കൂടിയാട്ടത്തിലെ പൊറാട്ട്‌

കൂടിയാട്ടത്തിലെ പൊറാട്ടിന്റെ – തമാശയുടെ – ആളാണ്‌ വിദൂഷകൻ. സംസ്‌കൃത നാടകങ്ങളിൽ നായകന്റെ (രാജാവിന്റെ) ഒരുറ്റ ചങ്ങാതിയായിട്ട്‌ അവതരിപ്പിക്കപ്പെടാറുളള ഒരു കഥാപാത്രമാണ്‌ വിദൂഷകൻ. അയാൾ വലിയ പഠിപ്പൊന്നുമില്ലാത്ത ബ്രാഹ്‌മണനായിരിക്കും. കവിതയിൽ കുറേശ്ശെ വാസനയുണ്ടായിരിക്കും. തമാശ തട്ടിവിടലായിരിക്കും അയാളുടെ പ്രധാന കർത്തവ്യം. അതിനാൽ അയാളെ ‘നർമ്മസചിവൻ’ എന്നു പറയാറുണ്ട്‌. സംസ്‌കൃതനാടകങ്ങളിൽ വിദൂഷകൻ പ്രാകൃതഭാഷയിലാണ്‌ സംസാരിക്കുക. പക്ഷെ കൂടിയാട്ടത്തിൽ ഇയാൾക്ക്‌ മലയാളഭാഷയിൽ സംസാരിക്കുവാൻ അനുവാദമുണ്ട്‌. അതിനുപുറമേ സദസ്സിലുളള ഏതൊരാളെയും ചൂണ്ടിക്കാണിച്ച്‌ അയാളെ കഥയിലുളള ഒരു കഥാപാത്രമാണെന്ന്‌ സങ്കല്പിച്ച്‌ കളിയാക്കുവാനും വിമർശിക്കുവാനും പൂർണ്ണ അധികാരമാണ്‌. കാണികൾക്ക്‌ അതിനെ എതിർക്കുവാൻ അവകാശമില്ല.

ഏതുവിഷയത്തെക്കുറിച്ചും വിദൂഷകൻ സംസാരിക്കും. നായകൻ സംസ്‌കൃതത്തിൽ ഉന്നതനിലവാരം പുലർത്തുന്ന എന്തെങ്കിലും ഒരു ശ്ലോകം ചൊല്ലിയാൽ അതിന്‌ മലയാളത്തിൽ ഒരു പ്രതിശ്ലോകം അയാൾ ചൊല്ലും – പക്ഷെ അത്‌ താണനിലവാരത്തിലും, ചിരിവരുത്തുന്നതും ആയിരിക്കും. ഇംഗ്ലീഷിൽ BATHOS (from the SUBLIME to the REDICULOUS) എന്ന ‘അലങ്കാരത്തിന്‌’ നല്ല ഉദാഹരണങ്ങളാണവ. ഈ താണ നിലവാരം ചിലപ്പോൾ അതിരുകടന്നുപോകും. അതിനാലാണ്‌ വിദൂഷകന്റെ ‘പുരുഷാർത്ത്‌’ എന്നറിയപ്പെടുന്ന ഇനത്തിൽ ‘വേശ്യാവഞ്ചനം’ എന്ന ഭാഗം ഇപ്പോൾ പറയാതിരിക്കുന്നത്‌.

ചാക്യാർകൂത്ത്‌ എന്നത്‌ വാസ്‌തവത്തിൽ സംസ്‌കൃത നാടകത്തിലെ ഒരു ഭാഗമാണ്‌. സൗകര്യാർത്‌ഥം അത്‌ വേർതിരിച്ച്‌ തനതായി അവതരിപ്പിക്കപ്പെടുന്നു എന്നുമാത്രം. ഇത്‌ നടത്തുന്നത്‌ ‘വിദുഷക’ വേഷം അണിഞ്ഞ നടനാണ്‌. ഭഗവദജ്ജുകം, മന്ത്രാങ്കം എന്നീ കൂടിയാട്ടങ്ങളിൽ വിദൂഷകൻ എന്ന പേരിലല്ല ഈ ഹാസ്യനടൻ പ്രത്യക്ഷപ്പെടുന്നത്‌, പക്ഷേ ഫലിതത്തിന്റെ ശക്തിക്ക്‌ കുറവൊന്നുമുണ്ടാകില്ല. ചില ഉദാഹരണങ്ങൾ

1. ഭഗവദജ്ജുകത്തിൽ ‘ശാണ്‌ഡില്യൻ’ എന്ന ബ്രഹ്‌മചാരി സാപ്പാടിന്‌ വഴികാണാതെ ബുദ്ധവിഹാരത്തിൽ ഒരന്തേവാസിയായി ചേർന്നു. അവിടെ ഒരുനേരം ഉറപ്പാണ്‌. പക്ഷെ, അത്താഴം കഴിക്കാതെ അയാൾക്ക്‌ ജീവിക്കുവാൻ പ്രയാസം. അതിന്‌ പറയുകയാണ്‌.

