മണ്ണ് ചതിക്കില്ല- നമുക്ക് മണ്ണിലേക്കിറങ്ങാം

 

 

 

 

 

 

പുന്നെല്ലിന്റെ മണം പേറുന്ന മൂവന്തിക്കാറ്റ്. നാട്ടുവഴികളിലൂടെ ഒരു കാളവണ്ടി തൂങ്ങിയാടുന്ന ചിമ്മിനി വിളക്കിന്റെ ഇത്തിരിപ്പോന്ന മങ്ങിയ വെട്ടത്തില്‍ നിന്നു പറന്നുയരുന്ന മൂളിപ്പാട്ട്.

ഏനിന്നലെ ചൊപ്പനം കണ്ടേ

പാടവരമ്പത്തു മുത്തുകള്‍ കണ്ടേ…

ഏതോ ഭൂതകാലത്തു നിന്ന് വന്നു, ആ വഴി മറ്റേതോ കാലത്തിലേക്കു മാഞ്ഞുപോകുന്ന കാളവണ്ടി… അതോടൊപ്പം മാഞ്ഞുപോകുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന സംസ്‌കൃതികള്‍…

പുഴയോരത്തെ എക്കല്‍ നിറഞ്ഞ പശിമരാശി മണ്ണില്‍ ആദ്യമായി വിത്തു ചേറിയതാരാകാം? മലയോരത്തെ ചുവപ്പുരാശി വീണ മണ്ണില്‍ ആദ്യമായി ഫലവൃക്ഷതൈകള്‍ നട്ട കൈകള്‍ ആരുടേതാകാം? ആരായിരുന്നാലും അവിടെനിന്ന് പടര്‍ന്നേറി ഹരിതാഭ ചൂടിച്ച കാര്‍ഷിക സംസ്‌കൃതി നമ്മെ പുതിയൊരു ജീവിതപ്പുലര്‍ച്ചയിലേക്കാണ് നയിച്ചത്. വിഷുപക്ഷിയുടെ പാട്ടിന് വിത്തും കൈക്കോട്ടും എന്നു വായ്ത്തരി സമ്മാനിച്ചത് വിയര്‍പ്പുമുത്തുകള്‍ അണിയിച്ചൊരുക്കിയ ഈ സംസ്‌കാരം തന്നെയാണ്..

അരികറുക ചെറുകറുക ചീരകച്ചെമ്പാവ്

വിത്തെല്ലാം വാരിപ്പാകുന്നേ

വിത്തളം വീതളം ചീകരച്ചെമ്പാവ്

വിത്തെല്ലാം വാരി പാകുന്നേയ്….

ആകാശം എന്ന അറ തുറന്ന് മണ്ണിലേക്ക് മാരിത്തരിമണി വിതറുന്ന പ്രകൃതി ദൃശ്യത്തെക്കുറിച്ചാണ് ഈ കാവ്യാസുന്ദരമായ നാടന്‍പാട്ടെങ്കിലും അത് അന്യം നിന്നു പോയ നമ്മുടെ നാടന്‍ നെല്‍വിത്തുകളുടെയും സമ്പന്നമായ കാര്‍ഷിക ജീവിതക്രമത്തിന്റെയും ഭൂതകാല സമൃദ്ധിയിലേക്കും തുടം കണ്ണെറിയുന്നു.

കേരളത്തിന്റെ തനത് ഭൂമിശാസ്ത്ര കാലാവസ്ഥയില്‍ രൂപമെടുത്ത കൃഷിരീതികളാണ് മുണ്ടകന്‍, പുനം, പൊക്കാളി, പടുവ, പുത്രയന്‍, കരപ്പുറം, കുട്ട്യാടന്‍, പാണ്യാല്, കൊളമ്പ്, ആന്തി, കയ്പാട്, തിടില്‍നിലം, കൊളാക്ക തുടങ്ങിയവ. വിരല്‍ത്തുമ്പിലും മനഃക്കണക്കിലും വാമൊഴി ആഖ്യാനത്തിലുമാണ് നമ്മുടെ കര്‍ഷകര്‍ പ്രകൃതിയറിവുകള്‍ കാത്തുസൂക്ഷിച്ചത്. വാഴപ്പഴത്തിന്റെ സ്വാദുനോക്കി തുലാത്തിന് ഒരെണ്ണം കുറവുണ്ടെന്നു പറയുവാന്‍ കൃഷിയെ ഉപാസനയായി കരുതിയ നമ്മുടെ കാരണവന്മാര്‍ക്കു കഴിയുമായിരുന്നു. ഋതുപച്ചകളെ കര്‍ഷകരെപ്പോലെ ഇത്ര തിട്ടമായി, കൃത്യതയോടെ തിരിച്ചറിയുവാന്‍ ഒരു കാലാവസ്ഥ നിരീക്ഷകനും കഴിഞ്ഞിട്ടില്ല. തിരുവാതിര ഞാറ്റുവേല തിമിര്‍ത്തു പെയ്യുമ്പോള്‍ കുരുമുളകു കൊടി നടാനും മേടത്തില്‍ വാഴയും മറ്റു നടുതലകളും നടാനും കുംഭമാസത്തില്‍ ചേന നടാനും കന്നിയിലും മകരത്തിലും കൊയ്‌ത്തൊഴിഞ്ഞപാടങ്ങളില്‍ ഇടവിളകള്‍ കൃഷിചെയ്യാനും കര്‍ഷകനെ ആരും പഠിപ്പിക്കാറില്ല.

