ജീവികൾ സൃഷ്‌ടിക്കപ്പെട്ടപ്പോൾതന്നെ ആഹാരവും സൃഷ്‌ടിക്കപ്പെട്ടു. കാരണം ആഹാരമാണല്ലോ ശരീരത്തെ നിലനിർത്തിപ്പോരുന്നത്. വളർച്ചയും പ്രവൃത്തിചെയ്യുവാനുളള ഊർജ്ജവുമെല്ലാം അന്നത്തിൽനിന്നു ലഭിക്കുന്നു. അന്നത്തിന്റെ ഇരിപ്പിടം ഭൂമിയാണ്. എല്ലാ ചരാചരങ്ങളേയും പോറ്റുവാൻവേണ്ട സമ്പുഷ്‌ടി ഭൂമിക്കുണ്ട്. ജീവികൾ ഭൂമിയിൽനിന്ന് യഥേഷ്‌ടം ആഹരിച്ചുപോന്നു. അതുകൊണ്ടുതന്നെ ഭൂമിയെ സമ്പത്ത് ധരിക്കുന്നവൾ എന്ന അർത്‌ഥത്തിൽ വസുന്ധര എന്നു വിളിച്ചുവന്നു. ശരീരത്തിലെ കോശങ്ങൾ നശിച്ചുകൊണ്ടിരിക്കുകയും പുതിയ കോശങ്ങൾ വളർന്നുകൊണ്ടിരിക്കയും ചെയ്യുന്നു. മനുഷ്യശരീരത്തിലെ കോശങ്ങളെല്ലാംതന്നെ ഏഴു വർഷംകൂടുന്തോറും പുതിയവയ്‌ക്ക് വഴിമാറുന്നു. നിലനിൽപ്പിന് ആഹാരം ഒഴിച്ചുകൂടാനാവില്ല. അന്നംകൊണ്ടാണ് നാം ജീവിക്കുന്നത് എന്നത് ശരിയല്ല. എല്ലാതരത്തിലുമുളള ഭക്ഷണവും സമൃദ്ധമായി സ്വാധീനത്തിലുളള വലിയ പണക്കാർ അകാലത്തിൽ ചരമമടയാറുണ്ടല്ലോ. പാവങ്ങൾ ദീർഘകാലം ജീവിക്കാറുമുണ്ട്. അന്നംകൊണ്ടു മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത്, ആത്‌മശക്തികൊണ്ടുമാണ്. ശരീരത്തിലെ അന്നമയകോശമായ, ദ്രവ്യാത്‌മകമായ മാംസവും അസ്‌ഥിയും നിർമ്മിക്കുന്നത് ഭക്ഷണത്തിലെ സ്‌ഥൂലാംശമാണ്. അന്നത്തിലെ സൂക്ഷ്മാംശമാണ് മനസ്സിനെയുണ്ടാക്കുന്നത്. ഭക്ഷണം ഏതുതരമാണോ അതുപോലെയാണ് നമ്മുടെ മനസ്സ്. മനസ്സ് എങ്ങിനെയോ അതുപോലെയാണല്ലോ ചിന്ത. ചിന്തയനുസരിച്ചാണ് നമ്മുടെ പ്രവൃത്തി. ജാഗ്രതയും മയക്കവും അസ്വാസ്‌ഥ്യവും ശാന്തിയും സാമർത്‌ഥ്യവും മന്ദതയുമെല്ലാം നിശ്ചയിക്കുന്നത് ഭക്ഷണമെന്ന സുപ്രധാനമായ ഘടകമാണ്. വേദങ്ങൾ, ഭക്ഷണത്തെ സാത്വികം, രാജസികം, താമസികം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
പ്രകൃതിയിൽ കാണുന്ന ഭക്ഷണം അതേരൂപത്തിൽ കഴിക്കാത്ത ജീവി മനുഷ്യൻ മാത്രമാണ്. മറ്റു ജന്തുക്കൾ ധാന്യം, കിഴങ്ങുകൾ, ഇലകൾ, ശാഖകൾ, ഫലങ്ങൾ എന്നിവ അതുപോലെതന്നെ അകത്താക്കുന്നു. മനുഷ്യനാകട്ടെ, ഇന്ദ്രിയങ്ങളെ തൃപ്‌തിപ്പെടുത്തുമാറ് അവയെ വേവിക്കുകയോ പൊരിക്കുകയോ ചെയ്‌താണ് ആഹരിക്കുന്നത്. അതോടെ അവയുടെ പോഷകമൂല്യം കുറയുന്നു. പാകംചെയ്യാതെ ധാന്യങ്ങളും പയറുകളും മുളപ്പിച്ചു കഴിക്കുകയാണ് നല്ലത്. പഴങ്ങളും അണ്ടിപ്പരിപ്പുകളും അതുപോലെ ഉപയോഗിക്കണം. ഉത്തരേന്ത്യയിൽ കടല മുളപ്പിച്ചുകഴിക്കുന്ന പതിവുണ്ട്. നാം അവിലുണ്ടാക്കുന്നത് മുളച്ച നെല്ലിൽനിന്നാണല്ലോ. തേങ്ങ ഒരു സാത്വികാഹാരമാണ്. ധാരാളം മാംസ്യം അതിലുണ്ട്. കൂടാതെ കൊഴുപ്പും അന്നജവും ധാതുക്കളുമുണ്ട്. നമ്മുടെ ചില ആചാരങ്ങൾ ഭക്ഷണക്രമത്തെ ഉൾക്കൊളളിച്ചുകൊണ്ടുളളതാണ്. തിരുവാതിരയ്‌ക്ക് പച്ചക്കറികളും പലതരം കിഴങ്ങുകളും ചേർത്തുണ്ടാക്കുന്ന പുഴുക്ക് ഒരു നിർബന്ധവിഭവമാണ്. കൂവനൂറുകൊണ്ടുളള പായസവും അന്നുണ്ടാകുമല്ലോ. കർക്കടകമാസത്തിൽ സർവ്വ ഇലകളും ഭക്ഷിക്കണമെന്നാണ് ശാസ്‌ത്രം പറയുന്നത്. ധാതുക്കൾ സമതുല്ല്യമായടങ്ങുന്നവയാണ് ഇലക്കറികൾ. ഏകാദശീവ്രതമുണ്ടെങ്കിൽ നാം അരിഭക്ഷിക്കുകയില്ല. മാസത്തിൽ രണ്ടുദിവസം ധാന്യം മാറുന്നത് നല്ലതാണെന്ന ആധുനികസിദ്ധാന്തം നമ്മൾ പ്രയോഗത്തിൽ വരുത്തിയിരുന്നു. വാവുദിവസങ്ങളിൽ രാത്രി കഞ്ഞിയാണ് കഴിക്കുക. അന്തരിക്ഷത്തിൽ മാറ്റം വരുന്നു. ആ സമയത്ത് ലഘുഭക്ഷണമാണ് നല്ലതെന്ന വസ്‌തുത ഇന്നത്തെ തലമുറ ഉൾക്കൊളളുന്നില്ല. ഗ്രഹണസമയത്ത് അന്തരീക്ഷം വിഷമയമാകയാൽ ഭക്ഷണം ദഹിച്ചുകഴിഞ്ഞിരിക്കണം എന്നാണ് പഴമക്കാർ പറയുന്നത്.
ആഹാരം രുചികരവും പരിപോഷിപ്പിക്കുന്നതും പ്രീതിപ്രദവുമായിരിക്കണം. ദോഷകരമായ ഭക്ഷണശീലം അനാരോഗ്യത്തിനു കാരണം. കൂടുതൽ ഉപ്പും മുളകും പുളിയും കലർത്തിയാൽ ഭക്ഷണം രാജസികമായ വികാരങ്ങളെ ശക്‌തമായി ഉണർത്തുന്നു. അധികം ചൂടും ഇതിനുസഹായകമാണ്. അന്നജവും കൊഴുപ്പും കൂടുതലയാൽ തമോഗുണം വർദ്ധിക്കുന്നു. തണുത്തതും പഴകിയതും സ്വാദുമാറിയതുമായ ഭക്ഷണം താമസികമത്രേ. ഇത് മടുപ്പിക്കുന്നതും ഉറക്കംവരുത്തുന്നതുമാണ്. എരിവും മറ്റുംപാകമായ സുഖപ്രദമായ ഭക്ഷണമാണ് സാത്വികാഹാരം. നെയ്യും മറ്റും ഇതിൽപെടുന്നു. സാത്വികാഹാരം ഉൽസാഹത്തേയും വികാരത്തേയും തൃപ്‌തിപ്പെടുത്തുന്നു. ആഹാരം അമിതമായി അകത്താക്കുന്നത് ദോഷകരമാണ്. ഇതിന്നൊരു സാമൂഹിക ദൂഷ്യമായി വളർന്നിട്ടുണ്ട്. മനുഷ്യൻ രോഗത്തിനിരയാകാൻ ഇതൊരുകാരണമാണ്. പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയ്‌ക്ക് ഇക്കൂട്ടർ വിധേയരാകുന്നു. ഔഷധങ്ങളും അമിതമായി കഴിക്കുന്നതു നല്ലതല്ല. രോഗത്തോടുപൊരുതുവാൻ പ്രകൃതിയെ അനുവദിക്കണം. മനുഷ്യമനസ്സ് ശരീരശാസ്‌ത്രപരമായി തിരിച്ചറിയാൻ സാധിക്കുന്ന ഒരവയവമല്ല. അത് ആഗ്രഹങ്ങളുടെ ഒരു കൂമ്പാരമാണ്. മനസ്സ് മനുഷ്യൻ ആഹരിക്കുന്ന ഭക്ഷണപദാർത്‌ഥത്തിന്റെ പാവയാണ്. ഭക്ഷണത്തിന്റെ ഗുണമാണ് മാനസികപ്രവാഹത്തെ തിരിച്ചുവിടുന്നത്, ആഗ്രഹത്തിന്റെ ഗതിനിർണ്ണയിക്കുന്നത്. ഗീതയും മറ്റും വ്യക്തിയുടെ ഉന്നതിയിലേയ്‌ക്കുളള അന്വേഷണത്തിന് സാത്വികാഹാരം ശുപാർശ ചെയ്യുന്നുണ്ട്. മനസ്സിന് താമസികാഹാരമാണ് നൽകുന്നതെങ്കിൽ മനുഷ്യനെ ചതുപ്പുനിലത്തിലേയ്‌ക്ക് ആഴത്തിൽകൊണ്ടുവരുന്നു. അപവിത്രമായ ആഹാരം വിവേകത്തെ മന്ദീഭവിപ്പിക്കുന്നു. ലഹരിപിടിപ്പിക്കുകയും ഔചിത്യഹീനമാക്കുകയും ചെയ്യുന്നു. മനസ്സ് നിർദ്ദയവും നിശ്ചേഷ്‌ടവുമാകുന്നു.
സ്നേഹം, സദ്‌സ്വഭാവം, ബലം, സന്തോഷം, ഹൃദ്യത എന്നിവയെ വളർത്തുന്ന ആഹാരം സാത്വികമാണ്. കോപോദ്ദീപനം, ഉത്തേജനകരം, ലഹരിപിടിപ്പിക്കുന്നത്, വിശപ്പും ദാഹവും വർദ്ധിപ്പിക്കുന്നത് ഇവയെല്ലാം രാജസംഹാരമാണ്. വിഷണ്ണത, വൈക്ലബ്യം, രോഗം എന്നിവയുണ്ടാക്കുന്നത് താമസഭക്ഷണമാണ്. ഭക്ഷണം കഴിക്കുമ്പോഴുളള കൂട്ട്, സ്‌ഥലം, പാചകം ചെയ്യുന്ന വ്യക്തിയുടെ മനസ്സിലെ ചിന്താധാരയിൽനിന്നുളവാകുന്ന തരംഗങ്ങൾ ഇവയെല്ലാം ആഹരിച്ച വ്യക്തിയുടെ വികാരങ്ങളിലും സ്വഭാവത്തിലും സ്വാധീനം ചെലുത്തുന്നു. പഞ്ചേന്ദ്രിയങ്ങൾ ഉളളിലേയ്‌ക്കു സ്വീകരിക്കുന്നതെല്ലാം ആഹാരമാണ്. അവ നമ്മുടെ സ്വഭാവത്തിലും ജീവിതരീതിയിലും സ്വാധീനം ചെലുത്തുന്നു. ശ്രവണേന്ദ്രിയത്തിൽ പതിയുന്ന ശബ്‌ദങ്ങൾ ചിന്തയുടെ ഗതിയെ നിയന്ത്രിക്കുന്നു. ശബ്‌ദങ്ങൾ, കാഴ്‌ചകൾ, സ്പർശങ്ങൾ, സംസർഗ്ഗങ്ങൾ ഇവയെല്ലാം ആർദ്രതയും ശാന്തിയും വളർത്തുന്നവയായിരിക്കണം. സ്വാധീനങ്ങളുടെ സ്വഭാവം രജസ്സാണെങ്കിൽ മനസ്സ് ഉത്തേജിതവും പ്രതികാരസ്വഭാവമുളളതുമാകുന്നു. സ്വാധീനം തമസ്സിന്റേതാണെങ്കിൽ മനസ്സിന് തന്റെ വൈകല്യങ്ങൾ എന്തൊക്കെയാണെന്ന ബോധത്തിലേയ്‌ക്കുയരാൻ കഴിയുന്നില്ല. സാത്വികാഹാരം മാത്രമേ മനസ്സിനെ സമനിലയിൽ നിർത്തുകയും ശാന്തി ആർജ്ജിക്കുകയും ചെയ്യൂ.
