വാലൻമാരും മത്സ്യബന്ധനവും

കേരളം നാട്ടുരാജ്യങ്ങളായി വിഭജിച്ചു ഭരിച്ചിരുന്നകാലം. അയൽരാജ്യങ്ങളിലേയ്‌ക്കുളള യാത്രകൾക്ക്‌ പ്രധാനമായും ആശ്രയിച്ചിരുന്നത്‌ അക്കാലങ്ങളിൽ വളളങ്ങളെയായിരുന്നു. നാട്ടുരാജാവായിരുന്ന ചേരമാൻ പെരുമാളുടെ നിർദ്ദേശപ്രകാരം ‘പളളിയോടം’ തുഴയാൻ മുക്കുവസമുദായത്തിൽപെട്ട പന്ത്രണ്ട്‌ ചെറുപ്പക്കാരെ കൊണ്ടുവരികയും ഈ യുവാക്കളെ നേരിൽ കാണാനിടയായ പെരുമാൾ ‘ഇവരൊക്കെ ബാലൻമാരാണല്ലോ’ എന്നഭിപ്രായപ്പെടുകയും ഉണ്ടായെന്ന്‌ പറയപ്പെടുന്നു. കാലാന്തരത്തിൽ ബാലൻമാർ ‘വാലൻമാരാ’യി മാറ്റപ്പെടുകയാവാം ഉണ്ടായത്‌. ഇവരുടെ സന്തതി പരമ്പരകളിലൂടെ വളർച്ച പ്രാപിച്ച വംശമാണ്‌ പിൽക്കാലത്ത്‌ ‘അരയൻമാർ’ എന്നറിയപ്പെടുന്ന ധീവരസമുദായത്തിലെ വാലവിഭാഗം. സമാനമായ ചില ഉപകഥകളിലൂടെയും തലമുറകൾ കൈമാറിയ വാമൊഴികളിലൂടെയും ഇവരുടെ ദേശങ്ങളിലെല്ലാം ഈ വിശ്വാസം നിലനിന്നുപോരുന്നുവെന്നതിന്‌ അംഗീകൃതചരിത്രമാതൃകകളിൽനിന്നും കുടിയൊഴിക്കപ്പെട്ട പാരമ്പര്യത്തിന്റെ അറ്റുപോകാത്ത കണ്ണികൾതന്നെയാണ്‌ സാക്ഷ്യം.

മറ്റു വിഭാഗങ്ങളിലേതുപോലെ തറവാടുകളിൽ കുലദൈവങ്ങളെ കുടിയിരുത്തിയാരാധിച്ചിരുന്ന കുടുംബക്ഷേത്രങ്ങളിൽ പലതുമിന്ന്‌ അവഗണിക്കപ്പെടുകയോ അപ്രത്യക്ഷമാവുകയോ ആണ്‌. നാഗരികസംസ്‌കാരത്തിന്റെ കടന്നുവരവോടെ സമൂഹത്തിൽ സാമുദായികസംഘടനകൾ സ്‌ഥാനം നേടുകയും കേരളീയ തച്ചുശാസ്‌ത്രത്തിന്റെ മകുടോദാഹരണങ്ങളായിരുന്ന പഴയ കൂത്തമ്പലങ്ങൾക്കുമീതേ ആധുനിക കോൺക്രീറ്റ്‌ കോവിലുകൾ ഉയരുന്ന കാഴ്‌ച എവിടെയും സർവ്വസാധാരണമായിരിക്കുന്നു. പണ്ട്‌ പൂർവ്വികർ ഓരോ ദേശത്തിന്റെയും ഭൂമിശാസ്‌ത്രപരമായ പ്രാധാന്യത്തോടെ രൂപംകൊടുത്ത്‌ കുലദൈവത്തറകളിൽ കുടിയിരുത്തിയിരുന്ന മൂർത്തികളെ പുനഃപ്രതിഷ്‌ഠ നടത്തിയതും അല്ലാത്തതുമായ മിക്കക്ഷേത്രങ്ങളിൽ മടപതിദൈവങ്ങളായി ആരാധിച്ചു പോരുന്നുണ്ട്‌. ദുർഗ്ഗ, മറുത, ഭൈരവൻ, നാഗയക്ഷി, സുന്ദരയക്ഷി, മുത്തപ്പൻമാർ തുടങ്ങിയ മൂർത്തികൾ ഇപ്രകാരമുളള മടപതി ദൈവങ്ങളാണ്‌.

