ഫോക് ബാലഡുകളുടെയും വീരാപദാനങ്ങളുടെയും സവിശേഷതകൾ പലതും കലർന്നതും പുരാവൃത്തം ഐതിഹ്യം ചരിത്രം റൊമാൻസ് അലൗകിക സങ്കല്പങ്ങൾ തുടങ്ങിയ അനേകം ഘടകങ്ങൾ കണ്ടെത്താവുന്നതും, ഉത്തരകേരളത്തിലെ സമാന്യവ്യവഹാരഭാഷാപദങ്ങളും പ്രയോഗങ്ങളും കാണാവുന്നതുമായ ജനകീയ കഥാഗാനങ്ങളാണ് വടക്കൻ പാട്ടുകഥകൾ. അനുഷ്‌ഠാനം ആരാധന തുടങ്ങിയവയുമായി വടക്കൻപാട്ടുകഥകൾക്ക് ബന്ധമില്ല. ഇവയ്‌ക്ക് പാടുന്നതിന് സമയകാലനിയന്ത്രണവുമില്ല. ജാതി-വർഗ്ഗ നിരപേക്ഷതയാണ് ഈ ജനകീയഗാനങ്ങളുടെ മറ്റൊരു സവിശേഷത. തികച്ചും വാങ്ങ്‌മയപരമ്പര്യം അവകാശപ്പെടുന്ന പാട്ടുകളാണിവ. പാഠഭേദം ധാരാളമുണ്ടെന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്. ഇതിഹാസപുരാണാദികളായ ബാഹ്യസ്വാധീനതകളിൽ നിന്ന് ഇവ തികച്ചും മോചിതങ്ങളാണ്. പാട്ടുകാർ സാധാരണയായി എല്ലാ വരികളും ഹൃദിസ്ഥമാക്കാറില്ല. പാടിപ്പാടി കഥാഗതിയെ മുന്നോട്ടുനീക്കുവാൻ അവർക്ക് പ്രത്യേക കഴിവുണ്ട്. പകരം വയ്‌ക്കാവുന്ന അടിസ്‌ഥാനപരമായ നിശ്ചിതപദപ്രയോഗങ്ങളാണ് ഈ വൈദഗ്‌ധ്യത്തിന്നടിസ്ഥാനം.
പലപേരുകൾഃ ഉത്തരകേരളത്തിലെ ജനകീയങ്ങളായ നാടൻകഥപ്പാട്ടുകൾ സാഹിത്യലോകത്ത് ‘വടക്കൻപാട്ടു’കളെന്ന പേരിലാണ് പ്രശസ്‌തമായത്. ഗുണ്ടർട്ടിന്റെ നിഘണ്ടു (1872)വിൽ ‘വടക്കൻ പാട്ട്’ എന്ന പദമുണ്ടെങ്കിലും ‘തച്ചോളിപ്പാട്ട്’ എന്നാണ് അതുകൊണ്ട് അർത്ഥമാക്കിയത്. ‘മലബാർ മാന്വലി’ന്റെ കർത്താവായ വില്യം ലോഗൻ ‘തച്ചോളിപ്പാട്ടി’നെപ്പറ്റി പറയുന്നുണ്ട്. പക്ഷെ ‘വടക്കൻ പാട്ട്’ എന്ന പദം പ്രയോഗിച്ചു കാണുന്നില്ല. ‘മലയാള ഭാഷാചരിത്ര’കാരനായ പി.ഗോവിന്ദപിളളയും ‘കേരളഭാഷാസാഹിത്യചരിത്ര’കാരനായ ആർ.നാരായണപ്പണിക്കരും ‘തച്ചോളിപ്പാട്ടു’കളെയാണ് വടക്കൻപാട്ടുക‘ളായി കണ്ടത്.
