ഏതാണ്ട് 400 കൊല്ലങ്ങൾക്കുമുമ്പ് തഞ്ചാവൂർ ഭാഗത്തുനിന്ന് കുടിയേറിപ്പാർത്തവരാണ് പാലക്കാട്ടുഗ്രാമങ്ങളിലെ തമിഴ്‌ബ്രാഹ്‌മണർ (പട്ടൻമാർ). പിന്നീട് അവർ പല കുഗ്രാമങ്ങളിൽപോലും താമസം തുടങ്ങി. ക്രമേണ കേരളീയ പാചകസമ്പ്രദായത്തെ ഏതാണ്ട് മുഴുവൻ സ്വന്തമാക്കുകയും ചെയ്‌തു. കേരളീയ പാചകത്തിലെ പ്രധാന ഘടകങ്ങളായ പുഴുക്കലരി, നാളികേരം, വെളിച്ചെണ്ണ മുതലായവ പൂർണ്ണമായും സ്വീകരിച്ചു. എന്നിരുന്നാലും ചില ‘തനി’ തമിഴൻകറികളും പലഹാരങ്ങളും മറ്റും ഇപ്പോഴും പാകം ചെയ്‌തുവരുന്നു. ആണ്ടുതോറുമുളള ചില വിശേഷദിവസങ്ങളിൽ പ്രത്യേക പലഹാരങ്ങളും മറ്റും ഉണ്ടാക്കിവരുന്നു. തമിഴ്‌നാട്ടിൽ നാളികേരം ചിരകിയത് അതേപടി കറികളിലും മറ്റും ചേർക്കാറില്ല. അത് വറുത്തതിനുശേഷമേ ചേർക്കുകയുളളൂ. ഈ പാരമ്പര്യം പാലക്കാട്ടുകാർ ചാത്തസദ്യക്കുളള കറികളിൽ നിർബന്ധമായി പാലിച്ചുവരുന്നു. തിരുവനന്തപുരത്തും മറ്റും ഉളള തമിഴ്‌ബ്രാഹ്‌മണരുടെ പൂർവ്വികർ മിക്കവാറും തിരുനെൽവേലി, മധുര ജില്ലകളിലാണ്. അവരുടെ പാചകരീതിയിൽ തഞ്ചാവൂർക്കാരിൽനിന്ന് ചില പ്രാദേശിക വ്യത്യാസങ്ങളുണ്ട്. അവരും കേരളീയസമ്പ്രദായം മിക്കവാറും സ്വീകരിച്ചിരിക്കുന്നു.
പൊങ്കൽ ഃ ഒരു ഭക്ഷണസാധനത്തിന്റെ പേര് എന്നതിന്നും പുറമേ ഈ വാക്കിന് പൊന്തിവരുക-പാചകംചെയ്യുന്ന പാത്രത്തിൽ പൊന്തിവന്ന് പുറമേ ഒലിച്ച് തുടങ്ങുക – എന്ന സൂചന കൂടിയുണ്ട്. കൊയ്‌ത്തുൽസവമായ മകരസംക്രാന്തിക്ക് ‘തൈപ്പൊങ്കൽ’ എന്നുപേർ. അന്നുണ്ടാക്കുന്ന പ്രത്യേക അന്നമാണ് പൊങ്കൽ. നമുക്ക് വേണ്ടതും അതിനപ്പുറവും അഥവാ സുഭിക്ഷത്തെയാണ് പൊങ്കൽ സൂചിപ്പിക്കുന്നത്.
1. മഞ്ചപൊങ്കൽ (മഞ്ഞൾ പൊങ്കൽ) ഃ പച്ചരി വേവിക്കുമ്പോൾ നാഴി അരിക്ക് ഒരുപിടി തുവരപ്പരിപ്പും ഒരുസ്‌പൂൺ മഞ്ഞളും ഉപ്പും ചേർത്ത് പാകംചെയ്യുന്നു. മഞ്ഞൾനിറം ശുഭസൂചകമാണല്ലോ. കല്യാണത്തിനുമുമ്പ് വധൂവരൻമാരെ അവരവരുടെ ബന്ധുക്കൾ ആദരിക്കുന്ന സദ്യയിൽ ഈ മഞ്ചപൊങ്കൽ സാധാരണമാണ്.
2. വെൺപൊങ്കൽ ഃ നാഴി പച്ചരിക്ക് ഒഴക്ക് വറുത്ത ചെറുപരിപ്പ് എന്നതോതിൽ രണ്ടുംകൂട്ടി വേവിക്കുക. ഒഴക്ക് നെയ്യും വേണ്ടത്ര ഉപ്പും ചേർത്തിളക്കുക. കുരുമുളക് ചതച്ചത്, ജീരകം, അണ്ടിപ്പരുപ്പ്, കറിവേപ്പില ഇവ നെയ്യിൽ വറുത്ത് ഇതിലിട്ട് ഇളക്കുക. ഇത് ഒരു നിവേദ്യമായി എടുത്തുവരുന്നു.
3. ചക്കരപ്പെങ്കൽ ഃ ഇത് ഒരു പായസമാണ്. ഒഴക്ക് വറുത്ത ചെറുപരുപ്പ്, നാഴി പച്ചരി ഇവ കൂട്ടി വേവിച്ചശേഷം കാൽകിലോ വെല്ലംചേർത്ത് പാകപ്പെടുത്തുക. ഒഴക്ക് നെയ്യും ചേർക്കുക. ഏലക്കായ പൊടിച്ചത്, മുന്തിരിങ്ങ അണ്ടിപ്പരുപ്പ് ഇവ രണ്ടുംനെയ്യിൽ വറുത്ത് മേമ്പൊടിയായി ചേർക്കുക. ഇത് അഗ്രഹാരങ്ങളിൽ സാധാരണ ഉണ്ടാക്കുന്ന പായസമാണ്. അമ്പലങ്ങളിൽ പ്രധാന നിവേദ്യവുമാണ്. ചക്കരപ്പൊങ്കലിലും വെൺപൊങ്കലിലും നെയ്യ് ധാരാളം വേണം എന്നത് അതിശയോക്തിയിൽ പറയുമ്പോൾ ‘അമ്പലത്തിൽനിന്ന് പ്രസാദമായി കിട്ടുന്ന ഇവയെ കൈക്കുടന്നയിൽ മേടിച്ച് വായിലേക്ക് എത്തിക്കുമ്പോൾ കൈമുട്ടിൽനിന്ന് നെയ്യ് ഇറ്റിവീഴുമത്രെ’ എന്ന്.
