വയനാട്ടിലെ ഗോത്രവർഗ്സ സങ്കേതങ്ങൾ

ഗോത്രജനതയുടെ സാന്നിധ്യം കൊണ്ട്‌ സമ്പന്നമാണ്‌ വയനാട്‌. അടിയാൻ, പണിയൻ, കുറിച്യർ, ഊരാളിക്കുറുമൻ, മുളളക്കുറുമൻ, കാട്ടുനായ്‌ക്കൻ തുടങ്ങിയവയാണ്‌ ഇതിലെ പ്രധാന വിഭാഗം. പണിയൻ, മുളളക്കുറുമൻ എന്നീ വിഭാഗങ്ങളൊഴികെ മറ്റെല്ലാവരും ഈ പ്രദേശത്തേയ്‌ക്ക്‌ പലകാലങ്ങളായി കുടിയേറിയവരാണ്‌. ഗോത്രജനതയുടെ മിക്കവാറും സവിശേഷതകൾ നിലനിർത്തിപ്പോരുന്ന ഈ വിഭാഗങ്ങളുടെ വാസസങ്കേതങ്ങൾ പല പ്രത്യേകതകളുമുൾക്കൊളളുന്നവയാണ്‌.

അടിയാൻ ഃ മാനന്തവാടി താലൂക്കിലും സുൽത്താൻബത്തേരി താലൂക്കിലെ പാക്കം, ചേകാടി പ്രദേശങ്ങളിലുമുളള ഒരു ആദിവാസി വിഭാഗമാണ്‌ ഇവർ. കർണാടകദേശത്ത്‌ നിന്നും കുടിയേറിയ ഇവർ കർഷകത്തൊഴിലാളികളായാണ്‌ കഴിഞ്ഞുപോരുന്നത്‌. ഭൂപ്രഭുക്കളും കർഷകപ്രമാണികളുമായിരുന്ന ചെട്ടിമാർ, നായന്‌മാർ മറ്റു സവർണ്ണവിഭാഗങ്ങൾ എന്നിവരുടെ കീഴിലാണ്‌ അടിയാൻ ജീവിതം നയിച്ചിരുന്നത്‌. ഇവരുടെ സ്ഥലത്ത്‌ ‘കുന്റു’കളായി ഇവർ താമസിച്ചുപോന്നു. അനേകം കുടുംബങ്ങൾ ഉൾക്കൊളളുന്ന സങ്കേതത്തെയാണ്‌ ‘കുന്റ്‌ ’ എന്ന്‌ പറയുന്നത്‌. ‘കുന്റി’ൽ കനെലാടി, ചെമ്മക്കാരൻ, കുന്റുമൂപ്പൻ എന്നിവർ താമസിച്ചിരുന്നു. സമൂഹത്തിലെ ഗോത്രനിയമങ്ങൾക്ക്‌ വേണ്ട ചൂടും ചൂരും നല്‌കുന്ന ഇവരുടെ വീടുകൾക്കും മറ്റുളളവരുടേതിൽനിന്ന്‌ വ്യത്യാസങ്ങൾ ഒന്നുമില്ല. അടിയാൻ ‘പുര’യ്‌ക്ക്‌ ‘കുളള്‌’ എന്നാണ്‌ പറയുക. ഒറ്റയ്‌ക്കൊറ്റയ്‌ക്കായല്ല താമസം. ‘കുളള്‌ ’ ചതുരത്തിലാണ്‌. മണ്ണ്‌കൊണ്ട്‌ ഒന്നോ രണ്ടോ അടി ഉയരത്തിൽ തറയുണ്ടാക്കും. മുളകൊണ്ടുളള തട്ടിമെടഞ്ഞാണ്‌ വീടിന്റെ ചുമർ. അതിൽ മണ്ണ്‌ കുഴച്ച്‌ എറിഞ്ഞ്‌ പിടിപ്പിക്കും. ഇങ്ങനെ മിനുസപ്പെടുത്തിയ വീടിന്റെ ഭിത്തിയിൽ സ്‌ത്രീകൾ ഒരു തരം ചുവന്ന മണ്ണ്‌ കൊണ്ടോ ചാണകവും കരിയും ചേർത്ത മിശ്രിതം കൊണ്ടോ മനോഹരമായ ചിത്രപ്പണികൾ നെയ്യുന്നു. മിക്കവാറും വരകളാണ്‌. സ്വസ്‌തികപോലുളള ചിഹ്‌നങ്ങളും ഇതിൽപെടുന്നു. വരകൾ മിക്കവാറും വിളകളെ സൂചിപ്പിക്കുന്ന തരത്തിലായിരിക്കും രൂപപ്പെടുത്തിയിട്ടുണ്ടാവുക. ഭിത്തിക്കു പുറമേ കാണപ്പെടുന്ന തറയുടെ ഭാഗത്തും ഇത്തരം ചിത്രപ്പണികൾ കാണാം. പുരയുടെ മേൽക്കൂര മുളയും വയ്‌ക്കോലും ഉപയോഗിച്ചാണ്‌ ചെയ്‌തിരുന്നത്‌. വയനാട്ടിലെ മഴയുടെ പ്രത്യേകതകൊണ്ട്‌ ഇറ താഴ്‌ത്തികെട്ടിയായിരിക്കും ഇത്തരം ഭവനങ്ങൾ നിർമ്മിക്കുക. പണ്ടുകാലത്ത്‌ അടിയാൻ ജോലിചെയ്‌തിരുന്ന മേലാളന്റെ വീട്ടിൽനിന്നും പുരമേയാനുളള വയ്‌ക്കോൽ (ഒക്കൽപ്പുല്ല്‌ – കറ്റപ്പുല്ല്‌ ) നല്‌കിപോന്നു. വീടിന്‌ ഒരു മുറി മാത്രമേ ഉണ്ടായിരിക്കുകയുളളു. അതിൽതന്നെയാണ്‌ അടുക്കള. വീട്ടിലെ അടുക്കളയിൽ അടുപ്പിടുന്നത്‌ സ്‌ത്രീകളാണ്‌. വാതിലിന്‌ സമാന്തരമായിട്ടാണ്‌ ഒലെ (അടുപ്പ്‌) ഇടുക. വീടിന്റെ വാതിൽ മുളകൊണ്ട്‌ മെടെഞ്ഞെടുത്തതായിരിക്കും. അത്‌ മുളകൊണ്ടുളള ഉരകുറ്റിയിൽ ഉറപ്പിച്ചതായിരിക്കും. വീടിന്റെ വാതിൽ കോളിമരത്തിന്റെ അകംതൊലി കൊണ്ടുണ്ടാക്കിയ കയറ്‌ കൊണ്ടാണ്‌ കെട്ടി ഉറപ്പിക്കുക. ഇത്‌ ഇന്നത്തെ വിജാഗിരിയുടെ സ്ഥാനം വഹിക്കുന്നു എന്ന്‌ പറയാം. വീടുകൾക്ക്‌ മിക്കവാറും വളരെ ചെറിയ ഒരു വരാന്ത ഉണ്ടായിരിക്കും. അടിയാന്‌മാരുടെ വീടുകളിൽ ദേവസ്ഥാനങ്ങളില്ല. ചെമ്മക്കാരൻ ആരാധനാമൂർത്തികളെ ഒരു കൊട്ടയിലാക്കി വീടിന്റെ ഒരു മൂലയിൽ കെട്ടിതൂക്കിയിരിക്കും. വിശേഷാവസരങ്ങളിൽ കൊട്ടില(വരാന്ത)യിലിരുന്നാണ്‌ ദേവപ്രീതിക്കായുളള കർമ്മങ്ങൾ നടത്തുന്നത്‌. വീട്‌ നിർമ്മിക്കുന്നതിന്‌ കാട്ടുമരങ്ങളും വളളികളും മുളയുമാണ്‌ പ്രധാനമായും ഉപയോഗിച്ച്‌ പോന്നത്‌. വീടിന്‌ ജനാലകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പഴയകാലത്ത്‌ അടിയാൻ വിഭാഗം