ഇലക്കറികൾ

ഭക്ഷ്യവിഭവങ്ങൾ തിരഞ്ഞെടുക്കുന്നതിലും വിവിധ പാചകരീതികൾ അനുവർത്തിക്കുന്നതിലും മനുഷ്യരെ സഹായിച്ചിട്ടുളളത്‌ അനുഭവജ്ഞാനമാണ്‌. ‘രുചിയറിഞ്ഞ്‌ ഭക്ഷിക്കണം’ എന്നാണ്‌ പഴമൊഴി. രുചിയുടെ കാര്യത്തിൽ മാത്രമല്ല, ഗുണനിലവാരത്തിലും അവർ ശ്രദ്ധിച്ചിരുന്നു. ആരോഗ്യസംരക്ഷണത്തിന്‌ ഉതകുന്ന ഭക്ഷ്യപദാർത്‌ഥങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്‌. ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുപ്പിൽ മനഃശാസ്ര്തപരമായ തത്വംകൂടി അന്തർലീനമായിട്ടുണ്ട്‌. ഒരു വിഭാഗക്കാർക്ക്‌ പത്ഥ്യമായവ മറ്റൊരു വിഭാഗത്തിന്‌ നിഷേധമാവുന്നു. ഗുണമുളളതായാലും മനസ്സിന്‌ ഹൃദ്യമല്ലാത്തവ വർജ്ജിക്കുകതന്നെ വേണം.

ഭക്ഷ്യവസ്തുക്കളിൽ ചിലവ പച്ചയായിത്തന്നെ കഴിക്കാവുന്നതാണ്‌ നല്ലതെന്നും ചിലവ ചുട്ടെടുത്ത്‌ കഴിക്കണമെന്നും മറ്റുചിലവ നല്ലപോലെ വേവിച്ച്‌ കഴിക്കണമെന്നുമൊക്കെ മനുഷ്യൻ മനസ്സിലാക്കിയത്‌ ദീർഘകാലത്തെ പരീക്ഷണങ്ങളിലൂടെ ആയിരിക്കണം. ചില പദാർത്ഥങ്ങൾ കഴിച്ചാൽ പ്രതിപ്രവർത്തനം ഉണ്ടാകുമെന്നും അത്തരം വസ്തുക്കളുടെ വികാരം ഇല്ലാതാക്കുവാൻ പ്രതിവിധികൾ ചെയ്യണമെന്നും മനുഷ്യൻ കണ്ടെത്തി. പ്രകൃതിയിൽനിന്ന്‌ ലഭിക്കുന്ന വസ്തുക്കളിൽ പലതും ശുദ്ധീകരിക്കാതെ ഉപയോഗിക്കരുതെന്ന്‌ അവർ മനസ്സിലാക്കിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുപ്പും പാചകവിധിയും സംസ്‌ക്കാരത്തിന്റെ പ്രതിഫലനമാണ്‌. ഓരോ ജനസമൂഹത്തിന്റേയും പൊതുജീവിതരീതിയുടെ സ്വഭാവം ഭക്ഷ്യപദാർത്ഥങ്ങളുടെ അടിസ്‌ഥാനത്തിൽ കുറേയൊക്കെ ഗ്രഹിക്കാവുന്നതാണ്‌. ഉൽപാദനപ്രക്രിയകളുടേയും ഭക്ഷണസമ്പ്രദായത്തിന്റേയും അടിസ്ഥാനത്തിൽ ‘ജനങ്ങൾ’ പല തട്ടുകളായി തിരിക്കപ്പെട്ടുകാണാറുമുണ്ട്‌. ഉച്ചനീചത്വകല്പനകൾക്കും അത്‌ വഴിയൊരുക്കും. ഭക്ഷ്യവസ്തുക്കളിൽ ആഭിജാത്യമുളളവയും ആഭിജാത്യംകുറഞ്ഞവയും ഉണ്ടെന്ന ചിന്താഗതി ഇന്നും നിലനിൽക്കുന്നു.