ജ്ഞാനേന്ദ്രിയങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യത്തെപ്പറ്റി ഗീതയിൽപറയുന്നുണ്ട്. നാവിനെ നിയന്ത്രിക്കയാണെങ്കിൽ മറ്റിന്ദ്രിയങ്ങൾ തനിയെ അടങ്ങുമത്രെ. വൈവിദ്ധ്യമുളള സ്വാദിഷ്‌ടാഹാരം നിയന്ത്രണമില്ലാതെ കഴിച്ചാൽ തമോഗുണം വർദ്ധിക്കും. സംശയങ്ങൾ, വികാരവായ്‌പ്, അങ്കലാപ്പ് എന്നിവ നാവിനെ നിയന്ത്രിക്കാനാവാത്തതിനാലുണ്ടാവുന്ന തകരാറുകളാണ്. നാവിന്റെ രസം എന്ന ഗുണത്തെയാണിവിടെ വിവക്ഷിക്കുന്നത്. ഋഷിമാർ നാവിന്റെ സ്വാദിഷ്‌ടാഹാര പ്രീതിയേയും അതിനെ നിയന്ത്രിച്ചാലുളള നേട്ടങ്ങളെപ്പറ്റിയും വിശദീകരിച്ചിട്ടുണ്ട്. ഈ നിയന്ത്രണത്തിന് ‘മൗനം’ എന്നു പേർ. വാക്കിൽ മാത്രമല്ല, മനസ്സിൽ ചിന്തപോലുമില്ലാതിരുന്നാലേ യഥാർത്‌ഥ മൗനവ്രതമാകൂ. ഭക്ഷണം നിയന്ത്രിച്ചാൽ നാവിന് ആഗ്രഹിക്കുന്നതെല്ലാം യഥേഷ്‌ടം ലഭിക്കുകയില്ല. അതിനുവേണ്ടി കഴിക്കുന്ന ആഹാരം സാത്വികമോ, രാജസികമോ, താമസികമോ എന്നറിയേണ്ടതുണ്ട്. ഇത് കണിശമായി പരിശീലിച്ചാൽ പ്രശംസയും പഴിയും മനസ്സിനെ ബാധിക്കുകയില്ല. വിശപ്പും രസനയുടെ തൃപ്‌തിയും മാത്രം നോക്കി ഭക്ഷണംകഴിച്ചാൽ മമതയും വികാരങ്ങളും മറ്റും നിയന്ത്രണാതീതമാകും. നാം ദുർബലനാകുകയും ചെയ്യും. പഴികേട്ടാൽ ചൂളിപ്പോകുന്നു. ലോകം നമുക്കെതിരാണെന്ന തോന്നലുണ്ടാകുന്നു. സന്തോഷം പോകുന്നു. ജീവിതം മടുക്കുന്നു. പാടിപ്പുകഴ്‌ത്തിയാൽ നാം ‘അഹം’ കൊണ്ട് ചീർത്തുവരുന്നു. ഈ ദൗർബല്യങ്ങൾക്കു കാരണം നമ്മുടെ ആഹാരരീതി മാത്രമാണ്. ആഹാര കാര്യത്തിൽ നിഷ്‌ഠ പാലിക്കേണ്ടതിന്റെ ആവശ്യം ഗീതയിൽ പറയുന്നുണ്ട്. സാത്വികാഹാരം കഴിക്കുന്നതായാൽ ഇകഴ്‌ത്തിയാലും പുകഴ്‌ത്തിയാലും സമചിത്തത പാലിക്കാനാവും. പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങൾ മാത്രമല്ല പാചകരീതികൂടി ശുദ്ധമായിരിക്കണം. ആഹാരസാധനങ്ങൾ സംഭരിച്ചരീതി കൂടി ശുദ്ധമാകണമെന്നതും നിർബന്ധമാണ്. അന്യായമായ രീതിയിൽ സമ്പാദിച്ച വസ്‌തുക്കൾ ഭക്ഷണത്തിനുപയോഗിക്കരുത്. അവിഹിത രീതിയിൽ ലഭിച്ച പദാർത്‌ഥങ്ങൾകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ചാൽ ദുർവിചാരങ്ങളുണ്ടാവാനും തെറ്റായ വഴിക്കു പോകാനുമിടയാകും.
Generated from archived content: annam-june11.html Author: n-nalini
Click this button or press Ctrl+G to toggle between Malayalam and English