വയനാട്ടിൽ മുത്തങ്ങ, റാംപളളി, പുല്പളളി, ശശിമല, അമരക്കുനി എന്നിങ്ങനെ പലയിടങ്ങളിൽ കാട്ടിലും മേട്ടിലും ഊടുവഴികളുടെ വക്കത്തും മറ്റുമായി അനേകം വീരക്കല്ലുകൾ ഉണ്ട്. അവയിൽ ചിലത് കോഴിക്കോട് സർവ്വകലാശാല ചരിത്രവകുപ്പിന്റെ മ്യൂസിയത്തിലും അമ്പലവയലിലെ വയനാട് സംസ്‌കാരിക കാഴ്‌ചബംഗ്ലാവിലും എത്തി. ഇനിയും കാട്ടുവഴികളിലും മറ്റും ചിതറിക്കിടക്കുന്നവ ധാരാളം. രൂപം കൊത്തിയ ഈ വീരക്കല്ലുകളുടെ അർത്ഥമെന്താണ്? ആരുടെ കൈവിരുതാണ് ഈ കലാശില്പങ്ങളിൽ കല്ലിച്ചു കിടക്കുന്നത്? എന്താണ് ഈ ചരിത്രസാക്ഷ്യങ്ങളുടെ അർത്ഥം? സന്ദേശം? ആരാണ് ഇവ അതാത് ഇടങ്ങളിൽ സ്ഥാപിച്ചത്? ഏതു കാലത്താണ് ഇവ നാട്ടിയത്?
വീരക്കല്ലുകൾക്ക് പഴയ തമിഴകത്ത് പഴന്തമിഴ് പാട്ടുകളോളമെങ്കിലും പഴക്കമുണ്ട്. തെക്കെ ഇൻഡ്യയിൽ തന്നെ കർണ്ണാടകത്തിലും, ആന്ധ്രപ്രദേശത്തും, മഹാരാഷ്‌ട്രത്തിന്റെ ഭാഗങ്ങളിലും വിന്ധ്യനു വടക്ക് ഗുജറാത്തിലും മദ്ധ്യപ്രദേശത്തും ഉത്തരപ്രദേശത്തും ആര്യാവർത്തത്തിൽ മറ്റു പലയിടങ്ങളിലും വീരക്കല്ല് പാരമ്പര്യം നിലനിന്നിരുന്നതായി അവിടങ്ങളിൽ നിന്നും കിട്ടിയ ശിലാസ്മാരകങ്ങളിൽ നിന്ന് അറിയാം. കേരളത്തിൽത്തന്നെ അട്ടപ്പാടി പ്രദേശത്തുനിന്നും, പതിനെട്ടോ, പത്തൊൻപതോ ശതകത്തിലെ ചില വീരക്കല്ലുകൾ കണ്ടുകിട്ടിയിട്ടുണ്ട്. അവയിൽ ചിലത് തൃശൂരിലെ കാഴ്‌ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വീരക്കൽ പാരമ്പര്യത്തിലെ ഏറ്റവും പ്രായംകുറഞ്ഞ, സ്മാരകങ്ങൾ തൃശൂരിലെ ഇപ്പറഞ്ഞ കാഴ്‌ചപ്പണ്ടങ്ങളായി. അങ്ങനെ നോക്കുമ്പോൾ, പഴന്തമിഴ് പാട്ടുകളുടെ കാലം മുതൽക്ക് പതിനെട്ടു പത്തൊൻപത് ശതകങ്ങൾ വരെ ഉളള കഷ്‌ടിച്ച് ഒരായിരത്താണ്ടുകാലം, തമിഴകത്തെ, വീരക്കൽ പാരമ്പര്യത്തിന്റെ കാലമായി കരുതാം.