4. പുളിയിഞ്ചാതം (പുളിയോദര) ഃ ആദ്യം പുളിയിഞ്ചി ഒഴിച്ച് ചട്ടകംകൊണ്ട് നല്ലപോലെ കലർത്തുക. കുറച്ചു നല്ലെണ്ണയും (എളെളണ്ണ) വറുത്ത കപ്പലണ്ടി, അണ്ടിപ്പരിപ്പ് മുതലായവും ചേർക്കുക. കാച്ചിയ പപ്പടം പൊടിച്ച് മേമ്പൊടിയായി ചേർക്കാം. ഇത് കുറച്ചുദിവസം കേടുവരാതെ ഇരിക്കും. യാത്രയ്‌ക്ക് കൊണ്ടുപോകാൻ പറ്റിയതാണ്. തമിഴരുടെ ഒരു പ്രധാന ഇനമാണ്. മാത്രമല്ല ചില അമ്പലങ്ങളിൽ ഇത് നിവേദ്യമായും എടുക്കാറുണ്ട്.
5. തൈർചാതം ഃ പച്ചരിച്ചോറിൽ നല്ല കട്ടത്തയിർ ഒഴിച്ച് വേണ്ടത്ര ഉപ്പുംചേർത്ത് ചട്ടുകംകൊണ്ട് യോജിപ്പിക്കുക. അതിൽ കടുക് വറുത്തിടുക. പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ അരിഞ്ഞ് ചേർക്കുക. നാഴിഅരി ചോറിന്ന് ഒരു ചെറുനാരങ്ങ അളവ് വെണ്ണചേർത്ത് യോജിപ്പിക്കുക. ഉടനെതന്നെ ഉപയോഗിക്കുവാൻ ഉദ്ദേശമില്ലെങ്കിൽ കുറച്ച് കാച്ചിയ പാൽ ചേർത്തുവച്ചാൽ പുളിപ്പിന് കുറവുണ്ടാകും. ഈ ‘അന്നവും’ യാത്രയ്‌ക്ക് നല്ലതാണ്. കുറച്ചുദിവസത്തേയ്‌ക്ക് കേടുവരില്ല. പുളി കൂടുതൽ തോന്നിയാൽ കുറച്ച് കാച്ചിയ പാൽചേർത്ത് യോജിപ്പിച്ചാൽ പുളികുറഞ്ഞുകിട്ടും. കൂടെ ഉപയോഗിക്കുവാൻ വറുത്ത കൊണ്ടാട്ടം മുളക് (തയിർമുളക്), വറുത്ത അരിക്കൊണ്ടാട്ടം, വറുത്ത താമരക്കിഴങ്ങുവറ്റൽ എന്നിവയാണ് പതിവ്. ഇതും അമ്പലങ്ങളിലെ നിവേദ്യമാണ്. പ്രത്യേകിച്ച് വൈഷ്‌ണവരുടെ.
6. തേങ്കായ്‌ചാതം ഃ ഉഴുന്ന്‌പരിപ്പ്, കടുക്, കറിവേപ്പില ഇവ സ്വല്പം എണ്ണയിൽ വറുക്കുക. കടുകുവറുത്തതും ഒരുമുറി നാളികേരം ചിരകിയത് അതിലിട്ട് നിർത്താതെ ഇളക്കുക. നാളികേരം ചുവന്നുതുടങ്ങിയാൽ രണ്ടുനാഴി പച്ചരികൊണ്ടുണ്ടാക്കിയ ചോറിൽ അതിട്ട് ചട്ടുകംകൊണ്ട് ഇളക്കിച്ചേർക്കുക. രണ്ടു കപ്പൽമുളക് വറുത്ത് പൊടിച്ചതും വേണ്ടത്ര ഉപ്പുംചോറിൽ വിതറി ഇളക്കുക. രണ്ട് സ്‌പൂൺ ഉരുക്കിയ നെയ്യ്, ഒരു സ്പൂൺ പഞ്ചസാര ഇവയും വിതറിച്ചേർക്കുക. നാളികേരം ഉളളതുകൊണ്ട് ഈ ചോറ് അരദിവസത്തിനുമീതേ കേടുവരാതെ ഇരിക്കുകയില്ല.
ഇതുപോലെതന്നെ എളളുചാതം, എലുമിച്ചം പഴച്ചാതം (ചെറുനാരങ്ങാച്ചോറ്) മുതലായ പലയിനം ‘ചോറുകൾ’ ഉണ്ട്. ഇവയെ പൊതുവേ ‘ചിത്രാന്നം’ എന്നു വിളിക്കുന്നു. ചില വിശേഷദിവസങ്ങളിൽ ഇവ ഉണ്ടാക്കുന്നു. മകരപ്പൊങ്കൽ, പതിനെട്ടാംപെരുക്ക്, ഗർഭിണികളുടെ പുസവനക്രിയ മുതലായ ദിവസങ്ങളിൽ ഇവ പതിവാണ്. പതിനെട്ടാംപെരുക്ക് എന്നത് ആടിമാസം 18-ാം തീയതി (കർക്കടകം 18) കൊണ്ടാടുന്ന കാവേരിപൂജയാണ്. കാവേരിനദി തഞ്ചാവൂരിന്റെ ജീവനാഡിയാണ്. കേരളത്തിൽ മഴപെയ്യുമ്പോൾ തഞ്ചാവൂരിൽ നല്ല വെയിലായിരിക്കും. കർക്കടകം 18 ഓടുകൂടി കാവേരിനദി കരകവിഞ്ഞ് 18 പടവുകളുംമുങ്ങി ഒഴുകുമത്രേ. തങ്ങളുടെ ഐശ്വര്യദേവതയായ കാവേരിയെ ആടിമാസം 18 ന് സ്‌ത്രീകൾ പൂജിക്കുകയും സൗഭാഗ്യദ്രവ്യങ്ങളായ മഞ്ഞൾ, വെറ്റില, പാക്ക്, പുഷ്‌പം, വള മുതലായവ ഒരു കളിപ്പാട്ടവഞ്ചിയിൽ കാവേരിഅമ്മനായിക്കൊണ്ട് നദിയിൽ ഒഴുക്കുകയും ചിത്രാന്നം നിവേദിക്കുകയും ചെയ്യും നദീതീരത്തുതന്നെ ഇവ ‘സാപ്പിടുകയും’ ചെയ്യും. കാവേരിതീരത്ത് ഇത് നടക്കുമ്പോൾ പാലക്കാട്ട് നല്ല മഴയായിരിക്കും. കാലക്രമത്തിൽ പാലക്കാട്ടുകാർക്ക് ‘ആടിപ്പതിനെട്ടി’ന്റെ പൊരുൾ എന്തെന്നുപോലും അറിയാതെപോയിരുന്നാലും അവർ അന്നേദിവസം ചിത്രാന്നം ഉണ്ടാക്കി ഭക്ഷിക്കാറു പതിവാണ്. ഒരിക്കൽ തഞ്ചാവൂരിൽ പുംപുഹാറിൽ ഒരു ചിലപ്പതികാരസെമിനാറിൽ പങ്കെടുക്കുവാൻ പോകുകയുണ്ടായി. അന്നായിരുന്നു ‘ആടിപ്പെരുക്ക് ’ എന്ന വിശേഷം.
