പാണന്മാരുടെ ഒരു പ്രധാനപ്പെട്ട കുലത്തൊഴിൽ തുയിലുണർത്തുപാട്ടുപാടുക എന്നതാണ്. അമ്പലത്തിലെ തേവരെ പാട്ടുപാടി സ്‌തുതിച്ച് ഉറക്കം ഉണർത്തുന്നതാണ് തുയിൽ ഉണർത്തൽ (തുയിൽ =ഉറക്കം). കർക്കിടകമാസം ഒന്നാംതീയതി ശ്രീ ഭഗവതിയെ വരവേല്‌ക്കുക എന്ന ചടങ്ങുണ്ടല്ലോ. അതിനെ ഉദ്ദേശിച്ച് പാണനും അയാളുടെ സഹധർമ്മിണിയായ പാട്ടിയും കൂടി പുലരുന്നതിനു വളരെമുമ്പ് അമ്പലനടകളിലും, വീടുകൾതോറും പോയി, ഉടുക്കുകൊട്ടി തുയിലുണർത്തുപാട്ടുപാടി അവകാശം വാങ്ങുക പതിവായിരുന്നു. ഈ ചടങ്ങ് പട്ടണപ്രദേശങ്ങളിൽനിന്നും പോയിരിക്കുന്നു. ഉൾനാടുകളിൽ ചില ഇടത്ത് അപൂർവ്വമായി ഇത് നടക്കുന്നുണ്ട്.
ഈ പാട്ടുപാടുമ്പോൾ അവർ അവരെതന്നെ വിശേഷിപ്പിക്കുന്നത് തിരുവരങ്കത്ത് പാണനാർ എന്നാണ്. ഇതിന്റെ പിന്നിൽ രസകരമായ ഒരൈതിഹ്യമുണ്ട്.
തമിഴ്‌നാട്ടിൽ തൃശ്ശിനാപ്പിളളിക്ക് തൊട്ടടുത്ത് കാവേരി നദിയിലെ ഒരു തുരുത്താണ് ശ്രീരംഗം എന്ന പുണ്യക്ഷേത്രം. ഇവിടെ രംഗനാഥർ എന്ന പേരിൽ അറിയപ്പെടുന്ന മഹാവിഷ്‌ണു അനന്തശയനനായി പളളികൊണ്ടിരിക്കുകയാണ്. ഈ ക്ഷേത്രം അയ്യങ്കാർമാരുടെ ഒരു കേന്ദ്രമാണ്.
തമിഴിൽ ‘പൺ’ എന്ന വാക്കിന് രാഗം എന്നർത്ഥമുണ്ട്. ‘പൺപാടുന്നവൻ പാണൻ’. വളരെ പണ്ട് ശ്രീരംഗത്ത് പരമഭക്തനായ ഒരു പാണൻ ഉണ്ടായിരുന്നു. പാട്ടിൽ വളരെ കേമൻ. അയിത്തക്കാരൻ ആയതുകൊണ്ട് ഗോപുരത്തിന്റെ പുറത്തുനിന്ന് തേവരെ സ്‌തുതിച്ചുപാടുക പതിവായിരുന്നു. ഒരുദിവസം മതിമറന്നു പാടിക്കൊണ്ടിരിക്കുമ്പോൾ അമ്പലത്തിലെ പൂജാരിക്ക് ആ വഴി പോകുവാൻ അത് തടസ്സമായത്രെ. മാറിനിൽക്കുവാൻ പറഞ്ഞത് ഇയാൾകേട്ടില്ല. പൂജാരി ഒരു കല്ലെടുത്ത് ഇയാളുടെ മേല എറിഞ്ഞു. മുറിവുപറ്റി ചോരവന്നു. ബോധം വന്ന പാണൻ വഴിമാറിക്കൊടുത്ത് ക്ഷമയാചിച്ചു.
