ഏഴാമൂർത്തിക്കളി

ആടാൻ വാ പാടാൻ വാ പാടിക്കളിക്കാൻ വാ

പാലക്കാട്‌ ജില്ലയിൽ തോലനൂർ ഗ്രാമത്തിൽ സുമാർ അറുപതുവർഷങ്ങൾക്കുമുൻപ്‌ നടന്നുവരുന്ന ഒരു അനുഷ്‌ഠാനകലാരൂപമാണ്‌ ഏഴാമൂർത്തിക്കളി. ഇതിന്‌ നമ്പൂതിരിമാരുടെ ഇടയിൽ ഉണ്ടായിരുന്ന പാനേങ്കളി (യാത്രക്കളി, സംഘക്കളി, ചാത്തിരാങ്കം എന്നീ പേരുകളിലും അറിയപ്പെടുന്നു)യോട്‌ സാദൃശ്യമുണ്ട്‌. പഴയ നായർ തറവാടുകളിൽ കെട്ടുകല്യാണം, ഗർഭിണികളുടെ പുളിയൂണ്‌, കുട്ടികളുടെ ചോറൂണ്‌ എന്നീ സന്ദർഭങ്ങളിൽ ഏഴാമൂർത്തിക്കളി നടത്തിവരാറുണ്ടായിരുന്നു. കളിക്ക്‌ ധാരാളം ചിലവുളളതിനാൽ പ്രഭുക്കൻമാരല്ലാത്ത കരക്കാരിൽ രണ്ടോ മൂന്നോ വീട്ടുകാർ ചേർന്നും കളി നടത്താറുണ്ട്‌. ഒരിക്കൽ കരക്കാർ ചേർന്ന്‌ കളി നിശ്ചയിച്ച്‌ കുറിപ്പടി തയ്യാറാക്കുന്ന സമയത്ത്‌ കടുക്‌ ഒരുചാക്ക്‌ എന്നെഴുതിയതായി കേട്ടിട്ടുണ്ട്‌. അപ്പോൾ സദ്യ എത്ര കേമമായിരിക്കും എന്ന്‌ ഊഹിക്കാവുന്നതേയുളളു. പകലും രാത്രിയിലും പല ആഘോഷങ്ങളും ഇതിനോടനുബന്ധിച്ച്‌ ഉണ്ടായിരിക്കും.

വളരെ വിനോദപ്രദമായ ഈ കലാരൂപം പാലക്കാട്‌ ജില്ലയിൽ തോലന്നൂര്‌ മാത്രമാണ്‌ നടന്നുവന്നിരുന്നതെന്ന്‌ സൂചിപ്പിച്ചുവല്ലോ. നമ്പൂതിരിമാരുടെ ഇടയിലുളള സംഘക്കളി ഇ.ഡി. ആറാം ശതകത്തോടെയാണ്‌ ഉദയം ചെയ്‌തിട്ടുളളതെന്ന്‌ മഹാകവി ഉളളൂർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്‌. സംഘക്കളിക്കും ഏഴാമൂർത്തിക്കളിക്കും സാമ്യമുണ്ടെന്ന്‌ പറഞ്ഞുവല്ലോ. ഈ ബന്ധം എങ്ങനെ സംഭവിച്ചു എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. ആദ്യകാല കഥകളിനടൻമാരും മറ്റും തോലനൂർക്കാരായിരുന്നു. ഇത്‌ ശ്രീ. കെ.പി.എസ്‌.മേനോൻ തന്റെ കഥകളിരംഗം എന്ന പുസ്‌തകത്തിൽ പറയുന്നുണ്ട്‌. ഈ കഥകളിയോഗക്കാർ കളിപ്പെട്ടിയുമായി പാലക്കാട്ടുനിന്ന്‌ വടക്കൻ കേരളത്തിൽ കോവിലകങ്ങളിലും ഇല്ലം മനകളിലും കഥകളി അവതരിപ്പിച്ച്‌ താമസിച്ചുവരികയുണ്ടായിട്ടുണ്ട്‌. അപ്പോൾ സംഘക്കളിയിൽനിന്ന്‌ ഇവർ പകർത്തിയതായിരിക്കുമോ എന്ന ഒരു ചോദ്യം ഉത്‌ഭവിച്ചേക്കാം. എന്നാൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ തോലകവി നായൻമാരുടെ ഏഴാമത്ത്‌ കളിക്ക്‌ പാട്ടുകൾ എഴുതിയിട്ടുണ്ടെന്ന്‌ പറയുന്നു. തോലകവിയും തോലനൂരും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്‌. അതിന്‌ തെളിവുകളും ഉണ്ട്‌. നാടൻ ശൈലിയിലും സംസ്‌കൃതപദങ്ങൾ ചേർത്തും പല പദങ്ങളും പാട്ടിൽ കാണുന്നതുകൊണ്ട്‌ പാണ്‌ഡിത്യമുളള ഒന്നോരണ്ടോ പേർ ചേർന്നായിരിക്കണം പാട്ടുകൾ എഴുതിയിരിക്കുക. ഉദാഹരണത്തിന്‌ ഒരു പ്രാർത്ഥന നോക്കുക.