യജൂർവേദത്തിലെ തൈത്തിരീയോപനിഷത്തിൽ ‘അന്ന’ത്തെപ്പറ്റി ദീർഘമായി പ്രതിപാദിച്ചിട്ടുണ്ട്. അതിൽ പറയുന്നു ഃ ‘അന്നം ന നിന്ദ്യാത് ’ എന്ന് അന്നത്തെ നിന്ദിക്കരുത്. ‘അന്നം ന പരിചക്ഷീതാ’ അന്നത്തെ തളളിപ്പറയരുത് എന്നും മറ്റും. അതുകൊണ്ടായിരിക്കാം പഴയചോറിനെ കളയാതിരിക്കുന്നത്. രാത്രി ബാക്കിവന്ന ചോറ് വെളളംഒഴിച്ചുവച്ച് പിറ്റേദിവസം കാലത്ത് കട്ടതൈരുകൂട്ടി പ്രാതൽ കഴിക്കുക അഗ്രഹാരങ്ങളിൽ സാധാരണമാണ്. കുട്ടികൾക്കും പ്രസവരക്ഷയ്‌ക്കും ഇത് പ്രത്യേകമാണ്. വേദപാഠശാലകളിൽപോലും വിദ്യാർത്‌ഥികൾക്ക് ഇത് പ്രാതൽ ആയി കൊടുക്കാറുമുണ്ട്. ആന്ധ്രപ്രദേശിൽ ഹോട്ടലുകളിൽപോലും പ്രത്യേകിച്ച് വേനൽകാലത്ത് വെളളച്ചോറും കട്ടതൈരും, ആവയ്‌ക്കാമാങ്ങ ഉപ്പിലിട്ടതും കിട്ടും. വില ഇരട്ടിയായിരിക്കുമത്രേ! കേരളീയർക്ക് പൊതുവേ വെളളച്ചോറിനോടുളള അവജ്ഞ തമിഴർക്കു മനസ്സിലാക്കുവാൻ പ്രയാസമാണ്.
‘മത്തൻ കൂട്ടാൻ കൂട്ടിട്ടും നെടിയരിച്ചോറുണ്ടിട്ടും
എണ്ണതേച്ചുകുളിക്കാഞ്ഞിട്ടും പിത്തം വർദ്ധിച്ചു ഭൂപതേ’ എന്ന് കുഞ്ചൻനമ്പ്യാർ പാടിയത്രേ. സദ്യയിൽ തമിഴരെപ്പറ്റി അദ്ദേഹം തമിഴ്‌ഭാഷയിൽത്തന്നെ വർണ്ണിച്ചിട്ടുണ്ട്.
‘പോടിങ്കലാ പോടിങ്കലാ പോട് ചോറൊരിടങ്കഴി ഇങ്കേ പോട്
അപ്പൊ ശുപ്പാ വെങ്കിട റാമാ’ – എന്നും മറ്റും.
കൂട്ടാൻ ഃ- തമിഴരുടെ പതിവ് ഒരു നടന്നകഥയിലൂടെ വെളിപ്പെടുത്താം. എന്റെ മഠത്തിന്റേ എതിർവശമുളള മഠത്തിൽ തമിഴ്‌നാട്ടിൽനിന്ന് പുതായ്‌വന്ന ഒരു കുടുംബം താമസിച്ചിരുന്നു. അവിടുത്തെ ഗൃഹനായിക മീനമ്പാൾ അമ്മാൾ ഉച്ചയ്‌ക്ക് എന്റെ മുത്തശ്ശിയോട് സൊറ പറഞ്ഞിരിക്കുമായിരുന്നു. പ്രധാന സംസാരവിഷയം അന്നേദിവസത്തെ ‘ചമയൽ’ (വെപ്പ്‌തന്നെ). മീനാമ്പാൾ അമ്മാൾക്ക് എരിശ്ശേരി എന്താണെന്ന് അറിയില്ല. മുത്തശ്ശി അതുണ്ടാക്കേണ്ടവിധം വിവരിച്ചുകൊടുത്തു. നാലുദിവസം കഴിഞ്ഞ് ആ മഠത്തിലെ ജോലിക്കാരൻ രാമൻനായർ ഉച്ചയ്‌ക്ക് പുറത്തുവന്നപ്പോൾ മുത്തശ്ശി ചോദിച്ചു, “എന്താ രാമൻനായരേ ഊണുകഴിഞ്ഞുവോ? എന്താകൂട്ടാൻ” എന്ന്. രാമൻനായർ പറഞ്ഞു “ഇന്ന് പുളിപ്പാർന്ന എരിശ്ശേരിയാണ് കൂട്ടാൻ.”
മുത്തശ്ശി ഃ- എന്ത് അസംബന്ധമാണ് പറയുന്നത്?
രാമൻ ഃ- അയ്യോ നേരാണേ പറഞ്ഞത്
മുത്തശ്ശി ഃ- ആ അമ്മ്യാരെ ഞാൻ വിളിക്കുന്നുവെന്ന് പറയൂ.
മീനാമ്പാൾ അമ്മാൾ വന്നു. താൻ അന്ന് ഉണ്ടാക്കിയത് പാട്ടിമ്മ പറഞ്ഞുതന്ന എരിശ്ശേരിതന്നെയാണെന്ന് പറഞ്ഞു.
മുത്തശ്ശി ഃ- ങേ? എന്താ? ഈ രാമൻനായർ പുളിപാർന്നിട്ടുണ്ട് എന്നും പറയുന്നത്.
അമ്മാൾ ഃ- അല്ല, പാട്ടമ്മേ, കുഴമ്പിൽ (കൂട്ടാനിൽ) പുളി ചേർക്കണം എന്ന് പ്രത്യേകം എടുത്തുപറയേണ്ടതുണ്ടോ? എല്ലാ കുഴമ്പിലുംപോലെ ഇതിലും ഞാൻ പുളി ചേർത്തു. അതിലെന്താ തെറ്റ്?
പുളി ചേർക്കാത്ത കുഴമ്പ് (കൂട്ടാൻ) തമിഴർക്ക് ചിന്തിക്കുവാൻപോലുംവയ്യത്രേ. തമിഴ്‌നാട്ടിൽ പോയ ഒരു മലയാളി ഊണിനിരുന്നപ്പോൾ കൂട്ടാൻ വിളമ്പുന്ന ആൾ കുഴമ്പ് കുഴമ്പ് എന്നു വിളിച്ചു പറഞ്ഞുവെന്നും അതിന്ന് മലയാളി ‘അസാരം ഇലയിൽ ഒഴിച്ചുതരൂ’ എന്ന് പറഞ്ഞതായി ഒരു ഫലിതം കേൾക്കുന്നുണ്ട്.
