വംശീയസംഗീതംഃഇരുളരുടെ സംഗീതോപകരണങ്ങൾ

‘ഞങ്ങക്കുവേണ്ടി നിങ്ങക്കുവേണ്ടി എല്ലാർക്കുംവേണ്ടി’

സംഗീതത്തെ ഗോത്രവർഗ്ഗം, നാടോടി, ശാസ്‌ത്രീയം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഗോത്രവർഗ്ഗ സംഗീതത്തിന്റെ സ്ഥിതി എന്തൊക്കെയാണെന്ന്‌ മനസ്സിലാക്കുവാൻ കുറച്ച്‌ പ്രയാസമുണ്ട്‌. ഒന്നാമതായി അതുകേൾക്കുവാനുളള അവസരം തന്നെ വളരെ കുറവാണ്‌. ഗോത്രവർഗ്ഗക്കാരായി ചർച്ച ചെയ്‌തു മനസ്സിലാക്കുവാനും എളുപ്പമല്ല. നാം നല്ലപോലെ പരിചയിച്ചുവന്ന രീതിയില്ലാതെയുളള ഒരു രീതിയിൽ പാടുമ്പോള അത്‌ ഉൾക്കൊളളുവാൻ പ്രയാസമുണ്ടാകും. വംശീയസംഗീതത്തെക്കുറിച്ചറിയാൻ ജനവർഗ്ഗപഠനരീതി കൂടി മനസ്സിലാക്കണം. അവരുടെ അനുഷ്‌ഠാനങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ, പ്രപഞ്ചത്തെക്കുറിച്ചുളള സങ്കല്‌പങ്ങൾ ഇവയിലധിഷ്‌ഠിതമാണ്‌ ഗോത്രസംഗീതം ശാസ്‌ത്രീയസംഗീതത്തിൽ. നാടോടിയുടെ കാര്യത്തിൽ ശാസ്‌ത്രീയതയ്‌ക്ക്‌ അയവു വരുത്താം. അടിസ്ഥാനം ഒന്നാണെങ്കിലും കൈകാര്യം ചെയ്യുന്ന രീതിയിലാണ്‌ കാര്യമായ വിത്യാസം.

ശാസ്‌ത്രീയസംഗീതത്തിൽ മാത്രം പരിചയമുളള ഒരാൾ പഞ്ചാത്യസംഗീത ‘കച്ചേരി’ കേട്ടാൽ ‘എന്താണ്‌ അവർ എല്ലാം ഒരേ രാഗത്തിൽ പാടുന്നത്‌’ എന്ന്‌ ചോദിച്ചാ പോകും. രണ്ടു രീതികളും തമ്മിലുളള അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളാണ്‌ അതിനു കാരണം. ഗോത്രസംഗീതം കേട്ടാൽ ലളിതവും ഒരേപോലെയുളളതും എന്നുതോന്നിച്ചേക്കാം. നാം ഒന്ന്‌ ഓർക്കേണ്ടതുണ്ട്‌. അവരെപ്പോലെ പ്രകൃതിയുമായി ഇത്രകണ്ട്‌ ഇഴുകി ചേർന്നു നമ്മളാരും ജീവിക്കുന്നില്ല. പ്രകൃതിയിൽ നിന്നും കിട്ടിയ ഈ പ്രചോദനം അവർ എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്ന്‌ നാം നോക്കേണ്ടതുണ്ട്‌. ഭാരതീയ ശാസ്‌ത്രീയസംഗീതത്തിൽ തന്നെ സപ്‌തസ്വരങ്ങളുടെ ഉത്‌ഭവം തന്നെ പല ജന്തുക്കളുടെയും ശബ്‌ദത്തിൽനിന്നാണ്‌.

