ഒന്ന് ഃ കൂട്ടമാപ്പിള
വിരുത്തം ഃ തന്തനന, തനതനന, താനാതിനായ്,
തന്തനായ് തന്തനാനാ
ചന്തമായ് പന്തലിട്ട് ചതുര വിളക്കുവെച്ച്,
സംഖ്യയിലിള ബാലർ വന്ന് ചന്തമായ് കളി തുടങ്ങി
അച്ചലൊട് പീച്ചൽ പാച്ചൽ മെച്ചമാം പരിചമുട്ടും
കോടി ഇവൈകളെല്ലാം, കോർവയിലുരക്ക വല്ലി
പെറ്റതായ്‌തകപ്പനാരും, പെരുമയിലാക്കിയെന്നെ
കറ്റുതൊഴിൽ പഠിപ്പതിന്നായ് കളരിയിൽ വന്നു ഞങ്ങൾ
1. ‘കാറ്റേവാ, കടലേ വാ ഹളളാ
കാറ്റിൽ വിതച്ചൊരു തിരയേ വാഹളളാ
ആടി ഓടി വരുന്ന കപ്പലിൽ
എന്തെല്ലാം ചരക്കുണ്ട് ഹളളാ
വട്ടനുണ്ട്, വടുകനുണ്ട്, വടുകപ്പിളെരൈവരുണ്ട്
കുട്ടനുണ്ട് കുറിഞ്ഞിയുണ്ട്
കടലിലില്ലാത്തൊരു ചെമ്മീനുണ്ട് – ഹളളാ
മാറ്റേറും പൊന്നുണ്ട് മാണിക്യ കല്ലുണ്ട്.’
2. ‘മാണിക്യമായൊരു കോഴിക്കോട് ധിത്തൈ,
കൊല്ലാൻ വന്നൊരു കൊങ്ങിയാനും
തുറയിലെ അച്ഛൻമാരും
പടലൈ വന്നണയുന്നൊരു കോഴിക്കോട് ധിത്തൈ
കോഴിക്കോട് നഗരവും കോട്ടയും കൊടി കപ്പൽ
ഒക്കെയടക്കമുളെളാരു സാമൂതിരി രാജാ,
സാമൂതിരി രാജാവിന്റെ കാര്യക്കാരൻ മങ്ങാട്ടച്ചൻ
ചതിച്ചല്ലോ കൊല ചെയ്‌തത് കല്ലായ്‌കണ്ട്
ചതിച്ചതും ചതിയല്ലാ പിടിച്ചതും പിടിയല്ലാ
പീയാത്തുമ്മ പിടിച്ചതൊരു പുളിയൻ കൊമ്പ് ധീതൈ’
3. ‘ആടും തങ്ങളിൽ വീശും കാറ്റത്ത
നങ്ങാതൊരു മരമുണ്ടോ
ആദീത്യൻ വിളങ്ങാതൊരു ഭൂവനുമുണ്ടോ
കൊങ്ങിൽ മഴ പെയ്യും കാലം
മുഴങ്ങാതൊരിടിയുണ്ടോ?
കോഴിക്കോടിനു മിതെയൊരു നഗരമുണ്ടോ?
കല്ലാലിൽ മരംതട്ടി കല്ലിന്റെ മുനതട്ടി
കപ്പൽക്കാരൻ കുഞ്ഞിപ്പോക്കറ് ചതിയനാണ് ധീതൈ’
4. ‘കളരിയിർ വന്ന ഞങ്ങൾ കളിവാളും പരിചയും
കരങ്ങളിലെടുത്തുടൻ കളി തുടങ്ങി കനമുളള ജനങ്ങളെ കനിവുറ്റു തുണക്കേണം
കനമില്ലും അവർ വാക്കിന് കുലുങ്ങരുതേ
ബഹുമാനം പെരുത്തുളള ബഹുജനമിരിക്കുമ്പോൾ
ബഹുമാനിച്ചീടവേണം അറിവുളേളരേ
അറിവില്ലാത്ത ഞങ്ങള് വന്ന് കളിയൊക്കെ കളിക്കുമ്പോൾ
അതിൽ വന്ന പിഴയൊക്കെ പൊറുക്കവേണേ’
രണ്ട് ഃ ഒറ്റമാപ്പിള
(വെളിച്ചെണ്ണക്കാരൻ ആയിട്ടാണ് കളിപ്പന്തലിലെത്തുന്നത്)
‘തനതാനി താനി താനി തനിതാനി താനിതാനി
തനിതാനി താനിതാനി തനിതന്തിന്നോ
നിലക്കടലയെണ്ണയുണ്ട് മലക്കറിവെയ്‌ക്കാൻ കൊളളാം കടമുറിച്ചെടുത്താലോ, പലകാരം ചുട്ടെടുക്കാം.
