വർണ്ണവിധികൾ

വർണ്ണവിധികൾ എന്നപേരിൽ തിരുവനന്തപുരത്തെ ഹസ്തലിഖിത ഗ്രന്ഥശാല 1954ൽ ഒരു ലഘുഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ശൂരനാട്ടു കുഞ്ഞൻപിളള പ്രസാധനംചെയ്‌ത ഈഗ്രന്ഥത്തിലെ അറിവ്‌ ഉഴവൂർ നാരായണൻ നമ്പ്യാർ വക, കുന്നത്തുനാട്‌, നം. 88, പാലിയം വക() താളിയോലകളിൽ നിന്നും ലഭിച്ചവയാണെന്ന്‌ ശൂരനാട്ടു കുഞ്ഞൻ പിളള ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ താളിയോലകളുടെ കാലത്തെക്കുറിച്ച്‌ ആമുഖത്തിൽ ഒന്നും സൂചിപ്പിക്കുന്നില്ല. മുണ്ടിന്‌ ചായംമുക്ക്‌, ചുമരിൽ ചിത്രമെഴുത്ത്‌ തുടങ്ങിയവയെക്കുറിച്ച്‌ പ്രതിപാദിക്കുന്നതാണീ ലഘുഗ്രന്ഥം. മുണ്ടിനുചായം മുക്കുന്നതും ചുമരിൽ ചിത്രമെഴുതുന്നതും ഒന്നും രണ്ടും ഭാഗങ്ങളാണ്‌. ഇതുരണ്ടും ഗദ്യത്തിലാണ്‌. തുടർന്ന്‌ നീലം ഉണ്ടാക്കുന്ന വിധികൾ പദ്യത്തിലാണ്‌. അവസാനഭാഗത്ത്‌ ഗദ്യത്തിൽ ചാണ കൂട്ടാനുളള പ്രകാരവും കാണാം. പഴയ വിദ്യകളെക്കുറിച്ച്‌ വേണ്ടത്ര അറിവ്‌ ലഭിക്കാത്തതിനാൽ ഈ വിദ്യയിൽ പരിചയമുളളവർ കൂടുതൽ വിവരങ്ങൾ അറിയിച്ചുതന്നാൽ ഉപകാരമാണെന്നും ശൂരനാട്ടു കുഞ്ഞൻപിളള ആമുഖത്തിലെഴുതുന്നുണ്ട്‌. ഇതിലെ ഭാഷയും ശ്രദ്ധയാകർഷിക്കുന്നതാണ്‌. ഉദാഃ പുടവകാച്ചും പ്രകാരംഃ

