ഓലക്കുടകൾ-പ്രയുക്തിയും നിർമ്മാണവും

പരിഷ്‌കാരത്തിന്റെ വർണ്ണശബളിമയിൽ മതിമറന്നു നിൽക്കുന്ന പുത്തൻതലമുറ, ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നതായ ഓലക്കുടകൾ ഒരുകാലത്ത്‌ സംസ്‌കാരത്തിന്റെ കേദാരങ്ങളിൽ നിലനിന്നിരുന്നു. കത്തിജ്ജ്വലിക്കുന്ന സൂര്യനിൽനിന്നും കോരിച്ചൊരിയുന്ന പേമാരിയിൽനിന്നും മാനവസമൂഹത്തിന്‌ സംരക്ഷണം നൽകിപ്പോന്ന ഈ ഓലക്കുടകൾ വിസ്‌മൃതിയുടെ അത്യഗാധതയിലേയ്‌ക്ക്‌ താഴ്‌ന്നുകൊണ്ടിരിക്കുകയാണ്‌. എങ്കിലും ചില ധന്യമുഹൂർത്തങ്ങളിൽ ഇവ തങ്ങളുടെ പ്രഭാവം ഉയർത്തിപ്പിടിച്ചുകൊണ്ട്‌ പ്രത്യക്ഷപ്പെടുന്നുണ്ട്‌. പ്രാചുര്യലുപ്തമായിക്കൊണ്ടിരിക്കുന്ന ഓലക്കുടകളുടെ നിർമ്മാണം ഒരു കുടിൽ വ്യവസായമായി ഇന്നും പേരിന്‌ നിലനിൽക്കുന്നു. പാണൻ, കണിയാൻ തുടങ്ങിയ സമുദായക്കാരാണ്‌ ഇതിൽ ഏർപ്പെടുന്നത്‌. പാരമ്പര്യമായി ഒരേതൊഴിൽ ചെയ്യുന്ന വിഭാഗക്കാർ ആ തൊഴിലുമായി ബന്ധപ്പെട്ട പേരുകളിൽ മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നു. ഇത്തരത്തിൽ ഉണ്ടായ ഒരുജാതിപ്പേരാണ്‌ ‘കണിയാൻ’ എന്ന്‌ അനുമാനിക്കാം. കണിയാൻ എന്ന പദത്തിന്‌ പലവിധത്തിൽ പദവ്യുൽപ്പത്തി കണ്ടെത്താമെങ്കിലും ‘കണിക്കുക’ എന്ന പദത്തിൽ നിന്നുമാണ്‌ ‘കണിയാൻ’ എന്ന പേരുണ്ടായതെന്ന അഭിപ്രായം സ്വീകാര്യമാണ്‌. ‘കണിക്കുക’ എന്ന പദത്തിന്‌ ‘കുടയുടെ ചട്ടം കെട്ടുക’ എന്ന അർത്‌ഥമാണുളളത്‌.

പ്രാചീനകാലങ്ങളിൽ ഓലക്കുടകളുടെ ആവശ്യം വൈവിധ്യപൂർണ്ണമായിരുന്നു. കേരളത്തിലുടനീളമുളള ജനങ്ങൾ ശീലക്കുടകൾക്കുപകരം ഓലക്കുടകളാണ്‌ ഉപയോഗിച്ചിരുന്നത്‌. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരും മത്സ്യബന്ധനത്തിലേർപ്പെടുന്നവരും മറ്റും ഓലക്കുടകൾ ഉപയോഗിച്ചുവന്നിരുന്നു. എല്ലാവരും ഒരേ രീതിയിലുളള കുടയായിരുന്നില്ല ഉപയോഗിച്ചിരുന്നത്‌. ധർമ്മവും പ്രയുക്‌തിയും പ്രദേശവും അനുസരിച്ച്‌ കുടയുടെ ആകൃതിക്കും വലിപ്പത്തിനും ‘ഭാഷ’യ്‌ക്കും വ്യത്യാസം ഉണ്ടായിരുന്നു.