ഈ കൃഷിപ്പാട്ടുകൾ ഗ്രാമീണർക്കിടയിൽ പല പ്രാദേശികപേരുകളിലാണ് അറിയപ്പെടുന്നത്. ’നാട്ടിപ്പാട്ട്‘, ’പൊരിപ്പാട്ട്‘ എന്നീ പേരുകൾ പറഞ്ഞുവരുന്നുണ്ട്. ഞാറ് പറിച്ചുനടുന്ന സന്ദർഭങ്ങളിൽ പാടുന്നതുകൊണ്ടാണ് അപ്രകാരം പറയുന്നത്. ’നാട്ടുക‘എന്നതിന് ’ഉറപ്പിച്ചുനടുക‘ എന്നാണർത്ഥം. ’പൊരി‘ എന്നതിന്നും ’പറിച്ചുനടൽ‘ എന്നാണർത്ഥം പറയേണ്ടത്. നെൽച്ചെടികളിലുളള കളകൾ പറിച്ചുനീക്കുമ്പോൾ പാടാറുളളതിനാൽ ’കളപ്പാട്ട്‘ എന്നും പറയുന്നു. കൃഷിപണിക്കുപാടുന്ന ഈ ഗാനങ്ങളെ ’തൊരംപാട്ട്‘ എന്ന് ചിലർ പറയും. ’തൊരം‘ എന്നതിന് പണി എന്നാണർത്ഥം. വനപ്രദേശങ്ങളിൽ പുനം കൃഷിക്ക് ഇത്തരം പാട്ടുകൾ പാടുമത്രെ. കിളച്ച് വിത്തിടുമ്പോൾ പാടുന്നതിനാൽ അവയെ ’വിത്തുകിളപ്പാട്ട്‘ എന്നാണ് പറയുക. സാധാരണക്കാരായ ഗ്രാമവാസികൾ പലരും വടക്കൻപാട്ടുകളെ ’ചാരൻപാട്ട്‘ എന്ന് പറഞ്ഞുവരുന്നുണ്ട്. ഈ പദത്തിന്റെ നിഷ്‌പത്തിയെപ്പറ്റി സംശയരഹിതമായ ഒരഭിപ്രായം പറയുവാൻ വിഷമമുണ്ട്. ’ചാറ്റുക‘ എന്നതിൽ നിന്നാണോ അതുണ്ടായത്? ഉറക്കെ പാടുകയെന്ന അർത്ഥം ’ചാറ്റുക‘ എന്ന പദത്തിനുണ്ടല്ലോ. ’ചാറ്റൽപ്പാട്ട്‘ എന്നത് ’ചാരൽപ്പാട്ടും‘ പിന്നെ ’ചാരൻപാട്ടും ആയിത്തീർന്നതാണോ എന്ന് സംശയിക്കണം. ഏതായാലും ഇവ ‘പാട്ടുകഥ’കളാണ്. അതിനാൽ ഉത്തരകേരളത്തിലെ ജനകീയ കഥാഗാനങ്ങളെ ‘വടക്കൻപാട്ടുകഥ’കൾ എന്ന് സാമാന്യമായി പറയാമെന്ന് തോന്നുന്നു.
വർഗീകരണപ്രശ്‌നങ്ങൾഃ വടക്കൻപാട്ടുകഥകളെ വർഗീകരിക്കാവുന്ന ഒരു വഴിയാണ് രസാനുഭൂതിയുടെ അടിസ്ഥാനത്തിലുളള വിഭജനം. വീരം, പ്രേമം(രതി), കരുണം (ശോകം), ഹാസ്യം (നർമ്മം), അത്ഭുതം എന്നീ രസങ്ങൾ വടക്കൻ പാട്ടുകഥകളിൽ കൂടുതൽ ആവിഷ്‌കൃതമായിട്ടുണ്ട്. പലപ്പോഴും ഇവ സമ്മിശ്രമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. വീരകഥ, പ്രേമകഥ, ശോകകഥ, ഹാസ്യ(നർമ)കഥ, അത്ഭുതകഥ എന്നിങ്ങനെ വടക്കൻപാട്ടുകഥകളെ വർഗീകരിപ്പാൻ കഴിയും. പലപരിമിതികളും ഈ വർഗീകരണത്തിന് ഉണ്ടെന്ന് സമ്മതിക്കണം. വടക്കൻപാട്ടുകഥകളെ അവയുടെ ദൈർഘ്യം കഥാഗതിയിലുളള വിടവ്, കഥകളുടെ പരസ്‌പരാശ്രയബന്ധം മുതലായവയെ അടിസ്ഥാനമാക്കി വിഭജിക്കാം. കഥയുടെ ചില ഭാഗങ്ങൾ മാത്രം അടങ്ങുന്ന പാട്ടുകളാണ് ‘കഥാസൂചകം’. കൃഷിപ്പാട്ടുകളിലെ ‘പോർപ്പാട്ടു’കൾ ഇതിന് ഉദാഹരണമാണ്.
ഏതെങ്കിലും വ്യക്തിയുടേയോ സംഭവത്തിന്റെയോ കുടുംബത്തിന്റെയോ രാജവംശത്തിന്റെയോ കഥ പൂർണ്ണമായല്ലാതെ ഭാഗികമായി ലഭിക്കാം. ഭാഗികമെങ്കിലും ലഭിച്ചഭാഗമത്രയും ഏറെകുറെ പൂർണ്ണമായിരിക്കും. അറക്കൽ, ചിറക്കൽ, പഴശ്ശി, പിറവിയാർ തുടങ്ങിയ രാജവംശങ്ങളുടേയും പയ്യമ്പളളി ചന്തു, മുരിക്കഞ്ചേരികേളു തുടങ്ങിയ വീര പുരുഷൻമാരുടെയും കഥകൾ പൂർണ്ണമായി ആഖ്യാനം ചെയ്യുന്ന പാട്ടുകഥകൾ ലഭ്യമല്ല.
