പൊറാട്ട്‌ നാടകംഃ അരങ്ങും അണിയറയും

വിശ്രമജീവിതവിസ്‌മൃതിയിലാണ്ടുപോയ ഗ്രാമീണതനിമയുടെ ജീവിതമുഹൂർത്തങ്ങൾ നർമ്മ ഭാവനയോടെ അവതരിപ്പിച്ചിരുന്ന ഒരു സാമൂഹിക കലാരൂപമാണ്‌ പൊറാട്ട്‌ നാടകം. പൊറാട്ട്‌ അഥവാ തമാശ വേണ്ടുവോളം ഈ നാടകത്തിൽ അങ്ങോളമിങ്ങോളം നിഴലിച്ചുകാണാം. പരമ്പരാഗത ജീവിതരീതിയെ ഗൗരവതരമായും ഫലിതരൂപേണയും അവതരിപ്പിക്കുന്നതിൽ മികവുറ്റ രീതികൾ അവലംബിച്ചുപോന്നെങ്കിലും പരമ്പരാഗത സംസ്‌കൃതിക്കുണ്ടായ മാറ്റം ഈ കലാരൂപത്തെ സമകാലീനജീവിതശ്രേണിയിൽനിന്ന്‌ ഏറെക്കുറെ തിരസ്‌കരിച്ച മട്ടാണ്‌. 50-60 കൊല്ലങ്ങൾക്കു മുമ്പ്‌ തൃശൂർജില്ലയിലെ ഇടക്കുന്നി, മരത്താക്കര, ഇരവിമംഗലം മുതലായ സ്‌ഥലങ്ങളിൽ പൊറാട്ട്‌ നാടകം ഗ്രാമീണ ഉത്‌സവകാലങ്ങളിൽ നടത്തുക പതിവായിരുന്നു.

സ്‌ത്രീവേഷങ്ങൾ ഈ കലാരൂപത്തിലെ ഒരു അവിഭാജ്യഘടകമാണെങ്കിലും സ്‌ത്രീകളാരും ഇതിൽ പങ്കെടുക്കുന്നില്ല. പുരുഷൻമാർ സ്‌ത്രീവേഷം കെട്ടി അഭിനയിക്കുകയാണ്‌ പതിവ്‌. പാട്ടുകെട്ടാൻ ഒമ്പത്‌ ആളുവേണം. മേളക്കാരടക്കം മൊത്തം പന്ത്രണ്ട്‌ പേർ വേണം. അച്‌ഛൻ എന്നുവിളിക്കുന്ന ഫലിതപ്രദമായ കഥാപാത്രമാണ്‌ കഥാഗതി നിയന്ത്രിക്കുന്നത്‌. അതിനാൽ ഈ കഥാപാത്രം ആരംഭം മുതൽ അവസാനംവരെയും രംഗസ്‌ഥലത്തുണ്ടാവും. അച്‌ഛൻ കഥാപാത്രത്തെ ‘ബഫൂൺ’ എന്നും ‘കോമാളി’യെന്നും കാണികൾ വിശേഷിപ്പിക്കുന്നു. പൊറാട്ടുനാടകത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങൾ ദാസിയും-കച്ചവടക്കാരനും, കുറവനും-കുറത്തിയും, ഇളംകുറത്തിയും; തെക്കനും-തെക്കത്തിയും; മണ്ണാനും-മണ്ണാത്തിയും; കളളനും-കളളിയും; തൊട്ട്യാനും-തൊട്ടിച്ചിയും മുതലായ ദമ്പതിമാരാണ്‌.

ഓരോകഥയും അഭിനേതാക്കളുടെ പാട്ടുകളിലൂടെയും, സംഭാഷണങ്ങളിലൂടെയുമാണ്‌ അവതരിപ്പിക്കുന്നത്‌. കഥാപാത്രങ്ങൾ പാടുന്നത്‌ ഏറ്റുപാടാൻ പിൻപാട്ടുകാരുമുണ്ട്‌. അണിയറയിൽനിന്ന്‌ ‘പിൻപാട്ട്‌’ പാടുന്നതിനൊപ്പം താളക്കൊഴുപ്പേകാൻ ഒരു ചെണ്ടയും ഇലത്താളവും ഉപയോഗിക്കുന്നു. മുറ്റത്തോ പറമ്പിലോ നാട്ടിയ നാല്‌ മുളംകാലുകളിൽ ഒരുകെട്ട്‌ ഓല (ഇരുപതുമടൽ ഓല=40 മെടഞ്ഞ ഓല) മേഞ്ഞ്‌, രംഗപടത്തിനൊരു മല്ലുമുണ്ടും വലിച്ചുകെട്ടിയാൽ പൊറാട്ടുനാടകത്തിനുളള രംഗസ്‌ഥലമായി. ഈ പന്തലിന്റെ മുൻപിലും വശങ്ങളിലും കാണികൾ ഉത്‌സവലഹരിയിൽ തടിച്ചുകൂടുക പതിവായിരുന്നു. വൈദ്യുതവിളക്കുകൾ നാമമാത്രമായിരുന്ന ആ കാലയളവിൽ (നാല്‌പതുകളിൽ) പന്തലിനുളളിൽ ഞാത്തിയിട്ട പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ അണിയറയിൽനിന്നും മേളം ആരംഭിക്കുകയായി. ‘പറ്റും കേളിയടിക്കുക’എന്നാണ്‌ ഈ മേളത്തെ പറയുക. പത്തു-പതിനഞ്ചു മിനിട്ടുനീണ്ടു നിൽക്കുന്ന ഈ മേളം അവസാനിക്കുമ്പോൾ ഫലിത കഥാപാത്രമായ അച്‌ഛൻ രംഗത്തെത്തി നാടൻകളി തുടങ്ങാൻപോകുന്ന വിവരം ത്വരിതഗതിയിൽ പ്രസംഗിക്കുന്നു.

