വലിയ പരിഷ്‌കാരിയല്ലാത്ത നാട്ടിൻപുറത്തെ ഒരമ്മ, തന്റെ കുഞ്ഞിന്, ജനിച്ച് ഏകദേശം മൂന്നാംമാസത്തിൽ ‘കുറുക്കിയതു’ കൊടുക്കുമ്പോൾ കാണിച്ചും, പറഞ്ഞും, കേൾപ്പിച്ചും കൊടുക്കുന്ന ഒരു ജീവി (ഏകജീവി എന്നുതന്നെ പറയാം) കാക്കയാണ്. ശൈശവത്തിലെ പ്രകൃതിപഠനത്തിന്റെ ആദ്യപാഠം.
കാക്ക കറമ്പനാണ്, കുറുമ്പനും വികൃതിയുമാണ്, സൂത്രശാലിയാണ്, മോഷ്‌ടാവാണ്, ശല്യക്കാരനും തട്ടിപ്പറിക്കാരനുമാണ്, ബുദ്ധിശാലിയാണ്. കുയിലിനോടടുക്കുമ്പോൾ മണ്ടിയും. സ്വന്തം വീടു പണിയുന്നതിൽ സൗന്ദര്യബോധം തൊട്ടുതെറിച്ചിട്ടില്ല.
കാക്കക്കൂട് ദൂരെ നിന്നു കാണുന്നതാണ് സ്വന്തം ആരോഗ്യത്തിനു നല്ലത്, കൂട്ടിൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ പ്രത്യേകിച്ചും. പ്ലാവ്, മാവ് മുതലായ വലിയ മരങ്ങളിൽ മൂന്നോ നാലോ മീറ്റർ ഉയരത്തിലാണ് കാക്കക്കൂടു കാണുക. ഒരു മരത്തിൽ മൂന്നുനാലുകൂടുകൾ കണ്ടെന്നിരിക്കും. കൂടുപണിയാനുളള സാധന സാമഗ്രികളെപ്പറ്റി കാക്കയ്‌ക്കു പ്രത്യേക നിർബ്ബന്ധങ്ങളൊന്നുമില്ല. നിലത്തു കിടക്കുന്ന ചുളളിക്കമ്പുകളും മറ്റും പെറുക്കിയെടുത്ത് (ഉണങ്ങിയ ചെറിയ കമ്പുകൾ മരങ്ങളിൽനിന്ന് ഒടിച്ചെടുക്കാറുമുണ്ട്) കൂടു കെട്ടാനുളള ചെറിയ കവരങ്ങളുടെ ഇടക്ക് ഒന്നിനുപുറത്ത് ഒന്നായി നാലുവശങ്ങളിലും വെച്ച് സാമാന്യം പരന്ന പാത്രം പോലൊന്നുണ്ടാക്കുന്നു. അതിന്റെ നടുക്ക് കിറത്തുണി, നനുത്ത തൂവലുകൾ, നാരുകൾ എന്നിവകൊണ്ട് ഒരു മെത്ത ഒരുക്കുന്നു. ഇവിടെയാണ് മുട്ടയിടലും അടയിരിക്കലും നടത്തുക. ലളിതമാണെങ്കിലും പ്രായോഗികമായ കൂട്. പട്ടണങ്ങളിലെ കാക്കക്കൂടുകളിൽ ചിലപ്പോൾ കമ്പിക്കഷണങ്ങൾ, സ്പൂണുകൾ, പല്ലുതേക്കാനുപയോഗിക്കുന്ന ബ്രഷുകൾ, ചെറിയ ചില്ലറ മോഷണവസ്‌തുക്കൾ എന്നിവ കാണാറുണ്ട്. പ്രാദേശികമായി ലഭിക്കുന്ന സാമാഗ്രികൾ ഉപയോഗിച്ചു വേണ്ടേ വീടു പണിയുക. മിക്കവാറും എല്ലാ വലിയ പക്ഷികളും (പരുന്ത്, കഴുകൻ, കൊക്ക് മുതലായവ) കാക്കക്കൂടുപോലെ ലളിതവും പ്രാകൃതവുമായ കൂടുകളാണു പണിയുക. താരതമ്യേന ചെറിയ പക്ഷികൾ, (മാടത്തയും അതിൽ ചെറിയവയും) പലതും ആകർഷകവുമായ കൂടുകൾ നിർമ്മിക്കുന്നു. അവരിൽ തയ്യൽക്കാരുണ്ട്, നെയ്‌ത്തുകാരുണ്ട്, മൺപണിക്കാർ, മരപ്പണിക്കാർ എന്നിവരുമുണ്ട്. തടിയനങ്ങാതെ വെറും നിലത്തും മരത്തിന്റെ പൊത്തുകളിലും മുട്ടയിടുന്നവരുമുണ്ട്. തയ്യൽക്കാരിൽ സുന്ദരി (സുന്ദരൻ) തുന്നാരൻ തന്നെയാണ്. ഉരുണ്ട ദേഹമുളള തുന്നാരന് ഏകദേശം ഒരു സൂചിമുഖിയുടെ വലുപ്പമേ ഉളളു. നേരിയ വാൽ എപ്പോഴും പൊക്കിപ്പിടിച്ചിരിക്കും. നീണ്ട സൂചിപോലുളള കൊക്കാണ് (ചിത്രം ശ്രദ്ധിക്കുക). നല്ല മയമുളള, നീളവും വീതിയുമുളള ഇലകളുളള ചെടികളിലാണ് തുന്നാരൻ കൂടുകെട്ടുക പതിവ്. വാഴ, ചമ്പകം, ആടലോടകം, തോട്ടത്തിലും വീടിന്റെ വരാന്തയിലും ചട്ടികളിൽ ഉളള ചെടികൾ എന്നിവയിൽ പോലും ചിലപ്പോൾ തുന്നാരന്റെ കൂടുകൾ കാണാറുണ്ട്. തുടക്കത്തിൽ അടുത്തടുത്തുളള രണ്ടിലയുടെ അരികുകളിൽ കൊക്കുകൊണ്ട് ദ്വാരങ്ങൾ ഉണ്ടാക്കുന്നു. പറമ്പുകളിൽനിന്നും വഴിയരികുകളിൽ നിന്നും തിരഞ്ഞുപിടിച്ചു കൊത്തിയെടുത്ത നൂലുകൊണ്ട്, രണ്ടിലകൾ കുമ്പിൾപോലെയാക്കി നേരത്തേ ഉണ്ടാക്കിയ ദ്വാരത്തിൽകൂടി നൂലു കടത്തി തുന്നുന്നു. തുന്നലിന് വലിയ ഭംഗിയൊന്നും ഉണ്ടാവില്ല. തല ചരിച്ചുപിടിച്ച് നൂലു വലിച്ചുമുറുക്കുന്നതു കാണാൻ രസമാണ്. കൂടിന് നീളത്തിലുളള ഒരു കുട്ടയുടെ ആകൃതി ഉണ്ടാകുന്നതുവരെ അടുത്തുളള ഇലകൾ കൂട്ടി തയ്‌ക്കുന്നു. ചിലപ്പോൾ കൂടിനു തൊട്ടുമുകളിലുളള ഒരില മഴയും വെയിലും കൊളളാതിരിക്കാനുളള ഒരു കുട പോലെ വർത്തിക്കുന്നു (ജൂൺ മുതൽ ആഗസ്‌റ്റു വരെയുളള വർഷക്കാലത്താണ് തുന്നാരന്റെ കൂടുപണിയും പ്രജനനവും നടക്കുന്നത്). തുന്നൽ പണികൊളളാമെങ്കിലും നൂലിന്റെ അറ്റങ്ങൾ കൂട്ടികെട്ടുന്ന പതിവില്ല. കുമ്പിളുപോലുളള കൂടിന്റെ ഉളളിൽ അടിവശത്ത് പഞ്ഞി, ചകിരിനാര്, ചിലന്തിവല മുതലായവകൊണ്ട് മൃദുവായ ഒരു മെത്ത ഒരുക്കിയിരിക്കുന്നതു കാണാം. ഇവിടെയാണു മുട്ടയിടുക. ആണും പെണ്ണും സഹകരിച്ചാണ് കൂടുപണി എങ്കിലും പെണ്ണാണ് തയ്യൽക്കാരി. ആൺപക്ഷി കൂടുപണിക്കുളള സാമഗ്രികൾ കൊണ്ടുവന്നു പെണ്ണിനു കൊടുക്കുകയാണ് പതിവ്. ആൺപക്ഷി കുറച്ചു മടിയനും കൂടിയാണ്. തുന്നാരനെ പോലെ കൂടുണ്ടാക്കുന്ന ചെറിയ പക്ഷികൾ വേറെയുമുണ്ട്.
