‘അന്ന’ത്തിന്റെ നാട്ടറിവുകൾ

1. ഈന്തൽ പന (അലങ്കരിക്കുവാനുളള പന) പനയുടെ കുരു എടുത്ത്‌ വെട്ടിപ്പിളർന്ന്‌ അരിയെടുത്ത്‌ വെയിലത്ത്‌ ഉണക്കിവയ്‌ക്കുന്നു. 6 മാസത്തിനുശേഷം വെളളത്തിൽ ഇട്ട്‌ കുതിർത്ത്‌ ഇടിച്ചുപൊടിക്കുന്നു. ഈ പൊടി വെളളത്തിൽ കലക്കി വച്ചതിനുശേഷം രണ്ടോമൂന്നോ ദിവസം കഴിഞ്ഞ്‌ തെളിവെളളം കളഞ്ഞ്‌ നൂറ്‌ എടുക്കുന്നു. ഇടയ്‌ക്കിടയ്‌ക്ക്‌ തെളിവെളളം കളയുകയും പുതിയ വെളളത്തിൽ കലക്കുകയും വേണം. ‘കട്ട്‌ ’ കളയുവാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. നൂറ്‌ വൃത്തിയുളള തുണിയിൽ കെട്ടി വെളളം വാർന്നുപോകാൻ വയ്‌ക്കുന്നു. പിന്നീട്‌ ഉണക്കി കട്ടയെല്ലാം പൊടിച്ച്‌ ശേഖരിച്ച്‌ വയ്‌ക്കുന്നു. ഈ പൊടി ഉപയോഗിച്ച്‌ പുട്ട്‌, കൊഴുക്കട്ട, അട എന്നിവ ഉണ്ടാക്കുന്നു.

2. പന (പുര മേയുന്നത്‌) പനത്തടിയുടെ ഉൾഭാഗം ചെറിയകഷണങ്ങളായി എടുത്ത്‌ ഉരലിൽ ഇടിച്ച്‌ ഇതിന്റെ നൂറ്‌ എടുക്കുന്നു. 10 ലിറ്റർ കൊളളുന്ന വരുവത്തിലിട്ട്‌ കലക്കി നാര്‌ കളഞ്ഞ്‌ പൊടി താഴാൻ വച്ച്‌ അടുത്ത ദിവസം തെളിവെളളം കളഞ്ഞ്‌ വീണ്ടും കലക്കി ഇങ്ങനെ 3 ദിവസം ആവർത്തിച്ച്‌ തുണിയിൽകെട്ടി വെളളം വാർന്ന ശേഷം ഉണക്കിയെടുക്കുന്നു. പിന്നീട്‌ കട്ടയെല്ലാം പൊടിച്ച്‌ ശേഖരിച്ചു വയ്‌ക്കുന്നു. ഈ പൊടി പച്ചവെളളം ചേർത്ത്‌ കുറുക്കി തേങ്ങാച്ചമ്മന്തി കൂട്ടി കഴിക്കാം. (ചൂടുവെളളത്തിൽ കലക്കിയാൽ പശയാവും). നാളികേരംചേർത്ത്‌ അടയുണ്ടാക്കാം. ദോശക്കല്ലിൽ പരത്തി അടയുണ്ടാക്കാം. ഇതും ദോശക്കല്ലിൽ തന്നെചെയ്യണം. മൈദമാവിനോട്‌ സാമ്യം ഉണ്ടിതിന്‌.

3. കൂവ മൂത്തകൂവ മുറിച്ചാൽ ഇളംവൈലറ്റ്‌ നിറമായിരിക്കും. ഇതിന്റെ ഇലയ്‌ക്ക്‌ മഞ്ഞളിന്റെ ഇലയോട്‌ സാമ്യമുണ്ട്‌. കൂവ പറിച്ച്‌ കഴുകി എടുത്ത്‌ തകരത്തിൽ ഉരച്ചെടുത്ത്‌ വെളളത്തിൽ കലക്കി 4 ദിവസം തെളിയാൻ വയ്‌ക്കണം. ഓരോ ദിവസവും തെളിമാറ്റി വെളളം ഒഴിച്ച്‌ കലക്കണം. ശേഷം തുണിയിൽ പൊതിഞ്ഞ്‌ വെളളം കളഞ്ഞ്‌ ഉണക്കി (ഉണങ്ങുമ്പോൾ കട്ടയാവും) പൊടിച്ച്‌ ഉപയോഗിക്കാം. അട, കുറുക്ക്‌ എന്നിവയുണ്ടാക്കാം. പാലിൽ കലക്കി കുടിക്കാം. ഉഷ്‌ണരോഗത്തിന്‌ പ്രതിവിധി കൂടിയാണിത്‌. (അന്നത്തെ കാലത്ത്‌ നല്ല തകരം എടുത്ത്‌ ആണി ഉപയൊഗിച്ച്‌ നിറയെ ദ്വാരങ്ങൾ ഇടും. മറുവശം മുളളുപോലെയാവും. അവിടെ ഉരച്ചാൽ ഉരഞ്ഞുണ്ടാകുന്ന പൊടി ദ്വാരത്തിലൂടെ അടിയിൽ വച്ചിട്ടുളള പാത്രത്തിൽ വീഴും.)

4. മാങ്ങാണ്ടി. പറമ്പിൽനിന്നും ഏറെമാങ്ങ കിട്ടിയിരുന്നു. ആവശ്യങ്ങൾക്ക്‌ എടുത്തശേഷം മാങ്ങാണ്ടി എവിടേലും കൂട്ടിയിട്ടിരിക്കും. ഇത്‌ മുളച്ച്‌ വരുമ്പോൾ എടുത്ത്‌ പിളർന്ന്‌ പരിപ്പ്‌ എടുത്ത്‌ വെയിലത്ത്‌വച്ച്‌ ഉണക്കിപൊടിച്ച്‌ അടയുണ്ടാക്കാം. അരിപ്പൊടി, തേങ്ങ, ശർക്കര, ഇവ ആവശ്യാനുസരണം ചേർക്കുന്നു.

5. കപ്പ കപ്പ ഇന്നും എല്ലായിടത്തും ലഭിക്കുമെങ്കിലും പഴയ കാലത്ത്‌ പ്രധാന ആഹാരങ്ങളിൽ ഒന്നായിരുന്നു. കപ്പകൊണ്ട്‌ ധാരാളം വിഭവങ്ങൾ ഉണ്ടാക്കിയിരുന്നു. പഞ്ഞമാസത്തിലെ സാധാരണക്കാരുടെ മുഖ്യഭക്ഷണം തന്നെ കപ്പയായിരുന്നു. കപ്പ പലരീതിയിൽ തയ്യാറാക്കിശേഖരിച്ചിരുന്നു.

വെളളുകപ്പ ഃ പുറംതൊലികളഞ്ഞ്‌ കൊത്തിയെടുത്ത്‌ ഉണക്കി സൂക്ഷിക്കുന്നു.

വെളളുകപ്പകൊണ്ടുളള പുട്ട്‌ ഃ മൺകലത്തിന്റെ അകത്ത്‌ ചിരട്ട, വിറകുകഷണം, തൊണ്ട്‌ ഇവ ഇട്ട്‌ വെളളം ഒഴിച്ച്‌ കലത്തിന്റെ വായ്‌ തുണികൊണ്ട്‌ മൂടിക്കെട്ടി അടുപ്പത്ത്‌ വയ്‌ക്കുന്നു. തുണിക്കുമീതെ കപ്പപ്പൊടി നനച്ചത്‌ ഇടുന്നു. പിന്നീട്‌ ഇത്‌ മറ്റൊരു അടപ്പുപാത്രംവച്ച്‌ മൂടുന്നു. ഇടയ്‌ക്ക്‌ ഇത്‌ ഇളക്കിക്കൊടുക്കണം. കട്ടകെട്ടാതിരിക്കാനാണിത്‌. തേങ്ങ ആവശ്യത്തിന്‌ ഉപയോഗിക്കും. ഇപ്പോഴത്തെ പ്രഷർകുക്കറിന്റെ പഴയരൂപമാണിത്‌.

വാട്ടുകപ്പ ഃ പുറംതൊലികളഞ്ഞ്‌ കുറച്ച്‌ കനത്തിൽ വിരൽനീളത്തിൽ ചീന്തിയരിഞ്ഞ്‌ വലിയ വാർപ്പിൽ വെളളം തിളപ്പിച്ചതിനുശേഷം കപ്പയിട്ട്‌ വാട്ടുന്നു. കപ്പ ഇട്ടതിനുശേഷം വെളളം തിളയ്‌ക്കുവാൻ പാടില്ല. ചെറിയ വാട്ടം വന്നാൽ എടുത്ത്‌ പനമ്പിലോ പാറപ്പുറത്തോ ഇട്ട്‌ ഉണക്കി എടുക്കാം. ചിക്കുവാനോ ഒരിടത്തുനിന്ന്‌ മാറ്റുവാനോ പാടില്ല. അങ്ങനെ ചെയ്‌താൽ കപ്പ വളിക്കും. ഇതിൽ പയർ, മുതിര എന്നിവചേർത്ത്‌ പുഴുക്കുണ്ടാക്കി കഴിക്കാം. വെറുതേ വേവിച്ച്‌ തേങ്ങ ചേർത്തും കഴിക്കാം.

അവിലുകപ്പ ഃ തൊലികളഞ്ഞ്‌ വളരെ ചെറുതാക്കി അവില്‌ വലിപ്പത്തിലും കനത്തിലും അരിഞ്ഞതിനുശേഷം തിളച്ചവെളളം അടുപ്പിൽ നിന്നിറക്കി ഇതിൽ കപ്പയിട്ട്‌ വേഗം കോരുക. പനമ്പിലിട്ട്‌ ഉണക്കി വൃത്തിയാക്കി സൂക്ഷിക്കാം. ശർക്കരയും തേങ്ങയും ചേർത്ത്‌ പൊടിച്ച്‌ തിരുമ്മി ഉണ്ടയാക്കി കാപ്പി പലഹാരമായി ഉപയോഗിച്ചിരുന്നു.

ഉപ്പേരിക്കപ്പ ഃ പൂർണ്ണമായും തൊലികളഞ്ഞ്‌ അര ഇഞ്ച്‌ നീളത്തിൽ കനംകുറച്ച്‌ അരിഞ്ഞ്‌ വെളളം തിളപ്പിച്ച്‌ വാങ്ങിവച്ചതിലിട്ട്‌ വാട്ടി വയിലത്തുണക്കിയശേഷം വെളിച്ചെണ്ണയിൽവറുത്ത്‌ ഉപ്പേരിയായി ഉപയോഗിക്കാം. ഇതിൽ ശർക്കരയും തേങ്ങയും ചേർത്ത്‌ ഉരലിൽ പൊടിച്ചാണ്‌ വയസ്സായി പല്ലുപോയവർ കഴിച്ചിരുന്നത്‌.

6. ചക്കഃ വിളഞ്ഞ ചക്ക നീളത്തിൽ അരിഞ്ഞ്‌ ഉണക്കിസൂക്ഷിക്കുന്നു. വളരെക്കാലം കേട്‌ വരികയില്ല. ഇത്‌ ആവശ്യാനുസരണം ഉപ്പേരിക്കായും മെഴുക്കുവരട്ടിക്കായും ഉപയോഗിക്കുന്നു. ചക്കയുടെ കരിമുളളും ചവിണിയും മാറ്റി കൂഞ്ഞി എടുത്ത്‌ ചതുരത്തിൽ ചെറിയ കഷണങ്ങളാക്കി ഇറച്ചിവയ്‌ക്കുന്നതുപോലെ വയ്‌ക്കാം.

ചക്കക്കുരുപുലയൽ ഃ ചക്കക്കുരു കനം കുറച്ച്‌ നീളത്തിൽ അരിഞ്ഞ്‌ ചുവന്നുളളി, പച്ചമുളക്‌ ഇവ കനംകുറച്ചരിഞ്ഞതും തേങ്ങയും കൂടി കൈകൊണ്ട്‌ ഇളക്കികൂട്ടി ചേർത്ത്‌ മാറ്റിവയ്‌ക്കുന്നു. ശേഷം കടുക്‌ വറുത്ത്‌ പൊട്ടുമ്പോൾ ഇതും ചേർത്ത്‌ വേവിക്കുന്നു. വെളളം ഉപയോഗിക്കുന്നില്ല എന്നതാണ്‌ ഇതിന്റെ പ്രത്യേകത.