അച്‌ഛൻഃ ‘മാന്യജനങ്ങളെ *നാടകമാണ്‌. പുരാണ, കാലാകരണ, വ്യാകരണ, സുദിനസങ്ക, സമാഗസമാചകൻമാർക്ക്‌ ആദ്യം ഒരു സ്വാഗതം പറഞ്ഞുകൊളളുന്നു. *അശിഷി പ്രധാനപ്പെട്ട പ്രധാനികളെ പ്രമാണികളെന്നേറ്റു പറയുന്ന അതിങ്ങൾ മറ്റും* മാന്യനടീനടൻമാർ സ്‌തുതിയും സ്മൃതിയും ധീരതമന്ദിസ്‌ഫുതം ചെയ്യിച്ചും ആരോഗ്യശാന്തികൾ നേമോച്ചയം എന്നീ ലക്ഷണങ്ങൾ ലക്ഷ്യമില്ലാതെ ചെയ്യിച്ചും*പകിടകളിയിൽ അപകടംപറ്റിയ പഞ്ചപാണ്‌ഡവൻമാരുടെ നെഞ്ചകത്ത്‌ ചെന്നേൽപ്പിക്കുന്ന പാഞ്ചാലിയെന്ന പഞ്ചരന്ത്രന്റെ പൂഞ്ചേലേറ്റ ദുശ്ശാസനൻ പോലെ* കഞ്ചാവുവലി, പഞ്ചസർ, വട്ടമുടി, ചീട്ടുകളി, ഗുസ്‌തിപിടി, വിരിട്ടുപിടി, മുഖംമിനുക്കൽ, നഖംമുറിക്കൽ, സിഗരറ്റുവലി എന്നീ പുതിയ ചരക്കിന്‌ നിരക്ക്‌ വെല വെക്കാമെന്ന്‌ ആസനത്തിൽ ആശാനു ലേശംപോലും തോന്നുന്നില്ല.* താളം പിഴച്ച്‌ മൂളിപ്പാട്ടും പാടി കേളിയേറുന്ന നീത്തുളള കോളേജിൽ ചെന്ന്‌ സ്‌റ്റൂളിലിരുന്ന്‌ പാളേങ്കോടൻ പഴം തൊലിപൊളിച്ച്‌ പൊടിപൊടിച്ച്‌ പ്രസംഗിക്കുന്ന പ്രാശ്‌നിമാരുടെ വാഗ്‌വിലാസം കേട്ട്‌ * മൂക്കിനുവിരൽവച്ച്‌ നോക്കിനിൽക്കും മൂക്കിരുന്നോട്ടെ പഴയ മൂക്കൻ മുറിമൂക്കൻ രാജാവിനെപ്പോലെമൊട്ടോറ്‌ കാറ്‌കേറി തീപ്പോളെറങ്ങി തിരിവനന്തപുരം രേശ്രാപ്പീസിൽ ഹാജരായി, ധർമ്മംരേശ്രാക്കി മർമ്മം മനസ്സിലാവാതെ മാൻസ്വതതിൽ കടന്ന്‌ സ്ലാം പറഞ്ഞ്‌ തത്‌കാലം വിരമിച്ചുകൊളളുന്നു.’

പ്രസംഗം തീരുമ്പോൾ ദാസി രംഗപ്രവേശം ചെയ്യുന്നു. അപ്പോൾ ഫലിതപ്രിയനായ അച്‌ഛൻ ദാസിയോട്‌ ചോദിക്കുന്നു. അച്‌ഛൻഃ നീയെവിടുന്ന്‌ വന്നു. നീയെന്തുകാര്യം പുളെള… ചക്കമടല്‌കാരി പുളെള, മറ്റെ പുളെള…(അച്‌ഛൻ പൊറാട്ട്‌ പറയുന്നതിനിടയ്‌ക്ക്‌ ദാസിയുടെ ഭർത്താവ്‌ കച്ചവടക്കാരൻ കടന്നു വരുന്നു. കച്ചവടക്കാരനോട്‌ എന്തുതരത്തിലുളള കച്ചവടമാണ്‌ ചെയ്യുന്നതെന്ന്‌ അച്‌ഛൻ ചോദിക്കുന്നു.)

അച്ഛൻ ഃ നിങ്ങക്കെന്താ കച്ചോടം?

കച്ചവടക്കാരൻഃ കല്ല്‌ കച്ചോടം

അച്ഛൻ ഃ എന്ത്‌ കല്ലൊക്ക്യാ….?

കച്ചവടക്കാരൻഃ മുത്ത്‌, വൈഡൂര്യം, മാണിക്യം, മരതകം, രത്നക്കല്ല്‌.