പഴയകാലത്ത് നാട്ടിൻപുറത്ത് സദ്യക്കു ചോറുവിളമ്പാൻ ഉപയോഗിച്ചിരുന്ന, പച്ചമുളകൊണ്ടുണ്ടാക്കിയ കുട്ടകൾ ഓർക്കുന്നില്ലേ. അതിന്റെ ഏകദേശമൊരു ചെറിയ പതിപ്പാണ് വേരുകളും, എലയുടെ നാരുകളും മറ്റും അടുക്കിവെച്ചും തമ്മിൽ കോർത്തും ഉണ്ടാക്കുന്ന ബുൾബുളുകളുടെ കൂട് (നാട്ടുബുൾ ബുൾ; ഇരട്ടത്തലച്ചി). കൂടിന്റെ പുറംചുമര് ചിലന്തിവലയും പുല്ലും ഉപയോഗിച്ചു ബലപ്പെടുത്തിയതായും കാണാം. മഞ്ഞക്കിളിയുടെ കൂടു കണ്ടുപിടിക്കാൻ പ്രയാസമാണ് (നാലുമുതൽ പത്തുമീറ്റർ ഉയരത്തിലാണ് മഞ്ഞക്കിളി കൂടുകെട്ടുന്നത്). മരത്തിന്റെ ചരിഞ്ഞുനില്‌ക്കുന്ന കൊമ്പിന്റെ ചെറിയ കവരങ്ങളിൽ, ഒരു തുണിതൊട്ടിലിന്റെ ഛായയിൽ നിർമ്മിച്ചതാണ് മഞ്ഞക്കിളിയുടെ കൂട്. പുല്ല്, നനുത്തതായി കീറിയെടുത്ത മരത്തിന്റെ തൊലി എന്നിവചേർത്തു നെയ്‌തെടുത്തതുപോലെയിരിക്കും. സ്വന്തം ഉമിനീരും, മൃദുവായ തൂവലുകളും പഞ്ഞിയും മറ്റും ഉപയോഗിച്ച് അർദ്ധഗോളാകൃതിയിലുളള കൂടുകൾ ചില ശരപ്പക്ഷികൾ ഉണ്ടാക്കുന്നു. ഗുഹാവാസികളായ ചില ശരപ്പക്ഷികളുടെ കൂടുകൾ ഏറിയകൂറും അവയുടെ ഉമിനീരുകൊണ്ടുമാത്രം ഉണ്ടാക്കിയതാണ്. ഇന്തോ-ആസ്‌ട്രേലിയൻ പ്രദേശങ്ങളിൽ ഈ കൂടുകൾ കൊണ്ട് സൂപ്പുണ്ടാക്കി കുടിക്കാറുണ്ടത്രെ. ചില ശരപ്പക്ഷികൾ വെറും മണ്ണുപയോഗിച്ചാണ് കോപ്പപോലുളള കൂടുകൾ പണിയുന്നത്. ആശാരിപ്പണിയിൽ വൈദഗ്‌ദ്ധ്യമുളള ചില പക്ഷികളുണ്ട്. മരംകൊത്തി വർഗ്ഗത്തിൽപെട്ട ചെമ്പുകൊട്ടി, കുട്ടുറുവൻ മുതലായ ബാർബെറ്റുകൾ ബലം കുറഞ്ഞ തടികളിൽ വൃത്താകാരത്തിലുളള പ്രവേശന ദ്വാരം, ദീർഘമായ ഒരു മാളം, അതിനടിയിൽ സ്വല്പം വിസ്‌താരമുളള മുട്ടയിടാനുളള സ്ഥലം. സമർത്ഥനായ ഒരു ആശാരി ഉളി ഉപയോഗിച്ച് ഉണ്ടാക്കിയതാണോ കൂട് എന്നു സംശയിച്ചു പോകും. തേക്കുമരത്തിന്റെ വൈദ്യുതപോസ്‌റ്റിൽ കുട്ടുറുവൻ ദിവസങ്ങളോളം പണിഞ്ഞുണ്ടാക്കിയ കൂട് എനിക്കു നേരിട്ടറിയാം.