ഓരോ കഥ പൂർണ്ണമായി ആഖ്യാനം ചെയ്യുന്ന ഒറ്റയൊറ്റ പാട്ടുകഥകൾ ധാരാളമുണ്ട്. ഇവ ഓരോന്നും സ്വതന്ത്രങ്ങളും മറ്റൊന്നിനെ ആശ്രയിക്കാത്തതുമായിരിക്കും. അനേകം കന്നിമാരെക്കുറിച്ചും വിവിധ സംഭവങ്ങളെക്കുറിച്ചുമുളള ഒറ്റപ്പെട്ട പാട്ടുകഥകൾ ഉണ്ട്. സങ്കീർണ്ണമല്ലാത്ത ചെറിയൊരു ഇതിവൃത്തം അവതരിപ്പിക്കുക മാത്രമാണ് അവയുടെ ലക്ഷ്യം. അനേകം ‘പാട്ടുകഥ’കൾ ചേർത്ത് ക്രമീകരിച്ചാൽ സുദീർഘമായ ഒരു ഇതിവൃത്തം അടങ്ങുന്ന ‘പാട്ടുകഥാമാല’യാകും. ഇതിനെ ‘പാട്ടുകഥാചക്രം’ എന്ന് പറയും. ഒറ്റയൊറ്റ കഥകളായി വേർതിരിഞ്ഞ് നിൽക്കുന്നതായി തോന്നാമെങ്കിലും അവ ഒന്നിച്ചു ചേരുമ്പോൾ ഐതിഹാസിക ഗൗരവം അവയ്‌ക്ക് കൈവരും. ജനകീയ പാട്ടുകഥാചക്രത്തിന് പുത്തൂരം പാട്ടുകൾ ദൃഷ്‌ടാന്തമാണ്. പുത്തൂരം കുടുംബത്തെകുറിച്ചുളള ഏഴെട്ടുപാട്ടുകൾ മാത്രമേ ലഭിച്ചിട്ടുളളൂവെങ്കിലും അവയെല്ലാം പരസ്പരപൂരകങ്ങളും അന്യോന്യബദ്ധങ്ങളുമാണ്. കഥാഭാഗങ്ങൾ പലതും ‘പൂർവ്വകഥാ ചിത്രീകരണരീതി’ (ഫ്ലാഷ് ബാക്ക്)യിൽ കഥാപാത്രങ്ങളുടെ സംഭാഷണമദ്ധ്യേ അവതരിപ്പിക്കുകയെന്ന ഒരു സാങ്കേതികസ്വഭാവം അവയിൽ അവലംബിച്ചിരിക്കുന്നു.
ഒരു വ്യക്തിയെയോ ഒരു കുടുംബത്തെയോ സംബന്ധിച്ച അനേകം പാട്ടുകൾ ഒന്നിച്ചെടുത്താൽ അവ ‘പാട്ടുകഥാചക്ര’മാകുമെങ്കിലും പലപ്പോഴും ആ പാട്ടുകളുടെ പരസ്‌പരബദ്ധം സുദൃഢമായിക്കൊളളണമെന്നില്ല. അതിനാൽ അവയെ കാലക്രമത്തിൽ അടുക്കുവാൻ കഴിയുകയില്ല. ഇപ്രകാരമുളള കഥാഗാനമാലയെ ‘ശിഥിലകഥാഗാനചക്ര’മായി പരിഗണിക്കാം. ‘തച്ചോളിപ്പാട്ടുകഥ’കൾ ഇതിന് ദൃഷ്‌ടാന്തമാണ്. തച്ചോളിത്തറവാടുമായി ബന്ധപ്പെട്ട അനേകം പാട്ടുകഥകൾ ഉണ്ടെങ്കിലും അവയെ മുഴുവൻ കാലക്രമത്തിൽ ശരിയായി അടുക്കുവാൻ കഴിയുകയില്ല.
മേൽ സൂചിപ്പിച്ച വർഗീകരണോപാധികളിൽ ചിലതിനെ മാത്രം സ്വീകരിച്ചുകൊണ്ടുളള അപഗ്രഥന രീതികൾക്ക് പരിമിതികളേറും. വിവിധ വിഭജനരീതികളുടെ സദംശങ്ങൾ ഉൾക്കൊളളിച്ചുകൊണ്ടുളള ഒരു രീതിയാണ് അഭികാമ്യം. ഇന്നോളം പ്രസിദ്ധീകൃതമായ വടക്കൻ പാട്ടുകളും പുതുതായി ഈ ലേഖകൻ ശേഖരിച്ച മുന്നൂറോളം പാട്ടുകഥകളും മുമ്പിൽ കണ്ടുകൊണ്ട്, വടക്കൻപാട്ടുകഥകളെ താഴെ പറയുംപ്രകാരം വർഗീകരിക്കുവാൻ ശ്രമിച്ചിട്ടുണ്ട്.
