അറബി സമസ്‌കാരത്തോടൊപ്പം നമ്മുടെ നാട്ടകത്തേയ്‌ക്കെത്തിച്ചേർന്ന കലാരൂപമാണ് കാലിഗ്രാഫി. ഗ്രീക്ക് ഭാഷയിൽ ‘കല്ലോസ്’ എന്നാൽ മനോഹരം എന്നും ‘ഗ്രാഫെയ്‌ൻ’ എന്നാൽ എഴുത്ത് എന്നും പൊരുൾ. ഖുശ്‌നവിസി‘ എന്ന പേർഷ്യൻ ഭാഷാന്തരം അർത്‌ഥമാക്കുന്നതും അലങ്കാരത്തോടെയുളള എഴുത്ത് എന്നത്രെ. മധ്യകാല അടിമ സമൂഹത്തിലെ ഗോഥിക് ലിപികളുടെ അനുകരണാത്‌മക ചിത്രണമാണ് കാലിഗ്രാഫി എന്ന് ചിലർ. എന്നിരുന്നാലും മധ്യകാല അറേബ്യൻ സംസ്‌കാരപ്പെരുമയുടെ ഭാഗമായാണ് കാലിഗ്രാഫ് വളർച്ചപ്രാപിച്ചത്. മലബാറിൽ കാലിഗ്രാഫി പ്രചാരം നേടുന്നത് അതിന്റെ പ്രായോഗികതയിലൂന്നിയാണ്. ഉറുദു പുസ്‌തകങ്ങൾ അച്ചടിക്കാനുളള ടൈപ്പുകൾ തയ്യാറാക്കുന്നതിന് വേണ്ടിയാണ് 1984 ൽ മലബാറിൽ (ചേന്ദമംഗലൂർ-കോഴിക്കോട്) ഒരു കാലിഗ്രാഫി കേന്ദ്രമാരംഭിച്ചത്. കേരള ഉറുദുപ്രചാര സമിതി ആരംഭിച്ച ഈ കേന്ദ്രം നിരവധി പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.
അറബി അക്ഷരങ്ങളാൽ വിശേഷിച്ചും ഖുർആൻ സൂക്തങ്ങളാൽ ജീവജാലങ്ങളെയും മറ്റും ഭംഗിയായി ചിത്രീകരിക്കുന്നു. അതുപോലെ ജീവജാലങ്ങളുടെ ചിത്രങ്ങൾകൊണ്ട് അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും രചിക്കുന്നുവെന്നതും കാലിഗ്രാഫിയുടെ സവിശേഷതയാണ്. മുളക്കമ്പുകൾ ചെറുതായി മുറിച്ച് ഒരറ്റം ചെരിച്ചുവെട്ടിയെടുത്ത് മഷിയിൽ മുക്കിയാണ് കാലിഗ്രാഫി യാഥാർത്ഥ്യമാക്കുന്നത്. ഓരോ അക്ഷരങ്ങളും ക്ലിപ്തമായ അളവിൽത്തന്നെ വിന്യസിക്കപ്പെടേണ്ടതുണ്ട്. ഹൈദരാബാദിൽ നിന്നെത്തിയ കലാകാരൻമാർക്കായിരുന്നു ഇവിടെ പരിശീലകരായി ആദ്യഘട്ടത്തിലുണ്ടായിരുന്നത്. ഖുർആനിക് സൂക്തങ്ങൾ ചിത്രങ്ങളിൽ ഉപയോഗിക്കപ്പെട്ടത് മുസ്ലീം സാമാന്യജനങ്ങൾക്ക് ഈ കലാരൂപത്തോട് താല്പര്യം പ്രകടിപ്പിക്കുന്നതിനിടയാക്കി. എങ്കിലും ഈ കലാരൂപം നമ്മുടെ സംസ്‌കാരത്തിന്റെ പൊതുധാരയിൽനിന്നും ഏറെ അകലെയാണ് നിലകൊളളുന്നത്.
പറഞ്ഞുതന്നത്‌ഃ- ശ്രീ. കെ. ടി. റഷീദ്, ചേന്ദമംഗലൂർ.
Generated from archived content: nattariv1_dec4_07.html Author: mujeeb_rehman