വേഴാമ്പലിന്റെ കൂടിന് നിർമ്മാണ സങ്കേതം പ്രത്യേകിച്ച് ഒന്നുമില്ലഃ മരത്തിന്റെ പൊത്തിൽ അല്‌പസ്വല്‌പം മരാമത്തുകൾ നടത്തിയെടുത്തതാണു കുട്. ശ്രദ്ധേയമായത് പ്രജനനകാലത്തെ പ്രവർത്തികളാണ്. മുട്ടയിടാൻ കാലമാവുമ്പോൾ, പെൺപക്ഷി മരപ്പോടിൽ കയറിയിരുന്ന്, ഭർത്താവുകൊണ്ടുവന്നു കൊടുക്കുന്ന പശിമയുളള ചെറിയ മണ്ണുരളകളും സ്വന്തം കാഷ്‌ഠവും ഉപയോഗിച്ച് മരപ്പോടിന്റെ പ്രവേശനദ്വാരം മിക്കവാറും മുഴുവൻതന്നെ അടയ്‌ക്കുന്നു. ഇഷ്‌ടികപ്പണിക്കാർ കൊലര് എന്ന ആയുധം ഉപയോഗിച്ച് ചെയ്യുന്നതുപോലെ വൃത്തിയായാണ് ഈ ജോലി പക്ഷി ചെയ്യുന്നത്. ഈ പണി കഴിഞ്ഞാൽ പെണ്ണിന്റെ കൊക്കു മാത്രം പുറത്തേക്കു കടത്താൻ മാത്രമേ കൂടിന്റെ വായ്‌ക്ക് വിസ്‌താരം ഉണ്ടാകൂ. മുട്ടയിട്ട് അടയിരിക്കുന്ന കാലം മുഴുവനും കൃത്യമായി വേണ്ട സമയത്ത് ഭക്ഷണം ഭർത്താവ് എത്തിച്ചുകൊടുക്കുന്നു. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാവുമ്പോൾ ഭാര്യക്കും മക്കൾക്കും ഭക്ഷണമെത്തിക്കുന്നതും ഭർത്താവു തന്നെ. തന്റെയും കുഞ്ഞുങ്ങളുടേയും കാഷ്‌ഠം കൊക്കിലെടുത്തു കൂടിന്റെ മുൻവശത്തുളള ദ്വാരത്തിൽ കൂടി പെൺപക്ഷി പുറത്തുകളയുന്നു. കുഞ്ഞുങ്ങൾക്ക് ഒരാഴ്‌ചയോ പത്തുദിവസമോ പ്രായമായാൽ അമ്മ പ്രവേശനദ്വാരം പൊളിച്ചു പുറത്തു കടക്കുന്നു. പ്രജനനകാലത്ത്, കുറച്ചു ദിവസത്തേക്ക്, അക്ഷരാർത്ഥത്തിൽ ‘അന്തർജന’മാണ് ശ്രീമതി വേഴാമ്പൽ. കൂടുനിർമ്മാണകലയിലും സാങ്കേതികവിദ്യയിലും അഗ്രഗണ്യനാണ് നെയ്‌തുകാരൻ ആറ്റക്കുരുവി. അങ്ങാടിക്കുരുവി, നാരായണപ്പക്ഷി എന്നെല്ലാം പറയുന്ന കുരുവിയുടെ വലുപ്പവും രൂപസാമ്യവുമുളള പക്ഷിയെ ശ്രദ്ധിച്ചിട്ടില്ലെങ്കിലും കൂടുകൾ പലരും കണ്ടിട്ടുണ്ടാകും. തീവണ്ടിപ്പാതയുടെ സമാന്തരമായി പോകുന്ന ടെലഫോൺ കമ്പികളിൽ വരിവരിയായി തൂക്കിയിട്ടിരിക്കുന്ന കൂടുകൾ സാധാരണകാഴ്‌ചയാണ്. തെങ്ങ്, പന, മുളക്കൂട്ടങ്ങൾ, ചെറിയ മരങ്ങൾ എന്നിവയിലും ആറ്റക്കുരുവി കൂടുകെട്ടുന്നു. മേയ് മാസം മുതൽ സെപ്‌തംബർ വരെ (കാലവർഷത്തിന്റെ ഗതിവിഗതികൾ അനുസരിച്ച്) കൂടുകെട്ടുന്ന കാലമാണ്.