പുളിക്കൂട്ടാനുകളിൽ ഇപ്പോൾ കേരളത്തിൽ പ്രധാനപ്പെട്ടത് സാമ്പാറും രസവുമാണ്. ഇവ തമിഴ്‌നാട്ടിൽനിന്നും കേരളത്തിൽവന്നവയാണത്രെ. അതിനെപ്പറ്റി ഒരു ഹാസ്യകഥയുണ്ട്. ആ കഥയെ ഒരു കഥകളി ആട്ടക്കഥയായി രചിച്ച ശ്രീ. പാറോലി നീലകണ്‌ഠൻനമ്പൂതിരി അവർകൾ ഗുരുവായൂർ കഥകളിക്ലബ് സുവനീറിൽ 1972 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പച്ച, കത്തി, മിനുക്ക്, ചുവന്നതാടി മുതലായ വേഷങ്ങൾ ഉളള ആ കഥയെ ചുരുക്കിപറയാം. കാളൻ എന്ന കേരളരാജാവിന് ഓലൻ എന്ന മന്ത്രി. ഇവരോട് തമിഴ്‌നാട് രാജാവായ സാമ്പാറും മന്ത്രിയായ രസവും പടപൊരുതിതോറ്റ് അടിയറവച്ചു കിഴടങ്ങി. അഭയം നൽകുക കേരളപാരമ്പര്യമാണ്. അതിനാൽ സാമ്പാറിനും രസത്തിനും അഭയം നൽകി. പക്ഷെ, ഒരു നിബന്ധന, അവരുടെ പേര് മാറ്റണം. സാമ്പാറെന്നത് ‘പുളിങ്കറി’ എന്നും രസം എന്നത് ‘ചാറ്’ എന്നുമായി മാറ്റിയത്രെ. പാലക്കാട്ട് ബ്രാഹ്‌മണരുടെ ഇടയിൽ ഒരാൾ മരിച്ചുപോയാൽ അടിയന്തിരം കഴിയുന്നതുവരെ ദിവസേന ബന്ധുക്കളുടെ വകയായി നാട്ടുകാർക്ക് ചോറുകൊടുക്കുക പതിവായിരുന്നു. ഇതിന് ‘ചാറ്’ സദ്യ എന്നുപേർ. ‘ചാറ്’ എന്നവാക്ക് മരണഅടിയന്തിരത്തെ സൂചിപ്പിക്കുന്നതിനാൽ ചിലമഠങ്ങളിൽ പിറന്നാൾ സദ്യയ്‌ക്ക് രസം (ചാറ്) ഉണ്ടാക്കാറില്ല. തർപ്പണം (ബലിയിടൽ) നടത്തപ്പെടുന്ന അമാവാസി മുതലായ ദിവസങ്ങളിൽ രസം (ചാറ്) നിർബന്ധമായി ഉണ്ടാക്കുകയും ചെയ്‌തിരുന്നു.
“നേന്ത്രക്കായക്കഷണത്തോടെ ചേനക്കഷ്‌ണം ചേർന്നാൽ
കുരുമുളകിൻപൊടി മഞ്ഞപ്പൊടിയും തൈരുകൂടി ചേർന്നാൽ” (കാളവിജയം ആട്ടക്കഥ) എന്നും മറ്റും കാളൻതന്നെയാണ് മീതെ എന്നു സമർത്‌ഥിക്കാൻ ഒരു ഫലിതക്കാരൻ അമരകോശത്തിൽനിന്ന് ഉദ്ധരിക്കുകയാണ് എന്നുപറഞ്ഞ് ‘ഉഗ്രസ്യസാമ്പോഉപരിഷ്‌ഠകാള’ എന്നതിനെ വ്യാഖ്യാനിക്കുകയാണ്. സാമ്പാർ ഉഗ്രൻതന്നെ പക്ഷെ കാളനാണ് ഉപരി എന്ന്
അഗ്രഹാരങ്ങളിൽ പതിവായി ഉണ്ടാക്കുന്ന എളുപ്പമായ ഒരുപുളിക്കൂട്ടാനാണ് ‘വറ്റൽകുഴമ്പ് ’ സാധാരണ ഇതിന് പച്ചക്കറി കഷ്‌ണങ്ങൾക്ക് പകരം ഉണക്കിസൂക്ഷിച്ച ‘വറ്റലുകളാ’ണ് ഉപയോഗിക്കാറ് മരത്തങ്കാളി, പാവയ്‌ക്ക, വെണ്ട, മാങ്ങ മുതലായവ ധാരാളം കിട്ടുന്ന കാലത്ത് കഷ്‌ണങ്ങളാക്കി ഉണക്കി വെക്കും. വറ്റൽകുഴമ്പുണ്ടാക്കുമ്പോൾ വേണ്ടതു ചേർക്കും പച്ചക്കറികഷ്‌ണങ്ങൾ തന്നെ ഉപയോഗിക്കുവാൻ തടസ്സമൊന്നുമില്ല. ഒരു വലിയ നെല്ലിക്ക അളവ് പുളി ഒരുഗ്ലാസ് വെളളത്തിൽ തിരുമ്മി ചക്കയും നാരുംപിഴിഞ്ഞ് അരസ്‌പൂൺ കപ്പൽമുളകുപൊടി അരസ്‌പൂൺ ഉപ്പ് അര സ്‌പൂൺ മഞ്ഞപ്പൊടി ഇവ കലർത്തി തിളപ്പിച്ച് വെളളം വറ്റാറാകുമ്പോൾ അതിൽ 4 സ്‌പൂൺ പച്ചരിപ്പൊടി വെളളത്തിൽ കലർത്തി ഇളക്കിചേർക്കുക. തിളച്ച് ഇറക്കിവയ്‌ക്കുക. കടുക്, ജീരകം, കറിവേപ്പില ഇവകുറച്ച് എണ്ണയിൽ വറുത്തിടുക. ഒരുകഷ്‌ണം വെല്ലവും ചേർക്കുക. വറ്റൽ ഉണ്ടെങ്കിൽ കടുകുവറുക്കുന്നതിൽ ഇടാം. പച്ചക്കറി കഷ്‌ണങ്ങളാണെങ്കിൽ പുളിവെളളത്തിൽ വേവിക്കണം.
