അനുഷ്‌ഠാനകലകളിലെ മാപ്പിള കഥാപാത്രങ്ങൾ

നാനാജാതിമതസ്‌ഥരായ ജനവിഭാഗങ്ങൾ വസിക്കുന്ന പ്രദേശമാണ്‌ കേരളം. ഒരു വിഭാഗക്കാരുടെ കലാസംസ്‌ക്കാരാദികൾ മറ്റൊരു വിഭാഗക്കാരുടെ കലാസംസ്‌ക്കാരാദികളിൽ പ്രതിഫലിക്കുക സ്വാഭാവികം മാത്രമാണ്‌. കേരളത്തിലെ നസ്രാണികളുടെയും മറ്റും സംസ്‌ക്കാരത്തിൽ ഹൈന്ദവസംസ്‌ക്കാരത്തിന്റെ പല അംശങ്ങളും അലിഞ്ഞു ചേർന്നിട്ടുണ്ട്‌. അതുപോലെ അന്യമതസംസ്‌ക്കാരങ്ങൾ ഹൈന്ദവമതത്തിലും പ്രവേശിച്ചുകാണാം. ഹൈന്ദവരുടെ ചില ക്ഷേത്രങ്ങളിലും കാവുകളിലും മുസ്ലീങ്ങൾ ഉപഹാരമായി പലവസ്‌തുക്കളും സമർപ്പിക്കുന്ന പതിവ്‌ ഇന്നും നിലനിന്നുപോരുന്നു. ഹൈന്ദവരുടെ അനുഷ്‌ഠാനകലകളിൽപ്പോലും ഇസ്ലാമികസംസ്‌ക്കാരത്തിന്‌ പ്രവേശം ലഭിച്ചതായിക്കാണാം. അത്യുത്തരകേരളത്തിലെ അനുഷ്‌ഠാനകലകളിൽ പ്രത്യക്ഷപ്പെടുന്ന മാപ്പിളകഥാപാത്രങ്ങളെക്കുറിച്ചാണ്‌ ഇവിടെ ചിലത്‌ പറയുവാൻ ഉദ്ദേശിക്കുന്നത്‌.

മാപ്പിളത്തെയ്യങ്ങൾ ഃ പൊറാട്ടുനാടകങ്ങളിലും മറ്റും മാപ്പിളവേഷങ്ങൾ സാധാരണമായി പ്രത്യക്ഷപ്പെടാറുണ്ട്‌. എന്നാൽ ഉത്തരകേരളത്തിലെ ചില അനുഷ്‌ഠാനകലാനിർവ്വഹണങ്ങളിൽ മാപ്പിളകഥാപാത്രങ്ങളുണ്ടെന്നതും ശ്രദ്ധേയമാണ്‌. ഉത്തരകേരളത്തിലെ അനുഷ്‌ഠാനനർത്തനകലകളിൽ പ്രാമുഖ്യമർഹിക്കുന്നത്‌ തെയ്യാട്ടമാണ്‌. ദേവീദേവൻമാർ, പുരാണകഥാപാത്രങ്ങൾ, യക്ഷി, ഗന്ധർവ്വൻ, നാഗം, ഭൂതം, മൃഗം, പരേതർ, മൺമറഞ്ഞ വീരപരാക്രമികൾ, വീരവനിതകൾ തുടങ്ങിയ അനേക സങ്കല്പങ്ങളിലുളള ദേവതമാർ ഈ രംഗത്ത്‌ പ്രത്യക്ഷപ്പെടുന്നുണ്ട്‌. പരേതാരാധന തെയ്യാട്ടത്തിന്റെ ഒരു മുഖ്യ മുഖമാണ്‌. നായർ, തീയൻ, ബ്രാഹ്‌മണൻ, പട്ടർ, പൊതുവാൾ, കൊങ്ങിണി, വണ്ണാൻ, മാവിലൻ, പുലയൻ, പറയൻ തുടങ്ങിയ വിവിധ സമുദായങ്ങളിൽപ്പെട്ടവരാണ്‌ പരേതാരാധനയ്‌ക്കും പൂർവ്വികാരാധനയ്‌ക്കും വീരാരാധനയ്‌ക്കും പാത്രമായിട്ടുളളത്‌. ഇക്കൂട്ടത്തിൽ മാപ്പിളക്കഥാപാത്രങ്ങളേയും കാണാം. ആലിത്തെയ്യം, ബബ്ബിരിയൻ, നെയ്‌ത്തിയാർ എന്നിവ മാപ്പിളത്തെയ്യങ്ങളിൽ പ്രസിദ്ധങ്ങളാണ്‌. ഈ ദേവതകൾ ഹിന്ദുക്കളുടെ ആരാധനാമൂർത്തികൾ കൂടിയാണ്‌. ഹോസ്‌ദുർഗ്ഗ്‌, കാസർഗോഡ്‌ എന്നീതാലൂക്കുകളിൽ പുതിയഭഗവതിയോടൊപ്പം കെട്ടിയാടിക്കപ്പെടുന്ന തെയ്യമാണ്‌ ആലിത്തെയ്യം. വണ്ണാൻമാരാണ്‌ ഈ കോലം കെട്ടിയാടുന്നത്‌. പുതിയഭഗവതിയുടെ ചരിതവുമായി ബന്ധപ്പെട്ടതാണ്‌ ആലിത്തെയ്യത്തിന്റെ പുരാവൃത്തം.

