കണ്യാർകളിയിലെ പൊറാട്ടുകൾ

പാലക്കാട്‌ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ നായർ ‘തറ’കളിൽ പ്രചാരത്തിലിരിക്കുന്ന ഒരു അനുഷ്‌ഠാനകലയാണ്‌ കണ്യാർകളി. താണ്‌ഡവത്തിന്റെയും ലാസ്യത്തിന്റെയും ഭാവങ്ങൾ ഉൾക്കൊളളുന്ന ഈ നാടൻകല ഉൽസവങ്ങളോടനുബന്ധിച്ച്‌ ക്ഷേത്ര പരിസരത്തോ ക്ഷേത്രപരിസരമായി കരുതുന്ന ‘മന്ദ’ത്തോ ആണ്‌ നടക്കുന്നത്‌. ഗ്രാമത്തിലെ പരദേവതകളുടെ പ്രീതിയ്‌ക്കുവേണ്ടി നടത്തുന്നതാണ്‌ ഈ അനുഷ്‌ഠാനകല. കണ്യാർകളിക്ക്‌ അനുഷ്‌ഠാനപരവും, അനുഷ്‌ഠാനേതരവുമായ അംശങ്ങളുണ്ട്‌. പ്രധാനഭാഗം അനുഷ്‌ഠാനാംശമായ ദേവീസ്‌തുതികളാണ്‌. ഇതാണ്‌ വട്ടക്കളി. ആദ്യകാലത്ത്‌ കണ്യാർക്കളി എന്നാൽ വട്ടക്കളി മാത്രമായിരുന്നു. ചില ദേശങ്ങളിൽ നാലുദിവസവും ചിലയിടങ്ങളിൽ മൂന്നുദിവസവുമായിട്ടാണ്‌ കണ്യാർകളി നടത്തുന്നത്‌. പൊന്നാനക്കളി, ആണ്ടിക്കൂത്ത്‌, വളേളാൻ, മലമ എന്ന്‌ നാലുതരത്തിലും, ആണ്ടിക്കൂത്ത്‌, മലമ, വളേളാൻ എന്ന്‌ മൂന്നുതരത്തിലുമാണ്‌ വട്ടക്കളി. കണ്യാർകളി ആരംഭിക്കുന്നതിനുമുമ്പ്‌ ക്ഷേത്രത്തിൽ കരിവേല, ആണ്ടിവേല, കുമ്മാട്ടി, വേല തുടങ്ങിയ ആഘോഷങ്ങൾ നടക്കുന്നു. അതിനുശേഷം കളികുമ്പിടുന്നതിനുളള ദിവസം തീരുമാനിക്കുന്നു. തുടർന്നുളള ദിവസങ്ങളിൽ രാത്രി ഒമ്പതുമണിക്കുശേഷം അഭ്യാസം നടത്തുന്നു. ദേശത്തെ ആശാനാണ്‌ കളി അഭ്യസിപ്പിക്കുന്നത്‌.

കണ്യാർകളിയിൽ വരുന്ന പൊറാട്ടുവേഷങ്ങൾക്കാണ്‌ അഭ്യാസം നടത്തുന്നത്‌. വട്ടക്കളി അഭ്യസിക്കാറില്ല.

ക്ഷേത്രത്തിനുമുമ്പിൽ കെട്ടിയുണ്ടാക്കുന്ന ഒമ്പതുകാൽപന്തലിലാണ്‌ കളി നടക്കുന്നത്‌. എട്ടുകോൽ നീളവും വീതിയും കണക്കാക്കി സമചരുതാകൃതിയിൽ നിർമ്മിക്കുന്നതാണ്‌ കളിപ്പന്തൽ. തറ ചാണകം മെഴുകി വൃത്തിയാക്കിയിരിക്കും. ആദ്യകാലങ്ങളിൽ പാല, അണ്ണക്കര തുടങ്ങി ഒമ്പതു തരത്തിലുളള മരങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്ന്‌ മുളയാണ്‌ ഉപയോഗിക്കുന്നത്‌. എട്ടുകാലുകൾക്കു സമീപവും തൂക്കുവിളക്ക്‌ ഉണ്ടായിരിക്കും. മധ്യത്തിലെ കാലിനോട്‌ ചേർത്ത്‌ വലിയ കളിവിളക്ക്‌ കൊളുത്തിവയ്‌ക്കുന്നു. കുരുത്തോല, മാവില, ‘കളി’ക്കൊന്ന തുടങ്ങിയവ ഉപയോഗിച്ച്‌ പന്തൽ അലങ്കരിക്കുന്നു. പന്തലിനു മുകളിൽ 102 നിരത്തിട്ട്‌ അതിനുമേലെ പരമ്പുകളിട്ട്‌ മൂടുന്നു. ചിലസ്ഥലങ്ങളിൽ ടാർപോളിൻ ഉപയോഗിക്കുന്നുണ്ട്‌. പന്തലിന്റെ നാലുഭാഗത്തുമിരുന്ന്‌ ജനങ്ങൾക്ക്‌ ആസ്വദിക്കാം. കളി അഭ്യസിക്കുന്നതിനുവേണ്ടിയും പന്തലിടുന്നു. ഒമ്പതുകാൽ പന്തൽ ആയിരിക്കും. വേറെ വിതാനങ്ങളൊന്നും ഉണ്ടായിരിക്കയില്ല. കളി അഭ്യസിയക്കുന്നതിനും പ്രത്യേകസ്‌ഥലം ഉണ്ട്‌. ദേശവാഴിയുടെ വീട്ടുമുറ്റത്തോ പൊതുസ്‌ഥലങ്ങളിലോ ആയിരിക്കും ‘ഇടക്കളിപ്പന്തൽ’ ഇടുന്നത്‌.

