1. കൂന്തവട്ടി
സമ്പാ. എം.വി. മോഹനൻ
ആ കുന്ത ചാലിൽ ചെന്ന് തെയ്യന്താരേ
ആ കുന്ത വേരെടുത്ത് തെയ്യന്താരേ
വെയിലത്തിട്ടൊന്നുവാട്ടി തെയ്യന്താരേ
മെയ്യണി കുഞ്ഞഴി തെയ്യന്താരേ
നനു നനെ കീറുന്നുണ്ടെ തെയ്യന്താരേ
മെയ്യണി കുഞ്ഞഴകി തെയ്യന്താരേ
വട്ടിയും നെയ്യുവാനേ തെയ്യന്താരേ
വക്കുകൾ വച്ചവളും തെയ്യന്താരേ
പഴുതാര തെറ്റ വച്ചു തെയ്യന്താരേ
ചെങ്ങാലി കൂടും വച്ചു തെയ്യന്താരേ
തേരട്ടക്കാലും വച്ചേ തെയ്യന്താരേ
വട്ടിയും നെയ്‌തവള് തെയ്യന്താരേ
വട്ടീടഴകും കണ്ട് തെയ്യന്താരേ
ചാത്തനും കൂടെക്കൂടി തെയ്യന്താരേ
നമ്മുടെ തമ്പുരാനും തെയ്യന്താരേ
കുഞ്ഞുണ്ണിത്തമ്പുരാനും തെയ്യന്താരേ
വട്ടി തരികവേണം തെയ്യന്താരേ
മെല്ലണ കുഞ്ഞഴകി തെയ്യന്താരേ
വട്ടീടഴകു കണ്ടേ തെയ്യന്താരേ
നമ്മുടെ തമ്പുരാനും തെയ്യന്താരേ
വട്ടി വില പറഞ്ഞു തെയ്യന്താരേ
നമ്മുടെ തമ്പുരാനും തെയ്യന്താരേ
മെയ്യണി കുഞ്ഞഴകി തെയ്യന്താരേ
പടിക്കലും വരികവേണം തെയ്യന്താരേ
വട്ടിയും കൊണ്ടുചെന്നു തെയ്യന്താരേ
മെയ്യണി കുഞ്ഞഴകി തെയ്യന്താരേ
വട്ടീമ്മൊരുവട്ടി തെയ്യന്താരേ
തവിടും അളക്കുന്നുണ്ട് തെയ്യന്താരേ
മുണ്ടിലും കെട്ടുന്നുണ്ട് തെയ്യന്താരേ
മെയ്യണി കുഞ്ഞഴകി തെയ്യന്താരേ
അവിടന്നും പോരുന്നുണ്ട് തെയ്യന്താരേ
മെയ്യണി കുഞ്ഞഴകി തെയ്യന്താരേ
ആമ്പൽ വർഗ്ഗത്തിൽപെട്ട ഒരിനം ചെടിയാണ് കുന്ത. ഇതിൽ ഒരു പ്രത്യേകതരം കുന്തയുടെ വേരെടുത്ത് പാകപ്പെടുത്തി വട്ടിയും തൊട്ടിയും നെയ്‌തിരുന്നു എന്ന് പഴമക്കാർ പറയുന്നു. കൂടാതെ കുന്തയുടെ കിഴങ്ങ് നല്ലൊരു ആഹാരമായി പുഴുങ്ങിക്കഴിച്ചിരുന്നതായും പറയുന്നു.
പറഞ്ഞുതന്നത് വെണ്ണൂപ്പാടം കുന്നുംപുറത്തുവീട്ടിൽ ദേവു(43), അന്നമനട.
2. കാളക്കുട്ടി
സമ്പാ. ശിവദാസൻ
ദേശത്തൊരു തച്ചനും കൊത്തിപ്പണിതൊരു കാളക്കുട്ടി
കാളേടെ വലംകൊമ്പ് എന്തുകൊണ്ടാണ് തൈ താ
കാളേടെ വലംകൊമ്പ് വെളളികൊണ്ടാണ് തൈ താ
കാളേടെ വലംകൈ എന്തുകൊണ്ടാണ് തൈ താ
കാളേടെ വലംകൈ പിലാവുകൊണ്ടാണ് തൈ താ
കാളേടെ ഉടലുകള് എന്തുകൊണ്ടാണ് തൈ താ
കാളേടെ ഉടലുകള് പാലകൊണ്ടാണ് തൈ താ
കാളേടെ വില പറയെന്റെ ആശാരിച്ചെക്കോ തൈ താ
കൊമ്പഞ്ച് കൊളമ്പഞ്ച് അങ്ങനെ പത്തു പണം പറഞ്ഞേ
ആരുടെ ആരുടെ കാളക്കിടാവേ തൈ തൈ താ
ദേശത്തൊരു വളേളാന്റെ കാളക്കിടാവേ
ആരുടെ ആരുടെ വേല വിളക്കേ തൈ താരോ
വാഴാവിലെ നല്ലമ്മേടെ വേലവിളക്കേ തൈ താരോ
തണ്ടിൻമേൽ മണിക്കാള ചാടിക്കളിച്ചേ തൈതാരേ
ദേശത്തൊരു തച്ചനും കൊത്തിപ്പണിതൊരു കാളക്കുട്ടി
3. ചാല്യാരെ ചാല്യാരെ
സമ്പാഃ സുബ്രഹ്‌മണ്യൻ
ചാലിയാരേ ചാലിയാരേ ചാലിയാരു മകനേ
എനിക്കൊരു പട്ടുപാവാട തിരുതനം തന്നോളൂ
എനിക്കൊരു പട്ടുപാവാട തിരുതനം തന്നാലേ
നിന്നുടെ കുട്ട്യോളും നീയും ആട്യോടി വളരും
ആശാര്യേ മൂശാര്യേ മൂശാരി മകനേ
എനിക്കൊരു കാൽച്ചിലമ്പ് തിരുതനം തന്നോളൂ
എനിക്കൊരു കാൽച്ചിലമ്പ് തിരുതനം തന്നാലേ
നിന്നുടെ കുട്ട്യോളും നീയും ആട്യോടി വളരും
കരുവാനേ കരുവാനേ കരുവാരു മകനേ
എനിക്കൊരു പളളിവാള് തിരുതനം തന്നോളൂ
എനിക്കൊരു പളളിവാള് തിരുതനം തന്നാലേ
നിന്നുടെ കുട്ട്യോളും നീയും ആട്യോടി വളരും
തട്ടാനേ തട്ടാനേ തട്ടാരു മകനേ
എനിക്കൊരു മാർത്താലി തിരുതനം തന്നോളൂ
എനിക്കൊരു മാർത്താലി തിരുതനം തന്നാലേ
നിന്നുടെ കുട്ട്യോളും നീയും ആട്യോടി വളരും
Generated from archived content: kaivela_july18.html Author: mv_mohanan