ആമുഖമായി ഇത്രയും പറഞ്ഞത്‌ ഇലക്കറികളെ മുന്നിൽ കണ്ടുകൊണ്ടാണ്‌. ഇലക്കറികൾക്ക്‌ ‘കറി’കളുടെ കൂട്ടത്തിൽ ആഭിജാത്യം കുറയും. അത്‌ മുഖ്യമായും സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ ഭക്ഷ്യവസ്തുവാണ്‌. നിത്യജീവിതത്തിൽ ഇലക്കറി പതിവായി കഴിക്കുന്നവർപോലും വലിയ സദ്യകൾക്ക്‌ ഇലക്കറി വയ്‌ക്കാറില്ലെന്നതാണ്‌ സത്യം. ഇലക്കറിക്ക്‌ ‘മാന്യത’ പോരെന്നതായിരിക്കാം അതിന്‌ കാരണം. നിത്യപരിചയമുളളവയ്‌ക്ക്‌ നാം വിലകല്പിക്കാറില്ലല്ലോ. മുറ്റത്തെമുല്ലയ്‌ക്ക്‌ മണമില്ല എന്നല്ലേ പഴമൊഴി? ഇലക്കറികളുടെ കാര്യത്തിൽ ഈ തത്വം കൂടി പ്രവർത്തിക്കുന്നുണ്ടോ എന്ന്‌ സംശയിക്കണം. സമ്പന്ന വർഗ്ഗങ്ങൾ വളരെ വിരളമായേ ഇലക്കറികൾ ഉപയോഗിച്ചുകാണാറുളളൂ. ഇലക്കറികൾ ഭക്ഷിക്കുന്നത്‌ മാന്യതയ്‌ക്ക്‌ കുറവാണെന്നാണ്‌ പലരുടേയും മനോഭാവം*. ഇന്നും ഈ ചിന്താഗതി ഉളളവരുണ്ട്‌. ഇലക്കറികൾ പരിവർജ്യമായിത്തീരുവാൻ അതുകൂടി ഹേതുകമാണ്‌.

ഇലക്കറികൾക്ക്‌ ഉത്തരകേരളത്തിൽ പ്രാദേശികമായി ‘ചപ്പിലക്കറി’ എന്നും പറയും. ചീര, തവര (തകര), താള്‌, ചേമ്പില, മുരിങ്ങയില എന്നിവ സർവ്വസാധാരണമായ ഇലക്കറികളാണ്‌. ഇവ സമൂഹത്തിൽ പ്രായേണ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ടെന്നും പറയാം. കുമ്പളം, മത്തൻ, വെളളരി, കയ്‌പ, കൊട്ടത്ത (കൊടിത്തൂവ), ആനത്തൂവ, നെയ്യുണ്ണി, പറങ്കിയില, ചിക്രമാണി (അടുക്കളച്ചീര), കുറുച്ചൂളി, അമര, പയറ്‌, ഉഴുന്ന്‌ തുടങ്ങിയവയുടെ ഇലകൾ കറിവയ്‌ക്കാറുണ്ട്‌. ചെറുചീര, മണലി, വടള (ശവള), മൊതച്ചെപ്പ്‌ തുടങ്ങിയവയും ചിലർ കറിവയ്‌ക്കുമത്രെ. പോഷകമൂല്യവും ഔഷധഗുണവും ഇലക്കറികൾ മിക്കതിനും ഉണ്ട്‌. ഉദരസംബന്ധമായും വാതസംബന്ധമായും ഉളള മിക്ക രോഗങ്ങൾക്കും ഇലക്കറി നല്ലതത്രേ. ചീരയും മറ്റും രക്തപോഷണത്തിന്‌ ഉത്തമമാണ്‌. ചീരതന്നെ പല വിധമുണ്ട്‌. ചെഞ്ചീര, പച്ചച്ചീര, വെളളച്ചീര, മലഞ്ചീര, കുമ്മാട്ടിച്ചീര, കുപ്പച്ചീര (ചാണകച്ചീര), ചെറുചീര, നിലച്ചീര, നീർച്ചീര, പരിപ്പുചീര, പെരുഞ്ചീര, മണൽച്ചീര, മരച്ചീര, മുളളൻചീര എന്നിങ്ങനെ പലതരം ചീരകളുണ്ട്‌. ചെറുചീര വിഷസംഹാരിയത്രെ. ‘വശള’ എന്നത്‌ ചീരവർഗ്ഗത്തിൽ പെട്ടതായിട്ടാണ്‌ പരിഗണിക്കുന്നത്‌. “അന്തിക്കു വാതിലടയ്‌ക്കുന്ന അമ്മ”യെ പരിചയമുണ്ടോ? അതാണ്‌ തകര. ഉത്തരകേരളത്തിൽ തകരയ്‌ക്ക്‌ പ്രാദേശികമായി ‘തമര’ എന്നാണ്‌ പറയുന്നത്‌. കാട്ടുതമര, കരിന്തമര, മലന്തമര, പൊന്തമര (പൊന്നാം തമര), വെൻതമര, വലിയതമര എന്നിങ്ങനെ തമര പല ഇനങ്ങളുണ്ട്‌. നാടൻ തമരയാണ്‌ കറിക്ക്‌ ഉത്തമം. “താളും തമരയും തിന്നുക” എന്നൊരു ശൈലിയുണ്ട്‌. ദരിദ്രജീവിതത്തെയാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌. താളുവർഗ്ഗത്തിൽ ചൊട്ടത്താള്‌, കാട്ടുതാള്‌ തുടങ്ങിയവയൊന്നും കറിക്ക്‌ ഉപയോഗിക്കാറില്ല. പച്ചത്താളും ചുവന്നതാളും കറിവയ്‌ക്കാൻ ഗുണമുളളതാണ്‌. കാട്ടുചേന, നാട്ടുചേന, നിലച്ചേന, മുളളൻചേന, കയ്‌പൻചേന, ചൊറിയൻചേന എന്നിങ്ങനെ ചേനകളും പലതരമാണ്‌. നാട്ടുചേനയുടെ ഇലയാണ്‌ കറിക്ക്‌ ഉപയോഗിക്കുന്നത്‌. ചേനയ്‌ക്ക്‌ സംസ്‌കൃതത്തിൽ ‘അർശോഘ്നം’ എന്നുപറയും. അതിന്റെ ഔഷധഗുണമാണ്‌ ആ പദം സൂചിപ്പിക്കുന്നത്‌.