അച്ഛൻ ഃ എന്റെ കയ്യില്‌ കുറച്ച്‌ കല്ലുണ്ട്‌. വേണങ്ങെ ഞാൻ തരം.

കച്ചവടക്കാരൻഃ എന്ത്‌ കല്ലാണ്‌ ഉളളത്‌. കേക്കട്ടെ.

അച്ഛൻ ഃ വെട്ട്‌കല്ല്‌, അമ്മിക്കല്ല്‌, വെളളാരംകല്ല്‌, പാറക്കല്ല്‌…

കച്ചവടക്കാരനെ അച്ഛൻ ഇപ്രകാരം അവഹേളിച്ചപ്പോൾ അവർ തമ്മിൽ തർക്കമാകുന്നു. പിന്നീട്‌ എടക്കാരൻ വന്ന്‌ വഴക്ക്‌ തീർക്കുകയും തുടർന്ന്‌ ദാസിയും കച്ചവടക്കാരനും പാടിക്കളിക്കുകയും ചെയ്യുന്നു.

ദാസി ഃ (പാടുന്നു) ദാസികളാടല്ലാ സംഗീതം പാടല്ലാ

പെറ്റമ്മ ചെയ്യുന്ന കോലാഹലങ്ങൾ

എന്നുളള വചാംതാം ചെല്ലുന്നു ചെല്ലുന്നേ

എല്ലാം തടുക്കുന്നു ചെല്ലുന്നുണ്ടേ.

കച്ചവടക്കാരൻഃ (പാടുന്നു) മയംമയക്കുന്ന തെങ്ങുമുണ്ടേ

മയാളാ ചെന്നോരു ഖേദമുളെള

ഇന്നതാ തൊക്ക്യാ കേക്കുന്നോരെ

മംഗളമായ സുസുക്കൾ കേട്ടേ.

ദാസിയും കച്ചവടക്കാരനും തമ്മിലുളള പാട്ടുകളും നൃത്തവും ഒന്നോ രണ്ടോ മണിക്കൂർ നീളുന്നതാണ്‌. ദാസിയും കച്ചവടക്കാരനും വിടവാങ്ങിയാൽ ആദ്യം കുറവനും പിന്നീട്‌ കുറത്തിമാരും രംഗത്തെത്തുന്നു. അവർ തമ്മിലുളള ദൈർഘ്യമേറിയ തർക്കമാണ്‌ തുടർന്നുളള പാട്ടുകളിലൂടെയും നൃത്തത്തിലൂടെയും അവതരിപ്പിക്കുന്നത്‌.

കുറവനും കുറത്തിയും മുഖത്ത്‌ മനയോല ഇടുന്നു. പെണ്ണ്‌ കൺമഷികൊണ്ട്‌ കണ്ണെഴുതുകയും കുങ്കുമം കൊണ്ട്‌ പൊട്ടുതൊടുകയും ചെയ്യുന്നു. കുറവന്‌ മുണ്ടും തലയിൽ രണ്ടാംമുണ്ടുകൊണ്ടൊരു കെട്ടുമുണ്ടാകും. കുറത്തിക്ക്‌ സെറ്റുമുണ്ടും ബോഡി&ബ്ലൗസും, മേൽമുണ്ടുമാണ്‌ വേഷം. കുറവന്റെ കയ്യിലൊരു കുറുവടിയുണ്ടാകും. നൃത്തത്തിനിടയിൽ കുറുവടികൊണ്ടുളള അഭ്യാസങ്ങൾ സർക്കസ്സിലേപ്പോലെ അതിശയകരമാണ്‌.

കുറത്തിയെ കാണാനില്ലെന്നുംപറഞ്ഞ്‌ കുറവൻ അച്‌ഛനെ സമീപിക്കുന്നു. കുറവനുമായി സംസാരിച്ചശേഷം കുറവനോട്‌ പിന്നീട്‌ വരാൻ പറഞ്ഞു. കുറവൻ പോയതിനുശേഷം അച്‌ഛൻ കുറത്തിയെ വിളിച്ച്‌ ചോദിക്കുന്നു.

അച്ഛൻഃ ഇവിടെ ഇത്തിരിമുന്നേ നാണുവെന്നു പേരുളള ഒരു കുറവൻ വന്നിരുന്നു. അയാളെ നിനക്ക്‌ അറിയുമോ?

കുറത്തിഃ അയ്യോ അച്ഛാ, ഞാൻ എന്റെ കുറവനെ അന്വേഷിച്ച്‌ വർവാ.

അച്ഛൻഃ ഞാൻ ഇന്നാള്‌ ഒരാളെ കണ്ടു. അതിനെപ്പറ്റി നിനക്ക്‌ വല്ല വർത്തമാനവും പറയാൻ പറ്റ്വോ.

കുറത്തിഃ (പാടുന്നു) എന്റെ കുറവനെ പൊന്നും കുറവനെ

കാൺമാനെ ഇല്ല്യാ നല്ലച്ഛാ

കാതിൽ കടുക്കനും കൈവിരൽ മോതിരം

കൺമണിനാഥനെ കാൺമാനില്ല…..

