ജലയാനങ്ങളും മരക്കലവും

പ്രാകൃതരെന്ന്‌ നാം ഇന്ന്‌ കരുതിപ്പോരുന്ന ആദിസമൂഹങ്ങൾപോലും അവരുടെ ജീവിതാവശ്യങ്ങൾക്കുവേണ്ട പലതരം ഉപകരണങ്ങളും പണിക്കോപ്പുകളും നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്‌തുവന്നിരുന്നുവെന്ന്‌ കരുതേണ്ടിയിരിക്കുന്നു. പുരാവസ്‌തുശാസ്‌ത്രത്തിന്റെ സഹായത്തോടെ കുറെ കാര്യങ്ങൾ നമുക്ക്‌ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്‌. നദികളും കായലുകളും നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പ്രാചീനമനുഷ്യർ സഞ്ചരിച്ചിരുന്നതെങ്ങനെയെന്ന്‌ നമുക്കിന്ന്‌ വിഭാവനം ചെയ്യുവാനേ കഴിയൂ. ജലസഞ്ചാരം ചെയ്യുവാനും മത്സ്യബന്ധനത്തിൽ ഏർപ്പെടുവാനും പ്രാക്‌തന കാലഘട്ടം തൊട്ടേ മനുഷ്യർ പലവിധത്തിലുളള ജലയാനപാത്രങ്ങൾ ഉപയോഗിച്ചുവന്നിരുന്നു. ഇന്നുകാണുന്ന ജനവാഹനങ്ങൾ കാലഘട്ടങ്ങളിലൂടെയുളള പരിണാമങ്ങളുടെ ഫലമായിരിക്കാം. ആദിമകാലങ്ങളിൽ ഇന്നത്തെപ്പോലെ സമുദ്രസഞ്ചാരം ചെയ്യുവാനോ, മത്സ്യബന്ധനത്തിൽ ഏർപ്പെടുവാനോ കഴിഞ്ഞിരുന്നില്ല. പക്ഷേ അവർ കഴിയുംവിധം അതിനൊക്കെ ശ്രമം നടത്തിയിരുന്നുവെന്ന്‌ കരുതേണ്ടിയിരിക്കുന്നു. ജലയാനപാത്രങ്ങളുടെ നിർമ്മാണരംഗത്തുണ്ടായ വികാസപരിണാമങ്ങൾ കൈവേലയുടേയും കരവിരുതിന്റേയും വളർച്ചയുടെ വിവിധഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു.

വെളളത്തിൽ പൊങ്ങിക്കിടക്കുന്ന സൗകര്യപ്രദമായ മരത്തടിയാണ്‌ ആദിമകാലങ്ങളിൽ ജലസഞ്ചാരത്തിന്‌ ഉപയോഗിച്ചിരുന്നതെന്ന്‌ സങ്കല്പിക്കാം. മുളകളോ ഓടകളോ ധാരാളം കിട്ടുന്ന ദിക്കുകളിൽ അവ ധാരാളം കൊത്തിയെടുത്ത്‌ ഒന്നിച്ചുകെട്ടി നദിയിലിട്ട്‌ അതിൽകയറി സഞ്ചരിച്ചിരുന്നിരിക്കാം. ഇന്നും നാടൻപ്രദേശങ്ങളിൽ ഈ രീതി ദുർല്ലഭമായി കാണാറുണ്ട്‌. കുട്ടികളുടെ കളികളിൽ തരപ്പൻകളി എന്ന ഒരു ജലക്രീഡയുണ്ട്‌. വാഴത്തടകൾ ഒന്നിച്ചുകൂട്ടിക്കെട്ടി, കുളത്തിലും മറ്റുമിറക്കി അതിൽ കയറി വിനോദിക്കുകയാണ്‌ അതിന്റെ സ്വഭാവം. പ്രാക്‌തനകാലംമുതൽ ഉണ്ടായിരുന്ന ജലയാനരീതിയെ അനുസ്‌മരിപ്പിക്കുന്നതാണ്‌ ഈ വിനോദം. നായാട്ടുകാരുംമറ്റും മരിച്ചമൃഗത്തിന്റെ തുകൽകൊണ്ട്‌ ഒരുതരം യാനപാത്രം ഉണ്ടാക്കിവന്നിരുന്നുവത്രേ. മൃഗത്തിന്റെ തലയും കാലുംവാലും വേർപെടുത്തിയശേഷം ശരീരത്തിന്റെ തോല്‌ ഉരിച്ചെടുത്താണ്‌ യാനപാത്രത്തിന്‌ രൂപംകൊടുത്തിരുന്നത്‌. തുന്നുവാനും കെട്ടുവാനും മറ്റും ചരടായി തുകൽ തന്നെയാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇന്നും ചില നാടുകളിൽ നദികളിലും തടാകങ്ങളിലും വിനോദിക്കുവാൻ തുകൽച്ചങ്ങാടങ്ങൾ ഉപയോഗിക്കാറുണ്ടത്രേ.

