മാപ്പിളക്കലകളിലെ അനുഷ്‌ഠാനാംശം

കേരളത്തിലും ലക്ഷദ്വീപുസമൂഹങ്ങളിലും അധിവസിച്ചുവരുന്ന മുസ്ലീം സമൂഹത്തിന്റെ കലാപ്രകടനങ്ങളെയാണ്‌ ഈ ലേഖനത്തിൽ ‘മാപ്പിളക്കലകൾ’ എന്ന്‌ പേരുവിളിക്കുന്നത്‌. അടുത്തകാലം വരെ ഇവിടത്തെ ക്രിസ്‌ത്യാനിയും (നസ്രാണി മാപ്പിള) യഹൂദനും (യഹൂദ മാപ്പിള) മാപ്പിള എന്നറിയപ്പെട്ടിരുന്നുവെങ്കിലും ‘ജോനകമാപ്പിള’ ആയിരുന്ന മുസ്ലിമിന്റേതു മാത്രമായി ‘മാപ്പിള’ എന്നു പേര്‌ ഇപ്പോൾ ഉപയോഗിക്കുവാൻ തുടങ്ങിയിട്ടുണ്ട്‌. ഇനി വിശകലനംചെയ്യുവാൻപോകുന്ന കലാരൂപങ്ങൾ കേരളീയ മുസ്ലീംകളുടേതാണ്‌ എന്നുപറയാമെങ്കിലും ഒരു ജനസമൂഹത്തിന്റെ സ്വത്വാവിഷ്‌ക്കാരം എന്നനിലയിൽ അവ കണ്ടുവരുന്നത്‌ സംസ്‌ഥാനത്തിന്റെ വടക്കുഭാഗത്തു കിടക്കുന്ന മലബാറിലാണ്‌. ലക്ഷദ്വീപുസമൂഹങ്ങൾ മാതാചാരങ്ങൾ, ഭാഷ, വേഷം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ഏറ്റവും അടുപ്പം പുലർത്തുന്നത്‌ മലബാറുമായിട്ടാണ്‌.

കേരളത്തിലെ നാടോടികലാരൂപങ്ങളിൽ സാമാന്യമായി കണ്ടുവരുന്ന അനുഷ്‌ഠാനകല, വിനോദകല എന്നീ രണ്ടു വകുപ്പുകളിൽ പെടുത്താവുന്നവയാണ്‌ മാപ്പിള കലകളെല്ലാം. മതവിശ്വാസവുമായോ, ആചാരവുമായോ ഭക്തിയുമായോ ചികിത്‌സയുമായോ ബന്ധപ്പെട്ട്‌ നടത്തുന്ന അനുഷ്‌ഠാനങ്ങൾ ഏതെങ്കിലും തരത്തിലുളള കലാവിഷ്‌ക്കാരത്തിന്റെ രൂപം കൈവരിക്കുന്നതാണ്‌ അനുഷ്‌ഠാനകല. അത്തരം ചിട്ടകളുമായോ, ചടങ്ങുകളുമായോ ഭക്തിയുമായോ ബന്ധപ്പെടാതെ സ്വന്തം ജീവിതസാഹചര്യത്തിന്റെ ഉത്‌സാഹമോ, ആഘോഷമോ, വികാരങ്ങളോ ആവിഷ്‌കരിക്കുന്നതാണ്‌ വിനോദകല. ഇപ്പറഞ്ഞ രണ്ട്‌ ഇനത്തിലും പെടുത്താവുന്ന മാപ്പിള കലകളുണ്ട്‌. ഉദാഹരണത്തിന്‌ സിദ്ധന്‌മാരെയും പുണ്യവാന്‌മാരെയും വാഴ്‌ത്തുന്നതിനുവേണ്ടി നടത്തുന്ന മുസ്ലീംകളുടെ ‘റാത്തീബ്‌’ ഒരനുഷ്‌ഠാനകലയാണ്‌. കല്യാണത്തിന്റെ സന്തോഷം പങ്കുവെയ്‌ക്കുന്നതിനുവേണ്ടി നടത്തുന്ന അവരുടെ ‘ഒപ്പന’ വിനോദകലയും. ഇവയിലെ അനുഷ്‌ഠാനാംശത്തെപ്പറ്റി ആലോചിക്കുമ്പോൾ ആമുഖമായി ഒരു കാര്യം പറഞ്ഞുവെയ്‌ക്കേണ്ടതുണ്ട്‌ഃ