സ-ഷഡ്‌ജം-മയിൽ

രി-ഋഷഭം-കാള

ഗ-ഗാന്ധാരം-ആട്‌

മ-മദ്ധ്യമം-ക്രൗഞ്ചപക്ഷി

പ-പഞ്ചമം-കുയിൽ

ധ-ധൈവതം-കുതിര

നി-നിഷാദം-ആന

അതിൽനിന്നു തന്നെ പ്രകൃതിയുടെ സംഗീതത്തിന്റെ ഗൗരവം മനസ്സിലാക്കാം. പ്രായോഗിക തലത്തിൽ ഇതിന്ന്‌ വലിയ പ്രയോജനമില്ലെങ്കിലും ഇത്‌ പ്രകൃതിയിൽ നിന്നുളള പ്രചോദനത്തെ സൂചിപ്പിക്കുന്നു.

ആദിമനുഷ്യൻ നൃത്തത്തോടുകൂടിയാണ്‌ പാട്ടുപാടുന്നത്‌. നൃത്തത്തിന്‌ അകമ്പടിയായി താളവും ആവശ്യമാണ്‌. അങ്ങിനെ നോക്കുമ്പോൾ ഗോത്രവർഗ്ഗക്കാരുടെ സംഗീതത്തിലെ വ്യവസ്ഥയാണ്‌ പിന്നീട്‌ ശാസ്‌ത്രമായി അംഗീകരിക്കപ്പെട്ട്‌ ‘ഗീതം വാദ്യം തഥാ നൃത്തം ത്രയം സംഗീതമുച്യതെ’ എന്ന പ്രസിദ്ധമായത്‌. തേഴ്‌സ്‌റ്റൻ, ഫോസറ്റ്‌, എം.ഡി. രാഘവൻ എന്നിവർ ഗോത്ര നൃത്തങ്ങളുടെ താളാത്‌മകതയേയും ജീവിതബന്ധത്തേയുംപറ്റി പ്രത്യേകം എഴുതിയിട്ടുണ്ട്‌.

വാദ്യങ്ങളുടെ തരംതിരിവ്‌ രണ്ടു വഴിക്കാണ്‌. പാട്ടുപാടുന്നതിനെ അനുകരിച്ച്‌ വായിക്കുവാനുളള വാദ്യങ്ങൾ . താളത്തിനൊത്ത്‌ വായിക്കുവാൻ ഉളളവ . ഈ രണ്ടു വകയിലുളളവയും ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ കാണാം. പക്ഷേ താളവാദ്യങ്ങളാണ്‌ കൂടുതലായി കാണുന്നത്‌. നായാട്ടിന്ന്‌ പോകുന്നവരായത്‌കൊണ്ട്‌ തുകൽ ലഭിക്കുവാനുളള സൗകര്യം അവർക്ക്‌ കൂടുതലുണ്ട്‌. പാട്ടിനേക്കാൾ നൃത്തത്തിനാണ്‌ അവർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്‌. അതിനാൽ തുകൽകൊണ്ടുളള വാദ്യങ്ങൾ കൂടുതലാണ്‌. മനുഷ്യ ഹൃദയത്തിന്റെ ലബ്‌ഡബ്ബ്‌ എന്ന മിടിപ്പ്‌ അവനു നൈസർഗികമായി താളത്തോട്‌ അഭിരുചി ഉണ്ടാക്കുന്നു. പാട്ടിനാണെങ്കിൽ അതുപോലെ ദേഹത്തിൽനിന്ന്‌ തന്നെയുളള പ്രചോദനം ഇല്ല. പുറമെയുളള പക്ഷികൾ മുതലായവയിൽ നിന്നും, മുള മുതലായ ചെടികളുടെ ദ്വാരങ്ങളിൽനിന്ന്‌ പുറപ്പെടുന്ന മൂളിച്ചകളിൽനിന്നും മറ്റും ആണ്‌ പാടുന്നതിനുളള പ്രചോദനം കിട്ടിയിരിക്കുക. താളത്തോടും നൃത്തത്തോടും ഒപ്പം അവ്യക്തമായ ശബ്‌ദങ്ങൾ അവർ പുറപ്പെടുവിച്ചിരുന്നു.

