തട്ടാപ്പണി

ഭൗതികലോകത്തിന്റെ ശില്പികളായിരുന്നു വിശ്വകർമ്മജർ. യാന്ത്രികജീവിതത്തിന്റെ മലവെളളപ്പാച്ചിലിൽ ഇവരുടെ ബ്രാഹ്‌മണ്യവും അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വിശ്വകർമ്മജരിൽ ഏറ്റവും സൂക്ഷ്‌മമായ കരകൗശല മേഖല കൈകാര്യം ചെയ്യുന്നവരാണ്‌ തട്ടാൻമാർ. ജൻമസിദ്ധമായ സൂക്ഷ്‌മതയും കലകളോടുളള താല്പര്യങ്ങളും ഭാവനാശീലങ്ങളും ഉയർന്ന വിജ്‌ഞ്ഞാനശീലങ്ങളും ഇവരുടെ പ്രത്യേകതകളാണ്‌. രാജവാഴ്‌ചാകാലങ്ങളിൽ ഇവരെ ദേശത്തെ തട്ടാൻമാരായി ഓരോ പ്രദേശത്തും ജനങ്ങൾ വാഴിച്ചിരുന്നു. രാജകൊട്ടാരങ്ങളിൽ മറ്റു ജാതിക്കാർക്കില്ലാത്ത സ്വാതന്ത്ര്യം ഇവർക്കുണ്ടായിരുന്നു. അന്തഃപുരസ്‌ത്രീകളുടെ ആഭരണങ്ങൾതൊട്ട്‌ ക്ഷേത്രപ്രതിമകളും രാജകിരീടങ്ങളും കൊട്ടാരങ്ങളിൽതന്നെ താമസിച്ച്‌ ഇവർ ഉണ്ടാക്കിയിരുന്നു.

അക്കാലത്ത്‌ ക്രിസ്‌ത്യൻ ദേവാലയങ്ങൾക്കുവേണ്ടിയും തട്ടാൻമാർ പണി ചെയ്‌തിരുന്നു. പളളിയിലെ പൊൻകുരുശുകൾതൊട്ട്‌ വികാരികൾ ഉപയോഗിക്കുന്ന മാലകളിലെ കുരിശുകളും മാലകളുംവരെ അക്കാലത്തു നിർമ്മിച്ചിരുന്നു. പഴയകാലത്തെ പ്രസിദ്ധമായ ചില ആഭരണങ്ങളാണ്‌ ഇളക്കത്താലി, പൂത്താലി, പാലയ്‌ക്കാകൊണ്ടുളള വിവിധതരം ആഭരണങ്ങൾ, ദശാവതാരംവളകൾ, പവിത്രക്കെട്ട്‌ മോതിരം, ദേവീദേവൻമാരുടെ ചിത്രങ്ങൾ, അച്ചിൽ ഉണ്ടാക്കിയെടുത്ത ലോക്കറ്റുകൾ, വിവിധതതരം മോഡൽ മാലകൾ, മേനക, ശകുന്തള, റങ്കൂണടി, കയറുപിരി, നാഗവളളി, അരഞ്ഞാൺ, ഉറി, കനക, കാശുമാല, പൂക്കുലക്കണ്ണി, തൊരട്‌, വൈരമിന്നി തുടങ്ങിയവ സ്വർണ്ണപ്പണിയിൽ ഏറെ വൈദഗ്‌ദ്ധ്യം ആവശ്യപ്പെടുന്ന മേഖലയാണ്‌. കല്ല്‌ പതിച്ചുണ്ടാക്കുന്ന ആഭരണത്തിന്‌ വളരെ സൂക്ഷ്‌മമായ കൊത്തുപണികളും ചെതുക്കുകളും വേണം. ജൻമനക്ഷത്രക്കല്ലുകൾ കൊണ്ടും നവരത്നങ്ങൾകൊണ്ടും ആഭരണങ്ങൾ ഉണ്ടാക്കുന്നതിന്‌ കലാപരമായ കൊത്തുപണികളിലും ചെതുക്കുകളിലും വൈദഗ്‌ദ്ധ്യം നേടിയവർക്കുമാത്രമേ സാധിക്കുകയുളളു. വളരെ സൂക്ഷ്‌മമായ ഉളികൾകൊണ്ട്‌ ലോഹഭാഗം ചെത്തിയെടുക്കുന്നതിനാണ്‌ ചെതുക്കൽ എന്നു പറയുന്നത്‌. ഈ ഉളികളെ ഗ്രേവർ എന്നുവിളിക്കുന്നു. ഇതുപയോഗിച്ച്‌ പണിയുന്നവരെ എൻഗ്രേവേഴ്‌സ്‌ എന്നും വിളിക്കുന്നു. സ്വർണ്ണാഭരണങ്ങളിൽ പേരെഴുതി പിടിപ്പിക്കുന്ന മേഖലയ്‌ക്കും ഏറെ കലാപരമായ വൈദഗ്‌ദ്ധ്യം ആവശ്യമാണ്‌. സുതാര്യവും നേരിയതുമായ വാളുകളും ഗ്രേവറുകളും ഇതിനുവേണ്ടി ഉപയോഗിക്കുന്നു.