അരയൻമാരുടെ കുലത്തൊഴിൽ മത്സ്യബന്ധനമാണ്‌. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ഇവർ ആദ്യകാലങ്ങളിൽ ചെറിയ മുളവടികൊണ്ടുളള ‘പതിനഞ്ച്‌ കടിപ്പി’ന്റെ വലിയ കോരുവലകളുപയോഗിച്ചാണ്‌ തൊഴിലിലേർപ്പെട്ടിരുന്നത്‌. കാലം വലകളുടേയും കോലത്തിൽ മാറ്റങ്ങൾ വരുത്തി. മീനുകൾക്കുവേണ്ടി തയ്യാറാക്കിയ തെളിച്ചിൽ വലയുടെ വഴുതയ്‌ക്ക്‌ തെളികണ്ണിവലയും, കൂരിവല, കിടുക്കുവല, തല്ലുവല, ഓട്ടവല (കണ്ടാളിവല)തുടങ്ങിയവയിൽനിന്നും ഞണ്ടുകൾക്കുവേണ്ടി ചൂണ്ടനാരു കൊണ്ട്‌ (നൈലോൺ) നിർമ്മിച്ച ‘മഡ്‌വല’ (വൈശാലിവല)യിലും എത്തിനിൽക്കുന്നു. കൂടാതെ ചെറുമീനുകളായ നന്ദൻ, കൊഴുവ തുടങ്ങിയവയ്‌ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ വലകളും ഉപയോഗിച്ചുവരുന്നു.

വലയുടെ കേടുവന്ന്‌ കീറിയഭാഗങ്ങൾ നീക്കംചെയ്‌ത്‌ മുളയിലോ ഉണക്ക ഈർക്കിലിലോ തീർക്കുന്ന രണ്ടറ്റവും വിടവുകളുളള ‘ഒളക്കോലി’ൻമേൽ ചുറ്റിയ നൂലുപയോഗിച്ചാണ്‌ പുതിയവ തുന്നിപ്പിടിപ്പിക്കുന്നത്‌. പഞ്ഞിനൂലുപയോഗിച്ച്‌ കൈകൊണ്ട്‌ നെയ്‌തെടുക്കുകയും കലശിൻതൊലിയും പുളിങ്കുരുതൊണ്ടുമിട്ട്‌ തിളപ്പിച്ച വെളളത്തിൽ മുക്കി ‘കറ’കൊടുത്ത്‌ കൂടുതൽ ഉറപ്പോടെ ഉപയോഗിച്ചിരുന്ന പഴയ വലകളുടെ സ്‌ഥാനം വൻകിട കമ്പനികൾ ഉത്‌പാദിപ്പിക്കുന്ന നൈലോൺവലകൾ കീഴടക്കിയപ്പോൾ തകർന്നത്‌ വലനെയ്‌ത്തിലൂടെ വികസിച്ചുവന്ന ഒരു ഗ്രാമീണ കൈവേലയാണ്‌. ഏകദേശം മുപ്പത്‌ വർഷങ്ങൾക്കുമുൻപ്‌ കടന്നുവന്ന നൈലോൺവലകളും പൊന്തുകളയാനുപയോഗിച്ചിരുന്ന നായങ്കണയ്‌ക്കുപകരമുളള പ്ലാസ്‌റ്റിക്ക്‌ വട്ടുകളും ഇപ്പോൾ ഈ മേഖലയിൽ സജീവമാണ്‌. നൂതന സാങ്കേതിക വിദ്യയിലേയ്‌ക്കുളള ഈ മാറ്റം തൊഴിൽപരമായി മത്സ്യത്തൊഴിലാളികൾക്ക്‌ ഗുണകരമായെങ്കിലും ഈ രംഗത്തേയ്‌ക്കുളള മുതലാളിത്തത്തിന്റെ കടന്നുകയറ്റവും വിദേശീയവും പ്രാദേശികവുമായ യന്ത്രവൽകൃത വലകളുപയോഗിച്ചുളള അമിതമായ ചൂഷണവും കടലിലേയും പുഴയിലേയും മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌.

