മാപ്പിളപ്പാട്ടിലെ പ്രാസങ്ങൾ

മാപ്പിളപ്പാട്ടിലെ പ്രാസങ്ങളിൽ പ്രാധാന്യമുളളവയെ നാലായി തിരിക്കാം. കമ്പി, കഴുത്ത്‌, വാൽകമ്പി, വാലുമ്മൽ കമ്പി. ഈ നാല്‌ പ്രാസങ്ങളിൽ നിന്നുകൊണ്ടാണ്‌ മാപ്പിളപ്പാട്ടുകൾക്ക്‌ ജീവൻ നൽകേണ്ടത്‌. നാലെണ്ണം ഉൾകൊളളാൻ കഴിയുന്നില്ലെങ്കിൽ ചുരുങ്ങിയത്‌ രണ്ടെണ്ണമെങ്കിലും തീർച്ചയായുംവേണം. അല്ലാത്തവയെ മാപ്പിളപ്പാട്ടെന്ന്‌ പേർ വിളിക്കാനേ കഴിയില്ല എന്ന്‌ പരക്കെ അംഗീകരിക്കുന്നു. എന്നാൽ ഇന്ന്‌ മാപ്പിളപ്പാട്ടെന്ന പേരിൽ ഇത്തരത്തിലുളള പ്രാസങ്ങളൊന്നും പാലിക്കാതെ എഴുതിവിടുന്ന ചവറുപാട്ടുകളെ തിരിച്ചറിയണമെന്ന്‌ കൂടി പറഞ്ഞുകൊണ്ട്‌ മേൽപറഞ്ഞ നാല്‌ പ്രാസങ്ങൾ ചുരുക്കി വിവരിക്കാം. രണ്ടോ മൂന്നോ നാലോ അതിൽ കൂടുതലോ ശീലുകളുടെ ഗണത്തെ ഒരു ‘മൊഴി’ എന്നാണ്‌ പറയുക. അത്തരം ഓരോ ശീലിന്റെയും ആദ്യാക്ഷരം ഒരേ വർണ്ണമായിരിക്കുന്നതാണ്‌ കമ്പി. ഉദാ ഃ

രണ്ട്‌ ശീല്‌ ഃ സാരം പതിയൊത്ത്‌ വസിക്കുവാനെ

സാരക്കനി മോഹിച്ചിരിപ്പതാനെ

മൂന്ന്‌ ശീല്‌ ഃ വാതിയതില്ലെന്നല്ലിപ്പുരിയുടെ മേൽ വാനത്തിൽ

വളരെ മുദാ ശോഭിക്കും സുഖമതിയാനെ-അതുനിജ

വരകംമാൻ താലോലിച്ചിടു മുലകോരെ

നാല്‌ ശീല്‌ ഃ മനം നല്ല മസീറാപദ്വി വിവരങ്ങൾ വിശദമായ്‌

മഹാരാജാവിനൊടുത്തെങ്കിലുമാനെ

മതിയിലൊന്നുമെ പതിയുകെന്നിയെ തിരിഞ്ഞാനെ

മമതയോടു മന്ദവിടുമെയവർ പതി- വരുത്താനെ.

ഇവിടെ രണ്ട്‌ ശീലിലെ ആദ്യവർണ്ണം ‘സ’ കാരവും മൂന്ന്‌ ശീലിലെ ആദ്യവർണ്ണം ‘വ’ കാരവും നാല്‌ ശീലിലെ ആദ്യവർണ്ണം ‘മ’ കാരവുമാണ്‌.

കഴുത്ത്‌ ഃ ഓരോ ഈരടിയേയൊ മൂവ്വടിയേയൊ നാലടിയേയൊ ഒരു മൊഴിയായി ഗണിച്ച്‌ അത്തരം നാല്‌ മൊഴികളിൽ ഒരോന്നിലേയും ആദ്യശീലിൽ ദ്വിതീയാക്ഷരങ്ങൾ ഒരേ വർണ്ണമായിരിക്കുന്നതിനെ കഴുത്ത്‌ എന്നു പറയുന്നു. ഉദാ ഃ