ദേശത്തെ തട്ടാൻമാർ കല്യാണത്തിനുളള താലിപണിയുന്നതിന്റെ അനുഭവങ്ങളനുസരിച്ച്‌ ഭാവിഫലങ്ങൾ പ്രവചിച്ചിരുന്നു. വിഘ്‌നങ്ങളൊന്നുമില്ലാതെ താലിപ്പണി പൂർത്തിയാക്കാൻ തട്ടാന്‌ സാധിച്ചാൽ നല്ല ഭാവിഫലങ്ങൾ ഉണ്ടാവുമെന്ന്‌ പഴയ കാലത്ത്‌ വിശ്വസിച്ചിരുന്നു. തട്ടാനെ വീട്ടിൽ വിളിച്ചുവരുത്തി കുട്ടികളുടെ ‘കാതുകുത്ത്‌’ വളരെ വിപുലമായരീതിയിൽ നല്ല തറവാട്ടുകാർ ഈ അടുത്തകാലംവരെ ആഘോഷിച്ചിരുന്നു. മറ്റു വിശ്വകർമ്മ മേഖലകളിൽനിന്നു വ്യത്യസ്‌തമായി കണക്കുകൾ സ്വർണ്ണാഭരണനിർമ്മാണരംഗത്ത്‌ തുലോം കുറവാണ്‌. ശരീരത്തിൽ ഉപയോഗിക്കുന്ന ആഭരണങ്ങൾക്കാണ്‌ കണക്കുകളുടെ ആവശ്യം കൂടുതൽ വരുന്നത്‌. ഒരുപിടി മാല ഏകദേശം മൂന്ന്‌ ഇഞ്ച്‌ കണക്കാക്കുന്നു. മാലകൾ സാധാരണ സ്വർണ്ണക്കമ്പികൾ കൊണ്ടാണ്‌ ഉണ്ടാക്കുന്നത്‌. ഒരു പിടി മാലയുണ്ടാക്കാൻ നീളത്തിന്റെ നാലിരട്ടി മുതൽ പതിനാറ്‌ ഇരട്ടിവരെ ഓരോ തരത്തിനനുസരിച്ച്‌ കമ്പി ആദ്യം ഉണ്ടാക്കുന്നു. പിന്നെ കണ്ണികളാക്കി കോർത്ത്‌ ഉണ്ടാക്കുന്നു. ചിലത്‌ മെടയുന്നു.

മറ്റു ലോഹങ്ങളെപോലെത്തന്നെ മർദ്ദനമേല്‌ക്കുമ്പോൾ കാഠിന്യം കൂടുകയും ചൂടാക്കി പഴുപ്പിക്കുമ്പോൾ പതംവരുകയും ചെയ്യുന്നു. സ്വർണ്ണവും വെളളിയും ചെമ്പും നിശ്ചിത അനുപാതത്തിൽ ചേർത്തുരുക്കിയാണ്‌ വിളക്കുപൊടി എന്നറിയപ്പെടുന്ന ലോഹസങ്കരം ഉണ്ടാക്കുന്നത്‌. ഇതുപയോഗിച്ച്‌ സ്വർണ്ണാഭരണങ്ങൾ വിളക്കിയെടുക്കുന്നു. ഇപ്പോൾ വിളക്കുപൊടിക്കുപകരം കാഡ്‌മിയം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്‌ വലിയ പാരിസ്‌ഥിതികപ്രശ്‌നങ്ങളുണ്ടാക്കുന്നു. കാഡ്‌മിയം ഘനലോഹമായതുകൊണ്ടുതന്നെ മാരകമാണ്‌ എന്ന സത്യം ഭൂരിഭാഗം തൊഴിലാളികൾക്കും അറിയില്ല.

