അഗ്രഹാരങ്ങളിലെ ‘നാടകങ്ങൾ’

ശ്രീ ജയന്തിയും പാലും ശിവരാത്രിയും പാലും

ശ്രീകൃഷ്‌ണരായരുക്കു തിരുവെളക്കെണ്ണൈ

എണ്ണവാർത്താൽ എണ്ണൈ അല്ലാട്ടാ ബൊമ്മൈ

ശരി എണ്ണൈ വാർത്താൽ ചമത്തനൈ പെറുവായ്‌

കുഞ്ചലം പോലെ കുഴന്തയൈ പെറുവായ്‌

മാനേ മാനേ വഴിവിടാതേ മാനേ എന്തരാശാ വന്താലും

വഴിവിടാതെ മാനേ കൊച്ചിരാശാ വന്താലും കുമ്പിടാതെ മാനേ

(പാട്ടിന്റെ പൊരുൾ. ശ്രീകൃഷ്‌ണജയന്തിക്കും ശിവരാത്രിക്കും വേണ്ടി എണ്ണ തരണേ. എണ്ണയില്ലെങ്കിൽ കളിപ്പാട്ടങ്ങളെങ്കിലും തരിക. ധാരാളം എണ്ണ തന്നാൽ നിങ്ങൾക്ക്‌ സുന്ദരനായ ഒരാൺകുട്ടി ജനിക്കും. വീടിന്റെ തിണ്ണയിലിരുന്ന്‌ ധർണ്ണ നടത്തുകയാണ്‌. എണ്ണകിട്ടാതെ ഞങ്ങൾ പോകില്ല. ഏതു മഹാരാജാവ്‌ വന്നാലും ഞങ്ങൾ എളകില്ല).

ശ്രീകൃഷ്‌ണജയന്തി, ശിവരാത്രി, മുതലായ വിശേഷങ്ങൾക്കുമുമ്പായി അഗ്രഹാരങ്ങളിലെ ചെറിയ പെൺകുട്ടികൾ എണ്ണ ‘തെണ്ടാൻ’ ഗ്രാമത്തിലെ ഓരോ വീട്ടിലും ചെന്ന്‌ എണ്ണ ചോദിക്കുവാൻ പാടുന്ന പാട്ടാണിത്‌. ഈ ദിവസങ്ങളിൽ രാത്രി ഉറക്കമൊഴിക്കണം. അതിന്ന്‌ കുട്ടികൾ നാടകങ്ങളും മറ്റും അവതരിപ്പിക്കുക പതിവായിരുന്നു. ഇങ്ങനെ ശേഖരിച്ച എണ്ണ അവർ കളിക്കാൻ പോകുന്ന നാടകത്തിന്‌ കളിവിളക്കും, ചിലപ്പോൾ പന്തവും വെക്കുവാനാണ്‌.

ഋതുമതികളാകാത്തവരും കല്യാണം കഴിയാത്തവരും ആയ പെൺകുട്ടികളായിരിക്കും മിക്കവാറും. ചെറിയ ആൺകുട്ടികളും ഉണ്ടാകാം. പുരാണങ്ങളിൽ നിന്നും എടുത്ത കഥകളായിരിക്കും സാധാരണ അവതരിപ്പിക്കാറ്‌. അവിടെയുളള സംസ്‌കൃത&തമിഴ്‌ പണ്‌ഡിതൻമാർ അവയ്‌ക്കുവേണ്ട നാടകത്തിന്‌ ഉളള സംഭാഷണവും പാട്ടും മറ്റും എഴുതിക്കൊടുക്കും. അങ്ങിനെ തയ്യാറാക്കിയ രാമായണനാടകം പുതുക്കോട്‌ (പാലക്കാട്‌ ജില്ല) ഉണ്ടായിരുന്ന ഒരു പണ്‌ഡിതൻ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അതിലെ ഒരു തമാശ മാത്രം ഓർമ്മയിൽ നിൽക്കുന്നു. വിശ്വാമിത്ര മഹർഷി ദശരഥരാജാവിനെ കാണാൻ ചെന്നപ്പോൾ ദ്വാരപാലകർ വഴി തടഞ്ഞു. അതിൽ അദ്ദേഹം ശുണ്‌ഠികടിച്ച്‌ അദ്ദേഹത്തിന്റെ കഴിവുകളെപ്പറ്റി പറയുകയും ഒടുവിൽ “കൗശികൻ വിശ്വാമിത്രമുനി വന്നിട്ടുണ്ട്‌ എന്ന്‌ രാജാവിനോടും വേഗം പോയി പറയിന്നെട ‘റാസ്‌കൽ’മാരേ.” അങ്ങിനെ അതിൽ ഒരു ഇംഗ്ലീഷ്‌ പദം ഉപയോഗിച്ചു കണ്ടു.