ഞാറ്റുവേലകള്‍ പിഴയ്ക്കുന്നുവോ?

പഴമക്കാരായ കൃഷിക്കാരുടെ കാലാവസ്ഥാ കണക്കുക്കൂട്ടലുകള്‍ ഞാറ്റുവേലകളുമായി ബന്ധപ്പെടുത്തിയതായിരുന്നു. കാലവര്‍ഷം വരുന്നതും അതിവര്‍ഷമുണ്ടാകുന്നതും മഴ ശമിക്കുന്നതും വേനല്‍ ആരംഭിക്കുന്നതുമെല്ലാം വ്യത്യസ്തങ്ങളായ ഞാറ്റുവേലകളായിരുന്നു. വിത്തുപാകുന്നതും ഞാറു നടന്നതും പൊടിയില്‍ വിത്തിടുന്നതും എന്തു വിതയ്ക്കുന്നതും എന്നു വിതയ്ക്കുന്നതമെല്ലാം ഞാറ്റുവേലകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു.

എന്താണ് ഞാറ്റുവേലേ? ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ഞായറിന്റെ വേളയാണത്. ഞായര്‍ സൂര്യനെയും വേള സമയത്തെയുമാണ് സൂചിപ്പിക്കുന്നത്. ഭൂമി സൂര്യനെ ചുറ്റുന്ന പ്രദക്ഷിണപാതയെ ഇരുപത്തിയേഴു സമഭാഗങ്ങളായി വിഭജിച്ച് ഇരുപത്തിയേഴു നക്ഷത്രങ്ങളോടു ചേര്‍ത്ത് ഓരോന്നിനെയും ഓരോ ഞാറ്റുവേലകളായി കണക്കാക്കിയിരുന്നു. കാര്‍ഷികവര്‍ഷാനുഭവമായ മേടമാസത്തില്‍ ആരംഭിച്ച് മീനമാസത്തില്‍ അവസാനിക്കുന്ന ഒരു കാര്‍ഷിക വര്‍ഷത്തെ ശരാശരി പതിമൂന്നര ദിവസം വീതമെടുത്തു ഇരുപത്തിയേഴു ഭാഗങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത് അശ്വതി മുതല്‍ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ പേരില്‍ ക്രമമായി ഈ ഞാറ്റുവേലകളെ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

അശ്വതിയിലിട്ട വിത്തും ഭരണിയിലടച്ച മാങ്ങയും

അശ്വതി കള്ളനാണ് ഭരണി വിതയ്ക്കു അത്യുത്തമവും

തിരുവാതിരയില്‍ തിരിമറിഞ്ഞൊഴുകണം

പൂയത്തില്‍ നട്ടാല്‍ പുഴക്കേട്

പൂയത്തില്‍ മഴ പെയ്താല്‍ പുല്ലും നെല്ല്

ചോതി വര്‍ഷിച്ചാല്‍ ചോറിന് പഞ്ഞമില്ല

ആയില്യത്തില്‍ പാകി അത്തത്തിന് പറിച്ചുനടാം

എന്നിങ്ങനെ വിത്തിറക്കുന്നതു മുതല്‍ വിളവെടുക്കുന്നതുവരെയുള്ള കൃഷി നിര്‍ദേശങ്ങളാണ് ഞാറ്റുവേലയുമായി ബന്ധപ്പെട്ട ചൊല്ലിലുള്ളത്.