ആധുനികവല്‌ക്കരണം ഈ മേഖലയിലെ കരകൗശല സാദ്ധ്യതകളെ അന്യാധീനപ്പെടുത്തുകയാണ്‌. കരകൗശല മേഖലയ്‌ക്കപ്പുറം ഇന്ന്‌ ഈ തൊഴിൽ ഹോൾസെയിൽ ഇൻഡസ്‌ട്രീസ്‌ ആയി മാറ്റപ്പെട്ടുകൊണ്ടിരിക്കയാണ്‌. ഇന്ന്‌ ഇതാർക്കും കടന്നുചെല്ലാവുന്ന ഒരുതൊഴിൽ മേഖലയാണ്‌. പത്താംക്ലാസ്സുകഴിഞ്ഞാൽ സ്വർണ്ണപ്പണിക്കുപോവുക എന്നൊരു കാഴ്‌ചപ്പാട്‌ ഈ അടുത്ത ഏതാനും കാലയളവിൽ ജനങ്ങൾക്കുണ്ടായിരുന്നു. ആവശ്യത്തിലധികം തൊഴിലാളികളും സ്‌ഥാപനങ്ങളും തൊഴിൽ മേഖലയെ പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കയാണ്‌. മണ്ണും പെണ്ണും പൊന്നും മനുഷ്യന്റെ ഭാവനയ്‌ക്കനുസരിച്ച്‌ വിളയുന്നവയാണ്‌. ആഭരണം കരകൗശലക്കാരന്റെ ഭാവനയാണ്‌. ഭാവനകാണാനുളള സിദ്ധി ദൈവാനുഗ്രഹമാണ്‌. യാന്ത്രികത ദൈവാനുഗ്രഹമാകുന്നില്ല. ഇനി കമ്പ്യൂട്ടർ യുഗത്തിന്റെതാണ്‌ ലോകമെങ്കിലും മനുഷ്യവംശം നിലനില്‌ക്കുന്നിടത്തോളം അവനിൽ ഭാവനയുടെ കെടാത്ത തിരിനാളം ഉണ്ടായിരിക്കും.