കുറത്തി പാടിതീരുന്നതിനുമുൻപ്‌ രണ്ടാമത്തെ കുറത്തി (ഇളംകുറത്തി) വരുന്നു. അവളോട്‌ അച്ഛൻ എല്ലാ വിവരവും ചോദിച്ചറിയുന്നു. ശേഷം കുറവനെ കാണിച്ചുതരാമെന്നു പറഞ്ഞ്‌ സമാശ്വസിപ്പിച്ചുകൊണ്ട്‌ അവരോട്‌ പൊയ്‌കൊളളാനും പറയുന്നു. കുറവൻ വന്നപ്പോൾ കുറത്തിമാർ വന്നകാര്യം മുഴുവൻ അച്ഛൻ പറയുന്നു. അച്ഛന്റെ സഹായത്താൽ കുറത്തിയെ കണ്ടുമുട്ടിയ കുറവൻ പാട്ടുപാടികളിക്കുന്നു. ഒപ്പം കുറത്തിയും പാടികളിക്കുന്നു.

കുറവൻഃ മിത്രഗോത്രം വന്നുപറഞ്ഞാൽ ഉത്തമശ്രീരാമന്‌

പത്തുതേരുളെളാരു പുത്രൻ എത്രയും ശ്രീമാൻ

കുറത്തിഃ തേരുമറ്റുണ്ടെന്നപോലെ ചൊന്നവഴിയെപോലെ

ആരുനൽകി ഈ സ്‌ഥവയോരറിയണം.

കുറവൻഃ നാലുതേരേന്ദ്രാ കൊടുത്തു മൂന്നു തേരേന്ദ്രാ നീ

ചഞ്ചലാക്ഷിമണി രണ്ടു ഭീമകന്ദ്രാ വേണി

കുറത്തിഃ ഗോരയുദ്ധം ചെയ്‌തിടുന്ന നേരമാന്റെ രണ്ട്‌

സാരമായൊരു ആണി പോയത്‌ ഏതുപറയേണം

കുറവൻഃ അമ്പൊടിന്ദ്രാനീ കൊടുത്താകിമ്പമുളെളാരു തേര്‌

അമ്പിടാതാ ആണി മുറിഞ്ഞിടം പ്രിയരായിരിക്ക്യാ

കുറത്തിഃ ഭക്തവത്‌സലനായ നൈവി ചക്രവർത്തിയായി

പുത്രരുണ്ടായോരുകാലം മെത്രവയസ്സു പ്രായം

കുറവൻഃ അറവതുവയസ്സു പ്രായം തിരുവയസ്സുനാളിൽ

നരവലിക്കൃതായനായി നരകജീവിത രാമൻ

കുറത്തിഃ ഉത്തമത്തില്‌ രത്നം മേട്‌ നെയ്‌വിയവും ശ്രീമാൻ

പത്ത്‌ തേര്‌ ഒത്തുനിന്നുയുദ്ധവും ചെയ്‌തീടും.

കുറവനും കുറത്തിയും രാമായണംകഥ പാടി തകർക്കുമ്പോൾ കുറവനെ അന്വേഷിച്ച്‌ രണ്ടാം ഭാര്യയായ ഇളംകുറത്തി ഗൗരി അവിടെ വരുന്നു. അപ്പോൾ അച്ഛൻ അവളോടുപറഞ്ഞു അവന്‌ വേറെ പെണ്ണും കുട്ടികളുമുണ്ട്‌. അതുകേട്ട ഇളംകുറത്തിയും അച്ഛനും കുറവനുമെല്ലാംകൂടി വഴക്കടിച്ച്‌ തല്ലിന്റെ വക്കിലെത്തുന്നു.

ഇളംകുറത്തിഃ (പാടുന്നു) നീട്ടിനച്ഛാ കൈകൾ രണ്ടും കീർത്തിയോടെ മുന്നിൽ

പത്ത്‌ മക്കൾക്കുളളയോഗം ഉണ്ടേനച്ഛാ കൈയിൽ

പകുതിയതിൽ ചത്തുപോകും ചഞ്ചലപ്പെടേണ്ട

അഞ്ചുമക്കൾക്കുളളയോഗം കാൺമാനുണ്ട്‌ അച്ഛാ

നല്‌മക്കൾ യമപുരത്ത്‌ കാലനോടും ചേരും

അതിലൊരുമകനുണ്ട്‌ ഭാഗ്യവാനാണ്‌

ഭാഗ്യവാനാണ്‌ പുത്രൻ കണ്ണുരണ്ടും ഇല്ല.

കണ്ണില്ലെങ്കിൽ പോട്ടേനച്ഛാ കയ്യ്‌ രണ്ടും ഇല്ല.

കയ്യിലെങ്കിൽ പോട്ടേനച്ഛാ കാല്‌ രണ്ടും ഞൊണ്ടീ….

ഇളംകുറത്തിയുടെ സന്താനഭാഗ്യത്തെക്കുറിച്ചറിഞ്ഞപ്പോൾ അച്ഛൻ ദുഃഖിതനാകുന്നു. അപ്പോൾ ഇളംകുറത്തി പറയുന്നു. അച്ഛൻ വിഷമിക്കണ്ട. നമുക്ക്‌ അവനെ വെട്ടോഴിയിൽ (റോഡിൽ) ഉരുള്‌ വലിക്കാനുപയോഗിക്കാം എന്നു പറഞ്ഞു സമാധാനിപ്പിക്കുന്നു.