മുളകളും ഓടങ്ങളും ധാരാളമുളള പ്രദേശങ്ങളിൽ അവകൊണ്ട്‌ കൊട്ടകൾ ഉണ്ടാക്കി ജലസഞ്ചാരത്തിന്‌ പറ്റുമോ എന്ന്‌ പരീക്ഷിച്ചുനോക്കിയിരുന്നു. കൊട്ടത്തോണികൾ പ്രാചുര്യത്തിൽവന്നത്‌ അപ്രകാരമത്രെ. ഇത്തരം കൊട്ടകൾ മൃഗങ്ങളുടെ തോലുകൾ പൊതിഞ്ഞാണ്‌ വെളളം കടക്കാത്താവയാക്കിത്തീർത്തിരുന്നത്‌. മരക്കഷണംകൊണ്ടുളള ചെറിയ തുഴകളും ഉപയോഗിച്ചിരിക്കണം. മൃഗത്തോലുകൾക്ക്‌ പകരം ക്രമേണ വെളളം കടക്കാത്ത തുണികൾ ഉപയോഗിച്ചുവന്നു.

മരത്തിന്റെ കഴുക്കോൽ പോലുളള നീളമുളള പരന്നതടികൾ ഉപയോഗിച്ചുകൊണ്ടുളള സഞ്ചാരം പിൽക്കാലത്തുണ്ടായ വികാസമായിരിക്കണം. അതിൽ കയറി സ്വയം തളളി മുന്നോട്ടുപോകുവാൻ കഴിഞ്ഞിരുന്നുവത്രേ. ഒരുതരം അടിപരന്ന തോണി എന്ന്‌ അതിനെ വിശേഷിപ്പിക്കാം. മരത്തടികൾ കൊണ്ടുളള തോണികൾ പിന്നീട്‌ ഉണ്ടായതായിരിക്കണം. ഇന്നു കാണുന്നതുപോലെ കലാഭംഗിയൊന്നും പ്രാചീനകാലത്ത്‌ തോണികൾക്ക്‌ ഉണ്ടായിരുന്നിരിക്കാൻ സാദ്ധ്യതയില്ല. മരത്തടികൾ കുഴിച്ച്‌ ഇന്നത്തെപ്പോലെ ശില്പഭംഗി വരുത്തുവാനുളള ഉപകരണങ്ങളുടെ അഭാവമാണ്‌ അതിന്‌ കാരണം.

ക്രമേണ ഓടങ്ങൾ നിർമ്മിക്കുവാൻ തുടങ്ങിയെന്ന്‌ കരുതാം. മരത്തടികൾ കുഴിച്ച്‌, രണ്ടറ്റത്തുമുളള വിടവ്‌ അടച്ചായിരിക്കണം ആദ്യഘട്ടത്തിൽ ഉപയോഗിച്ചിരിക്കുക. രണ്ടറ്റവും കൂർപ്പിച്ച്‌ കുഴിച്ചെടുക്കുന്ന ഓടങ്ങൾ അടുത്തഘട്ടത്തിന്റെ സംഭാവനയായിരുന്നിരിക്കാം. അങ്ങനെ, ഒറ്റത്തടിയിൽ കുഴിച്ച്‌ രൂപപ്പെടുത്തിയ ഓടങ്ങൾ (തോണികൾ) നിലവിൽവന്നു. ഇവയെ മുമ്പോട്ടു നയിക്കുവാൻ നീളമുളള മുളകളോ ദണ്ഡുകളോ ആയിരിക്കാം ആദ്യമാദ്യം ഉപയോഗിച്ചിരുന്നത്‌. ചുക്കാൻകൊണ്ട്‌ തോണി തുഴയുന്ന പതിവ്‌ ക്രമേണ ഉണ്ടായി.