അത്താഴസ്യ പ്രഭാവേണ

ശക്തിർ ഭവതി പിറ്റേന്നാൾ

തസ്‌മാത്‌ ഭോക്തവ്യം അത്താഴം

മുത്താഴത്തിലുമാദരാൽ.

2. ഒരു ക്ഷേത്രത്തിൽ മേക്കാന്തല കീഴ്‌ക്കാന്തല എന്ന്‌ രണ്ട്‌ ഊരാളൻമാർ. അവർ എപ്പോഴും മൽസരമാണ്‌. എഴുന്നളളത്തിൽ ആരാണ്‌ മുമ്പിൽ നടക്കേണ്ടത്‌ എന്ന തർക്കം വന്നപ്പോൾ അന്യോന്യം ആട്ടുകയും ശകാരിക്കുകയും ചെയ്‌തുകൊണ്ട്‌ പറയുകയാണ്‌,

മേക്കാന്തല – ഭൂഃ ഫൂഃ തേജസ്സില്ലാത്തവനെ, വഷളാ, അതുകൊണ്ടു നോക്കിയാലും ഇതുകൊണ്ടു നോക്കിയാലും ഞാൻ വേണ്ടേ മുമ്പിൽ നടക്കാൻ

കീഴ്‌ക്കാന്തല – ഭൂഃ ഫൂഃ എന്തുകൊണ്ടു നോക്കിയാലും, ഊരായ്‌മകൊണ്ടു നോക്കിയാലും ഞാൻ വേണ്ടടോ മുമ്പിൽ നടക്കാൻ. മേക്കാന്തല – (മേൽപറഞ്ഞതുപോലെ എല്ലാം പറഞ്ഞിട്ട്‌ ഒന്നുംകൂടി കൂട്ടിച്ചേർത്തു പറയുകയാണ്‌) മുക്കാലിവട്ടത്തെ സംബന്ധം കൊണ്ടു നോക്കിയാലും ഞാൻ വേണ്ടേ മുമ്പിൽ നടക്കാൻ (കുറിപ്പ്‌ – പടിയും, പടിപ്പുരയും ഉളള തറവാട്ടിൽ സംബന്ധമുളളവർക്ക്‌ സമൂഹത്തിൽ ഒരു മേൻമയുണ്ടല്ലോ.)

3. എല്ലാവരും കർമ്മത്തിന്‌ അധീനരാണ്‌ എന്ന വിഷയത്തെപറ്റി പറയുമ്പോൾ ബ്രഹ്‌മാവിന്റെയും കുശവന്റെയും പ്രവൃത്തി ഒന്നാണ്‌ എന്നുകാണിക്കുവാൻ വിദൂഷകൻ പറയുകയാണ്‌, ബ്രഹ്‌മാവ്‌ മനുഷ്യരെ സൃഷ്‌ടിക്കുന്നു. കുശവൻ കലങ്ങളെ സൃഷ്‌ടിക്കുന്നു. ബ്രഹ്‌മാവ്‌ പഞ്ചഭൂതകങ്ങളായ പൃഥ്‌വി, അപ്പ്‌, തേജസ്സ്‌, വായു, ആകാശം എന്നിവയെക്കൊണ്ട്‌ സൃഷ്‌ടിക്കുന്നു. കൊളവനും അങ്ങിനെതന്നെ. അയാൾ മണ്ണ്‌ (പൃഥ്‌വി), വെളളം (അപ്പ്‌), തീയ്‌ (തേജസ്സ്‌), കാറ്റ്‌ (വായു), സ്‌ഥലം (SPACE – ആകാശം) എന്നിവയെക്കൊണ്ടു തന്നെയാണ്‌ കലമുണ്ടാക്കി തീയിൽ ചുട്ടിട്ടുവേണം അത്‌ ഉപയോഗിക്കാൻ. ബ്രഹ്‌മാവിന്റെ സൃഷ്‌ടിയുടെ ഉപയോഗം കഴിഞ്ഞിട്ട്‌ വേണം കൊണ്ടുപോയിച്ചുടാൻ!