ചെമ്മീൻകെട്ടുകൾ

കായലിനു സമാന്തരമായി പത്തുംപതിനഞ്ചും ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ചെമ്മീൻകെട്ടുകളുടെ പിന്നിലും പ്രാന്തവൽക്കരിക്കപ്പെട്ട ഒരുജനവിഭാഗം ഏറ്റുവാങ്ങേണ്ടിവന്ന ചതിയുടേയും വഞ്ചനയുടേയും ചരിത്രമുണ്ട്‌. ഒളിമങ്ങാത്ത അത്തരം ഓർമ്മകളിലേയ്‌ക്ക്‌…..എറണാകുളം ജില്ലയിലെ പറവൂർതാലൂക്കിൽപെട്ട ഏഴിക്കര പഞ്ചായത്തിലെ ഒരുപ്രദേശമാണ്‌ കെടാമംഗലം. ആദ്യകാല വിപ്ലവകവി പാപ്പുക്കുട്ടിയാശാനും കഥാപ്രസംഗസമ്രാട്ട്‌ കെടാമംഗലം സദാനന്ദനും ജൻമംനൽകിയനാട്‌. വാലൻമാർ കൂടുതലായിവസിക്കുന്ന ഈപ്രദേശത്തെ വിശാലമായ കായൽവാരം തോടിന്റെ ഏറെ ഭാഗങ്ങളിലും അനേകംവർഷങ്ങളായി ചെമ്മീൻകെട്ടുകളായി ഉപയോഗിച്ചുവരുന്നു.

കൊച്ചിരാജാവിന്റെ ദിവാനായിരുന്ന അഞ്ചയ്യപ്പന്റെ അധീനതയിലുളള ആലങ്ങോട്ടുപറവൂർ (ഇപ്പോഴത്തെ ആലുവ മുതലുളളഭാഗം) ഭാഗത്തിൽ പെട്ടതായിരുന്നു കെടാമംഗലം ഗ്രാമവും. എന്നാൽ ദിവാൻ കളളക്കണക്കെഴുതി ഈഭാഗം തിരുവിതാംകൂറിന്റേതാക്കി തീർക്കുകയും അതിനു പാരിതോഷികമായി ദിവാന്‌ ‘ആയിരപ്പറനിലം’ തിരുവിതാംകൂർ മഹാരാജാവ്‌ നൽകുകയുംചെയ്‌തു. കെടാമംഗലം കൂട്യാകുളങ്ങര ക്ഷേത്രത്തിനുസമീപമുളള പുത്തൻമഠത്തിൽ താമസമാരംഭിച്ച ദിവാൻ അന്നത്തെ സർക്കാർ ചിലവിൽ 6000 രൂപ മുടക്കി തന്റെ അധീനതയിലുളള ഭൂമിയിലെ കൃഷിയാവശ്യങ്ങൾക്കായി പെരുമ്പടന്ന വടക്കുമുതൽ കെടാമംഗലം തെക്കുഭാഗം വരെ നീളത്തിൽ ഒരു ‘ഇറിഗേഷൻ ബണ്ട്‌’ നിർമ്മിക്കുകയും ദിവാന്റെ കൈവശമുളള ഭൂമി വിൽക്കുകയും മറ്റുളളവ നാട്ടുപ്രമാണികൾക്ക്‌ പതിച്ചുനൽകുകയും ചെയ്‌തു. പരപ്പിന്റെ (പുഴയുടെ)ഏറിയഭാഗവും ഇത്തരത്തിൽ ഒരു ന്യൂനപക്ഷത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയതുമൂലം ഗത്യന്തരമില്ലാതായ മത്സ്യത്തൊഴിലാളികൾ മറ്റു പ്രദേശങ്ങളിലേയ്‌ക്ക്‌ പലായനം ചെയ്യേണ്ടിവന്നു. ദിവാന്റെ പ്രദേശങ്ങൾ കയ്യടക്കിയ നാട്ടുപ്രമാണികളാണ്‌ ജൻമിമാരായിത്തീർന്നത്‌. ദരിദ്രജനത അവരുടെ കുടിയാൻമാരുമായി ‘ഇറിഗേഷൻബണ്ട്‌’ പല ഭാഗങ്ങളായി ചിറകെട്ടിത്തിരിച്ച്‌ ഇന്നത്തെ ചെമ്മീൻകെട്ടുകളായി ജൻമികൾ സ്വന്തമാക്കി. രാജഭരണകാലം മുതൽ ഇവിടങ്ങളിൽ പൊക്കാളികൃഷി നടന്നുവരുന്നുണ്ടെങ്കിലും ഉയർന്ന ഉത്‌പാദനചിലവും വ്യാപകമായ വിളനാശവും മൂലം ഇവ വളരെ അപൂർവ്വമായെ ചെമ്മീൻപാടങ്ങളിൽ കണ്ടുവരുന്നുളളൂ. ഇടവപ്പാതി മുതലുളള സമയമാണ്‌ പൊക്കാളികൃഷിക്ക്‌ അനുയോജ്യം.