വിശ്വാസം, മതാചാരം, ആരാധന, ചികിത്‌സ മുതലായവയുമായി ബന്ധപ്പെട്ട്‌ ഭക്തിഭാവത്തിൽ നടത്തപ്പെടുന്നവയാണല്ലോ അനുഷ്‌ഠാനകലകൾ. മുസ്ലിംകൾക്ക്‌ ഒരു വിശ്വാസസമൂഹം എന്ന നിലയ്‌ക്കു കലാപ്രകടനങ്ങളിലൂടെ ആരാധന നടത്തുക എന്നൊരു സമ്പ്രദായമില്ല. അവരുടെ ആരാധനകളുടെ മട്ടുംമാതിരിയും വിശദാംശങ്ങളോടെ, പതിനാലുനൂറ്റാണ്ടുമുമ്പ്‌, പ്രവാചകന്റെ കാലത്തു തന്നെ അറേബ്യയിൽ രൂപം കൊണ്ടവയാണ്‌. ഏതു നാട്ടിലും ഏതുകാലത്തും അവരുടെ ആരാധനാരീതികൾക്ക്‌ സാർവ്വകാലികവും സാർവ്വലൗകികവും ആയ ചിട്ടകളാണുളളത്‌. ദിവസംപ്രതിയുളള അഞ്ചുനേരത്തെ നമസ്‌ക്കാരം തന്നെ നല്ല ഉദാഹരണം. അതിലെ ശാരീരിക ചലനങ്ങൾക്ക്‌ പൂർവ്വനിർണ്ണീതമായ ചിട്ടയുണ്ട്‌; ഉരുവിടേണ്ട ദൈവസ്‌തുതികളും പ്രാർത്‌ഥനകളും അറബിഭാഷയിൽ നേരത്തെ രൂപപ്പെടുത്തിയതാണ്‌. ഏതു നാട്ടുകാരനും ഏതു കലാകാരനും ഒരേ മട്ടിലാണ്‌ നമസ്‌ക്കാരത്തിൽ ശരീരം ചലിപ്പിക്കുന്നത്‌; ഏതു ഭാഷക്കാരനും അറബിയിലാണ്‌ നമസ്‌ക്കാരത്തിൽ പ്രാർത്‌ഥിക്കുന്നത്‌. ഇതുതന്നെയാണ്‌ മറ്റു ആരാധനാകർമ്മങ്ങളായ ഹജ്ജ്‌ (തീർത്‌ഥാടനം) തുടങ്ങിയവയുടേയും കഥ.

എങ്കിലും മുസ്ലീംകൾക്ക്‌ ഒരു പ്രാദേശിക സമൂഹം എന്ന നിലയ്‌ക്ക്‌ ഭക്തിഭാവവുമായി ബന്ധപ്പെട്ട നിരവധി അനുഷ്‌ഠാനകലകൾ പല പ്രദേശങ്ങളിലുണ്ട്‌. ഇവ അവരുടെ വിശ്വാസത്തോട്‌ എന്നതിലധികം അവരുടെ പ്രാദേശിക വേരുകളോട്‌ ചേർന്നു നില്‌ക്കുന്നു. മാപ്പിളക്കലകളുടെ രൂപികരണത്തിൽ ഇപ്പറഞ്ഞ പ്രാദേശികസംസ്‌കൃതിയുടെ സ്വാധീനം പ്രവർത്തിച്ചത്‌ പ്രധാനമായും മൂന്നു വഴിക്കാകണംഃ

1. അന്യസംസ്‌ക്കാരങ്ങളിൽനിന്ന്‌ ഇസ്ലാമിലേയ്‌ക്കു മതംമാറിയവരും അത്തരക്കാരുടെ പിൻമുറക്കാരും ചില്ലറമാറ്റങ്ങളോടെ പഴയകലകൾ നിലനിർത്തി. ഈ മാറ്റങ്ങൾ അവയ്‌ക്കു പുതിയൊരു അസ്‌തിത്വം നല്‌കുന്നു. ഉദാഹരണം ഃ മാപ്പിളക്കോൽകളി. കേരളത്തിലെ പഴയ വിനോദകലകളിൽ ഒന്നാണ്‌ കോൽക്കളി. പല സമുദായക്കാരും ഈ കലാരൂപം കൊണ്ടു നടന്നിരുന്നു. മാപ്പിളക്കോൽക്കളി അതിന്റെ ഒരു സാമുദായികഭേദമാണ്‌. ചുവടുകളിലും ശാരീരികചലനങ്ങളിലും ചില്ലറ വ്യത്യാസമുണ്ട്‌. മറ്റൊരു വ്യത്യാസം കളിക്കുമ്പോൾ പാടുന്നപാട്ടുകളിലാണ്‌. ഉത്തരകേരളത്തിൽ ചേകോന്‌മാരുടെ വീരാപദാനങ്ങൾ പൊലിയുന്ന വടക്കൻപാട്ടുകൾക്ക്‌ പകരം ഇസ്ലാമികചരിത്രത്തിലെ അറേബ്യൻ ശൂരന്‌മാരുടെ വീറുകൊണ്ടാടുന്ന മാപ്പിളപ്പാട്ടുകൾ സ്‌ഥാനംപിടിച്ചു.

