അരികുസത്യങ്ങൾ എന്ന വിഷയത്തെ അധികരിച്ച് മെയ് 9, 10 തിയ്യതികളിൽ തൃശൂരിനടുത്തുളള പാലപ്പിളളിയിൽ നടക്കാനിരിയ്‌ക്കുന്ന ചർച്ച കേരളത്തിന്റെ സാംസ്‌കാരികവേദിയിൽ പുതുമയുളളതാണ്. ‘നാട്ടറിവ്’ എന്ന. കൂട്ടായ്‌മയാണ് ചർച്ചയൊരുക്കുന്നത്. അതിന്റെ പ്രാധാന്യം സ്വയം പ്രത്യക്ഷമല്ല എന്നതുകൊണ്ടുതന്നെ പ്രത്യേകം എടുത്തുപറയേണ്ടിവന്നിരിയ്‌ക്കുന്നു. സാധാരണനിലയിൽ താൻ പ്രമാണിത്തത്തോടെ മുന്നിൽച്ചാടി വരുന്നില്ല. എന്നതുകൊണ്ട് തന്നെയാണല്ലൊ ചിലതൊക്കെ അരികുസത്യങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാൽ അരികുസത്യങ്ങൾ പലപ്പോഴും വികലമായ ഒരു വീക്ഷണത്തിന്റെ ഫലമായി അരികിലേയ്‌ക്ക് അടിച്ചുനീക്കി അയിത്തം കല്പിയ്‌ക്കപ്പെട്ട മുഖ്യസത്യങ്ങളാണ് എന്ന സത്യം ആദ്യമേ കുറിച്ചു കൊളളട്ടെ.
സാമാന്യജനങ്ങൾക്ക് മാത്രമല്ല, സാമൂഹ്യശാസ്‌ത്രവിദഗ്‌ദ്ധർക്കും പ്രയാസപ്പെട്ടു പഠിച്ചാൽമാത്രം ബോദ്ധ്യപ്പെടുന്നതാണ് അരികുസത്യങ്ങളുടെ കേന്ദ്രസ്‌ഥാന യോഗ്യത എന്ന് പറയാം. പാശ്‌ചാത്യലോകത്ത് പെറ്റു വളർന്നു പുഷ്‌ടിപ്പെട്ട ഗവേഷണ പദ്ധതിയിൽ, ജീവിതപദ്ധതിയിൽത്തന്നെ നൂറ്റാണ്ടുകളായി കയറിപ്പറ്റിയ ചില പ്രവണതകളാണ് ഈ സ്‌ഥിതിവിശേഷം സൃഷ്‌ടിച്ചത്.
നമ്മുടെ നാട്ടിൽ പണ്ടൊക്കെ വാക്കിന് അങ്ങേയറ്റം വില കല്പിക്കപ്പെട്ടിരുന്നു. വേദങ്ങൾപോലും കേവലം നാവിൽക്കളിയ്‌ക്കുന്ന ഒരു വാങ്ങ്‌മയമായി നൂറ്റാണ്ടുകൾ അതിജീവിച്ചുവല്ലോ. അതിൽ ഒരു വാക്കെങ്കിലും തിരുത്തപ്പെടുകയോ ഉച്ചാരണത്തിൽ ഒരിത്തിരി മാറ്റപ്പെടുകയോ ചെയ്‌തില്ല. എന്നാൽ എഴുതി സൂക്ഷിയ്‌ക്കപ്പെട്ട സാഹിത്യകൃതികളെല്ലാം, അവ പുരാണേതിഹാസങ്ങളായാലും കാളിദാസ ഭാസ കൃതികളായാലും, പ്രക്ഷിപ്‌തങ്ങളുടെ പ്രളയംകൊണ്ട് അലങ്കോലപ്പെട്ടിരിയ്‌ക്കയാണ്. ‘എഴുത്തുകാർ’ പലപ്പോഴായി വരികളും ശ്ലോകങ്ങളും വലിയ സർഗ്ഗങ്ങൾ തന്നെയും കൂട്ടിച്ചേർത്തു കൊണ്ടിരുന്നുവത്രെ. പകർപ്പുകാരൻ മാത്രമുളള ഗ്രന്ഥാലയത്തിന്റെ സ്വകാര്യതയിലാണ് അങ്ങിനെ സംഭവിക്കുന്നത്. മറിച്ച് പരസ്യമായി പലരും കൂടി ആവർത്തിച്ചു പാടിപ്പോന്ന, കൃതികളിൽ അങ്ങിനെ സംശയകരമായ ശസ്‌ത്രക്രിയകൾ ഏറെക്കുറെ അസാദ്ധ്യമായിരുന്നു.