വില്ലാപുരം കോട്ടയിൽ ആറു സഹോദരൻമാരോടൊപ്പം വസിച്ച ദേവതയാണ്‌ പുതിയ ഭഗവതി. കാർത്തവീര്യാസുരൻ ആ സഹോദരൻമാരെ കൊന്നൊടുക്കി. വിവരമറിഞ്ഞ പുതിയഭഗവതി ആ അസുരന്റെ ശിരസ്സറുത്ത്‌ കരിച്ച്‌ തിലകം ചാർത്തി. സഹോദരൻമാരില്ലാതെ ‘താനേ തനിയേ’ വില്ലാപുരത്തുകോട്ടയിൽ വസിക്കയില്ലെന്നു തിരുമാനിച്ചു. കോട്ടപ്പടിക്കു തീ കൊടുത്ത്‌ വീരനല്ലരയാലിന്റെ കൊമ്പുകൾ തകർത്ത്‌ ഒരു വീരനായികയായി വടക്കുനിന്ന്‌ തെക്കോട്ട്‌ ആ ദേവത സഞ്ചരിച്ചു. പുതിയഭഗവതി സുന്ദരീരൂപം ധരിച്ച്‌ കുളിക്കുകയാണ്‌. അതുകണ്ട ആലി എന്നമാപ്പിള സമീപം ചെന്നുവത്രേ. അപ്പോൾ പുതിയഭഗവതി തന്റെ യഥാർത്ഥരൂപം ധരിച്ച്‌ അവനെകൊന്ന്‌ രക്തംകുടിച്ചുവെന്നാണ്‌ പുരാവൃത്തം. മരണാനന്തരം ആലി ഒരു ദേവതയെന്നാണ്‌ സങ്കല്പം.

രാമന്തളി വില്ലേജിലെ എട്ടിക്കുളമെന്ന ദേശത്ത്‌ നെയ്‌ത്തിയാർ എന്നൊരു മാപ്പിളത്തെയ്യമുണ്ട്‌. മടേൽച്ചാമുണ്‌ഡിയാൽ നിഗ്രഹിക്കപ്പെട്ട ഒരു മുസ്ലീം വനിതയുടെ സങ്കല്പത്തിലുളള പ്രസ്‌തുത തെയ്യം കെട്ടിയാടുന്നത്‌ വണ്ണാൻ സമുദായത്തിൽപ്പെട്ടവാരാണ്‌. ചാമുണ്‌ഡിക്കാവിനടുത്ത്‌ ഉണക്കിലകൾ അടിച്ചുവാരിയെടുക്കാൻ ചെന്നപ്പോഴാണത്രേ മരണം സംഭവിച്ചത്‌. ബബ്ബരിയൻ (ബപ്പുരിയൻ) ഒരു മാപ്പിളത്തെയ്യമാണ്‌. കപ്പിത്താനായിരുന്ന ഒരു മാപ്പിളയുടെ സങ്കല്പത്തിലുളള കോലമത്രെ ഇത്‌. ഒരുതരം കപ്പലോട്ടക്കാരെ ‘വപ്പുരവർ’ എന്ന്‌ പറയാറുണ്ടായിരുന്നു. അതിൽ നിന്നുമുണ്ടായതായിരിക്കാം ഈ പേര്‌. വേലൻ, കോപ്പാളൻ, വണ്ണാൻ, മുന്നൂറ്റാൻ തുടങ്ങിയ സമുദായക്കാർ ഈ പേരിലുളള തെയ്യം കെട്ടിവരാറുണ്ട്‌. ചിലേടങ്ങളിൽ ഈ തെയ്യം കെട്ടിപ്പുറപ്പെടുമ്പോൾ മാപ്പിളപൊറാട്ടും പതിവുണ്ട്‌. കേരളബ്രാഹ്‌മണരിൽപ്പെട്ട ചില തറവാട്ടുകാർ പോലും ബപ്പുരിയനെ ആരാധിച്ചുവരുന്നുണ്ട്‌. പക്ഷേ ശിവാംശഭൂതമായ ഒരു ദേവതയെന്ന നിലയ്‌ക്കാണ്‌ അവർ ആ ദേവതയെ പൂജിക്കുന്നത്‌. ഭൂതപ്രേതപിശാചുക്കളായ ദേവതകളെ പ്രായേണ ശൈവാരാധനയുമായി ബന്ധപ്പെടുത്താറുണ്ട്‌.