വാദ്യങ്ങളുടെ തരംതിരിവ്‌ നാല്‌ തരത്തിലാണ്‌. 1. തതം-കമ്പി ഘടിപ്പിച്ചവ-പുളളുവൻ വീണ. 2. അവനദ്ധം-തോൽപൊതിഞ്ഞത്‌-ചെണ്ട, പറ മുതലായവ. 3. സുഷിരം-തുളകൾ ഉളളവ-കുഴൽ, ശംഖ്‌ മുതലായവ. 4. ഘനം-ലോഹം, മരകഷ്‌ണം മുതലായ കനമായ വസ്‌തുക്കളിൽ ഉണ്ടാക്കിയവ-മണി, താളം മുതലായവ.

തതവിഭാഗത്തിൽ രണ്ടു പിരിവ്‌ കാണാം. കമ്പികളെ എന്തെങ്കിലുംകൊണ്ട്‌ മീട്ടി വായിക്കുന്നവ-(മണ്ണാന്‌മാരുടെ നന്തൂണി) കമ്പികളെ വില്ല്‌കൊണ്ട്‌ ഉരസി വായിക്കുന്നവ-(പുളളവൻ വീണ). കേരളത്തിലെ ആദിവാസികളുടെ ഇടയിൽ കമ്പിവാദ്യങ്ങൾ ഉളളതായി അറിവില്ല. തോൽപൊതിഞ്ഞ വാദ്യങ്ങൾ പല തരമാണ്‌. ഇവ മിക്കവാറും താളത്തിന്നാണ്‌ ഉപയോഗിക്കുന്നത്‌. ഒരു കുറ്റിയുടെ രണ്ടറ്റത്തും തോൽ പൊതിഞ്ഞവ (ചെണ്ട, പറ, തവിൽ എന്നിവ) ഒരു കുറ്റി അല്ലെങ്കിൽ വളയത്തിന്റെ ഒരു വശത്ത്‌ മാത്രം തോൽ പൊതിഞ്ഞവ (ഗഞ്ജിറ, തപ്പ്‌ എന്നിവ) കൈകൊണ്ടു മാത്രം വായിക്കുന്നവ, കൈകൊണ്ടും കോലുകൊണ്ടും വായിക്കുന്നവ, തോളിൽനിന്ന്‌ തൂക്കിയിട്ട്‌ വായിക്കുന്നവ, മടിയിൽ വച്ച്‌ വായിക്കുന്നവ എന്നിങ്ങനേയും തിരിക്കാം. ഇവയിൽ ചിലതിനു മാത്രമേ ശ്രുതി വ്യത്യാസപ്പെടുത്താൻ സാധിക്കുകയുളളു. മിക്കവയുടെ ശ്രുതിക്കും മാറ്റം വരുത്താൻ പ്രയാസമുണ്ട്‌.

തുളകളുളള വാദ്യങ്ങളിൽ പുല്ലാങ്കുഴൽ, കുറുങ്കഴൽ എന്നിവ പെടുന്നു. ഇവ പാട്ടിന്നു പക്കവാദ്യമായി കൂടുതൽ ഉപയോഗപ്പെടുത്തുന്നു. കേരളത്തിലെ കുറുങ്കുഴൽ ചെണ്ടമേളത്തിൽ താളവാദ്യമായും ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഘനവാദ്യങ്ങളിൽ ചേങ്ങില, ഇലത്താളം, കോലാട്ടത്തിനുളള കോല്‌, ചിലമ്പ്‌, പലതരം കിലുക്കുകൾ, മുളങ്കുറ്റിയിൽ കോലുകൊണ്ട്‌ തട്ടി ശബ്‌ദമുണ്ടാക്കപ്പെടുന്നവ എന്നു തുടങ്ങി പലതും കാണാം. ഇവയിൽ അപൂർവ്വം ചിലതൊഴിച്ച്‌ ബാക്കി എല്ലാം തന്നെ താളത്തിന്‌ വേണ്ടിയാണ്‌ ഉപയോഗിക്കുന്നത്‌.

ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ തുകൽ പൊതിഞ്ഞ വാദ്യങ്ങളാണ്‌ കൂടുതലെന്നു പറഞ്ഞല്ലോ. തുകലും മരവും കിട്ടുവാൻ അവർക്ക്‌ കൂടുതൽ സൗകര്യമുളളതുകൊണ്ടായിരിക്കാം അത്‌ കേരളത്തിൽ ഈ ഇനത്തിൽ പെട്ടവയുടെ എണ്ണം കാണുമ്പോൾ അതിശയിച്ച്‌ പോകും. ഒരേതരത്തിലുളള വാദ്യങ്ങൾ പല വർഗ്ഗക്കാരുടെ ഇടയിൽ പല പേരിലായിരിക്കും. കേരളത്തിലെ ഇരുളരുടെ വാദ്യങ്ങളെ പറ്റിയുളള ചില വിവരങ്ങൾ നോക്കാം. പാലക്കാട്‌ അട്ടപ്പാടി പ്രദേശത്താണ്‌ ഇരുളർ കാണപ്പെടുന്നത്‌. അവിടത്തന്നെയുളള വേറേ രണ്ടു വർഗ്ഗക്കാരാണ്‌ മുഡൂഗരും കുറുമ്പരും. അട്ടപ്പാടിക്ക്‌ തൊട്ടടുത്തുളള തമിഴ്‌നാട്ടിലെ നീലഗിരി മലയിലും കർണ്ണാടകത്തിലും ഇവരെകാണാം. ഭാഷ പഴങ്കാലത്തമിഴും കന്നടയും മിശ്രമായ ഒന്നാണ്‌. ഇവരുടെ ഇടയിൽ വിവാഹം, ഉത്‌സവം, കരടിനൃത്തം, കൊളമ്പ്‌, വിത, മരണം മുതലായ പലേ ചടങ്ങുകളിലും പാട്ടും നൃത്തവും ഉണ്ട്‌. ഊരുകളിലെ എല്ലാ ആദിവാസികളും പങ്കെടുക്കുന്ന അനുഷ്‌ഠാനങ്ങളാണ്‌ അവർക്കുളളത്‌. നരവംശശാസ്‌ത്രരീത്യാ നോക്കുമ്പോൾ സംഗീതവും ആട്ടവും അവരുടെ ജീവിതത്തിന്റെ ഭാഗമായി കാണാം. ആചാര വിശ്വാസങ്ങളോടെ അവ കാത്തു സൂക്ഷിക്കുന്നു. ഗോത്രത്തിന്റെ തനിമയും ഐക്യബോധവും നിലനിർത്തുന്നത്‌ ഇത്തരം വാദ്യങ്ങളാണ്‌. പീക്കി, മങ്കെ, പെറ, മത്തളം എന്നിവയാണ്‌ ഇരുളർക്കുളള പ്രധാന സംഗീതോപകരണങ്ങൾ. ഡോ.ബി.സി.ദേവ എന്ന സംഗീതജ്ഞൻ തമിഴ്‌നാട്ടിൽ നീലഗിരിയിലെ ഇരുളവാദ്യങ്ങളെപറ്റി. “അവർ ഘനവാദ്യങ്ങൾ ഉപയോഗിക്കുന്നില്ല. എങ്കിലും ഉണങ്ങിയ ചില കായ്‌കൾ അവരുടെ അരയിൽ കെട്ടി കളിക്കുമ്പോൾ കായ്‌കളിലെ കുരുക്കൾ കലകല ശബ്‌ദമുണ്ടാക്കി താളത്തിനു മിഴിവു കൂട്ടുന്നു.” എന്നു പറയുന്നു.