നാട്ടിൻപുറങ്ങളിലെ വലിയ പണമിടപാടുകളിൽപ്പോലും പഴയ സമൂഹത്തിൽ വാക്കാൽപ്പറഞ്ഞതിനാണ് കൂടുതൽ മൂല്യം കല്പിയ്‌ക്കപ്പെട്ടിരുന്നത്. വാഗ്‌ദാനം എന്നാണല്ലൊ പ്രതിജ്ഞയുടെ പര്യായം. കരാറ് പിന്നീട് സമൂഹത്തിൽ കയറിപ്പറ്റിയതാണ്. അതിന്റെ തകരാറുകൾ കോടതിയിലെ ‘വ്യവഹാര’ങ്ങളായി, ‘അന്യായ’ങ്ങളായി, നമ്മുടെ ജീവിതങ്ങളെ വേട്ടയാടിക്കൊണ്ടിരിയ്‌ക്കുന്നു. മുൻകാലങ്ങളിൽ വിവാഹംപോലും നാലാളെ വിളിച്ചുകൂട്ടി നടത്തുക എന്നല്ലാതെ ‘റജിസ്‌റ്റർ’ ചെയ്യുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. രേഖാമൂലമായ തെളിവ് ആരും ആവശ്യപ്പെട്ടിരുന്നില്ല. ആധുനികയുഗപ്പിറവിയോടെ, ശാസ്‌ത്രീയതയ്‌ക്കു വേണ്ടിയുളള പരിശ്രമം പാശ്ചാത്യലോകത്തിൽ വർദ്ധിച്ചുവന്നു. ശാസ്‌ത്രത്തിന്റെ സർവ്വസമ്മതമായ മാതൃകയാവട്ടെ, സാങ്കേതിക പ്രയോഗങ്ങൾക്കു ധാരാളം വകയുളള ഭൗതികശാസ്‌ത്രങ്ങളായിരുന്നു. അത് വസ്‌തുതകളുടെ സൂക്ഷ്‌മപരിശോധനയിലൂടെയും പരീക്ഷണങ്ങളിലൂടെയും ആണ് മുന്നോട്ടുപോയത്. അവിടെ ലിഖിതമായ പ്രമാണങ്ങൾ ശക്തിയാർജ്ജിച്ചു. അലിഖിതമായ പാരമ്പര്യങ്ങൾ, ജനമനസ്സുകളിൽ മാത്രം കുടിയിരുന്ന കുറെ വസ്‌തുതകൾ, വിസ്‌മൃതിയിലേയ്‌ക്ക,് തളളപ്പെട്ടു.
എഴുതപ്പെട്ട പ്രമാണങ്ങൾക്ക് ഒരു കൃത്യമായ രൂപമുണ്ട്. വേണമെങ്കിൽ അവ മാറ്റം വരാതെ പകർത്താംഃ സൂക്ഷിച്ചു വെയ്‌ക്കാം. കടലാസ്സും പിന്നീട് അച്ചടി വിദ്യയും പ്രചാരത്തിൽ വന്നതോടെ ലിഖിത പ്രമാണങ്ങൾ മാത്രമാണ് യഥാർത്‌ഥ പ്രമാണങ്ങൾ എന്ന ചിന്താഗതിയും വളർന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ജർമ്മൻ പണ്‌ഡിതനായ റാങ്കേ ചരിത്ര ഗവേഷണപദ്ധതിയെ ക്രോഡീകരിയ്‌ക്കാൻ ശ്രമിച്ചതിലൂടെ “ബർലിൻ വിപ്ലവം” എന്ന പേരിൽ അറിയപ്പെടുന്ന ഗവേഷണപ്രസ്‌ഥാനം രൂപംകൊണ്ടു. ഉറച്ച വസ്‌തുതകൾ, തീർച്ചപ്പെട്ട വസ്‌തുതകൾ, മാത്രമേ ഉപയോഗപ്പെടുത്തുകയുളളു എന്നതാണ് ഇതിന്റെ സവിശേഷസ്വഭാവമായി നില്‌ക്കുന്നത്.
