അടയ്‌ക്കാത്തൂൺ നിർമ്മാണം

ഉത്സവങ്ങൾക്കും മറ്റും അലങ്കാരത്തൂണുകൾ നിർമ്മിക്കുന്നതിൽ പ്രാധാന്യമുളളതാണ്‌ അടയ്‌ക്കാത്തൂൺ നിർമ്മാണം. താന്ത്രിക കർമ്മങ്ങളിൽ വരെ ഈ അലങ്കരണവിധിക്ക്‌ പ്രാധാന്യമുണ്ട്‌. ജീവകലശവും ബ്രഹ്‌മകലശവും പൂജിക്കേണ്ട വേദികൾ പന്തലിട്ട്‌ അലങ്കരിക്കണമെന്ന്‌ പറയുന്ന സ്ഥലത്ത്‌ അടയ്‌ക്കാത്തൂൺ പരാമർശവിധേയമാകുന്നു. കലശപന്തലിന്റെ നാലുമൂലയ്‌ക്കും ‘പുഗസ്തംഭം’ വേണമെന്ന്‌ ‘തന്ത്രസമുച്ചയ’ത്തിൽ എടുത്തു പറഞ്ഞതായി കാണുന്നു. എങ്കിലും കലശാദികൾക്ക്‌ സാധാരണയായി ഇപ്പോൾ പുഗസ്തംഭങ്ങൾ നിർമ്മിക്കുന്നതായി കാണാറില്ല. എന്നാൽ മാതമംഗലത്ത്‌ നീലിയാർകോട്ടത്ത്‌ വളരെകാലമായി അടയ്‌ക്കാത്തൂൺ നിർമ്മിച്ചുവരുന്നതായി കാണുന്നു. കുശവസമുദായത്തിൽ പെട്ടവരാണ്‌ ഇത്‌ നിർമ്മിച്ചുവരുന്നത്‌. അവരുടെ സമുദായക്ഷേത്രമാണ്‌ നീലിയാർകോട്ടം.

അടയ്‌ക്കാത്തൂൺ നിർമ്മിക്കാൻ ആദ്യമായി ‘നൂൽ’ ഉണ്ടാക്കി എടുക്കുകയാണ്‌ വേണ്ടത്‌. വാഴയുടെ പോള ചീന്തി ഉണക്കി അതിൽനിന്ന്‌ നേരിയ നാരുകൾ ഉണ്ടാക്കി എടുക്കുന്നതാണ്‌ ആദ്യത്തെ പ്രവൃത്തി. പച്ച ഈർക്കിൽ രണ്ടായി മടക്കി തയ്യാറാക്കി അതിന്റെ മടക്കിനിടയിലൂടെ വാഴനാര്‌ കോർത്താണ്‌ തുന്നുവാനുളള ‘നൂൽ സൂചി’ ഇവ തയ്യാറാക്കുന്നത്‌. പിന്നീട്‌ നേരത്തേ ഒരുക്കിവച്ച കേടുകൂടാത്ത പഴുക്ക അടയ്‌ക്കയുടെ മൊത്തിനരികിൽ നാരായം കൊണ്ട്‌ തുള ഉണ്ടാക്കുന്നു. ഈ തുളയിലൂടെ പച്ച ഈർക്കിൽ സൂചി ഉപയോഗിച്ച്‌ വാരനാര്‌ കോർക്കുന്നു. ഇങ്ങനെ ഒരു നീണ്ട മാല കോർത്തെടുക്കലാണ്‌ അടുത്ത പടി. പിന്നീട്‌ നേരത്തേ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ പന്തലിൽ സ്ഥാപിച്ചിരിക്കുന്ന വാഴത്തടകൊണ്ടുളള തൂണുകളിൽ ഈ മാല താഴെനിന്ന്‌ മുകളിലേയ്‌ക്ക്‌ പ്രദക്ഷിണമായി ചുറ്റുന്നു. ഇത്‌ സ്പൈറൽ ആയ കാലത്തിന്റെ ഗതിയെ സൂചിപ്പിക്കുന്നു. വാഴത്തട തെല്ലും പുറത്തു കാണാതെ അതികമനീയമായി നിർമ്മിക്കുന്ന ഇത്തരം ഒരു തൂണിന്‌ ഏകദേശം ആയിരത്തി ഇരുനൂറോളം അടയ്‌ക്ക വേണ്ടിവരും. കാലത്താൽ നടത്തിവരുന്ന ഉൽസവത്തിന്‌ പന്തലൊരുക്കുന്ന ചടങ്ങിന്റെ ഭാഗമാണ്‌ ഈ അടയ്‌ക്കാത്തൂൺ നിർമ്മാണം. ക്ഷേത്ര ഊരാളൻമാരുടെ എണ്ണത്തിന്‌ തുല്യമായ എണ്ണം തൂണുകളാണ്‌ ഉണ്ടായിരിക്കുക. ഊർപ്പഴശ്ശി വേട്ടയ്‌ക്കൊരുമകൻ ദേവതമാർ ഉളള കോട്ടങ്ങളിലേ അടയ്‌ക്കാത്തൂൺ വേണമെന്ന്‌ നിർബന്ധമുളളൂ. സാധാരണയായി പുരുഷൻമാരും കുട്ടികളും ഈ തൂണിന്റെ നിർമ്മാണത്തിൽ പങ്കെടുക്കുന്നു. ചെറുതായൊരനുഷ്‌ഠാന പരിവേഷം ഈ തൂണുനിർമ്മാണത്തിനു പിന്നിലുണ്ട്‌. മാതമംഗലത്ത്‌ നീലിയാർകോട്ടത്തിനുപുറമേ രാമന്തളി താവനിയാട്ട്‌ കോട്ടത്തിലും പാച്ചേനി പനങ്ങാത്തൂര്‌ കോട്ടത്തിലും മാത്രമാണ്‌ ഇന്ന്‌ അടയ്‌ക്കാത്തൂൺ നിർമ്മിച്ചുവരുന്നതായി കാണുന്നത്‌. ആചാരപരമായ പ്രാധാന്യവും കലാപരമായ മേൻമയും അവകാശപ്പെടാവുന്ന അടയ്‌ക്കാത്തൂൺ നിർമ്മാണം ഇന്ന്‌ നാമാവശേഷമായി മാറിക്കൊണ്ടിരിക്കയാണ്‌.

പറഞ്ഞുതന്നത്‌ 1. കൊട്ടാരംവീട്ടിൽ ചന്തുക്കുട്ടി. 2. പനക്കട രാഘവൻ.

റഫറൻസ്‌ഃ തന്ത്രസമുച്ചയം.

Generated from archived content: kaivela_dec10.html Author: narayanan_koramangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English