ഋതുസംക്രമങ്ങളെ ഓണവും വിഷുവും തിരുവാതിരയുമാക്കിയ നമ്മുടെ പൂര്‍വികമായ കാര്‍ഷികക സംസ്‌കാരം പരിഷ്‌കൃതം പശ്ചാത്യജീവിത ക്രമങ്ങളുടെ അനുകരണത്താലും അധിനിവേശത്താലും തേഞ്ഞുമാഞ്ഞു നഷ്ടപ്പെടുകയാണ്. വിളപ്പൊലിമയാര്‍ന്ന വിത്തിനങ്ങളും അതിനൂതന കൃഷിസമ്പ്രദായങ്ങളും പേര്‍ത്തും പേര്‍ത്തുമുള്ള രാസവളങ്ങളുടെയും പ്രയോഗമായാല്‍ മികച്ച വിളവ് കരഗതമാകുമോ? ഇന്നും നമ്മുടെ കൃഷി ഏറെക്കുറെ പൂര്‍ണമായും കാലവസ്ഥയുടെ കനിവില്‍ തന്നെയാണ്. കാലവസ്ഥയുടെ ഇണക്കത്തിന്റെയും പിണക്കത്തിന്റെയും ഇടയിലുള്ള നിരന്തരവും നിശബ്ദവുമായ ചൂതാട്ടം തന്നെയാണ് കൃഷി. ഈ വര്‍ഷം കാര്‍ഷികോത്പാദനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. കാലവര്‍ഷം പെയ്യേണ്ടതിന്റെ 36 ശതമാനം കുറച്ചാണ് കഴിഞ്ഞ തവണ പെയ്തിരിക്കുന്നത്. ഈ മഴക്കുറവ് തന്നെയാണ് കാര്‍ഷികോത്പാദനം കുറയുന്നതിനുള്ള പ്രധാന കാരണവും. എന്തെല്ലാം ആധുനിക സാങ്കേതിക വിദ്യകളുണ്ടെങ്കിലും കാലാവസ്ഥ ചതിച്ചാല്‍ സര്‍വ്വ നാശമാകും ഫലം.

ഏത് നടുതലകള്‍ നട്ടാലും വേരുപിടിച്ചു കിട്ടുന്ന സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. അതായത് മിഥുനം 7ാം തീയതി വരെയുള്ള ദിവസങ്ങള്‍. ഞാറ്റുവേലകളില്‍ കണ്ണായതാണ് തിരുവാതിര ഞാറ്റുവേല. മകയിരം ഞാറ്റുവേലയില്‍ മതിമറന്നു പെയ്യുന്ന കാലാവസ്ഥ തിരുവാതിര ഞാറ്റുവേലയില്‍ തെല്ലൊന്നു ശമിക്കും. ഇടിവിട്ടവിട്ട് ചിന്നംപിന്നം പെയ്യുന്ന മഴയും ഇടയ്ക്കു തെളിയുന്ന വെയിലുമാണ് ഈ സമയത്തെ കാലാവസ്ഥയുടെ സവിശേഷത. ഏത് നടുതലകളും വേരുപിടിച്ചു വളര്‍ന്നുകിട്ടാന്‍ അനുയോജ്യമായ സമയമാണിത്. അതുകൊണ്ടു തന്നെയാണ് സാമൂതിരി പറഞ്ഞത് ‘സായിപ്പ് കുരുമുളക് വള്ളിയല്ലേ കൊണ്ടുപോയുള്ളൂ, തിരുവാതിര ഞാറ്റുവേല കൊണ്ടുപോയില്ലല്ലോ’ എന്ന്.

പഴയകാലത്ത് കാരണവന്മാര്‍ തിരുവാതിര ഞാറ്റുവേല തുടങ്ങുന്ന ദിവസം മുതല്‍ മഴവെള്ളം ശേഖരിച്ചു ദിവസവും അതിരാവിലെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുമായിരുന്നു. തിരുവാതിര ഞാറ്റുവേല കാലത്തിനിടയില്‍ പതിനാലു ദിവസത്തിനുള്ളില്‍ ഒരു ദിവസം അമൃത് മഴ പെയ്യുമെന്നാണ് വിശ്വാസം. ഏത് ദിവസമായിരിക്കുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ പതിനാലു ദിവസം മഴവെള്ളം ശേഖരിച്ചു കുടിച്ചുപോന്നിരുന്നു.

തിരുവാതിര ഞാറ്റുവേലയില്‍ കുരുമുളക് വള്ളികള്‍ നടുമ്പോള്‍ അവയ്ക്ക് കയറിപ്പടരാന്‍ പരുക്കന്‍ മുരിക്കു തന്നെയാണ് ഏറ്റവും പറ്റിയതെന്നു അനുഭവത്തിന്റെ പാഠപുസ്തകമാണ് മലയാളി കര്‍ഷകനെ പഠിപ്പിച്ചത്. ഗുരുത്വമേറിയ കുരുമുളകുവള്ളിയുടെ ആട്ടക്കാലുകള്‍ക്ക് അള്ളിപ്പിടിക്കാന്‍ മറ്റേതു മരത്തേക്കാളും നന്ന് മുരിക്കു തന്നെ.