പ്ലോസിയസ് എന്ന ജനുസിൽ പലതരത്തിലുളള പക്ഷികളുണ്ട്. അവയിൽ കേരളത്തിൽ കാണുന്നവ പ്ലോസിയസ് ഫിലിപ്പിനസ് ട്രാവൻകോറെൻസിസ് എന്ന ആറ്റക്കുരുവിയും പ്ലോസിയസ് മാൻയാർ ഫ്ലേവിസെപ്‌സ് എന്ന കുട്ടനാടൻ പ്രദേശങ്ങളിലും തിരുവിതാംകൂറിലെ ചില തടാകങ്ങളുടെ പരിസരത്തും കാണുന്ന കായലാറ്റയുമാണ്. കൂടുകളുടെ വലുപ്പത്തിലും മറ്റും ചില്ലറ വ്യത്യാസങ്ങൾ ഈ രണ്ടു പക്ഷികൾ തമ്മിൽ ഉണ്ട്. ഈ ലേഖനത്തിൽ കൂടിന്റെ വിവരണം ആറ്റക്കുരുവിയുടേതാണ്. ഭാരതത്തിൽ പക്ഷിജീവശാസ്‌ത്രസംബന്ധമായ പഠന-നിരീക്ഷണങ്ങൾ ഏറ്റവുമധികം നടത്തിയിട്ടുളളത് ആറ്റക്കുരുവിയെ കുറിച്ചാണെന്നു തോന്നുന്നു.
ആൺകുരുവി ബഹുഭാര്യനാണ്. അയാൾ മാത്രമാണ് കൂടുകെട്ടുന്നത്. പെൺകുരുവി കൂടുകെട്ടാൻ സഹായിക്കുന്നില്ല. പക്ഷെ കൂടു പരിശോധിച്ചു തൃപ്‌തിപ്പെട്ടാൽ മുട്ട അറയിൽ അവൾ പേരിന് ഒരു മെത്തയുണ്ടാക്കുന്നു. കൂടുപണിയുടെ ആദ്യഘട്ടങ്ങളിൽ പെൺപക്ഷികളെ അടുത്തെങ്ങും കാണില്ല. പണി പകുതിയായാൽ ഒന്നും രണ്ടുമായി പെൺപക്ഷികൾ കൂടു പരിശോധനയ്‌ക്ക് എത്തുന്നു. പെണ്ണിനിഷ്‌ടപ്പെടാത്ത കൂടുകൾ നിർമ്മാതാവുതന്നെ നശിപ്പിച്ചുകളയാറുമുണ്ട്. പെൺപക്ഷി കൂട് അംഗീകരിച്ചാൽ ഇണചേരാൻ സമ്മതിക്കും. അതിനുശേഷം വളരെ തിടുക്കത്തിൽ ആൺപക്ഷി മുട്ടയിടാനുളള അറയും അനുബന്ധഭാഗങ്ങളും നിർമ്മിക്കുന്നു. പെണ്ണു കൂട്ടിൽ കയറിയാൽ ആൺപക്ഷി അടുത്ത കൂടുപണിയാൻ തുടങ്ങുന്നു. അങ്ങനെ അടുത്തടുത്തായി മൂന്നോ നാലോ ഭാര്യമാർ ആണിനുണ്ടാകും.