ഉണ്ടക്കുഴമ്പ് ഃ- കടലപ്പരിപ്പ് ഉരി, തുവരപ്പരിപ്പ് ഉരി ഇവ ഒരുമണിക്കൂർ വെളളത്തിൽ കുതിർത്തി കപ്പൽമുളക് 6 എണ്ണം, സ്വല്പം കായം, ഉപ്പ് ഇവ ചേർത്ത് അരയ്‌ക്കുക. കുറച്ച് കറിവേപ്പില ചേർക്കുക. ഈ കട്ടിയായ മാവ് ഒരു ചീനച്ചട്ടിയിൽ 4 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അടുപ്പത്തുവെച്ച് ഇളക്കുക. മാവ് പാത്രത്തിൽ ഒട്ടിപ്പിടിക്കാത്ത പരുവം ആകുമ്പോൾ ഇറക്കിവച്ച് നെല്ലിക്ക അളവിൽ ഉരുളയുരുട്ടുക. ഇവ ഇഡ്‌ഡലിപാത്രത്തിൽ ആവിന്മിൽ വെക്കുക. അര മണിക്കൂറിനുശേഷം ഇറക്കിവച്ച് ചൂടാറിയാൽ മേൽകാണിച്ച പ്രകാരം വറ്റൽക്കുഴമ്പ് ഉണ്ടാക്കുമ്പോൾ തിളക്കുന്ന സമയത്ത് ഉണ്ടകൾ അതിൽ ഇടുക. തിളച്ചാൽ ഇറക്കിവയ്‌ക്കുക. ഇത് വടക്കേ ഇന്ത്യയിലെ കോഫ്‌തായുടെ ഒരു വകഭേദംപോലെതോന്നും. നല്ലപ്രോട്ടീൻഫുഡ് ആണ്. കൂട്ടാൻ ഉണ്ടാക്കുവാൻ സൗകര്യപ്പെടാതെ വരുന്ന അവസരങ്ങളിൽ കൂട്ടാന്റെ സ്‌ഥാനത്ത് ഉപയോഗിക്കുവാൻ തയ്യാറാക്കി സൂക്ഷിച്ചുവയ്‌ക്കുന്ന ചില പൊടികൾ ഉണ്ട്. കലത്ത്‌പൊടി, തേങ്കാപ്പൊടി, കറിവേപ്പിലപ്പൊടി ആദിയായവ. ചോറിൽ ഇവ ഏതെങ്കിലും ഇട്ട് കുറച്ച് ഉരുക്കിയ നെയ്യോ എണ്ണയോ ചേർത്ത് കുഴച്ച് ഊണുകഴിക്കാം.
അടഃ- ദോശമാതിരി, വണ്ണത്തിൽ ചുട്ടെടുക്കുന്നവയാണിവ.
ഉഴുന്നട ഃ- ഒരു നാഴി പുഴുങ്ങലരി, ഒഴക്ക് ഉഴുന്ന്, ഒഴക്ക് തുവരപ്പരിപ്പ് ഇവ ഒന്നിച്ച് 3 മണിക്കൂർ കുതിർത്തി ഉപ്പ്, 6 കപ്പൽമുളക്, കായം ഇവ ചേർത്ത് കട്ടിയായി അരച്ചെടുക്കുക. കുറച്ചു കറിവേപ്പിലയും ചേർക്കുക. അരവ് പരുക്കനാവണം. ‘നൈസ്’ ആവരുത്. മാവ് കട്ടിയായി ഇരിക്കണം. വെളളംകുറച്ചേ ചേർക്കാവൂ. ഇത് കനത്തിൽ ദോശമാതിരി ചുട്ടെടുക്കുക. ഇതിന് രണ്ടാമതായി വെണ്ണയുംതേനും ശ്ലാഘ്യം.
വെറുമരിശി അട ഃ- പുഴുങ്ങലരി 2 നാഴി 3 മണിക്കൂർ കുതിർത്ത് ഉപ്പ് ചേർത്ത് പരുക്കൻമാവാക്കി ആട്ടിയെടുക്കുക. ഇതിൽ ഒരു മൂടി നാളികേരം ചിരകിയത് ചേർക്കുക. ഇതും ദോശമാതിരി കനത്തിൽ ചുട്ടെടുക്കണം. നാളികേരത്തിനുപകരം കിളിന്ത് മുരിങ്ങയില ചേർക്കാം. ഇപ്പോൾ കാബേജ്, കാരറ്റ് മുതലായവയും ചേർക്കുന്നുണ്ട്.
നോമ്പട ഃ- കുംഭ-മീന മാസ സംക്രമണത്തിൽ സ്‌ത്രീകൾ ദീർഘമാംഗല്യത്തിന് നോമ്പ് നോൽക്കാറുണ്ട്. സാവിത്രിക്ക് ‘മരിച്ച’ സത്യവാനെ വീണ്ടുകിട്ടിയ സമയമാണത്രെ. ഈ നോമ്പിനുളള നൈവേദ്യമാണ് നോമ്പട. 2 നാഴി പച്ചരി കുതിർത്തി ഇടിക്കുകയോ അരയ്‌ക്കുകയോ ചെയ്യുക. 2 നാഴി വെല്ലം ആട്ടുകല്ലിൽ ആട്ടി മിനുസത്തിൽ അരച്ചെടുത്ത് ഒരു ചീനച്ചട്ടിയിൽ ഇടുക. അരമൂടി നാളികേരം ചെറിയ കഷ്‌ണങ്ങളാക്കി നുറുക്കി വയ്‌ക്കുക. ഒരു പിടി വെളളപ്പയറ് വേവിച്ച് ഈ മാവിൽ ഇട്ട് വെല്ലത്തോടുകൂടി ചേർത്ത്‌വിടാതെ ഇളക്കിവേവിക്കുക. മാവ് ഉരുണ്ടുകൂടുമ്പോൾ 4 സ്പൂൺ നെയ്യ്, ഏലക്കപൊടി, നുറുക്കിവച്ച നാളികേരം എല്ലാംചേർത്ത് കുഴച്ച് പ്ലാശിന്റെ ഇലയിൽ പൂരിവട്ടത്തിൽ കനത്തിൽതട്ടി ആവിയിൽവേവിച്ച് എടുക്കുക. ഇതിന് രണ്ടാമതായി വെണ്ണയാണ് പതിവ്. ഇതുതന്നെ ശർക്കരയ്‌ക്കുപകരം ഉപ്പുചേർത്ത് ഉണ്ടാക്കാറുണ്ട്.
കൊഴുക്കട്ട ഃ- ഇവ പലതരത്തിൽ ഉണ്ട്. അമ്മിണി (ചെറിയ) കൊഴുക്കട്ട ഃ- നാഴി പച്ചരി കുതിർത്തി ഉപ്പ്, 8 പച്ചമുളക്, കായം ഇവചേർത്ത് അരയ്‌ക്കുക. മിനുസമായി അരയ്‌ക്കണം. അരമുറി നാളികേരം കഷ്‌ണമാക്കി ചേർക്കണം. ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഈ മാവ് വേവിച്ച് വിടാതെ ഇളക്കി ഉരുണ്ടുകൂടുമ്പോൾ ഇറക്കി ചൂടാറിയാൽ ഗോലിയുടെ വലിപ്പത്തിൽ ഉരുളകൾ ഉരുട്ടി അവ ആവിയിൽ വേവിച്ച് എടുക്കുക. ഒരു ചീനച്ചട്ടിയിൽ കുറച്ച് കടുകുവറുത്ത് വേവിച്ച ഉണ്ടകൾ അതിലിട്ട് കുലുക്കി പുരട്ടി വാങ്ങുക.
