കെടുത്തു.
സി.ആർ. രാജഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. യശോദ ഗോപാലൻ തയ്യാറാക്കിയ മരുന്നുകഞ്ഞിയും കുടിച്ചാണ് കേൾവിക്കാർ മടങ്ങിയത്.
തയ്യാറാക്കിയത്ഃ
നാട്ടറിവു പഠനകേന്ദ്രം
കണിമംഗലം, തൃശ്ശൂർ-27.
Generated from archived content: arivum_ammumma.html Author: nattariv-patana-kendram