‘ശതദളഭവന പുത്രൻ തനയനു തനയനായൊൻ

തനയനുജനനിതന്റെ ജനകനു വരദനായൊൻ

അനുജനു രഥമായൊൻ ജനകനു ജനകനായൊൻ

ജനകനു വല്ലഭേ നിൻ പദതളിരിഹ തൊഴുന്നേൻ’

തോലനൂർ വാസികളുടെ പരദേവതയായ കുരിടം കുളത്തിയെ സ്‌തുതിക്കുന്ന ഭാഗം നോക്കാം.

‘കുരിടംകുളം വാഴുമമ്മേ കാത്തരുളംബികേ നീ

വേദനയുണ്ടു പാരം വേറില്ലാ ശരണം പോറ്റീ

പച്ചയൊടു തുളസീ നല്ല മെച്ചമാം ചെമന്തിയും

ഇച്‌ഛയോടണിന്ത മേനി കാണണം തമ്പുരാട്ടീ

പീതാംമ്ര വസ്‌ത്രത്തോടും പീലിക്കാർകൂന്തലോടും

പിച്ചകം തെച്ചിമുല്ല ഇച്‌ഛയോടു ചെമ്പരത്തീ

വട്ടമൊത്ത മുലത്തടത്തിൽ പട്ടുടയാട ചാർത്തി

വട്ടെകാശൂലം കപാലങ്ങളും കയ്യിലേന്തി

ഇഷ്‌ടമൊത്ത പട്ടുടുത്തു കെട്ടി വാലിട്ടു നന്നായി

അരമണിചിലമ്പുമിട്ട്‌ പരിചിനൊടു വാളുമേന്തി

വിരുതുറയും കുരിടംകുളം വാഴുമെൻ തമ്പുരാട്ടീ

പരിചിനൊടു വരിക പന്തൽകളിയിതും കാൺമതിനായ്‌.’

ഇനി പാട്ടിന്റെ അവസാനഭാഗം നോക്കാം.

‘ഇത്‌ഥം ചെന്നീശ പാർത്‌ഥൗ വരാഷമനിരുഷാ ഘോരമായ്‌ ചെയ്യുമപ്പോൾ

തത്രൗ സ്‌കായാഃശു നാരായണനഥ സഹസാ വിശ്വരൂപം ധരിച്ചു

ചൈത്യാധീശം വധിച്ചു ഝടുതി ഭഗവാനുഗ്ര ചക്രേണ

സാക്ഷാൽ തദ്രുപം കണ്ടു ഭീഷ്‌മാദികൾ സുരമുനിഭി പൂർണ്ണഭക്ത്യാ പുകർന്നാൻ’

ഇതിൽ നിന്നെല്ലാം ആ കാലഘട്ടത്തെ വിദ്യാഭ്യാസ നിലവാരവും കലാബോധവും എത്രയുണ്ടായിരുന്നെന്ന്‌ നമുക്ക്‌ ചിന്തിക്കാവുന്നതേയുളളു. ഏഴാമൂർത്തിക്കളി എന്ന്‌ പേരു വരുവാൻ കാരണം ഏഴു ഭഗവതിമാരെ സ്‌തുതി ചെയ്യുന്നതു കൊണ്ടായിരിക്കണം.

