മലബാർ കലാപത്തിന്റെ ഫോക്‌ലോർ

ഒരു ജനതയുടെ കൂട്ടായ്‌മയുടെ ഉയർന്ന രൂപമാണ്‌ കലാപങ്ങൾ. ഇത്രയും അർപ്പണം വേണ്ട മറ്റൊരു സർഗ്ഗാത്മകതയും ഇല്ലതന്നെ. തങ്ങളുടെ നിലനിൽപിനെ അപകടപ്പെടുത്തിയ ചില നിമിത്തങ്ങൾ ജനങ്ങളെ കലാപത്തിലേയ്‌ക്കു നയിക്കുന്നു. മലബാർ കലാപത്തിന്റെയും (1921) സ്‌ഥിതി അതു തന്നെ. മുന്നൊരുക്കങ്ങൾ ഏറെയൊന്നുമില്ലാത്ത ഈ കലാപം നാട്ടിലെ സർഗ്ഗാത്മകതയെ വളരെയേറെ സ്വാധീനിച്ച ഈ കലാപത്തെക്കുറിച്ചുളള വാമൊഴിരൂപങ്ങൾ ഇന്നും സമൂഹത്തിൽ വിനിമയം ചെയ്യുന്നുണ്ട്‌. പൈതൃകങ്ങൾ കൈമാറിയ കലാപത്തിന്റെ ഓർമ്മകൾ കഥകളായും പാട്ടുകളായും ചൊല്ലുകളായുമൊക്കെ നിലനിൽക്കുന്നു. ചരിത്രം എന്തുതന്നെയായിരുന്നാലും അതിനെ ജനങ്ങൾ ഉൾക്കൊണ്ട രീതിയാണ്‌ ഈ വാമൊഴികൾ വ്യക്തമാക്കുന്നത്‌. ഇവ ചരിത്രത്തിൽനിന്നും അകലെയോ അടുത്തോ ആവാം. ചരിത്രത്തെ ഉപജീവിച്ചുളള സർഗ്ഗാത്മകതയാണ്‌ ഇത്‌ വെളിപ്പെടുത്തിത്തരുന്നത്‌.

മലപ്പുറം ജില്ലയിൽ നിന്നും ശേഖരിച്ചതാണ്‌ ഈ കഥകളും ചൊല്ലുകളും.

വാരിയൻ കുന്നത്ത്‌ ഹാജിയെക്കുറിച്ച്‌ പാണ്ടിക്കാട്‌ ഭാഗത്ത്‌ പറയപ്പെടുന്ന കഥ ഃ പാണ്ടിക്കാട്‌, കരുവാക്കുണ്ട്‌, പന്തല്ലൂർ ഭാഗങ്ങളിൽ ഒളിപ്പോർ നടത്തിക്കൊണ്ടിരുന്ന സമയത്ത്‌ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, ഒരു ദിവസം തന്റെ അനുയായികളോട്‌ കോവിലകത്ത്‌ ചെന്ന്‌ കറിവയ്‌ക്കാൻ വല്ലതും വാങ്ങിച്ചുകൊണ്ടു വരുവാൻ ആവശ്യപ്പെടുന്നു. നേതാവിന്റെ ആജ്ഞ കേട്ടയുടൻ അനുയായികൾ കോവിലകത്തു ചെല്ലുകയും അവിടുത്തെ ആലയിൽ നിന്ന്‌ ഒരു പശുവിനെ അഴിച്ചു കൊണ്ടു പോരുകയും ചെയ്യുന്നു. ഹാജി, കറിവയ്‌ക്കാൻ എന്നതുകൊണ്ടുദ്ദേശിച്ചിരിക്കുക, മത്തൻ, വെളളരി പോലുളള പച്ചക്കറികളായിരിക്കും. കാരണം എളുപ്പത്തിലുളള പാചകം നടത്തേണ്ടതുണ്ടല്ലോ. എന്നാൽ അനുയായികളുടെ ഇത്തരം പ്രവർത്തനങ്ങൾ ഹാജിയെ നല്ലൊരു കൊളളക്കാരനാക്കി നിർത്തുന്നതിന്‌ ഏറെ സഹായകമായിട്ടുണ്ട്‌. അതേപോലെ തന്നെ രാത്രികാലങ്ങളിൽ കലാപകാരികൾ വീട്ടിൽ കയറി ചോറും കറിയും ഭക്ഷിച്ചുപോകുന്നതും മോഷണക്കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