പോരാട്ടത്തിൽ വീരമരണം പ്രാപിക്കുന്ന വീരൻമാരുടെ സ്മരണയ്‌ക്കായി നാട്ടുന്ന കല്ലുകൾ എന്ന നിലയ്‌ക്കാണ് പഴന്തമിഴ് പാട്ടുകളിൽ വീരക്കല്ലുകളെക്കുറിച്ചുളള സൂചന. ഇങ്ങനെ നാട്ടുന്ന കല്ലുകൾ കാലത്താൽ ആരാധനാവസ്‌തുക്കളായിത്തീരാറും ഉണ്ടായിരുന്നുപോലും. വീരക്കല്ലുകളിൽ കുറിക്കൂട്ടുകൾ പൂശിയും, പൂമാലയും, മയിൽപ്പീലി മാലയും, ചാർത്തിച്ചും അലങ്കരിയ്‌ക്കുന്ന പതിവ് കാട്ടുപ്രദേശത്തുളളവരിൽ, ചിലർക്കുണ്ടായിരുന്നുവത്രേ! വീരക്കല്ലുകളിൽ വീരൻമാരുടെ പേരുകൾ കൊത്തിവയ്‌ക്കും, അക്ഷരാഭ്യാസമില്ലാത്ത കാട്ടുമറവൻമാർ, അക്ഷരങ്ങളുളളിടത്ത് അറിയാതെ ആയുധങ്ങളണച്ച് മൂർച്ചകൂട്ടുന്നത് കാരണം ഇങ്ങനെ കൊത്തിയ പേരുകൾ തേഞ്ഞുപോയതായി കാണാറുണ്ടെന്ന് ‘പുറനാനൂറി’ലെ ഒരു പാട്ടിൽ പറയുന്നു.
ഇങ്ങനെ കൊത്തിയ വീരക്കല്ലുകൾ എങ്ങനെയിരിക്കും? ചരിത്രവകുപ്പിലെ മ്യൂസിയത്തിലുളള വീരക്കല്ല് ഇത്തരത്തിലുളള ഒന്നായിരിക്കുമെന്ന് തോന്നുന്നു. കാരണം അതിൻമേൽ കല്ലിന്റെ വക്കത്ത് ബ്രാഹ്‌മി ലിപിയിൽ കൊത്തിയ ചില അക്ഷരങ്ങളുണ്ട്. അത്തരം ബ്രാഹ്‌മിലിപി മറ്റു പഴന്തമിഴ് ചരിത്രകാലത്തെളിവുകളിലുളള ലിപികൾക്ക് തുല്യമാണ്. വീരമരണം രണ്ടു തരത്തിലാവാം-ആക്രമണം കൊണ്ടും പ്രതിരോധം കൊണ്ടും. പഴന്തമിഴ് പാട്ടുകാലത്തെ പോരാട്ടങ്ങൾ പ്രധാനമായും, മൂന്നു കാരണങ്ങളെക്കൊണ്ടായിരുന്നു. ഒന്ന്‌ഃ കാലിക്കവർച്ചക്കൊണ്ട്. രണ്ട്‌ഃ സാർത്ഥവാഹകൻമാരുടെ ചരക്കും പണവും കൊളളയടിക്കുന്നതുകൊണ്ട്. മൂന്ന്‌ഃ നാടുപിടിച്ചടക്കുവാനുളള പ്രയത്നംകൊണ്ട്. ഈ ഒടുവിൽ പറഞ്ഞ കാരണത്താൽ ഉണ്ടാകുന്ന മരണങ്ങൾ എണ്ണത്തിൽ കൂടും. അതുകൊണ്ട് അത്തരത്തിലുളളവ കൂട്ടം കൂട്ടമായി കാണപ്പെടുകയും ചെയ്യും. കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും മറ്റും കണ്ടിട്ടുളളവ മിക്കവാറും ഒറ്റയും തെറ്റയും ആയിട്ടാണ്.