പൂജാരി ശ്രീലകത്ത് പോയി നോക്കിയപ്പോൾ ബിംബത്തിന്റെ മേൽ ചോരകണ്ടു. അപ്പോൾ ഒരശരീരി കേട്ടു. ‘നീ എന്റെ ഭക്തനായ പാണന്റെ മേൽ എറിഞ്ഞത് എനിക്കാണ് ഏറ്റത്. ഇതിനു പ്രായശ്ചിത്തമായി നീ പോയി ആ പാണനെ നിന്റെ തോളിൽ കയറ്റി ഇങ്ങോട്ടുകൊണ്ടുവാ’എന്ന്. പൂജാരി ഭയപ്പെട്ട് ഗോപുരവാതുക്കലേക്ക് ഓടി. പാണൻ അപ്പോഴും അവിടെ പാടിക്കൊണ്ട് നിൽക്കുകയായിരുന്നു. പൂജാരിയെകണ്ട് പാണൻ ഭയപ്പെട്ടു ക്ഷമാപണം ചെയ്‌തു. പൂജാരിയാകട്ടെ പാണനെ സമസ്‌കരിച്ച് അയാളുടെ പ്രതിഷേധത്തെ അവഗണിച്ച് തന്റെ തോളിൽ കയറ്റി ശ്രീലകത്ത് കൊണ്ടുപോയി തേവരുടെ മുമ്പിൽ നിർത്തി. പാണൻ ദിവ്യതേജോമയനായി ബംബത്തോട് ഐക്യംപ്രാപിച്ചു എന്നാണ് ഐതിഹ്യം. ഈ ദിവ്യന്റെ പരമ്പരയിൽ വന്നവരാണത്രെ കേരളത്തിലെ പാണന്മാർ. അതുകൊണ്ടാണ് അവർ തിരുവരംഗത്തു പാണൻ എന്നു സ്വയം വിശേഷിപ്പിക്കുന്നത്. അങ്ങിനെയാണ് ഇവർക്ക് തുവിലുണർത്തുപാട്ടുപാടാനുളള അവകാശം സിദ്ധിച്ചതത്രെ.
ശ്രീരംഗത്തെ പരമഭക്തനായ ഈ പാണനെ തിരുപ്പാൺ ആഴ്‌വാർ എന്ന പേരിൽ ഒരു ദിവ്യനായി കൊണ്ടാടപ്പെടുന്നു. അദ്ദേഹം രചിച്ച പാട്ടുകളിൽ പലതും ഇപ്പോൾ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ ഒരു തുയിലുണർത്തുപാട്ടിൽ
“ശിവാ ബോദി മഹാ ബോദി
ഗംങ്ങാ ഭഗവതി ഉറക്കൊഴിയാ
ഗംങ്ങാ ഭഗവതി താനുമോരാലെ
പളളിവിളക്കു കൊളുത്തുന്നേ
പളളിവിളക്കു കൊളിത്യുടനമ്മാ
പടിത്തിണ്ണേമ്മലും വെയ്‌ക്കുന്നേ
കാകരി എന്നൊരു നെയ്‌പാകർന്ന്
കനകരത്‌ന തിരിയുമിട്ട്”
എന്നും മറ്റും ഇതിന് സാവേരി രാഗ ഛായയാണ് കണ്ടിട്ടുളളത്) പാട്ടു പാടുന്ന ആ വീട്ടിൽ ദേവിയുടെ കടാക്ഷത്താൽ ഐശ്വര്യമുണ്ടാകണം എന്നാണ് പ്രാർത്ഥന.
വേറെ ഒരു പാട്ടിൽ പാൽക്കടലിൽ പളളികൊണ്ട ഭഗവാൻ ശ്രീനാരായണൻ ഉറക്കം ഉണർന്നില്ലത്രെ. എന്തൊക്കെയോ ചെയ്‌തിട്ടും ഫലമുണ്ടായില്ല. കണിയാനെ വിളിച്ച് പ്രശ്‌നം വെപ്പിച്ചുനോക്കിയാൽ തിരുവരങ്കത്തു പാണനെ വിളിച്ച് തുയിലുണർത്തുപാട്ടു പാടിയാലെ ഭഗവാൻ ഉണരുകയുളളൂ എന്നുകണ്ടു തിരുവരങ്കത്തു പാണനെ കൊണ്ടുവന്നു. അയാൾ പാടി.
“എന്തുമ്മേലെ ഏവാതമ്മിലുമേ
തുയിൽകൊണ്ടു ഭഗവാനും……
അരയാലിന്റെ വടക്കേ പോയ
കൊമ്പതിന്മേൽ പളളികൊണ്ടു…..
കണ്ണിവെറ്റില നരകതിന്മേൽ
പളളികൊണ്ടു ഭഗവാനും”
ഇങ്ങനെ തിരുവരങ്കത്തു പാണൻ പാടിയപ്പോൾ ഭഗവാനുണർന്ന് എല്ലാവരേയും അനുഗ്രഹിച്ചു എന്നും മറ്റുമാണ് പാട്ടിലെ ഉളളടക്കം. ഇതിന്ന് എരിക്കിലകാമോദരി രാഗത്തിന്റെ ഛായയുണ്ട്.
