നറുമൊഴികൾ -‘വയറുനിറഞ്ഞാൽ വാ കയ്‌ക്കും’

പലരുംപറഞ്ഞ്‌ പ്രചാരത്തിൽ എത്തിയ മൊഴികളാണ്‌ പഴമൊഴികൾ അഥവാ പഴഞ്ചൊല്ലുകൾ. ഇവയെ തരംതിരിക്കുകയാണെങ്കിൽ ജീവിതത്തിലെ പലരംഗങ്ങളിലും അവ വെളിച്ചം പരത്തുന്നതായികാണാം. സദാചാരം, കൃത്യനിഷ്‌ഠ തുടങ്ങി നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെയാണ്‌ ഇവ പ്രതിഫലിപ്പിക്കുന്നത്‌. ഭക്ഷണസംബന്ധമായ വിശ്വാസങ്ങളിലേയ്‌ക്ക്‌ വെളിച്ചം വീശുന്ന ചില ചൊല്ലുകളാണ്‌ ഇവ.

1. അത്താഴമുണ്ടാൽ അരക്കാതം നടക്കണം. മുത്താഴം ഉണ്ടാൽ മുളളിലും കിടക്കണം. അത്താഴം കഴിഞ്ഞാൽ പലരും കിടന്നുറങ്ങാൻ ശ്രമിക്കും. അത്‌ പാടില്ല. കഴിച്ച ആഹാരം തെല്ലൊന്ന്‌ ദഹിച്ചശേഷമേ കിടക്കാൻപാടുളളൂ. അതാണ്‌ അരക്കാതം നടക്കണം എന്നു പറയുന്നത്‌. എന്നാൽ ഉച്ചഭക്ഷണത്തിനുശേഷം അങ്ങനെയല്ല. ഒരിടത്ത്‌ കിടക്കുകതന്നെ വേണം. മുളളിലും എന്നുപറയുന്നത്‌ സൗകര്യം കുറഞ്ഞാലും വിശ്രമംവേണമെന്ന്‌ സൂചിപ്പിക്കാനാണ്‌.

2. പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്‌ക്കും, ഞാൻ ഉണ്ണും. ഒരു അദ്ധ്വാനവും ചെയ്യാതെ ജീവിക്കുന്നത്‌ ശരിയല്ല. നാം കഴിക്കുന്ന ആഹാരമായ അരി എത്ര പേരുടെ അദ്ധ്വാനഫലമായിട്ടാണ്‌ ഉണ്ടാകുന്നത്‌! ഇതൊന്നും ചിന്തിക്കാതെ ജീവിക്കുന്നത്‌ ശരിയല്ലെന്ന്‌ സൂചിപ്പിക്കുന്നു.

3. പഴുത്ത കായ്‌ കൊമ്പിലിരിക്കില്ല. എല്ലാ ജീവികൾക്കും ഒരു അന്ത്യമുണ്ടെന്ന്‌ സൂചിപ്പിക്കുന്നു. ഒരു മാവിൽ കണ്ണിമാങ്ങ മുതൽ മുഴുപ്പെത്തിയ മാങ്ങവരെ നിലനിൽക്കും. എന്നാൽ പഴുത്തുകഴിഞ്ഞാൽ അതിനവിടെ സ്‌ഥാനമില്ല. ഏറ്റവും വലിയ ഒരു ജീവിതനിരീക്ഷണമാണ്‌ ഈ പഴഞ്ചൊല്ല്‌.

4. പഴംപഴുത്താൽ പുഴുവരും. എല്ലാ വസ്‌തുക്കളും യഥാവസരം പ്രയോജനപ്പെടുത്താൻ ഉളളതാണ്‌. പഴം കൂടുതൽ പഴുത്താൽ എന്താവും കഥ!

5. പാചകർ പലതായാൽ കറിപാഴാവും. എല്ലാ കാര്യങ്ങൾക്കും ഏകാഗ്രത ആവശ്യമാണ്‌. ഒരുകാര്യം പലരുകൂടിച്ചെയ്‌താൽ അലങ്കോലപ്പെടും. കറികൾ തയ്യാറാക്കുമ്പോൾ പലരും ചേർന്ന്‌ പണി ഏറ്റെടുത്താൽ അവസ്‌ഥ എന്തായിത്തീരുമെന്ന്‌ ഊഹിക്കൂ. ആവശ്യമുളളതെല്ലാം ഒരാൾ ചേർത്തിരിക്കും. പിറകെ മറ്റൊരാൾ. വേറെചിലരും അതിൽചേർത്താൽ ആ കറി എങ്ങനെയിരിക്കും?

6. പാത്രമറിഞ്ഞ്‌ പിച്ചയിടണം. ഭിക്ഷ എന്നുപറഞ്ഞാൽ ദാനം. ആർക്കാണ്‌ ഭിക്ഷ ലഭിക്കാൻ അർഹതയുളളത്‌? അവശതയനുഭവിക്കുന്നവർക്ക്‌. പക്ഷേ, അവശത നടിച്ച്‌ ഭിക്ഷനേടുന്നവർ ചിലപ്പോൾ തിരിഞ്ഞുകുത്താനും വഴി. ഭസ്‌മാസുരന്റെ കഥ അറിയുമല്ലോ.