‘ഒരുമല പൊൻമലമേൽ ഏഴല്ലോ മണിക്കിണറ്‌

ഏഴുമണിക്കിണറ്റിൽ വായ്‌ക്കരമേൽ ഏഴല്ലോ കരിമ്പനകൾ

ഏഴുകരിമ്പനമേൽ ഏഴല്ലോ മടൽ വിരിഞ്ഞ്‌

ഏഴുമടലതിൻമേൽ ഏഴല്ലോ കൂരിക്കൂട്‌

ഏഴു കൂരിക്കൂട്ടിൽ ഏഴല്ലോ കൂരിത്തളള

ഏഴു കൂരിത്തളളയ്‌ക്കേഴല്ലോ കൂരിമുട്ട

അവ ഏഴും വീണുടഞ്ഞിട്ടവരല്ലോ ഭഗവതിമാർ

അവളാലൊരുത്തിയല്ലോ മലയർക്കു മലദൈവമേ

അവളാലൊരുത്തിയല്ലോ പറയർക്കു പറദൈവമേ

അവളാലൊരുത്തിയല്ലോ പുലയർക്കു പുലദൈവമേ

അവളാലൊരുത്തിയല്ലോ ഇറയർക്കു ഇറദൈവമേ

അവളാലൊരുത്തിയല്ലോ പാണർക്കു പാംദൈവമേ

അവളാലൊരുത്തിയല്ലോ കുറവർക്കു കുറദൈവമേ

അവളാലൊരുത്തിയല്ലോ നമ്മുടെ ഭരദേവതാ

ആടാൻ വാ പാടാൻ വാ പാടിക്കളിക്കാൻ വാ

ഞാനിട്ട മണിപന്തലിൽ വിരുതുറെക ഭരദേവതേ’

ഈ വന്ദനം കഴിയുന്നതോടെ മണ്‌ഡപമെന്ന്‌ സങ്കൽപിച്ചിരിക്കുന്ന സ്‌ഥലത്തിന്റെ നാലു വാതിൽക്കലും വെലിക്കളം കൂട്ടേണ്ടതും പൂജയ്‌ക്ക്‌ ഒരുക്കേണ്ടതും ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്‌.

‘ഇളക്കമേറും മടവാർകരത്താൽ വിളക്കു വെച്ചു

പടിവെച്ച്‌ ചെരും കുളത്തി കൈനിറയെ

പകർന്നിട്ടെരിഞ്ഞു കത്തുന്ന മണി-

വിളക്കിനാൻമാറിതാ തൊഴുന്നേൻ

കിഴക്കിനാ വെലിവാതുക്കൽ വെലിക്കളമതിൻ പുറമെ

നറുക്കിലാ നിറയെ കുത്തി അരി തിരികുളത്തി വച്ച്‌

തെക്കിനാ വെലിവാതുക്കൽ വെലിക്കളമതിൻ പുറമേ

കുലവാഴ കുലച്ചു നാട്ടി കോൽത്തിരി കുളത്തിക്കുത്തി

പടിഞ്ഞാറാ വെലി വാതുക്കൽ വെലിക്കളമതിൻ പുറമെ

പിടക്കോടി കഴുത്തറുത്ത്‌ നിണത്തോടെ കറി ചമച്ച്‌

ആടാൻ വാ പാടാൻ വാ പാടിക്കളിക്കാൻ വാ

ഞാനിട്ട മണിപ്പന്തലിൽ വിരുതുറെക ഭരദേവതെ’

ഏഴാംമൂർത്തിക്കളിയിൽ വെളിച്ചപ്പാടിന്റെ വരവ്‌ വിവരിക്കുന്ന ഭാഗം ശ്രദ്ധിക്കാം.

‘വെളിച്ചപ്പാടുണ്ടുപോൽ വെളിച്ചപ്പാടുണ്ടുപോൽ

ഏഴാംമൂർത്തിക്കു വെളിച്ചപ്പാടുണ്ടുപോൽ

വെളിച്ചപ്പാടു കുളിച്ചുവന്നൊരു കാലും കഴുകി

ഒട്ടൊട്ടു മുഷിഞ്ഞോരു കരിപ്പട്ടുടുത്ത്‌

അട്ടത്തുകിടക്കുന്ന അരിവാളെടുത്ത്‌

മിറ്റത്തു കിടക്കുന്ന കരിങ്കല്ലോടണച്ച്‌

വട്ടത്തിൽ കളിപ്പാൻ വാ എന്റുണിച്ചാത്ത കുറുപ്പേ!’