കുറത്തിഃ മന്നവരെ കരംകാട്ടുമയ്യാ എൻകുറത്തി രേഖചൊല്ലിത്തരാം.

എന്നു പാടിക്കൊണ്ട്‌ ഒരു പാത്രവുമെടുത്ത്‌ ചുറ്റിലും തടിച്ചുകൂടിയ ജനങ്ങളിൽനിന്നും പണപ്പിരിവിനായി വേദിയിൽനിന്നും പുറത്തേയ്‌ക്കിറങ്ങി കാഴ്‌ചക്കാരിൽനിന്നും പാരിതോഷികങ്ങൾ സ്വീകരിക്കുന്നു.

കുറവൻഃ (പാടുന്നു) കുട്ടിച്ചെറുപ്പത്തിൽ നിന്നെ താലികെട്ടിയിരുന്നതും ഞാനെ

തിരുമകനെ തിരു ബാലാ നിന്റെ തിരുമണം ചെയ്യണ വേലാ

വട്ടമൊട്ടൊരു പന്തൽ ഞാൻ ചിട്ടയിലായിവരുന്നേ

ആദിയക്ഷരഗുരുവേ എന്റെ വേദനയ്‌ക്കൊന്നു തുണക്കാ

തിരുമകനെ തിരുബാലാ നിന്റെ തിരുമണം ചെയ്യണ വേലാ

വട്ടമൊട്ടൊരു പന്തൽ ഞാൻ ചിട്ടയിലാടി വരുന്നേ

ആദിയക്ഷരഗുരുവേ എന്റെ വേദനക്കൊന്നു തുണക്കാ

അറുമകാവിലെ പൊന്നേ നല്ല ഗണപതിയല്ലൊടു ചെല്ലാ

ആദിയക്ഷരഗുരുവേ എന്റെ വേദനക്കൊന്നു തുണക്കാ

ആറാട്ടുപുഴപൂരം അതിയമ്പല നടയിലെ വേലാ

വട്ടമൊട്ടൊരു പന്തൽ ഞാൻ ചിട്ടയിലാടി വരുന്നേ

തിരുമകനേ തിരുബാലാ നിന്റെ തിരുമണം ചെയ്യണ വേലാ

വട്ടമൊട്ടൊരു പന്തൽ ഞാൻ ചിട്ടയിലാടി വരുന്നേ

ആദിയക്ഷരഗുരുവേ എന്റെ വേദനക്കൊന്നു തുണക്കാ….

ഇളംകുറത്തിയും, കുറത്തിയും, കുറവനുമായുളള തർക്കം തീർക്കുന്നു.

കുറവൻഃ (പാടുന്നു) ഗണനായകനുടെ ശരണം ചൊന്നെ

ഗുണമൊടു ഞാനിതാ വന്നിക്കുന്നെ

പൊന്നും തമ്പുരാൻമാരുടെ തിരുമുമ്പിൽ ഉന്നിയ കവിയോണർത്തീടുന്നെ

മന്നിൻ സങ്കടമെന്നെപ്പോലെ വന്നുഭവിച്ചവരില്ല ബൃഹത്തിൽ

കണ്ണീർ നീർമിഴിയായൊരു പെണ്ണായ്‌ എന്നുടെ രാജ്യംവിട്ടു

തെക്കുതാ തിരുവനന്തപുരം തന്നിലെ മാലയതല്ലോന്നു ചെല്ലുന്നു.

എവിടെയക്ക്‌ പോകുന്നേ എവിടന്നല്ലൊരു

കുഞ്ഞംകുഞ്ഞങ്ങള്‌ നാത്തോനെ…..

കുറവനും കുറത്തികളും തൃശൂർപൂരത്തിനുപോയ കഥയാണ്‌ അടുത്ത രംഗം. കുറത്തിമാരിൽ മൂത്തവൾ ലക്ഷ്മിയും ഇളംകുറത്തി ഗൗരിയും കൂട്ടംതെറ്റി പോകുകയും അവസാനം അവർ കണ്ടുമുട്ടിയതിൽപിന്നെ തൃശ്ശിവപേരൂരിൽ കണ്ട കാഴ്‌ചകൾ കുറത്തിമാർ പാടിക്കളിക്കുന്നു. അണിയറയിൽനിന്നും പിൻപാട്ടുകൾ അതേറ്റുപാടുന്നു. മേളക്കാർ ചെണ്ടയും ഇലത്താളവുംകൊണ്ട്‌ താളക്കൊഴുപ്പേകുന്നു.