അണ്ടലൂർക്കാവിൽ അണ്ടലൂർദൈവം, അങ്കക്കാരൻ എന്നിവരോടൊപ്പം ഒരു ബപ്പുരിയൻതെയ്യത്തെ കെട്ടിയാടിക്കാറുണ്ട്‌. മേൽപ്പറഞ്ഞ സങ്കല്പം ഈ തെയ്യത്തിനില്ല. അണ്ടലൂർക്കാവിൽ ഹനൂമാനെന്ന സങ്കല്പത്തിലത്രെ ബപ്പുരിയൻ തെയ്യത്തെ ആരാധിക്കുന്നത്‌. ആലി, ബപ്പുരിയൻ തുടങ്ങിയ തെയ്യങ്ങളെ തുളുനാട്ടിൽ ‘ഭൂത’ങ്ങളായിട്ടാണ്‌ സങ്കല്പിച്ചിട്ടുളളത്‌. ആര്യക്കര നറുംകയത്തിൽ ആരിയപ്പട്ടരുടെയും ആരിയപ്പട്ടത്തിയുടെയും മകളായി ജനിച്ച ആരിയപ്പൂങ്കന്നിയുടെ യഥാർത്ഥ സങ്കല്പം ഈ ലേഖകന്‌ മനസ്സിലാക്കുവാൻ കഴിഞ്ഞത്‌ എൻ. പി. ശ്രീകണ്‌ഠപ്പെരുവണ്ണാനിൽ (വെങ്ങര) നിന്നാണ്‌. ഇതോടെ, ആര്യപ്പൂങ്കന്നി ഒരു മുസ്ലീംവനിതയുടെ സങ്കല്പത്തിലുളള ദേവതയാണെന്ന ധാരണ നീങ്ങി. ‘ബപ്പുരിയൻ’ ഓടിച്ച മരക്കലത്തിൽ എഴുന്നളളിയ ഒരു ദേവതയത്രെ അത്‌. മുടിക്ക്‌ പട്ടുപൊതിഞ്ഞ്‌, മെതിയടി ധരിച്ച്‌, താലപ്പൊലിയും ചൂരൽക്കോലുമായി പുറപ്പെടുന്ന പൂങ്കന്നിത്തെയ്യത്തിന്റെ രൂപവിശേഷവും തെറ്റിദ്ധാരണയ്‌ക്ക്‌ ഹേതുവായിരിക്കാം. ആര്യപ്പൂങ്കന്നിക്ക്‌ ‘കൈതക്കീലമ്മ’ എന്നുകൂടിപ്പേരുണ്ട്‌. കൈതക്കീലമ്പലത്തിൽ ഈ ദേവതയെ ആരാധിച്ചുപോരുന്നു.