അങ്ങിനെ വസ്‌തുതകൾ എന്നുവെച്ചാൽ ഫലത്തിൽ വസ്‌തുതകളെക്കുറിച്ചുളള ലിഖിതപ്രമാണങ്ങൾ എന്നർത്‌ഥമായി. ലിഖിതപ്രമാണങ്ങൾ ഏറ്റവും അധികം സൃഷ്‌ടിയ്‌ക്കുന്നത് ഭരണപരമായ സ്‌ഥാപനങ്ങളും വ്യക്തികളും ആണല്ലൊ ബജറ്റുകളും യുദ്ധപ്രഖ്യാപനങ്ങളും സന്ധികളും എഴുതപ്പെടുന്നു. എന്നാൽ നാട്ടിൻപുറത്തെ പൂരത്തിന്റെ ചടങ്ങുകൾ പഴയകാലത്ത് ആരാണ് എഴുതിവെയ്‌ക്കുന്നത്? കാരണവന്‌മാരിലൂടെ പരമ്പര മാറ്റി പകർന്നു കിടക്കുന്ന കീഴ്‌നടപ്പുകൾ അതിനെ താങ്ങിനിർത്തുന്നു. ഈ അന്തരീക്ഷത്തിൽ എഴുതപ്പെട്ട പ്രമാണങ്ങൾ എന്നുവെച്ചാൽ ഏറെക്കുറെ ഭരണവർഗ്ഗപ്രമാണങ്ങൾ മാത്രമായി ചുരുങ്ങുന്നു. തഴയപ്പെട്ട, താഴ്‌ത്തപ്പെട്ട, ജനവിഭാഗങ്ങൾക്ക് ചരിത്രമില്ലാതാവുന്നു. അവർ ബഹുഭൂരിപക്ഷമാണെങ്കിലും അവരുടെ ജീവിതങ്ങൾ ചരിത്രത്തിന് പുറത്താവുന്നു. ചരിത്രം രാജാക്കളുടെയും രാജ്ഞിമാരുടെയും രാജ്യതന്ത്രജ്ഞരുടെയും സമരവീരന്‌മാരുടെയും ശാസ്‌ത്രജ്ഞരുടെയും കലാകാരന്‌മാരുടെയും നടീനടന്‌മാരുടെയും കഥയായി, നാടകമായി, രൂപംകൊളളുന്നു. അതെല്ലാം എഴുതി അച്ചടിയ്‌ക്കപ്പെട്ട രേഖകളുടെ സഹായത്തോടെ ശാശ്വതീകരിയ്‌ക്കപ്പെടുന്നു.
സാധാരണക്കാരുടെ വ്യക്തിജീവിതത്തിെൻയും സമൂഹ്യജീവിതത്തിന്റെയും പലവശങ്ങളും കാലത്തിൽ അലിഞ്ഞില്ലാതാവുന്നു. ‘അർഹത’യുളളതുമാത്രം അതിജീവിയ്‌ക്കുന്നു. ഏറെക്കാലം കഴിഞ്ഞ് പൗരാണികഗ്രന്ഥപ്പുരകൾ പരിശോധിച്ച് ഓലകൾ തപ്പിയെടുത്ത് ചരിത്രം പുനഃസൃഷ്‌ടിയ്‌ക്കുന്ന ഗവേഷകർ ഭരണാധികാരികളുടെയും സിൽബന്ധികളുടെയും ഗ്രന്ഥവരികളല്ലാത്ത ഒന്നും കാണുന്നില്ല. കുറപ്പന്‌മാർ വർണ്ണശബളമായ പൊടികളെക്കൊണ്ടുണ്ടാക്കുന്ന കളത്തിലെ വിചിത്രചിത്രങ്ങളെപ്പോലെ, പഴയകാലത്ത് നൊട്ടേഷൻ കൂടാതെ വാഴയണക്കരുക്കൾ നിരത്തിവെച്ച് ആടിയ ചതുരംഗക്കളികൾപോലെ, റെക്കോർഡ് ചെയ്യാതെ ഭക്തിസാന്ദ്രമായി ആലപിച്ചടങ്ങിയ കീർത്തനങ്ങളെപ്പോലെ ആയിരമായിരം അനുഭൂതികൾ എന്നെന്നേയ്‌ക്കുമായി നഷ്‌ടപ്പെടുന്നു. പുരാലേഖ്യപഠനം കൊണ്ടോ പുരാവസ്‌തു പഠനംകൊണ്ടോ ജീവിതത്തിന്റെ പുറമ്പോക്കിലുളള ഇത്തരം സംഗതികൾ വീണ്ടെടുക്കാനാവില്ല. വ്യക്തികളുടെ അംഗചലനത്തിലും സംഭാഷണത്തിലും അന്തർഗ്ഗതത്തിലും നിറഞ്ഞുനിന്ന പല നിഗൂഢബന്ധങ്ങൾ, അങ്ങാടിയിൽ പാട്ടാണെങ്കിലും അലിഖിതമായിത്തന്നെ കിട്ടിയ അരമനരഹസ്യങ്ങൾ പാടത്തും പറമ്പിലും കാട്ടിലും മേട്ടിലും കടലിലും കടല്‌ക്കരയിലും അരങ്ങേറിയ പൊറാട്ടു നാടകങ്ങൾ അവയെല്ലാം സാമൂഹ്യജീവിതത്തിന്റെ അഭേദ്യഭാഗങ്ങളാണെങ്കിലും വരുംകാലത്തേയ്‌ക്കു വേണ്ടി ആസ്‌ഥാന പണ്‌ഡിതന്‌മാർ അവയൊന്നും ഗ്രന്ഥവരികളിൽ ആലേഖനം ചെയ്‌തു വെച്ചിട്ടില്ല.