1. പുത്തൂരം പാട്ടുകഥകൾ (പാട്ടുകഥാചക്രമെന്ന നിലയിൽ) 2. തച്ചോളിപ്പാട്ടുകഥകൾ (ശിഥിലകഥാഗാന ചക്രമെന്നനിലയിൽ). 3. രാജവംശസംബന്ധികളായ പാട്ടുകഥകൾ (ഭാഗികപൂർണ്ണം) 4. കന്നിമാരുടെ പാട്ടുകഥകൾ. 5. വീരപുരുഷൻമാരുടെ പാട്ടുകഥകൾ. 6. അത്ഭുത കഥപ്പാട്ടുകൾ 7. ദിവ്യകഥപ്പാട്ടുകൾ 8. പലതരം ഒറ്റക്കഥപ്പാട്ടുകൾ.
നാടൻപുരാവൃത്തങ്ങൾഃ വടക്കൻപാട്ടുകഥകളിൽ പലതും നാടൻപുരാവൃത്തത്തിന്റെ സ്വഭാവം ഉൾക്കൊളളുന്നവയാണ്. പാട്ടുകഥകളുടെ ഘടനയുടെ വികാസത്തിന് പോഷകമാകുമാറ് പല അതിമാനുഷഘടകങ്ങളും പ്രത്യക്ഷപ്പെടുക സ്വാഭാവികമത്രെ. അലൗകിക ശക്‌തികൾ, പരേതാത്മാക്കൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളേയോ, അവയുടെ സഹായങ്ങളേയോ കുറിച്ച് പല പാട്ടുകഥകളിലും പരാമർശം കാണാം. ദേവതകൾക്ക് മനുഷ്യരൂപവും വികാരവും ഉണ്ടെന്ന സങ്കല്പം അവയിൽ ആവിഷ്‌കരിച്ചിരിക്കുന്നു. മാന്ത്രിക ശക്തിയുടെ പ്രവർത്തന വിജയമാണു പാട്ടുകഥകളിൽ മിക്കതിലും ആഖ്യാനം ചെയ്‌ത മറ്റൊരുകാര്യം. വീരാപദനങ്ങളുടേയും പുരാവൃത്തങ്ങളുടേയും ഭാഗമായാണ് മാന്ത്രികപരാമർശങ്ങൾ മിക്കവാറും കാണുന്നത്. സ്വപ്‌നദർശനവും ഒരു മുഖ്യഘടകമാണ്. പാട്ടുകഥകളിൽ പലപ്പോഴും സ്വപ്‌നം ഇതിവൃത്ത ഘടനയെ നിയന്ത്രിക്കും. ലോകസാധാരണമല്ലാത്ത സംഭവങ്ങളും അത്ഭുതകൃത്യങ്ങളും ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നുളളത് വടക്കൻ പാട്ടുകഥകളുടെ ഒരു സവിശേഷതയാണ്. സാമൂഹികപരാമർശങ്ങൾഃ സാമൂഹികഭാവത്തെ പ്രതിരൂപവൽക്കരിക്കുന്നവയാണ് സാഹിത്യരചനകൾ എന്ന തത്ത്വം വടക്കൻ പാട്ടുകഥകളെ സംബന്ധിച്ചും അംഗീകരിക്കാവുന്നതാണ്. ജനങ്ങളുടെ ജീവിതക്രമം, ആചാരങ്ങൾ, അനുഷ്‌ഠാനങ്ങൾ, വിശ്വാസങ്ങൾ, തൊഴിൽ, ഉല്പാദനപ്രക്രിയ, വിനോദങ്ങൾ, കളികൾ, കലകൾ, സംസ്‌കാരച്ചടങ്ങുകൾ, ഔഷധപ്രയോഗങ്ങൾ, ഭക്ഷണസമ്പ്രദായങ്ങൾ, വസ്‌ത്രാഭരണാദികൾ, സാമൂഹികാനീതികൾ തുടങ്ങിയ പല കാര്യങ്ങളും പാട്ടുകഥകളിൽ നിന്ന് ഗ്രഹിക്കുവാൻ കഴിയുന്നുണ്ട്.