കൂടുണ്ടാക്കുന്ന പ്രക്രിയ ഃ നെല്ലോല ചീന്തിയെടുത്ത നാരോ, തെങ്ങോല, പനംപട്ട മുളയുടെ ഇല എന്നിവയുടെ നാരോ ഉപയോഗിച്ചാണ് കൂടുകെട്ടാൻ തുടങ്ങുന്നത്. ഓലത്തുമ്പിലോ, പനമ്പട്ടയുടെ അറ്റത്തോ (ചെറിയ മരക്കൊമ്പ്, ടെലഫോൺകമ്പി എന്നിവയുമാകാം) ബലമായി ഒരറ്റം കെട്ടിയുറപ്പിച്ച്, ചരടുപോലെ കൂട്ടിപ്പിന്നി വളച്ച് തുടങ്ങിയിടത്തുതന്നെ കെട്ടിയുറപ്പിക്കുന്നു (ചിത്രങ്ങൾ). ഇത് ഒരു വളയം പോലെയിരിക്കും. ഇതിന് വളയ ദശ എന്നു പറയാം. ഈ വളയത്തിൽ ഇരുന്നാണ് കൂടിന്റെ അടുത്തഭാഗം പണിഞ്ഞുതുടങ്ങുന്നത്. നെയ്‌ത്തുപണി തുടർന്ന് അടുത്ത ദശയിലാകുമ്പോൾ മോട്ടോർ സൈക്കിൾ ഓടിക്കുന്നവർ ധരിക്കുന്ന ഹെൽമെറ്റുപോലെ തോന്നുന്ന ഒരു മേൽക്കൂര കാണാം. ഏകദേശം ഈ സമയത്താണ് പെൺപക്ഷികളുടെ കൂടു പരിശോധന നടക്കുന്നത്. ജോലിത്തിരക്കിനിടക്ക് കുറച്ചു ശൃംഗരിക്കാനും ആൺപക്ഷി സമയം കാണുന്നു. പണി തുടർന്ന് മുട്ടയിടാനുളള അറ, ഉപശാല, മുട്ടയിടാനുളള അറയും ഉപശാലയും തമ്മിൽ വേർതിരിക്കുന്ന അരമതിൽ – മുട്ട ഉരുണ്ടു വീഴാതിരിക്കാനാണിത് – പ്രവേശനമാർഗ്ഗം, പ്രവേശനദ്വാരം എന്നിവ ഉണ്ടാക്കുന്നു. ആറ്റക്കുരുവിയുടേയും ബന്ധുക്കളുടേയും വാസ്‌തുവിദ്യാവൈദഗ്‌ദ്ധ്യം ആശ്ചര്യകരമാണ്. എല്ലാ ആറ്റക്കുരുവികളുടേയും മേൽക്കൂരയുടെ ഉൾവശത്ത് മണ്ണുരുളകൾ പറ്റിച്ചുവച്ചിരിക്കുന്നതായി കാണാറുണ്ട്. അതിന്റെ ഉദ്ദേശ്യം കൃത്യമായി പറയുകവയ്യെങ്കിലും മേല്‌ക്കൂര ബലപ്പെടുത്താനാണെന്നാണ് അനുമാനം.