കാറ്റിന്റെ ഗതിയെ ജലയാനങ്ങളുടെ സഞ്ചാരത്തിൽ ഉപയോഗപ്പെടുത്തുവാൻ കഴിയുമെന്ന്‌, കാലം കുറേ കഴിഞ്ഞാണെങ്കിലും മനുഷ്യർ മനസ്സിലാക്കി. തുകലുകളോ, തുണികളോ തുന്നിച്ചേർത്ത്‌ ഉണ്ടാക്കിയ പായകൾ പായ്‌മരത്തിൽ ഘടിപ്പിച്ചാൽ ജലയാനങ്ങൾ കാറ്റിന്റെ ഗതിയനുസരിച്ച്‌ നീങ്ങുമെന്ന്‌ അനുഭവത്തിലൂടെയാണ്‌ മനുഷ്യർ മനസ്സിലാക്കിയത്‌. ഓടങ്ങൾക്കും വഞ്ചികൾക്കും ഇത്‌ പരീക്ഷിച്ചുനോക്കി. ദീർഘമായ സമുദ്രസഞ്ചാരങ്ങൾക്കും മറ്റും പായക്കപ്പലുകൾ ഉപയോഗിക്കുവാൻ തുടങ്ങിയത്‌ പിന്നീടത്രെ. ഒറ്റത്തടിയിൽ കുഴിച്ചുണ്ടാക്കുന്ന ഓടങ്ങളും തോണികളും ചെറുപലകകൾകൊണ്ട്‌ ഉണ്ടാക്കുന്ന വഞ്ചികളും ദീർഘമായ സമുദ്രസഞ്ചാരത്തിന്‌ പര്യാപ്‌തമല്ലെന്ന്‌ മനുഷ്യർ മനസ്സിലാക്കിയതോടെ, മരപ്പലകകൾകൊണ്ട്‌ വലിയ ജലയാനങ്ങൾ ഉണ്ടാക്കുന്നതിൽ അവർ ശ്രദ്ധപതിപ്പിക്കുവാൻ തുടങ്ങി. പത്തേമാരികളും പായക്കപ്പലുകളും അതിന്റെ ഫലങ്ങളാണ്‌.

മരംകൊണ്ടുളള വലിയ കപ്പലുകളെ ‘മരക്കലം’ എന്നാണ്‌ പറഞ്ഞുവന്നിരുന്നത്‌. വലിയ പായക്കപ്പലുകളത്രെ അവ. മരക്കലനിർമ്മാണത്തിന്‌ ചരിത്രപ്രാധാന്യമുണ്ട്‌. മലബാറിൽ ഈ വ്യവസായം ഒരുകാലത്ത്‌ വളരെ പുഷ്‌ടിപ്പെട്ടിരുന്നു. വിദേശസഞ്ചാരികളുടെ സഞ്ചാരക്കുറിപ്പുകളിൽനിന്നും മറ്റും അത്‌ വ്യക്തമാകുന്നുണ്ട്‌. കോട്ടക്കൽ മരയ്‌ക്കാരുടെ പേര്‌ മരക്കലനിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മരക്കലത്തെക്കുറിച്ചുളള പരാമർശം അനേകം നാടൻപാട്ടുകളിൽ കാണുവാൻ കഴിയും. കണിയാൻമാരും തെയ്യംപാടിനമ്പ്യാൻമാരും ‘മരക്കലപ്പാട്ട്‌’ എന്നപേരിൽത്തന്നെ പാട്ടുകൾ പാടാറുണ്ട്‌. തെയ്യം തിറകളുടെ തോറ്റംപാട്ടുകളിൽ മരക്കല പരാമർശം പലേടത്തും കാണാം. ‘മരക്കലത്തമ്മ’ എന്നപേരിൽ അറിയപ്പെടുന്ന ശ്രീശൂലകുഠാരിയുടെ തോറ്റം പാട്ടിന്‌ ‘മരക്കലത്തോറ്റം’ എന്നാണ്‌ പേര്‌. തോറ്റംപാട്ടുകളിൽ പ്രകീർത്തിക്കപ്പെടുന്ന ആയിത്തിഭഗവതി, ആര്യപ്പൂങ്കന്നി, ആര്യപ്പൂമാല, ആര്യക്കര ഭഗവതി, ആയിരംതെങ്ങിൽ ഭഗവതി, ചുഴലിഭഗവതി, ഭദ്രകാളി, ചീറുമ്പമാർ, അസുരാളൻ, വടക്കേൻ കോടിവീരൻ, പൂമാരുതൻ തുടങ്ങിയ ദേവതമാർ മരക്കലമേറി വിളയാടിയവരാണെന്നാണ്‌ പുരാസങ്കല്പം. വടക്കൻ പാട്ടുകഥകൾ, കോതാമൂരിപ്പാട്ടുകളിൽപ്പെട്ട അന്നപൂർണ്ണേശ്വരീ ചരിതം എന്നിവയിലും മരക്കലത്തെപ്പറ്റിയുളള വർണ്ണനകൾകാണാം.