ഒറ്റയും തെറ്റയുമായ വീരക്കല്ലുകൾ ഏറിയകൂറും കാലിക്കവർച്ചയിലോ, അതല്ലെങ്കിൽ സാർത്ഥവാഹക്കൊളളയിലോ വീരചരമം പൂണ്ടവരുടെ സ്മാരകങ്ങളായിരിക്കണം. വയനാട്ടിൽ നിന്നു കിട്ടിയ വീരക്കല്ലുകൾ പല ശൈലികളിൽ ഉളളവയാണ്. ശൈലീപരമായ വ്യത്യാസങ്ങളോടൊപ്പം, നിർവ്വഹണത്തിന്റെ കാര്യത്തിൽ കാണുന്ന സാമ്യങ്ങളും, പ്രധാനം തന്നെ. വയനാടൻ വീരക്കല്ലുകളിൽ കണ്ടുകിട്ടിയിടത്തോളം ഒന്നൊഴികെ മറ്റെല്ലാ വീരക്കല്ലുകളും മൂന്നു കളളികളിലായി തിരിച്ചു കാണാം. ഒന്നിൽ മാത്രം രണ്ടു കളളികളേ കാണാനുളളു. മൂന്നുകളളികളിലായി തിരിച്ചവയിൽ ചുവട്ടിലെക്കളളിയിൽ ഒരു പോരാട്ടം ചിത്രീകരിയ്‌ക്കുന്നു. അതിന്റെ തൊട്ടുമുകളിലെ കളളിയിൽ മരണപ്പെട്ട വീരനെ അപ്‌സരസുകൾ ആടിപ്പാടി സ്വീകരിയ്‌ക്കുന്നതായിട്ടാണ് സൂചന. ഏറ്റവും മുകളിലെ കളളിയിൽ വീരൻ ശിവലോകത്തിലോ വൈകുണ്‌ഠത്തിലോ ചെന്ന് ആരാധന നടത്തുന്നതായും, ചിത്രീകരിച്ചിരിക്കും. സാധാരണയായി ഇത്തരം ചിത്രീകരണങ്ങളിലെ മനുഷ്യരൂപങ്ങൾക്ക് കണ്ണ്, മൂക്ക്, വായ, മുതലായ അവയവങ്ങൾ ഉളളതായി കാണില്ല. അതാണ് പൊതു ശില്പശൈലി. ഒരു പക്ഷെ ഈ ആദിമശൈലി പഴന്തമിഴ് കാലം മുതൽക്കെ നിലവിലുളളതാകാം. ഒരു ശൈലി തീർത്തും അപ്രത്യക്ഷമായതിനുശേഷമേ മറ്റൊരുശൈലി ഉണ്ടായിവരൂ എന്നില്ല. ഈ ശൈലിയിലുളള ചിത്രീകരണം നൂറ്റാണ്ടുകളായി തുടർന്നു പോന്നിരിയ്‌ക്കണം. അതുകൊണ്ടാണ് പുല്പളളിയ്‌ക്കപ്പുറം, ചേകാടിയിൽ നിന്നും ബാവലിയ്‌ക്കുപോകുന്ന വഴിയിൽ കണ്ടെത്തിയ ഒരു കല്ലിൽ ഇപ്പറഞ്ഞ ശില്പശൈലിയും, അതോടൊപ്പംതന്നെ ചിത്രീകരിച്ച ആയുധങ്ങളിൽ ഒരു തോക്കും പ്രത്യക്ഷപ്പെടുന്നത്.
ബാവലിക്കാട്ടിൽ നിന്നു കിട്ടിയ ഒരു വീരക്കല്ലിൽ വേറിട്ടൊരു ശൈലി കാണാം. മറ്റുളളവയിലെ അതീവശൈലീകൃതമായ മനുഷ്യരൂപങ്ങൾക്ക് പകരം ഇതിൽ മുഖാവയവങ്ങൾ കണ്ണ്, മൂക്ക്, വായ, മുതലായവ വ്യക്തമായി കൊത്തിയിരിക്കുന്നു. ഇതിവൃത്തത്തിനും വ്യത്യാസമുണ്ട്. മറ്റുളളവയിൽ ആളുകൾ തമ്മിലുളള പോരാണ് ചിത്രീകരിച്ചതെങ്കിൽ പ്രസ്തുത ശില്പം ഒരു നരിവേട്ടയുടെ കാര്യമാണ് പറയുന്നത്. ചുവട്ടിലെ കളളിയിൽ കുന്തം കൊണ്ട് പുലിയെ നേർക്കുന്ന ഒരു മനുഷ്യരൂപം കാണാം. ഇത് വയനാട്ടിലെ ഒരു വർഗ്ഗമായ വയനാടൻ ചെട്ടികളുടെ ഇടയിൽ പ്രചാരത്തിലിരുന്ന ‘നരികുത്ത്’ എന്ന കർമ്മവുമായി ബന്ധപ്പെട്ടതാണ് എന്നു തോന്നുന്നു. ഇതിന് മറ്റൊരു