1. പീക്കി

ഈ പാട്ടുകുഴൽ വായിക്കുവാൻ അറിയുന്നവർ ഒരു ഊരിൽ ഒന്നോ രണ്ടോ പേരെ ഉണ്ടാകുകയുളളു. വായിക്കുവാൻ പ്രയാസമേറിയ ഒരു കാറ്റുപകരണമാണ്‌ പീക്കി. കുറമ്പർക്കും ഇത്തരം വാദ്യങ്ങളുണ്ട്‌. അതിന്ന്‌ നീട്ടം കൂടും. ഭാരതത്തിലെ മിക്ക ആദിവാസികൾക്കും ഇത്തരം കുഴലുണ്ട്‌. പാട്ടിന്‌ ശ്രുതി ചേർത്ത്‌ വായിക്കുന്ന കുഴലിന്റെ പാരമ്പര്യം തന്നെയാണ്‌ പീക്കിക്കും ഉളളത്‌. എന്നാൽ അതിന്റെ നിർമ്മാണത്തിലും വായനയിലും തദ്ദേശീയമായ ശൈലി കാണുന്നു. പീക്കിയെ ചില ദിക്കിൽ കോൽ, കൊകൽ എന്നും വിളിക്കാറുണ്ട്‌. ഇതിന്റെ അറ്റത്ത്‌ കോളാമ്പി പൂവ്വിന്റെ ആകൃതിയിലുളള കിണ്ണം മരംകൊണ്ടും പിച്ചളകൊണ്ടും ഉണ്ടാക്കാറുണ്ട്‌. ആറുഭാഗങ്ങൾ ചേർന്നതാണ്‌ പീക്കി.

1) ഞാനപ്പുല്ല്‌ (നറുക്ക്‌) 2) കോഴിറാക്ക (കോഴിത്തൂവലിന്റെ തണ്ട്‌) 3) ആനക്കാല്‌ (കാന്താരി മുളകിന്റെ തണ്ട്‌ ചെത്തി ഉണ്ടാക്കുന്നത്‌) 4) അളള്‌ (പാലമരം ചെത്തി ഉണ്ടാക്കുന്നത്‌) 5) തണ്ട്‌ (പാലമരം) 6) കൊട (പാലമരം). തണ്ടിന്‌ ഒരു ചാൺ നീളം എന്നാണ്‌ കണക്ക്‌. ആറു കണ്ണുകൾ (ദ്വാരങ്ങൾ) കുഴലിന്നുണ്ടാകും. കൊടയ്‌ക്ക്‌ രണ്ടിഞ്ച്‌ നീളവും 10 ഇഞ്ച്‌ വ്യാസവും ഉണ്ടാകും. ഈ ആറുഭാഗങ്ങളും നൂലുകൊണ്ട്‌ ബന്ധിച്ചിരിക്കും. അതിനാൽ വീണുപോകില്ല. എല്ലാ ഭാഗങ്ങളും ചെത്തിയുണ്ടാക്കുന്നത്‌ ഇരുളർ തന്നെയാണ്‌. ഉണ്ടാക്കിയതിനുശേഷം ‘പാതിമ്പറത്ത്‌’ കെട്ടിയിടുന്നു. പുകകൊണ്ട്‌ തണ്ടും കൂടയും കറുത്തുവരും. പിന്നെ കുത്തിപ്പോകുകയോ കേടുവരികയോ ചെയ്യില്ല. കുടയിലും തണ്ടിലും ആനക്കാലിലും ചെറിയ അലങ്കാരങ്ങൾ ചെയ്യാറുണ്ട്‌. പുഴയോരത്തുളള ഒരുതരം പുല്ലാണ്‌ ഞാനപുല്ല്‌. ഇത്‌ ചുണ്ടിൽ വെച്ചു വായിക്കുവാൻ ഉപയോഗിക്കുന്നു. പുല്ലു നനയുമ്പോഴാണ്‌ ശബ്‌ദം വരുന്നത്‌. പീക്കിയുടെ ശബ്‌ദതന്ത്രം പ്രത്യേക രിതിയിലുളളതാണ്‌. ഒരേ സമയത്ത്‌ കാറ്റു ഉളളിലേക്ക്‌ വലിക്കുവാനും പുറത്തേക്ക്‌ നിയന്ത്രണത്തോടെ വിടുവാനും സാധിക്കണം. എന്നാലേ ഇത്‌ വായിക്കുവാനാകു. പാട്ടിന്റെ വരികളുടെ രീതിക്കൊത്ത്‌ പീക്കി വായിക്കുന്നു.