കോതാമൂരിപാട്ടിൽ ആരിയർനാട്ടിൽ പിറന്ന അന്നപൂർണ്ണേശ്വരിക്ക്‌ കപ്പൽ പണിതീർക്കുവാൻ വേണ്ടി മഴുവും ഉളിയും കരിനൂലും പിരിനൂലും മറ്റുമെടുത്ത്‌ വിശ്വകർമ്മാവ്‌ പുറപ്പെടുന്നതായി വർണ്ണിക്കുന്നു.

“ചന്ദനം ചതൃവേങ്ങ മരം മുറിച്ചു

കുങ്കുമം കുള്‌റ്‌ വേങ്ങ മരം മുറിച്ചു

ചെറുചെറ ചെത്തിയവൃചെഞ്ചലരോടി

പൂമരം പോലെ പണിയും തീർത്തു

നടുക്കളളി ഇടക്കളളി കൊമ്പിടക്കളളി

അമ്മയെഴുന്നളളും പളളിയറ വേറെ”

എന്നിങ്ങനെ കപ്പൽനിർമ്മാണത്തിന്‌ ഉപയോഗിച്ച മരങ്ങളേയും കപ്പലിന്റെ സ്വഭാവത്തേയും അതിൽ സൂചിപ്പിക്കുന്നുണ്ട്‌. കണിയാൻമാർ പൂമാലക്കാവുകളിൽ പാടിവരുന്ന മരക്കലപ്പാട്ടും പ്രശസ്തമാണ്‌.

“മാടം തുറന്നവൻ മഴുവെടുത്തു

കൂടം തുറന്നവൻ ഉളിയെടുത്തു

ചെത്തുളി, കൊത്തുളി കൈമേൽകൊണ്ടു

വായുളി, വരയുളി കൈമേൽകൊണ്ടു

നെല്ലുളി, പല്ലുളി കൈമേൽകൊണ്ടു

കോറുളി, കോട്ടുളി കൈമേൽകൊണ്ടു

നഖമുളി, ചിത്രുളി കൈമേൽകൊണ്ടു

ശംഖുളി, പൂവുളി കൈമേൽകൊണ്ടു

വരമുഴക്കോലും കൈമേൽകൊണ്ടു

വെൺനൂലും കരിനൂലും കൈമേൽക്കൊണ്ടു

കോടാളിയെന്നൊരു മഴുവെടുത്തു”

എന്നിങ്ങനെ അനേകം പണിയായുധങ്ങളുടെ പേരുകൾ ആ പാട്ടിൽ സൂചിപ്പിച്ചിരിക്കുന്നു.

“ഈർച്ച പിടിച്ചല്ലോ പലക തീർത്തു

അടിപ്പലകയെല്ലാം അടിനിരത്തി

മുകൾപ്പലകയെല്ലാം മുകൾ നിരത്തി

നാല്പത്തിരുകോല്‌ നീളംകൊണ്ടു

ഇരുപത്തിരുകോല്‌ അകലം കൊണ്ടു

നാല്പത്തിയൊമ്പതു കളളി തീർത്തു.”