ചെണ്ട, മദ്ദളം, ചേങ്ങില, കുറുങ്കുഴൽ, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളാണ്‌ കണ്യാർകളിക്കുപയോഗിക്കുന്നത്‌. കളി നടക്കുന്ന ദിവസങ്ങളിൽ സന്ധ്യയ്‌ക്ക്‌ കേളികൊട്ട്‌ ഉണ്ടായിരിക്കും. കളിയുണ്ട്‌ എന്ന്‌ അറിയിക്കാനാണത്‌. രാത്രി 9 മണിയോടെയാണ്‌ കണ്യാർകളി ആരംഭിക്കുന്നത്‌. കസവുമുണ്ടുടുത്ത്‌ വേഷ്‌ടി ഒരു പ്രത്യേകരീതിയിൽ തലയിൽകെട്ടി, സ്വർണ്ണമാലയണിഞ്ഞ്‌, താളപ്രധാനമായ ചുവടുകളോടെ ഗ്രാമത്തിലെ ആബാലവൃദ്ധം നായർപുരുഷൻമാരും വട്ടക്കളിയിൽ പങ്കെടുക്കുന്നു. ദേവിയെ ക്ഷേത്രസന്നിധിയിൽനിന്നും കളിപ്പന്തലിലേയ്‌ക്ക്‌ എഴുന്നളളിച്ചുകൊണ്ടുവരുന്നു എന്നാണ്‌ സങ്കൽപം. ക്ഷേത്രത്തിലെ ദൈവികശക്തിയുടെ പ്രതിരൂപമായി നാം കണക്കാക്കുന്ന കോമരം (വെളിച്ചപ്പാട്‌) ആദ്യം പന്തലിൽ പ്രവേശിക്കുന്നു. തുടർന്ന്‌ ചേങ്ങിലകൊട്ടിക്കൊണ്ട്‌ കളിയാശാനും. ആശാനാണ്‌ വട്ടക്കളിപ്പാട്ടുകൾ പാടുന്നത്‌. മറ്റുളളവർ ഏറ്റുപാടുന്നു. പാട്ടുകൾക്കു മുൻപ്‌ ‘താ താ തൈ’ എന്നും ‘തോം തോം തിങ്ങിണാംതേക്കാം തോം’ എന്നും വായ്‌ത്താരികൾ ഉണ്ടായിരിക്കും. വായ്‌ത്താരിക്കനുസരിച്ച്‌ ചുവടുവെച്ചു കളിക്കുന്നു. അതിനുശേഷം പാട്ടുകൾ പാടി കലാശിക്കുന്നു. ദ്രുതം, അതിദ്രുതം, ഇടമട്ട്‌ എന്ന രീതിയിലാണ്‌ കണ്യാർകളിയിലെ കലാശങ്ങൾ. ഓരോ ദിവസവും ഇത്രവട്ടം പാടിയിരിക്കണം എന്ന്‌ ചിലഭാഗങ്ങളിൽ നിർബന്ധമുണ്ട്‌. ഏതായാലും മൂന്നുവട്ടം എല്ലാദേശങ്ങളിലുമുണ്ട്‌. ഓരോ ദിവസത്തെയും കളി ആരംഭിക്കുന്നതും അവസാനിക്കുന്നതും വട്ടക്കളിയോടെ ആയിരിക്കും. ഇതിന്‌ പ്രത്യേക ചുവടുവയ്‌പും കൈമുദ്രകളുമുണ്ട്‌.