ചരിത്ര സൂചനകൂടി ഉണ്ടായിക്കൂടായ്‌കയില്ല. കർണ്ണാടകത്തിലെ ഒരു മധ്യകാലരാജവംശമായ ഹൊയ്‌സളൻമാരുടെ ഉല്പത്തികഥകയിൽ പുലിവേട്ടയാണ് മുഖ്യകഥാംശം. ആചാര്യനെ പുലിയിൽ നിന്ന് രക്ഷിച്ച ഒരാളാണ് വംശസ്ഥാപകൻ എന്നത്രേ ഹൊയ്‌സളരുടെ ഐതിഹ്യം. ഹൊയ്‌സളരുടെ ഒരു മണ്ഡലമായിരുന്നു വയൽനാട് എന്ന വസ്‌തുത ഈ ശില്പത്തെ ഹൊയ്‌സളരുടെ കഥയുമായി ചേർത്ത് വയ്‌ക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. വംശസ്ഥാപനത്തെക്കുറിച്ചുളള ഈ ഐതിഹ്യം ഹൊയ്‌സളരുടെ രക്ഷാകർത്തൃത്വത്തെയും പോർ വീര്യത്തെയും പാടിപ്പുകഴ്‌ത്തുന്നു. അതെങ്ങനെ ആയാലും ഈ ശില്പത്തെ ഹൊയ്‌സളകാലവുമായി ബന്ധിപ്പിക്കാൻ കൂടുതൽ തെളിവുകൾ കിട്ടിയാൽ നന്ന്. ഏതായാലും ഇതിലെ ശില്പശൈലി അയൽനാടായ കർണ്ണാടകത്തിലെ മധ്യകാല വീരക്കല്ലുകളുടേതാണ് എന്ന കാര്യം കൗതുകകരമായി തോന്നുന്നു.
മൂക്കളളി വീരക്കല്ലുകളിൽ ശൈവവും വൈഷ്‌ണവവും ആയ സമ്പ്രദായങ്ങളുണ്ട്. ശൈവബന്ധമുളളവയിൽ ചരമമടഞ്ഞ വീരനെ ശിവലോകത്തിൽ ചേർക്കുന്നതായിട്ടാണ് ചിത്രീകരണം. വൈഷ്‌ണവ ബന്ധമുളളവയിൽ വീരൻ സായൂജ്യമടയുന്നത് വിഷ്‌ണുലോകത്തിലാണ്. ഓടക്കുഴൽ വിളിക്കുന്ന ശ്രീകൃഷ്‌ണരൂപമാണ് വിഷ്‌ണുലോകത്തെ സൂചിപ്പിക്കുന്നത്.
ഇതിവൃത്തത്തിന്റെ കാര്യം എന്തായിരുന്നാലും ഈ ശിലാശില്പങ്ങൾ പ്രാചീനകാലം മുതൽക്കിങ്ങോട്ട് കാലിക്കവർച്ചയോ സാർത്ഥവാഹക്കൊളളയോ മറ്റോ ഉൾപ്പെടുന്ന ജീവിതാവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്. വയനാട്ടിൽ അതത് കാലത്ത് അവിടവിടെ നിലവിലിരുന്ന ജനാധിവാസസ്ഥാനങ്ങളെയും, ആ സ്ഥാനങ്ങളെക്കൂട്ടിയിണക്കിക്കൊണ്ട് നിലവിൽ വന്ന യാത്രമാർഗ്ഗങ്ങളെയും ആണ് ഈ വീരക്കല്ലുകൾ സൂചിപ്പിക്കുക. വയനാട്ടിൽ നിന്നു കിട്ടിയ വീരക്കല്ലുകൾ എല്ലാം തന്നെ വയനാട്ടിൽ നിന്നു കർണ്ണാടകത്തിലേയ്‌ക്കും, തമിഴ്‌നാട്ടിലേയ്‌ക്കും ഉളള കാട്ടുപാതകളുടെ ഓരങ്ങളിൽ നിന്നും കാട്ടുപ്രദേശങ്ങളിൽ നിന്നും ആണ് കിട്ടിയിട്ടുളളത് എന്നകാര്യം ഈ സന്ദർഭത്തിൽ പ്രത്യേകം പ്രസ്താവ്യമായിത്തീരുന്നു. വയനാടൻ സമതലങ്ങളിലെ ജനജീവിതത്തിന്റെ രംഗങ്ങളിലേക്ക് വിരൽചൂണ്ടുന്ന ചരിത്രസാക്ഷ്യങ്ങൾ എന്ന നിലയിൽ വീരക്കല്ലുകൾക്കുളള ചരിത്രപ്രാധാന്യം അവഗണിക്കാവുന്നതല്ല.
Generated from archived content: pattu_oct1.html Author: mr_raghavavarriar