എന്നിങ്ങനെ മരക്കലത്തിന്റെ ഘടനയെ വർണ്ണിക്കുന്നു. പലകകൾകൊണ്ടാണ്‌ അത്‌ നിർമ്മിച്ചിരിക്കുന്നത്‌ എന്നാണല്ലോ സൂചന. തെയ്യംപാടികളുടെ മരക്കലപ്പാട്ടിലും ഇത്തരം വർണ്ണനകളുണ്ട്‌.

പയ്യന്നൂർപാട്ടിൽ കപ്പലിന്റെ (മരക്കലത്തിന്റെ)യും ചങ്ങാടത്തിന്റെയും നിർമ്മാണത്തെക്കുറിച്ചു മാത്രമല്ല, കപ്പൽ വ്യാപാരത്തെക്കുറിച്ചുകൂടി പരാമർശം കാണുന്നു.

“താട്ടും കൈക്കോട്ടും കടുകച്ചെത്തി

കപ്പെലും കൂടവെ വാകരി താഴ്‌ത്താൻ

മീട്ടുമിരണ്ടു പലകവെച്ചാർ

മെൽവാരി താഴിക്കവിരെഞ്ഞുടെന്മെ-

ക്കൂട്ടം മരക്കലം ന്തീർന്നുതിപ്പൊൾ

കൂമ്പിന്നു പൊവാനും കാലമായോ

കാട്ടിൽ മരക്കമ്പു വെട്ടവന്നു

കപ്പെലും ന്നീർക്കിഴിക്കത്തുടെങ്ങിനാരെ.”

തുടങ്ങിയ പദ്യഖണ്ഡങ്ങളിൽ, കപ്പൽ നിർമ്മിച്ച്‌ നീരിലിറക്കുന്നതിന്റെ വർണ്ണനയാണ്‌ അടങ്ങിയിട്ടുളളത്‌. മരക്കലനിർമ്മാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുളള വർണ്ണനകളും പരാമർശങ്ങളും കൂടുതൽ കാണുന്നത്‌ ‘മരക്കലത്തോറ്റ’ത്തിലാണ്‌. ചിപ്പുളി, കോറുളി, കൈയുളി, മൗവുളി തുടങ്ങിയ പണിയായുധങ്ങളുമായി വിശ്വകർമികൾ പുറപ്പെടുന്നതും കാട്ടിൽച്ചെന്ന്‌ നാഗഭൂതാദികൾക്ക്‌ ബലിനൽകിയശേഷം ഉരിപ്പ്‌, ജാതി, ചന്ദനം, കുങ്കുമം തുടങ്ങിയ മരങ്ങൾ മുറിക്കുന്നതും അതിൽ വർണ്ണിക്കുന്നുണ്ട്‌.

“മുൻപിലല്ലോ നന്നായി പൊതിമരം മണിമരം ഈർന്നെടുക്കുന്നോ

അതിനുശേഷമവര്‌ പളളക്കാൽനാലും ഈർന്നിട്ടെടുത്താരേ

അടിപ്പല മുകൾപ്പല പളളപ്പലകയും ഈർന്നിട്ടെടുക്കുന്നോ

ചാരുപലകയും ചെരുപലകയും ഈർച്ചകൾ ചെയ്‌താരേ

ചുറ്റം പടങ്ങിനും ചുണ്ടും മുരിശിനും ഈർച്ചകൾ ചെയ്യുന്നു

അതിനുശേഷമവര്‌ ഏഴറകളളിക്കം മരമീർന്നുകൊണ്ടാരേ

മഞ്ചൂലിരിക്കുന്ന പരവതാനിക്കൊട്ടിലിനും ഈർച്ചകൾ ചെയ്‌താരേ

തന്ത്രപ്പത്തായത്തിനും വൈക്കപ്പലിനും മരമീർന്നുകൊണ്ടാരേ

ചീനേരെ തണ്ടിനും ചുക്കാനുമേ തുണ്ഡിച്ചെടുക്കുന്നോ

കപ്പപ്പറക്കുറ്റിക്കും ചിത്രത്തൂണിനെല്ലാം തുണ്ഡിച്ചെടുത്താരേ”

എന്നിങ്ങനെ കപ്പലിനുവേണ്ടിയുളള മരത്തിന്റെ ഈർച്ചപ്പണികളെ വർണ്ണിക്കുന്നു.