2. സഹജീവിതത്തിലൂടെ അയൽപക്ക സംസ്‌ക്കാരങ്ങൾ പ്രാദേശിക മുസ്ലിം സാമൂഹ്യതയിൽ ചെലുത്തുന്ന സ്വാധീനംകൊണ്ട്‌ സമാന്തരമായി പുതിയ കലാപ്രകടനങ്ങൾ ഉണ്ടായി വന്നു. ഉദാഹരണം ഃ മുട്ടും വിളിയും. ചീനി എന്നറിയപ്പെടുന്ന കുഴൽ, ഒറ്റ എന്നറിയപ്പെടുന്ന വലിയ ചെണ്ട, മുരജ്‌ എന്നറിയപ്പെടുന്ന ചെറിയ ചെണ്ട എന്നീ മൂന്നുപകരണങ്ങൾ ഉപയോഗിച്ച്‌ മൂന്നുപേരാണ്‌ ഈ കലാപ്രകടനം നടത്തുന്നത്‌. വായ്‌പ്പാട്ടില്ല. സുഷിരവാദ്യമായ ചീനിക്കുഴലിലൂടെ മലയാളത്തിലുളള മാപ്പിളപ്പാട്ടിന്റെ ഈണങ്ങൾ വായിക്കുന്നു; തുകൽവാദ്യങ്ങൾ അതിന്‌ അകമ്പടി ചൊല്ലുന്നു. കേരളത്തിലെ പഞ്ചവാദ്യത്തിന്റെ സമാന്തരകലയായി ‘മുട്ടുംവിളിയും’ (ചീനിമുട്ട്‌ എന്നും പേരുണ്ട്‌) എന്ന കലാപ്രകടനത്തെ കാണാവുന്നതാണ്‌.

3. വിശ്വാസത്തിന്റെ നാടായ അറേബ്യയിലെ നാടോടിക്കലകളോടു തോന്നുന്ന ആഭിമുഖ്യം അവയുടെ പ്രാദേശിക രൂപം സൃഷ്‌ടിക്കാൻ പ്രേരകമായി. ആ നാട്ടിൽ നിന്നു വന്ന മതപ്രചാരകന്‌മാരുടെ സാന്നിധ്യവും പ്രോത്‌സാഹനവും ഇതിന്‌ സഹായകമായിത്തീർന്നിരിക്കണം. ഉദാഹരണം ഃ ദഫ്‌ഫ്‌ മുട്ട്‌. ദഫ്‌ഫ്‌ തീർത്തും അറേബ്യൻ തുകൽവാദ്യമാണ്‌. അതുമുട്ടിക്കൊണ്ട്‌ അവിടെ നാടൻകലാപ്രകടനവുമുണ്ട്‌. ഇവിടത്തെ ദഫ്‌ഫ്‌ മുട്ടിപ്പാടുന്നത്‌ അറബിഗീതങ്ങൾ മാത്രമല്ല, മലയാളത്തിലുളള മാപ്പിളപ്പാട്ടുകൾകൂടിയാണ്‌. ആ വ്യതിരിക്തതയും എടുത്തുപറയണം.

ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തമാവുന്ന കാര്യം ഃ മാപ്പിളക്കലകൾ ഏതെടുത്തു നോക്കിയാലും അവയിൽ ഇസ്ലാമിക വിശ്വാസത്തിന്റെയും അറേബ്യൻ നാടോടിക്കലകളുടെയും കേരളീയ പ്രാദേശികസംസ്‌കൃതിയുടെയും മിശ്രണം കാണാം. അവരുടെ വാമൊഴിയിലും ‘അറബി – മലയാളം’ എന്നു പേരായ ലിപിമാലയിലും എല്ലാം കാണുന്നതാണ്‌ ഈ മിശ്രം. ഈ സന്ദർഭത്തിൽ ശ്രദ്ധേയമായിത്തീരുന്ന മറ്റൊരു വസ്‌തുത ഃ ‘പളളികേന്ദ്രിതം’ എന്നുവിളിക്കാവുന്ന സാമൂഹ്യജീവിതമുളള ഒരു മതസമൂഹത്തിന്റെ നാടൻ കലാരൂപങ്ങളെപ്പറ്റിയാണ്‌ നാം ചർച്ച ചെയ്യുന്നതെങ്കിലും പെട്ടെന്ന്‌ തോന്നാനിടയുളള പോലെ ഇവ ‘പളളികേന്ദ്രിത കലകൾ’ അല്ല. സാമാന്യമായിപ്പറഞ്ഞാൽ ഇവയ്‌ക്കു പളളി പ്രവേശനം അനുവദിച്ചിട്ടില്ല. കാരണം ലേഖനാരംഭത്തിൽ വിശദീകരിച്ചു – പളളിയിലെ ആരാധനയുടെ രൂപമായോ ആരാധനയ്‌ക്കു ബദലായോ, ആരാധനയ്‌ക്കു പൂരകമായോ ഒന്നും ഔപചാരികമതം ഇവയെ കാണുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ ഹിന്ദു പാരമ്പര്യത്തിൽ ധാരാളം ‘ക്ഷേത്രകലകൾ’ ഉണ്ടായി വന്നതുപോലെ മുസ്ലിം പാരമ്പര്യത്തിൽ ‘പളളിക്കലകൾ’ ഉണ്ടായി വന്നില്ല. ഇന്നും ഒരർത്‌ഥത്തിലും മാപ്പിളക്കലകളെ ‘പളളിക്കലകൾ’ എന്ന്‌ വിശേഷിപ്പിക്കാനും പറ്റില്ല.

ഈ കലകളെ അനുഷ്‌ഠാനവും ഭക്തിയും ഇസ്ലാമികത എന്ന മതവിശ്വാസത്തോട്‌ എന്നതിലധികം കേരളീയത എന്ന പാരമ്പര്യത്തോട്‌ ബന്ധപ്പെട്ടതാണ്‌. അവയിൽ കൊണ്ടാടപ്പെടുന്ന വിശുദ്ധവ്യക്തികളും, അതിനുപയോഗിച്ചിരിക്കുന്ന ഭാഷയും ഒക്കെ ഇസ്ലാംമതവിശ്വാസത്തോടുരക്തബന്ധം ഉളളതാണെങ്കിൽ തന്നെയും അവയുടെ അനുഷ്‌ഠാന സ്വഭാവം തീർത്തും പ്രാദേശികമാണ്‌. തെളിവ്‌ ഃ കേരളത്തിനു പുറത്തുളള മിക്ക മുസ്ലീം സമൂഹങ്ങളിലും നാം ഇത്തരം അനുഷ്‌ഠാനങ്ങൾ കാണുന്നില്ല; കേരളത്തിലെ മുസ്ലിമേതരസമൂഹങ്ങളിൽ ഇത്തരം അനുഷ്‌ഠാനകലകൾ കാണുന്നുമുണ്ട്‌.