ഒന്നാം കളിയാണ്‌ ആണ്ടിക്കൂത്ത്‌. ഗണപതി, സരസ്വതി സ്‌തുതികൾക്ക്‌ ശേഷം സുബ്രഹ്‌മണ്യ ഭക്തരായ ആണ്ടികൾ ഭിഷാടനത്തിനായി വരുന്നു എന്നതാണ്‌ സങ്കല്പം. ഹരഹരനാമകീർത്തനവും ശിവസ്‌തുതികളും പാടുന്ന യോഗികളാണിവർ. രണ്ടാം ദിവസത്തെ കളിയാണ്‌ വളേളാൻ. തിരുവളളുവരുടെ ജ്ഞാനമാർഗ്ഗത്തിലുളള ഉപദേശമാണ്‌. വേദാന്തം, തത്വചിന്ത എന്നിവയാണ്‌ ഉളളടക്കം. ശിവന്റെ പര്യായപദമായിട്ടാണ്‌ ‘വളേളാൻ’ എന്ന പദം പ്രയോഗിക്കുന്നത്‌. വളളുവർ എന്ന പദത്തിന്റെ തത്‌ഭവമാണ്‌ വളേളാൻ. പറയരുടെ പുരോഹിതനാണ്‌ വളേളാൻ. മൂന്നാംകളിയാണ്‌ മലമ. കണ്യാർകളി ചില ദേശങ്ങളിൽ മലമക്കളി എന്നും അറിയപ്പെടുന്നു. ദേവീസ്‌തുതികൾക്കുശേഷം ‘പതിചൊല്ലൽ’ എന്ന ഭക്തിനിർഭരമായ ഒരു ചടങ്ങ്‌ നെൻമാറ ദേശത്തുമാത്രം കണ്ടുവരുന്നു. വട്ടക്കളിക്കുശേഷം കളിക്കാർ രണ്ടുഭാഗങ്ങളിലായി ഇരുന്ന്‌ പതികളെക്കുറിച്ചും പതിമൂപ്പൻമാരെക്കുറിച്ചും പറയുന്നു. അതിനുശേഷം ഓരോ ദിവസവും വ്യത്യസ്‌തപൊറാട്ടുവേഷങ്ങൾ ചുവടുവയ്‌ക്കുന്നു. പാലക്കാടൻ ഗ്രാമങ്ങളിലെ കൊയ്‌ത്തു കഴിഞ്ഞ്‌ ജനങ്ങൾ വിശ്രമിക്കുന്ന കാലയളവിലാണ്‌ കണ്യാർകളി നടത്താറുളളത്‌. മീനം, മേടം മാസങ്ങളിൽ കളിതീരുന്നതോടെ കൃഷിയിറക്കാനുളള സമയമായി. ഐശ്വര്യം നിറഞ്ഞ ഒരു വർഷത്തേയ്‌ക്കുവേണ്ടിയുളള പ്രാർത്ഥനയാണ്‌ കണ്യാർകളി നടത്തുന്നതിന്‌ പിന്നിലുളളത്‌. ഇതിന്‌ ഉപോദ്‌ബലകമായ തെളിവാണ്‌ കളിസമാപിക്കുന്ന ദിവസത്തെ ‘പൂവാരൽ’. കളിക്കാരെല്ലാം അരിയും പൂവും ഭസ്‌മവുമിട്ട്‌ ദേവിയെ വന്ദിക്കുന്നു. ഈ പൂവും, ഭസ്‌മവും, അരിയും ദേശക്കാർ ഒരു വർഷം സൂക്ഷിക്കും.

പൊറാട്ടുവേഷങ്ങൾഃ ‘മൂന്നും നാലും ദിവസങ്ങൾ ദേവതാസ്‌തുതികൾ മാത്രം പാടിക്കളിക്കുമ്പോൾ കാണികൾക്ക്‌ മുഷിച്ചിലുണ്ടാകും എന്നുകരുതി, പിൽക്കാലത്ത്‌ എടുത്തു ചേർത്തവയാണ്‌ കണ്യാർകളിയിൽ ഇന്നുകാണുന്ന പൊറാട്ടുകൾ. ഇന്ന്‌ കണ്യാർകളിയെ അടക്കിവാഴുന്നത്‌ പൊറാട്ടുകളാണ്‌. കളി തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും മൂന്നുവട്ടം മാത്രമാണ്‌ ഇന്ന്‌ വട്ടക്കളി നടത്തുന്നത്‌. പൊറാട്ട്‌ എന്ന വാക്കിന്‌ പുറം ആട്ടം എന്നും പുറം നാട്ടിൽനിന്നും വന്നവ എന്നും അർത്ഥം കൊടുക്കുന്നുണ്ട്‌. പുറാട്ടുകളാണ്‌ ക്രമേണ പൊറാട്ടുകളായിത്തീർന്നത്‌.

കാക്കാരിശ്ശിനാടകം, പാങ്കളി(പാണപ്പൊറാട്ട്‌) തുടങ്ങിയ നാടൻകലാരൂപങ്ങളിൽ നിന്നും കടംകൊണ്ടവയാണ്‌ കണ്യാർകളിയിലെ ഒരുവിഭാഗം ഇരട്ടപ്പൊറാട്ടുകൾ. ഇതിനുപുറമെ, ഒറ്റപ്പൊറാട്ടുകളും കൂട്ടപ്പൊറാട്ടുകളുമുണ്ട്‌. ഒറ്റപ്പൂശാരി, ഒറ്റപ്പറയൻ, ഒറ്റച്ചക്കിലിയൻ എന്നിവയ്‌ക്കുപുറമേ ചെറുചാത്തൻ കളളാടി, തവിട്ടുചെട്ടി തുടങ്ങിയ ഒറ്റപ്പൊറാട്ടുകളും കൂട്ടത്തൊട്ടിയർ, കൂട്ടച്ചക്കിലിയർ, കൂട്ടച്ചെറുമർ, കൂട്ടപ്പൂശാരിമാർ, കൂട്ടമുടുകർ, മലയർ, വേടർ, വേട്ടുവക്കണക്കർ തുടങ്ങിയവയും കണ്യാർകളിയുടെ മാത്രം പ്രത്യേകതയാണ്‌. പാങ്കളിയിൽകാണുന്ന ചെറുമൻ-ചെറുമി, കുറവത്തി-കുറവൻ, പാട്ടി-പാണൻ, മണ്ണാത്തി-മണ്ണാൻ, പൂക്കാരി തുടങ്ങിയവ കണ്യാർകളിയിലുണ്ട്‌. ഇതുകൂടാതെ കണ്യാർകളിയിൽ മാത്രം കാണുന്ന ഇരട്ടപ്പൊറാട്ടുകളാണ്‌ ചക്കിലിച്ചി-ചക്കിലിയൻ, തൊട്ടിച്ചി-തൊട്ടിയൻ, കവറച്ചി-കവറ, പറച്ചി-പറയൻ, ദാസി എന്നിവ. ഗഹനമായ തത്വചിന്തകളും യുക്തിയും ചേർന്ന പാട്ടുകൾ ഉൾക്കൊളളുന്ന ഒറ്റപ്പൊറാട്ടുകളും കൂട്ടപ്പൊറാട്ടുകളും മറുനാടൻകലകളിലൊന്നും കാണാൻ കഴിയില്ല. ചക്കിലിയരും തൊട്ടിയരും പൂക്കാരിയുമൊക്കെ തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേയ്‌ക്ക്‌ വന്നവരാണ്‌.