“മുതുതലക്ക്‌ന്ന്‌ ഇളംതലയോളം തുര തുരന്നുകൊളളുന്നോ

അണിമരം പൊതിമരം വെച്ച്‌ തറക്ക്‌ന്ന്‌ പണിക്കാരർകർമികൾ

അതിനുശേഷമവര്‌ അടിപ്പലകവെച്ച്‌ പളളക്കാൽ വെക്കുന്നോ

ചാര്‌പലകയും ചെരുപലകയും വെച്ച്‌തറക്ക്‌ന്ന്‌…..

അതിനുശേഷമവര്‌ ദൈവക്കപ്പലിന്റെ അകത്ത്‌കയറ്‌ന്ന്‌

ഏഴറക്കളളിയും മൂലഭണ്ഡാരവും വെച്ചു തറച്ചാരേൻ…..

കിണ്ണത്തിന്റടിപോലെ തന്ത്രപ്പത്തായം നാലും വെച്ചുതറക്ക്‌ന്ന്‌

മണിചിത്രപീഠവും ഒളിചിത്രപീഠവും വെച്ച്‌ തറക്ക്‌ന്ന്‌……

ചീനേരെ തണ്ടും പത്തലും ചുക്കാനും ഉണ്ടാക്കിക്കൊണ്ടാരേ”

എന്നിങ്ങനെ കപ്പലിന്റെ നിർമ്മാണത്തെക്കുറിച്ചുളള സുദീർഘമായ വർണ്ണനതന്നെ ‘മരക്കലത്തോറ്റ’ത്തിൽ കാണാം. മരക്കലത്തിന്റെ നിർമ്മാണവും അതുസംബന്ധിച്ച ശില്‌പവേലകളും കഴിഞ്ഞാൽ ‘കളിനൂർകുമ്മായം’ (ഒരുതരം ചുണ്ണാമ്പ്‌) കൊണ്ട്‌ വെളളപൂശി, ചിത്രപ്പണികൾ ചെയ്യാറുണ്ടെന്ന്‌ ‘മരക്കലത്തോറ്റ’ത്തിൽ നിന്ന്‌ മനസ്സിലാക്കുവാൻ കഴിയും.

“ഇനിയോ ഇതിൽ വെളളയിൽ താറ്റി നിറമെടുക്കേണം

അതിനഴകുളെളാരു കളിനൂർകുമ്മായം കൊണ്ടുവരേണമേ”

എന്ന്‌ കർമ്മികൾ ആവശ്യപ്പെടുന്നതനുസരിച്ച്‌ കളിനൂർകുമ്മായവും പാൽക്കടുകയും തേറ്റാംപരലും വെല്ലവും മറ്റും ചെട്ടിയുടെ അങ്ങാടിയിൽനിന്ന്‌ വാങ്ങിക്കൊണ്ടു വരുന്നു. ഇവയെല്ലാം ഇടിച്ച്‌ ഇളനീരിന്റെയും നരന്ത (ഒരുതരം കാട്ടുവളളി)യുടെയും വെളളത്തിൽ കുഴച്ച്‌, ചെമ്പുകിടാരത്തിൽ തിളപ്പിക്കുന്നു. കപ്പലിന്‌ വെളളപൂശുവാൻ ഇതാണ്‌ ഉപയോഗിക്കുന്നത്‌. അതിനുശേഷം “ചിത്രമെഴുതീറ്റ്‌ നിറമെടുക്കുന്നു.” ‘ശിവനടിമാ’രെ മാമലയിൽനിന്ന്‌ കൂട്ടിക്കൊണ്ടുവന്നാണ്‌ കപ്പലിന്‌ ചിത്രമെഴുതിയത്‌. “കാരവും നീലം മനയോല മഞ്ചണ” എന്നിവയാണ്‌ ചിത്രം കുറിക്കുവാൻ ആവശ്യമായിട്ടുളളത്‌. മരക്കലത്തിന്റെ അകത്തും പുറത്തുമായി നിരവധി ചിത്രങ്ങൾ വരച്ചതായി തോറ്റത്തിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു. മരക്കലത്തെക്കുറിച്ചുളള പരാമർശം കാണുന്ന മറ്റൊരു പാട്ടാണ്‌ ‘ചീറുമ്പപ്പാട്ട്‌’. തീയർ, ആശാരിമാർ തുടങ്ങിയ സമുദായക്കാർ ‘ചീർമ്മ’യെ സംബന്ധിച്ച്‌ പാടാറുണ്ടെങ്കിലും കരിമ്പാലരുടെ പാട്ടിലാണ്‌ ദീർഘമായ വർണ്ണനകൾ കാണുന്നത്‌.