ചിമ്മാനക്കളി ഃ അത്യുത്തര കേരളത്തിലെ പുലയർ ഗർഭിണികളെ പുരസ്‌കരിച്ച്‌ അഞ്ചാം മാസത്തിൽ നടത്താറുളള കന്നൽക്കളമ്പാട്ട്‌ എന്ന ഗർഭബലികർമ്മത്തോടനുബന്ധിച്ച്‌ അവതരിപ്പിക്കപ്പെടുന്നതാണ്‌ ചിമ്മാനക്കളി. അനുഷ്‌ഠാനബദ്ധമായ വിനോദ കലാനിർവ്വഹണമാണതെന്നു പറയാം. മായിലത്തിയും മാപ്പിളയും തമ്മിലുളള അവിഹിത ബന്ധവും അവരുടെ ദുരന്തവും ചിമ്മാനക്കളിപ്പാട്ടിലെ മുഖ്യ ഭാഗമാണ്‌. അന്നപൂർണ്ണേശ്വരിയമ്മയോടൊപ്പം മരക്കലമിറങ്ങിയ ചോയികൾ പുനംകൃഷി ആരംഭിച്ചു. അതിനു കാവലായി നിന്നത്‌ മായിലൻ കണ്ണനാണ്‌. മാടായി നഗരത്തിലെ മമ്മു എന്നമാപ്പിള നാടുതോറും നടന്ന്‌ ചക്കരയും കൊപ്പരയും ‘കല്ലക്കീം പുല്ലക്കീം’ വില്പന നടത്തുന്നവനാണ്‌. അവൻ മായിലന്റെ കുടിയിലെത്തിയപ്പോൾ, കണ്ണൻ പുനത്തിൽ കാവലിന്‌ പോയിരിക്കുകയാണെന്ന്‌ മനസ്സിലായി. അവന്റെ ഭാര്യയോട്‌

‘ഇന്നന്തി വരട്ടോന്റെ മായിലത്തി കുമ്പപ്പെണ്ണേ’

എന്ന്‌ മാപ്പിള ചോദിച്ചു. അവൾ സമ്മതം മൂളി. മമ്മു അവിടെനിന്നു പോയി. ചക്കരയും കൊപ്പരയുമായി സന്ധ്യയ്‌ക്ക്‌ കുമ്പയുടെ വീട്ടിലെത്തി. അവൾ വാതിൽ തുറന്ന്‌ അവനെ സ്വീകരിച്ചു. കണ്ണന്റെ തറവാട്ടിലെ ദൈവങ്ങളും കാരണവൻമാരും പുനത്തിൽകിടന്നുറങ്ങുന്ന കണ്ണന്‌ സ്വപ്‌നം കാട്ടിക്കൊടുത്തു. അവൻ ഞെട്ടിയുണർന്ന്‌ ഓടമുളച്ചൂട്ടും അളളടൻകത്തിയുമായി പുറപ്പെട്ടു. കണ്ണൻ വീട്ടിലെത്തി, ‘ഉറക്കുമന്ത്രം’ ജപിച്ച്‌ അകത്തുളളവർക്ക്‌ ഉറക്കം കയറ്റി. ‘തൗമന്ത്രം’ ചൊല്ലി വാതിൽ തുറന്നു. കട്ടിൻമേൽ കിടക്കുന്ന മാപ്പിളയെയും തന്റെ ഭാര്യയായ കുമ്പയെയും കണ്ണൻ തറിച്ചു കൊന്നു. പുറത്തുവന്ന്‌ പുരയ്‌ക്കു തീ കൊടുത്തു. മായിലത്തിയുംമാപ്പിളയും കത്തിക്കരിഞ്ഞു ചാമ്പലായി. മായിലത്തിയും മാപ്പിളയും ദുർമൂർത്തികളായി മാറിയത്രേ. അന്തിപ്പറവ, ചുടലക്കാളി, ഉതിരക്കാളി, കരുവാൾ, പാലോചന്ദ്രൻ തുടങ്ങിയ ദുർദേവതകളോടൊപ്പം ഈ ‘കൊലമൂർത്തി’കളും ചേർന്നുവത്രേ. ‘കറുത്തമേനി’ കണ്ടും ‘പെണ്ണെ നല്ല മുടിക്കോലം’ കണ്ടും ആ മൂർത്തികൾ ബാധിക്കുവാൻ തുടങ്ങിയത്രേ. ഗർഭബലി കർമ്മത്തിനുളള ഈ കലാനിർവ്വഹണത്തിൽ മാപ്പിള, മായിലത്തി, മായിലൻ തുടങ്ങിയ കഥാപാത്രങ്ങൾ കടന്നു വന്നതിപ്രകാരമാണ്‌.

Generated from archived content: nadan_april4.html Author: mv_vishnunambuthiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English