മാപ്പിളക്കലകളിലെ ഭക്തിയെയും അനുഷ്‌ഠാനത്തെയും അപഗ്രഥിക്കുന്ന സന്ദർഭത്തിൽ ആ മതവിഭാഗത്തിന്റെ ദൈവസങ്കല്പത്തിന്റെ സവിശേഷത പ്രത്യേകപരാമർശം അർഹിക്കുന്നു. മുസ്ലിംകൾ ദൈവത്തെ അല്ലാഹു എന്നു വിളിക്കുന്നു. അരൂപിയും അദൃശ്യനും ഏകനുമായ ഈശ്വരനാണ്‌ അല്ലാഹു. ഒരു വടിവിലും പ്രത്യക്ഷപ്പെടാത്തവൻ. ഒരു കോലത്തിലും അവതരിക്കാത്തവൻ. ഒരു തരത്തിലുളള ഉപമയും സദൃശതയും ആ ദൈവത്തെ ചേർത്തു പറഞ്ഞുകൂടാ. സ്വാഭാവികമായും അവന്‌ ഭാര്യയോ, സന്താനമോ, കുടുബമോ സ്വന്തക്കാരോ ഒന്നുമില്ല. അവന്റെ അധികാരത്തിനും മഹത്വത്തിനും പങ്കുകാരില്ല. ഇവിടെ ബഹുദൈവാരാധനയും ബിംബാരാധനയും നിഷിദ്ധമാകുന്നു. അരൂപിയായ ജഗന്നിയന്താവിനെ ആരാധിക്കുന്ന മുസ്ലീംദേവാലയങ്ങളിൽ ഒരു പ്രതിഷ്‌ഠയും ഇല്ല. ഇതിന്റെ പ്രതിഫലനം എന്ന നിലയിൽ മാപ്പിളക്കലകളിൽ, തെയ്യം മുതലായ അനുഷ്‌ഠാനകലകളിൽ പതിവുളള പോലെ, ദൈവത്തിന്റെ രൂപം കെട്ടിയാടാൻ പഴുതില്ല. ആ കലകളിലെ ഒരു രൂപത്തിലും ദൈവസാന്നിധ്യം സങ്കല്പിക്കാനാവില്ല. സ്വാഭാവികമായും ഇവിടത്തെ മിക്ക അനുഷ്‌ഠാനകലകളിലും കണ്ടുവരുന്ന ദൈവത്തെ ആവാഹിക്കുക എന്ന ചടങ്ങിന്‌ മാപ്പിളക്കലകളിൽ ഒരു പ്രസക്തിയുമില്ല.

മതപ്രവാചകനായ മുഹമ്മദ്‌നബിക്കും ഈ കലകളിൽ അത്ര വലിയ സ്‌ഥാനം ലഭിക്കുന്നില്ല. ഇവിടെ നബി വാഴ്‌ത്തിപ്പറയുകയും പാടുകയും ചെയ്യും. അതിനപ്പുറം ആവാഹിക്കപ്പെടുന്ന ദിവ്യസാന്നിധ്യമായി അദ്ദേഹവും മാറുന്നില്ല. പിന്നെ, ഈ അനുഷ്‌ഠാനകലകളിൽ വാഴ്‌ത്തപ്പെടുന്നതും കൊണ്ടാടപ്പെടുന്നതും ആരാണ്‌?