വടക്കൻപാട്ടുകഥകളിൽ നമ്മുടെ ശില്പകലാപാരമ്പര്യത്തെക്കുറിച്ച്‌ പലതും മനസ്സിലാക്കുവാൻ സാധിക്കും. പാത്തി (തോണി), ചങ്ങാടം, മരക്കലം തുടങ്ങിയ ജലവാഹനങ്ങൾ പരാമർശവിഷയമായിട്ടുണ്ട്‌. പൊൻകപ്പൽ, വെളളിക്കപ്പൽ, ചെമ്പുക്കപ്പൽ, ഇരുമ്പുകപ്പൽ, മരക്കപ്പൽ(മരക്കലം) എന്നിങ്ങനെ കപ്പലിന്‌ തരഭേദമുണ്ടെന്ന്‌ പാട്ടുകഥകളിൽ പറയുന്നു. കോട്ടയ്‌ക്കൽ കുഞ്ഞാലി മരയ്‌ക്കാർക്ക്‌ അനേകം കപ്പലുകൾ ഉണ്ടായിരുന്നുവെന്ന്‌ ചില വടക്കൻപാട്ടുകഥകൾ വ്യക്തമാക്കുന്നുണ്ട്‌.

വീരാപദാനപരമായ പാട്ടുകളിൽ ‘വീരമരക്കല’ത്തിലേറി സാഹസയാത്രകൾ നടത്തിയതിന്റെ വർണ്ണനകൾ കാണാം. വീരമരക്കലത്തിന്റെ നിർമ്മാണം, ആ യാനപാത്രത്തിൽ കയറിയുളള സഞ്ചാരം, അപകടം തുടങ്ങിയ കാര്യങ്ങൾ വർണ്ണിക്കുകയെന്നത്‌ വീരാപദാനങ്ങളുടെ പൊതുസ്വഭാവമത്രെ. വടക്കൻ പാട്ടുകഥകളിൽ മാത്രമല്ല, തോറ്റം പാട്ടുകളിലും ‘വീരമരക്കല’ത്തെക്കുറിച്ചുളള പരാമർശം കാണുന്നുണ്ട്‌. ഭദ്രകാളിത്തോറ്റം, ചീറുമ്പപ്പാട്ട്‌ തുടങ്ങിയവ അതിന്‌ തെളിവാണ്‌.

വളളംകളിയുമായി ബന്ധപ്പെട്ട വളളങ്ങളുടെ നിർമ്മാണം കേരളീയമായ ശില്പവൈദഗ്‌ദ്ധ്യത്തിനും കരവിരുതിനും ദൃഷ്‌ടാന്തമാണ്‌. ജലോത്സവങ്ങൾക്ക്‌ ഉപയോഗിച്ചുവരുന്ന ചുണ്ടൻ, വെപ്പ്‌, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങിയ വളളങ്ങൾ ശില്പവൈദഗ്‌ദ്ധ്യമാണ്‌ വിളിച്ചറിയിക്കുന്നത്‌. ചുണ്ടൻവളളം ചെമ്പകശ്ശേരി രാജാവിന്റെ ആജ്‌ഞ്ഞപ്രകാരമാണ്‌ ആദ്യം നിർമ്മിക്കപ്പെട്ടതെന്ന്‌ കരുതിപ്പോരുന്നു. ‘ദേവനാരായണനാശാരി’ എന്ന സ്ഥാനപ്പേരുളള ഒരു ആശാരിയാണ്‌ ആ വളളത്തിന്‌ രൂപംനൽകിയതെന്നാണ്‌ ഐതിഹ്യം.

Generated from archived content: kaivela_dec31.html Author: mv_vishnunambuthiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English