ഓരോ സന്ദർഭത്തിലും കളിയുടെ രീതിയിലും മാറ്റങ്ങൾ ഉണ്ട്‌. ഈ കലാരൂപം രംഗത്തുനിന്ന്‌ അപ്രത്യക്ഷമായിട്ട്‌ സുമാർ അറുപതു വർഷമെങ്കിലും ആയിക്കാണും. എന്റെ പിതാവ്‌ ശ്രീമാൻ കാളിപുറത്ത്‌ ഗോപാലൻനായർ ആയിരുന്നു ഇതിന്റെ ആശാനും അവസാനഘട്ടത്തെ ഒരേയൊരു വ്യക്തിയും. അദ്ദേഹം പറഞ്ഞുതന്നിട്ടുളള വിവരങ്ങളും നൂറ്റാണ്ടുകൾ പഴക്കമുളള താളിയോലഗ്രന്ഥവുമാണ്‌ എന്റെ പ്രവർത്തനത്തിന്‌ ആധാരമായി ഭവിച്ചതും. ഇത്‌ തികച്ചും ദൈവികമായ ഒരു അനുഷ്‌ഠാനകലയാണ്‌. മെയ്യഭ്യാസം, ആയുധപ്രയോഗം, വേഷവൈവിധ്യം, പ്രഭാഷണം എന്നിവയുടെ സമഞ്ഞ്‌ജസ സമ്മേളനമാണ്‌ കാണുന്നത്‌. നൃത്തം, കൊട്ട്‌, പാട്ട്‌ തുടങ്ങി സാധാരണക്കാരെ രസിപ്പിക്കാനുളള ചടങ്ങുകൾ ഇതിലുണ്ട്‌. ദിവസംമുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികൾ ഉണ്ടാകും.

കളിക്ക്‌ വലിയ പന്തൽ ആവശ്യമാണ്‌. പന്തലിന്റെ മധ്യഭാഗത്തായി വലിയൊരു നിലവിളക്ക്‌ കത്തിച്ചു വെക്കണം. നിറപറ, പൂക്കുല, വെളളരി, നാളികേരം എന്നിവ യഥാസ്‌ഥാനങ്ങളിൽ വെക്കുന്നു. കളിക്കാർക്ക്‌ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരിക്കും. സദ്യയൂണുകഴിഞ്ഞ്‌ കളിക്കാർ രംഗപ്രവേശം ചെയ്‌ത്‌ പന്തലിന്‌ മദ്ധ്യഭാഗത്തുളള നിലവിളക്കിന്‌ സമീപം വലിയൊരു ചെമ്പ്‌ കമിഴ്‌ത്തിവച്ച്‌ ചെമ്പിന്‌ പുറത്ത്‌ കൊട്ടി പാട്ടുതുടങ്ങുന്നു. ആ സമയം ഇട്ടിക്കണ്ടപ്പൻ (കയ്‌മൾ) എന്ന വിദൂഷകൻ ഒരു ചിരട്ടക്കയിലുമായി രംഗപ്രവേശം ചെയ്‌ത്‌ നൃത്തം വയ്‌ക്കുകയും തുടർന്ന്‌ പാട്ടുകാരോട്‌ എന്റെ നാട്ടിൽ എന്റെ സമ്മതമില്ലാതെ നിണക്ക്‌ കൊട്ടാനും പാടാനും ആര്‌ അധികാരം തന്നു? എന്ന്‌ ചോദിച്ച്‌ വാഗ്വാദം തുടങ്ങുകയും പന്തലിൽനിന്ന്‌ വലിച്ചെടുത്ത ഇലകൾ പാട്ടുകാരുടെവായിൽ തിരുകുകയും മറ്റും ചെയ്യുന്നു. അവിടുന്നങ്ങോട്ട്‌ ഇവരുടെ ചോദ്യവും മറുപടിയും കൊണ്ട്‌ രംഗം നർമ്മരസം നിറഞ്ഞതായിത്തീരുന്നു. ഓന്തുവെട്ട്‌, ഉടുമ്പുപിടിക്കൽ എന്നിവയും കളരിപ്പയറ്റുരീതിയിലുളള മെയ്യഭ്യാസങ്ങളും കാണികളെ രസിപ്പിക്കുമെന്നതിൽ സംശയമില്ല.