ഇന്നലത്തെ കേരളീയ ജീവിതം ചർച്ച ചെയ്യുമ്പോൾ തച്ചുശാസ്‌ത്രം പഠിയ്‌ക്കാതെ പാരമ്പര്യം കൊണ്ടുമാത്രം പത്തായപ്പുരകളും പടിഞ്ഞാറ്റികളും നാലുകെട്ടുകളും എട്ടുകെട്ടുകളും തീർത്ത് ചെറിയ ഓലപ്പുരകളിൽ കൂനിക്കൂടി മരിച്ചുപോയ മൂത്താശാരിമാരെ ആരാണോർമിയ്‌ക്കുക? തിളങ്ങുന്ന ഓട്ടുവിളക്കുകളും തീർത്‌ഥക്കിണ്ടികളും കാതുളള ഉരുളികളും ചെമ്പുകളും ചരക്കുകളും നിർമ്മിച്ച് ഉത്‌സവപ്രൗഢികൾ ഉണ്ടാക്കിയെടുത്തശേഷം കഞ്ഞികുടിയ്‌ക്കാനില്ലാതെ കഷ്‌ടപ്പെട്ടു ചത്തുപോയ ചെമ്പോട്ടികൾ ഈ ചരിത്രത്തിന്റെ താളുകളിൽ കാണപ്പെടുമോ? കസവിട്ടമുണ്ടും നേര്യതും കട്ടിത്തലപ്പാവുകളും വേഷ്‌ടികളും നെയ്‌തു കൊടുത്ത് കാമുകീ-കാമുകന്മാരുടെ സംഗമങ്ങളെ ധന്യമാക്കിയ ചാലിയന്മാർ എവിടെയാണ് ചിത്രീകരിയ്‌ക്കപ്പെടുക? കൊല്ലംതോറും പാടങ്ങളിൽ പൊന്നുവിളയിച്ച് നെല്ലിന്നടിയിലെ പുല്ലായി മാറിയ പുലയർ വീരഗാഥകളിലെ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുമോ? ജനസഹസ്രങ്ങളെ ആഹ്ലാദത്തിൽ ആറാടിച്ച ആനക്കാരും ചെണ്ടക്കാരും പാട്ടുകാരും ആട്ടക്കാരും. രാത്രിയാത്രകളെ ദുഃസ്വപ്‌നങ്ങളാക്കിയ ഒടിയന്മാരും മന്ത്രവാദികളും ജീവിച്ചുമരിച്ചതിന്റെ രേഖകൾ വല്ലതുമുണ്ടാവുമോ? മാമങ്കത്തിന്റെ മാഹാത്‌മ്യങ്ങൾ വർണ്ണിയ്‌ക്കുമ്പോൾ മണിക്കിണറിൽ ചത്തടങ്ങിയ ചാവേർപ്പടയാളികളുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും തേങ്ങലുകൾ ആരെങ്കിലും രേഖപ്പെടുത്തുമോ? ഇതൊക്കെ അരികുസത്യങ്ങളിൽപ്പെടുന്നവയാണ്. സമകാലികമായ ഔദ്യോഗികപ്രമാണങ്ങളിൽ സ്‌ഥാനംപിടിയ്‌ക്കാത്തവയാണ് ചരിത്രത്തിൽ പഠിപ്പിയ്‌ക്കാത്തവയാണ്.
കുറെ നാടുവാഴികളും നമ്പൂതിരിമാരും അവരുടെ സിൽബന്ധികളും വ്യാപാരികളും ഒക്കെയാണ് കേരളചരിത്രത്തിൽ കടന്നുവരുന്നത്. മാത്രമല്ല യൂറോപ്യൻ സഞ്ചാരികൾക്കും വ്യാപാരികൾക്കും നമ്മെക്കാൾ നല്ല ഒരു ലിഖിതവ്യവസ്‌ഥയുണ്ടായിരുന്നതുകൊണ്ടും പറങ്കികളുടെയും ലന്തക്കാരുടെയും ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും കൃത്യമായി സൂക്ഷിച്ച കുറിപ്പുകളിൽ നിന്നായിരിയ്‌ക്കും നമ്മുടെ നാടുവാഴികൾപോലും ഉയിർത്തെഴുന്നേല്‌ക്കുന്നത്. അവരുടെ കാഴ്‌ചപ്പാടിൽ പരിശോധിയ്‌ക്കുന്ന ചരിത്രത്തിൽ കേരളത്തിലെ നാട്ടുകാരെ കാണാൻ പ്രയാസമാണ്. കോഴിക്കോട്ടങ്ങാടിയിലും കൊച്ചിക്കോട്ടയിലും വിദേശികൾ നടത്തിയ പരാക്രമങ്ങൾ നാൾപ്പേരേടുകളായി വിസ്‌തരിച്ചിട്ടുണ്ട്, വ്യാഖ്യാനിച്ചിട്ടുണ്ട്. അതുകാരണം വില്യം ലോഗൻ മുതൽ ശ്രീധരമേനോൻ വരെയുളള ചരിത്രകാരന്‌മാർ പോർച്ചുഗീസ് കാലഘട്ടത്തെപ്പറ്റിയും ഡച്ചുകാലഘട്ടത്തെപ്പറ്റിയും എഴുതാനിടവന്നു. വാസ്‌തവത്തിൽ പതിനാറു മുതൽ പതിനെട്ടുവരെയുളള നൂറ്റാണ്ടുകളിലെ കേരളീയ ജീവിതത്തിൽ അതൊക്കെ അരികുസത്യങ്ങൾ മാത്രമാണ്. അങ്ങിനെ പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലഘട്ടങ്ങൾ കേരള ചരിത്രത്തിലില്ല. കേരളത്തിന്റെ കടല്‌ക്കരയിൽവന്ന് കേരളശരീരത്തിൽ അട്ടകളെപ്പോലെ കടിച്ചു തൂങ്ങിയ ഈ പാശ്ചാത്യശക്തികൾ ചുരുക്കംചില പോക്കറ്റുകളിലാണ് ആധിപത്യം പുലർത്തിയത്. അവയ്‌ക്ക് പുറത്തുളള കേരളീയ ജീവിതമഹാപ്രവാഹം പരമ്പരാഗതമായ രീതിയിൽ അലയടിച്ചുകൊണ്ടിരുന്നു. അവിടെ ചരിത്രഗവേഷണത്തിന്റെ ചെപ്പടിവിദ്യയാൽ അരികുസത്യങ്ങൾ മുഖ്യസത്യങ്ങളും മുഖ്യസത്യങ്ങൾ അരികു സത്യങ്ങളുമായി മാറിമറിഞ്ഞുപോകുന്നു. വാസ്‌തവത്തിൽ ആ ചെപ്പടിവിദ്യ പ്രമാണങ്ങൾ മാത്രം സൃഷ്‌ടിയ്‌ക്കുന്നതല്ല. ചരിത്രകാരന്‌മാർ കരുതിക്കൂട്ടി അക്രമം ചെയ്‌തതുമല്ല. തങ്ങളുടെ ലിഖിതപ്രമാണങ്ങളെമാത്രം ആസ്പദമാക്കി ചരിത്രമെഴുതുന്ന ജീവിതവീക്ഷണത്തിന്റെ പക്ഷപാതമാണതിൽ പ്രതിഫലിയ്‌ക്കുന്നത്. ആ വീക്ഷണത്തെ മറികടന്നാൽ മാത്രമേ ജനജീവിതത്തെ, സമൂഹത്തെ, അതിന്റെ പൂർണ്ണ സങ്കീർണ്ണരൂപങ്ങളിൽ കണ്ടെത്താൻ കഴിയുകയുളളു. പക്ഷെ ആ മറികടക്കൽ അത്രയ്‌ക്കെളുപ്പമല്ല. ചിട്ടപ്പെടുത്തിയ വഴികളും വഴികാട്ടികളും ഇല്ല.
അധികാരാധിഷ്‌ഠിതമായ ചരിത്രവീക്ഷണത്തിന് ഒരു മറുമരുന്നായിട്ടുകൂടിയാണ് ഉല്പാദനശക്തികളെയും ഉല്പാദനബന്ധങ്ങളെയും ചുറ്റിയുളള മാർക്‌സിയൻ ചരിത്രവീക്ഷണം രൂപം കൊണ്ടത്. എന്നാൽ വർഗ്ഗസമരസങ്കല്പത്തെ സിദ്ധാന്ത ജഡിലമാക്കുകയും ഫാക്‌ടറിത്തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും മാത്രം അടിസ്‌ഥാനവർഗ്ഗങ്ങളായി കാണുകയും ചെയ്‌തപ്പോൾ അത് സമഗ്രമായ സാമൂഹ്യവീക്ഷണത്തിന് പകരം സങ്കുചിതമായ ഭാഗികവീക്ഷണമായി പലേടത്തും ചുരുങ്ങി. കേരളത്തിലെ കക്ഷിരാഷ്‌ട്രീയത്തിനിടയിൽ ഇവിടെ മാർക്‌സിയൻ വീക്ഷണം സ്‌റ്റാലിനിസ്‌റ്റ് ചരിത്ര വീക്ഷണമായി മുരടിച്ച്, അരനൂറ്റാണ്ട് മുമ്പുളള നിലയിൽ അനങ്ങാതെനിന്നു. ചില രംഗങ്ങളിൽ ജനങ്ങളെ സംഘടിപ്പിയ്‌ക്കാൻ എളുപ്പമാണ്; എന്നാൽ ചിന്നിച്ചിതറിയ കമ്മാളരും വീട്ടുജോലിക്കാരും വീട്ടമ്മമാരും ഇടത്തരക്കാരും അധഃകൃതജാതിക്കാരും ആദിവാസികളും എല്ലാം സമൂഹത്തിന്റെ അരികിലേയ്‌ക്ക് ആട്ടിയകറ്റപ്പെട്ടവർ തന്നെയാണ്. മാർക്‌സിയൻ ചിന്താരീതിയുടെ ഉല്പാദനബന്ധങ്ങളിൽ ഉളള ഊന്നൽകൊണ്ട് ചരിത്രത്തിന്റെ പക്ഷപാതങ്ങൾക്ക് ഒട്ടൊക്കെ പ്രായശ്ചിത്തംചെയ്‌തുവെങ്കിലും സാമ്പത്തികവശങ്ങളിൽ അതിശ്രദ്ധയും സാംസ്‌കാരികവശങ്ങളിൽ ഉളള അശ്രദ്ധയും ജനിപ്പിയ്‌ക്കുന്ന ഒരടിത്തറ-മേൽക്കൂര സിദ്ധാന്തം ആ ജീവിതത്തെ യാന്ത്രീകമാക്കിത്തീർത്തു.