പലരും സമ്പന്നരായ കഥ ഃ കലാപസമയത്ത്‌ അതിന്റെ മറവിൽ പലരും സമ്പന്നരായിട്ടുണ്ട്‌. ബാങ്കുകളും ട്രഷറികളും മറ്റും കൊളളചെയ്‌ത കലാപകാരികൾ കറൻസികളും മറ്റും റോഡിൽ വിതറുകയായിരുന്നു (കിലാഫത്ത്‌ രാജ്‌ വരുമ്പോൾ ബ്രിട്ടീഷ്‌ രാജിന്റെ പണം ആവശ്യമില്ല എന്ന്‌ കലാപകാരികൾ പ്രഖ്യാപിച്ചിരുന്നു). അക്കാലത്ത്‌ തിരൂരങ്ങാടിയിൽ അലൂമിനിയം പാത്രങ്ങൾ തലച്ചുമടായി വിറ്റു നടക്കുന്നവരുണ്ടായിരുന്നു. ഇവർ റോഡിൽ ചിതറിക്കിടക്കുന്ന നോട്ടുകൾ വാരിയെടുത്ത്‌ പാത്രക്കൊട്ടയിൽ നിറയ്‌ക്കും. മുകളിൽ വീണ്ടും പാത്രങ്ങൾ വച്ച്‌ സ്‌ഥലം വിടുകയും ചെയ്യും. ഇവർ പിന്നീട്‌ കലാപശേഷം സമ്പന്നരായിമാറി. ഇതേ പോലൊരു കഥ പാണ്ടിക്കാട്‌, മഞ്ചേരി ഭാഗങ്ങളിലും പറഞ്ഞുകേൾക്കുന്നുണ്ട്‌. ഒരു തീയ്യത്തി സന്ധ്യയ്‌ക്ക്‌ വെളിക്കിരിക്കുകയായിരുന്നു. അപ്പോഴാണ്‌ രണ്ടു പേർ ചേർന്ന്‌ ഒരു ചാക്കു നിറയെ സാധനവുമായി വരുന്നത്‌ കണ്ടത്‌. അവർ ചാക്കു നിലത്തിറക്കി ചുറ്റും നോക്കി വിജനമാണെന്നു കണ്ട്‌ ചാക്ക്‌ ഒരിടത്തു വച്ചിട്ടുപോയി. അമർന്നിരിക്കയായിരുന്ന തീയ്യത്തി അവർ പോയശേഷം ചാക്കു നോക്കി. നിറയെ നോട്ടുകെട്ടുകൾ. അവരും ട്രഷറിയിൽ നിന്നും കിട്ടിയപണവുമായി വരികയായിരുന്നു. ഈ ചാക്ക്‌ അവിടെ വച്ചിട്ട്‌ അടുത്ത ചാക്കിന്‌ പോയതായിരുന്നു. ഈ തക്കത്തിൽ തീയ്യത്തി മക്കളെ വിളിച്ചുകൊണ്ടു വന്ന്‌ ചാക്ക്‌ വീട്ടിലെത്തിച്ചു. തീയ്യർ വൻപണക്കാരായി മാറി. ഈ കഥകൾ, കലാപസമയവും സ്വാർത്ഥമതികളുടെ പ്രവർത്തനങ്ങൾ കൂട്ടായ്‌മയ്‌ക്ക്‌ പുറത്തായിരിക്കും എന്നാണ്‌ കാണിച്ചുതരുന്നത്‌. കലാപത്തിന്റെ അന്തസ്സത്ത തന്നെ ചോർന്നുപോകുന്ന അപശ്രുതികളായി ഇവയെ കാണാവുന്നതാണ്‌.