ചെമ്മുരിങ്ങ, പനമുരിങ്ങ, കാട്ടുമുരിങ്ങ (മലമുരിങ്ങ), പുനൽമുരിങ്ങ എന്നിങ്ങനെ പലതരം മുരിങ്ങകൾ ഉണ്ടത്രേ. കറിക്ക്‌ നാടൻ മുരിങ്ങയാണ്‌ ഉപയോഗിക്കുക. കൂടുതൽ ഉയരത്തിൽ വളരാത്ത വളളിമുരിങ്ങയുമുണ്ട്‌. മുരിങ്ങയുടെ ഇലയോടൊപ്പം പൂവും കറിക്ക്‌ ഉപയോഗിക്കും. നാടൻ ചേമ്പിനു പുറമേ വയനാടൻചേമ്പ്‌, ഈയ്യച്ചേമ്പ്‌ (ഈഴോച്ചേമ്പ്‌) എന്നിങ്ങനെയും ചില ഇനങ്ങൾ ഉണ്ടെങ്കിലും അവ കറിക്ക്‌ ഉപയോഗിക്കാറില്ല. തൊട്ടാൽ ചൊറിയുന്ന ചെടിയാണല്ലോ തൂവ. കൊടിത്തൂവ, പട്ടാണിത്തൂവ, തൃത്തൂവ എന്നിങ്ങനെ അത്‌ പലവിധമുണ്ടെങ്കിലും ഇലക്കറിയായ കൊടിത്തൂവയാണ്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌. തൂവയുടെ ഇല മുറിക്കുമ്പോൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ ചൊറിയും. പക്ഷെ അത്‌ വേവിച്ച്‌ വെളിച്ചെണ്ണ ചേർത്താൽ ചൊറിയുകയില്ലത്രേ. കരച്ചുളളി, വയൽച്ചുളളി, നീർച്ചുളളി, കാട്ടചുളളി എന്നിങ്ങനെ ചുളളികൾ പലവിധമുണ്ട്‌. വയൽച്ചുളളിയുടെ ഇല നുറുക്കി വേവിച്ച്‌ കറിപോലെ ഉപയോഗിക്കുന്ന സന്ദർഭങ്ങളുമുണ്ട്‌. രക്തക്കുറവും രക്തദോഷവുംകൊണ്ട്‌ ശരീരത്തിൽ നീർക്കെട്ട്‌ ഉണ്ടാകുമ്പോൾ ഔഷധമായിട്ട്‌ അത്‌ ഉപയോഗിക്കും.