ഈ പാട്ടുകൾ തുടങ്ങുന്നതിനുമുമ്പ് ഒരുചെറിയ രാഗാലാപനവും ഒരു ശ്ലോകവും ഇവർ പാടാറുണ്ട്. ഇതിനെ കലത്ര പാടുക എന്നാണവർ പറയുക. അടാട്ട് എന്ന സ്ഥലത്തെ ഒരു പാണൻ പാടിക്കേട്ട കലത്ര കുരൂരമ്മ ഗുരുവായുരപ്പനെ പറ്റി പാടിയതാണത്രെ.
“ഉണ്ണീവാവാ കുളിച്ചീടുക ഉഴറി വിരവിൽ
കുറിയിട്ടുണ്ണേണമേ കുമാര
ഇന്നല്ലോ നിൻ പിറന്നനാൾ
തെളിപൊടിയുമണിഞ്ചെന്തീവണ്ണം കിടപ്പ
എന്നെല്ലാം യശോദ വചനമതുകേട്ട
മെല്ലെ ചിരിച്ചോരുണ്ണിക്കണ്ണന്റെ ഭാവം
പുനരൊരുനാൾ കാണ്മതിൻ ഭാഗ്യമുണ്ടോ”
ഇതുപാടിക്കേട്ടത് നാട്ടക്കുറിഞ്ചി രാഗത്തിലായിരുന്നു. ഇവർ പാടുന്ന ചില കലത്ര പാട്ടുകൾ തമിഴിലാണ്. മിഥുനമാസത്തിൽ ഇവർ ഒരു കുറത്തിയുടെ വേഷം കെട്ടി വീടുതോറും പോയി, പാടി നൃത്തംവെച്ച് അവകാശങ്ങൾ വാങ്ങിക്കാറുണ്ടായിരുന്നു. താഞ്ചാമലയുടെ തന്നടുവേ അമ്മ എന്നു തുടങ്ങുന്ന പാട്ട്‌തമിഴ് ഭാഷയിലാണ്. ഇത് ആനന്ദഭൈരവിയിലാണ് പാടിക്കേട്ടത്.
ഈ പറഞ്ഞതെല്ലാം തൃശ്ശൂർ ജില്ലയിലെ പാണന്മാരെ സമീപിച്ചതിൽ നിന്നും മനസ്സിലായതാണ്. പ്രാദേശികമായി പാട്ടുകൾക്കും അവ പാടുന്ന രീതിക്കും വളരെ വ്യത്യാസം കാണുന്നുണ്ട്.
തൃശ്ശൂർ ജില്ലയിൽ പാണന്മാരിൽ നല്ല ചെണ്ട കൊട്ടുകാരെ കാണാം. അവർ ക്രിസ്‌ത്യാനികളുടെ വിശേഷദിവസങ്ങളിലെ എഴുന്നളളിപ്പിന് മേളം കൊട്ടുക പതിവാണ്. മേളത്തിലെ കുറുങ്കുഴലിൽനിന്നാണ് അവർ നാഗസ്വരത്തിലേക്ക് കടന്ന് ചിലർ നല്ല നാഗസ്വര തകിൽ വിദ്വാന്മാരായിരിക്കുന്നു.
പാലക്കാട് ജില്ലയിൽ പാണന്മാർ പൊറാട്ടുനാടകം നടത്തുന്നുണ്ട്. തമിഴും മലയാളവും ഇവർക്ക് ഒരേ നിലവാരത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കും.
പഴയ തമിഴ് രാജാക്കന്മാരുടെ കൊട്ടാരത്തിൽ പാണർക്ക് വലിയ സ്ഥാനമായിരുന്നു. ഇവരെ പറ്റിയുളള വിവരങ്ങൾ ഉന്നതതമിഴ് കൃതികളായ പെരുമ്പാണാറ്റുപടൈ, ചെറുപാണാറ്റുപടൈ എന്നും മറ്റുമുളളവയിൽ കാണാം.