പൂർണ്ണ(പൂരണ) കൊഴുക്കട്ട ഃ- ഇത് വിനായക ചതുർത്‌ഥിക്കുളള പ്രധാന നൈവേദ്യമാണ്. കാൽകിലോ വെല്ലം പാവുകാച്ചിയതിൽ ഒരുനാളികേരം ചിരകി ചേർക്കുക. 4 സ്പൂൺനെയ്യും. മുക്കാൽനാഴി പച്ചരികുതിർത്തി അരച്ച് ചീനച്ചട്ടിയിൽ ഒരുകപ്പ് വെളളം തിളപ്പിച്ച് പച്ചരിമാവ് ചേർക്കുക. 4 സ്പൂൺ വെളിച്ചെണ്ണയും. വിടാതെ ഇളക്കി കട്ടിയായാൽ ഇറക്കി ചൂടാറിയാൽ കുറേശ്ശെ മാവ് എടുത്ത് അർദ്ധഗോളാ(കപ്പ്) കൃതിയിൽ കൈവിരൽകൊണ്ട് ആകൃതിയാക്കിഎടുത്ത് അതിൽ കുറേശ്ശെ ‘നാളികേര ശർക്കര’ പൂരണമായിവെച്ച് മാവ് കിണ്ണത്തിന്റെ മുകൾഭാഗം(മുഖം) മടക്കിചേർത്ത് അടയ്‌ക്കുക. അപ്പോൾ ഒരു സബോളയുടെ ആകൃതി ഉണ്ടാവും. ഇവ ആവിയിൽ വേവിച്ച് എടുക്കുക. കേരളത്തിൽ എലയടയ്‌ക്ക് മോദകം എന്നാണു പറയാറ്. ഇല അടയാണ് കേരളത്തിൽ വൽസ. ഈ പേരുവരുവാൻ കാരണമുണ്ട്. ഭാസന്റെ പ്രതിജ്ഞാനാടകത്തിൽ മന്ത്രാങ്കം എന്ന അങ്കം കൂടിയാട്ടമായി അവതരിപ്പിക്കുന്നു. വൽസരാജാവിനെ ശത്രുക്കൾ ചതിച്ച് തട്ടിക്കൊണ്ടുപോയി. അദ്ദേഹത്തെ മോചിപ്പിക്കാൻ മന്ത്രിമാർ വേഷം മാറിനടക്കുകയാണ്. അവരുടെ ഗൂഢഭാഷയിൽ വൽസരാജാവിനെ മോദകം എന്നാണ് പറയാറ്. മലയാളത്തിൽ അട എന്നും. മോദകം എന്ന ഇലയട വൽസരാജാവിനെ സൂചിപ്പിക്കുന്നതുകൊണ്ട് വൽസൻ എന്ന് പേരുവന്നുചേർന്നു.
കേരളത്തിൽ അവഗണിക്കപ്പെടുന്ന രണ്ടു പച്ചക്കറി സാധനങ്ങളാണ് ഉണ്ണിപ്പിണ്ടിയും കുടപ്പനും (വാഴക്കൂമ്പ്). വാഴപ്പിണ്ടികൊണ്ട് പലതരം കറികളും വറുക്കുവാനുളള കൊണ്ടാട്ടവും ഉണ്ടാക്കാറുണ്ട്. ശ്രാദ്ധസദ്യയ്‌ക്കുപോലും ഉണ്ണിപ്പിണ്ടി ഉപയോഗിക്കുന്നു. പാലക്കാടൻ അഗ്രഹാരങ്ങളിലും ഇത് പതിവാണ്.
വട ഃ- സാധാരണ കാണാറുളള ഉഴുന്നുവടയ്‌ക്കും പരിപ്പുവടയ്‌ക്കും പുറമേ പാലക്കാട്ടുകാർ പൊളളവട, തട്ട, തലവട എന്നുംംമറ്റും പലതരം വടകൾ ഉണ്ടാക്കാറുണ്ട്. ഒരുസദ്യ പൂർണ്ണമാകണമെങ്കിൽ വടയും പായസവും വേണം. ശ്രാദ്ധസദ്യക്ക് ഉഴുന്നുവട പ്രത്യേകമാണ്. പക്ഷെ, പച്ചമുളക് ചേർക്കില്ല. പകരം കുരുമുളക് ചതച്ചതാണ് ചേർക്കുക. പ്രാചീനഭാരതത്തിൽ കുരുമുളക് മാത്രമേ ഉണ്ടായിരുന്നുളളൂ. പച്ചമുളക് (അതിൽനിന്ന് കപ്പൽമുളകും) പോർച്ചുഗീസുകാർ കൊണ്ടുവന്നതാണ്. അതിനാൽ നിവേദ്യസാധനങ്ങൾക്ക് ഈ ‘ഇറക്കുമതി’ മുളക്‌പാടില്ല. ഹനുമാന് ഒരു പ്രധാന വഴിപാടാണ് വടകൊണ്ട് മാല ഉണ്ടാക്കി ചാർത്തുക. ഇതും കുരുമുളകു ചേർത്ത ഉഴുന്നുവടയാണ്. ചില പൂജകളിൽ പണ്ട് മാംസം നേദിച്ചിരുന്നുവത്രെ. മാംസത്തിന്റെ സ്‌ഥാനത്ത് ഇപ്പോൾ ഉഴുന്നുവടകൊണ്ടുളള പദാർത്‌ഥങ്ങളാണ് നേദിക്കാറ്. മാംസത്തിൽ എന്നപോലെ ഉഴുന്നിലും ധാരാളം പ്രോട്ടീൻ ഉണ്ട്.
തെരണ്ടുകുളിപ്പുട്ട് ഃ- നാടൻപച്ചരി ഒരുനാഴി കുതിർത്തിപൊടിക്കുക. ചീനച്ചട്ടിയിൽ അത് വിടാതെ ഇളക്കി വറുക്കുക. ചുവപ്പ് നിറം വരുമ്പോൾ എടുത്ത് ഒരുതാമ്പാളത്തിൽ പരത്തി ആറി കട്ടകൾ ഉണ്ടെങ്കിൽ ഉടച്ചിടുക. പിന്നെ 2 ഗ്ലാസ് വെളളത്തിൽ ഒരു സ്പൂൺ മഞ്ഞപ്പൊടി ഇട്ട് തിളപ്പിച്ച് ഇത് വറുത്തുവെച്ചപൊടിയിൽ കുറേശ്ശെയായി തളിച്ച് യോജിപ്പിക്കുക. പിന്നെ ആവിയിൽ വേവിക്കുക. എടുത്ത് താമ്പാളത്തിൽ ആറിയശേഷം ഉലർത്തുക. പിന്നെ ഒരുനാഴിവെല്ലം വെളളംചേർത്ത് പാവാക്കി എടുക്കുക. വേവിച്ചപൊടി ഈ ശരക്കരപ്പാവിൽ കലർത്തി യോജിപ്പിച്ച് കട്ടകൾ ഇല്ലാതാക്കി വയ്‌ക്കുക. വേണമെങ്കിൽ നെയ്യ്, അണ്ടിപ്പരിപ്പ് ഏലക്കായ പൊടിച്ചത് നാളികേരം ചിരകിയത് ഇവ ചേർക്കാം. ഈ മധുരപലഹാരം ഉണ്ടാക്കുവാൻ നല്ല പരിചയം വേണം. ഇത് നേദിച്ച് സ്‌ത്രീകൾ എല്ലാവർക്കും കൊടുക്കുന്നു. പെൺകുട്ടി തിരണ്ടാൽ അവിടെ ഗ്രാമത്തിലെ പെൺകുട്ടികൾ ഒത്തുചേരും. തെറിപ്പാട്ടുപാടും. ഇങ്ങനെയാണത്രേ ലൈംഗിക വിജ്ഞാനം പകർന്നിരുന്നത്. പുരുഷൻമാർക്ക് അവിടെ പ്രവേശനം നിഷിദ്ധം.