പഴമ്പാഴക്കോട്‌ ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒരു നല്ല പണ്‌ഡിതൻ ‘സീമന്തിനീ’ നാടകം ഈ ആവശ്യത്തിനുവേണ്ടി രചിക്കുകയുണ്ടായി. അതിൽ എന്റെ ശ്വശുരൻ ‘ബാലപാർട്ട്‌? അഭിനയിച്ചിട്ടുണ്ട്‌. ഈ പണ്‌ഡിതൻ സംസ്‌കൃതത്തിൽ രചിച്ച മധുരമീനാക്ഷീമാഹാത്‌മ്യം എന്ന പ്രബന്ധത്തിന്റെ കയ്യെഴുത്തു കോപ്പി എനിക്ക്‌ കിട്ടിയിട്ടുണ്ട്‌. പണ്ടുകളിച്ചിരുന്ന നാടകങ്ങളിൽ ഒരു ബാലപാർട്ട്‌, ഒരു സ്‌ത്രീപാർട്ട്‌, ഒരു രാജാപാർട്ട്‌, ഒരു കളളൻ പാർട്ട്‌ എന്ന പല വേഷങ്ങൾ ഉണ്ടായിരിക്കും. അതിലെ ഒരു ബാലപാർട്ടിനെപ്പറ്റിമുമ്പിൽ പറഞ്ഞുവല്ലോ. എന്റെ മഠത്തിൽ ഇതുമാതിരി ഒരു ധ്രുവചരിതം നാടകം കളിച്ചപ്പോൾ ഞാൻ ബാലനായ ധ്രുവന്റെ വേഷം കെട്ടിയത്‌ ഓർക്കുന്നു. നല്ല വെൽവെറ്റ്‌ ഉടുപ്പിട്ട്‌ അരങ്ങിൽ വന്ന്‌ ചില കുട്ടിക്കളി കാണിച്ചതായും ഓർക്കുന്നു.

ഈ നാടകങ്ങളിൽ പാട്ടിന്‌ നല്ല പ്രാധാന്യം ഉണ്ടായിരുന്നു. മിക്ക ബ്രാഹ്‌മണ ബാലികമാരുംപാട്ടു പഠിക്കുക പതിവായിരുന്നു. നാടകത്തിൽ അവരെ പാട്ടിന്റെ കാര്യത്തിൽ നിർദ്ദേശങ്ങൾ കൊടുക്കാൻ ഗ്രാമത്തിലെ ’ഭാഗവതൻമാർ‘ ഉണ്ടാകും. ഡയലോഗിൽ പാട്ടില്ലാത്തപക്ഷം പാത്രപ്രവേശന സമയത്ത്‌ പാട്ടുണ്ടാകും. സാധാരണ കേൾക്കാറുളള ചില കീർത്തനങ്ങളാണ്‌ ക്ഷീരസാഗര (ദേവഗാന്ധാരി രാഗം). എവറനി (ദേവാമൃതവർഷിണി രാഗം). ദേവി മീനാക്ഷിമുദം (കല്യാണി) മുതലായവ. ഇവ പാടുമ്പോൾ അനുപല്ലവിയിലാണ്‌ തുടങ്ങുക. പല്ലവിയിലല്ല. അനുപല്ലവി ഉച്ചസ്ഥായിയിലായിരിക്കും. അകലെയുളളവർക്കും നല്ലപോലെ കേൾക്കാം. അങ്ങിനെ ക്ഷീരസാഗരാ എന്ന പാട്ട്‌ “വാരണ രാജനി ബ്രോവനു വേഗമേ” (ഗജശ്രേഷ്‌ഠനെ രക്ഷിക്കാൻ വേഗത്തിൽ എവറനി എന്നതിന്‌ “ശിവുഡനു മാധവുഡനു കമലാഭവാസനു” (ശിവനായിട്ടോ വിഷ്‌ണുവായിട്ടോ ബ്രഹ്‌മാവായിട്ടോ) എന്നും ദേവേ’മീനാക്ഷി എന്ന പാട്ടിന്‌ ‘പാവന മധുരാ നിലയേപാണ്‌ഡ്യ രാജതനയേ“ എന്നുമാണ്‌ തുടങ്ങുക. ഈ സാങ്കേതിക വിദ്യ സാധാരണ നാടകങ്ങളിൽ കാണുന്നതാണ്‌. ഉടുപ്പിന്റെ കാര്യത്തിൽ ഗ്രാമങ്ങളിൽ ’പട്ടുചേലകൾക്ക്‌‘ പ്രയാസമില്ലല്ലോ. പുരുഷൻമാർക്ക്‌ കസവു പട്ടുവേഷ്‌ടികളും കാണും. ബാക്കി വേണ്ടവ മുതിർന്നവരുടെ സഹായത്തോടെ അവർ സംഘടിപ്പിക്കും. പാലക്കാട്‌ കുമരപുരം ഗ്രാമത്തിൽ രഥോൽസവത്തിനോടനുബന്ധിച്ച്‌ നടന്നുവരുന്ന ഒരു പ്രഹസനമാണ്‌ കളളനെ പിടിക്കൽ. തേവരെ രഥത്തിൽ എഴുന്നളളിച്ച്‌ നിർത്തിയാൽ ഭടൻമാരുടെ വേഷം കെട്ടിയ ചിലരെ പിടിച്ചുകൊണ്ടുവന്ന്‌ തേവരുടെ മുമ്പിൽ ഹാജരാക്കും. തിരുമുതൽ കട്ടു എന്നാണ്‌ സങ്കൽപം. തേവർ അവർക്ക്‌ താക്കീത്‌ കൊടുത്തു വിട്ടയയ്‌ക്കും. കുമരപുരത്തുതന്നെയുളള വേറെ ഒന്നാണ്‌ ’കോണങ്കി‘. നാടകങ്ങളിലുളള വിദൂഷകൻ എന്ന സങ്കൽപത്തിൽ വന്ന്‌ ചില വികടവചനങ്ങൾ പറയുകയാണ്‌ ഇയാളുടെ പതിവ്‌.