പാലക്കാട് ജില്ലയിൽ ഈഴവ-തണ്ടാൻ കുടുംബങ്ങളിൽ കല്യാണക്കുറി കൊണ്ടുകൊടുക്കുവാനുളള അവകാശം ഇവർക്കായിരുന്നു എന്ന് ഡോ. എ. അയ്യപ്പൻ നായാടികൾ എന്ന പഠനത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
ഈ ലേഖകൻ തൃശ്ശൂരിൽ പാണർ മഹാസഭയുടെ ഒരു വാർഷികത്തിനു പോയിരുന്നു. അവിടെ പാണന്മാരുടെ കുട്ടികൾക്ക് ഭരതനാട്യം, ലൈറ്റ്‌മ്യൂസിക് എന്നും മറ്റും ചില മത്സരങ്ങൾക്ക് സമ്മാനം കൊടുക്കുകയുണ്ടായി. ഭാരവാഹികളോട് ‘പാണപാട്ടിൽ മത്സരമൊന്നും ഇല്ലേ എന്ന്“ ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ”ആർക്കുവേണം സാറേ ഈ പാണപാട്ടുകൾ“ എന്നാണ്. ഞാൻ അവരോട് വീണ്ടും ചോദിച്ചു പണ്ട് നാട്ടുകാരുടെ വീട്ടിൽപോയി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പാടുന്നുണ്ടല്ലോ. നിങ്ങളുടെ വീട്ടിൽതന്നെ ദിവസം സന്ധ്യക്ക് ഈ പാട്ടുകള പാടിയാൽ നിങ്ങൾക്ക് ഐശ്വര്യം ഉണ്ടാവും എന്നതിൽ നിങ്ങൾക്ക് സംശയം തോന്നുന്നുവോ എന്ന്. അതിന് മറുപടി ഉണ്ടായില്ല.
ഈ ലേഖകന്റെ അന്വോഷണത്തിൽ പാണന്മാരുടെ കണ്‌ഠം പരക്കെ നല്ലതാണ്. ആ കാര്യത്തിൽ അവരുടെ ജീനുകളെക്കുറിച്ച് ഗവേഷണം നടത്തേണ്ടതാണ്.
നാടോടി കലാകാരന്മാർക്ക് അവരുടെ കലയിൽ അഭിമാനം കുറഞ്ഞിരിക്കുന്നു. അതിന്ന് കാരണങ്ങൾ പലതാവാം. പക്ഷെ അവരുടെ കലകളിൽ അവർക്ക് അഭിമാനം നഷ്‌ടപ്പെട്ടാൽ ആ കലകളുടെ തിരോധാനം വിദൂരത്തല്ല. നാടോടിക്കലകളിൽ താല്‌പര്യമുളളവർ ആ കലാകാരന്മാരുടെ സ്വാഭിമാനം വീണ്ടെടുക്കുവാൻ പ്രയത്നിക്കേണ്ടതുണ്ട്.
പാണപ്പാട്ടുകളെപ്പറ്റി ഗവേഷണം ചെയ്‌ത് ലേഖനങ്ങളും പുസ്‌തകങ്ങളും എഴുതുന്നവർ അതിലെ ഭാഷാപരമായും സാമൂഹ്യപരമായും ഉളള കാര്യങ്ങളേ കാര്യമായിട്ടു നോക്കുന്നുളളൂ. അതിലെ കലാഭാഗം (സംഗീതം മുതലായവ) നോക്കുന്നില്ല.
സോപാനസംഗീതത്തെക്കുറിച്ച് ഗവേഷണം നടത്തുന്നു എന്നു പറയുന്നവർ ഇവരെ തിരിഞ്ഞുനോക്കുന്നില്ല എന്ന ദുഃഖസത്യം ബാക്കി നിൽക്കുന്നു. ഒരു ചെറിയ തമാശകൂടി പറഞ്ഞ് ഇത് നിർത്താം. പാട്ടു ടീച്ചറായ ഒരു പാണസ്‌ത്രീയോട് ചർച്ചചെയ്യുമ്പോൾ അവർ പറഞ്ഞുഃ ”ഞാൻ തൃശൂർ വി.ജി.സ്‌കൂളിൽ പാട്ടുപഠിച്ച് പാസ്സായി. ഞാൻ പഠിക്കുമ്പോഴുളള കുട്ടികളിൽ പകുതി പാണന്മാരും പകുതി പട്ടന്മാരുമായിരുന്നു.“ എന്ന് ഈ രണ്ടുസമുദായങ്ങൾക്ക് പാട്ടിനോടുളള അഭിനിവേശത്തിന് വേറെ സർട്ടിഫിക്കറ്റ് വേണോ?
Generated from archived content: pattu1_jan23_07.html Author: ls_rajagopalan