7. പരപ്പുകൃഷി എരപ്പ്‌. ഒരാൾക്ക്‌ പലദിക്കിലായി പലകൃഷികളും ഒരേസമയത്ത്‌ ഏകാഗ്രതയോടെ ചെയ്‌തു തീർക്കാൻ കഴിയില്ല. അങ്ങനെവരുമ്പോൾ കൃഷി വലിയ നഷ്‌ടത്തിലായിരിക്കും കലാശിക്കുക.

8. ആഹാരമധ്യേ പാനീയം. ആഹാരത്തിനു മുൻപോ ആഹാരത്തിനുശേഷമോ വെളളംകുടിക്കുന്നവരുണ്ട്‌. ശരിയായരീതി പകുതി ആഹാരം കഴിഞ്ഞ്‌ വെളളം കുടിക്കേണ്ടതാണ്‌. അതാണ്‌ ആരോഗ്യകരവും.

9. ആറിയ കഞ്ഞി പഴങ്കഞ്ഞി. ഭക്ഷണപദാർത്‌ഥങ്ങൾ ചൂടോടുകൂടി കഴിക്കണം.

10. വന്ന വിരുന്നും വെന്തചോറും. വിരുന്നുവന്നവനെ സൽക്കരിക്കാൻ താമസംവരുത്തേണ്ടതില്ല. വെന്ത ചോറ്‌ പിന്നെ കഴിക്കാം എന്ന നിലയിൽ മാറ്റിവെച്ചുകൂടല്ലോ.

11. വയറുനിറഞ്ഞാൽ വാ കയ്‌ക്കും. ആവശ്യത്തിനുമാത്രമേ ആഹാരം കഴിക്കാവൂ. അമിതമായാൽ അമൃതും രുചികരമാവുകയില്ല.

12. വിരുന്നുണ്ടവീട്ടിൽ എരന്നുണ്ണരുത്‌. ഓരോരുത്തർക്കും സ്വാഭിമാനം ഉണ്ടായിരിക്കണം. സ്‌ഥിതിമാറ്റം ചിലപ്പോൾ സ്വാഭിമാനം രക്ഷിക്കാൻ സഹായകമല്ലാതെ വരും. നമ്മെ ആദരിച്ചിരുത്തിയ വീട്ടിൽച്ചെന്ന്‌ ഭിക്ഷയാചിക്കുന്നത്‌ കുറച്ചിലാണ്‌.

13. വിശന്നവനെ വിശ്വസിക്കരുത്‌. വിശപ്പ്‌ ഒരാളെ ഭ്രാന്തനാക്കിയേക്കും. ആ സമയത്ത്‌ അവനെ ഏതെങ്കിലും കൃത്യത്തിൽ ഏർപ്പെടുത്തിയാൽ ഫലം മറിച്ചായിരിക്കും. നേരെ മറിച്ച്‌ അവന്റെ വിശപ്പിന്‌ ശമനം ഉണ്ടാക്കിക്കൊടുക്കൂ. പിന്നെ അവനെക്കൊണ്ട്‌ പണിചെയ്യിക്കാം.

14. വിശപ്പടക്കാൻ വിയർക്കണം. അദ്ധ്വാനിച്ചേ മതിയാകൂ. തനിക്കുളള ജീവിതസൗകര്യങ്ങൾ താൻതന്നെ അദ്ധ്വാനിച്ചുണ്ടാക്കണം. കട്ടും കവർന്നും കഴിക്കുന്നത്‌ തെറ്റാണ്‌.

15. വിശപ്പിന്‌ കറിവേണ്ട, ഉറക്കിന്‌ പായും. വിശപ്പുളളപ്പോൾ കറിയുടെ രുചിയെപ്പറ്റി ആരും ആവലാതിപ്പെടുകയില്ല. വിശപ്പില്ലാത്തവൻ ആണെങ്കിൽ കറിയുടെ ഗുണദോഷം ആദ്യമേ വിലയിരുത്തും. ഉറക്കംവന്നാൽ കിടക്കണം. കിടപ്പിന്റെ വട്ടം ചിന്താവിഷയമാകുന്നത്‌ ഉറക്കം വരാത്തവർക്കാണ്‌.

16. ഉൽസാഹമുണ്ടെങ്കിൽ അത്താഴമുണ്ണാം. അദ്ധ്വാനിക്കാൻ തയ്യാറുണ്ടെങ്കിൽ ആഹാരത്തിന്‌ പ്രയാസം നേരിടുകയില്ല.

17. അധികമായാൽ അമൃതും വിഷം. എന്തും ആവശ്യത്തിനുമാത്രമേ പ്രയോജനപ്പെടുകയുളളൂ. ധനമായാലും ഭൂസ്വത്തായാലും നേടുന്നതിനേക്കാൾ പ്രയാസം സംരക്ഷിക്കുന്നതിലാണ്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

Generated from archived content: narumozhi.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English