വീട്ടിലേയ്‌ക്കു വെളളമെടുത്തിരുന്നത്‌ കേണിയിൽ നിന്നാണ്‌. വീടിനുളളിൽ അടുക്കളയിൽ കലം, ചട്ടി തുടങ്ങിയ മൺപാത്രങ്ങളാണ്‌ ഉപയോഗിച്ച്‌ പോന്നത്‌. അപൂർവ്വമായി ചെമ്പ്‌ കലവും പിച്ചളക്കിണ്ണവും ഇവർ ഉപയോഗിച്ചു. ചിരട്ടകൊണ്ടുളള കയില്‌, വെളള അണ്ടെ (വെളളം മുക്കിയെടുക്കാനുളള മുളകൊണ്ടുളള കുംഭം). ചുരയ്‌ക്ക (ചിരങ്ങ) പാത്രങ്ങളായി ഉപയോഗിച്ചുപോന്നു. ഉറി, കൊട്ട, കൊമ്മവട്ടി, മീൻകൂട്‌ (കൊടമ്പ), വെട്ടുകത്തി (വെട്ടരിവാ), കൊയ്‌ത്തരിവാൾ (കൊയ്‌ലരിവാ), പേനക്കത്തി (ചൂരി), കോടാലി, കൊരമ്പക്കുട (കൊരാമ്പെ), ബത്തി (ബദിക്ക) തുടി, ചീനി, വാള്‌, ശൂലം എന്നിവയെല്ലാം വീട്ടിനുളളിൽ സൂക്ഷിച്ചിരുന്നു. വളരെ പഴയകാലത്ത്‌ അടിയാൻ തന്റെ കുടുംബത്തിൽ ആരെങ്കിലും മാരകരോഗം പിടിപെട്ട്‌ മരിച്ചാൽ ആ വീട്‌ ഉപേക്ഷിച്ച്‌ പോകുമായിരുന്നു. വീടിന്റെ ഉളളിൽ ഉരൽ കുഴിച്ചിട്ടിരിക്കും. ഉലക്ക ചടച്ചി, കുമിൾ തുടങ്ങിയ മരങ്ങൾ കൊണ്ടുണ്ടാക്കിയതായിരിക്കും. താൻ ജോലി ചെയ്യുന്ന ജന്‌മിയുടെ വീട്ടിൽനിന്നും കൂലിയായി കിട്ടുന്ന വല്ലിനെല്ല്‌ കുത്തിയെടുത്ത ഉണക്കലരിക്കഞ്ഞിയായിരിക്കും മിക്കപ്പോഴും അടിയാന്റെ ഭക്ഷണം. തിരികത്തിക്കുന്നത്‌ ദൈവത്തിന്‌ മാത്രമാണ്‌. പന്തമരത്തിന്റെ വെളിച്ചമാണ്‌ വിളക്കിന്‌ പകരം പണ്ടുകാലത്ത്‌ ഇവർ ഉപയോഗിച്ചിരുന്നത്‌.

പണിയൻ ഃ വയനാട്ടിലെ മറ്റൊരു ഗോത്രവർഗമാണ്‌ പണിയൻ. അടിയാനെപോലെ ഇവരും കാർഷികത്തൊഴിലാളികളായാണ്‌ അറിയപ്പെടുന്നത്‌. ഭൂവുടമയുടെ സ്ഥലത്തായിരുന്നു ഇവർ പണ്ടുകാലത്ത്‌ പുരകൾ ഉണ്ടാക്കിയിരുന്നത്‌. പണിയൻ വീടിന്‌ ‘പിരെ’ എന്നും കുടുമ്പ്‌ എന്നും പറയുന്നു. ചതുരത്തിൽ മണ്ണ്‌കൊണ്ട്‌ തറകെട്ടി നാല്‌ ഭാഗവും ‘മടല’ (മുളകൊണ്ട്‌ മെടഞ്ഞുണ്ടാക്കുന്ന തട്ടി) കൊണ്ട്‌ മറയ്‌ക്കും. ഇതാണ്‌ വീടിന്റെ ചുമർ. മടലയുടെ മുകളിൽ മണ്ണിട്ട്‌ ചാണകം കൊണ്ട്‌ മെഴുകുന്ന പതിവുണ്ടായിരുന്നു. നിലം മെഴുകാനും ചാണകമാണ്‌ ഉപയോഗിച്ചിരുന്നത്‌. ചെറിയൊരു വരാന്ത വീടിനുണ്ടായിരിക്കും. ഒറ്റമുറിയായ വീടിനകത്ത്‌ തന്നെയാണ്‌ അടുപ്പും സ്ഥാപിക്കുക. വീടിനകത്ത്‌ രണ്ട്‌ പ്രധാനസ്‌ഥാനങ്ങൾ ഉണ്ട്‌ – ഒലെ (അടുപ്പ്‌)യും തെണ (ദൈവസ്ഥാനം)യും. തെണയിലാണ്‌ പിതൃക്കൾക്കുളള ആരാധന നടത്തുന്നത്‌. വീടിന്റെ വാതിലും മടല തന്നെയാണ്‌. പണ്ട്‌ കാലത്ത്‌ ധാരാളം മുള കിട്ടുമെന്നതിനാൽ വാതിൽ, ചുമർ, മേൽപ്പുര എന്നിവയ്‌ക്ക്‌ ഇത്‌ ഉപയോഗിച്ചു. തൂണിനായി കാട്ടുമരങ്ങൾ മുറിച്ചെടുത്തിരുന്നു. കാട്ടുവളളികളാണ്‌ കയറായി ഉപയോളിച്ചത്‌. അടിയാന്‌മാരെപ്പോലെ ചുവരിലും തറയിലും ചിത്രപ്പണികൾ നടത്താറില്ല. വീട്ടിൽ ഉരലും ഉലക്കയും ഉണ്ടായിരിക്കും. ബദിക്കെ, മീൻകൂട്ട്‌, വെട്ടുകത്തി, അരിവാക്കത്തി എന്നിവയും വീട്ടിൽ ഉണ്ടായിരിക്കും.

ഊരാളിക്കുറുമൻ ഃ സ്വയം പര്യാപ്‌തതയ്‌ക്ക്‌ മകുടോദാഹരണമാണ്‌ ഈ ഗോത്രവർഗ്ഗം. ജീവിതത്തിലെ എല്ലാമേഖലകളും സ്വയം സമ്പുഷ്‌ടമാക്കാൻ ഇവർക്കുളള കഴിവ്‌ മറ്റാർക്കുമില്ല. പാത്രനിർമ്മാണം (ചക്രമില്ലാതെ), ലോഹപ്പണി, മുള കൊണ്ടുളള വസ്‌തുക്കൾ നിർമ്മിക്കൽ എന്നിങ്ങനെ ഇവരുടെ കഴിവുകൾ സാധാരണമാണ്‌. വയനാട്ടിൽ പനമരം പുഴയ്‌ക്കിപ്പുറം അതായത്‌ വൈത്തിരി, സുൽത്താൻബത്തേരി താലൂക്കുകളിലാണ്‌ ഈ വിഭാഗത്തെ കാണുന്നത്‌. മാനന്തവാടി താലൂക്കിൽ അപൂർവ്വമായി കാണുന്നുണ്ടെങ്കിലും അവർ ഗോത്രവ്യവസ്ഥലംഘിക്കപ്പെട്ട്‌ ശിക്ഷാർഹരായവരാണ്‌ മിക്കപേരും. ഊരാളിക്കുറുമൻ ഒന്നിച്ചാണ്‌ താമസിക്കുക. ഇങ്ങനെ ഒന്നിച്ചനേകം വീടുകൾ ചേർന്നതിനെ മൊത്തീരെ എന്നും ഒരു വീടിനെ ‘കീരെ ’ എന്നുമാണ്‌ പറയുക. ‘മൊത്തീരെ’യ്‌ക്കു നടുവിലായി ‘അമ്പല’ ഉണ്ടാക്കിയിരുന്നു. ഗോത്രസമിതി ചേരുന്നതിനും പ്രത്യേകചടങ്ങുകൾ നടത്തുന്നതിനും