പുണ്യാത്‌മക്കളായ സിദ്ധന്‌മാരേയും രക്തസാക്ഷികളേയും മഹത്വപ്പെടുത്തുന്നവയാണ്‌ അനുഷ്‌ഠാനകലകളെല്ലാം. അവയിൽ പ്രാർത്‌ഥനയും ആരാധനയും ഏകദൈവമായ അല്ലാഹുവിനോടാണെങ്കിലും സിദ്ധന്‌മാരേയും രക്തസാക്ഷികളേയും “ഇടനിലക്കാരായി” നിർത്തുന്നുണ്ട്‌. ആ വിശുദ്ധാത്‌മാക്കളുടെ “പോരിശ”യെയും മഹത്വത്തെയും മുൻനിർത്തി ഒരു തരം മധ്യസ്‌ഥപ്രാർത്‌ഥനയാണ്‌ നടത്തുന്നത്‌. വിശുദ്ധന്‌മാർക്കു ഫലം കിട്ടും എന്നാണ്‌ വിശ്വാസം. തങ്ങൾ, ഔലിയ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സിദ്ധന്‌മാരുടെ ജാറം (ശവകുടീരം) സ്‌ഥിതി ചെയ്യുന്ന കൊണ്ടോട്ടി, കൂട്ടായി എന്നീ പ്രദേശങ്ങളിൽ അവരെ പുകഴ്‌ത്തുന്നതിനുവേണ്ടി നടത്തുന്ന വാർഷികച്ചടങ്ങുകളായ നേർച്ചകളിൽ ‘വരവിന്റെ’ ഭാഗമായി ദഫ്‌ഫ്‌ മുട്ട്‌, അറവാന, കോൽക്കളി, മുട്ടും വിളിയും തുടങ്ങിയ മാപ്പിളക്കലകൾ അവതരിപ്പിക്കപ്പെടും. ഇതുപോലെ ‘ശുഹാദാക്കൾ’ എന്നറിയപ്പെടുന്ന രക്തസാക്ഷികളുടെ ജാറം സ്‌ഥിതിചെയ്യുന്ന മലപ്പുറം, പൂക്കോട്ടൂർ എന്നീ പ്രദേശങ്ങളിൽ രക്തസാക്ഷികളെ അനുസ്‌മരിക്കുന്നതിനുവേണ്ടി നടത്തുന്ന വാർഷികച്ചടങ്ങുകളായ നേർച്ചകളിലും സ്‌ഥിതി ഇതുതന്നെ. ഇവിടെയെല്ലാം ദൈവികതയുടെ അംശങ്ങളുളളവരായി തങ്ങന്‌മാരും ശുഹദാക്കളും മനസ്സിലാക്കപ്പെടുന്നുണ്ട്‌. കേരളത്തിലെ പൂർവ്വികാരാധനയുടെയും വീരാരാധനയുടെയും സംസ്‌ക്കാരം ഈ അനുഷ്‌ഠാനങ്ങളിൽ ഉൾച്ചേർന്നു കിടപ്പുണ്ട്‌. പരേതാത്‌മക്കളെ ആവാഹിക്കുന്ന ചില അനുഷ്‌ഠാനകലകളും മാപ്പിളമാർക്കുണ്ട്‌. റാത്തീബ്‌, കുത്തുറാത്തീബ്‌ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആ അനുഷ്‌ഠാനങ്ങളിൽ തുകൽവാദ്യങ്ങൾ മുട്ടി, ശരീരം ചലിപ്പിച്ച്‌, ചില ‘ശൈഖു’മാരെ (സിദ്ധന്‌മാർ) ഗീതങ്ങളിലൂടെ വാഴ്‌ത്തുകയാണ്‌. അതിന്റെ മൂർദ്ധന്യത്തിൽ നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ മൺമറഞ്ഞുപോയ ‘ശൈഖിന്റെ സാന്നിധ്യം അവിടെ ഉണ്ടാവും (ഇതിന്‌ ’ഹാളിറാവുക‘ എന്നു പറയുന്നു. ഹാളിർ-സന്നിഹിതൻ) എന്നാണ്‌ വിശ്വാസം. മുഹ്‌യിദ്ദീൻ ശൈഖ്‌, രിഫായി ശൈഖ്‌ തുടങ്ങിയ പുണ്യാത്‌മാക്കളുടെ പേരിൽ കേരളത്തിൽ ’റാത്തീബ്‌ ‘ പതിവുണ്ട്‌. കൊട്ടിന്റെയും പാട്ടിന്റെയും ആട്ടത്തിന്റെയും മൂർദ്ധന്യത്തിൽ ’ഹാലിളകി‘ കത്തികൊണ്ടോ സൂചികൊണ്ടോ ദേഹം മുറിപ്പെടുത്തുന്ന ’കുത്തുറാത്തീബ്‌ ‘ എന്ന അനുഷ്‌ഠാനത്തിൽ വേദന അനുഭവപ്പെടാത്തതും ചികിത്‌സ കൂടാതെ മുറിവുണങ്ങുന്നതും ഈ ’ഹളറത്ത്‌‘ (സാന്നിധ്യം) കൊണ്ടാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.

ഇതുപോലെ ’ജിന്നഹളറാത്ത്‌ ‘ (ജിന്നുകളുടെ സാന്നിധ്യം) കൊണ്ട്‌ രോഗങ്ങൾ ചികിത്‌സിക്കുന്ന ചില മന്ത്രവാദരീതികളും മാപ്പിളമാർക്കിടയിലുണ്ട്‌. അപ്പോഴും മന്ത്രോച്ചാരണങ്ങളും അനുഷ്‌ഠാനങ്ങളുംകൊണ്ട്‌ ജിന്നുകളെ ചില പ്രത്യേക സന്ദർഭങ്ങളിൽ മന്ത്രവാദിയോ മന്ത്രവാദിനിയോ തന്നിലേയ്‌ക്കു ആവാഹിക്കുകയാണ്‌. ദൈവത്തിന്റെ മനുഷ്യേതരസൃഷ്‌ടികളിൽപെട്ടവരും അദൃശ്യരും പാമ്പിന്റെ കോലത്തിലും മറ്റും രൂപം മാറി മാത്രം പ്രത്യക്ഷപ്പെടുന്നവരും മനുഷ്യർക്ക്‌ ഉപകാരങ്ങളും ഉപദ്രവങ്ങളും ചെയ്യാൻ കെല്പുളളവരും സാധാരണക്കാർക്ക്‌ ഒരിക്കലും കണ്ടറിയാൻ കഴിയാത്തവരും ആയ കൂട്ടരാണ്‌ ജിന്നുകൾ എന്നുവിശ്വാസം. രൂപത്തെ ആരാധിക്കുന്നതിന്‌ മതപരമായി വിലക്കുളളതുകൊണ്ടാവാം, ഈ അനുഷ്‌ഠാനങ്ങളിലൊന്നും ശൈഖുമാരുടെയോ ശുഹദാക്കളുടെയോ രൂപം കെട്ടി എഴുന്നെളളിക്കുകയൊ ആരെങ്കിലും അവരുടെ വേഷം അണിയുകയോ ചെയ്യുന്ന സമ്പ്രദായമില്ല.