വയലപ്രചെറിയയുടെ പാട്ടുകഥഃ അപ്രകാശിതമായ ഒരു വടക്കൻപാട്ടുകഥയാണ് ‘വയലപ്രചെറിയ’യുടെ കഥ. കാഞ്ഞൻപൂജാരി എന്ന നാടൻ പാട്ടുകാരനിൽ നിന്നും ശബ്‌ദലേഖനം ചെയ്‌തെടുത്ത ഒരു ചെറിയപാട്ടാണിത്. അതിലെ ഇതിവൃത്തം ഇങ്ങനെ സംഗ്രഹിക്കാം. ചിറക്കൽ തമ്പുരാന്റെ മകളാണ് വലയപ്രചെറിയ. കുഞ്ഞിമങ്ങലത്ത് അയ്യൻകുളങ്ങര ആനക്കളി കാണുവാൻ പലരും പോകുന്നുണ്ട്. അവരോടൊപ്പം പോകണമെന്ന് ചെറിയ ആഗ്രഹിച്ചു. അത്തവണ ആനക്കളി കാണാൻ പോകേണ്ടെന്ന് അച്‌ഛനും അമ്മയും ജ്യേഷ്‌ഠനുമൊക്കെ പറഞ്ഞു. പക്ഷേ, അവൾ പോകാൻ തന്നെ തീരുമാനിച്ചു. വസ്‌ത്രാഭരണാധികളൊക്കെ അണിഞ്ഞൊരുങ്ങി അവൾ കൂട്ടുകാരൊടൊപ്പം പുറപ്പെട്ടു. ആ ആന പെണ്ണുകൊതിയനാണ്. പലരും ഓല, വെളളരിക്ക, തുടങ്ങിയവ ആനയ്‌ക്ക് കൊടുക്കുന്നുണ്ട്. ചെറിയയും ആനയ്‌ക്ക് ആ വക വസ്‌തുക്കൾ നൽകിയെങ്കിലും അതൊന്നും ആന വാങ്ങിയില്ല. ആ ആന മദമിളകി ചെറിയയെ ചവിട്ടിപ്പിളർന്നു. അവളുടെ ജേഷ്‌ഠനായ കുഞ്ഞിക്കണ്ണൻ വിവരമറിഞ്ഞ് ചെറിയയുടെ ശവം കൊണ്ടുപോയി ദഹിപ്പിച്ചു. ആ പാട്ട് താഴെ ചേർക്കാംഃ
വയലപ്രചെറിയ ചെറിയക്കുട്ടി
നേരം പുലർകാലെയിറ്റവള
അമ്മേന വിളിച്ച് പറഞ്ഞോള്‌ന്ന്
വയലപ്രവീട്ടില് പെറ്റോരമ്മേ
അയലോക്കം വീട്ടിലുളള പെണ്ണങ്ങള്
ആനക്കളി കാണാൻ പോകുന്നമ്മേ
ഞാൻകൂടപ്പോകുന്നാക്കളികാണുവാൻ.
അന്നേരം പറയുന്നമ്മ പെറ്റോരമ്മ
വയലപ്ര വീട്ടിൽ ചെറിയകുട്ടി
നീ എന്നോടു ചൊതിച്ച് പോണ്ടമോളേ
വയലപ്രകണ്ണനോൻ നിന്റേയേട്ടൻ
ഓനോട് ചോദിച്ച് ചോട് മോളേ
ഞാനതങ്ങൊന്ന് പറഞ്ഞോളട്ടെ
തളിപ്രമ്പത്തപ്പന്റെ കുട്ടിയാന
കുഞ്ഞാങ്ങലത്ത് നല്ലെ അയ്യൻകുളങ്ങര
അയ്യൻകുളങ്ങര നല്ലരയാലീങ്കീല്
ആനയവിടയങ്ങ് വന്നോണ്ടാല്
തളിപ്രമ്പത്തപ്പന്റെ കുട്ടിയാന
പെണ്ണുകൊതിയനായ കുട്ടിയാന
ആനക്കൊരു മദം പൊട്ടുന്നേരം
ഇട്ടിനെ ചങ്ങല പറിക്കുവാന
തളച്ചെമരവും പൊരിക്കുവാന
എന്നല്ലെയമ്മ പറയുന്നത്.
