മലബാറിലെ നാടൻ ഭക്ഷണരീതി

‘നീ വിരുന്നുകാരെ സൽക്കരിക്കുക’ ‘3 ദിവസം നിന്റെ കഴിവിന്റെ പരമാവധി നീ വിരുന്നുകാരെ സൽക്കരിക്കുക’ (മുഹമ്മദ്‌ നബി). അതിഥി സൽക്കാരത്തിന്‌ വളരെയേറെ പ്രാധാന്യം നൽകിയ മതമാണ്‌ ഇസ്ലാം. മുസ്ലീങ്ങൾക്കിടയിൽ പ്രത്യേകമായി വിവിധ സൽക്കാരരീതികൾ നിലവിൽ ഉണ്ട്‌. നജ്‌റാനിൽ നിന്നും കൃസ്ത​‍്യാനികളെ പ്രവാചകൻ അതിഥികളായി സൽക്കരിക്കുകയും അവർക്ക്‌ വിഭവസമൃദ്ധമായ സദ്യ നൽകാൻ പത്‌നി ആയിശയോട്‌ പറഞ്ഞു എന്നും ചരിത്രത്തിൽ കാണാൻ സാധിക്കും.

ഏകദേശം 40 വർഷങ്ങൾക്ക്‌ മുമ്പ്‌ വീട്ടുകാരെല്ലാവരും ഒരു പാത്രത്തിൽനിന്ന്‌ ഒരുമിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്‌. മലബാറിൽ ആണ്‌ ഈ ശൈലി വ്യാപകമായിരുന്നത്‌. അതിന്‌ വേണ്ടി പ്രത്യേക പാത്രങ്ങൾ ആണ്‌ ഉപയോഗിച്ചിരുന്നത്‌. നിലത്ത്‌ വീണാൽ ഉടയുന്ന ‘പിഞ്ഞാണപ്പാത്ര’മായിരുന്നു അധികമായി ഉപയോഗിച്ചിരുന്നത്‌. ഇത്‌ ‘തളിക’ എന്ന പേരിലും അറിയപ്പെടുന്നു. ഇതിൽ പൂക്കളും മനോഹര ചിത്രങ്ങളും കൊണ്ട്‌ അലങ്കരിച്ചിരിക്കും. അലൂമിനിയം അന്ന്‌ വ്യാപകമായിരുന്നില്ല. തറയിൽ പായ ഇട്ട്‌ നടുവിൽ ‘സുപ്ര’ വിരിച്ച്‌ ഭക്ഷണം കൊണ്ട്‌ വന്ന്‌ വെച്ചതിന്‌ ശേഷം എല്ലാവരും വട്ടം കൂടിയിരുന്നാണ്‌ ഭക്ഷണം കഴിക്കുക. ഒരു വലിയ ‘കോപ്പ’യിൽ നിന്ന്‌ തന്നെയാണ്‌ വെളളവും കുടിക്കുക.

ഭക്ഷണത്തിന്‌ മുമ്പിലുളള ഇരുത്തത്തിനും പ്രത്യേകതയുണ്ട്‌. വലത്‌ കാലിന്റെ പളള മുകളിൽ വരത്തക്കവിധം വളച്ച്‌ വെച്ച്‌ ഇടത്‌ കാൽമുട്ട്‌ മടക്കിവെച്ച്‌ ഇടത്‌ കൈ അതിൽ ഞാത്തിയിട്ട്‌ കുനിഞ്ഞിരുന്നു വലത്‌ കൈകൊണ്ട്‌ ഭക്ഷണം കഴിക്കുന്നു. അതിനിടയിൽ സംസാരിക്കൽ അനുവദനീയമായിരുന്നില്ല. ഒരു തരിപോലും ഭക്ഷണം ബാക്കി വെക്കാതെയും നിലത്ത്‌ കളയാതെയും കഴിക്കുക എന്നതും പ്രത്യേകതയാണ്‌. ഇത്തരം രീതികൾ ഇന്നും അറേബ്യൻ നാടുകളിൽ നിലവിൽ ഉണ്ട്‌. ഇങ്ങനെയുളള ഭക്ഷണം കഴിക്കൽ കൊണ്ടുളള ഉപകാരം എന്ത്‌ എന്ന്‌ ലേഖകൻ ബേപ്പൂരിലെ വലിയ പറമ്പിൽ ‘ബിച്ചയിശ’ എന്നവരോട്‌ ചോദിച്ചപ്പോൾ ‘ വീട്ടുകാർ തമ്മിലുളള സ്‌നേഹം, ഒത്തൊരുമ എന്നിവയായിരുന്നു ലക്ഷ്യം.’ ഇന്ന്‌ അതിന്റെ അഭാവം എല്ലാ കുടുംബങ്ങളിലും കണ്ടു വരുന്നു എന്നും സൂചിപ്പിച്ചു. അപ്രകാരം ഭക്ഷണത്തിന്‌ ശേഷം ഒരു ചെറിയ കുടുംബയോഗവും നടക്കൽ പതിവാക്കിയിരുന്നു.