പൂരത്തിനുളള പുതുമകള്‌ ചൊല്ലണ്‌ പൂതിച്ചമോടനാ കേക്കേണ്‌

പച്ചക്കുടകൾ പിടിച്ചിട്ടൊരു പൂരം ഉച്ചക്ക്‌ വന്നങ്ങ്‌ കേറുന്നേ

ശക്തിയ നന്ദൻ സ്വരൂപം വിളങ്ങുന്ന മെച്ചമാം കോലവും കണ്ടല്ലോ

കൊട്ടും കുഴൽവിളി മേളങ്ങള്‌ കേട്ടേ പട്ടൻമാരാനപ്പുറത്ത്‌ ചാടുന്നതുണ്ട്‌

നേരമിരുട്ടുമയങ്ങിയ നേരത്ത്‌ കാമിനിമാർ വന്ന്‌ തൂങ്ങുന്നതുണ്ട്‌

പച്ചക്കുടകൾ പിടിച്ചിട്ടൊരു പൂരം ഉച്ചയ്‌ക്കു വന്നു കേറുന്നേ

നേരമിരുട്ടുമയങ്ങിയ നേരത്ത്‌ കാമിനിമാർ വന്ന്‌ തൂങ്ങുന്നതുണ്ട്‌

മൂത്തുനരച്ചുളള മുത്തൻമാരും ചിലകൂടൻമാരില്ലത്തെ കൂടുന്നേ

ചീനവെടി പൊട്ടി മേൽപോട്ട്‌ പോകുന്നു ഭൂമികുലുങ്ങുമീ കമ്പങ്ങള്‌ പൊട്ടി

കമ്പങ്ങള്‌ പൊട്ടിചിതറി നടക്കുന്നു ഇപ്പടക്കംപൊട്ടി മെക്കട്ടാടിച്ചെ

ശീലസരങ്ങളെ തെയ്യംപിടിച്ചെ

തട്ടിക്കളഞ്ഞവർ പിന്നെയും മേൽപോട്ട്‌ നോക്കുന്നേ

പണ്ട്‌ മൂരിച്ചന്തയായിരുന്ന സ്‌ഥലത്താണ്‌ ഇന്നുളള തൃശൂർ മുൻസിപ്പൽ ഓഫീസ്‌ പണിതീർത്തതെന്നും അതിന്റെ ഭംഗിയേയും ശക്തൻതമ്പുരാന്റെ പ്രതിമയും തൃശൂർ കാഴ്‌ചബംഗ്ലാവും കണ്ട കാര്യങ്ങൾ വളരെ അതിശയത്തോടുകൂടിയാണ്‌ അടുത്ത പാട്ടിൽ വർണ്ണിച്ചിരിക്കുന്നത്‌.

ഭൂലോകം തന്നിലെ പുതുമകള്‌ കേട്ട്‌

കലികാലത്ത്‌ കഴിഞ്ഞിട്ടുളള കൗതുകപണികള്‌ നോക്കുവിൻ

പണ്ട്‌കാലം മുരുച്ചന്ത വാണിടും സ്‌ഥലത്ത്‌

ചന്തമായി മൊന്തുതീർത്തൊരു കെട്ടിടവും തീർത്ത്‌

മേടമാർകിയ കോണുഗോപുരംമോടുപണികള്‌ കാൺമാൻ

തിടുക്കനെ കഥയുരച്ചുകൊളളുവാൻ വടക്കുംനാഥൻ തുണക്കും

ചുറ്റുമതിൽ എട്ടുവട്ടം കെട്ടിയിട്ടുളെളാരു ചിട്ട

എട്ടുനിലകള്‌ കണ്ടാലെത്രയോ തട്ട്‌ പണികൾ വിചിത്രം

ലോകം മുഴുവൻ ലൈറ്റുകിട്ടുവാൻ ലാസുമുകൾ നാട്ടി

കാലപരിഷ്‌കാരംകൊണ്ട്‌ കാന്തമതിലുനാട്ടി

കൃത്യസമയം അറിയുവാനായി വാച്ച്‌ അതിൻമേൽ നോക്കി

സമയംനോക്കി വാച്ച്‌കളെ അതില്‌യാടിച്ചെ.

ചന്തമായ റോട്ടിലൊരു തറപണിതീട്ടുണ്ട്‌

അവിടെനിന്ന്‌ കിഴക്കോട്ട്‌ നോക്കിയാല്‌

മാർക്കറ്റ്‌ അങ്ങാടികള്‌ എവടെയുതുണ്ട്‌

കുപ്പിഭരണി നല്ല നല്ല കണ്ടിടാമതെല്ലാം

കുപ്പികളും നല്ലതൊരു കവിടിപ്പിഞ്ഞാണങ്ങളും

അക്കരക്കാര്‌ ഇക്കരെവന്ന്‌ ചക്കരവിക്കുന്നുണ്ട്‌

മാപ്പളമാര്‌ മത്‌സരമായി മത്‌സ്യം വിൽക്കുന്നുണ്ട്‌

തൃശൂർപൂരം കണ്ടുടനതികാലത്തെഴുന്നേറ്റുകുളിച്ചേ

കൂറുളളവരൊറ്റക്കങ്ങൂണിനു ഗമിച്ചെ

ജോറായുളെളാരു കാഴ്‌ചബംഗ്ലാവിൽ ഗമിച്ചെ

രണ്ടാൾകള്‌ ഉയരൊളളമതിലതിലുണ്ടൊരു മൃഗം

വൻപറ്റം കുരങ്ങും കടലാമകളും ചൊൾക്കെ

രാവും പകലും ചെറുകിളികൂമന്നൂ പകിട്ടും

രാത്രിയിൽ ചെങ്ങല്ലൂർ ആനത്തലകണ്ടെ.