ഭക്ഷണത്തിന്‌ രുചിനൽകുന്ന ഉപദംശം എന്നനിലയിലാണ്‌ ഇലക്കറികൾ മിക്കതും ഉപയോഗിക്കുന്നത്‌. എന്നാൽ ചിലവ മറ്റുകറികൾക്കുംചേർക്കും. ചീര, മുരിങ്ങ തുടങ്ങിയവകൊണ്ട്‌ പലതരം കറികൾ പാകംചെയ്യാറുണ്ട്‌. വശളച്ചീര സാമ്പാറിനാണ്‌ കൂടുതൽ ഉപയോഗിക്കുക. ഇലക്കറികൾ എല്ലാക്കാലത്തും ഒരുപോലെ ലഭ്യമല്ല. മഴക്കാലത്തോട്‌കൂടിയാണ്‌ താള്‌, തകര തുടങ്ങിയ ഇലക്കറികൾ സമൃദ്ധമായി ഉണ്ടാവുന്നത്‌. കർക്കടകമാസത്തിലും മറ്റും ഇലക്കറികൾ ഭക്ഷിക്കരുതെന്ന്‌ പഴമക്കാർ പറയാറുണ്ട്‌. ആരോഗ്യപരമായ കാരണങ്ങൾ അത്തരം വിലക്കുകളുടെ പിന്നിൽ ഉണ്ടായിരിക്കണം. കോരിച്ചൊരിയുന്ന മഴ അല്പം ശമിച്ച്‌ അന്തരീക്ഷം വെളുക്കുമ്പോഴാണ്‌ ഇലക്കറികളെ സ്വാഗതം ചെയ്യുന്നത്‌.

ഇലക്കറികളുടെ വിലക്കിനും കാലനിയന്ത്രണത്തിനും ചടങ്ങ്‌, അനുഷ്‌ഠാനം തുടങ്ങിയവ ഹേതുകമാകാറുണ്ട്‌. ചിങ്ങമാസത്തിൽ പുത്തരിക്കാണ്‌ തകരയ്‌ക്ക്‌ പ്രവേശനം നൽകുന്നത്‌. ചിരവിയ തേങ്ങ, വെല്ലം, പുന്നെല്ലരി, തേൻ, നെയ്യ്‌ എന്നിവ ചേർത്ത്‌ ‘പുത്തരിയുണ്ട’ യ്‌ക്ക്‌ കുഴയ്‌ക്കുമ്പോൾ അതിൽ തകരയിലയും കുരുമുളകിന്റെ പച്ചമണികളും വേവിച്ച്‌ ചേർക്കുക പതിവാണ്‌. ‘തേവാരപ്പുത്തരി’ക്ക്‌ ഇത്‌ കൂടിയേ കഴിയൂ. പുത്തരിയുണ്ട സേവിക്കുന്നത്‌ മുഹൂർത്തം നോക്കിയാണ്‌. കറികളുടെ കൂട്ടത്തിൽ ഇലക്കറികൾ ശരിയായ പ്രവേശം നൽകിത്തുങ്ങുന്നത്‌ ഓണത്തിനുശേഷമാണ്‌. ഓണസ്സദ്യയ്‌ക്ക്‌ ഇലക്കറികൾ ഉപയോഗിക്കുകയില്ല. ഓണം കഴിഞ്ഞുവരുന്ന മകം നാൾ ചീപോതിയെ വരവേറ്റ്‌ പൂജിക്കുന്ന ദിവസമത്രേ. ഉത്തരകേരളത്തിൽ പല സമുദായക്കാരും മകത്തിന്‌ താള്‌, തവര, ചേനയില എന്നിവ കറിവച്ച്‌ നാക്കിലയിൽ ഉണക്കലരിച്ചോറോടൊപ്പം ചീപോതിയെ സങ്കല്പിച്ച്‌ വിളമ്പിവയ്‌ക്കാറുണ്ട്‌. ഒരു നിലവിളക്കിനു മുൻപിലാണ്‌ അത്‌ വയ്‌ക്കുക. അത്യുത്തരകേരളത്തിലെ ബ്രാഹ്‌മണഗൃഹങ്ങളിൽപോലും ഈ ചടങ്ങ്‌ ഇന്നും നിലനിന്നുപോരുന്നു. തെക്കൻകേരളത്തിലെ കൊല്ലം, കൊട്ടാരക്കര, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ ധാന്യങ്ങളും കിഴങ്ങുകളും വേവിച്ചാണ്‌ നാക്കിലയിൽ പകർന്നുവയ്‌ക്കുന്നത്‌. ‘മകം പുഴുങ്ങൽ’ എന്നാണ്‌ അതിന്‌ പേർ പറയുക. “മക്കളെവിറ്റും മകം പുഴുങ്ങണം” എന്നൊരു പഴഞ്ചൊല്ലു തന്നെ പ്രാചുര്യത്തിലിരിക്കുന്നു. കേരബ്രാഹ്‌മണരുടെ ഇടയിൽ പ്രത്യേകിച്ചും ഉത്തരകേരളത്തിൽ വിവാഹാനന്തരമുളള ‘വെളിശ്ശേഷ (നാലാംവേളി) ത്തിന്‌ മുരിങ്ങാക്കറി വച്ചുവിളമ്പുന്ന ചടങ്ങുണ്ട്‌. ഇതൊരു ’അമ്മായിച്ചട‘ങ്ങാണ്‌. അത്‌ ഒരു അനുഷ്‌ഠാനമൊന്നുമല്ലെങ്കിലും അന്തർജനങ്ങൾ ഒരു അനുഷ്‌ഠാനമെന്നോണം ആ കൃത്യം നിർവ്വഹിക്കും. വേളികഴിഞ്ഞ്‌ നാലാം ദിവസമാണ്‌ വരൻ വധുവിനെ പ്രാപിക്കേണ്ടത്‌. മുരിങ്ങയിലകൊണ്ടുളള കറി വധൂവരൻമാർക്ക്‌ വിളമ്പേണ്ടതും അന്നാണ്‌. മുരിങ്ങയിലകൊണ്ട്‌ ’മുളോഷ്യം‘ (മുളക്‌ കഷ്യം) എന്ന കറിയാണ്‌ പാകം ചെയ്യുന്നത്‌. ലൈംഗികോദ്ദീപനത്തിന്‌ മുരിങ്ങക്കറിക്ക്‌ കഴിവുണ്ടെന്ന വസ്‌തുത ഇവിടെ സ്‌മർത്തവ്യമാണ്‌.