ചെമ്പ്രശേരി തങ്ങളെക്കുറിച്ചുളള കഥ ഃ തങ്ങൾ ഒരു സ്വപ്‌നം കാണുന്നതിലൂടെയാണ്‌ കഥ തുടങ്ങുന്നത്‌. ‘പന്ത്രണ്ടു ചന്ദ്രൻ സൂര്യനുദിക്കുമ്പോൾ’ (പുലർച്ചെ എന്ന അർത്‌ഥത്തിലാവും) പട തുടങ്ങണമെന്നായിരുന്നു, തങ്ങളുടെ സ്വപ്‌നം. ഇതിനുശേഷം ഞാൻ മാറാട്ടു മനയുടെ ചുറ്റുമുളള എല്ലാ ആളുകളെയും കൊല്ലാൻ പോവ്വാണ്‌ എന്ന്‌ തങ്ങൾ പറഞ്ഞുവത്രേ. മനയിലേയ്‌ക്ക്‌ കയറുമ്പോൾ തങ്ങൾ കണ്ടത്‌ തമ്പുരാനെയാണ്‌. കുറേനേരം പരസ്പരം നോക്കി നിന്നു. പക്ഷേ ഒന്നും ചെയ്യാൻ തങ്ങൾക്കു കഴിഞ്ഞില്ല. തിരിച്ചു പോവുകയാണുണ്ടായത്‌. തന്റെ ജൻമിയായ തമ്പ്രാനെ കണ്ടപ്പോൾ തങ്ങൾ പിൻതിരിഞ്ഞു എന്നു പറയുന്നിടത്ത്‌ ഫ്യൂഡൽ സമൂഹത്തിലെ ജൻമി-കുടിയാൻ ബന്ധത്തിലെ ഈടുവയ്‌പ്‌ വളരെ പ്രകടമാണ്‌. അന്ന്‌ ജൻമിക്കും കുടിയാനുമിടയിൽ നിലനിന്നിരുന്ന സാമ്പത്തികേതര ബന്ധം വെളിപ്പെടുത്തുന്ന നല്ല ഉദാഹരണമാണ്‌ ഈ കഥ.

കലാപത്തിനു കാരണമായിമാറിയ ഒരു ‘കുളി’യെക്കുറിച്ചു പറയുമ്പോൾ വിചിത്രമായി തോന്നാം. നിലമ്പൂരിൽ നിന്നു കേട്ട ഒരു കഥ. നിലമ്പൂർ കോവിലകത്തേയ്‌ക്ക്‌ പാട്ടം കൊടുക്കാൻ മുസ്ലീം കുടിയാൻമാർ വിസമ്മതിച്ചിരുന്നു. ഇതു കൂടാതെ ഉന്നതജാതിക്കാർ മാത്രം കുളിക്കുന്ന ഒരു കടവിന്റെ മുകളിൽ വച്ച്‌ കുളിക്കുകയും താളിയും മറ്റ്‌ അഴുക്കുകളും ഒഴുക്കിവിടുകയും ചെയ്‌തു. ഇത്‌ ഉയർന്ന ജാതിക്കാരെ പ്രകോപിപ്പിക്കുകയും സംഘർഷത്തിലെത്തിക്കുകയും ചെയ്‌തുവെന്നാണ്‌ കഥ.