ഇങ്ങിനെ വേണ്ടത്ര വിപ്ലവകരമാവാതെ മുരടിച്ചുപോയ മാർക്‌സിയൻ വീക്ഷണത്തിന്റെ ദൗർബ്ബല്യങ്ങൾക്ക് പരിഹാരം കാണാമെന്ന പ്രതീക്ഷയോടെയാണ് ചില വിദ്വാന്‌മാർ സാബൾട്ടേൺ ചരിത്രവീക്ഷണം – അടിയാൾ സിദ്ധാന്തം – കരുപ്പിടിപ്പിച്ചത്. എഴുതപ്പെട്ട രേഖകളെ അവഗണിയ്‌ക്കുന്നതു സത്യവിരുദ്ധമായിരിയ്‌ക്കും. എങ്കിലും അവയ്‌ക്കപ്പുറം നില്‌ക്കുന്ന ഐതിഹ്യങ്ങളെയും പഴഞ്ചൊല്ലുകളെയും നാടോടിക്കലകളെയും എല്ലാം വിവേകപൂർവ്വം ചരിത്രത്തിന്റെ വേദിയിൽ പ്രതിഷ്‌ഠിയ്‌ക്കാനും അങ്ങിനെ അരികു സത്യങ്ങളായി അടിഞ്ഞു കിടന്നവയെ കേന്ദ്രസത്യങ്ങളായി വീണ്ടെടുക്കാനുമാണ് സാബൾട്ടേൺ ചരിത്രകാരന്‌മാർ പരിശ്രമിയ്‌ക്കുന്നത്.
എന്നാൽ ഇതൊന്നും തൃപ്‌തികരമായി പ്രശ്‌നം തീർത്തുവെന്ന് അവകാശപ്പെട്ടുക്കൂടാ. ചരിത്രത്തിന്റെയോ സമൂഹശാസ്‌ത്രത്തിന്റെയോ നരവംശ ശാസ്‌ത്രത്തിന്റെയോ പരിധിയിൽപ്പെടാതെ അങ്ങുമിങ്ങും അല്‌പാല്‌പമായി സ്‌പർശിച്ചുകൊണ്ടുനില്‌ക്കുന്ന ഒട്ടേറെ വസ്‌തുതകൾ പരമ്പരാഗതമായി എല്ലാ സമൂഹത്തിലും നിലനിന്നുവരുന്നുണ്ട് – ജിപ്‌സികളെപ്പോലെ. അതെല്ലാം കൂടി നാട്ടറിവുകൾ എന്ന പൊതുവായ പേരിനുളളിൽ രൂപപ്പെട്ടുവരികയാണ്.
ഈ നാട്ടറിവുകളെ ശാസ്‌ത്രീയരീതിയിൽ സമാഹരിയ്‌ക്കാൻ പറ്റുമോ? എഴുതപ്പെട്ട ഔദ്യോഗികരേഖകൾക്ക് കൃത്യമായ സ്‌ഥലകാലങ്ങളും കർത്താവുമുണ്ട്. അവയെ ക്രോഡീകരിയ്‌ക്കാനും കൈകാര്യം ചെയ്യാനും അവയുടെ അടിസ്‌ഥാനത്തിൽ സാമാന്യവൽക്കരണം നടത്താനും താരതമ്യേന എളുപ്പമാണ്. എന്നാൽ അമൂർത്തമായി, അവ്യക്തമായി, പാഠഭേദങ്ങളോടെ, ആചാരാനുഷ്‌ഠാനങ്ങളിലും മറ്റും ചിന്നിച്ചിതറിക്കിടക്കുന്ന നാടോടിവിജ്ഞാനശകലങ്ങൾ എങ്ങിനെ ശേഖരിയ്‌ക്കും? ഒതുക്കിവെയ്‌ക്കും? തരംതിരിച്ചു പഠിയ്‌ക്കും? ഏതാണ് യഥാർത്‌ഥ പാഠമെന്ന് എങ്ങിനെ നിർണ്ണയിക്കും? എങ്ങിനെ സാമാന്യവൽക്കരിയ്‌ക്കും? -പുതിയ സങ്കേതങ്ങളും സമ്പ്രദായങ്ങളും ചിട്ടപ്പെടുത്തിയ അഭിമുഖം- ആലേഖനസംവാദരീതികളും അതിനാവശ്യമാണ് -ശബ്‌ദ-ചിത്ര-ലേഖനോപകരണങ്ങളും കമ്പ്യൂട്ടറുകളും സഹായകമായിരിയ്‌ക്കും. പലവിധത്തിലുളള താരതമ്യപഠനങ്ങൾ നടത്താവുന്നതാണ്. മലിനോവ്‌സ്‌കിയെത്തുടർന്നുണ്ടായ ഘടനാവിശകലനതന്ത്രങ്ങളും ഭാഷാശാസ്‌ത്രപഠനങ്ങളും മനശ്ശാസ്‌ത്രപഠനങ്ങളും കോളനി വീക്ഷണവിമുക്തി നേടുവാനും സ്‌ഥലകാലവ്യത്യാസങ്ങളെ കണക്കിലെടുക്കുവാനും ശ്രദ്ധിച്ചുകൊണ്ട് ഉപയോഗപ്പെടുത്താവുന്നതാണ്. ശാസ്‌ത്രീയത