’ഒരു ജനസമൂഹത്തിന്റെ ആഘോഷത്തിന്റെയോ അനുഷ്‌ഠാനത്തിന്റെയോ ഭാഗമോ വിനോദോപാധിയോ ആയിരിക്കും നാടോടിനാടകങ്ങൾ. കണ്യാർകളിയിലെ പൊറാട്ടുകൾ നാടോടിനാടകങ്ങളാണ്‌. ആയോധനാഭ്യാസികളായ നായൻമാരുടെ ആയോധനസ്വഭാവമുളള ഒരു കലയാണ്‌ കണ്യാർകളി. കണ്യാർകളിയിൽ സ്‌ത്രീകൾ പങ്കെടുക്കാറില്ല. പൊറാട്ടുകളിൽ സ്‌ത്രീവേഷം കെട്ടുന്നത്‌ പുരുഷൻമാരാണ്‌. സ്‌ത്രീകൾക്ക്‌ കളിപ്പന്തലിൽ പ്രവേശനം ഇല്ല. ‘സ്‌ത്രീകൾ കളിപ്പന്തലിൽ പ്രവേശിച്ചാൽ മഴപെയ്യും’ എന്നു വിശ്വസിക്കുന്നവരുണ്ട്‌. സ്‌ഥാനികളായ നായൻമാരുടെ തറകളിലെ സ്‌ത്രീകൾ പൊതുസദസ്സിൽ പ്രത്യക്ഷപ്പെടുന്നത്‌ ശരിയല്ല എന്നും, പുരുഷൻമാർക്കൊപ്പം മെയ്യഭ്യാസം പ്രകടിപ്പിക്കാൻ കഴിയാത്തവളാണ്‌ സ്‌ത്രീ എന്നും കരുതുന്നതായിരിക്കണം കാരണം. നമ്മുടെ സാമൂഹ്യാചാരമനുസരിച്ച്‌ പിതാവിനാലും ഭർത്താവിനാലും പുത്രരാലും സംരക്ഷിക്കപ്പെടുന്നവൾ കളിപ്പന്തലിൽ പ്രവേശിച്ചാൽ അന്തസ്സുകുറയും എന്ന സങ്കുചിത ചിന്താഗതിയും ചിലർക്കുണ്ടായിരുന്നു. കളിയിൽ പങ്കെടുത്തിരുന്നില്ലെങ്കിലും കളികാണാനെത്തുന്നത്‌ കൂടുതലും സ്‌ത്രീകളാണ്‌. കളിക്കാൻപോകുന്ന കുടുംബാംഗങ്ങൾക്ക്‌ വേണ്ട വസ്‌ത്രങ്ങൾ അലക്കിത്തേച്ച്‌ കൊടുക്കുക, കളിക്കിടയിൽ അവർക്ക്‌ കുടിക്കാൻ ചായയോ, വെളളമോ കൊണ്ടുവരിക തുടങ്ങിയ അപ്രധാനവേഷം ഇന്നും സ്‌ത്രീകൾക്കാണ്‌. സന്ധ്യയാകുമ്പോഴേക്കും വീട്ടുജോലികൾതീർത്ത്‌ വീട്ടുകാർക്കെല്ലാം ഭക്ഷണവും കൊടുത്ത്‌ കളിപ്പന്തലിലെത്താൻ വെമ്പുന്ന വീട്ടമ്മമാരെ പലദേശങ്ങളിലും കാണാം.

മറ്റൊരു പ്രധാനവസ്‌തുത കളിയിൽ പങ്കെടുക്കുന്ന പുരുഷൻമാരെല്ലാംതന്നെ അമ്മയുടെ ദേശത്താണ്‌ കളിക്കുന്നത്‌. മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടത്തിന്റെ സന്തതിയാണ്‌ കണ്യാർകളി എന്ന്‌ അനുമാനിക്കാം. അതാതുദേശത്തെ തറവാടുകളിലെ സ്‌ത്രീകളുടെ മക്കൾക്കേ ആ ദേശത്ത്‌ കളിക്കാനവകാശമുളളു. പുരുഷൻമാരുടെ മക്കൾക്ക്‌ പങ്കെടുക്കണമെങ്കിൽ പ്രത്യേക പണം ദേശത്തിന്‌ കൊടുത്ത്‌ ദേശം ചേരണം.