കലാപകാരികൾ ബ്രിട്ടീഷുപക്ഷത്ത്‌ ചേർന്ന്‌ മുസ്ലീംകളേയും വധിച്ചിരുന്നുവെന്നതിന്‌ ഏറ്റവും മികച്ച ഉദാഹരണമാണ്‌ ബ്രിട്ടീഷ്‌ പോലീസായിരുന്ന ചേക്കുട്ടിയുടെ വധം. ചേക്കുട്ടി ഇൻസ്പെക്‌ടർ മാളികപ്പുറത്ത്‌ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ വാരിയൻ കുന്നത്തും കൂട്ടരും എത്തുന്നത്‌. ‘എന്താ കുട്ട്യോളേ വന്നത്‌’ എന്ന്‌ ചേക്കുട്ടി ചോദിച്ചു. ‘തോക്ക്‌ ഹാജരാക്കാൻ’ എന്ന്‌ മറുപടിയും വന്നു. തോക്ക്‌ മലപ്പുറത്ത്‌ ഹിച്ച്‌കോക്കിന്റെ അടുത്താണ്‌ ഏല്പിക്കേണ്ടത്‌ എന്ന്‌ പറഞ്ഞതോടെ വെടിപൊട്ടി. ചേക്കുട്ടിയുടെ നെഞ്ചിൽ കൊണ്ടു. മാളികപ്പുറത്തേയ്‌ക്ക്‌ കയറിയ കലാപകാരികൾ ചേക്കുട്ടിയുടെ തല വെട്ടിമാറ്റി കുന്തത്തിൻമേൽ കോർത്ത്‌ മഞ്ചേരിയിലേയ്‌ക്ക്‌ കൊണ്ടുപോയി.

കൊണ്ടോട്ടി, കലാപവുമായി ബന്ധമുളള ഒരു സ്‌ഥലമാണ്‌. ഇവിടുത്തെ പ്രധാന വ്യക്തിയായിരുന്നു കൊണ്ടോട്ടി തങ്ങൾ. ബ്രിട്ടീഷ്‌ പക്ഷമായിരുന്നതിനാൽ കലാപകാരികൾ തങ്ങൾക്കെതിരായിരുന്നു. നാട്ടുകാരെ ബ്രിട്ടീഷ്‌ ആക്രമണത്തിൽ നിന്ന്‌ രക്ഷിക്കാൻ അവരുടെ പക്ഷം ചേരുകയാണ്‌ താനെന്ന്‌ തങ്ങൾ പറഞ്ഞിരുന്നുവത്രേ. ബ്രിട്ടീഷ്‌പക്ഷം ചേരരുതെന്ന്‌ യൂസുഫ്‌ ഹാജിയുടെ നേതൃത്വത്തിലുളള ഒരു സംഘം സംസാരിച്ചുവെങ്കിലും തങ്ങൾ കൂട്ടാക്കിയില്ല. അങ്ങനെയാണ്‌ വാരിയൻകുന്നത്ത്‌ ഹാജിയും കൂട്ടരും എത്തുന്നത്‌. വെളളിയാഴ്‌ചയായിരുന്നു. ഉച്ചയ്‌ക്ക്‌ നകാരം (പെരുമ്പറ പോലെയാവണം) അടിയ്‌ക്കുന്ന സമയത്താണ്‌ എത്തിയത്‌. ഹാജിയുടെ പ്രധാന സൈന്യാധിപൻ കമ്മു തങ്ങളുമായി സംസാരിക്കുന്നുവെങ്കിലും തങ്ങൾ നിലപാടിൽനിന്നു മാറിയില്ല. തങ്ങൾക്കു നേരെ ആരോ ഡൈനാമിറ്റ്‌ എറിഞ്ഞെങ്കിലും ഫലമുണ്ടായില്ല. കമ്മു തങ്ങൾക്കു നേരെ വെടിവെയ്‌ക്കുന്നു. മൂന്നുവെടിവെച്ചു. ഒന്നാംവെടി ചുമരിനും രണ്ടാംവെടി ജനലഴിക്കും മൂന്നാമത്തേത്‌ ശൂന്യതയിലേയ്‌ക്കും പോയി. പിന്നീട്‌ തങ്ങൾ കമ്മുവിനെ വെടിവയ്‌ക്കുന്നു.