ആദ്യകാലം മുതലേ അതിഥി സൽക്കാരത്തിന്‌ മുന്നിട്ട്‌ നിൽക്കുന്ന സ്‌ഥലമാണ്‌ കോഴിക്കോട്‌. കോഴിക്കോട്ടെ വിവാഹചടങ്ങുകളിൽ മാത്രം കണ്ട്‌ വരുന്ന രീതികൾ വിത്യസ്‌തമാണ്‌. റംസാൻ, വിവാഹം, സൽക്കാരം എന്നിവക്കെല്ലാം വളരെയേറെ പ്രാധാന്യം ഉണ്ട്‌.

മൂടീം പണവും ഃ വിവാഹദിവസം മണവാളന്റെ കൂടെ സുഹൃത്തുക്കളും മറ്റുമായി 50-ളം ആളുകൾ രാത്രിയിൽ മണവാട്ടിയുടെ വീട്ടിൽ പോവുന്നു. അവർക്ക്‌ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരിക്കും. കല്യാണത്തിന്റെ പകലിലെ ഭക്ഷണത്തേക്കാൾ ഗംഭീരമായിരിക്കണം. അതിൽ പഴവർഗ്ഗങ്ങൾ നിർബന്ധമാണ്‌. എല്ലാതരം പഴവർഗ്ഗങ്ങളും ഉണ്ടാകും. മാങ്ങ, പൈനാപ്പിൾ, ഓറഞ്ച്‌, തണ്ണിമത്തൻ, മുന്തിരി, ആപ്പിൾ, പഴം മുതലായവ ഉണ്ടായിരിക്കണം. ഇതിനിടയിൽ തിന്നുവരെ ഒന്ന്‌ പറ്റിക്കാൻ വേണ്ടി ഇവകൾക്കിടയിൽ ഈർക്കിളിപോലോത്തവ കയറ്റുന്നതും പതിവാണ്‌. പഴത്തിലും ആപ്പിളിലും സാധാരണ കാണാം. രാത്രിയിൽ പോവുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കുന്നവരാണ്‌ തയ്യാറാവുക. അവസാനം മണവാളനെ അറയിൽ കയറ്റിയതിന്‌ ശേഷം ഏകദേശം അർദ്ധരാത്രിയോടെയാണ്‌ അവർ തിരിച്ചു വരിക.

ഇരുത്തം ഃ കല്യാണം കഴിഞ്ഞ്‌ 2-3- ദിവസം കഴിഞ്ഞതിന്‌ ശേഷം മണവാട്ടിയുടെ വീട്ടിൽ നിന്ന്‌ ഏകദേശം 50-ളം സ്‌ത്രീകൾ വീട്ടിലേക്ക്‌ പോവുന്നു. അവർ അവിടെ മണിയറയിൽ ‘ഇരിക്കുക’ മാത്രമാണ്‌ ചെയ്യുന്നത്‌. ഇതാണ്‌ ഈ രീതിയുടെ പ്രത്യേകത. 4 മണിയാവുമ്പോൾ അവർക്ക്‌ ഭക്ഷണം നൽകുന്നു. അധികവും കോഴി ബിരിയാണിയായിരിക്കും. കുടുംബത്തിൽ വേണ്ടപ്പെട്ടവരൊക്കെ ഉണ്ടായിരിക്കും. റംസാൻ തുടങ്ങിയാൽ മലബാറിലെ മുസ്ലീം വീടുകൾ ഉണരുകയായി.