ഉത്തരകേരളത്തിൽ കൃഷിപ്പണിയിലേർപ്പെടുന്നവർ ഉപയോഗിക്കുന്ന കുടയ്‌ക്ക്‌ ‘കളക്കുട’ എന്നു പറഞ്ഞുവരുന്നു. ‘കള’ എന്നു പറഞ്ഞാൽ കൃഷിയുടെ ഇടയിൽ കാണുന്ന ഉപയോഗശൂന്യമായ പാഴ്‌ച്ചെടികളാണ്‌. കളകൾ പറിക്കുന്ന കാലം കോരിച്ചൊരിയുന്ന മഴയുടെ കാലഘട്ടമാണ്‌. അപ്പോഴാണ്‌ കൃഷിപ്പണിക്കാർക്ക്‌ ഓലക്കുടയുടെ ആവശ്യം വരുന്നത്‌. അതിൽനിന്നാണ്‌ ഈ കുടകൾക്ക്‌ ‘കളക്കുട’ എന്ന പേരുവന്നത്‌. കൃഷിയുടെ മറ്റുസന്ദർഭങ്ങളിലും മഴയുണ്ടെങ്കിൽ ഓലക്കുട ഉപയോഗിക്കും. കുഴിവ്‌ അധികമുളള കുടകളാണിവ. കന്നുപൂട്ടുന്നവർ കാലില്ലാത്ത തൊപ്പിക്കുടയാണ്‌ ഉപയോഗിക്കുന്നത്‌. എന്നാൽ മത്സ്യബന്ധനത്തിനു പോകുന്നവർ ചെറിയ തൊപ്പിക്കുടയാണ്‌ തലയിൽ ധരിക്കുന്നത്‌. മത്സ്യബന്ധനത്തിനു പോകുന്നവർ ഉപയോഗിക്കുന്ന കുടയെ അപേക്ഷിച്ച്‌ അല്പം വിസ്‌താരം കൂടിയതാണ്‌ കന്നുപൂട്ടുന്നവർ ഉപയോഗിക്കുന്ന കുട.

സ്‌ത്രീപുരുഷഭേദമനുസരിച്ച്‌ കുടയുടെ ആകൃതിക്ക്‌ വ്യത്യാസം ഉണ്ടായിരിക്കും. മേൽപ്പറഞ്ഞ കളക്കുട സ്‌ത്രീകളുംപുരുഷൻമാരും ഉപയോഗിച്ചിരുന്നു. സ്‌ത്രീകൾ ചെറിയ കാലുളള കളക്കുടയും പുരുഷൻമാർ കാലില്ലാത്ത കളക്കുടയും ഉപയോഗിച്ചുവന്നു. കളക്കുടയുടെ ‘കാല്‌’ പിടിച്ച്‌ നടക്കാനും, ഞാറ്‌ പറിച്ചുനടുമ്പോഴും കളപറിക്കുമ്പോഴും കാല്‌ അവരുടെ ദേഹത്ത്‌ ചേർത്ത്‌ കുട നിർത്താനും ഉപയോഗിച്ചിരുന്നു. പുരുഷൻമാർ ഇവയെ ദേഹത്ത്‌ ചേർത്ത്‌ നിർത്തിയിരുന്നത്‌ ഒരു ചരടിന്റെ സഹായത്താലാണ്‌. എന്നാൽ കന്നുപൂട്ടുക, വരമ്പ്‌ കൊത്തുക എന്നീ കൃഷിപ്പണിയിൽ ഏർപ്പെടുന്ന പുരുഷൻമാർ തൊപ്പിക്കുടയാണ്‌ ധരിക്കുക. കൃഷിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനും പോകുന്നവർ നീളമുളള കാലോടുകൂടിയ സാധാരണ കുടയാണ്‌ ഉപയോഗിച്ചുവന്നത്‌. കടത്തനാട്ട്‌ മാധവിയമ്മയുടെ ‘ഗ്രാമശ്രീകൾ’ എന്ന കവിതയിൽ ഒരിടത്ത്‌ കാണുന്ന ‘…..നീളൻകുടചൂടി ഞാനീ വരമ്പിൻ കൊതുമ്പിൽ നിൽക്കെ’ എന്നഭാഗം നീളൻ കുടയുമെടുത്ത്‌ വയലിൽ പോകുന്നതിന്റെ ദൃശ്യബിംബമാണ്‌. നെൽവയലുകളിൽ കൊയ്‌ത്തുകാലത്ത്‌ ഉടമസ്‌ഥർക്ക്‌ പിടിക്കാൻ കണിശർ കുട കൊടുക്കുമായിരുന്നു. ഇതിന്‌ പ്രതിഫലമായി അവർക്ക്‌ ‘പിടിപതം’ ലഭിക്കും. ഒരു കുടയ്‌ക്ക്‌ ഇത്ര പതം എന്നാണ്‌ കണക്ക്‌.