ഒരു വിഭാഗം കലാപകാരികൾ ഈസമയം ‘ഖുബ്ബ’യിൽ കയറി അവിടെയുണ്ടായിരുന്ന ‘ഒല്ലി’ (അലങ്കാരത്തുണികൾ) പിടിച്ച്‌ കഴുത്തിലിടാൻ തുടങ്ങി. ചീത്തയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇത്‌ അവർക്ക്‌ പാമ്പുകളായി തോന്നുകയും ഒഴിവാക്കാൻ ഏറെ പാടുപെടേണ്ടി വരികയും ചെയ്‌തുവത്രേ. ഒല്ലി പിടിച്ച ഉടനേ എവിടുന്നോ ഒരു വെടി പൊട്ടിയതായി തോന്നി. വെളളപ്പട്ടാളം ചുറ്റുമുണ്ടെന്നും അവരാണ്‌ വെടിവെയ്‌ക്കുന്നതെന്നും കലാപകാരികൾ കരുതി ഓടാൻ തുടങ്ങി. പോകുന്നിടത്തൊക്കെ വെളളമുണ്ടെന്നു കരുതി നീന്തി നീന്തിയാണത്രേ ഇവർ നീങ്ങിയത്‌. എന്നാൽ ഒളിപ്പോർ പരിശീലിച്ചിരുന്ന പടയാളികൾ പതുങ്ങിപ്പതുങ്ങി നടക്കുന്നതു കണ്ട്‌ നാട്ടുകാർക്ക്‌ നീന്തുന്നതായി തോന്നിയതാവണം. ഏതായാലും കഥയിലെ കലാപവിരുദ്ധതയും തങ്ങളെക്കുറിച്ചുളള പുകഴ്‌ത്തലും വ്യക്തമാണ്‌. ഒരു പക്ഷേ, കലാപത്തെ പരിഹസിച്ചവർ പടച്ചുവിട്ട കഥയാവാനും ഇടയുണ്ട്‌. എന്തായിരുന്നാലും തങ്ങൾക്ക്‌ മുസ്ലിംകൾക്കിടയിലുളള സ്വാധീനം വെളിപ്പെടുത്തുന്നതിന്‌ ഈ കഥ സഹായകമാണ്‌.

കലാപത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു തുവ്വൂർ (തുവ്വൂർ കിണർ പ്രസിദ്ധമാണല്ലോ). ഇവിടെ കലാപത്തിൽ പങ്കെടുത്ത്‌ രക്തസാക്ഷിത്വം വരിച്ചവരുടെ ഖബറിടങ്ങളുണ്ട്‌. രോഗ സമയങ്ങളിലും മറ്റും അവിടെ വിളക്കു കത്തിച്ചുവച്ചാൽ രോഗശമനമുണ്ടാകുമെന്ന്‌ പരിസരവാസികൾ വിശ്വസിക്കുന്നു. കൂടാതെ നേർച്ചകളും മറ്റും നടക്കുന്നുമുണ്ട്‌. ഇതിൽ ജാതിമത ഭേദങ്ങളൊന്നും തന്നെയില്ല. മറ്റു പലയിടങ്ങളിലും ഇത്തരം വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ടാവാം. വീരാരാധനയുടെ ഒരു രൂപമാണിത്‌. രക്തസാക്ഷികൾക്ക്‌ മുസ്ലിംകൾക്കിടയിലുളള സ്‌ഥാനം മികച്ചതാണല്ലോ. കേരളീയരുടെ വീരാരാധനയുടെ ഒരു രീതി കൂടിയാണിത്‌. കഥകൾ കൂടാതെ കലാപവുമായി ബന്ധപ്പെട്ട ചൊല്ലുകളും പ്രയോഗങ്ങളും ഏറനാടൻ സമൂഹങ്ങളിൽ നിലനിൽക്കുന്നുണ്ട്‌. അവയിൽ ചിലതുമാത്രം.

1. ‘കിലാപത്തിഇകുക’ ഃ ക്ഷോഭിക്കുക, എന്ന അർത്‌ഥത്തിലാണ്‌ ഇത്‌ സാധാരണ പ്രയോഗിക്കുന്നത്‌. ‘ഖിലാഫത്ത്‌’ ഇവിടെ ‘കിലാപത്ത്‌’ ആണെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

2. ‘കിലാപത്തിൽ കൂലിക്ക്‌ ഏറ്റ്വോ?’ ഃ ഏതെങ്കിലും സമയത്ത്‌ വല്ലതും അവിഹിതമായി കൈവശപ്പെടുത്തുന്നുവെങ്കിൽ അത്‌ തിടുക്കപ്പെട്ടായിരിക്കുമല്ലോ. അത്തരം സമയത്ത്‌ ആളെ വിളിക്കാനോ കൂലിക്കാരെ വിളിക്കാനോ ആരും മിനക്കെടാറില്ല. കിട്ടുന്നതുമായി സ്‌ഥലം വിടുന്നതിനെയാണ്‌ ‘കിലാപത്തിൽ കൂലിക്ക്‌ ഏറ്റ്വോ’ എന്ന പ്രയോഗം.