പീക്കിയെപ്പറ്റി ചില മന്ത്രവാദവിശ്വാസങ്ങൾ ഇവർക്കുണ്ട്‌. ദൈവവിശ്വാസത്തോടെയാണ്‌ പീക്കി വായിക്കുന്നത്‌. ആരെങ്കിലും ദുർമന്ത്രവാദം ചെയ്‌തിട്ടുണ്ടെങ്കിൽ വായിക്കുവാൻ കഴിയില്ല. പുല്ല്‌ തൊണ്ടയിൽ കുടുങ്ങും. ഇരുളർ ഊതുന്ന സമയത്ത്‌ ഇത്‌ തിരിച്ചറിയുന്നു. പിന്നെ മറുമന്ത്രം ചൊല്ലിക്കഴിഞ്ഞേ ഇത്‌ വായിക്കുകയുളളു. അട്ടപ്പാടി ഷോളയൂരിലെ വയലൂർ ഗ്രാമത്തിലെ മാരി, പെരുമാൾ എന്നിവർ നന്നായി പീക്കി വായിക്കുന്നവരാണ്‌. ഇരുളർ പാട്ടു പാടി നൃത്തം വയ്‌ക്കുമ്പോൾ ആ പാട്ടിന്‌ ശരിയായ പക്കവാദ്യമായി പീക്കി ഊതുന്നതു കേൾക്കുമ്പോൾ അവരുടെ സംഗീത വാസനയിൽ അതിശയിച്ചുപോകും. സുഷിരവാദ്യമായ പീക്കി കേരളത്തിലെ കുറുംകുഴലിന്റെ ആകൃതിയിലുളളതാണ്‌. ചിലത്‌ ഏതാണ്ട്‌ പറയരുടെ കുഴലിന്റെ വലുപ്പത്തിലുളളതാണ്‌. അട്ടപ്പാടി പ്രദേശത്തുളള കുഴല ചെറുതാണ്‌. തലപ്പത്തു വയ്‌ക്കുന്ന കിണ്ണം പല വലുപ്പത്തിലുണ്ട്‌. പാലമരം മുറിക്കുന്നതിന്‌ നാള്‌, പക്കം എന്നിവ നോക്കാറുണ്ട്‌. കമ്പി പഴുപ്പിച്ചാണ്‌ മരം തുളച്ച്‌ കുഴലാക്കുന്നത്‌. ഒരിക്കൽ തൃശൂരിൽ ആദിവാസികളുടെ കലാപ്രകടനം നടന്നപ്പോൾ കുഴൽ വായിച്ചിരുന്ന അട്ടപ്പാടിയിലെ ഒരു ഇരുളനോട്‌ നറുക്ക്‌ എങ്ങനെ ഉണ്ടാക്കുന്ന എന്നു ചോദിക്കുകയുണ്ടായി. അത്‌ ഊട്ടിയിൽ ഉളള സംഗീതോപകരണങ്ങൾ വിൽക്കുന്ന കടയിൽ നിന്ന്‌ വാങ്ങിക്കും എന്നു പറഞ്ഞു.

പീക്കിപോലുളള വാദ്യം ഇന്ത്യയിൽ എന്നല്ല ലോകത്തിലെല്ലായിടത്തും കാണുന്നുണ്ട്‌. ഈജിപ്‌ത്‌, ഇറാൻ, ബർമ്മ, മലയ, ഇന്തോനേഷ്യ, ആസ്‌ത്രേലിയ ഇവിടങ്ങളിലുമുണ്ട്‌. കേരളത്തിൽ കുട്ടികൾ തെങ്ങിന്റെ ഓലകൊണ്ട്‌ പീപ്പി ഉണ്ടാക്കി വായിക്കുമ്പോൾ സുമാത്രയിൽ മുതിർന്നവർതന്നെ ഒരടിയോ കൂടുതലോ നീളമുളള അത്തരം ഓല ചുരുട്ടി ഉണ്ടാക്കുന്ന വാദ്യം വായിക്കുന്നുണ്ട്‌. ചിലയിടത്ത്‌ പുല്ലുകൊണ്ടും ഓലകൊണ്ടും ഉണ്ടാക്കുന്ന നറുക്കിനുപകരം നെല്ലിന്റെ വൈക്കോൽ കഷ്‌ണത്തിൽ നീളത്തിൽ തുളച്ച്‌ ശബ്‌ദമുണ്ടാക്കാനായി ഉപയോഗിക്കുന്നു.

