പണ്ട് ചെറുവട്ടി എന്നുപറയുന്ന സാധനം ചെറുമസ്‌ത്രീകളുടെ കൈവശമുണ്ടായിരുന്നു. കളള് കുടിക്കുമ്പോൾ, കഞ്ഞി കുടിക്കുമ്പോൾ വട്ടിപ്പുറത്തു ചൊവ്വാ എന്നു പറഞ്ഞ് ഈ വട്ടി പിന്നിലേക്കു വയ്‌ക്കുന്നു. വിശ്വാസത്തോടെ ഉപയോഗിച്ചിരുന്നതാണ് ചെറുവട്ടി. അതിൽ രണ്ടുമൂന്നു കളളിയുണ്ടായിരിക്കും. മുറുക്കാനും പൈസയും വയ്‌ക്കാൻ പറ്റും. ദേവീടെ സാന്നിദ്ധ്യവുമുണ്ടാകും. ഉത്തമകർമ്മത്തിന് ഒടതമ്പുരാനേ ഈശ്വരാ, സൃഷ്‌ടിച്ച ബ്രഹ്‌മാവേ സാക്ഷാൽ ഈശ്വരാ തമ്പുരാന്റമ്മേ ഈശ്വരാ കാത്തുരക്ഷിക്കണേ എന്നും മദ്ധ്യമകർമ്മങ്ങൾക്ക് എഴുപതിരണ്ടു മലവാരം കെട്ടിപ്പിടിച്ചിരിക്കണ പാറയിൽ കൊട്ടോടി ചാത്തമുത്താ ഞാൻ നെന്നെ മാറിഞ്ഞവണ്ണം സേവിച്ചുവിളിക്കുമ്പോ നീയെന്നെ കാത്തുരക്ഷിക്കണം എന്നും പറയും.
വട്ടിനിർമ്മാണംഃ കൈതോല മുറിക്കണം. മുറിച്ച കൈതോലയുടെ മുളളുകളഞ്ഞ് അത് ചുരുളായി വട്ടത്തിൽ ചുരുട്ടി ഉണക്കുന്നു. ഉണങ്ങിയശേഷം ഓല ചെറിയ പൊളിയാക്കി ചീന്തുന്നു. എന്നിട്ട് അത് കുറുവട്ടിയായി നെയ്യുന്നു. ഇറുപ്പ് നെയ്‌ത് കുറുവട്ടിയാക്കുന്നു. തെങ്ങിൻ കുരുത്തോലകൊണ്ടും വട്ടി നെയ്യാറുണ്ട്. ഏറ്റവും നല്ല കൈത കൊടുങ്ങല്ലൂര് കൈതയാണ്. ദേവിയാണ് ചെറുവട്ടി നെയ്യാനുളള അവകാശം പുലയിയ്‌ക്ക് നൽകിയത്. ദേവി ആദ്യം വളേളാപ്പുലയന്റെ പന്തലിലാണ് വന്നിരുന്നതത്രേ. വരം ചോദിച്ചപ്പോ വല്യവരമ്പും വൻകന്നാലിയും വളേളാപ്പെലേന് തന്നു. ചെറുമീടെ അടുത്ത് ചോദിച്ചപ്പോ ചെറുമി വട്ടീം പായേം നെയ്യാനുളള വരം മതീന്നു പറഞ്ഞു. ചെറുവട്ടീനെ കുറുവട്ടീന്നും പറയും. ആദ്യം ഇറുപ്പ് ഇടുന്നു. ഇറുപ്പിടുമ്പോൾ ഏഴുദിവസം വ്രതമെടുക്കണം. ദക്ഷിണകൊടുത്താണ് ചെറുവട്ടി മേടിക്കുന്നത്.
പുലയരിൽ വളളുവൻ, കൂവ, കാക്ക എന്നീ തരക്കാരുണ്ടത്രേ. വളേളാസ്‌ഥാനം പുലയരിലെ ഗുരുസ്‌ഥാനമാണ്. പണ്ട് വളേളാക്കവിയുണ്ടായിരുന്നു. വളേളാൻ കണ്ടത്തിന്റെ വലത്തേ മൂലയിൽനിന്നാണുണ്ടായതത്രേ. വിഷുച്ചാൽ പൂട്ട് നടത്തുന്നത് വളേളാനാണ്. പോത്തിനെ മാലയിടീച്ച് കരീനേം മാലയിടീച്ച് ആദരിച്ചാണ് ചടങ്ങ് നടത്താറുളളത്. കണ്ടത്തിന്റെ വലത്തേ മൂലയിൽ പൊടിമണ്ണ് ചെത്തിയുയർത്തിവച്ച് അതിൽ വട്ടൻനെല്ലിട്ട് കൊന്നപ്പൂവ്, തൃത്താപ്പൂവ് എന്നിവകൊണ്ട് പൂജിക്കുന്നു. ഇരുന്നാണ് പൂജ ചെയ്യുന്നത്. ഒടതമ്പുരാനേ ഈശ്വര സരസ്വതീ എന്നും ഈ പൂമിയിൽ വെളയാടി വരണേ. ഈ നെലത്തില് നല്ല വെളവുണ്ടാകണേ എന്റെ അപ്പാ അമ്മേ എന്നിങ്ങനെ പ്രാർത്ഥിച്ച് എഴുന്നേറ്റ് വലത്തോട്ട് തിരിയണം. എന്നിട്ട് കരിയിൽ പിടിച്ച് മുടിയൻകോലെടുത്ത് കിഴക്കുപടിഞ്ഞാറ് മൂന്നുപൊളി പൂട്ടി കിഴക്കോട്ട് തിരിച്ചുനിർത്തി പോത്തിനെ അഴിച്ചിടുന്നു. അതുകഴിഞ്ഞ് ചെല്ലുമ്പോ ദക്ഷിണകിട്ടും. പണ്ട് ഈ ചടങ്ങുനടത്താനുളള അവകാശം കണക്കനായിരുന്നുവത്രേ. ഒരിക്കേ ഒരാൾ പൂജിക്കുമ്പോ നെറന്തലേല് കൈക്കോട്ടുകൊണ്ട് ചോര പൊടിഞ്ഞു. കണ്ടത്തിന്റെ വലത്തേ മൂല ചെത്തുമ്പോൾ ചോരവന്നു. തമ്പുരാൻ ആ ഭാഗം കെളയ്‌ക്കാൻ പറഞ്ഞു. അപ്പോ കണ്ടത്തീന്ന് ഒരു കുട്ടീനെ കിട്ടി. ആ കുട്ട്യെ തമ്പ്‌രാൻ വെണ്ണീറ് പുരയിലിട്ട് വളർത്തി, വലത്തേ ശ്രീമൂലകണ്ടത്തീന്ന് മണ്ണു മാന്തിയെടുത്ത് വളർന്നവനാണ് വളേളാപ്പുലേനായി മാറിയത്. അവനെ തമ്പ്‌രാൻ വളർത്തി യുവാവാക്കി. ഒരിക്കേ തമ്പ്‌രാൻ പറഞ്ഞു കോരാ അമ്മാളു കഞ്ഞീമായി വരുമ്പോ അവളെ അയിത്താക്കണം. അങ്ങനെ അമ്മാളൂനെ അയിത്താക്കി. അമ്മാളുനേം കെട്ടി കഴിഞ്ഞു. അവരുടെ പിൻമുറക്കാരാണ് ഇന്നത്തെ പെലേര്. തമ്പ്‌രാക്കൻമാർക്ക് ആനപ്പൂരാർന്നു. തമ്പ്‌രാൻ ആനപ്പൂരം കഴിക്കുമ്പോ ഞങ്ങക്കും വല്ല പൂരോം കഴിക്കണ്ടേ എന്നു ചോദിച്ചു. അടുത്തകൊല്ലം ആട്ടേന്നു പറഞ്ഞു. നീയ് കാളേണ്ടാക്കി ആർപ്പുവിളിയോടെ കാളപ്പാട്ടു പാടി കാളേനെ കൊണ്ടോരണം. കുട്ട്യോളില്ലാത്തവർക്ക് കാളകളി ഒരു വഴിപാടാണ്. ഒരിക്കേ കുട്ടികളില്ലാത്ത ഒരു വീട്ടില് കളിച്ചപ്പോ പിടേകൊല്ലം അവിടെ ഒരുണ്ണീണ്ടായി. പതിനെട്ടീശ്വരൻമാരേ, പന്തീരങ്കാലേ, കൊടുങ്ങല്ലൂരമ്മേ, വസൂരിമാലേ, ഈ കുഞ്ഞിനും കുട്ട്യോൾക്കും ഒരാപത്തുണ്ടാക്കല്ലേ. സർവ്വ ആപത്തും മാറ്റിത്തരണേ. കൈക്കോട്ട് തലേക്കൊണ്ടതിന്റെ ഓർമ്മയ്‌ക്കാണോന്നറിയില്ല, ഓണത്തിനും വിഷുവിനും നെറുകേന്ന് കുറച്ച് മുടിമുറിച്ച് കുളിക്കാൻ പോകുമ്പോ കൊണ്ടുപോകാറുണ്ട്. കുങ്കുമത്തടി കൊണ്ടാണ് കാളയെ ഉണ്ടാക്കുന്നത്. ആശാരി വലങ്കൈകൊണ്ടാ കൊത്തിപ്പണിയുന്നത്. തണ്ട് മുളയാണ്. കറുത്തവാവിന് വെട്ടിയ അധികം വണ്ണമില്ലാത്ത കരിങ്ങാലിമുള വേണം. അത് കേടുവരാതിരിക്കാൻ ഉപ്പുവെളളംകൊണ്ട് തുടച്ച് പൊകേത്ത് പത്തുദിവസം വയ്്ക്കണം. അസ്സലായിട്ട് തീയിടണം. മൊളേടെ മുകളില് ചവറിട്ടും തീയിടാറുണ്ട്. ആശാരി പടിവച്ച് കാളയെ ഉറപ്പിക്കുന്നു. വളേളാപ്പുലയനാണ് ദൈവികമായി കാളയെ കെട്ടാനും ആടാനും അവകാശം.
കാളയാണേ കാളയാണേ കാളക്കിടാവേ തിത്തൈതാ
അയ്യങ്കുളങ്ങര നല്ലമ്മേടെ കാളക്കിടാവേ തിത്തൈതാ
Generated from archived content: kaivala_aug26_05.html Author: m_v_prasad