ദേവസാന്നിധ്യമുളളിടമായും ഇവിടം കരുതിപ്പോരുന്നു. അമ്പലയുടെ മുഖം കിഴക്കായിരിക്കും. അമ്പലയ്‌ക്കു അഭിമുഖമായിട്ടായിരിക്കും മറ്റുവീടുകൾ നിർമ്മിക്കുക. ‘അമ്പല ’ നെടുംപുരയായിട്ടാണ്‌ ഉണ്ടാക്കുന്നത്‌. അതിലെ കൽവിഗ്രഹം പിതൃക്കളെ പ്രതിനിധാനം ചെയ്യുന്നു. ഒരടി ഉയരത്തിലുളള മണ്ണ്‌ കൊണ്ടുളള തറ ഉണ്ടാക്കിയാണ്‌ സാധാരണ ഇവർ വീടുണ്ടാക്കുന്നത്‌. മറ്റ്‌ ഗോത്രവിഭാഗങ്ങളെപോലെ ഒറ്റമുറി തന്നെയാണ്‌ വീടിനുളളത്‌. അതിനുളളിൽ തന്നെയാണ്‌ അടുപ്പും. കാട്ടുമരങ്ങൾക്കൊണ്ടുളള തൂണും മുളകൊണ്ടുളള കഴുക്കോൽ, ഉത്തരം, മോന്തായം എന്നിവ ഗൃഹനിർമ്മാണത്തിന്‌ ഉപയോഗപ്പെടുത്തിയിരുന്നു. വീടിന്റെ ഭിത്തി – കിട്‌ക്ക്‌മെക്കൽ – മുളകൊണ്ടുണ്ടാക്കിയ മടലയിൽ മണ്ണും ഉമിയും കൂട്ടിക്കുഴച്ച്‌ എറിഞ്ഞു പിടിപ്പിക്കുന്ന രീതി നിലനിന്നിരുന്നു. ഇതിന്‌ പുറമേ ചാണകം മെഴുകുന്നതും പതിവാണ്‌. ഭിത്തികളിലും തറയിലും ചിത്രപ്പണികൾ ഒന്നും തന്നെ ചെയ്‌തിരുന്നില്ല. വീട്‌ പുതയ്‌ക്കുന്നതിന്‌ കാട്ടുപുല്ലും നറുക്കിലയും ഉപയോഗിച്ചിരുന്നു. വീട്‌ പണി തുടങ്ങുന്നകാര്യം ഗോത്രത്തലവനായ മെഗാളനെ അറിയിച്ചാൽ അദ്ദേഹം വന്ന്‌ ഒരു തൂണ്‌ കുഴിച്ചിടും അതിന്‌ ശേഷം മാത്രമേ വീടു പണി ചെയ്യാവൂ. വീടിന്റെ വാതിലും മുളക്കഷണങ്ങൾ കൊണ്ടുണ്ടാക്കിയ മടലതന്നെ. പനനാരും മറ്റ്‌ കാട്ടുവളളികളും മരത്തിന്റെ തൊലിയിൽ നിന്നെടുക്കുന്ന നാരുകളും കയറിന്‌ പകരമായി ഉപയോഗിച്ചു. അമ്പലയുടെ തറ മറ്റുവീടുകളെക്കാൾ ഉയർന്നതായിരിക്കും. വീടിനുളളിൽ വെളിച്ചം ലഭിക്കാൻ വിറക്‌ കൂട്ടി തീയിട്ടിരുന്നു. പുലരുവോളം ഈ തീ കത്തുമായിരുന്നു. തണുപ്പ്‌ കാലത്ത്‌ മെഗാളന്റെ നിർദ്ദേശമനുസരിച്ച്‌ ‘അമ്പല’യുടെ ഒരു ഭാഗത്ത്‌ തീ കൂട്ടി അതിന്‌ ചുറ്റും ചെറുപ്പക്കാർക്ക്‌ കിടക്കാമായിരുന്നു. സ്‌ത്രീകൾക്കിവിടെ പ്രവേശനമില്ല.