അന്നെനിലാത്‌മ സുഹൃത്തുകളോതി

അബാർന്നിവന്റെ കുസൃതികൾ ചേതി

എന്നാലതൊന്നും ചെഴികൊളളുവാനെ

അപ്പോതിൽ തോന്നിയതില്ലെനിക്കാനെ

നന്നായതിൻ ഫലമാണിന്നുമാനെ

നണ്ണൂലനുഭവിച്ചിടുന്നതാനെ

എന്നുവമോതുമ്പോളാ രാജഗാത്രം

ഏറ്റം വിറച്ചു ചുവപ്പാർക്കു നേത്രം

നേത്രാഭിരാമം പുരികം ചുളിഞ്ഞ്‌

നേതാവൊരു രൗദ്രനായ്‌ ചമഞ്ഞ്‌

മാത്രസമയം തൻകൺകളടച്ച്‌

മാധവനെന്തോ മനസ്സിൽ നിനച്ച്‌

നേത്രം തുറന്ന്‌ വിഹായസ്സിൽ നോക്കി

നേരിൽ പടച്ചവനെ സാക്ഷിയാക്കി

ധാത്രിന്ദ്രനന്നു മുഈനിൽ വിധിച്ചെ

ദാരുണമാം വിധിനവീകരിച്ചെ

മേൽപറഞ്ഞ ഉദാഹരണത്തിൽ ഓരോ ഈരടിയിലും ഒരേ അക്ഷരങ്ങൾകൊണ്ട്‌ കമ്പിപ്രാസം പാലിച്ചതു കാണാമല്ലൊ. അതുപോലെ രണ്ടുശീലുകളെ ഒരു മൊഴിയായി ഗണിച്ച്‌ അങ്ങിനെയുളള നാല്‌മൊഴികളിലേയും ആദ്യശീലുകളിൽ രണ്ടാമത്തെ അക്ഷരം ‘ന്ന’ നൽകികൊണ്ട്‌ കഴുത്ത്‌ പ്രാസം പാലിച്ചിരിക്കുന്നു. അടുത്ത നാല്‌ മൊഴികളിൽ ‘ത്ര’യാണ്‌ കഴുത്ത്‌ എന്ന്‌ കാണാമല്ലൊ. കമ്പിയുംകഴുത്തുമില്ലാത്ത പാട്ടുകളെ മാപ്പിളപ്പാട്ടുകൾ എന്ന്‌ അംഗീകരിക്കാൻ കവികൾ തയ്യാറാവുകയില്ല. രണ്ടോ മൂന്നോ ശീലുകളിലെ അന്ത്യാക്ഷരങ്ങൾ ഒരേ വർണ്ണമായിരിക്കുക എന്നതാണ്‌ വാൽകമ്പി എന്ന്‌ ഉദാഹരണത്തിൽ നിന്ന്‌ ഗ്രഹിക്കാമല്ലൊ.

നാലാമത്തെമൊഴിയുടെ അവസാനപദംകൊണ്ട്‌ അടുത്തമൊഴിയുടെ ആദ്യശീല്‌ തുടങ്ങുക എന്നതാണ്‌ വാലുമ്മൽ കമ്പി. ഉദാഹരണത്തിന്‌ എട്ടാംശീലിലെ അവസാനത്തെ നേത്രം എന്നപദംകൊണ്ട്‌ അടുത്ത ശീല്‌ ആരംഭിച്ചിരിക്കുന്നു. മേൽകാണിച്ച നാല്‌ പ്രധാന പ്രാസങ്ങൾക്കു പുറമെ കവിയുടെ പദസമ്പത്തനുസരിച്ച്‌ കൂടുതൽ പ്രാസങ്ങൾ നൽകി തിളക്കം കൂട്ടാവുന്നതാണ്‌. പക്ഷെ ഒരു നിയമം തീർച്ചയായും പാലിക്കണം. ഒരു ഇശലിലെ ആദ്യ ചതുഷ്‌ക്കത്തിൽ ഏതെല്ലാം പ്രാസങ്ങൾ സ്വീകരിച്ചിട്ടുണ്ടോ അവ മുഴുവനും ആ വൃത്തം അവസാനിക്കുന്നതുവരെ പാലിച്ചിരിക്കണം എന്നുമാത്രം.

മാപ്പിളപ്പാട്ടിലെ ചില പദപ്രയോഗങ്ങൾ

പലകളതാലും = പലകയാലും

നാവിനാലും = നാവാലും

തണലിനാലെ = തണലിനാൽ

അവനിക്ക്‌ = അവന്‌

പെണ്ണിനിക്ക്‌ = പെണ്ണിന്‌

ചെക്കനിക്ക്‌ = ചെക്കന്‌

മനിഷനിക്ക്‌ = മനുഷ്യന്‌

ഏണമാൽ നടന്ത്‌ = ഏണത്തോടെ നടന്ന്‌

സഹായമാൽ = സഹായത്തോടെ

ഒരാങ്കിടാവെ = ഒരാൺ കിടാവിനെ

ഒരുത്തിനെ = ഒരുത്തിയെ

ആയദൈ (തൈ) = ആയതിനെ

കുഞ്ചിന = കുഞ്ഞിനെ

അവരെ = അവരുടെ

ഓട്ടമിൽ = ഓട്ടത്തിൽ

നേരമിൽ = നേരത്തിൽ

ബെസനമിൽ = വ്യസനത്തിൽ

ഇബലുകൾ = ഇവകൾ

ഇബല്‌ = ഇവർ

കരുണൻ = കരുണയുളളവൻ

കൈദം = ഖേദം

തരമെ = തരമിൽ

വെച്ചാരെ = വെച്ചപ്പോൾ

അടുത്താരെ = അടുത്തപ്പോൾ

എന്നാരെ = അപ്പോൾ

കണ്ടാരെ = കണ്ടപ്പോൾ

ആക്കം ഒശിന്ത്‌ = ആക്കം ഒഴിഞ്ഞ്‌

കടന്ത്‌ = കടന്ന്‌

കറന്ത്‌ = കറന്ന്‌

കാട്ടിയെറിന്ത്‌ = കാട്ടിയെറിഞ്ഞ്‌

ഒളിന്ത്‌ = ഒളിഞ്ഞ്‌

പൂദി = ആശ

ഉദവി = സമ്മതം

ഇത്തരമിൽ = ഇത്തരത്തിൽ

ഇടമിൽ = ഇടത്തിൽ

കാമൽ = കാലിൻമേൽ

കുഞ്ഞികുട്ടികൾ = കുഞ്ഞുങ്ങളും കുട്ടികളും

Generated from archived content: nadanpattu_dec10.html Author: mp_mohd_iqbal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here