ഉത്തരകേരളത്തിലെ ബ്രാഹ്‌മണസ്‌ത്രീകൾ കാല്‌ അധികം നീളമില്ലാത്ത വലിയ കുടയാണ്‌ എടുത്തുവന്നിരുന്നത്‌. ഇതിനെ ‘മറക്കുട’ എന്നു പറഞ്ഞുവരുന്നു. ഈ കുട മറച്ചുപിടിച്ചാൽ ദേഹത്തിന്റെ മുക്കാൽ ഭാഗം മറഞ്ഞുനിൽക്കും. മറയ്‌ക്കാൻ ഉപയോഗിക്കുന്ന കുട എന്ന നിലയ്‌ക്കാകണം ഇവയ്‌ക്ക്‌ ‘മറക്കുട’ എന്ന പേരുവന്നത്‌. ഇതിന്‌ കളക്കുടയ്‌ക്ക്‌ ഉളളതുപോലെ കുഴിവില്ല; മറിച്ച്‌ പരപ്പാണുളളത്‌. പുരുഷൻമാരാകട്ടെ കാല്‌ നീളമുളള കുടയാണ്‌ എടുക്കുക. വണ്ണംകുറഞ്ഞ മുളമ്പാണ്‌ കാലിന്‌ ഉപയോഗിക്കുന്നത്‌. ഇതിന്‌ ഏഴു കമ്പവരെ ഉണ്ടാകും. പെൺകുട്ടികൾ എടക്കുന്ന ചെറിയ വട്ടക്കുടകളും നിലവിലുണ്ടായിരുന്നു. ഇവയെ ‘കന്നിക്കുട’ എന്നുപറഞ്ഞുവന്നു. നമ്പൂതിരിമാരുടെ വിവാഹത്തിന്‌ മുൻകാലങ്ങളിൽ വരൻ ഓലക്കുട എടുക്കണമെന്നാണ്‌ നിയമം. അതിന്‌ ഏഴുകമ്പുവേണമെന്ന നിർബന്ധവുമുണ്ടായിരുന്നു. ‘വേളി’ക്ക്‌ ഉപയോഗിക്കുന്ന ഇത്തരം കുടകൾക്ക്‌ ‘വേളിക്കുട’ എന്നുപറയും. ഈ കുടയുടെ പുറംഭാഗം ‘ചേടി’ കൊണ്ടലങ്കരിക്കാറുണ്ട്‌. ഉത്തരകേരളത്തിലെ സംസാരഭാഷയിൽ വെളുത്ത കളിമണ്ണിനാണ്‌ ‘ചേടി’ എന്നുപറയുന്നത്‌. അത്യുത്തരകേരളത്തിലെ തീയർ തുടങ്ങിയ സമുദായക്കാരുടെ കാവുകളിലും കഴകങ്ങളിലും ഉത്സവത്തിന്‌ കുടപിടിക്കുവാൻ പ്രത്യേകം അവകാശപ്പെട്ട വ്യക്‌തികൾ ഉണ്ടാകും. അവരെ ‘കൊടക്കാരൻ’എന്നാണ്‌ വിളിക്കുക. ഇയാൾ പ്രസ്‌തുതസമുദായത്തിൽപ്പെട്ടവൻ തന്നെയായിരിക്കും. സവർണ്ണദേവാലയങ്ങളിലും മറ്റുസമുദായക്കാരുടെ കാവുകളിലും ബ്രഹ്‌മക്ഷത്രിയഭവനങ്ങളിലും മറ്റുസമുദായക്കാരുടെ വീടുകളിലും ആണ്ടോടാണ്ട്‌ കുട കൊടുക്കേണ്ട അവകാശം കണിശൻമാർക്കും മറ്റുമാണ്‌.