ഗർഭിണികളെ പുരസ്‌കരിച്ച്‌ നടത്താറുളള പുംസവനം (പുങ്ങൻ) എന്ന അനുഷ്‌ഠാനകർമ്മത്തിന്റെ ഭാഗമായി ’പുളികുടി‘ എന്ന ചടങ്ങുകൂടി പതിവുണ്ട്‌. അഞ്ചാം മാസത്തിലോ ഏഴാം മാസത്തിലോ ഒൻപതാം മാസത്തിലോ ആണ്‌ പുളികുടി നടത്തേണ്ടത്‌. ചടങ്ങുകൾക്ക്‌ ദേശസമുദായാദി ഭേദമനുസരിച്ച്‌ വ്യത്യാസം കാണും. പുളികുടിച്ചടങ്ങിൽ ഇലകൊണ്ടുളള കറികളൊന്നും പതിവില്ലെങ്കിലും ചില പുളിയിലകളുടെ നീരെടുത്ത്‌ ഗർഭിണിക്ക്‌ സേവിക്കുവാൻ കൊടുക്കുന്ന പതിവുണ്ട്‌. ബ്രാഹ്‌മണരുടെ ഇടയിൽ വാളൻ, ഞെരിഞ്ഞൽ എന്നിവയുടെ നീരെടുത്ത്‌ ഉപ്പുചേർത്താണ്‌ പുളികുടിനടത്തുന്നത്‌. മറ്റുചില സമുദായക്കാരുടെ ഇടയിലും പുളികുടി പതിവുണ്ട്‌. ആദിവാസികൾക്കിടയിപോലും ഈ ചടങ്ങുണ്ട്‌. പുളിയില ഇടിച്ചുപിഴിഞ്ഞ നീരാണ്‌ മലവേട്ടുവരും മറ്റും ഗർഭിണികൾക്ക്‌ കൊടുക്കുന്നത്‌. ചിലയിടങ്ങളിൽ ഏഴുതരം പുളിയുടെ ഇലകൾ അരച്ച്‌ ഗുളികപോലെ ഉരുട്ടി ഗർഭിണിക്ക്‌ നൽകുമത്രെ. ദക്ഷിണകേരളത്തിലെ വേലർ, ഈഴവർ ഇവരുടെ ഇടയിൽ ഈ ചടങ്ങ്‌ നിലവിലുണ്ട്‌.