അന്നേരം പറയുന്ന ചെറിയക്കുട്ടി
ഞാൻപോകാണ്ടങ്ങിന്ന് നില്‌കൂലമ്മേ
എല്ലാരും പോക്‌ണ് കളികാണുവാൻ
അങ്ങനെ പറഞ്ഞാട നിക്കുന്നേരം
വയലപ്രകണ്ണൻ കുഞ്ഞികണ്ണൻ
കണ്ണൻ വരവേറ്റം കാണുന്നുണ്ട്
കണ്ണനും വന്ന് കോണി കേറുന്നല്ലോ
പടിക്കൊട്ടിൽ വന്നാടിരുന്നന്നേരം
ചോതിക്കുന്നന്നേരം ചെറിയക്കുട്ടി
വയലപ്പുറം വീട്ടിലെന്റെയേട്ട
ഞാനോരുകൊതിയും കൊതിച്ചേ ഏട്ടാ
ഏന്തെന്നും കേക്കട്ടെ ചെറിയക്കുട്ടി
കുഞ്ഞാങ്ങലത്ത് നല്ലെ അയ്യൻകുളങ്ങര
അയ്യൻകുളങ്ങര നല്ല രയാലീങ്കീല്
തളിപ്രമ്പത്തപ്പന്റെ കുട്ടിയാന
ആനക്കളികാണാൻ പോന്നെല്ലാരും
ഞാൻകൂടി പോന്നേട്ട കളികാണുവാൻ
അന്നേരം പറയുന്നോൻ കുഞ്ഞികണ്ണൻ
വയലപ്രവീട്ടിൽ ചെറിയക്കുട്ടി
ഇക്കൊല്ലം നാട് വായ്‌ച്ച മാപ്പളാറ്‌ക്ക്
ഇന്നിവെരുന്നകാലം തമ്പുരാന്മാർക്ക്
തമ്പുരാന്മാർക്കായി വന്നോണ്ടാല്
നമ്മക്ക്‌പോകാ ചെറിയകുട്ടി.
ഏതും പറയല്ലെയെന്റെ യേട്ട
ഇക്കൊല്ലം പോയതൊയിച്ച് നിക്കൂല.
അന്നേരം പറയുന്നോൻ കുഞ്ഞിക്കണ്ണൻ
എന്നോട് ചൊതിച്ച് പോണ്ടോ നീയും
ഓമനച്ചിറക്കല് നമ്മളെ അപ്പൻ
അപ്പനൊട് ചോതിച്ച് പോക നിനക്ക്.
ഒന്ന്‌ണ്ടോ കേക്കണമെന്റെ യേട്ടാ
അപ്പനോട് ചോതിച്ച് വരണെന്റേട്ടൻ
ആ വാക്കു കേട്ടുവോൻ കുഞ്ഞിക്കണ്ണൻ
മേലിടും മുണ്ടും കുടയെടുത്തു
ഓമനച്ചിറക്കലും പോകുന്നല്ലോ
കുറ്റിപ്പുരയൊഴിച്ചു വെച്ചു
പടിമാള്യ കേറിയങ്ങ് പോവുകയും
തമ്പുരാന്റെരികയങ്ങ് എത്തുകയും
കുഞ്ഞ്യുണ്ടിട്ടിട്ടാടയിരിക്കുകയും
അപ്പനെ പളളിയുണർത്തുകയും
ഞെട്ടിയുണറ്‌ന്ന് നോക്കുന്നേരം
വയലപ്രക്കണ്ണൻ കുഞ്ഞിക്കണ്ണൻ
ചോതിക്കുന്നന്നേരം തമ്പുരാന്
വയലപ്ര വീട്ടില് കുഞ്ഞിക്കണ്ണാ
നീ എന്തൊരുവെത്തലോടെ വന്നുമോനെ
നിന്റമ്മക്കേതു മരുതാണ്ട്‌ണ്ടോ
ചെറിയക്കങ്ങേതു മരുതാറ്റ്‌ന്‌ണ്ടോ
ആരിക്കു വരുതായോയില്ലേയപ്പാ
വയലപ്ര ചെറിയ ചെറിയക്കുട്ടി
ഓളോരു കൊതിയും കൊതിച്ചുവപ്പാ
കുഞ്ഞാങ്ങലത്ത് നല്ലെ അയ്യൻകുളങ്ങര
അയ്യൻകുളങ്ങര നല്ല രയാലീങ്കീല്
തളിപ്പറമ്പത്തപ്പന്റെ കുട്ടിയാന
ആനക്കളികാണാൻ പോവാരുന്നു
അയലക്കം വീട്ടിലെ പെണ്ണുങ്ങള്
ആനക്കളികാണാൻ പോന്ന് പോലും
നീയത് ചെന്ന് പറയേകണ്ണാ
ആനക്കളികാണാൻ പോവ്വേവേണ്ട
ഇക്കൊല്ലം നാടുവായ്‌ച്ചയാണേ കണ്ണാ
മാപ്പിളാറ്‌ക്ക് കൊടുത്തത്‌ണ്ട്
മേലിൽ വരും കാലത്താന്നേ കണ്ണാ
നമ്മക്കാ നാടുവായ്‌ച്ച പോരുന്നത്
നമ്മക്കങ്ങെല്ലാരിക്കൊക്ക പോക
ഇക്കൊല്ലം പോവണ്ടയെന്ന് പറയേ
പിന്നീംകലുപ്പന തമ്പുരാന്
വയലപ്ര ചെറിയ ചെറിയകുട്ടി
വെലക്കിയാൽ കേക്കുന്നൊളല്ലയോള്
പോവാതെ കണ്ടോള് നിക്കുകയില്ല
നീ പോവണ്ടായെന്ന് പറയേ കണ്ണാ
അങ്ങനെ വെലക്കീറ്റ് കേട്ടില്ലെങ്കിൽ
ഇട്ട്‌ചമഞ്ഞൊന്നും പോവ്വോ വേണ്ട
ഈങ്ങിയ മുണ്ടും പുടയെടുത്തൊ
കാതില് കാരോല വെച്ചൊളട്ടെ
കയിക്കു കടകമിടുക വേണ്ട
എന്നു പറഞ്ഞങ്ങയക്ക്വേ വേണം
എന്നുപറഞ്ഞങ്ങ് പോകുന്നല്ലോ.