അയ്യൊ. അച്ഛോ, ഇങ്ങനെയാണ്‌ ഞങ്ങൾ തൃശൂർ പൂരവും കാഴ്‌ചബംഗ്ലാവും കണ്ടത്‌.

കുറത്തിഃ അച്ഛാ, അന്റെ കുറവനെ കാണിച്ചുതരണം. എന്റെ കുറവനെ കാണാതെ എനിക്ക്‌വല്യേ പൊരിച്ചിലുണ്ട്‌ അച്ഛാ…

അച്ഛൻഃ അവൻ മരിച്ചുപോയി. (ഫലിതരൂപത്തിൽ പറഞ്ഞു) സംസാരമദ്ധ്യേ കുറവൻ രംഗത്തുവന്ന്‌ കുറത്തിമാരോട്‌ തർക്കിക്കുന്നു.

കുറവൻഃ നിങ്ങള്‌ വ്യഭിചാരത്തിന്‌ പോയിട്ടുണ്ടാകും. അതല്ലാതെ ഇതുവരെ എവിട്യാരുന്നു?

ഇളംകുറത്തിഃ ഇല്ല. ഞങ്ങള്‌ കൂട്ടംതെറ്റി പോയതാണ്‌. തുടർന്ന്‌ തർക്കം പാടുന്നു.

കുറത്തിഃ കളളിനിന്നുടെ പേരുകളിടി കണവനെത്ര ന്യായം

കളളിവളർന്ന മാറൊറക്കെ ഞാനുളളതുപറയേണം.

ഇളംകുറത്തിഃ അറുക്കുവാനുളള മുറപ്പ്‌ നിനക്ക്‌ ശീലക്കല്ലേടി കളേള്യ

ശിലക്കല്ലേടി നിന്റെ മുലക്ക്‌യിത്ര ചാട്ടം.

കുറത്തിഃ ഇല്ലിമുളേളാടിച്ച്‌ ഇവള്‌ പല്ല്‌കുത്തി നടക്കും മറ്റ്‌

കണ്ടരാല്യക്കാരോടവള്‌ നെഞ്ഞൊരച്ചൊരു വാക്ക്‌

ഇളംകുറത്തിഃ നേരം വെളുത്ത ഇവള്‌ക്കൊരു തവരക്കാര്‌ പായ

അസ്തമത്താ ഇവള്‌ക്കാണ്‌ അതിശയമായൊരു മെത്ത

കുറത്തിഃ പാടിക്കിട്ടിയ ബാരികടല പരങ്ങി തിന്നുവാൻ വേണ്ടി

കോട്ടമെ പൊന്ന്‌ അനുസരിച്ചൊരു അനുസരിച്ചൊന്നുമൂളി

ഇളംകുറത്തിഃ ഗോപുരം പടിക്കലുണ്ടൊരു കോടിജനക്കൂട്ടം

ഓടി നിന്റെ വരവിനെകാട്ടെത്ര ജനക്കൂട്ടം

കുറത്തിഃ നേരം വെളുത്ത്‌ വട്ടിടെത്ത്‌ കക്ഷത്തുംവച്ച്‌ അച്ഛോ

കക്ക നല്ല അങ്ങാടി തെണ്ടീ കൊക്കര അങ്ങാടി തെണ്ടീത്‌ കുട്ടിയെ കിടക്കെ

ഇളംകുറത്തിഃ ഗോപുരംപടിക്കലുണ്ടൊരുകോടി ജനക്കൂട്ടം

ഓടി നിന്റെ വരവിനെ കാട്ടെത്ര ജനക്കൂട്ടം

കുറത്തിമാർ തമ്മിലുളള തർക്കം മൂത്തപ്പോൾ അച്ഛനിടപെടുന്നു. ഒടുവിൽ കുറവന്റെ ഭാര്യമാരായ കുറത്തിയേക്കൊണ്ടും ഇളംകുറത്തിയേക്കൊണ്ടും കുറവന്റെ കാല്‌പിടിച്ച്‌ സത്യം ചെയ്യിക്കുന്നു. കുറവന്റെ കാൽക്കൽ കുറത്തിമാർ പാടി സത്യം ചെയ്യുന്നു.

ഗുരുവായൂരപ്പാ വടക്കുംനാഥാ നാണൂന്റെ പാതാകെ സത്യമാണെ

നിങ്ങറിയാതൊരു പുരുഷനെ തൊട്ടിട്ടില്ല.

നാണൂന്റെ പാതാകെ സത്യമാണെ

കുറവൻ പാടിക്കളിക്കുന്നു. നിങ്ങടെ സത്യവും കൈക്കൊണ്ടു ഞാൻ

ശ്രീരാമൻ സീതയെ പിരിഞ്ഞിട്ടില്ലെ ശ്രീരാമൻ സീതയെ പിരിഞ്ഞിട്ടില്ലെ

നിങ്ങളെ സത്യവും കൈക്കൊണ്ടു ഞാൻ എന്ന്‌ പാടിക്കൊണ്ട്‌ തളർന്നിരുന്നുപോയ രണ്ടു ഭാര്യമാരേയും പിടിച്ചെണീപ്പിച്ചുകൊണ്ട്‌ കുറവൻ അച്ഛനോട്‌ യാത്ര ചോദിക്കുന്നു