ചീളി ഃ- ഈ പലഹാരവും തെരണ്ടുകുളിക്ക് കൊടുക്കാറുണ്ട്. കേരളീയർക്ക് എളളുണ്ട പരിചമാണ്. അത് ഒന്നുംകൂടി സംസ്‌കരിച്ച് ഉണ്ടാക്കുന്ന ‘ചീളി’ക്ക് സ്വാദ് കൂടും. എളള് കഴുകി വെയിലത്തിട്ട് ഉണക്കി എടുത്ത് വറുക്കുക. എളള് ‘പൊട്ടിത്തെറിക്കാൻ’ തുടങ്ങുമ്പോൾ ഇറക്കിവയ്‌ക്കുക. ശരക്കര ഇടിച്ച്‌പൊടിക്കുക. ഒരുപാത്രം എളളിന് ഒരുപാത്രം ശർക്കരപ്പൊടി വേണം. ആദ്യം എളള് ഇടിക്കുക. പിന്നെ ശർക്കരയും ചേർത്ത് ഇടിച്ച് യോജിപ്പിച്ച് ഉരുളപിടിച്ച് വയ്‌ക്കുക. കല്യാണവേദിയിൽ സ്‌ത്രീധനമായി ധാരാളം പലഹാരങ്ങൾ കൊടുക്കുന്നത് പ്രദർശിപ്പിക്കാറുണ്ട്. മകളെ ഭർത്താവിന്റെ വീട്ടിൽ കൊണ്ടാക്കുമ്പോൾ അഞ്ചുകൂട്ടം (പഞ്ച ഭക്ഷണം) കൊടുക്കാറുണ്ട്.
മധുരം ഃ- ലഡ്‌ഡു, റവാലഡ്‌ഡു, ജിലേബി (ജാങ്ക്രി), മൈസൂർപാക്ക്, പാൽതെരട്ടുപാൽ (പാൽഗോവ), തേങ്കാതെരട്ടുപാൽ, നെയ്യപ്പം, അതിരസം, പരുപ്പ്‌തേങ്കായ്, മനോഹരം(മധുരസേവ), കേസരി (സൊജ്ജി) എന്നിവയാണ്.
ഉപ്പ് പലഹാരങ്ങൾ ഃ- മുറുക്ക്, പൊക്കാവട, തേൻകുഴൽ, മുത്തുരസം, ഓമപ്പൊടി. മൈസൂർപാക്ക് കടലമാവ് കൊണ്ടാണ് ഉണ്ടാക്കുന്നത്. പണ്ട് ചെറുപയറുമാവ് കൊണ്ടായിരുന്നത്രെ. അതിനാൽ അതിന് മേസൂർപാക് എന്ന പേരുണ്ടായി. കടലമാവ് ആക്കിയപ്പോൾ മൈസൂർപാക് ആയി. കേസരി എന്നതിന് ആദ്യം കേസർബാത്ത് എന്ന ഹിന്ദിപേരായിരുന്നു. മഞ്ഞനിറംവരുത്തുന്നത് കുങ്കുമപ്പൂവ് ചേർത്തായിരുന്നു. ആ കാലംപോയി. ഇപ്പോൾ ഫുഡ്‌കളർ ചേർക്കുന്നു. പേര് വെറും കേസരി ആയി. ബ്രാഹ്‌മണരുടെ പലഹാരങ്ങളിൽ മുറുക്ക് പ്രസിദ്ധമാണ്. പച്ചരിപ്പൊടി 5 ഭാഗം, ഉഴുന്നുപൊടി അരഭാഗം, ജീരകം പൊടിച്ചത്, കായം, ഉപ്പ് കുറച്ച്, വെണ്ണ ഇവ യോജിപ്പിച്ച് വളരെ കുറച്ച് വെളളംചേർത്ത് കുഴച്ച് മാവെടുത്ത് ചെറുവിരൽ വണ്ണത്തിൽ പിരിയൻതിരിയാക്കി നീട്ടി വെളിച്ചെണ്ണയിൽ വറുത്ത് എടുക്കുക. മുറുക്ക് ചുറ്റേണ്ടവിധം വിവരിക്കുവാൻ പ്രയാസമാണ്. ശരിയായി ഉണ്ടാക്കുവാൻ നല്ലപരിചയം വേണം. പെൺകുട്ടികൾ കുട്ടിക്കാലം മുതൽക്ക് തരംകിട്ടുമ്പോഴെല്ലാം പരിചയിച്ചുനോക്കും. രണ്ടുകൈകൊണ്ടും ഒരേസമയത്ത് ഇടത്തുംവലത്തും ഓരോ മുറുക്ക് ഉണ്ടാക്കാറുണ്ട്. ചില ഡിസൈൻവേലകൾ ചെയ്‌ത മുറുക്കുകൾ കല്യാണസദസ്സിൽ അലങ്കാരമായി വയ്‌ക്കും.
വേപ്പിലക്കട്ടി ഃ- ഇത് ഒരു ഉപ്പിലിട്ടതുപോലെയോ, ദോശപ്പൊടിപോലെയോ ഉപയോഗപ്പെടുത്തുന്നു. വടുകപ്പുളിനാരകത്തിന്റെ മൂത്തഇല എടുത്ത് തുടച്ച്‌വൃത്തിയാക്കി ഞരമ്പ് കളഞ്ഞ് ഇടിക്കുക. ഇടങ്ങഴി പൊടിക്ക് 250 ഗ്രാം കപ്പൽമുളക്, ഒരുനുളളു കായം, 2 സ്‌പൂൺ വെളിച്ചെണ്ണ ഇവചേർത്ത് ചീനച്ചട്ടിയിൽ വറുത്തെടുത്ത് ഇടിച്ച്‌പൊടിക്കുക. പിന്നെ കുറച്ച് പുളിയും ഉപ്പും മേൽപറഞ്ഞ ഇലപ്പൊടിയും ചേർത്ത് ഉരലിൽ ഇടിച്ച് യോജിപ്പിക്കുക. ഉപ്പോമുളകോ കൂടുതൽ വേണമെങ്കിൽ ഇപ്പോൾ ചേർക്കാം. ഇടിച്ചത് ഉരുളകളാക്കി പിടിച്ച് വയ്‌ക്കുക. കല്യാണസദ്യകൾക്ക് ഇത് ഉപ്പിലിട്ടതായി വിളമ്പാറുണ്ട്. മാപ്പിളപ്പട്ടരും (കല്യാണവരനും) വേപ്പിലക്കട്ടിയും നന്നായാൽ കല്യാണം ഇരമ്പി എന്നൊരു ചൊല്ലുതന്നെയുണ്ട്.