വയലപ്ര വീട്ടില് പോകുന്നേരം
കണ്ണന്റെ വരവ് നോക്കി നിക്ക്‌ന്നോള്
കണ്ണനും വന്നിങ്ങ് കേറുന്നേരം
ചോതിക്കുന്നന്നേരം ചെറിയക്കുട്ടി
എന്തുപറഞ്ഞുവേട്ട നമ്മളപ്പൻ
അപ്പൻ പറഞ്ഞവാക്ക് കേട്ടതില്ലേ
ഇക്കൊല്ലംകളികാണാൻപോവേണ്ടെന്നും
ഇനിവരുന്ന കൊല്ലം പോകയെന്നും
തളിപ്രമ്പത്തപ്പന്റെ കുട്ടിയാന
ആനക്കൊരു മദം പൊട്ടാറുണ്ട്.
എന്നല്ലെയപ്പൻ പറഞ്ഞോണ്ടത്.
അന്നേരം പറയുന്നോള് ചെറിയക്കുട്ടി
ഏതും പറയല്ലേയെന്റെ യേട്ടാ
പോകാതെകണ്ട് ഞാൻ നിക്ക്വേയില്ല
പറഞ്ഞുപറഞ്ഞു പൊറുതി കെടുമ്പം
അന്നേരം പറയുന്ന കുഞ്ഞിക്കണ്ണൻ
അപ്പനും സമ്മതമില്ല മോളേ
അമ്മക്കും സമ്മതമില്ല മോളേ
ഞാനുവനുവാദം പറയുകയില്ല.
അന്നേരത്തോള് പറഞ്ഞോള്‌ന്ന്
ആരുവനുവാദം പറഞ്ഞില്ലെങ്കിലും
പൂവാതെകണ്ട് ഞാൻ നിക്ക്വേയില്ല.
പൂവാതെകണ്ട് നീ നിന്നില്ലെങ്കിൽ
വന്നപോലെയൊക്ക സഹിച്ചോളേണം.
അങ്ങനെയങ്ങ് നീ പോകുന്നെങ്കില്
ഇട്ട് ചമഞ്ഞൊന്നും പോകണ്ടാന്ന്
ഈങ്ങിയ മുണ്ടും പുടയെടുത്തോ
കാതില് കാരോല വെച്ചോളണം
എന്നല്ലെ അപ്പൻ പറഞ്ഞോണ്ടത്.
പൂവാനനുവാദം കേട്ടനേരം
സന്തോഷത്തോടെയങ്ങ് വന്നാവള്
അയലക്കം വീട്ടിലെ പെണ്ണുങ്ങള്
പിറ്റന്നാ വീതിപുലരുന്നേരം
ആനക്കളികാണാൻ പോകുവാനും
എല്ലാരും തന്നെയൊരുങ്ങുന്നല്ലോ.
വയലപ്ര ചെറിയ ചെറിയകുട്ടി
വേഗം കുളിയും കുറി കഴിഞ്ഞു
ചമയത്താൽ പെട്ടി തുറന്നവള്
ഈർക്കിൽ വെളുമ്പൻ പുടയെടുത്തു
ഈർക്കിൽ വെളുമ്പൻ കുടഞ്ഞുടുത്തു.
മാറ് പൊരുത്തത്തിൽ പൊന്നും കെട്ടി
കഴുത്തിനടക്കത്തിൽ താലികെട്ടി
മാറ് കടന്നോരു മാലയിട്ടു
കാതില് പൊന്നോല തക്ക വെച്ചു
പത്തുവിരക്കെട്ട് പൊന്മോതിരം
രണ്ടു കയിക്കും നൽപ്പൊൻ വളയും
നന്നായ്‌ച്ചമയുന്നാ ചെറിയക്കുട്ടി
കണ്ണാടിക്കന്നിക്കുടയെടുത്തു
കാല് ചെറിയ കുടയെടുത്തു
ആനക്ക് പഴുപ്പോലയൊന്നെടുത്ത്
നേരിയ മുണ്ടൊന്ന് മാറിലിട്ടു
പൂവാൻ പുറപ്പെട്ടു ചെറിയക്കുട്ടി.