കുറവൻഃ (പാടുന്നു) അച്ഛാ ഞങ്ങൾക്ക്‌ നാട്ടില്‌ പോകണം

പോകണം തമ്പുരാനേ നാട്ടിൽചെന്ന്‌ ചേരേണം കൂട്ടുകാരെ

ഓണം വര്‌ണു, വിഷു വര്‌ണു, പിന്നെ പൂരം വര്‌ണു വെടി വര്‌ണു

പോകണം തമ്പുരാനേ നാട്ടിൽ ചെന്ന്‌ ചേരേണം കൂട്ടുകാരെ

അച്ഛൻമാർ തന്നുളെളാരു കാശും മറക്കില്ല

അമ്മമാർ തന്നുളെളാരു ചോറും മറക്കില്ല

പോകണം തമ്പുരാനെ നാട്ടിൽ ചെന്ന്‌ ചേരേണം കൂട്ടുകാരെ.

ഞങ്ങള്‌ പോവ്വാ, ഇനി വരുകൊല്ലം വരാം എന്നു പറഞ്ഞ്‌ കുറവനും കുറത്തിയും പോകുന്നു. കളിക്കാരുടെയും കാഴ്‌ചക്കാരുടെയും ആവശ്യാനുസരണം അവതരണദൈർഘ്യം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുക പതിവാണ്‌. കുറവന്റെയും കുറത്തിയുടെയും ഭാഗം കഴിഞ്ഞാൽ തെക്കൻ-തെക്കത്തി, മണ്ണാൻ-മണ്ണാത്തി, കളളൻ-കളളി, തൊട്ട്യാൻ-തൊട്ടിച്ചി, ചെറുമൻ-ചെറുമി, കളളൻ-പൂക്കാരി തുടങ്ങിയവരുടെ വേഷങ്ങളും പാട്ടുകളും ഇഷ്‌ടാനുപാതം പാടുകയുമാകാമെങ്കിലും അതിബൃഹത്തായ ഒരു നാടകാവതരണശൈലി പുറാട്ടിനുണ്ടായിരുന്നു. ആശാരി, പറയൻ, പുലയൻ, മണ്ണാൻ, പാണൻ തുടങ്ങിയ ജാതിയിൽ പെട്ട ആളുകളാണ്‌ പൊതുവിൽ ഈ കലാരൂപം കൈകാര്യം ചെയ്യുന്നത്‌. ജാതീയ ആചാരങ്ങളുടെ നൻമ തിൻമകളെ സരസമായി കൈകാര്യം ചെയ്‌തിരുന്ന ഈ കലാരൂപമിന്ന്‌ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. പൊറാട്ട്‌ നാടകത്തിന്‌ “മനോരഞ്ജം” എന്ന പേരുമുണ്ടത്രെ. വല്ലങ്ങി വേലായുധൻ ഈ കലയിൽ പ്രഗത്‌ഭനായിരുന്നെന്ന്‌ ഇടക്കുന്നിയിലെ ആണ്ടിമകൻ വാസു ഇന്നും ഓർക്കുന്നു. വർഷങ്ങൾക്കു മുൻപ്‌ അന്തരിച്ച ‘എരമംഗലം’ (ഇരവിമംഗലം) കുഞ്ഞുവേലുവും വളളിശ്ശേരിയിലെ തട്ടാൻമാരായിരുന്നു ഇടക്കുന്നി ഗ്രാമത്തിൽ ഇന്നുശേഷിപ്പുളള പൊറാട്ട്‌ കലാകാരൻമാരുടെ ആശാൻമാരായിരുന്നു. ഗ്രാമങ്ങളിലേയ്‌ക്ക്‌ സംസാരിക്കുന്ന സിനിമയുടെ ചുവടുവയ്‌പ്‌ തുടങ്ങിയിട്ടില്ലാത്ത ആ കാലഘട്ടത്തിൽ പൊറാട്ടുനാടകത്തിന്‌ ഏറെ പ്രാധാന്യവും ജനപങ്കാളിത്തവും ലഭിച്ചിരുന്നുവെന്ന്‌ ഇടക്കുന്നിയിലെ ഉണ്ണിച്ചെക്കനും (82 വയസ്സ്‌), വാസുവും (73 വയസ്സ്‌) ആർദ്രതയോടെ ഓർക്കുന്നു.

തൃശൂർ താലൂക്കിൽ പുഴക്കൽ വില്ലേജിൽ മുതുവറയിലെ ടി.കെ. അപ്പു (62 വയസ്സ്‌) സാംസ്‌​‍്‌ക്കാരിക മാറ്റത്തെ കൂസാതെ ഇന്നും ഈ കലാരൂപം കൈകാര്യം ചെയ്യുന്നു. പൊറാട്ട്‌ നാടകത്തിന്‌ കഥയിലും പാട്ടുകളിലും പ്രാദേശിക വ്യത്യാസങ്ങൾ അല്പാല്പമുണ്ടെങ്കിലും പൊറാട്ടാണ്‌ പൊറാട്ട്‌ നാടകത്തെ വളർത്തിയതും തളർത്തിയതും.

Generated from archived content: purattu_oct1.html Author: ms_mahendrakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English