‘നടേ പുടവ നന്നായി വെളുക്കനെ അലക്കി 12 മുളത്തിന്‌ ഏകദേശം അയ്‌മ്പതു കടുക്കാ കണ്ടു അരച്ചു പുടവ നന്നായി നനയാൻ വേണ്ടും വെളളത്തിൽ കലക്കും. പിന്നെ ചമ്പറാണിക്ഷാരം വസ്‌ത്രത്തോടൊപ്പം തൂക്കി പലത്തിനു നാഴി വെളളത്തിൽ നന്നായി കലക്കി തെളിയിച്ച്‌ ഈ വെളളം മറ്റൊരു പാത്രത്തിലാക്കി ആ ക്ഷാരവെളളത്തിൽ മുക്കി ഉണക്കി രണ്ടാമതു പിന്നെ കടുക്കാ വെളളത്തിൽ പിഴിഞ്ഞ്‌ ഉണക്കിവെച്ചു. പിന്നെ നല്ല കരിക്കു കൊണ്ടുവന്ന്‌ നന്നായി കീറി ഉരൽ നന്നായി മുഴറിക്കളഞ്ഞു (?) അതിലിട്ടിടിച്ചു പിഴിഞ്ഞു വെളളമുണ്ടാക്കിക്കൊണ്ട്‌ വസ്‌ത്രത്തോടൊപ്പം നല്ല പൂനീലം തൂക്കി നന്നായി അരിച്ച്‌ കരിക്കു വെളളത്തിൽ കലക്കിക്കൊളളൂ. കുറഞ്ഞോരു ഇരുമ്പിൻ കീടൻ നന്നായി ചുട്ട്‌ മണ്ണുപോയാൽ തകർത്തു ഇതിൽക്കൂടി ഇട്ടുകൊളളൂ. കുറഞ്ഞോരു ചമ്പ്രാണിക്ഷാരവും ഇതിൽക്കൂടെ പൊടിച്ചിട്ടുകൊളളു. എന്നിട്ട്‌ അടുപ്പത്തുവെച്ചു പതുക്കെ തീകത്തിച്ചു നാലൊന്നാവോളം കുറുക്കി വാങ്ങി മറ്റൊരു പാത്രത്തിൽ ഊറ്റിക്കൊളളൂ. കരടു കൂടാതെ പിന്നെ നടേകടുക്ക പിടിച്ച പുടവ മെഴുക്കില്ലാത്ത വെളളത്തിൽ നനച്ചിട്ടു കളഞ്ഞ്‌ തോർത്തി ഈ നീലവെളളത്തിൽ കൂട്ടി ഇട്ടു അന്ന്‌ അങ്ങനെ വെച്ചേച്ചു പിറ്റേനാൾ എടുത്തു തീമേൽവെച്ചു കുറേ തീ കത്തിച്ചു ഒരു നാഴികനേരം വേവിച്ചേച്ചു ഒരു കോലുകൊണ്ട്‌ തെരുതെരെമറിച്ചു പൊങ്ങിക്കിടക്കുന്നേടം നീലവെളളത്തിൽ കുത്തി താഴ്‌ത്തിയേക്കണം. പിന്നെ വാങ്ങിവെച്ച്‌ ആറിയാൽ പിറ്റെന്നാളെടുത്ത്‌ പിഴിഞ്ഞ്‌ തോരയിട്ട്‌ ഉണക്കിയാൽ ചായം ഇളകുകയില്ല.

ഇനി ഒരു പ്രകാരംഃ ’ഒരു പലം നീലം അരച്ചുകലക്കി തരി ഉണ്ടെങ്കിൽ പിന്നേയും അരച്ചു കലക്കി ഇങ്ങനെ തരിപോവോളം അരച്ചുകലക്കി ഒരു പലം നീലത്തിനു രണ്ടുകുടം വെളളം, മുഴക്കുതകരക്കുരുവെളളം വീഴ്‌ത്തി പുഴുങ്ങി നന്നായിതിരുമ്മി ഉടച്ചു നീലവെളളത്തിൽ ഇട്ടു വെയ്‌പൂ. അഞ്ചുപലം ചമ്പ്രാണിക്ഷാരം ചെറുതാക്കി ഉടച്ചു ഇതിലിട്ടു കാറ്റു തട്ടാതെ അടച്ചു വെച്ചേപ്പു. രണ്ടുനേരവും ഇളക്കിക്കൊളളു. ആറുദിവസം കഴിഞ്ഞാൽ ഇതിന്റെ വെളളം എടുത്ത്‌ അതിൽ മുക്കി ഉണക്കിപിന്നേയും മുക്കി നിറം മതിയാവോളം മുക്കിക്കൊളളു. എന്നാൽ ചായം ഇളകുകയില്ല.‘