തമിഴിൽ ബ്രാഹ്‌മണരെപറ്റി പറയുന്നത് ഇങ്ങനെയാണ്. ‘പാർപ്പാൻ ഉണ്ടുകെട്ടാൻ’ (ബ്രാഹ്‌മണൻ ഊണുകഴിച്ച് മുടിഞ്ഞുപോകുന്നു). അതായത് അവരുടെ ഭക്ഷണചെലവും വിഭവങ്ങളും അത്രയധികം. ചിലതിന്റെ പേര്‌മാത്രം കുറിക്കുന്നു. ഇഡ്‌ഡലി പലവിധം, ദോശപലവിധം, ഉപ്പുമാവ് പലവിധം, ചീടപലവിധം, ബജ്ജി, ബോണ്ട, സുഖിയൻ, ബോളി, ഉബ്ബിട്ട്, സേവ (സേവക) പലവിധം, തുകയൽ (ചമ്മന്തി) പലതരം, വറുത്ത് ഉപയോഗിക്കാനുളള വട, കറുവട, അപ്പളാം മുതലായവ. ഉപ്പിലിട്ടതിൽ മഹാണി (നറുനീണ്ടി) ക്ലാക്കായ, നാർത്തങ്കായ് (കയ്‌പനാരങ്ങ) വടുകപ്പുളി, എരുവ് ചേർത്ത ഉപ്പിലിട്ടത് ഉണക്കി സൂക്ഷിക്കുന്നത്, പായസം പലവിധം, കറികൾ പലവിധം എന്നുംമറ്റും.
എടക്കിട്ടൊരസംബന്ധം പണ്‌ഡിതർക്കും രുചിച്ചീടും. 1. ചാത്തുണ്ണിക്ക് അസുഖം. വൈദ്യരെ കാണിച്ചു. മരുന്നു നിശ്ചയിച്ചു. പത്‌ഥ്യം വേണം. മെഴുക്ക്‌തൊട്ടുപോകരുത് എന്നുംപറഞ്ഞു. കുറച്ച് ആശ്വാസംകണ്ടപ്പോൾ ചാത്തുണ്ണിവൈദ്യരെ പിന്നേയുംകണ്ടു. മരുന്നുകുറിച്ചു. കാര്യായിട്ട് മെഴുക്കുവേണ്ട. കൂട്ടാനിൽ കടുവറുത്ത് വേണമെങ്കിൽ കൂട്ടിക്കോളൂ എന്നു പറഞ്ഞു. കുറച്ചു ദിവസംകഴിഞ്ഞ് ചാത്തുണ്ണി പിന്നെയും വൈദ്യരെ കണ്ടുചോദിച്ചു “കടുകിട്ടാനില്ല, മൊശു ആയാൽ വിരോധമുണ്ടോവറത്തിടാൻ” എന്ന്. അപ്പോഴാണ് വൈദ്യർ അറിയുന്നത് കടുവുംമൊശുവും ഓരോമൽസ്യങ്ങളുടെ പേരാണ് എന്ന്.
2. പാലക്കാട്ട് ചാത്തപ്പുരംകാര്യക്കാർ സഹസ്രഭോജനം നടത്താറുണ്ടായിരുന്നു. എല്ലാം ഗ്രാമങ്ങളിലെ ബ്രാഹ്‌മണരും സദ്യയ്‌ക്ക് പോകും. പാൽപായസം കേമം. ഒരു പട്ടർ ചെറിയ മകനേയും കൂട്ടി പോയി. ഊണുകഴിക്കുമ്പോൾ കുട്ടി ഒരുമുളക് കടിച്ചുപോയി. എരിവ് സഹിക്കാനാവാതെ വെളളം എടുത്ത് ശരേന്ന് കുടിക്കാൻ തുടങ്ങി. കിട്ടി ഒരടി മുതുകത്ത് – അച്‌ഛനിൽനിന്ന്. ബുദ്ധികെട്ടവനേ, പാൽപായസംവരാൻപോകുന്നു വെളളംകുടിച്ച് വയറുനെറയ്‌ക്കുകയോ?
3. ഉൽസവത്തിന് പ്രാതൽകഞ്ഞി വിളമ്പുന്നത് പാളയിലാണ്. പാള ഇല്ലെങ്കിൽ വാഴപ്പോള ചതുരത്തിൽകെട്ടി അതിന്റെ മുകളിൽ ഒരിലവച്ച് അതിൽ കഞ്ഞി ഒഴിക്കും. അതിന് പോണ്ടി എന്നു പേർ. കഞ്ഞികുടിക്കാൻ ഇരുന്നവരോട് കാര്യക്കാർ പറയുകയാണ്, പാളകഴിഞ്ഞാൽ പോണ്ടിവരും. കഞ്ഞികുടിക്കാൻ തരാവാതേവരുമോ എന്നു ശങ്കിച്ചവർക്ക് ‘പോണ്ടി’ കണ്ടപ്പോൾ സമാധാനമായി.
4. ദോശമാവ് ഉണ്ടാക്കിയാൽ നാലു ദിവസം മസാലദോശ 4-ാം ദിവസം ഊത്തപ്പം 5-ാം ദിവസം നാറ്റപ്പം. മാവ് നാറിത്തുടങ്ങും. അത് മാറാൻ ഉളളി അരിഞ്ഞിട്ട് വറുത്തിടുകയും ചെയ്യുമത്രേ.
5. ചേലക്കര കൃഷ്‌ണയ്യർ തേക്കിൻകാട്ടിൽ പ്രസംഗിക്കുന്നത് കേട്ടതാണ്. ദോശ എന്നപേർ എങ്ങനെവന്നു എന്ന് അറിയാമോ? ആദ്യം മാവ് ദോശക്കല്ലിൽ ഒഴിക്കുമ്പോൾ ‘ശേ’ എന്ന ശബ്‌ദം കേൾക്കും. പിന്നെ അത് മറിച്ചിടുമ്പോൾ രണ്ടാമതും ‘ശേ’ എന്ന ശബ്‌ദം. അങ്ങനെ രണ്ടുപ്രാവിശ്യം ശേ ശബ്‌ദം ഉണ്ടാക്കുന്നത്‌കൊണ്ട് ദോശെ എന്നുപേർവന്നു.
6. ശകാരം ഃ ദോശ തിന്നാൽ ആശയുണ്ടെങ്കിൽ ആശാന്റെ മേശ തുറന്ന് കാശെടുത്ത് ദോശ മേടിച്ചുതിന്ന് വാടകേശവ.
Generated from archived content: annam_oct04_06.html Author: ls-rajagopalan