ആര്യമ്മാലാ നാടകം

പാലക്കാട്‌ ജില്ല നാടൻകലകളാൽ സമ്പന്നമാണ്‌. ജില്ലയുടെ പല പ്രദേശങ്ങളിലും കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ പല നാടോടി നാടകങ്ങളും അരങ്ങേറുന്നു. പൊറാട്ടുനാടകത്തെപ്പോലെ. സമുദായത്തിലെ ‘താഴ്‌ന്ന’ വിഭാഗക്കാർ നടത്തുന്ന ഒരു ചവിട്ടുനാടകമാണ്‌ ആര്യമ്മാലാനാടകം. ദൈവികമായ വിശ്വാസത്തോടുകൂടിയാണ്‌ ഈ നാടകം അരങ്ങേറുന്നത്‌. വിരുത്തങ്ങൾ, പാട്ടുകൾ, വാണാക്ക്‌ എന്നിവയിലൂടെയാണ്‌ നാടകം പുരോഗമിക്കുന്നത്‌. കൈമുദ്രകളും, താളത്തിനൊത്ത്‌ ചുവടുവെച്ചുളള കളിയും രസകരമാണ്‌. അല്‌പം മലയാളം കലർന്ന തമിഴാണ്‌ ഭാഷ. ചെണ്ട ഇലത്താളം തുടങ്ങിയവയാണ്‌ പ്രധാന വാദ്യങ്ങൾ. നാലുകാൽ പന്തലിൽ എണ്ണ വിളക്കിനു മുമ്പിൽ തിരശ്ശീല പിടിച്ച്‌ വേഷങ്ങൾ അരങ്ങത്തുവരുന്നു. ഗണേശപൂജയോടെയാണ്‌ നാടകം ആരംഭിക്കുന്നത്‌. പാലക്കാടു ജില്ലയിലെ എലവഞ്ചേരി, മുടപ്പല്ലൂർ എന്നീ ദേശങ്ങളിൽ ഇന്നും ഈ നാടകം അരങ്ങേറാറുണ്ട്‌.

കഥഃ ശിവനെ പരീക്ഷിക്കുന്ന പാർവ്വതി ശപിക്കപ്പെട്ട്‌ ഭൂലോകത്തിലെത്തുന്നു. ഇവിടെ ഗംഗാതീരത്ത്‌ കാമാക്ഷി എന്ന പേരിൽ തപസ്സുചെയ്യുന്നു. ശിവനാൽ സൃഷ്‌ടിക്കപ്പെട്ട കാത്തവരായൻ മാതാവിനെ ശുശ്രൂഷിച്ച്‌ കഴിയുന്നതിടയിൽ ഒരുനാൾ ആര്യമ്മാലയെ കണ്ട്‌ മോഹിക്കാനിട വരുന്നു. ആരിയപ്പുരാജൻ കഴിച്ച യാഗാഗ്‌നിയിൽ നിന്നും പിറന്ന ആര്യമ്മാല പുരുഷദർശനംപോലും കൂടാതെ കന്യകയായി കഴിയുന്നു. ആര്യമ്മാലയെ നേടിയെടുക്കാൻ വരം ചോദിക്കുന്ന കാത്തവരായനെ, ആര്യമ്മാലയിൽ നിന്നും പല അടയാളസാധനങ്ങളും വാങ്ങിവരുവാൻ കാമാക്ഷി നിർദ്ദേശിക്കുന്നു. ഭദ്രകാളിയുടെ മകനായ ചിന്നന്റെ സഹായത്തോടെ കാത്ത കന്നിയായും, പാമ്പ്‌ പുടാമാനായും, ആര്യമ്മാലയെ സമീപിച്ച്‌ കാത്തവരായൻ അടയാളസാധനങ്ങൾ കൈക്കലാക്കുന്നു. മാതാവ്‌ നിർദ്ദേശിച്ച പ്രകാരം വളയൽകാരനായി ആര്യമ്മാലയെ അവൾ അറിയാതെ താലി കെട്ടുന്നു. ഏഴര വെളുപ്പിന്‌ കുളിക്കാൻപോകുന്ന ആര്യമ്മാലയെ ഭൂതഗണങ്ങളെക്കൊണ്ട്‌ ഒറ്റതിരിച്ച്‌, കാത്തവരായൻ പറയന്റെ വേഷത്തിൽ ചെന്ന്‌ തന്നെ വേൾക്കാമെന്നവളെക്കൊണ്ട്‌ ശപഥം ചെയ്‌തുവാങ്ങുന്നു. പറച്ചിയായി വരുന്ന ചിന്നാനെ സമാധാനപ്പെടുത്തി, തന്റെ സ്വന്തം രൂപം ആര്യമ്മാലക്ക്‌ കാണിച്ചുകൊടുത്ത്‌ ഉണ്ടായ സംഗതികൾ വിവരിക്കുന്നു. അതോടെ കഥ അവസാനിക്കുന്നു.

വേഷംഃ കിരീടങ്ങൾ, കൈക്കെട്ട്‌, അരക്കെട്ട്‌, കഥകളിക്കുപ്പായങ്ങൾ എന്നിവയാണ്‌ വേഷവിധാനം. മുഖം മനയോലത്തേച്ച്‌ മിനുക്കുന്നു. പെൺവേഷങ്ങൾക്ക്‌ പ്രത്യേകരീതിയിൽ സാരി ഉടുക്കുന്നു. വേഷമണിയിക്കാൻ പ്രത്യേകം കളിപ്പെട്ടിയും, ആളുകളുമുണ്ടാകും. അടുത്ത കാലത്ത്‌ മുഖത്തെഴുത്തിലും, വേഷത്തിലും മാറ്റം വരുത്താനൊരു ശ്രമം നടത്തി എങ്കിലും പഴയ രീതികളോടാണ്‌ അവർക്ക്‌ താല്‌പര്യം. രാത്രി മുഴുവൻ കളിക്കുന്ന നാടകം പുലർച്ചയ്‌ക്ക്‌ അവസാനിക്കുന്നു. വേഷക്കാരും, കളിയച്‌ഛനും മറ്റും ദൈവസന്നിധിയിൽ നിന്നുകൊണ്ട്‌ മംഗളം പാടി കളിച്ചശേഷം പിരിഞ്ഞുപോകുന്നു. ഇന്നും വേനൽക്കാലരാവുകളിൽ ആര്യമ്മാല നാടകം അരങ്ങേറുന്നുണ്ട്‌.

Generated from archived content: purattu_dec18.html Author: m_jyothy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here