മാടം

കേരളത്തിൽ ജന്‌മികുടിയാൻ വ്യവസ്‌ഥിതി നിലനിന്നിരുന്നകാലം. തമ്പ്രാക്കളുടെ വയലുകൾ കാത്തിരുന്നത്‌ പവലയരായിരുന്നു (അടിയാളർ, ചെറുമർ എന്ന്‌ മറ്റുപേർ) ഏക്കറോളം വിസ്‌തൃതിയുളള വയലിൽ ചിറകെട്ടി വെളളം നിയന്ത്രിച്ചും ചക്രംചവിട്ടിയും വേത്ത്‌ തേവിയും നിലമൊരുക്കി ഞാറുനട്ട്‌, കിളിയാട്ടിയും ചാഴിവിലക്കിയും കണ്ണമ്പലം കെട്ടിയും വിളകാത്ത്‌ വയലിനെ പൊൻകതിർ ആക്കിമാറ്റുന്ന ഈക്കൂട്ടർ പ്രകൃതിയിൽനിന്നു കിട്ടുന്ന വസ്‌തുക്കൾ മാത്രം ഉപയോഗിച്ചു. പ്രായോഗികബുദ്ധിയും അദ്ധ്വാനവും കൂട്ടായ്‌മയും മാത്രം ഉപയോഗിച്ച്‌ ഇക്കൂട്ടർ പുര കെട്ടി താമസിച്ചിരുന്നു. ഈ പുരയെ മാടം എന്നാണ്‌ വിളിച്ചിരുന്നത്‌.

പെട്ടെന്ന്‌ ചിതൽ നശിപ്പിക്കാത്ത കൈതക്കാലും കലശുമരവും തൂണുകളായി ഉപയോഗിക്കുന്നു. ഒറ്റതൂണിലാണ്‌ പുരയുടെ പണി ആരംഭിക്കുന്നത്‌. നടുക്ക്‌ ഉറപ്പോടെ കുഴിച്ചിട്ട തൂണിൽ ഒരു നിശ്ചിത അളവിൽ മുളകൊണ്ട്‌ ഉത്തരംവച്ച്‌ ആവശ്യമുളളത്ര വീതിയിൽ കഴുക്കോൽ പാകി അടക്കാമരവാരിയും വണ്ണംകുറഞ്ഞ മുളയും നീളത്തിൽ പൊളിച്ച്‌ കുറുകെവച്ച്‌ വരിഞ്ഞ്‌ കെട്ടുന്നു. ആവശ്യമായ വീതി പുരയ്‌ക്ക്‌ വന്നു കഴിഞ്ഞാൽ ചുറ്റും തൂണുകൾ കൊടുത്ത്‌ ഉറ പാളിക്കുന്നു (കയറിനുപകരം പനമ്പട്ടവളളി, ചടച്ചി, വഴുക (തെങ്ങോലയിൽനിന്നും എടുക്കുന്നത്‌), വയറവളളി, വയ്‌ക്കോൽ പിരി മുതലായവ ഉപയോഗിക്കുന്നു).

മുണ്ടകൻ നെല്ലിന്റെ വയ്‌ക്കോലാണ്‌ (കച്ച) പുരമേയുന്നതിന്‌ ഉപയോഗിക്കുന്നത്‌. മുണ്ടകൻപൂ കൃഷിയിൽ നിന്നുകിട്ടുന്ന ചിറ്റേനി, ഇട്ടിക്കണ്ടപ്പൻ എന്നീ നെല്ലുകളുടെ കച്ചിക്ക്‌ (വയ്‌ക്കോൽ) ഉറപ്പും നീളവും കൂടുതലുണ്ടായിരിക്കും. കാക്കുന്നവർക്ക്‌ കൊയ്‌ത്തിന്‌മുമ്പ്‌ തമ്പുരാൻ വളപ്പ്‌ കൊടുക്കുന്ന രീതിയുണ്ട്‌. ഓരോ നിലത്തിന്റേയും ഒരു മൂലയിൽ കുറച്ചു നെല്ല്‌ വകഞ്ഞ്‌ മാറ്റിയിടുന്നു ഈ നെല്ല്‌ വയൽ കാക്കുന്നവർക്ക്‌ സ്വന്തമായി കൊയ്‌തെടുക്കാം. ഇങ്ങനെ കിട്ടുന്ന വയ്‌ക്കോ​‍ാലും, തമ്പുരാൻ ദാനമായി കൊടുക്കുന്ന വയ്‌ക്കോലും പുരമേയാൻ മാറ്റിവയ്‌ക്കുന്നു. മൂന്നു ദിവസം വെയിലിൽ ഉണക്കി മുളവടികൊണ്ട്‌ തല്ലി നെല്ലും പതിരും കച്ചിത്തുരുമ്പും കളഞ്ഞ്‌ വയ്‌ക്കോൽ ശുദ്ധമാക്കി മൂന്നുദിവസം തുറുവയ്‌ക്കുന്നു. വയ്‌ക്കോൽ പതം വരുന്നതിനുവേണ്ടിയാണ്‌ ഇങ്ങനെ വയ്‌ക്കുന്നത്‌. പിന്നീട്‌ വയ്‌ക്കോൽ ഓരോ കന്നുകൾ അഴിച്ച്‌ നിവർത്തി പുരമുകളിൽ ഒരു നിശ്ചിത കനത്തിൽ വിരിക്കുന്നു. ഇങ്ങനെ മൂന്നടുക്ക്‌ വിരിച്ച്‌ വയ്‌ക്കോൽ പിരികൊണ്ട്‌ (വയ്‌ക്കോൽ പിരിച്ചെടുക്കുന്ന കയർ) തലങ്ങും വിലങ്ങും കെട്ടി ഉറപ്പുവരുത്തുന്നു. തെങ്ങോലയോ അടക്കാമര ഓലയോ കൊണ്ട്‌ ചുറ്റും മറയ്‌ക്കുന്നതോടെ മാടം പൂർത്തിയാവുന്നു.

പുര മേയുന്നതിനെ പെരത്തച്ചൊട ആഘോഷമെന്നു പറയുമായിരുന്നു.

കൂട്ടമായി താമസിച്ചിരുന്ന ഇവർ പുര മേയുന്ന ദിവസം നിശ്ചയിച്ച്‌ പെരത്തച്ചൊടയിൽ പങ്കുചേരാൻ എല്ലാവരേയും അറിയിക്കുന്നു. മറ്റുളള ഉത്‌സവങ്ങളുടെ പ്രാധാന്യം പെരത്തച്ചൊടക്ക്‌ ഉണ്ടായിരുന്നു. എല്ലാവരും ഒരു പുരയിൽ ഒത്തുകൂടുകയും പുരമേയുകയും സദ്യനടത്തുകയും പാട്ടും കളിയും നടത്തുകയും ചെയ്യുന്ന നല്ലൊരു കൂട്ടായ്‌മ ഈ പെരത്തച്ചൊടയിൽ ഉണ്ടായിരുന്നു.

Generated from archived content: oct7_natt.html Author: mv_mohanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here