ആചാരാനുഷ്‌ഠാനങ്ങളോടനുബന്ധിച്ച്‌ ഓലക്കുടയുടെ ആവശ്യം ഇന്നും നിലനിൽക്കുന്നു. ആചാരപ്പെട്ടവർ ഓലക്കുട മാത്രമേ ഉപയോഗിക്കൂ. ക്ഷേത്രങ്ങളിലും കാവുകളിലും ഇവയുടെ ഉപയോഗം അത്യന്താപേക്ഷിതമാണ്‌. കാവുകളിൽ ഉത്സവത്തിന്‌ കുരുത്തോലകൊണ്ടലങ്കരിച്ച ചെറിയ കുടകൾ നീളമുളള നേരിൽ കമ്പിൽ ബന്ധിച്ചാണ്‌ ഉപയോഗിക്കുന്നത്‌. ഇത്തരം ഉത്സവക്കുടകൾ ക്ഷേത്രങ്ങളിലും കാവുകളിലും എത്തിക്കുന്നത്‌ സവിശേഷമായ ഒരാചാരമാണ്‌. ഇതിന്‌ ‘കുടവരവ്‌’ എന്നുപറയുന്നു. കുട ഉണ്ടാക്കിയതിന്‌ പ്രതിഫലമായി, ഉത്സവക്കൊടിയേറ്റം കഴിഞ്ഞാൽ പടച്ചോറ്‌ ലഭിക്കും.

‘കുടവയ്‌ക്കുക’ ഒരാചാരമാണ്‌. കാവിലും മറ്റും മുൻകൂട്ടി നിശ്ചയിച്ച ദിവസം തന്നെ കുടവയ്‌ക്കണം. ഓരോ കാവിലും കുട വയ്‌ക്കുന്നതിന്‌ അധികാരപ്പെട്ട കുടുംബങ്ങളുണ്ട്‌. ചില സ്‌ഥലങ്ങളിൽ കുട വയ്‌ക്കുന്നതിന്‌ ആചാരപ്പെടണം. ഇത്‌ ഇന്നും നടന്നുവരുന്ന ഒരാചാരമാണ്‌. കണിയാൻമാർ കാവുകളിൽ കുടവയ്‌ക്കുന്നതിനെ സംബന്ധിച്ച്‌ ചില പഴയപാട്ടുകളിൽ പരാമർശം കാണുന്നു. മലബാറിലെ പാണൻമാരുടെ ‘കുട്ടിച്ചാത്തൻതോറ്റ’ത്തിൽ കാണുന്ന പരാമർശം അതിലൊന്നാണ്‌. കരിങ്കുട്ടിശ്ശാസ്തൻ മലമക്കുങ്കന്റെ പടിക്കുചെന്ന്‌ വിളിച്ചപ്പോൾ അയാൾ വിളി കേട്ടില്ല. അയാളുടെ വീട്ടിൽച്ചെന്നപ്പോഴാകട്ടെ, എഴുന്നേറ്റിട്ടാചാരവും ചെയ്‌തില്ല. അതിനു കാരണമായി, “കാവിൽ ഭഗവതിക്ക്‌ കുടകെട്ടുമ്പോൾ എഴുന്നേറ്റിട്ടാചാരം ചെയ്യേണ്ടതില്ല” എന്നാണ്‌ അയാൾ പറയുന്നത്‌. ഭഗവതിക്ക്‌ കുടകെട്ടിയാൽ അഞ്ചരിച്ചോറും പണവും ‘ജൻമം’ ഉണ്ടെന്ന്‌ അയാൾ അറിയിക്കുന്നു. തന്റെ കുട ഇപ്പോൾ ക്ഷേത്രത്തിലേയ്‌ക്ക്‌ എടുക്കുന്നില്ല എന്ന്‌ മലമക്കുങ്കൻ പരിഭവിക്കുന്നു. അതിന്‌ കരിങ്കുട്ടശ്ശാസ്തൻ മാർഗ്ഗം പറഞ്ഞുകൊടുക്കുന്നുണ്ട്‌. അതുപ്രകാരം,