ഇപ്പോഴത്തെ യന്ത്രവൽകൃത ഡൈകൾക്കുപകരം ലോഹസങ്കരമായ ഓടുകൊണ്ടു നിർമ്മിതമായ ഓട്ടച്ചുകളിൽ വിവിധരൂപങ്ങൾ സ്വർണ്ണത്തിൽ അടിച്ചെടുത്തിരുന്നു. ഈ രീതികളിൽ പണ്ടുണ്ടായിരുന്ന വിവിധതരം ആഭരണങ്ങളും രൂപങ്ങളും താഴെ ചേർക്കുന്നു. മേയ്‌ക്കാമോതിരം (ക്രിസ്‌ത്യൻസ്‌ത്രീകൾ ചെവിക്കുമുകളിൽ ഞാത്തിയിടുന്ന വളയ ആഭരണം), കൊന്തയുംകുരിശും, കാതല, പെറ, ചിറ്റ്‌, തകിട്‌ ഞെറിഞ്ഞുകൊത്തിയ ചിറ്റ്‌, അരപ്പട്ട (ഇവ പ്രധാനമായും മുസ്ലീംസ്‌ത്രീകൾ ഉപയോഗിക്കുന്നു), മുല്ലമൊട്ട്‌, മാങ്ങ, നാഗപടം, തോട (പ്രധാനമായും ഹിന്ദുസ്‌ത്രീകൾ ഉപയോഗിക്കുന്നു), വളളിക്കമ്മൽ ചെവിത്തട്ട വലിയ ദ്വാരമാകുമ്പോൾ വയസ്സായ സ്‌ത്രീകൾ ഉപയോഗിക്കുന്നു, ഏലസ്സുകൾ-പരന്ന വലിയ ഏലസ്സുകൾ. രണ്ടഗ്രഭാഗത്തും മണി കെട്ടിയിരിക്കുന്നു. ഉളള്‌ പൊളളയായ ആഭരണങ്ങളിൽ കോലരക്ക്‌ നിറച്ചിരുന്നു. കടുക്കൻ-വളളിക്കടുക്കൻ ചിറ്റുകടുക്കൻ എന്നിവ ആണുങ്ങളുടെ പൗരുഷത്തിന്റെ പ്രതീകമായി പഴയകാലത്ത്‌ ഒറ്റക്കാതിൽ അണിഞ്ഞിരുന്നു. പ്രധാനമായും ചുവന്ന കല്ലുകൾ പതിച്ചിരുന്നു. നൂല്‌-സ്വർണ്ണത്തിന്റെ ഏറ്റവും നനുത്ത കമ്പി തലപ്പുവളഞ്ഞ സൂചി പണിയായുധമാക്കി കുത്തിമെടഞ്ഞ്‌ ഉണ്ടാക്കുന്നു. വിളക്കില്ലാത്ത നൂലിന്‌ ഇന്നും പ്രിയമാണ്‌. മരത്തിൽ പ്രത്യേകതരം കുറ്റികളുപയോഗിച്ച്‌ നൂലച്ചുകൾക്ക്‌ തടയിട്ട്‌ പഴയകാലത്ത്‌ സ്വർണ്ണക്കമ്പികളുണ്ടാക്കിയിരുന്നു.

ഇന്ന്‌ സ്വർണ്ണം ശുദ്ധീകരിക്കുന്നത്‌ ആസിഡുകൾ ഉപയോഗിച്ചാണ്‌. പഴയ രീതിയിൽ സ്‌ഫുടംചെയ്‌താണ്‌ സ്വർണ്ണം ശുദ്ധീകരിച്ചിരുന്നത്‌. പഴയ ഉരുപ്പടികൾ ഉരുക്കി തകിടുകളാക്കുന്നു. പിന്നീട്‌ വെട്ടുകല്ലും ഉപ്പും ചേർത്തരച്ച മിശ്രിതത്തിൽ ഇടവിട്ട്‌ തകിടുകൾവച്ച്‌ ഒരുകുഴിയിൽ ചകിരി കൂനയുണ്ടാക്കി സ്‌ഫുടം ചെയ്‌തെടുക്കുന്നു.

ഓട്ടച്ചിൽ വാർത്തെടുക്കുന്ന വഴിപാട്‌ രൂപങ്ങൾ – ലക്ഷ്‌മിനാരായണൻ, സരസ്വതി, ഗുരുവായൂരപ്പൻ, ശിവൻ, ബ്രഹ്‌മാവ്‌, മഹാവിഷ്‌ണു, ഭദ്രകാളി, ആലിലകൃഷ്‌ണൻ, വിവിധതരം ആൾരൂപങ്ങൾ, പശുവുംകിടാവും, ആട്‌, പാമ്പുംമുട്ടയും, കണ്ണ്‌, മൂക്ക്‌, ചെവി, കൈകൾ, കാലുകൾ, മുഖം തുടങ്ങിയ മനുഷ്യശരീരഭാഗങ്ങൾ.

പഴയ പണിയായുധങ്ങൾ ഇന്നും ചിലവ ഉപയോഗിക്കുന്നു.

1. പൊളള കടയുന്ന അച്ച്‌ പൊളളകൾ ഒരേ ആകൃതിയിലാക്കുന്നു.

2. അടോലും ചുറ്റികയും സ്വർണ്ണം നീട്ടാനും പരത്താനും ഉപയോഗിക്കുന്നു.

3. നെരിപ്പോട്‌- നെല്ലിന്റെ ഉമി, ചിരട്ടക്കരി എന്നിവ ഉപയോഗിക്കുന്നു. ഉരുക്കുന്നതിനും കാച്ചുന്നതിനും പൊളളകളുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.

