കോലം

കോലം എന്നത്‌ തറയിൽവരയ്‌ക്കുന്ന രൂപങ്ങളെ ഉദ്ദേശിച്ചാണ്‌ പറയുന്നത്‌. ഇത്‌ മംഗളസൂചകവും ഐശ്വര്യപ്രദവുമാണ്‌. സൂര്യോദയത്തിനു മുൻപ്‌ മുറ്റമടിച്ച്‌ ചാണകവെളളം തളിച്ച്‌ ശുദ്ധമാക്കിയിട്ടാണ്‌ കോലംവരയ്‌ക്കുന്നത്‌. അരിപ്പൊടികൊണ്ടാണ്‌ ഇവ രചിക്കുന്നത്‌. ചിലർ കൽച്ചുണ്ണാമ്പുപൊടിയോ വെളളാരങ്കൽപ്പൊടിയോ ഉപയോഗിക്കുന്നത്‌ ശ്ലാഘ്യമല്ല. വീടുകളുടെ അകത്ത്‌ തറ മിനുസമായുളള സ്‌ഥലങ്ങളിൽ അരിയരച്ച്‌ നേർത്ത മാവാക്കി അതിൽ ഒരു തുണിക്കഷണം മുക്കി അത്‌ കൈയിൽവച്ച്‌ മെല്ലെ ഞെക്കി വിരലുകളിലൂടെ വരയ്‌ക്കുകയാണ്‌ പതിവ്‌. ഇതിന്‌ മാവുകോലം എന്നു പറയുന്നു. കോലം മംഗളസൂചകമായതിനാൽ ശ്രാദ്ധദിവസങ്ങൾ, മരിച്ചപുലയുളള ദിവസങ്ങൾ എന്നിവയിൽ വരയ്‌ക്കാറില്ല. വിശേഷദിവസങ്ങളിൽ വിപുലമായി കോലം വരയ്‌ക്കും. വെളുപ്പിന്‌ തീ പൂട്ടുന്നതിനു മുൻപ്‌ അടുപ്പു വൃത്തിയാക്കി അതിനുമുകളിൽ ഒരു ചെറിയകോലമെങ്കിലും എഴുതിയശേഷമേ തീ കത്തിക്കുകയുളളു. തറയിൽ നിലവിളക്കു വയ്‌ക്കുന്നതുതന്നെ ഒരു കോലത്തിനു മുകളിലാണ്‌. സൽക്കർമ്മങ്ങൾ ചെയ്യുവാനുളള വേദി, ഹോമകുണ്‌ഡം തയ്യാറാക്കുന്നസ്‌ഥലം വൈദികർ, അതിഥികൾ ഇവർക്ക്‌ ഇരിക്കുവാനുളള സ്ഥലം ഇവയെല്ലാം കോലംവരച്ച്‌ അലങ്കരിക്കുന്നു. അതിനു മീതേയാണ്‌ പായയോ പരവതാനിയോ ആവണപ്പലകയോവച്ച്‌ അതിഥികളെ ഇരുത്തുക. ഒളിച്ചു നടക്കുന്ന ഒരാളെ വിശേഷിപ്പിക്കുന്നത്‌ ‘അയാൾ പായയുടെ അടിയിലില്ല, കോലത്തിന്റെ അടിയിലാണ്‌ ഒളിക്കുന്നത്‌’ എന്ന ഒരു ശൈലി തന്നെയുണ്ട്‌.

സാധാരണ സ്‌ത്രീകൾ മാത്രമേ കോലം രചിക്കാറുളളൂ. കുട്ടിക്കാലം മുതൽക്കേ ബാലികമാർ ഇത്‌ വരച്ചു പഠിക്കുന്നു. ചെറിയവ മുതൽ വളരെ വിസ്താരമുളള കോലങ്ങൾ വരെ സന്ദർഭമനുസരിച്ച്‌ വരയ്‌ക്കാറുണ്ട്‌. പല തരത്തിലാണ്‌ ഇവയുടെ രചന. പൊട്ട്‌ (പുളളി) വെച്ച്‌ വളഞ്ഞ വരകൾ വരയ്‌ക്കുന്നവ, നേർവരയോടെ ജ്യാമിതീയ രൂപങ്ങൾ വരയ്‌ക്കുന്നവ, വേദികളിൽ വിപുലമായി വരയ്‌ക്കേണ്ടവ, പാളിവച്ചും നേർവരചേർത്തും രൂപങ്ങൾ ഉണ്ടാക്കുന്നവ എന്നിങ്ങനെ പലതരത്തിലുണ്ട്‌. കോലം വരയ്‌ക്കുന്നതിന്റെ ഒരു പ്രത്യേകതയാണ്‌ ഒരു ഘടകം വരച്ച്‌ അതിനോട്‌ വേറെ ഘടകങ്ങൾ ചേർത്ത്‌ വിപുലമാക്കുക എന്നത്‌. വലിയ മുറിയുടെ നടുക്ക്‌ കല്യാണവേദിക്ക്‌ ഒരു ചെറിയ കോലം ആദ്യമെഴുതി അതിനോട്‌ ഓരോ ഘടകമായി കൂട്ടിച്ചേർത്ത്‌ ആ ഹാൾ മുഴുവനും അരിമാവുകൊണ്ട്‌ കോലം എഴുതാറുണ്ട്‌.