അയലക്കം വീട്ടിലെ പെണ്ണുങ്ങളും
വയലപ്രചെറിയ ചെറിയക്കുട്ടീം
കുഞ്ഞാങ്ങലത്ത് നല്ലെ അയ്യൻകുളങ്ങര
അയ്യൻകുളങ്ങര നല്ലരയുലിങ്കില്
ആനക്കളി കാണാൻ പോകുന്നല്ലോ.
തളിപ്പറമ്പത്തപ്പന്റെ കുട്ടിയാന
ആനയവിടത്തേക്കെഴുന്നളളുന്ന
തളിപ്പറമ്പത്ത്‌ന്നെഴുന്നളളുന്ന
ആന നടപ്പുവാ ചന്തത്തോടെ
എടവും വലവും തിരിഞ്ഞവരുന്നാന
അയ്യൻകുളങ്ങര കുഞ്ഞരയാൻകീഴ്
ആന നിറുത്തം കഴിച്ചവിട
ആന നിറുത്തം നടന്നവിടെ
ആട്‌ന്നും പോരുന്ന കുട്ടിയാന
അരയാലിൻകീഴിൽ തളച്ചവിട.
കൂടിയുലകരും മാലോകരും
ആനക്ക് പഴിപ്പോലകൊടുത്തോള്‌ന്ന്
എല്ലാരെ പഴിപ്പോലെ വാങ്ങിആന
എല്ലാരെ പഴം വെളളരി വാങ്ങി ആന
വയലപ്ര ചെറിയ ചെറിയക്കുട്ടി
ആനക്ക് പഴിപ്പോല കൊടുത്തോണ്ടിറ്റ്
ആനയങ്ങേതുമത് വാങ്ങുന്നില്ല
പിന്നെ നിറുത്തം ചവിട്ടും നോക്കി
തഴിപ്പറമ്പത്തപ്പന്റെ കുട്ടിയാന
ആനേരെ കണ്ണും ചുകന്നും പോയി
ചെറിയേന കണ്ട് കൊതിച്ചും പോയി
ആനക്കൊരുമദം പൊട്ടിപ്പോയി
പാപ്പാന്മാരൊക്കയും നീങ്ങിപ്പോയി
തളച്ചമരവും പൊരിക്കുന്നാന
ഇട്ടിന ചങ്ങല പറിക്കുന്നാന
അവള ചവിട്ടിപ്പുളക്കുന്നാന
അവിടന്നു മാനനടന്നോള്‌ന്ന്
കുഞ്ഞാങ്ങലത്ത് നല്ലെ ആയ്യൻകുളങ്ങര
അയ്യൻകുളങ്ങര കുളത്തിൽ വന്നു
അവിടയും മുങ്ങിയങ്ങ് നീരുന്നാന
തളിപ്പറമ്പത്തേക്ക് നടകൊളളുന്ന.
വേഗം വിളിച്ചു പറഞ്ഞെല്ലാരും
ആര്യാ ചവിട്ടിപ്പുളന്നതീട്
വയലപ്രചെറിയ ചെറിയക്കുട്ടീന
ആന ചവിട്ടിപ്പുളന്നത്‌ണ്ട്
ആന ചവിട്ടിപ്പുളന്നെങ്കിലോ
വാരിയെടുത്തവൻ കുഞ്ഞിക്കണ്ണൻ
വയലപ്പുറം വീട്ടിൽ പോരുന്നല്ലോ
അയലോക്കം വീട്ടിലെ പെണ്ണുങ്ങള്
അമ്മേനത്തന്നെയൊന്ന് കണ്ടനേരം
തച്ചും അലച്ചും കരയുന്നല്ലോ
പോകുമ്പം തന്നെ പറഞ്ഞു ഞാന്
പെണ്ണുകൊതിയനാ കുട്ടിയാന
അപ്പൻ പറഞ്ഞതും കേട്ടതില്ല
അമ്മ പറഞ്ഞതും കേട്ടതില്ല
ഏട്ടൻ പറഞ്ഞതും കേട്ടതില്ല
ഇങ്ങനെ മരിക്കാൻ വിധിയിംവന്നു.
തെക്കെ വളപ്പിലും ചൂട്ടുകാട്ടിലും
മാവും മുരിക്കും മരം മുറിച്ചു
ഈമം വലുതായി കൂട്ടുകയും
ചെറിയേന ചുട്ടു പരിപാലിച്ചു
വേണ്ടും കറമ്മം കിറിയകളും
നന്നായ് കഴിച്ചുനിറുത്ത്യവിട.
Generated from archived content: pattu_dec3.html Author: mv_vishnunambuthiri