അനുഷ്‌ഠാനാംശത്തിന്‌ മുൻതൂക്കമുളള കലകൾ റാത്തീബ്‌, കുത്തുറാത്തീബ്‌, മൗലൂദ്‌ എന്നിവയാണ്‌. റാത്തീബിലും കുത്തുറാത്തീബിലും സാമാന്യമായി ’ശൈഖു‘മാരാണ്‌ വാഴ്‌ത്തപ്പെടുന്നത്‌, പ്രവാചകനായ മുഹമ്മദ്‌ നബിയല്ല. നബി പിറന്നത്‌ മുസ്ലീംകളുടെ ഹിജ്‌റ കലണ്ടറിലെ റബീ ഉൽ അവ്വൽ എന്നു പേരായ മാസത്തിലാണ്‌. ആ മാസത്തിൽ നടത്തപ്പെടുന്ന മൗലൂദ്‌ എന്ന അനുഷ്‌ഠാനത്തിൽ നബിയുടെ പിറവിയുടെ മഹത്വവും വ്യക്തിത്വത്തിന്റെ വളർച്ചയും കൊണ്ടാടപ്പെടുന്നു. മൗലൂദിന്റെ ഒരു പ്രത്യേകത അതിൽ അറബിഗീതങ്ങൾ മാത്രമേ പാടാറുളളു എന്നതാണ്‌. അതിൽ നബിയുടെ വേഷംകെട്ടലോ അവിടെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന സങ്കല്പമോ ആവാഹനമോ ഒന്നുമില്ല. ആവാഹനം എന്ന അനുഷ്‌ഠാനാംശം ഈ കലകളിൽ കാണുന്നുണ്ടെങ്കിലും അവയ്‌ക്ക്‌ കേരളത്തിന്റെ പതിവുരീതികളിൽനിന്ന്‌ ചില വ്യത്യാസങ്ങളുണ്ട്‌ എന്ന്‌ ചുരുക്കം.

ദഫ്‌ഫ്‌ മുട്ട്‌, അറവാന, കോൽക്കളി, മുട്ടുംവിളിയും എന്നീകലകൾ ഒരുനിലയ്‌ക്ക്‌ അനുഷ്‌ഠാനത്തോട്‌ ബന്ധപ്പെട്ടതാണ്‌. പുണ്യപുരുഷന്‌മാരെ അനുസ്‌മരിക്കുവാനുളള ചടങ്ങുകളുടെ ഭാഗമായാണ്‌ ഇവ അരങ്ങേറിയിരുന്നത്‌. അറബിയിലോ, മലയാളത്തിലോ ഉളള സ്‌തുതി ഗീതങ്ങൾ ആലപിച്ചുകൊണ്ട്‌ നേർച്ചകളുടെയും റാത്തീബുകളുടെയും അരങ്ങ്‌ കൊഴുപ്പിക്കുക എന്നതായിരുന്നു അവയുടെ ധർമ്മം. ദഫ്‌ഫും അറവാനയും മറ്റ്‌ അരങ്ങുകളിൽകൂടി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്‌ ഈയിടെ മാത്രമാണ്‌. വിനോദകലയായികൂടി മനസ്സിലാക്കപ്പെടുന്ന കോൽക്കളി ഇത്തരം അനുഷ്‌ഠാനങ്ങളുടെ ഭാഗമല്ലാതെയും അവതരിപ്പിച്ചുപോന്നിരുന്നുവെങ്കിലും ദഫ്‌ഫും അറവാനയും പണ്ട്‌ വിനോദത്തിനുമാത്രമായി അവതരിപ്പിച്ചിരുന്നില്ല. വിനോദകലമാത്രമായി നിലനിന്നുപോന്നിരുന്ന ആണുങ്ങളുടെ ഒപ്പനയും പെണ്ണുങ്ങളുടെ ഒപ്പനയും അനുഷ്‌ഠാനവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും ഒരിക്കലും അവതരിപ്പിക്കുകയുണ്ടായിട്ടില്ല; വിനോദത്തെയും അനുഷ്‌ഠാനത്തെയും മാപ്പിളകലകൾ വേർതിരിച്ചുനിർത്തുന്നു. ഈ അനുഷ്‌ഠാനങ്ങളിൽ ശ്രദ്ധാർഹമായി തോന്നുന്ന മറ്റൊരു കാര്യം. എവിടെയും ’സ്‌ത്രീ‘ ഇല്ല പെണ്ണുങ്ങൾ നേരിട്ടോ ആണുങ്ങൾ പെൺവേഷം കെട്ടിയോ ആ അനുഷ്‌ഠാനകലകളിൽ പ്രത്യക്ഷപ്പെടുന്നില്ല. കൊണ്ടാടപ്പെടുന്ന വിശുദ്ധന്‌മാർക്കിടയിലോ, രക്തസ്സാക്ഷികൾക്കിടയിലോ വനിതകൾ ആരുമില്ല തന്നെ.