തരകകൊണ്ടുളള ചെറിയ ചെപ്പുകളുടെ അടിഭാഗത്ത്‌ രൂപങ്ങളോ ഡിസൈനുകളോ തുളച്ച്‌ ആ ചെപ്പിൽ അരിപ്പൊടിനിറച്ച്‌ നിലത്തൊന്നു തട്ടിയാൽ നിലത്ത്‌ ആ രൂപം തെളിയും. ചെപ്പുകളിൽ കളളികളുണ്ടാക്കി ചില കളളികളിൽ കുങ്കുമവും നിറച്ച്‌ ഉപയോഗിച്ചാൽ നിറമുളള ഡിസൈനുകൾ രചിക്കാം. വേണ്ടതുപോലെ തുളകൾ ഇട്ട്‌ ഒരു തകരത്തകിട്‌ വളച്ച്‌ ഒരു കുഴലാക്കി അതിൽ അരിപ്പൊടി നിറച്ച്‌ ഉരുട്ടിയാൽ ഡിസൈനുളള ബോർഡർ ഉണ്ടാക്കാം. ഓടയുടെ കുഴലുകൾ ഉപയോഗിച്ചും ഇങ്ങനെ ഉണ്ടാക്കാറുണ്ട്‌. കോലക്കുഴൽ പീടികകളിൽനിന്ന്‌ വാങ്ങിക്കാൻ കിട്ടും. കൈയിൽനിറയെ പൊടിയെടുത്ത്‌ വിരലുകളുടെ ഇടയിൽക്കൂടി നിലത്തുപതിപ്പിച്ച്‌ വരയ്‌ക്കുവാൻ സമർത്ഥരായ സ്‌ത്രീകളുണ്ട്‌. സമയക്കുറവിനാൽ ധൃതിയിൽ കോലം എഴുതേണ്ടിവന്നപ്പോൾ ഒരു സ്‌ത്രീ അരിമാവ്‌ വെറുതെ തളിച്ച്‌ ചില വരകളുണ്ടാക്കിയത്രേ. ‘അവസരക്കോലം അളളി തെളിക്കറത്‌’ എന്ന്‌ ചൊല്ലുതന്നെ തമിഴിലുണ്ട്‌. പറവയ്‌ക്കുന്നസ്‌ഥലത്തും മറ്റും അണിയുന്നത്‌ ഏതാണ്ട്‌ ഈ രീതിയിലാണ്‌. കുട്ടികൾക്ക്‌ ചിത്രരചനയിൽ വാസനയുണ്ടാക്കാൻ ഉതകുന്ന ഒരേർപ്പാടാണിത്‌. അരിപ്പൊടികൊണ്ടും അരിമാവുകൊണ്ടും വരകൾ വരയ്‌ക്കുന്നതിനാൽ ഉറുമ്പ്‌ മുതലായ ജന്തുക്കൾക്ക്‌, അണ്ണാറക്കണ്ണനുപോലും ഇത്‌ ആഹാരമായി പ്രയോജനപ്പെടുന്നു എന്നൊരു പുണ്യകർമ്മംകൂടിയുണ്ട്‌. ശിവരാത്രി, മകരസംക്രാന്തി, തുടങ്ങിയ വിശേഷദിവസങ്ങളിൽ മുറ്റംമുഴുവനും മെഴുകി അതിൽ കളളികൾ തിരിച്ച്‌ ഓരോ കളളിയിലും ഭംഗിയായി പലതരം കോലങ്ങൾ ഒരു മൽസരമായി കുട്ടികളും സ്‌ത്രീകളും വരയ്‌ക്കാറുണ്ട്‌. ഗ്രാമത്തിൽ ഉൽസവസമയത്ത്‌ തേവരുടെ എഴുന്നളളത്ത്‌ വരുന്നതിനു മുൻപ്‌ എല്ലാ വീട്ടുമുറ്റത്തും വിപുലമായ കോലം വരച്ച്‌ തേവരെ സ്വീകരിക്കാൻ തയ്യാറുക്കും. ഗ്രാമത്തിലെ സ്‌ത്രീകൾ അവരുടെ കരവിരുതു കാണിക്കുവാൻ ഇത്‌ ഒരു അവസരമായികരുതുന്നു. ഓരോ ദിവസവും ആഴ്‌ചക്രമത്തിൽ പ്രത്യേകകോലങ്ങൾ തുളസിത്തറയിൽ വരയ്‌ക്കാറുണ്ട്‌.

Generated from archived content: kalam1_feb12_08.html Author: ls-rajagopalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English