ചക്കക്കുരുതോരൻ ഃ തൊലിചുരണ്ടി മഞ്ഞൾ, ഉപ്പ്‌, മുളക്‌ അരച്ചത്‌ ഇവചേർത്ത്‌ വേവിച്ചതിനുശേഷം വറുത്ത്‌ ഉപയോഗിക്കുന്നു. ഇതുപോലെ വേവിച്ചെടുത്ത ചക്കക്കുരു മുഴുവനോടെ വെളിച്ചെണ്ണയിൽ വറുത്ത്‌ ഉപ്പേരിയായി ഉപയോഗിച്ചിരുന്നു.

ആഞ്ഞിലിക്കുരു പുളിങ്കുരു എന്നിവ ചീനച്ചട്ടിയിൽ മണല്‌കൂട്ടി വറുത്ത്‌ മുറത്തിലിട്ട്‌​‍്‌ ചിരട്ടകൊണ്ട്‌ തേച്ച്‌ തൊലികളഞ്ഞ്‌ ഉപ്പിലിട്ടും അല്ലാതെയും ഉപയോഗിച്ചിരുന്നു. ജാതിക്കത്തോട്‌ അച്ചാറിന്‌ ഉപയോഗിച്ചിരുന്നു. മാങ്ങാ അച്ചാറിന്റെ ചേരുവകകൾതന്നെ മതി. വാഴപ്പിണ്ടി ആദ്യകാലത്ത്‌ പൊതുവേ ഉപയോഗിച്ചിരുന്നു. വട്ടത്തിലരിഞ്ഞ്‌ നൂല്‌ മാറ്റി ചെറുതായി കൊത്തിയരിഞ്ഞ്‌ തോരൻ, മെഴുക്കുപുരട്ടി ഇവയും വലുതായി അരിഞ്ഞ്‌ പുളിംകറിയും വച്ചിരുന്നു. വാഴക്കൂമ്പ്‌കൊണ്ട്‌ തോരൻ തയ്യാറാക്കിയിരുന്നു. അതേപോലെ വാഴയുടെ വിത്തും ഉപയോഗിച്ചിരുന്നു. കൂമ്പിലെ നാരുകളയാൻ അരിഞ്ഞതിനുശേഷം വെളിചെണ്ണ പുരട്ടി കൈകൊണ്ട്‌ ഇളക്കിയാൽ മതി.

ചുണ്ടങ്ങ ഃ പറമ്പിൽ ധാരാളമായി കണ്ടുവന്നിരുന്ന ചുണ്ടങ്ങ ഞെട്ടോടെ പറിച്ചെടുത്ത്‌ മുറിച്ച്‌ പരമാവധി കുരുകളഞ്ഞ്‌ മെഴുക്കുപുരട്ടി ഉണ്ടാക്കിയിരുന്നു.

ചുണ്ടങ്ങക്കൊണ്ടാട്ടം ഃ ചുണ്ടങ്ങ നെടുകെ കീറി ഉപ്പിട്ട്‌ വാട്ടി വെയിലത്ത്‌ ഉണക്കി വെളിച്ചെണ്ണയിൽ വറുത്ത്‌ ഉപയോഗിക്കുന്നു.

നിത്യവഴുതിനങ്ങ ഃ രണ്ടായി നെടുകെ പിളർന്ന്‌ മെഴുക്കുപുരട്ടി ഉണ്ടാക്കാം. മൂത്തത്‌ ഉപയോഗിക്കാറില്ല. പറമ്പിലും മറ്റും വളളിച്ചെടിയായി ധാരാളം കണ്ടിരുന്നു. ഇന്നിപ്പോൾ അപൂർവമാണ്‌.

ഇല കൊടപ്പുളിയില ഃ 100 ഗ്രാം പരിപ്പ്‌ വെന്തതിൽ ആവശ്യത്തിനു തേങ്ങ, വെളുത്തുളളി, വേപ്പില ഇവ അരച്ച്‌ ചേർത്ത ചേരുവ വെന്ത്‌ ഇറക്കാറാവുമ്പോൾ കൊടപ്പുളയില ഇട്ട്‌വാട്ടി കടുക്‌, ഉളളി, വേപ്പില ഇവ കടുക്‌ വറുത്ത്‌ ഉപയോഗിക്കുന്നു.

പുളിയാരൽ ഃ ഒരു പിടി പുളിയാരൽ, പച്ചമുളക്‌ രണ്ടെണ്ണം, ഉളളി ഒന്ന്‌ ഇവചേർത്ത്‌ ചമ്മന്തിയരച്ച്‌ വെളിച്ചെണ്ണ ചേർത്ത്‌ കഴിച്ചാൽ ഉദരരോഗങ്ങൾ മാറും.