പാട്ടിൽ ഭഗവതി സ്‌തുതിയും ഗണപതി വന്ദനവും മറ്റും കഴിഞ്ഞ്‌ ശ്രീകൃഷ്‌ണലീലകൾ (രാസക്രീഡ) പാടിക്കളിക്കുന്നു. ഇരുന്നു, വട്ടത്തിൽനടന്ന്‌ കോല്‌ കൊടുത്തും, വട്ടത്തിൽ കാലുവച്ച്‌ പരക്കം വീശുക, തിരിഞ്ഞും മറിഞ്ഞും കോലുകൊടുത്ത്‌ പാട്ടുപാടിക്കളിക്കുക മുതലായ രംഗങ്ങൾ വളരെ വൈദഗ്‌ദ്ധ്യപൂർവ്വം അവതരിപ്പിക്കുന്നു.

ഏഴുഭഗവതിമാരെ സ്‌തുതിക്കുന്നത്‌ വേറൊരിടത്തും കാണാം.

‘തൃക്കണ്ടിയൂർ മതിലകത്ത്‌ ഏഴുണ്ടെമ്പോൾ പൂത്തിരഞ്ഞി

പൂത്തിരഞ്ഞി പൂപറിപ്പാൻ എഴുവരുണ്ടേൻ ഭഗവതിമാർ

ഏഴുവരിലും അഴകിയതോ അഴകിയതോ

ഞാനറിവേൻ ഏമൂർക്കാവിൽ ഭഗവതിയെ

അറുവരുണ്ടെൻ ഭഗവതിമാർ

അറുവരിലും അഴകിയതോ അഴകിയതോ

ഞാനറിവേൻ അമ്മതിരുവടി ഭഗവതിയെ

അയ്‌വരുണ്ടെൻ ഭഗവതിമാർ

അയ്‌വരിലും അഴകിയതോ അഴകിയതോ

ഞാനറിവേൻ അയ്‌വർകുന്നിൽ ഭഗവതിയെ

നാൽവരുണ്ടെൻ ഭഗവതിമാർ

നാൽവരിലും അഴകിയതോ അഴകിയതോ

ഞാനറിവേൻ നാലുശ്ശേരി ഭഗവതിയെ

മൂവ്വരുണ്ടെൻ ഭഗവതിമാർ

മൂവ്വരിലും അഴകിയതോ അഴകിയതോ

ഞാനറിവേൻ മുളയങ്കാവിൽ ഭഗവതിയെ

ഇരുവരുണ്ടെൻ ഭഗവതിമാർ

ഇരുവരിലും അഴകിയതോ അഴകിയതോ

ഞാനറിവേൻ ശ്രീകുറുമ്പാ ഭഗവതിയെ

ഒരുവരുണ്ടെൻ ഭഗവതിമാർ

ഒരുവരിലും അഴകിയതോ അഴകിയതോ

ഞാനറിവേൻ കുരിടംകുളങ്ങര ഭഗവതിയെ.’

ഇതെല്ലാം പാട്ടിൽ പറയുന്നതുകൊണ്ട്‌ ഏഴാംമൂർത്തിക്കളി എന്നു പറയുന്നതിൽ തെറ്റില്ല എന്നു മാത്രമല്ല കുരിടംകുളത്തി ഭഗവതി തേലനൂരിന്റെ പരദേവതയാകകൊണ്ട്‌ തോലനൂരിൽത്തന്നെയാണ്‌ ഈ കലാരൂപം ഉണ്ടായിരുന്നതെന്നും നമുക്ക്‌ ഊഹിക്കാം.

Generated from archived content: purattu_mar15.html Author: manayangath_narayanankuttinayar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English