‘പച്ചോല വെട്ടിക്കുങ്കൻ വരം പൊറുത്ത്‌

ഒറ്റൊല വെച്ചു കുങ്കൻ കുടയും കെട്ടി’

കുങ്കൻ കുടയുമായി കാവിലേയ്‌ക്ക്‌ പുറപ്പെടുന്നതിന്റെ വർണ്ണന തോറ്റത്തിൽകാണാം.

‘കാവിൽ ഭഗവതിയുടെയാറാട്ടും നാളിൽ

വരവെന്ന വരവെല്ലാം പോയനേരം

പുതുപ്പണക്കാരുടെ വരവിന്റോടി

മലമക്കുങ്കൻ തന്റെ കുടവരവ്‌

കുട്ടോത്തെ വയലാലെ കുടവരവ്‌

പുതിയാപ്പിൻ മലയാലെ മുകളേറി

കാവിൽ നടയാലെ കുടവരവ്‌

ആർത്തുവിളിച്ചുളള കുടവരവ്‌

കാവിൽ നടയാലെ കയറിച്ചെന്ന്‌

കാവിൽ തിരുനടയിങ്കൽ കൊടയും വെച്ച്‌

ഉച്ചപ്പന്തീരടിക്കു വെച്ച കുട

അസ്‌തമാനം ചാർത്തുവോളം കുടയെടുത്തില്ല.’

ഇപ്രകാരമാണ്‌ ‘കുടവരവി’നെപ്പറ്റി നാതിദീർഘമായി അതിൽ വർണ്ണിക്കുന്നത്‌. കൊട്ടിയൂർ ക്ഷേത്രത്തിൽ കുട ഉണ്ടാക്കുന്നത്‌ പ്രത്യേകം അവകാശപ്പെട്ട കണിശൻമാരാണ്‌. അവർ മണത്തണമഠത്തിൽ താമസിച്ചാണ്‌ കുടകെട്ടുന്നത്‌. വ്രതശുദ്ധിയോടെ വേണം കുട നിർമ്മിക്കാൻ. കൊട്ടിയൂരിൽ ഭണ്ഡാരം എഴുന്നളളിക്കുന്ന ദിവസം ഉച്ചയ്‌ക്കു മുൻപായി കുട കൊണ്ടുപോകും. ഇത്‌ വളരെ വിസ്‌താരമുളള കുടയാണ്‌. പ്രത്യേക വേദി (തറ)യിലാണ്‌ കുട സ്‌ഥാപിക്കുന്നത്‌. ആഘോഷപൂർവ്വമാണ്‌ കുടകൊട്ടിയൂരേയ്‌ക്ക്‌ കൊണ്ടുപോകുന്നത്‌.