ചെമ്മീൻകെട്ടിന്റെ പ്രത്യേകതകൾ

പുഴയിലെ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സമാനമായി ചെമ്മീൻ കെട്ടുകളിലേയ്‌ക്കുളള ജലപ്രവാഹത്തെ നിയന്ത്രിക്കുന്നത്‌ ‘തൂമ്പ്‌’വഴിയാണ്‌. ചെമ്മീൻകെട്ടുകളുടെ വിസ്‌തീർണ്ണമനുസരിച്ച്‌ പരമാവധി ആറുകോൽ നീളത്തിലും മൂന്ന്‌ കോൽ ഉയരത്തിലും മരപ്പലകകൾ നിരത്തിയടിച്ചുണ്ടാക്കുന്ന രണ്ട്‌ ‘പക്കുകൾ’ ആണ്‌ തൂമ്പിന്റെ പ്രധാനപ്പെട്ട ഭാഗം. ഓരോ പക്കിലുമായി രണ്ടിഞ്ച്‌ കനവും മൂന്നര ഇഞ്ച്‌ വീതിയും മേൽപ്പറഞ്ഞ ഉയരത്തിലുളള ആറ്‌ പുറംകാലുകളും നാല്‌ അകംകാലുകളുമുണ്ടാകും. ഇരുപക്കുകളിലുമുളള പുറംകാലുകളെ തമ്മിൽ അടിച്ചട്ടയും (അടിയിലെ ഫ്രെയിം) മേച്ചട്ടയും (മുകളിലെ ഫ്രെയിം) ആയി ബന്ധിപ്പിച്ചിരിക്കും. അടിച്ചട്ട ആഴത്തിൽ സമനിരപ്പിലായി ചെളിയിൽ ഇടിച്ചുറപ്പിച്ചശേഷമാണ്‌ ഓരോ പക്കുകളും ഇതുമായി യോജിപ്പിക്കുന്നത്‌. അതിനുശേഷം മേച്ചട്ടയും ഉറപ്പിച്ച്‌ അകംകാലുകളെ ‘മുളമുട്ടുകൾ’കൊണ്ടുറപ്പിച്ച്‌ തൂമ്പിന്റെ അകലം (പരമാവധി രണ്ടരക്കോൽ ആയിരിക്കും തൂമ്പിന്റെ വീതി) ക്രമപ്പെടുത്തുന്നു. അകംതൂമ്പിൽ പലകയിടുന്നതിനായുളള വിടവിനെ ചീർപ്പുമക്കിടിയെന്നും പലകകൾ എടുക്കുന്നതിനും ഇടുന്നതിനും കയറിനിൽക്കുന്നതിനുമുളള സ്‌ഥലത്തെ ചവിട്ടുകൾ എന്നു പറയും. തൂമ്പിന്റെ വീതിക്കും ഉയരത്തിനുമനുസരിച്ച്‌ തയ്യാറാക്കിയ ‘ചട്ടക’ത്തിൻമേൽ കെട്ടിയിട്ടുളള വല രണ്ടാമത്തെ അകംകാലിനോട്‌ ചേർത്തടുപ്പിച്ച്‌ തൂമ്പിൽ താഴ്‌ത്തിവച്ചശേഷം ചുവന്ന ഗ്ലാസ്‌പേപ്പറിൽ പൊതിഞ്ഞ പെട്ടിവിളക്കും അരിക്കലാമ്പും (കമ്പിവിളക്ക്‌) കത്തിച്ച്‌ മേച്ചട്ടയിൽ കെട്ടിത്തൂക്കി പലകയെടുത്തശേഷമാണ്‌ ചെമ്മീൻകെട്ടിൽനിന്നുളള മത്സ്യബന്ധനം നടത്തുന്നത്‌. പക്കമനുസരിച്ചാണ്‌ തൂമ്പുകളുടെ പ്രവർത്തനം ചിട്ടപ്പെടുത്തിയിട്ടുളളത്‌. വൈകുന്നേരങ്ങളിൽ ‘സന്ധി’യും വെളുപ്പിന്‌ ‘പെലരി’യും വലകെട്ട്‌ നടത്താറുണ്ട്‌. അതുപോലെത്തന്നെ ചെമ്മീൻകെട്ടിലേയ്‌ക്ക്‌ വെളളംകയറുമ്പോൾ ‘ഏറ്റവല’ ഉപയോഗിക്കുന്നതോടൊപ്പം രാത്രിസമയങ്ങളിലെ ഏറ്റസമയത്ത്‌ ചിരട്ടയും പൊതിമടലും (തെങ്ങിൻതൊണ്ട്‌) കത്തിച്ച്‌ കെട്ടുകളിലേയ്‌ക്ക്‌ മീനുകളെ ആകർഷിക്കാറുണ്ട്‌. ചെമ്മീൻകെട്ടുകളിലെ ഇറക്കസമയത്ത്‌ നേർത്ത കവുങ്ങിൻപാളികൾ അടുപ്പിച്ചുവച്ച്‌ വരിഞ്ഞുകെട്ടിയുണ്ടാക്കുന്ന അടിച്ചിലുകൾ ഉപയോഗിച്ചിരുന്നു (ഇപ്പോൾ നൈലോൺനെറ്റുകളും).