സ്‌ത്രീപ്പൊറാട്ടുകളുടെ സ്വഭാവംഃ സാധാരണയായി ഇരട്ടപ്പൊറാട്ടുകളിലാണ്‌ സ്‌ത്രീവേഷം പന്തലിലെത്തുന്നത്‌. ഇവയിൽ സ്‌ത്രീവേഷമാണ്‌ ആദ്യം വരുന്നത്‌. തറവാട്ടമ്മ, ഈഴവത്തി (മാതുവച്ചി), പാട്ടി, വെളളക്കൊടിച്ചി, വേശക്കൊടിച്ചി, തളളച്ചെറുമി തുടങ്ങിയ പൊറാട്ടുകളിൽ സ്‌ത്രീവേഷം മാത്രമേയുളളു. പണിയും തൊരവും കുറഞ്ഞ നീണ്ടവേനൽക്കാലത്ത്‌ വേലയും പൂരവുംകാണാൻ പോകുന്ന കൃത്രിമസൗന്ദര്യത്തിന്റെ മുഖംമൂടി അണിയാൻ മടിച്ചുനിൽക്കുന്ന ചെറുമിക്കിടാത്തിയും ചെറുപ്പകാലത്ത്‌ തമ്പുരാക്കൻമാർ കാണിച്ച ‘ഏനക്കേടു’കളുടെ ഓർമ്മകളുമായിവന്ന, ചേറിയും പാറ്റിയും നടക്കുന്ന തളളച്ചെറുമിയും ഗ്രാമീണജീവിതത്തിന്റെ തുടിപ്പുകളാണ്‌. മുണ്ടുകൊണ്ട്‌ ‘മുത്താപ്പു’ കെട്ടി ചൂലും മുറവുമായി വരുന്ന തെക്കൻ ചെറുമിയുടെ ഭാഷയും സ്വാഭാവികമാണ്‌.

“മരുത്തുപാടമടിക്കാൻ പോയപ്പോ

മണിയൻതമ്പുരാൻ മാടിവിളിച്ചു എന്നെ

കൊളത്തുപാടമടിക്കാൻ പോയപ്പോ

കോവില മൂത്താരു മാടിവിളിച്ചെന്നെ” എന്ന്‌ പറയുമ്പോൾ അടിയാളരായ ചെറുമിപ്പെണ്ണുങ്ങളോട്‌ തമ്പുരാക്കൻമാർക്കുണ്ടായിരുന്ന താല്‌പര്യം പ്രകടമാവുന്നു. അക്കാലത്ത്‌ നിലനിന്നിരുന്ന ഒരു സാമൂഹികപ്രതിഭാസമാണ്‌ ഇത്‌ എന്നു കാണാൻ കഴിയും. ഇരട്ടപ്പൊറാട്ടുകളുടെയെല്ലാം പ്രമേയം ഏതാണ്ട്‌ ഒന്നുതന്നെയാണ്‌. കുറത്തി-കുറവൻ, മണ്ണാത്തി-മണ്ണാൻ, പാട്ടി-പാണൻ, ചെറുമി-ചെറുമൻ തുടങ്ങിയ പൊറാട്ടുകൾ കേരളത്തിന്റെ തനിമ പുലർത്തുന്നവയാണ്‌. തെക്കൻകേരളത്തിൽനിന്നും കൈ നോക്കാനെത്തുന്ന കുറത്തിയും തുണീം മുണ്ടും അലക്കുന്ന മാളുമണ്ണാത്തിയും കർക്കിടകത്തിന്റെ കെടുതിയിൽ കഴിയുന്ന ജനഹൃദയങ്ങളിൽ ചേട്ടയെ അകറ്റി ശീവോതിയെ കുടിയിരുത്താനായി പാട്ടുകളുമായി വീടുകളിലെത്തുന്ന പാട്ടിയും കേരളത്തിലെ ഗ്രാമാന്തരങ്ങളിൽ കാണുന്ന കഥാപാത്രങ്ങളാണ്‌. തമിഴ്‌നാട്ടിൽനിന്നും കേരളത്തിലെത്തിയവരാണ്‌ ചക്കിലിച്ചിയും തൊട്ടിച്ചിയും പൂക്കാരിയും.

ആദ്യം സ്‌ത്രീകൾ രംഗത്തുവന്ന്‌ താനിവിടെ വരാനുണ്ടായ കാരണത്തെക്കുറിച്ച്‌ പറയുന്നു. ഭർത്താക്കൻമാരെ പിരിഞ്ഞുവന്നവരാണ്‌ സ്‌ത്രീകളെല്ലാംതന്നെ. തൃശൂർപൂരവും മുളയങ്കാവ്‌വേലയും ആറാട്ടുപുഴ പൂരവും പുതുശ്ശേരി വെടിയും കണ്ട്‌ രസിക്കാൻ വന്ന ഇവർ തിക്കിലും തിരക്കിലുംപെട്ട്‌ ഭർത്താക്കൻമാരിൽനിന്നും പിരിയുന്നു. അവരെ അന്വേഷിച്ചെത്തിയവരാണ്‌ സ്‌ത്രീകൾ. ഇവർ വന്നതിനുശേഷം പുരുഷൻമാരും വരുന്നു. ഗ്രാമത്തിലെ പ്രതിനിധിയുടെ സാന്നിധ്യത്തിൽവച്ച്‌ കുറെവഴക്കടിച്ച്‌ അവരുടെ ഉപദേശപ്രകാരം രമ്യതയോടെ തിരിച്ചുപോകുന്നു. അക്കാലത്തെ ഗ്രാമസഭകൾ കുടുംബക്കോടതികളായിരുന്നു.