എന്താണ് എന്ന സങ്കല്പത്തിലും വ്യത്യാസംവന്നേ മതിയാവൂ. അതിലേറെ സമൂഹത്തെക്കുറിച്ചുളള പുതിയ ബോധവും സമീപനങ്ങളും ആവശ്യമാണ്. അരികുസത്യങ്ങൾ സംഭരിച്ച്, അവയെ ചേറിക്കൊഴിച്ച്, മറ്റു സത്യങ്ങളുടെ കൂടെയോ തനിച്ചോ നിരത്തിവെച്ച്, സമൂഹജീവിതത്തിലേയ്‌ക്കുളള ഉൾക്കാഴ്‌ചകൾ വർദ്ധിപ്പിയ്‌ക്കാൻ ഓരോ നാട്ടിലും പ്രത്യേകമായ സംവിധാനങ്ങൾ വേണ്ടിവരും. ജീവിതത്തിന്റെ വെയിലത്തുണക്കിയ കൊണ്ടാട്ടപ്രായമായ ശുഷ്‌ക്കരൂപമല്ലാതെ, ജിവനുളള, പച്ചയായ സ്വഭാവം ആസ്വദിയ്‌ക്കാനുളള മോഹം ഇന്ന് ഏറിവരികയാണ്. യന്ത്രയുഗത്തിന്റെ കമ്പ്യൂട്ടർ സത്യങ്ങൾ നമ്മെ വലയം ചെയ്യുമ്പോൾ നാട്ടറിവുകളുടെ നറുമണം പൂണ്ട ലോകത്തിലേയ്‌ക്ക്, അരികുസത്യങ്ങളിലേയ്‌ക്ക്, ഇടയ്‌ക്കെങ്കിലും രക്ഷപ്പെടുവാൻ മനുഷ്യർ ആഗ്രഹിയ്‌ക്കുന്നത് സ്വാഭാവികമാണ്.
വി. സി. ബാലകൃഷ്‌ണപ്പണിയ്‌ക്കർ നാട്ടിൻപുറത്തുകാരി പെൺകിടാങ്ങളെക്കുറിച്ചെഴുതിയത് നാട്ടറിവുകൾക്കും ബാധകമാണ്.
സാരാനർഘ പ്രകാശ പ്രചുരിമ തിരളും ദിവ്യരത്നങ്ങളേറെ
പ്പാരാവാരത്തിനുളളിൽപ്പരമിരുൾ നിറയും കന്ദരത്തിൽക്കിടപ്പൂ
ഘോരാരണ്യച്ചുഴൽക്കാറ്റടികളിലിളകിത്തൂമണം വ്യർത്‌ഥമാക്കു-
ന്നോരാപ്പുവെത്രയുണ്ടാം? – അവകളിലൊരുനാൾ ഒന്നു കേളിപ്പെടുന്നു!
അങ്ങിനെ ഒരു നാൾ ഒന്നു കേളിപ്പെടുന്നത് അതിനെ തേടിപ്പിടിയ്‌ക്കാനും നിരൂപണ ബുദ്ധിയോടെ ആസ്വദിയ്‌ക്കാനും താരതമ്യപ്പെടുത്താനും പ്രസിദ്ധപ്പെടുത്താനും കഴിവുളള ഒരന്വേഷിയുടെ സാന്നിദ്ധ്യം കൊണ്ടാണ്. ഇത്തരം അന്വേഷികളെ പരിശീലിപ്പിയ്‌ക്കാൻവേണ്ടി ആഗോളവൽക്കരണത്തിന്റെ യുഗത്തിൽ സ്വത്വം നിലനിർത്താൻവേണ്ടി, ജീവിതരീതി യന്ത്രവൽകൃതവ്യവസ്‌ഥയുടെ ഉളളിൽ ബലിയാടാക്കപ്പെടാതിരിയ്‌ക്കാൻവേണ്ടി, മറ്റേതൊരു സമൂഹവുമെന്നപോലെ കേരളവും ഇന്ന് മുൻകയ്യെടുക്കേണ്ടിയിരിയ്‌ക്കുന്നു. കേവലം രാഷ്‌ട്രീയപ്രചാരവേലാ കേന്ദ്രങ്ങളായിമാറുന്ന സർവ്വകലാശാലകളെ കാത്തുനില്‌ക്കുന്നതുകൊണ്ട് വലിയ പ്രയോജനമുണ്ടാവില്ല. ഒറ്റയ്‌ക്കൊറ്റയ്‌ക്കുളളതും ചെറിയ കൂട്ടായ്‌മകളിൽക്കൂടി ശക്തിയാർജ്ജിയ്‌ക്കുന്നതുമായ പുതിയ തലമുറയുടെ സന്നദ്ധപ്രവർത്തനങ്ങളിലാണ് പ്രതീക്ഷയ്‌ക്ക് വഴിയുളളത്. അപ്പോൾ പുതിയ ചോദ്യങ്ങൾ ഉയർന്നുവരും. അരികുസത്യങ്ങളെക്കുറിച്ചുളള അനുഭവങ്ങൾ പങ്കുവെയ്‌ക്കുമ്പോൾ, സമാനമായ സമ്പ്രദായങ്ങൾ ഉൾക്കൊളളുമ്പോൾ, സാമൂഹ്യജീവിതത്തിന്റെ ഇരുളടഞ്ഞ വഴികളിൽ പ്രകാശം ചൊരിയാൻ കഴിയും.