അണ്ടലൂർക്കാവിലെ ‘കുടവരവ്‌’ എടുത്തുപറയത്തക്കതാണ്‌. കുംഭം ഒന്നിന്‌ ഉത്സവം ആരംഭിക്കുന്ന അണ്ടലൂർക്കാവിൽ മൂന്നാംതീയതിയാണ്‌ കുടവരവ്‌. കുട തയ്യാറാക്കുന്നത്‌ കണിശൻമാരാണ്‌. കുടയുടെ അരികിൽ(വക്കിന്‌) കറുപ്പുംചുവപ്പും തേയ്‌ക്കും. ഉപ്പിലമരത്തിന്റെ തടി കൊത്തിയെടുത്ത്‌ കുടയുടെ കാല്‌ അതിൽ കയറ്റിവയ്‌ക്കും. തടിക്ക്‌ നാലുമീറ്റർ നീളമുണ്ടാകും. അണ്ടലൂർക്കാവിൽ കുടയെടുക്കാൻ അവകാശപ്പെക്ക തീയത്തറവാട്ടുകാരുണ്ട്‌. കുട കണിശൻ ആ വീട്ടിലാണ്‌ ഏല്‌പിക്കുക. നിശ്ചിത തറയിലാണ്‌ കുടവയ്‌ക്കുക. പ്രസ്‌തുതതറയിൽ വിളക്കുവയ്‌ക്കും. കുട വച്ചശേഷം കണിശൻ ഭസ്‌മവും അരിയുമിട്ട്‌ തീയനെ ഏല്‌പിക്കും. കുട എടുത്തവനും കണിശനും ക്ഷേത്രവുമായി ബന്ധപ്പെട്ട ആൾക്കാരും ജനങ്ങളും ഉത്സവപ്രതീതിയോടെ കാവിലേയ്‌ക്ക്‌ പുറപ്പെടും. പുറപ്പെടുമ്പോൾ ഉറ്റവെടിയും വയ്‌ക്കാറുണ്ട്‌. ചെണ്ടവാദ്യത്തോടെ വയലിൽക്കൂടിയാണ്‌ യാത്ര. ഒന്നര മണിക്കൂറോളമുളള യാത്രയുടെ അവസാനത്തിൽ ക്ഷേത്രസമീപത്തെത്താറാകുമ്പോൾ കുടയെടുത്തവൻ ഓട്ടം തുടങ്ങും. നാല്പത്തൊന്നുപ്രാവശ്യം ക്ഷേത്രം പ്രദക്ഷിണം ചെയ്‌ത്‌ പളളിയറയ്‌ക്കു മുൻപിൽ കുട വയ്‌ക്കുകയാണ്‌ പതിവ്‌.

കീഴുർ ക്ഷേത്രത്തിലെ ‘കുടവരവ്‌’ ഇതിൽനിന്നും വിഭിന്നമാണ്‌. ഇരിങ്ങലിലെ താഴെ മങ്ങൂൽ വീട്ടിൽനിന്ന്‌ പത്തോപന്ത്രണ്ടോ കുടകൾ കീഴൂർ ക്ഷേത്രത്തിലേയ്‌ക്ക്‌ ആർപ്പുവിളിയോടെ ഉച്ചയ്‌ക്ക്‌ നടന്നുകൊണ്ടുപോവുകയാണ്‌ ചെയ്യുന്നത്‌. ലോകനാർകാവ്‌, മേപ്പയൂർഭാഗം, പാനൂർ എന്നിവിടങ്ങളിലെ കുടകെട്ടും ശ്രദ്ധേമാണ്‌. കതിരൂർക്ഷേത്രം, അന്തോളിക്കാവ്‌, കുതിച്ചിമടപ്പുറ എന്നിവിടങ്ങളിൽ വ്രതത്തോടെയാണ്‌ കുടകെട്ടുന്നത്‌. കാവിൽ എത്തിയാൽ പ്രദക്ഷിണം ചെയ്‌താണ്‌ കുട സമർപ്പിക്കുന്നത്‌. ഉത്തരകേരളത്തിലെ പൂമാലക്കാവുകളിൽ കണിയാൻമാർ, പാട്ടുത്സവത്തിനു മുമ്പായി രണ്ടുകുടവീതം വയ്‌ക്കും. ഒരു ചെറിയ തെയ്യക്കുടയും ഏഴുകമ്പുളള കുടയുമാണ്‌ അന്ന്‌ വയ്‌ക്കുന്നത്‌. പൂരത്തിനും ചില കാവുകളിൽ ഏഴു കമ്പുളള കുട വയ്‌ക്കണമെന്നുണ്ട്‌.