തമിഴ്‌ സംസ്‌ക്കാരവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന പാലക്കാട്‌ പട്ടണത്തിലേയ്‌ക്ക്‌ തഞ്ചാവൂർകാരിയായ ദാസിയും തിരിച്ചെന്തൂർക്കാരിയായ പൂക്കാരിയും പഴനി ശിവപട്ടണത്തുകാരിയായ ചക്കിലിച്ചിയും വന്നുചേരുന്നു. ഓരോരുത്തരും അവരുടെ കുലത്തൊഴിൽ ചെയ്‌ത്‌ ജീവിക്കുന്നവരാണ്‌. ഉളളടക്കത്തിൽ കാര്യമായ വ്യത്യാസം കാണാനില്ല. അക്കാലത്തെ സാമൂഹ്യവ്യവസ്‌ഥ ഈ പൊറാട്ടുകളിലൂടെ തെളിഞ്ഞുകാണാം. നായർതറകൾ-മന്ദത്ത്‌-കൂടിച്ചേർന്ന്‌ കുടുംബപ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാനും ദേശത്തെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനും സഹായിച്ചിരുന്നു. പ്രണയകലഹം മൂലം പിരിഞ്ഞിരിക്കുന്ന സ്‌ത്രീപുരുഷൻമാരെ ദൈവസന്നിധിയിൽ വെച്ച്‌ യോജിപ്പില്ലെത്തിച്ച്‌ സന്തോഷത്തോടെ പിരിഞ്ഞുപോകാൻ സഹായിക്കുക എന്നൊരു ദൗത്യം ഈ ഗ്രാമസഭയ്‌ക്കുണ്ടായിരുന്നു. ‘സ്‌ത്രീപുരുഷ ബന്ധത്തിലുണ്ടാകുന്ന നിസ്സാരപിണക്കങ്ങൾ, വേർപിരിയൽ, ഒന്നുച്ചുചേരൽ’ എന്നതാണ്‌ പൊറാട്ടുകളുടെ പൊതുസ്വഭാവം. പുരുഷൻമാർക്കൊപ്പംനിന്ന്‌ ജോലിച്ചെയ്യാൻ തക്ക കഴിവുളളവരായിരുന്നു അക്കാലത്തെ സ്‌ത്രീകളും. പുഞ്ചക്ക്‌ തേകാനും തിരിക്കാനും ചക്രംചവിട്ടാനും ചെറുമസ്‌ത്രീകളും പോയിരുന്നു എന്നു പാട്ടുകളിലൂടെ മനസ്സിലാക്കാം. സ്‌ത്രീകൾക്ക്‌ ഇഷ്‌ടമുളളവരെ ഭർത്താക്കൻമാരാക്കാനും ഉപേക്ഷിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. മാളുമണ്ണാത്തി പറയുന്നു.

“അറ്റാനെപ്പോലുളള മണ്ണാൻ നാറ്റയാണ്‌

ചോറ്റിനു ഭ്രാന്തുളള മണ്ണാൻ ചേട്ടയാണ്‌

എന്റെ ചോപ്പൻ കളളുകുടിയനാണ്‌ എന്നാലും നന്ന്‌.

പൊൽപുളളി മായനെന്ന മണ്ണാൻ

കങ്കാണിമാർക്കെന്നെ വിറ്റുവിലയാക്കി.” ഇവരെയെല്ലാം ഉപേക്ഷിച്ച്‌ നാകുമണ്ണാനോടുകൂടിയാണ്‌ ഇപ്പോൾ താമസിക്കുന്നത്‌. ഭർത്താക്കൻമാരെ രൂക്ഷമായി വിമർശിക്കുന്ന കാര്യത്തിൽ എല്ലാ സ്‌ത്രീവേഷവും ഒരുപോലെയാണ്‌.

“ഉണ്ടായിട്ടെക്കൊരുപകാരമെന്താണ്ടാ, തെണ്ടിനടന്നാലും

എന്റെ നാൾകഴിക്കും നാകുമണ്ണാനെ

കെതികെട്ട പീറമണ്ണാനേ” എന്നു പറയുന്ന മണ്ണാത്തിയും

“പെണ്ണുംകുട്ടീന പെലത്താൻകണ്ട്‌ താണിയുണ്ടാടാനിക്ക്‌

വണ്ണംവായപോലെ തടിച്ച ചെറമൻ വേണ്ട മുത്തപ്പാനക്ക്‌”എന്നു പറയുന്ന ചെറുമിയും

“നിറുത്തടാ നിന്റെനിലയും

നിന്റെ വാക്കുകൾക്കുളളിത്രവിലയും വരുത്തിവെച്ചില്ലേ പാട്ടം

ആണിലും കെട്ടവനാണ്‌ ഇവൻ നാണുവാണെന്നല്ലേ കേൾവീ” എന്നുപറയുന്ന കുറത്തിയും ഒരേസ്വഭാവക്കാരാണ്‌. പക്ഷേ കുറവനെ കാണാതാകുമ്പോൾ കുറത്തി സങ്കടപ്പെടുന്നു.