4. കുഴൽ, കൊടിൽ, പറ്റുകൊടിൽ, പിടിച്ചുരാവിക്കൊടിൽ, ചവണകൾ, പൊടിചവണകൾ, കത്രികകൾ, തോത്‌ കത്രികകൾ, ഈളികകൾ രണ്ടുതലയും പരന്ന്‌ കൂർത്ത ഉപകരണം, ചീവുളികൾ-ചീവാൻ ഉപയോഗിക്കുന്നു. ഓപ്പക്കതിർ-സ്വർണ്ണാഭരണങ്ങൾ ഉഴിഞ്ഞ്‌ മിനുക്കുന്ന ഉപകരണം, നൂലുകൾ ഇവയൊക്കെ അന്നും ഇന്നും ഉപയോഗിക്കുന്നു.

5. വിവിധതരം അരങ്ങൾ.

6. പത്തള അച്ച്‌ കുമിളകൾ ഉണ്ടാക്കാനും ഗോളകങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. സ്വർണ്ണാഭരണങ്ങൾ വൃത്തിയാക്കുന്നതിന്‌ പഴയകാലത്ത്‌ കന്യാകുമാരി മണൽ എന്ന പ്രത്യേകതരം മണലും വെളളവും ഉപയോഗിച്ചിരുന്നു. പിന്നീട്‌ ഉറിഞ്ചിക്കായകളും പിച്ചളബ്രഷും വെളളവും ഉപയോഗിച്ചുപോന്നു. ഇപ്പോൾ ആധുനികമായ ഡ്രം പോളീഷും നിലവിൽവന്നു. മറ്റുലോഹങ്ങളുടെ ചെറിയ ബോൾസുകളും സർഫും സോപ്പുപൊടിയുമൊക്കെ ഇതിലുപയോഗിക്കുന്നു. പഴയകാലത്ത്‌ സ്വർണ്ണാഭരണങ്ങളിലെ ചളി കളയുന്നതിന്‌ നാടൻ പുളികളും ഇരുമ്പൻപുളിയുമൊക്കെ ഉപയോഗിച്ചിരുന്നു. ഇപ്പോൾ പ്രധാനമായും നേർപ്പിച്ച ആസിഡുകൾ ഉപയോഗിക്കുന്നു.

ആഭരണങ്ങളിലെ ഡിസൈനുകളും എണ്ണങ്ങളും ഒട്ടിവിളക്കാൻ ആദ്യം പശ ഉപയോഗിച്ച്‌ പ്രതലങ്ങളിൽ ഒട്ടിയെടുക്കുന്നു. കുന്നിക്കുരു അരച്ചുചേർത്ത മിശ്രിതത്തിൽ പൊൻകാരം ചേർത്താണ്‌ പശ ഉണ്ടാക്കുന്നത്‌. ഇന്ന്‌ വിപണിയിൽ കിട്ടുന്ന കെമിക്കലുകൾ ഉപയോഗിച്ച പശയേക്കാൾ കൂടുതൽ മെച്ചം ഇപ്പോഴും കുന്നിക്കുരു ചേർത്ത പശതന്നെയാണ്‌. ഒട്ടിവിളക്കുന്നവ കൊഴിഞ്ഞു പോകാതിരിക്കാൻ പറ്റുകൾ ചേർത്തുപിടിപ്പിച്ചാണ്‌ ആഭരണങ്ങൾ വിളക്കുന്നത്‌. പഴയകാലത്ത്‌ വെളളാരങ്കല്ലും കുന്നിക്കുരുപശയും പൊൻകാരവും ചേർത്താണ്‌ പറ്റ്‌ ഉണ്ടാക്കിയിരുന്നത്‌. പിന്നീട്‌ സ്ലേറ്റുകൾ ഉപയോഗിച്ചുതുടങ്ങി. ഇപ്പോൾ പ്ലാസ്‌റ്റർ ഒഫ്‌ പാരീസും ഇതിനുവേണ്ടി ഉപയോഗിക്കുന്നു.

Generated from archived content: kaivela_may7_05.html Author: ms_mahendrakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English