വ്യത്യസ്‌തതരത്തിലുളള അപ്പത്തരങ്ങൾ, വിഭവങ്ങൾ എന്നിവയുടെ കാലമാണത്‌. നോമ്പ്‌ 3-ന്‌ തന്നെ മണവാളനെ സൽക്കരിക്കണം. മാസപ്പിറവി അറിഞ്ഞാൽ ഭാര്യവീട്ടുകാർ ഭർത്താവിന്റെ വീട്ടിൽ പോയി അദ്ദേഹത്തേയും സ്‌നേഹിതൻമാരേയും വിളിക്കണം. അവർ വന്ന്‌ ആദ്യത്തെ അത്താഴം കഴിച്ച്‌ തിരിച്ച്‌ പോവുന്നു. നോമ്പിന്‌ ‘ചീരോകഞ്ഞി’ എന്ന കഞ്ഞിയും പ്രധാനപ്പെട്ടതാണ്‌.

വിത്യസ്‌ത തരത്തിലുളള അപ്പങ്ങൾ തന്നെ ഉണ്ടായിരിക്കും. അധികവും കോഴിമുട്ട കൊണ്ട്‌ ഉണ്ടാക്കിയതായിരിക്കും. അത്‌ തന്നെയാണ്‌ പ്രധാനവും. മുട്ടപ്പത്തിരി, മുട്ടസുർക്ക, മുട്ടമാല, ചട്ടിപ്പത്തിരി, സമൂസ, ഏലാഞ്ചി, മുതലായവ അപ്പത്തരങ്ങളിൽ ചിലത്‌ മാത്രം. മൽസ്യം, കടലിൽനിന്നും ലഭിക്കുന്ന കടുക്ക (കല്ലുമ്മക്കായ്‌) എന്നിവ കൊണ്ടും പല വിഭവങ്ങൾ ഉണ്ടാക്കുന്നു. കടുക്ക നിറച്ചത്‌ രുചിയുളള ഒരപ്പമാണ്‌.

മലബാറിലെ മാപ്പിള പലഹാരങ്ങളിൽ ചിലതാണ്‌ താഴെ കൊടുക്കുന്നത്‌ ഃ പൂപത്തിരി, നിറച്ചപത്തിരി, വാഴക്കപത്തിരി, ചട്ടിപത്തിരി, വെളിച്ചെണ്ണപത്തിരി, നൈപത്തിരി. പൂവപ്പം, ഇടിയപ്പം, ബിസ്‌ക്കറ്റപ്പം, ചുക്കപ്പം, തീവണ്ടി അപ്പം, പാലിയപ്പം, അരീരപ്പം, നെയ്യപ്പം, ശംഖപ്പം, നൂലപ്പം, കാരക്കപ്പം, അണ്ടിയപ്പം, വെട്ടപ്പം, ഓട്ടപ്പം, കാരോലപ്പം (ഉണ്ണിയപ്പം, കുഴിയപ്പം), കിണ്ണത്തപ്പം, കൽത്തപ്പം, വെളളകൽത്തപ്പം, അച്ചപ്പം, ചീപ്പപ്പം, കുമ്പളപ്പം, ചേമ്പപ്പം, അട, അടപ്പൊരി, ചുട്ടയട, കോഴിയട, പാലട, അമ്പാരത്തിന്റട, മീനട, വാഴക്കട, മുട്ടമാല, മുട്ടസുർക്ക, മുട്ട മറിച്ചത്‌, മുട്ടക്ലാഞ്ചി, മുട്ടമുക്കിപൊരിച്ചത്‌, എളളും പുട്ട്‌, അണ്ടിപുട്ട്‌, ചരിട്ടപുട്ട്‌, കടലപുട്ട്‌, വാഴപ്പോള, സീർവാഴക്ക, വാഴക്കപ്പാല്‌, ഇറച്ചിപിടി, മീൻപിടി, രായ്‌പിടി, ഈന്ത്‌പിടി, ക്‌ട്‌ത, പുളിവാളൻ, മണ്ട, പഞ്ചാരപ്പാറ്റ, അലീസ, അല്ലാഹു അഅ​‍്‌ലം, ചിരട്ടമാല, കുറൈവത്ത്‌, റവ ഉണ്ട, വെട്ട്‌കേക്ക്‌, തരിപ്പോള, പഴം നിറച്ച്‌ പൊരിച്ചത്‌, ചക്കനിറച്ച്‌ പൊരിച്ചത്‌, അവിൽ വിളയിച്ചത്‌, കൂന്തൾ നിറച്ചത്‌.

Generated from archived content: nattariv_may7.html Author: m_anvarrasheed_ayishbi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here