‘വല്ല കളളികളും വശത്താക്കിപ്പിടിച്ചോ

തൊല്ലവഴിയും പോയി കുറവനും മരിച്ചോ

എനിക്കീ ഗതിവരുമെന്നു ഞാൻ കരുതിയല്ലാ’ മനസ്സുകൊണ്ടെങ്കിലും മാറിചിന്തിക്കാത്ത സ്‌ത്രീപുരുഷൻമാർ ലോകത്തിലില്ല എന്നവർ ലോകപരിചയംകൊണ്ട്‌ മനസ്സിലാക്കുന്നു.

‘മനമെന്റു മനമതിൽ കരുതിവളർത്ത തീരമില്ലെയുന്നനുക്ക്‌ വായ്‌മുകളിൽ

മീശതനൈനാശുവന്നാലെ തളളി മഞ്ചൽ പൂശിക്കൊളള വേണമെടാ’ എന്ന്‌ ചക്കിലിയനെ പരിഹസിക്കുന്ന ചക്കിലിച്ചിയും

‘ഒരുനാളും ധർമ്മത്തെ ശെയ്യാത്ത പാപിക്ക്‌

തിരുനാമമേതുക്കെടാമുതുവാ തിരുനാമമേതുക്കെടാ’എന്നു ചോദിക്കുന്ന തൊട്ടിച്ചിയും, കണ്യാർകളി പൊറാട്ടുകളിൽ മാത്രമേയുളളൂ. സംശയിക്കപ്പെടുന്ന പെണ്ണും, സംശയിക്കപ്പെടുന്ന കെട്ടിയോനും ദക്ഷിണേന്ത്യയിലെ നാടോടിനാടകങ്ങളുടെ പ്രധാനപ്രമേയമാണ്‌. പാലക്കാടുജില്ലയിലെ മലമ്പ്രദേശങ്ങളിൽനിന്നും ദേശത്തെ ദേവതയ്‌ക്ക്‌ കാഴ്‌ചകളുമായിവരുന്ന മലയസ്‌ത്രീകളാണ്‌ കണ്ണൻമൂപ്പത്തി, നീലിമൂപ്പത്തി, കാളിമൂപ്പത്തി, ഒലക്കമൂപ്പത്തി എന്നിവർ. അവർ കാഴ്‌ചസമർപ്പിച്ച്‌ കളിച്ച്‌ തിരിച്ചുപോകുന്നു. പല്ലശ്ശനദേശത്തെ കണ്യാർകളിയിലെ അവസാനത്തെ പൊറാട്ട്‌ മലച്ചിയാണ്‌. മിക്കവാറും എല്ലാദേശത്തും അവസാനത്തെ പൊറാട്ടായി അരങ്ങിലെത്തുന്നത്‌ വെളളക്കൊടിച്ചിയും വേശക്കൊടിച്ചിയുമാണ്‌. ഹരിജൻസ്‌ത്രീകളാണവർ. ദേശത്തെ ഭഗവതിയുടെ പ്രതിനിധികളാണവർ. രണ്ടുപേരായും നാലുപേരായും കളിക്കാറുണ്ട്‌.

‘ആടിയാടികാലുകുഴഞ്ഞമ്മേ പാടിപ്പാടിനാവുകുഴഞ്ഞമ്മേ

പോകിണ്‌ പോകിണ്‌ തായേ“ എന്നു പാടിയാണ്‌ കളിയവസാനിപ്പിക്കുന്നത്‌. ഈ പാട്ടിന്‌ ഒരു യാത്രപറച്ചിലിന്റെ സ്വഭാവം കാണുന്നു. ഈ പൊറാട്ടുകൾക്ക്‌ ആഭ്യാസം ഉണ്ടായിരിക്കില്ല. ”തമ്പുരാൻ നിൽക്കും സഭയിൽ ചെന്നുനിന്നാൽ തല്ലുകൊളളും“എന്ന്‌ മണ്ണാത്തി പറയുന്ന ഒരു സന്ദർഭമുണ്ട്‌. അക്കാലത്തെ ജാതിവ്യവസ്‌ഥയുടെ ഒരു ചിത്രം ഇതിൽകാണാം. അവർണ്ണരായ ജനങ്ങൾ അനുഭവിക്കേണ്ടിവന്ന കഷ്‌ടതകളെല്ലാം പാട്ടുകളിലൂടെ മനസ്സിലാക്കാം. ഇവയ്‌ക്കെല്ലാം പുറമെ അരങ്ങിലെത്തുന്ന കൂട്ടപ്പൊറാട്ടുകളിലും ഓരോ സ്‌ത്രീവേഷങ്ങൾ ഉണ്ടാകാറുണ്ട്‌. വിവിധസമുദായക്കാരുടെ വേഷംകെട്ടി അഭിനയിക്കുന്നതുകൊണ്ട്‌ സാധാരണയായി എതിർപ്പുകളൊന്നും ഉണ്ടാകാറില്ല. എങ്കിലും ഈഴവ സ്‌ത്രീകളുടെ പ്രതിനിധിയായിവരുന്ന ’മാതു അച്ചി‘ പൊറാട്ട്‌ ഇന്ന്‌ പല ദേശങ്ങളിലും നടത്തുന്നില്ല.