3. ‘കിലാപത്ത്‌ കഴിഞ്ഞ കൊണ്ടോട്ടി പോലെ’ ഃ കലാപത്തിന്റെ അന്ത്യം ദുഃഖപൂർണ്ണമാണെങ്കിൽ ആ പ്രദേശം തികച്ചും നിശ്ശബ്‌ദമായിരിക്കും. കൂടാതെ ഇത്തരത്തിലുളള മൂകമായ ഏതു സന്ദർഭത്തെക്കുറിച്ചും ഇത്‌ ഉപയോഗിക്കാറുണ്ട്‌.

4. ‘ജ്ജ്‌, കിലാപത്തിലെ പാണ്ടൻ കുതിരയാണോ?’ ഃ അഹങ്കാരവും ശൂരത്വവും പ്രകടിപ്പിക്കുന്നവരോട്‌ ചിലർ ഇങ്ങനെ ചോദിക്കാറുണ്ട്‌. ഖിലാഫത്ത്‌ സമയത്ത്‌ കൊണ്ടോട്ടി തങ്ങൾക്ക്‌ ശക്തനായ ഒരു കുതിരയുണ്ടായിരുന്നുവത്രേ.

5. ‘കിലാപത്തിൽ തങ്ങളെ കാണാൻ വന്ന പോലെ’ ഃ കുഞ്ഞഹമ്മദ്‌ ഹാജിയും മറ്റും തങ്ങളെ ആക്രമിക്കാൻ വന്നെങ്കിലും പരാജയപ്പെട്ട്‌ മടങ്ങേണ്ടിവരികയാണല്ലോ ചെയ്‌തത്‌. ഇങ്ങനെ ഉദ്ദിഷ്‌ടകാര്യം സാധിക്കാതെ വരുന്ന സന്ദർഭത്തിൽ പറയുന്നതാണ്‌ ഈ പ്രയോഗം.

6. ‘ചൊല്ലെടാ കലിമ’ – ‘ചൊല്ലിത്താ മാപ്ലേ ഃ കലാപ സമയത്ത്‌ ഒട്ടേറെ മതപരിവർത്തനം നടന്നിരുന്നുവല്ലോ. മതപരിവർത്തനം ചെയ്യപ്പെട്ട ഹിന്ദുക്കൾ മറ്റുളളവരേയും മതപരിവർത്തനത്തിന്‌ വിധേയമാക്കിയിരുന്നുവത്രേ. മതപരിവർത്തനം നടത്തുമ്പോൾ ’കലിമ‘ (ദൈവത്തിലും നബിയിലും വിശ്വസിക്കുന്നുവെന്ന്‌) ചൊല്ലണം.

ഹിന്ദുവിനോട്‌ ചൊല്ലെടാ കലിമ എന്ന്‌ കലാപകാരി പറയുന്നു. അപ്പോൾ ചൊല്ലിത്താ മാപ്ലേ എന്ന്‌ തിരിച്ചും പറയുന്നു. പക്ഷേ പുതുമാപ്ലയ്‌ക്ക്‌ അത്‌ ചൊല്ലിക്കൊടുക്കാൻ അറിയുകയും ഉണ്ടാവില്ല. ഇത്തരം സന്ദർഭങ്ങളിൽ, അതായത്‌ ചോദിക്കുന്നവനും പറയുന്നവനും ഒരു കാര്യം അറിയാത്ത അവസ്‌ഥ വരുമ്പോൾ പ്രയോഗിക്കുന്ന ഒന്നാണിത്‌.

Generated from archived content: pattu_jan7.html Author: mujeeb_rehman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here