ഗ്രാമോത്‌സവങ്ങൾ നല്ലൊരുദാഹരണമാണ്. ഒരു കാവിനുചുറ്റുമായിരിയ്‌ക്കും അവ കരുപ്പിടിയ്‌ക്കുന്നത്. ആ കാവിന്റെ ഉല്പത്തിയെപ്പറ്റി ഒരു പഴങ്കഥയുണ്ടാവും. ചില കുടുംബങ്ങൾക്ക് അതിന്റെ കൈകാര്യവും അനുഷ്‌ഠാനങ്ങളും സ്വായത്തമായതിന്റെ പശ്ചാത്തലം ആ കഥയിൽ ഒളിഞ്ഞിരിയ്‌ക്കും. നാടുവാഴിക്കോ ജന്‌മിയ്‌ക്കോ അതിൽ സ്‌ഥാനമുണ്ടായെന്നുവരാം. താണജാതിയിൽപ്പെട്ട ചിലർക്ക് ഉയർന്ന പദവിയുണ്ടായെന്നുവരാം. മാപ്പിളമാർ കഥാപാത്രമായി വന്നെന്നു വരാം. ജീവിതത്തിലെ ചില പ്രശ്‌നങ്ങൾക്ക്-അപസ്‌മാരം, ഭ്രാന്ത്, അനപത്യത, വിഷാദമൂകത എന്നിവയ്‌ക്ക്-അവിടെ പരിഹാരം നിർദ്ദേശിയ്‌ക്കപ്പെടുന്നുണ്ടാവാം. കന്യകമാരുടെ വിവാഹം നടക്കാനോ ശിശുക്കളുടെ അക്രമവാസന മാറിക്കിട്ടാനോ, ആടിനോ അവിടെ പ്രത്യേകമായ രക്ഷാശിക്ഷകൾ കല്പിച്ചെന്നുവരാം. എയ്‌ത്തോ, പൊയ്‌ത്തോ, അടിപിടിയോ, നൃത്തമോ, പാട്ടോ, എഴുന്നളളത്തോ മത്‌സരിച്ചു നടത്തുന്നുണ്ടാവാം. കാവിന്റെ ചുറ്റുവട്ടത്തിൽ പലസമുദായത്തിൽപ്പെട്ട കുടുംബങ്ങൾക്കും അയൽഗ്രാമങ്ങൾക്കും അവകാശങ്ങളും ചുമതലകളും നല്‌കപ്പെട്ടെന്നു വരാം. ചുരുക്കത്തിൽ ഒരു നാട്ടുകൂട്ടത്തിന്റെ പരിഭവങ്ങളും പ്രത്യാശകളും പകയും പ്രായശ്ചിത്തവും എല്ലാം കാവിലെ ആണ്ടുത്‌സവത്തിന്റെ കണ്ണാടിയിലൂടെ തെളിഞ്ഞുകാണാൻ കഴിയും. ആ കുഗ്രാമത്തിലെ അപ്രശസ്‌തരായ സാധാരണ മനുഷ്യർ മനുഷ്യവർഗ്ഗത്തിലെ മറ്റേതൊരു കൂട്ടം ആളുകളെയും പോലെ നിസ്‌തുല മാഹാത്‌മ്യമുളളവരായി നാട്ടറിവിലൂടെ പ്രത്യക്ഷപ്പെടുന്നു. ആധുനികത്വത്തിന്റെ അഹങ്കാരം അവിടെ ശാശ്വതപ്രകൃതിയുടെ ശാന്തീകുടീരത്തിൽ അലിഞ്ഞലിഞ്ഞില്ലാതാവുന്നു.
Generated from archived content: porattu_dec10.html Author: mgs_narayanan