കലാപ്രകടനത്തിന്‌ ഓലക്കുട ആവശ്യമുണ്ട്‌. തെയ്യം കലകളിൽ ഓലക്കുട ഉപയോഗിക്കുന്നതായി കണ്ടെത്താൻ കഴിയും. പാടാർകുളങ്ങരവീരൻ (വീരൻതെയ്യം) ഓലക്കുട എടുത്താണ്‌ രംഗപ്രവേശം ചെയ്യുന്നത്‌. ആടിവേടനും മറ്റും ഓലക്കുടയെടുത്താണ്‌ വീടുവീടാന്തരം ചെല്ലുന്നത്‌. വടകരഭാഗത്തു കാണപ്പെടുന്ന ‘ഓണേശ്വരൻ’ ഓലക്കുട എടുക്കുന്നതായി കാണാം. പുലയരുടെ ‘സമ്പ്രദായം’ എന്ന തെയ്യവും കയ്യിൽ ഓലക്കുട എടുക്കാറുണ്ട്‌. ഇത്തരം തെയ്യംകലകൾക്ക്‌ ഓലക്കുട അനിവാര്യമായ ഒന്നാണെന്നുപറയാം.

മുളപിളർന്ന്‌ ചീളുകളെടുത്താണ്‌ കുടയുടെ ചട്ടംകെട്ടുക. കെട്ടാൻ പനങ്കണ്ണി ഉപയോഗിക്കും. പുറമെ കുടപ്പനയുടെ ഓലമെടഞ്ഞ്‌ വക്കുമടക്കി വൃത്തിയാക്കും. ഓല കാറ്റത്തിട്ടുണക്കിയശേഷം മഞ്ഞത്തിട്ട്‌ പതംവരുത്തിയാണ്‌ മെടയുന്നത്‌. കുട കെട്ടാൻ പനക്കൈനയർ (പനയുടെ തണ്ടിന്റെ നാര്‌) വെളളത്തിലിട്ടു കുതിർത്തശേഷം ഉപയോഗിക്കുന്നു. പനയോലയുടെ നടുക്കുളള ഈർക്കിലും (പനയോല വളള്‌) കുടകെട്ടാൻ ഉപയോഗിക്കാറുണ്ട്‌. ആചാരക്കുട കെട്ടുമ്പോൾ പട്ട്‌, പീലി ഇവ തിരുകാറുണ്ട്‌. ഓലക്കുടയെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ ‘കുരമ്പ’യെക്കുറിച്ചുകൂടി പറയാതിരിക്കാൻ നിവൃത്തിയില്ല. പനയോലകൾ നാലര അഞ്ച്‌ അടി ഉയരത്തിൽ അന്യോന്യം പിന്നിച്ചേർത്ത്‌ ഉണ്ടാക്കുന്നതാണ്‌ ഇത്‌. തലയും ശരീരഭാഗങ്ങളും മറയ്‌ക്കാൻ ഇത്‌ ഉപയോഗിക്കുന്നു. ചുരുട്ടി വയ്‌ക്കാൻപറ്റും എന്ന സൗകര്യം കൂടി ഇതിനുണ്ട്‌. ഇതിന്റെ പ്രയോഗം മഴക്കാലത്തു മാത്രമാണ്‌. പ്രകൃതിയിൽനിന്നും ലഭിക്കുന്ന വസ്‌തുക്കൾകൊണ്ട്‌ നിർമ്മിക്കുന്ന ഭംഗിയാർന്നതും ഈടുറ്റതും ഉറപ്പേറിയതുമായ ഓലക്കുടകളും അവയുടെ നിർമ്മാണരീതിയും മാനവസമുദായത്തിനു ലഭിച്ചിരിക്കുന്ന അമൂല്യനിധികളാണ്‌. ചുരുക്കം ചിലർ മാത്രമേ ഇന്ന്‌ അവയുടെ നിർമ്മാണരീതി അറിയുന്നവരായിട്ടുളളൂ. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഈ കരകൗശലവിദ്യ ഭാവിതലമുറയ്‌ക്കുകൂടി ചിരപരിചിതമാക്കിത്തീർക്കുന്നതിനുളള കാലം അതിക്രമിച്ചിരിക്കുന്നു.

Generated from archived content: aug28_kaivela.html Author: lalithambika_mv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here