വാഴയുടെ കൂമ്പും കാമ്പും ഇലക്കറിയല്ലെങ്കിലും ഇലക്കറികളെക്കുറിച്ചുളള ചിന്തയിൽ അവയ്‌ക്ക്‌ പ്രവേശം നൽകാമെന്നുതോന്നുന്നു. ഒരർത്ഥത്തിൽ അവയും ഈ വിഭാഗത്തിൽപെടും. സാധാരണക്കാരുടെ ഭക്ഷ്യവസ്‌തുക്കളിലാണ്‌ ഇവയും ഉൾപ്പെടുന്നത്‌. മുളങ്കാമ്പിന്റെ ഉപ്പേരിയും സാധാരണമാണ്‌. കറികൾ വിളമ്പുന്ന വാഴയിലയ്‌ക്ക്‌ ഇലക്കറികളേക്കാൾ ആഭിജാത്യമേറും. കിണ്ണത്തിലും മറ്റും ഭക്ഷിക്കുന്നതിനേക്കാൾ മാന്യത ഇലയിൽ വിളമ്പിക്കഴിക്കുന്നതിനത്രേ. അനുഷ്‌ഠാനാദികൾക്കുപോലും ഇലയാണ്‌ ആവശ്യം. കിണ്ണത്തിനും മറ്റും ശുദ്ധിപോരാ.

കറിവേപ്പില ഇലക്കറിയായി ഉപയോഗിക്കുക സാധാരണമല്ലെങ്കിലും കറികൾക്കെല്ലാം അത്‌വേണം. പക്ഷേ, ഭക്ഷിക്കുന്നവർ കറിയിൽനിന്നും അത്‌ പുറന്തളളും. ’കറിവേപ്പിലപോലെ‘ എന്നൊരു ശൈലിതന്നെയുണ്ട്‌. ’കറിയ്‌ക്കുമുമ്പൻ ഇലയ്‌ക്കു പിമ്പൻ‘ ആണ്‌ കറിവേപ്പില. സ്‌ഥിതി ഇതാണെങ്കിലും അതിന്‌ കറികളുടെ കൂട്ടത്തിൽ ഒരു സ്‌ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്‌. ’വേപ്പിലക്കട്ടി‘ എന്നാണ്‌ അതിന്‌ പേർ. അതിന്‌ കുറച്ചൊക്കെ മാന്യതയും ആഭിജാത്യവും കൈവന്നിട്ടുണ്ട്‌. ’വേപ്പിലക്കട്ടിയും ചമ്മന്തിയും‘ രുചികരങ്ങളാണ്‌. ഇതിൽ നാരകത്തിന്റെ ഇലയ്‌ക്കുകൂടി സ്‌ഥാനമുണ്ട്‌. കറിവേപ്പില, നാരകത്തില, തേങ്ങ, ഉഴുന്ന്‌, പറങ്കി, ഉപ്പ്‌ തുടങ്ങിയവ വറുത്തുപൊടിച്ചാണ്‌ അതുണ്ടാക്കുന്നത്‌. ഇലക്കറികളിൽ ചിലതിന്‌ പ്രതിപ്രവർത്തനമുണ്ട്‌. അത്തരം ദോഷങ്ങൾ കഴിവതും നീക്കിയാണ്‌ കറിവയ്‌ക്കുക. താള്‌, ചേന, എന്നിവയുടെ ഇലയ്‌ക്ക്‌ ചിലപ്പോൾ ചൊറിച്ചിൽ അനുഭവപ്പെടാം. താളിലും മറ്റും പുളി ചേർക്കുന്നതുകൊണ്ട്‌ ആവക ദോഷം കുറേയൊക്കെ നീങ്ങും. ചിലതിന്‌ വെളിച്ചെണ്ണ ചേർത്താൽ ഗുണം കൂടും. അരി, കടുക്‌, പറങ്കി തുടങ്ങിയവ ചില ഇലക്കറികളിൽ വറുത്തു ചേർക്കാറുണ്ട്‌. തേങ്ങ ചിരവിച്ചേർക്കുന്ന കറികളുമുണ്ട്‌. ഉപ്പു ചേർക്കാത്ത കറികൾ ഇല്ല. “ഇലക്കറിക്കെന്തിനു മഞ്ഞ?” എന്നൊരു പഴമൊഴി ഉണ്ടെങ്കിലും മഞ്ഞൾ ചേർക്കാത്ത കറികൾ ദുർലഭമാണ്‌. കറികൾക്ക്‌ നിറം നൽകുകയെന്ന ധർമ്മം മഞ്ഞളിനുണ്ടല്ലോ. ഇലക്കറികൾക്ക്‌ മഞ്ഞൾ ചേർക്കുന്നത്‌ നിറം നൽകുവാനല്ല. മേൽപ്പറഞ്ഞ പഴഞ്ചൊല്ല്‌ ഈ അർത്‌ഥത്തിലത്രേ. ഇലകൾക്ക്‌ വികാരവും വിഷാംശവും ഉണ്ടെങ്കിൽ ഇല്ലായ്‌മ ചെയ്യുകയെന്ന ധർമ്മമാണ്‌ മഞ്ഞളിനുളളത്‌.