ജൻമികളുടെ കൈവശമുളള ചെമ്മീൻകെട്ടുകൾ ഒന്നോ അതിലധികമോ വർഷത്തേയ്‌ക്കായി വൻതുകയ്‌ക്കുളള കരാറിൻമേൽ ഇടത്തരക്കാർക്ക്‌ നൽകുകയാണ്‌ ഇപ്പോഴത്തെരീതി. വിരലിലെണ്ണാവുന്ന മത്സ്യത്തൊഴിലാളികൾ ഇതിലെ തൊഴിലാളികളായിട്ടുണ്ടെങ്കിലും പുഴ ഒരു ഉപജീവിനമാർഗ്ഗമായിരുന്നവർക്കുമേൽ വീണ കരിനിഴൽതന്നെയാണ്‌ ചെമ്മീൻകെട്ടുകൾ. കാരണം ഇരുപത്‌വർഷംമുൻപും അതിനുശേഷം അപൂർവ്വമായും ഉപയോഗിച്ചിരുന്ന കണ്ടാളിവലകളും രണ്ട്‌ കെട്ടുവളളങ്ങൾ കൂട്ടിക്കെട്ടി തെങ്ങിൻ കുലഞ്ഞിൽ അവയിൽ അടുക്കിവച്ച്‌ ഉണ്ടാക്കുന്ന പായ്‌ക്കൽവഞ്ചികളും ഇന്ന്‌ കായൽപരപ്പുകളിൽ നിന്നും ഏറെക്കുറെ അപ്രത്യക്ഷമാവുകയും പരമ്പരാഗതതൊഴിൽ മേഖലകൾവിട്ട്‌ അവരുംപിന്നീടുവന്ന പുതിയ തലമുറയും പുതിയ മേച്ചിൽസ്‌ഥലങ്ങൾ തേടി അലയുകയാണ്‌. ഈ സാഹചര്യത്തിൽ അടുത്തകാലത്ത്‌ വ്യാപകമായ ശാസ്‌ത്രീയ ചെമ്മീൻകൃഷിയിടങ്ങളിൽനിന്നും പുറംതളളുന്ന അവശിഷ്‌ടങ്ങളും ചെമ്മീൻവാറ്റിന്റെ അവസാനനാളുകളിൽ നഞ്ച്‌, തേയിലക്കുരു, മറ്റ്‌ രാസപദാർത്ഥങ്ങൾ തുടങ്ങിയവയുപയോഗിച്ച്‌ അമിത ലാഭമോ താല്‌കാലികമായ നിലനില്പോ മുന്നിൽകണ്ട്‌ നടത്തുന്ന നശീകരണപ്രക്രിയകളും ചെമ്മീൻകെട്ടുകളുടെയും അവസ്ഥ പൊതുവേ അവതാളത്തിലാക്കിയിട്ടുണ്ട്‌.

പറഞ്ഞുതന്നത്‌ – പി.എ.ഗോപാലൻ., പൊയ്യ, കഴിഞ്ചിത്തറ, വി.കെ. ബാലകൃഷ്‌ണൻ, കെടാമംഗലം, നോർത്ത്‌ പറവൂർ.

Generated from archived content: kaivela1_july1_05.html Author: madhu_poyya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here