നീതിനിപുണനായ ഒരു രാജാവിനെ വേണം സേവിക്കുവാൻ എന്നതിന്‌ ഒരുദാഹരണം പറയുകയാണ്‌. ഒരു ബ്രാഹ്‌മണന്റെ ഭാര്യ ഗർഭവതിയായിരുന്നു. അയൽപക്കത്തെ വെളുത്തേടന്റെ കഴുത ബ്രാഹ്‌മണന്റെ വളപ്പിൽ കടന്നു പച്ചക്കറിത്തോട്ടത്തിലെ ചെടികളെല്ലാം തിന്നു. അതിനെ ഓടിക്കുവാൻ ബ്രാഹ്‌മണൻ ഒരു വിറകുകൊളളികൊണ്ട്‌ എറിഞ്ഞു. കഴുതയുടെ കാലൊടിഞ്ഞു. വെളുത്തേടൻ വന്ന്‌ ബ്രാഹ്‌മണന്റെ വാതിൽക്കൽമുട്ടി. ഭാര്യയാണ്‌ വാതിൽ തുറന്നത്‌. വാതിൽ തുറന്നതും ദേഷ്യംകൊണ്ട്‌ വെളുത്തേടൻ ആരെന്നുനോക്കാതെ ഒരു ചവിട്ടുവച്ചുകൊടുത്തു. കൊണ്ടത്‌ ബ്രാഹ്‌മണിയുടെ വയറ്റത്ത്‌. അവളുടെ ഗർഭം അലസി. ബ്രാഹ്‌മണൻ രാജാവിനോട്‌ സങ്കടംപറഞ്ഞു. വെളുത്തേടനെ വിളിച്ച്‌ കാര്യങ്ങൾ മനസ്സിലാക്കി രാജാവ്‌ തീർപ്പു കല്പിച്ചു.

1. കഴുതയുടെ കാലൊടിഞ്ഞതുകൊണ്ട്‌ ബ്രാഹ്‌മണൻ വെളുത്തേടന്റെ കെട്ടുകൾ ചുമന്ന്‌ കൊണ്ടുകൊടുക്കണം. 2. വെളുത്തേടൻ ബ്രാഹ്‌മിണിക്ക്‌ ഗർഭം ഉണ്ടാക്കിക്കൊടുക്കണം. വൈദ്യൻമാരെപറ്റി പറയുമ്പോൾ വിദൂഷകൻ പറയുകയാണ്‌, വൈദ്യനും യമനും സഹോദരൻമാരാണ്‌. അവർ തമ്മിൽ ഒരു വ്യത്യാസം. യമൻ ജീവനെമാത്രം അപഹരിക്കുന്നു. വൈദ്യൻ ജീവനേയും പണത്തിനേയും അപഹരിക്കുന്നു. ശർക്കര ഉപ്പേരി എങ്ങനെ ഉണ്ടാക്കണം എന്നതിന്‌

‘നെന്ത്രക്കാ നാലുകീറിപ്പുനരതു ചതുരാഖണ്‌ഡം നുറുക്കി

ചന്തത്തിൽ ചാരുമോരിൽ തദനു കറ- കളഞ്ഞുഷ്‌ണ തോയത്തിലിട്ട്‌

നെയ്യിൽ ഭൂയോ വാർത്തിട്ടഴകൊടു ഗുളവും ജീരകം ചുക്കുമെല്ലാം

കൂട്ടിച്ചേർത്തങ്ങു വച്ചാലമൃതിനു സമമാം ശർക്കരോപ്പേരി കൊണ്ട്വാ.

സ്‌ത്രീകളായിട്ടുളള രതിയെപ്പറ്റി പറയുമ്പോൾ ഒരു ശ്ലോകം ചൊല്ലി വ്യാഖ്യാനിക്കുന്നു.

ദാരരതി സന്തത്യൈ കണ്‌ഡൂശമനാർത്‌ഥം ചേടികാഗമനം

തച്ചഹി സുരതം സുരതംകൃച്ഛ്‌റാല്ലബ്‌ധം യദന്യവനിതാസ്യ.

ഭാര്യയെ പ്രാപിക്കുന്നത്‌ സന്തതിക്കുവേണ്ടിയാണ്‌. ചൊറിച്ചിൽ മാറ്റുവാനായി വീട്ടുവേലക്കാരിയെ പ്രാപിക്കുന്നു. എന്നാൽ ശരിയായ സുരതം എന്താണ്‌. അത്‌ ബുദ്ധിമുട്ടി ലഭിച്ചതാവണം – ആരിൽനിന്ന്‌? അന്യസ്‌ത്രീകളിൽനിന്ന്‌ ! ഈ ഫലിതങ്ങളും തമാശകളും അച്ചടിയിൽ വായിക്കേണ്ടവയല്ല. നേരിൽ കേൾക്കുകതന്നെവേണം. ചമൽക്കാരമായി പറയുന്ന ആ വാമൊഴിയുടെ പ്രഭാവം ഒന്നുവേറെത്തന്നെയാണ്‌. പരിഷ്‌കാരത്തിന്റെ വലയിൽപെട്ട നമുക്ക്‌ അത്‌ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

Generated from archived content: oct7_porattu.html Author: ls-rajagopalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here