അടുക്കളയിൽ അടുപ്പിന്‌ പ്രത്യേക സ്ഥാനം നിർദ്ദേശിക്കപ്പെട്ടിട്ടില്ല. പുറ്റ്‌ മണ്ണ്‌ ചേർത്ത്‌ മണ്ണ്‌ കുഴുച്ചിട്ടാണ്‌ അടുപ്പ്‌ രൂപപ്പെടുത്തുക. അമ്മിക്കല്ലിന്‌ പകരം ‘മക്കയ്‌കങ്കാള’മായിരുന്നു. കട്ടിയുളള കലമുണ്ടാക്കി (അതിന്റെ ഉൾഭാഗം പരുപരുത്തായിരിക്കും) അതായിരുന്നു അമ്മിക്കല്ലായി ഉപയോഗിച്ചിരുന്നത്‌. ഉപ്പ്‌, മുളക്‌ തുടങ്ങിയ സാധനങ്ങൾ മുളങ്കുറ്റിയിൽ സൂക്ഷിക്കും. അരി, നെല്ല്‌, മുത്താരി, എന്നിവ സൂക്ഷിക്കാൻ കൊമ്മയുണ്ടാക്കിയിരുന്നു. ഗ്ലാസ്സിന്‌ പകരം തൊങ്ക്‌ (മൺകോപ്പ) ഉപയോഗിക്കുമായിരുന്നു. മുള ഉരച്ചാണ്‌ ഇവർ പഴയകാലത്ത്‌ തീ പിടിപ്പിച്ചിരുന്നത്‌. പായ, മുറം, കലം, ഇരുമ്പ്‌ കൊണ്ടുളള പണിയായുധങ്ങൾ എന്നിവയും ഇവർ സ്വയം നിർമ്മിച്ച്‌ ഉപയോഗിച്ചുപോന്നു. വീടിനുളളിൽ ഉരൽ, ഉലക്ക എന്നിവ അവിഭാജ്യഘടകമായിരുന്നു. ഋതുവാകുക, പ്രസവം തുടങ്ങിയ അവസരങ്ങളിൽ സ്‌ത്രീകൾക്കു താമസിക്കാൻ പ്രത്യേകം പുര ഉണ്ടായിരുന്നു. വിധവകൾ, ഭർത്താവ്‌ ഉപേക്ഷിച്ച സ്‌ത്രീകൾ, അവിവാഹിതരായ സ്‌ത്രീകൾ എന്നിവർ താമസിക്കുന്നതിനുളള സ്ഥലമാണ്‌ ‘ബൺഗീരെ’. ഇത്‌ ഒരു പ്രത്യേക സ്ഥാനമെന്നതിൽ കവിഞ്ഞ്‌ പ്രത്യേകതയൊന്നുമില്ല. ഊരാളിക്കുറുമർ ‘പുനംകൃഷി’ ചെയ്‌തിരുന്ന കാലത്ത്‌ ഉപയോഗിച്ചിരുന്ന താത്‌ക്കാലിക വാസസങ്കേതങ്ങളാണ്‌ ‘ഉംകൽ’. ഇതിന്‌ മേൽക്കൂരമാത്രമേ ഉണ്ടാകൂ. തൂണുകളില്ല. മുളയാണ്‌ ഉപയോഗിക്കുക. നീളംകൂടിയ നാല്‌ മൂലക്കഴുക്കോലുകൾ ഉപയോഗിച്ചിരുന്നു. കഴുക്കോലുകൾ നിലത്ത്‌ മുട്ടുന്നരീതിയിലാണിത്‌ പണിതിരുന്നത്‌. ഒരടി ഉയർത്തിയിട്ടുളള മൺതറയിൽ ഒരു പ്രത്യേകഭാഗത്തെ കഴുക്കോലുകൾ അല്‌പം മുറിച്ച്‌ കളഞ്ഞ്‌ വാതിലിന്റെ സ്ഥാനം നല്‌കുമായിരുന്നു. തൂണ്‌, ഉത്തരം എന്നിവ ഇല്ലായിരുന്നു. മുത്താരിപ്പുല്ല്‌, ‘കറുത്തൻ’ നെല്ലിന്റെ പുല്ല്‌ എന്നിവ ഇത്‌ മേയാനുപയോഗിച്ചിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ എടുത്ത്‌ കൊണ്ടുപോകാവുന്ന ഒരു വീടായിരുന്നു ‘ഉംകൽ’. മുള ചതച്ച്‌ ഷീറ്റുകളുടെ രൂപത്തിൽ (തേതൽ) ഇവർ ഉപയോഗിച്ചുപോന്നു. അത്‌ വീടിന്റെ ചുമരായും അടുപ്പിന്‌ മുകളിൽ സാധനങ്ങൾ ഉണക്കാനുപയോഗിക്കുന്ന ‘പന്നെ’ ആയും പ്രയോജനപ്പെട്ടു.

Generated from archived content: nattarivu_dec24.html Author: mr_pankajakshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English