മാനത്തിലെ പറപ്പതേ പക്ഷിയാം എങ്കൾ കാമരപുരം ഗ്രാമത്തിൽ രണ്ടുകക്ഷിയാം

വേലിക്കി ഇടുവതേ തറിയാം എങ്കരങ്കനാഥൻ തിമ്പതേക്കറിയാ

അറുപതുക്ക്‌ മേലെ കെഴമാം എങ്കൾ വരദരാജൻ തിമ്പന്‌ പഴമാം.

ഈ നാടകങ്ങള ബാലിശമായി കണക്കാക്കരുത്‌. എന്തെന്നാൽ ഇവയിലൂടെ വളർന്നു വന്നവയാണ്‌ തമിഴ്‌നാട്ടിലെ പല പ്രശസ്തനാടകങ്ങളും നടൻമാരും. അവയിൽ ഏറ്റവും പ്രശസ്‌തമായി നിലകൊളളുന്നത്‌ മേലാട്ടൂരിലെ ഭാഗവതമേളാനാടകങ്ങൾ. തഞ്ചാവൂർ ജില്ലയിലുളള ചില ഗ്രാമങ്ങളിൽ ഗ്രാമീണർതന്നെ ഗ്രാമത്തിലെ ’തിണ്ണ‘കളിൽ അവസരിപ്പിച്ചുപോന്നിരുന്ന നാടകങ്ങളാണിവ. മേലാട്ടൂരിൽ നരസിംഹജയന്തിയോട്‌ അനുബന്ധിച്ചുളള ഉൽസവത്തിൽ ഇപ്പോഴും ഈ നാടകങ്ങൾ വളരെ പ്രശസ്‌തനിലയിൽ അവതരിപ്പിച്ചുവരുന്നു. ഇവയിലെ നൃത്തത്തോടുകൂടിയ അഭിനയവും പിന്നണിയിൽ മനോഹരമായി പാടുന്ന പാട്ടുകളും പ്രസിദ്ധി ആർജ്ജിച്ചവയാണ്‌. ആ ഗ്രാമക്കാരുടെ ഉൽസാഹത്താൽ അവരിപ്പോഴും ഉന്നതനിലവാരം പുലർത്തിവരുന്നു. പക്ഷെ കേരളത്തിലെ അഗ്രഹാരങ്ങളിൽ ശ്രീകൃഷ്‌ണജയന്തിക്കും മറ്റും കുട്ടികൾ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു എന്നത്‌ ഇപ്പോഴത്തെ തലമുറ അറിയുന്നതുപോലുമില്ല.

Generated from archived content: porattu_nov27.html Author: ls-rajagopalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here