ഭാഷഃ സ്‌ത്രീപൊറാട്ടുകളിലെ ഭാഷ ഒട്ടും കൃത്രിമം ഇല്ലാത്തതാണ്‌. സമുദായത്തിലെ വിവിധ തരക്കാരായ ആളുകൾ സംസാരിക്കുന്ന രീതിയിലും ശൈലിയിലുമാണ്‌ അവർ സംസാരിക്കുന്നത്‌. കുറത്തിയും മണ്ണാത്തിയും പാട്ടിയും ചെറുമിയും മലയാളത്തിലും ചക്കിലിച്ചിയും പൂക്കാരിയും തൊട്ടിച്ചിയും തമിഴിലുമാണ്‌ ആശയവിനിമയം നടത്തുന്നത്‌. ലക്ഷ്‌മി, ചീരു, മാളു, രക്കി, കണ്ണ. വെളളച്ചി തുടങ്ങിയ നാടൻപേരുകളാണ്‌ കേരളീയസ്‌ത്രീകൾക്ക്‌. ചക്കിലിച്ചിക്കും തൊട്ടിച്ചിക്കും തമിഴ്‌ ചുവയുളള പേരാണ്‌. പാട്ടുകൾ മലയാളത്തിലും തമിഴിലും കാണുന്നു.

വേഷംഃ കണ്യാർകളിയിലെ സ്‌ത്രീവേഷങ്ങൾ അന്തസ്സായി വസ്‌ത്രം ധരിച്ചവരാണ്‌. പട്ടുജാക്കറ്റും മുണ്ടും വേഷ്‌ടിയും അണിഞ്ഞ്‌ മുടിയിൽ മുല്ലപ്പൂ ചൂടി ആഭരണങ്ങളുമണിഞ്ഞാണ്‌ ഇവർ വരുന്നത്‌. ചില ദേശങ്ങളിൽ തളളച്ചെറുമി പരമ്പരാഗതമായ വേഷമായ മുണ്ടും മുത്താപ്പുമായാണ്‌ കളിക്കുന്നത്‌. തമിഴ്‌നാട്ടുകാരായ ചക്കിലിച്ചിയും തൊട്ടിച്ചിയും ദാസിയും പാവാടയും ബ്ലൗസ്സും ദാവണിയും അണിഞ്ഞവരാണ്‌. പണ്ട്‌ കർഷകച്ചെറുമി ബ്ലൗസ്‌ ധരിക്കാതെ ഓട്ടുവളകളെല്ലാമിട്ടാണ്‌ കളിച്ചിരുന്നത്‌. പതിഞ്ഞ ചുവടുവെയ്‌പാണ്‌ സ്‌ത്രീപൊറാട്ടുകൾക്ക്‌. കളിക്കുന്ന സന്ദർഭത്തിൽ അവരുടെ കൈയിൽ ഒരു തൂവാലയോ വേഷ്‌ടയുടെ തുമ്പോ ഉണ്ടായിരിക്കും. സന്ദർഭത്തിനനുസരിച്ച്‌ മനോധർമ്മം പ്രകടിപ്പിക്കാൻ കഴിയുന്ന രസികത്തികളാണവർ. ചില പുരുഷൻമാർ സ്‌ത്രീവേഷം കെട്ടുന്നത്‌ കാണാനായിമാത്രം കളികാണാനെത്തുന്നവരുണ്ട്‌. കണ്യാർകളിയുടെ അടിസ്‌ഥാനം അമ്മദൈവസങ്കൽപമാണ്‌. ദേവീക്ഷേത്രങ്ങളുടെ സമീപത്തായിരിക്കും സാധാരണ നടത്തുന്നത്‌. ഇതിൽനിന്നും വ്യത്യസ്‌തമായി വേട്ടയ്‌ക്കൊരുമകൻകാവിനു മുമ്പിലാണ്‌ പല്ലശ്ശനദേശത്തും പുതിയയങ്കംദേശത്തും കളി നടക്കുന്നത്‌. പക്ഷേ കളി ആരംഭിക്കുന്നത്‌ ദേവീക്ഷേത്രത്തിനു മുമ്പിൽനിന്നാണ്‌. കർണ്ണകിയാർ കളിയാണ്‌ കണ്യാർകളി ആയതെന്ന്‌ ഒരഭിപ്രായമുണ്ട്‌. കന്നിമാർകളിയാണ്‌ കണ്യാർകളി ആയതെന്നും പറയുന്നു. കന്നി എന്നാൽ കന്യക എന്നാണർത്ഥം. പക്ഷേ കന്യകയും കണ്യാർകളിയുമായി യാതൊരു ബന്ധവുമില്ല. ദേവീസ്‌തുതിയാണ്‌ കണ്യാർകളിയുടെ അടിസ്‌ഥാനമെങ്കിലും ശാസ്‌ത്രീയതയുടെ ചട്ടക്കൂടിൽനിന്നകന്ന്‌ ജനരഞ്ഞ്‌ജകമായി അവതരിപ്പിക്കുന്ന പൊറാട്ട്‌ വേഷങ്ങൾക്കാണ്‌ കൂടുതൽ ജനസമ്മതി.

Generated from archived content: purattu_july2.html Author: m_jyothy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here