തെക്കെ ആഫ്രിക്കയിലുളള ഒരുതരം നെയ്‌ത്തുകാരൻ കുരുവികൾ വലിയ ഒരു സമൂഹമായി, ഇരുനൂറിൽപരം ജോഡികൾ ഭീമാകാരമായ കൂടുകെട്ടി കഴിയുന്നുണ്ട്. ഓരോ ജോഡി പക്ഷിക്കും അവരുടേതായ മുട്ടയിടാനുളള അറയും പ്രവേശനമാർഗ്ഗവും പ്രവേശനദ്വാരവുമുണ്ട്. ഇരുപത്തഞ്ചടി നീളം, പതിനഞ്ചടി വീതി, അഞ്ചുമുതൽ പത്തടിവരെ ഉയരംഃ ഇതാണ് ശരാശരി കൂടിന്റെ അളവ്. ഒരു മൺപണിക്കാരന്റെ കഥകൂടി പറയട്ടെ. കഛ് എന്ന, ഗാജറാത്തിന്റെ വടക്കുപടിഞ്ഞാറൻ മൂലയിൽ, പാക്കിസ്ഥാനുമായുളള അതിർത്തി പ്രദേശത്ത് ഉപ്പുവെളളമുളള ചതുപ്പുകൾ കിലോമീറ്ററുകളോളം കാണാം. അവിടെ ഫ്ലാമിംഗോ എന്ന വലിയ ഇനം പക്ഷികൾ സെപ്‌തംബർ-ഒക്‌ടോബർ മുതൽ മാർച്ച്-ഏപ്രിൽ വരെ കൂടുകെട്ടുന്നു. ഏക്കറുകളോളം സ്ഥലത്ത് ആയിരക്കണക്കിനു കൂടുകൾ അവ പണിയുന്നു. ചതുപ്പിൽ നിന്നു കോരിയെടുത്ത ചെളി കൂമ്പാരമാക്കി അതിനുമുകളിൽ ഒരു ചിരട്ടയുടെ ആകൃതിയിൽ ഉണ്ടാക്കിയ ഭാഗത്താണ് പക്ഷി മുട്ടയിടുന്നത്. ഒരു വലിയ പട്ടണത്തിലെ വീടുകൾ പോലെയാണ് അവ പണിഞ്ഞിരിക്കുന്നത്. അഞ്ചാറു സെന്റിമീറ്റർ വരെ കൂടുകൾക്കുയരമുണ്ടാകും.
അവസാനമായി, ഭാരതത്തിൽ ഇല്ലെങ്കിലും, വലിയ കല്യാണപ്പന്തൽ പണിത് അകത്തെ ചുമരുകൾ ചായം പൂശി ഇണയെ ആകർഷിക്കാൻ കാത്തിരിക്കുന്ന, കാക്കയുടെ ബന്ധുക്കളായ ബവർ പക്ഷി ആസ്‌ട്രേലിയയിലും ന്യൂഗിനിയിലും ഉണ്ടെന്നു കൂടി പറയട്ടെ. ഇണചേർന്നുകഴിഞ്ഞാൽ പെൺപക്ഷി പന്തലിനടുത്തുതന്നെ മുട്ടയിടാൻ ഒരു ചെറിയ കൂട് സ്വയം നിർമ്മിക്കുന്നു. ന്യൂഗിനിയിൽ കാണുന്ന ലോട്ടർബാക് ബവർ പക്ഷിയുടെ കൂടു പരിശോധിക്കുന്നത് രസാവഹമാണ്.
ഉയരം ഃ മൂന്നുമീറ്റർ; തമ്മിൽ കോർത്ത ചുളളിക്കമ്പുകൾ ഃ മൂവ്വായിരം എണ്ണം; അകച്ചുമര് അലങ്കരിക്കൽ ഃ ആയിരത്തോളം ഉണങ്ങിയ പുൽക്കൊടികൾ. ഇണയെ ആകർഷിച്ച് നൃത്തം ചെയ്യുന്ന സ്ഥലത്ത് ആൺപക്ഷി ആയിരത്തോളം ഇളം നിറത്തിലുളള ചരൽക്കല്ലുകൾ നിരത്തിയിരിക്കുന്നു. കല്യാണപ്പന്തലിന്റെ ആകെ തൂക്കം ഃ അഞ്ചു കിലോഗ്രാം. കുഞ്ഞുങ്ങൾക്കു നടക്കാൻ പ്രായമായാൽ അച്ഛനും അമ്മയും കുഞ്ഞുങ്ങളും ഒരുമിച്ച് കല്യാണപ്പന്തലിൽ പോയി ചില നാട്യവും നടനവും നടത്താറുണ്ട്.
Generated from archived content: nattarivu_dec10.html Author: m_sasikumar