കണ്യാർകളിയും കതിരുവേലയും

പാലക്കാടിന്റെ തെക്കൻ ദേശങ്ങളിൽ പ്രചാരത്തിലുളള ഒരു കലാരൂപമാണ്‌ കണ്യാർകളി. മിക്കവാറും ക്ഷേത്രസന്നിധിയിലാണ്‌ കണ്യാർകളി അരങ്ങേറുന്നത്‌. മകരക്കൊയ്‌ത്ത്‌ കഴിഞ്ഞ്‌ കൃഷിക്കാർക്ക്‌ വിശ്രമമുളള സമയത്ത്‌ മേടസംക്രമത്തോടുകൂടിയാണ്‌ ‘കളി’ നടക്കുന്നത്‌.

കണ്യാർകളിയിൽ രണ്ടുവിഭാഗങ്ങൾ ഉണ്ട്‌. ദേശത്തെ നായർ സമുദായാംഗങ്ങളാണ്‌ കളിയിൽ പങ്കെടുക്കുന്നത്‌. കണ്യാർകളിയിലെ ‘വട്ടക്കളി’ എന്ന വിഭാഗത്തിൽ ദേശത്തെ നായർസമുദായക്കാരായ ആബാലവൃദ്ധം പുരുഷൻമാരും പങ്കെടുക്കുന്നു. ദേശത്തെ ദേവതയെ സ്‌തുതിക്കുന്ന പാട്ടുകളാണ്‌ വട്ടക്കളിയിലെ ഉളളടക്കം. ഇതിനുശേഷമാണ്‌ വിവിധ തരക്കാരായ ജനങ്ങളുടെവേഷം കെട്ടിയുളള പുറാട്ടുകൾ കടന്നുവരുന്നത്‌. ദേശത്തോടും ദേശവാഴിയോടുമുളള വിധേയത്വം പ്രകടിപ്പിക്കാനായി തങ്ങൾ വിളയിച്ചെടുത്ത വിഭവങ്ങൾ കാണിക്കയായി കൊടുത്ത്‌ സന്തുഷ്‌ടരായി ഭാസുരമായ വർഷത്തിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന കർഷക ജനതയെ ചില പുറാട്ടുകളിൽ കാണാൻ കഴിയുന്നു. കേരളത്തിലേയും, മറ്റു സ്ഥലങ്ങളിലുളളവരുടേയും വേഷങ്ങൾ അനുകരിക്കുന്ന പല പുറാട്ടുകളുണ്ട്‌. ഉദാഹരണമായി, ചെറുമൻ, ചെറുമി, പറയർ, കൂട്ടചെറുമക്കൾ, കണക്കർ, തെക്കൻ ചെറുമി തുടങ്ങിയ വിഭാഗങ്ങളെ കാണാം. കൃഷി ഉടമസ്ഥനും, തൊഴിലാളികളും തമ്മിലുളള വിധേയത്വം പല പുറാട്ടുകളിലുമുണ്ട്‌. പാലക്കാട്‌ ജില്ലയിലെ തെക്കൻ പ്രദേശങ്ങളിലാണ്‌ കണ്യാർകളി അരങ്ങേറുന്നത്‌.

കർഷകജീവിതത്തിന്റെ ലാളിത്യം ഉൾക്കൊളളുന്ന ഒരു പുറാട്ടാണ്‌ കാട്ടുശ്ശേരി ഭാഗത്തെ തെക്കൻ ചെറുമി. തെക്കൻ ചെറുമി എന്ന പൊറാട്ട്‌, കേരളത്തിലെ കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിൽ ചിതറിക്കിടക്കുന്ന നെന്മണികൾ അടിച്ചുവാരി ചേറിയെടുക്കുന്ന ഗ്രാമീണ കർഷകവനിതകളെ ഓർമ്മിപ്പിക്കുന്നു.

കാർഷിക ജീവിതവുമായി ബന്ധപ്പെട്ടുവരുന്ന മറ്റൊരു കൂട്ടപ്പൊറാട്ടാണ്‌ കൂട്ട ചെറുമക്കൾ. ചെറുമക്കൾ, ‘പീഞ്ഞാറു പീഞ്ഞാറുളള’ (പടിഞ്ഞാറ്‌) കാരിയക്കാരൻ തമ്പുരാന്റെ പട്ടിയിൽ പണിയെടുക്കുന്നവരാണെന്നും, നാട്ടിലെ വേലയും, കൂത്തും, കുമ്മാട്ടീം കണ്ട്‌ കളളു കുടിച്ച്‌ രസിക്കാൻ വന്നതാണെന്നും പറയുന്നു. ഇവർക്കുവേണ്ട അവകാശങ്ങളും അധികാരങ്ങളും നൽകി ഇവിടെ താമസിച്ചു പണിയാൻ സൗകര്യം നൽകാമെന്നു പറഞ്ഞിട്ടും, തമ്പുരാനുമായുളള കാലാവധി കഴിയാതെ ഈ നാട്ടിൽ താമസിക്കാൻ തയ്യാറാകുന്നില്ല. അവർക്ക്‌ തിരികെപോകണമെന്നും, അതിനുമുമ്പെ ‘കതിരുവേല’ കാണണമെന്നും പറയുന്നു.