2. മങ്കെ

ചെറുവിരലിന്റെ വണ്ണമുളള ഒരു കുഴലാണ്‌ മങ്കെ. ഓടക്കുഴലിന്റെ വലുപ്പമുളള ഇതിൽ ആറ്‌ കണ്ണുകൾ ഉണ്ട്‌. വായിക്കുന്നത്‌ ഒരറ്റത്ത്‌ ഘടിപ്പിച്ചിട്ടുളള പുല്ലിൽ കൂടിയാണ്‌. ഇതിൽ പരിശീലിച്ചവർക്ക്‌ പീക്കി വായിക്കുവാൻ എളുപ്പമാണ്‌.

3. മത്തളം

അനുഷ്‌ഠാനങ്ങൾക്ക്‌ ഇരുളർ ഉപയോഗിക്കുന്ന മറ്റൊരു വാദ്യമാകുന്നു മത്തളം. ഇത്‌ കുമിൾ (കൂളി) മരംകൊണ്ടാണുണ്ടാക്കുന്നത്‌. ഇതിന്റെ രണ്ടുതലയും പശുവിൻ തോൽകൊണ്ടു പൊതിയുന്നു. ഇത്‌ ശരിയാക്കിക്കൊണ്ടുവരുന്നത്‌ ചക്കിലിയൻമാരാണ്‌. ഇപ്രകാരം ഒരു വാദ്യം കെട്ടുന്നതിന്ന്‌ അഞ്ഞൂറു രൂപയാകും. ഇരുളരുടെ പല അനുഷ്‌ഠാനങ്ങൾക്കും ചക്കിലിയന്‌മാർ സ്വന്തം വാദ്യങ്ങളുമായി വരാറുണ്ട്‌. കുറ്റിയുടെ നീളം ഒന്നര അടി. ഇത്‌ തോളിലിട്ട്‌ ഒരു ഭാഗത്ത്‌ രണ്ടുകൈകൊണ്ടും അടിക്കുകയാണ്‌ പതിവ്‌. കൊട്ടാൻ കോലുപയോഗിക്കാറില്ല. പാട്ടിന്ന്‌ ഇണ ചേർന്ന്‌ കൊട്ടുന്ന ഈ വാദ്യത്തിന്‌ ഇരുളർക്ക്‌ ഒരു ‘കാടൻ’ വായത്താരി ഉണ്ട്‌. “ഞങ്ങൾക്ക്‌ വേണ്ടി, നിങ്ങക്കു വേണ്ടി എല്ലാർക്കും വേണ്ടി.”