ചേമ്പിലക്കൂമ്പ്‌ തോരൻ ഃ കപ്പച്ചേമ്പിന്റെ കൂമ്പിലയെടുത്ത്‌ ചെറുതായരിഞ്ഞ്‌ തോരൻ വയ്‌ക്കുന്നു. വെളിച്ചെണ്ണകൂടുതൽ ഉപയോഗിക്കുന്നു.

ചേമ്പിലയപ്പം ഃ കപ്പച്ചേമ്പിന്റെയോ നാടൻചേമ്പിന്റെയോ ഇല എടുത്ത്‌ (ഒരുദിവസം കറ പോകാൻ വയ്‌ക്കും), അതിലെ ഞരമ്പുകൾ കളഞ്ഞ്‌ ഇലമാത്രം അടർത്തി എടുക്കുന്നു. ഇത്‌ ചെറുതായി അരിഞ്ഞ്‌ കഴുകിവാരി എടുക്കുന്നു. ഇതിന്‌വേണ്ട ചേരുവകൾ. പച്ചരിയും പുഴുക്കലരിയും കൂടി നാഴി, നാളികേരം – ഒരുമുറി, ചിലമ്പിപുളി (ഇല്ലെങ്കിൽ ഉരുളപുളി) ആവശ്യത്തിന്‌, കായം ഒരു ചെറിയ കഷണം, മഞ്ഞൾ – ഒരു സ്‌പൂൺ, ഉപ്പ്‌ ആവശ്യത്തിന്‌, ഉണക്കമുളകുപൊടി ഒന്നരസ്‌പൂൺ, വെളിച്ചെണ്ണ 100 മില്ലിഗ്രാം. ചേരുവകൾ അരച്ചെടുത്ത്‌ ഇലയും വെളിച്ചെണ്ണയും കൂട്ടിക്കുഴച്ച്‌ ആവിപാത്രത്തിൽ വച്ച്‌ പുഴുങ്ങി എടുക്കുന്നു. വെന്ത്‌ തണുത്തശേഷം മുറിച്ച്‌ കഷണങ്ങളാക്കി ആവശ്യമെങ്കിൽ വെളിച്ചെണ്ണമേലെ പുരട്ടി ഉപയോഗിക്കാം.

ചേമ്പിലയപ്പം – ചുരുട്ട്‌ ഇലയുടെ ഞരമ്പ്‌ കത്തികൊണ്ട്‌ ചുരണ്ടിമാറ്റി എടുക്കുന്നു. മാവ്‌ കട്ടിയിൽ എടുത്ത്‌ ഇലയ്‌ക്കുമീതേ പുരട്ടുന്നു. ഇതിനുമീതേ ഇല, പിന്നെ മാവ്‌ എന്ന ക്രമത്തിൽ 10 ഇലവരെ വയ്‌ക്കാം. ഒടുവിൽ പച്ചോലകൊണ്ട്‌ ചേമ്പില ചുരുട്ടി കെട്ടി പുഴുങ്ങുന്നു. ചെറിയ കഷ്‌ണങ്ങളായിമുറിച്ച്‌ ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച്‌ ചെറുതായി മുറിച്ച്‌ ഉപയോഗിക്കാം. മുരിങ്ങിയിലകൊണ്ടും ഇങ്ങനെ അപ്പം ഉണ്ടാക്കുന്നു. പുളി ചേർക്കാൻ പാടുളളതല്ല. ചുവന്നചീര, മുളളൻചിര, കുപ്പച്ചീര, സാമ്പാർ ചീര, തഴുതാമയില, തകരയില, പയറിലതളിര്‌, മത്തയിലതളിര്‌, മുരിങ്ങയില, മുരിങ്ങപൂവ്‌ തുടങ്ങിയ ഇലകളുടെ ഉപയോഗവും സാധാരണമായിരുന്നു. ഇതിനുപുറമേ ഇടിവെട്ടിനെ തുടർന്ന്‌ പറമ്പുകളിൽ മുളച്ചുപൊന്തുന്ന നല്ല വെളുത്ത ചെറിയ കൂണുകളും ഉപയോഗിച്ചിരുന്നു

Generated from archived content: annam_aug26_05.html Author: n_k_kannan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here