എളളീന്നെടുത്തോരെണ്ണ എളേളാളം കലർപ്പില്ല
പ്രസവിച്ച പെണ്ണുങ്ങൾക്കു പ്രസരിപ്പ് നൽകുന്നെണ്ണ (താനിതാനി…)
ചെറുകൊട്ട കുരുത്തട്ടി ചെറിയ കുപ്പിയിലാക്കി
സീലുവെച്ചതിൻ മീതെ സ്വസ്‌തിക്കിൻ ലേബലൊട്ടി കുട്ടികൾക്കീയെണ്ണ കൊടുത്താൽ
തണ്ണി മത്തൻ പോലെയാകും വലിയവർക്കീയെണ്ണ കൊടുത്താൽ
വയറികളി വലഞ്ഞുപോകും’ (തനിതാനി…)
2. തനിതാനി…. ‘കൊച്ചിയിലും പെണ്ണിനെ നോക്കി
കോയിക്കോട്ടും പെണ്ണിനെ നോക്കി
തച്ചങ്കോട്ടിലും പെണ്ണിനെ നോക്കിത്തരമായില്ല ത്തധിമുതൈ
കൊച്ചിയിലും പെണ്ണില്ലാഞ്ഞ് കോഴിക്കോട്ടും പെണ്ണില്ലാഞ്ഞ്
കട്ടുതിന്നണ പാത്തുമ്മാന്റെ മകളെകെട്ടി തകിടതൈ
കല്ലു കെട്ടിയൊരാലുണ്ട്, ചുളളിപൈതലവിടുണ്ട്
അവിടെയുണ്ടൊരു പെണ്ണ് പളുങ്കുപോലെ തകിടതൈ
പെണ്ണു കണ്ടാലഴകുണ്ട് വീടുകണ്ടാൽ സുഖമുണ്ട്
അമ്മായിഅമ്മന്റെ പോരു കേട്ടാ പോരാനേ തോന്നൂ തകിടതൈ
പെണ്ണിനാണേൽ കണ്ണിൽ പുണ്ണ് പണ്ണിന്റമ്മക്ക് കാലിൽ പുണ്ണ്
പെണ്ണു കാണാൻ വന്നവർക്ക് പറങ്കി പുണ്ണ് തകിടതൈ
ചക്കയാണേൽ ആറുതിന്നും നൂറു തേങ്ങന്റെ പിണ്ടി തിന്നും
ഒരു കുടം തെളിത്തേനും കുടിക്കും പെണ്ണ് തകിടതൈ
പത്തുതുലാം ഇരുമ്പു കൊണ്ടൊരു പട്ടുകുപ്പായം അവൾക്കുണ്ട്
പട്ടിനായിന്റെ തോലു കൊണ്ടൊരു പച്ചക്കുപ്പായം തകിടതൈ (തനി താനി ….)
3. തനിതാനി താനിതാനി……
തനിതാനി താനിതാനി തനിതാനി താനിതാനി തനതനന്തിന്നോ…..
’കണക്കു പറഞ്ഞിട്ടെന്തെ വഴക്കുണ്ടാക്കിയാൽ പിന്നെ
എടുക്കും കത്തിയിപ്പോ ഞാൻ ഇടുപ്പിൽനിന്ന്
കൊല്ലങ്കോട്ടീന്ന് വാങ്ങിയ എല്ലിന്റെ പിടിയാണ്
കൊല്ലാനും മടിക്കാത്ത പഹയനാണ്
കത്തി നല്ല കത്തിയാണ് മാപ്പിളക്കത്തിയാണ്
വക്കാണത്തിന് വന്നവന്റെ വധം കഴിക്കും‘ (തിതാനി….)
Generated from archived content: pattu_july29_05.html Author: m_jyothy