4. മൺപെറെ

ഇതിന്റെ ‘കുറ്റി’ രണ്ടുവശത്തും തുറന്ന ഒരു മൺകുടമാണ്‌. രണ്ടു വശവും മാടിന്റെ തോൽ കെട്ടുന്നു. ആനക്കട്ടിയിലെ കുശവന്മാരാണ്‌ മൺകുടം ഉണ്ടാക്കിക്കൊടുക്കാറുളളത്‌. വാദ്യത്തിന്റെ പുറം മുതിരപ്പുറം പോലെയാണ്‌. ഈ വാദ്യം ഇടുപ്പിൽ കെട്ടിയിട്ട്‌ രണ്ടുഭാഗത്തും കൊട്ടുന്നു. ഒരു തല കൈകൊണ്ടും മറ്റെതല ഒരു ചെറിയ കോലുകൊണ്ടും വായിക്കുന്നു. കൊടത്തിന്റെ വലതുകണ്ണിന്‌ വീതി കൂടും. ഇടതുഭാഗം ചെറുതായിരിക്കും. യഥാക്രമം 9 ഇഞ്ചും 6 ഇഞ്ചും. ഒരു പെറെ ശരിയാക്കുന്നതിന്‌ 850 രൂപയെങ്കിലും ചിലവാകും. മുഡുഗർക്കും തമിഴ്‌നാട്ടിലെ ചില ആദിവാസികൾക്കും ഈ വാദ്യമുണ്ട്‌. ധാന്യങ്ങൾ അളക്കുന്ന ‘പറ’ എന്നതിൽ നിന്നാകാം ഈ പേരുവന്നത്‌. കേരളത്തിലും തമിഴ്‌നാട്ടിലും ധാരാളം പറവാദ്യങ്ങൾ ഉണ്ട്‌.

രംഗാവതരണം

———–

പാട്ടും ആട്ടവുമായി അരങ്ങേറുന്ന ഇരുളരുടെ രംഗാവതരണത്തിന്‌ പീക്കി, പെറ, മത്തളം, ജാലറ (താളം) എന്നീ നാലു വാദ്യങ്ങളും ഉണ്ടാകും. കൊട്ടുകാർ രണ്ടുപേർ ജോഡിയായി മുന്നിലുണ്ടാകും. അടുത്തു തന്നെ പീക്കിക്കാരനും. അവർക്ക്‌ പിന്നാലെയാണ്‌ ആട്ടക്കാർ. എന്നാൽ ഒരു സ്ഥലത്ത്‌ വട്ടത്തിൽ നൃത്തം വെയ്‌ക്കാൻ തുടങ്ങുമ്പോൾ വാദ്യക്കാർ നടുവിലാകും. കരടിപ്പാട്ട്‌ പാരാമ (പരുന്തു പാട്ട്‌) (പാരു=പരുന്ത്‌), കുമ്മിപ്പാട്ട്‌ മുതലായ പാട്ടുകൾ നൃത്തം ചെയ്യുന്നവർ തന്നെയാണ്‌ പാടാറ്‌. സ്‌ത്രീകളും പുരുഷൻമാരും ചേർന്നാണ്‌ വൃത്താകാരത്തിലുളള ആട്ടം നടത്തുന്നത്‌. കുമ്മിപ്പാട്ട്‌ അനവധിയുണ്ട്‌. ചിന്നത്തുറെ പാട്ട്‌, വളളിയമ്മപ്പാട്ട്‌, കത്താളിപ്പാട്ട്‌ (കത്താളം=ഒരു മുൾചെടി) എന്നിവ അതിൽപ്പെടുമ. ഇപ്പോൾ ശബരിമല അയ്യപ്പന്റെ പാട്ടുകളും പാടിവരുന്നു. വയലൂരിലെ കാവ്യത്താൾ കോവിലിലെ ഉത്‌സവത്തോട്‌ അനുബന്ധിച്ചാണ്‌ ഇരുള നൃത്തങ്ങൾ അരങ്ങേറുന്നത്‌. ഏലേലക്കരടി ഇവരുടെ ഒരു പ്രധാന നൃത്തമാണ്‌. കൃഷി നശിപ്പിക്കാൻ വരുന്ന കരടിയെ ഓടിച്ചു കളയുവാനാണ്‌ ഈ നൃത്തം എന്നാണ്‌ സങ്കല്പം.

ഏലേലക്കരടി ഏലേലക്കരടി

മണ്ണിക്കിരുത്തുവാ ഏലേലക്കരടി

മണ്ണാങ്കുയിക്കരടികളോ ഏലേലക്കരടി

കാളക്കരുത്തുവാ ഏലേലക്കരടി

കീർമാണ ചെങ്കരടി ഏലേലക്കരടി

വന്തമാസിക്കരടികളാ ഏലേലക്കരടി

Generated from archived content: instruments.html Author: ls-rajagopalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English