അതിവൃഷ്ടിയും അനാവൃഷ്ടിയുമെല്ലാം പലവിധത്തിലുള്ള കൃഷിപ്പിഴകള്‍ വരുത്തുമ്പോഴും അവയെ സമചിത്തതയോടെ അതിജീവിക്കാനുള്ള അസാമാന്യമായ ക്ഷമാശീലം കേരള കര്‍ഷകനുണ്ടായിരുന്നു. കൃഷിയെന്നാല്‍ ലാഭം, ആദായം എന്നതുമാത്രമായിരുന്നില്ല. പഴയ കര്‍ഷകന് മറിച്ച് അത് ജീവിതത്തിന്റെ ഭാഗമായിരുന്നു. അതിനാല്‍ മണ്ണില്‍ വേരുറപ്പിച്ചു നില്‍ക്കുന്ന കൃഷിക്കാരന് ക്ഷമ കൂടപ്പിറപ്പായിരുന്നു. എന്തെല്ലാം മനോധൈര്യം കൈവിടില്ലായിരുന്നു. ഇപ്പോഴിതാ സഹനശീലമെന്ന ആ മഹാവൃക്ഷത്തിന്റെ കടയ്ക്കലും കോടാലി വീണു. കര്‍ഷകര്‍ ഒറ്റയ്ക്കും കുടുംബത്തോടെയും ആത്മഹത്യ ചെയ്യുന്ന വാര്‍ത്ത ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു.

വയലും നെല്ലും കാണാത്ത പുതിയ തലമുറ

ഇന്നത്തെ പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം കൃഷി എന്നത് മണ്ണില്‍ നിന്നു മാത്രമല്ല അവരുടെ മനസില്‍ നിന്നും അന്യമായ സംജ്ഞയാണ്. വയല്‍ കാണാന്‍ പഴയ ചിത്രങ്ങള്‍ കാണണം. കൊയ്ത്തും മെതിയും എന്തെന്നറിയാന്‍ തകഴിയുടെ നോവലുകള്‍ വായിക്കണം. പക്ഷെ പോയ കാലത്ത് വയല്‍ മുതിര്‍ന്നവരുടെ അധ്വാനത്തിനു മാത്രമുള്ള ഇടമായിരുന്നില്ല.കൃഷിയുടെ ഓരോ ഘട്ടത്തിലും അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ കുട്ടികള്‍ പോലും ഇടപെട്ടുപോന്നിരുന്നു. പണിയെടുക്കുന്നവര്‍ക്ക് വരമ്പത്ത് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതു മുതല്‍ കൊയ്തു മുറ്റത്തെത്തിക്കന്ന കറ്റ മെതിച്ച് അതുണക്കിയും ഉണക്കാതെയും പുഴുങ്ങി കുത്തി അരിയാക്കുന്നതുവരെയുള്ള പ്രയത്‌നങ്ങളില്‍ എല്ലായിടത്തും കുഞ്ഞുവിരലുകളും കുഞ്ഞുപാദങ്ങളും പങ്കെടുത്തു പോന്നു. അത് അവര്‍ പോലും അറിയാതെ അവരെ നവീകരിച്ചു. മാത്രമല്ല, അവര്‍ ഒപ്പം നിന്ന് പ്രകൃതിയെ നോക്കിക്കണ്ടു.

പാടത്തും പറമ്പിലും വിത്തിറക്കുമ്പോഴും കൊയ്യുമ്പോഴും മെതിക്കുമ്പോഴും വൈക്കോല്‍ ഉണക്കി തുറുവിടുമ്പോഴും നെല്ലുണക്കി പാറ്റി പത്തായത്തിലിടുമ്പോഴും എള്ളു പിഴുതെടുക്കുമ്പോഴും അത് ഉണക്കുമ്പോഴുമെല്ലാം കുടുംബത്തിലെല്ലാവരുടെയും പ്രത്യേകിച്ച് കുട്ടികളുടെ പോലും സാമീപ്യവും പങ്കാളിത്തവും ഉണ്ടായിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കുട്ടികള്‍ തലങ്ങും വിലങ്ങും സൂക്ഷ്മമായി നോക്കി നടന്ന് അങ്ങിങ്ങായി കിടക്കുന്ന നെല്‍ക്കതിരുകള്‍ ഓരോന്നായി പെറുക്കിയെടുക്കും. കാലാ പെറുക്കുക എന്നാണിതിന്റെ ഗ്രാമീണ മൊഴി. നെല്‍കൃഷിയുടെ കാര്യത്തില്‍ മാത്രമല്ല, എള്ളു പിഴുത് ഇലകുടഞ്ഞ് ഉണക്കിയെടുക്കുമ്പോഴും മുതിര പിഴുത് ഉണക്കിയെടുക്കുമ്പോഴും കപ്പ പറിച്ച് അറിഞ്ഞ് വാട്ടുമ്പോഴുമെല്ലാം അവിടെ സകുടുംബ സാമീപ്യമാണുണ്ടായിരുന്നത്. കൃഷി മുഖ്യ ജീവിതോപാധിയും വരുമാനമാര്‍ഗവും ആയിരുന്നതിനാല്‍ കൃഷിക്കാര്യങ്ങളില്‍ ഇടപെടുന്നത് തികഞ്ഞ ആവശ്യബോധത്തോടെയും അതിലുപരി സന്തോഷത്തോടെയുമായിരുന്നു.