കതിരുവേല ഃ പാലക്കാട്‌ ജില്ലയിലെ ഗ്രാമാന്തരങ്ങളിൽ കൊയ്‌ത്തു നടക്കുന്നതിനുമുമ്പ്‌ നടത്തപ്പെടുന്ന ഒരു ഉത്സവമാണ്‌ കതിരുവേല. ഹരിജനങ്ങൾ പങ്കെടുക്കുന്ന ഒരു അനുഷ്‌ഠാനമാണിത്‌. വാസ്‌തവത്തിൽ കണ്യാർകളിയും കതിരുവരവും തമ്മിൽ ബന്ധമൊന്നുമില്ല എങ്കിലും കണ്യാർകളിയിൽ വ്യത്യസ്‌ത സമുദായക്കാരുടെ വേഷത്തോടെ രംഗത്തെത്തുന്ന പൊറാട്ടുകളിൽ ഈ കതിരുവേലയെക്കുറിച്ച്‌ പറയുന്നുണ്ട്‌.

കൂട്ടക്കളം എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. മീനമാസത്തിന്റെ ആരംഭത്തോടുകൂടിയാണ്‌ കതിരുചൊരിയുക എന്ന ചടങ്ങ്‌ നടത്തപ്പെടുന്നത്‌. കളവും, കളപ്പാട്ടുമുളള ഭൂമി ഉടമസ്ഥൻമാർ തലേദിവസം തന്നെ തങ്ങളുടെ പാടത്തു പണിയുന്നവർക്കായി, വിശേഷാൽ ‘വല്ലിയും കതിർച്ചക്കയും’ കൊടുക്കണമെന്ന്‌ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. കതിരിൻദിവസം പുലർച്ചമുതൽ കളപ്പാട്ടുകളിൽ തിക്കും തിരക്കും തുടങ്ങും. ചർമ്മവാദ്യവും, സുഷിരവാദ്യവും, താളവും ഉപയോഗിച്ച്‌ ഉത്സാഹഭരിതനായി തുളളിക്കളിച്ച്‌ കളി തുടങ്ങുന്നു. ഉച്ചയ്‌ക്കുശേഷം ഓരോ കളപ്പാട്ടിൽ നിന്നും കതിരെഴുന്നളളിച്ച്‌ ദേശത്തെ ക്ഷേത്രനടയിലെത്തുന്നു.

‘ആരിന്റെ ആരിന്റെ കതിരുവരവാണ്‌

നെല്ലിക്കുളത്തി നായാരിന്റെ കതിരുവരവാണ്‌ ’

എന്ന്‌ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട്‌ ഹരിജനങ്ങൾ കതിർചൂടും, വിവിധാകൃതിയിൽ മെടഞ്ഞുണ്ടാക്കിയ കതിർക്കുലകൾ തൂക്കിയ മുളന്തണ്ടും, മുളങ്കാലുളള ഓലക്കുടയും വഹിച്ചുകൊണ്ട്‌ പാടിപാഞ്ഞായിരിക്കും വരവ്‌. കുടയുടെ വക്ക്‌ കുരുത്തോലകൊണ്ട്‌ അലങ്കരിക്കാറുണ്ട്‌. നല്ലപോലെ വിളഞ്ഞു കായമടങ്ങിയ ആക്കമുളള നെൽക്കതിർക്കുലകളെ മുറിച്ചെടുത്ത്‌ ഒരു പ്രത്യേകരീതിയിൽ മെടഞ്ഞ്‌ കമിഴ്‌ത്തിപ്പിടിച്ച്‌ വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതിയിൽ ആക്കിത്തീർക്കും. ഒരേ കാലിൽ മൂന്നു കുടകൾ ഉണ്ടാകും. കുടകളെല്ലാം കുടപ്പനയോലകൊണ്ട്‌ ഉണ്ടാക്കിയവയാണ്‌. മൂന്നു ചന്ദ്രബിംബങ്ങൾ അടക്കിവെച്ചതുപോലെയുളള മുക്കുടയുടെ ചുവട്ടിലാണ്‌ ബുദ്ധദേവൻ ഇരുന്നത്‌ എന്നാണ്‌ സങ്കല്പം ഈ കതിരുവേലയാണ്‌ കൂട്ട ചെറുമക്കൾ കാണണമെന്നു പറയുന്നത്‌. ഓരോ ദേശത്തേയും കതിരുവേലയിൽ അതാത്‌ ദേവതയുടെ സ്‌തുതിയുമായിരിക്കും.

കതിരുവേലയുടെ പാട്ടിനുശേഷം അവർ “തമ്പുരാൻ ഒന്നു കൊണ്ടു പത്തായി, പത്തുകൊണ്ട്‌ പലതായി, വാണു വർദ്ധിക്കട്ടെ” എന്ന്‌ പൊലിപ്പാട്ടു പാടിയിട്ടാണ്‌ കളി അവസാനിപ്പിക്കുന്നത്‌. ഇതുകൂടാതെ, കർഷകവൃത്തിയുമായി ബന്ധപ്പെടുന്ന പുഞ്ചയെക്കുറിച്ചും, നനയെക്കുറിച്ചും. ചക്രം ചവിട്ടി പുഞ്ചനനയ്‌ക്കുന്നതിനെപ്പറ്റിയും പരാമർശിക്കുന്ന പാട്ടുകളുമുണ്ട്‌. പൂർണ്ണമായും ഒരു കാർഷികോത്‌സവമല്ല കണ്യാർകളി എങ്കിലും കർഷകജീവിതത്തിലെ ചില ഭാഗങ്ങൾ കണ്യാർകളിയിൽ കാണപ്പെടുന്നു.

Generated from archived content: vith_may1.html Author: m_jyothy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here