* ചില കറികൾ എത്ര സ്വാദിഷ്‌ഠമായിരുന്നിലും വരേണ്യമായി കണക്കാക്കുന്നില്ലെന്ന്‌ വ്യക്തമാക്കാൻ ഈ ലേഖകൻ കുട്ടിക്കാലത്ത്‌ മുത്തശ്ശിയിൽനിന്ന്‌ കേട്ട ’കരിമുളളുതോരന്റെ കഥ‘ ഇവിടെ സൂചിപ്പിക്കാം.

ഒരു രാജാവും അയാളുടെ മന്ത്രിസ്‌ഥാനം വഹിക്കുന്ന ഒരു ബ്രാഹ്‌മണനും ഉണ്ടായിരുന്നു. രാജാവിനെ ആ ബ്രാഹ്‌മണൻ ഇല്ലത്തേയ്‌ക്ക്‌ ക്ഷണിച്ചു. വിഭവ സമൃദ്ധമായ സദ്യ തയ്യാറാക്കി. അതുവരെ ആരും വയ്‌ക്കാത്ത ഒരു നല്ല കറികൂടി വിളമ്പണമെന്ന്‌ കരുതി ആ ബ്രാഹ്‌മണൻ ചക്കയുടെ കരിമുളള്‌ മുറിച്ച്‌ വേവിച്ച്‌ ഇടിച്ച്‌ വറവിലിട്ട്‌ തോരനാക്കി. നാളികേരവും മറ്റു വറവുസാധനങ്ങളും ചേർത്ത്‌ ആ കറി രുചികരമാക്കിത്തീർത്തു. രാജാവിന്‌ മറ്റുകറികളേക്കാൾ ആ പുതിയ കറിയാണ്‌ രുചികരമായത്‌. ഏതു പദാർത്‌ഥം കൊണ്ടാണ്‌ ആ തോരൻ ഉണ്ടാക്കിയതെന്ന്‌ രാജാവിന്‌ മനസ്സിലാക്കാൻ കഴിഞ്ഞില്ല. മന്ത്രിയോട്‌ ചോദിച്ചപ്പോൾ ഉത്തരം പറയാൻ അയാൾക്ക്‌ ധൈര്യമുണ്ടായില്ല. നിർബന്ധിച്ചപ്പോൾ ആ കറി കരിമുളളുതോരനാണ്‌ എന്ന്‌ വ്യക്തമാക്കി. ഈ കറി ആഭിജാത്യമില്ലാത്തതാണെന്ന്‌ രാജാവിന്‌ തോന്നി. കന്നുകാലികൾക്ക്‌ തീറ്റയായി കൊടുക്കുന്ന പദാർത്‌ഥമാണല്ലോ കരിമുളള്‌. അതു തന്നെ തീറ്റിച്ചതിനാൽ രാജാവിന്‌ അപമാനബോധവും കോപവും ഉണ്ടായി. ആ ബ്രാഹ്‌മണന്റെ കന്നുകാലിത്തൊഴുത്തിൽ രാജാവ്‌ ചെന്നിരിപ്പായി. താൻ ചെയ്‌ത തെറ്റിന്‌ പ്രായശ്ചിത്തമായി ആ ബ്രാഹ്‌മണന്‌ തന്റെ സ്വത്ത്‌ മുഴുവൻ രാജാവിന്‌ എഴുതിക്കൊടുക്കേണ്ടിവന്നു.

Generated from archived content: annam1_dec4_07.html Author: mv_vishnunambuthiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English