പണ്ടു പണ്ട് കുട്ടികളുടെ കാലില്‍ ചെളി പുരളുന്നത് തെറ്റായോ ആരോഗ്യപ്രശ്‌നമായോ ആരും കണ്ടിരുന്നില്ല. പാടത്തെ ചേറില്‍ നിന്നും കയറിവന്ന കുരുന്നിനെ അഭിമാനത്തോടെ നോക്കിയിരുന്നു അമ്മമാര്‍. പാടത്തു പണിയെടുക്കുന്നവര്‍ക്കു കഞ്ഞിയും പോലത്തേക്കുമായി പോകുന്നത് വീട്ടിലെ കുട്ടികള്‍ ആയിരുന്നു. അതിനു വെയിലും മഴയുമൊന്നും തടസമായിരുന്നില്ല. നെല്ലുകാണാത്ത, മണ്ണില്‍ ചവിട്ടാത്ത, ചാണകം നിഷദ്ധമായ ഇന്നത്തെ കുട്ടികളോട് ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ.. എങ്കിലും പറയാതെ വയ്യ…

ഒന്നും ആരോടും പറഞ്ഞിട്ടിനി കാര്യമില്ല എന്ന പരിതാപം അര്‍ഥപൂര്‍ണമാണ് എന്നു തോന്നുന്നു. കൃഷിയുടെ സാന്നിധ്യം ജീവിതത്തെ ഏതുവിധം പരിവര്‍ത്തിപ്പിക്കും എന്നു എത്രയെത്ര ബോധവത്കരണ ശ്രമങ്ങള്‍ നടത്തിയാലും കേരളീയ സമൂഹം അതിന്റെ വിപരീതദിശയില്‍ തന്നെയാണ് സഞ്ചരിക്കുന്നത് . വിപണിയുടെയും ലാഭത്തിന്റെയും സാധ്യത എന്ന ഏക ലക്ഷ്യമാണ് ഇന്നിന്റെ മുഖമുദ്ര.അവശേഷിക്കുന്ന കാര്‍ഷിക വൃത്തി എന്നത് വിദേശ നാണ്യം നേടാനുള്ള കടുംകൃഷി എന്ന തലത്തിലേക്കു മാറിയിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ചാലെന്ത്? ലാഭമാണ് പ്രധാനം. അതിലൂടെ നേടുന്ന പണത്തിന് മൃതിയുടെ ഗന്ധമുണ്ട് എന്നു തിരിച്ചറിയാന്‍ നമുക്കാവുന്നില്ല. മണ്ണില്‍ കൃഷി പാഠത്തിനാണ് ഇന്നു പ്രസക്തി. തനിക്കു വേണ്ടതെല്ലാം ഈ മണ്ണു തരുമെന്നും മണ്ണ് ചതിക്കില്ലെന്നും വിശ്വസിച്ചിരുന്ന പഴയ കര്‍ഷകന്റെ ഉത്കൃഷ്ടമായ ചിന്തയ്ക്ക് ഇന്നെന്ത് പ്രസക്തി. പക്ഷെ, എല്ലാക്കയറ്റത്തിനും ഒരു ഇറക്കമുണ്ട് എന്ന പ്രപഞ്ച സത്യം നാം മറന്നുപോകരുത്! ഭക്ഷ്യ ഭദ്രതയ്ക്ക് മാത്രമല്ല, ഇന്ന് നാം നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമെല്ലാം ശാശ്വതമായ പരിഹാരം കൃഷിയിലേക്കുള്ള തിരിച്ചു പോക്കാണ്.

Generated from archived content: vithu1_july31_13.html Author: muraleedharan_thazhakkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English