ചികിത്‌സയുമായി ബന്ധപ്പെട്ടും മറ്റും മന്ത്രവാദം നടത്തുന്ന മുസ്ലീം സ്‌ത്രീകൾ അപൂർവ്വമായിയുണ്ട്‌. ചില ജിന്നുകളെ സ്‌ത്രീകൾക്കാവാഹിക്കുവാൻ കഴിയും എന്ന വിശ്വാസത്തിന്‌മേൽ ആണിത്‌. അങ്ങനെ ’ജിന്നുമ്മ‘യായിത്തീർന്നും മറ്റും പെണ്ണുങ്ങൾ നടത്തുന്ന മന്ത്രവാദവും ആ മട്ടിൽ ആണുങ്ങൾ നടത്തുന്ന മന്ത്രവാദവും ഈ സമൂഹത്തിൽ അനുഷ്‌ഠാനകലയായി തീർന്നിട്ടില്ല. അത്‌ സ്വഭാവം കൊണ്ടും രൂപം കൊണ്ടും കലാവിഷ്‌ക്കാരം എന്നതിലധികം വ്യക്തികളുടെ സ്വകാര്യമായ മന്ത്രവാദചികിത്‌സ മാത്രമാണ്‌. മാപ്പിള പെണ്ണുങ്ങൾക്ക്‌ സ്വന്തമായി ഒരു കലാരൂപമേയുളളു – ഒപ്പന മാത്രം. അതാകട്ടെ, എല്ലാ അർത്‌ഥത്തിലും വിനോദോപാധിയാണ്‌. അതിനുവേണ്ടി പാടുന്നപാട്ടുകളിൽ പ്രവാചകനോ വിശുദ്ധനോ വീരനോ രക്തസാക്ഷിയോ ഒക്കെ കഥാപാത്രമാകാം. അതിനപ്പുറത്തേക്ക്‌ ഭക്തിയുടെയോ അനുഷ്‌ഠാനത്തിന്റെയോ യാതൊരു മാനവും ഒപ്പനയ്‌ക്കില്ല. പുതുമണവാട്ടിയെ കളിയാക്കുകയും പുകഴ്‌ത്തുകയും ചെയ്യുന്നതിലൂടെ കല്യാണത്തിന്റെ ഉത്‌സാഹവും ആഘോഷവും ആഹ്ലാദവും ആവിഷ്‌കരിക്കുക എന്ന ധർമ്മം മാത്രമേ അതിനുളളു. മാപ്പിളകലകളിൽ, സാമാന്യമായി, വിനോദാംശത്തേക്കാൾ മുന്നിട്ടുനില്‌ക്കുന്നത്‌ അനുഷ്‌ഠാനാംശമാണ്‌. ആ അനുഷ്‌ഠാനാംശത്തിന്‌ ഇസ്ലാമികവിശ്വാസത്തിന്റെ സ്വാധീനഫലമായി പലവിധത്തിലുളള വർണ്ണപകർച്ചകൾ കൈവന്നിരിക്കുന്നു. ഇസ്ലാംമികതയും കേരളീയതയും തമ്മിലുളള സങ്കലനവും വ്യവകലനവും മാപ്പിള കലകളിൽ ഒരുമിച്ചു പുലരുന്നു.

Generated from archived content: nadanpattu_mar15.html Author: mn-karrassery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here