ചോപ്പുമുക്കുവാൻ ഒരു പക്ഷാന്തരം ചൊല്ലുന്നുഃ ’വലിയ കോൽക്ക്‌ ഒരു പലം ചമ്പ്രാണിക്ഷാരം ഉടച്ചു വെളളത്തിലുട്ടു വെച്ചേപ്പൂ. വെളളം ഏകദേശം രണ്ടു കുടം. ഇങ്ങിനെ ആറേഴു ദിവസം കഴിഞ്ഞാൽ ശീലനടെ നന്നായി അലക്കിമൂന്നു പലത്തിനു ആഴക്കിൽ പുറം എണ്ണയും ശീല നനയാൻവേണ്ടും കാരവെളളവും കൂട്ടിമറ്റൊരു പാത്രത്തിലാക്കി ശീല നന്നായി മുക്കി വെയിലത്തു ഉണക്കിക്കൊളളു. ദിവസം രണ്ടുവട്ടമേ മുക്കേണ്ടു. ഇങ്ങനെ ആവോളം മുക്കിയാൽ നന്ന്‌. വെളളം പോരായ്‌കിൽപിന്നെയും ഈ കാരത്തിൽ വീത്തി പിറ്റേന്നാളെടുത്തു മുക്കാം. ഒരു ദിവസം മുക്കുവാനൊത്തില്ലയെന്നു വരികിൽ ദോഷമില്ല. ഇങ്ങനെ മുക്കിത്തീർന്നാൽ പിന്നേയും പതിനഞ്ചു ദിവസം വെയിലത്തു ഉണക്കണം. പിന്നേയും നിത്യമായ്‌ ഉണക്കിയാൽ വളരെനന്ന്‌. ഇങ്ങനെ കാരം പിടിച്ചാൽ ശീല ‘പല’ പിരണ്ടപോലെ ഉരത്തു ചമയും. പിന്നെ എതിരെ ഒരു കുടം വെളളം വെയിലത്തുവെച്ച്‌ തിരിഞ്ഞ്‌ പതിറ്റടിയാകുമ്പോൾ ഈ വെളളംകൊണ്ട്‌ ചില കഴുകി പിന്നേയും വെളുപ്പോളം പച്ചവെളളത്തിൽ കുത്തി കഴുകി ഉണക്കികൊളളൂ. ഇങ്ങനെ ക്ഷാരവിധി. പിന്നെ കടപ്പിലാവിന്റെ വേർ മേലേത്തൊലി നന്നായി അരച്ചു വസ്‌ത്രത്തോടൊപ്പം തൂക്കി പലത്തിനു നാഴിവെളളം കണ്ടു അതിൽ മരുന്നു കലക്കിക്കൊളളു. ഇതിൽ വസ്‌ത്രമിട്ട്‌ ഒരു ദിവസം പാർക്ക. പിറ്റേനാൾ കുറയ തീ കത്തിച്ച്‌ വേവിച്ച്‌ കൊണ്ടാൽ നിറം പിടിപ്പുതുംചെയ്യും. പിന്നേയും വാങ്ങി പിഴിഞ്ഞ്‌ ഉണക്കി പിന്നേയും മുക്കികൊളളൂ. എന്നാൽ ചായം അലക്കിയാലും ഇളകുകയില്ല. പിന്നെ നടേത്തെ കാരം പിടിച്ചു കഴിഞ്ഞാൽ പടിക്കാരവെളളത്തിലും മുക്കി നാലഞ്ചുരു ഉണക്കാം. എന്നിട്ടു പിന്നേയും മുക്കൂ.‘

’വർണ്ണവിധികളിൽ‘ ചുമരിലെഴുതുന്നതിനേക്കുറിച്ചും പറയുന്നുണ്ട്‌. ഇതിൽ പറയുന്ന രീതിയിൽ നിന്നു വളരെ വ്യത്യാസമുളള മറ്റൊരു രീതിയാണ്‌ അടുത്തകാലത്തു ജീവിച്ചിരുന്ന മമ്മിയൂർ കൃഷ്‌ണൻ കുട്ടിനായരും എം.കെ.ശ്രീനിവാസനും മറ്റും ഉപയോഗിച്ചിരുന്നത്‌.

പാരമ്പര്യരീതിയിലുളള ചുമർചിത്രങ്ങൾ ഇന്ന്‌ കൂടുതലായി വരയ്‌ക്കുണ്ട്‌. ഇന്നത്തെ യുവാക്കൾ മിക്കവാറും ഈ രണ്ടാശാന്‌മാരുടേയും ശിഷ്യരായതിനാൽ ഇവരുടെ രീതിയും പ്രകാരവുമാണ്‌ ഇന്ന്‌ നിലനില്‌ക്കുന്നത്‌. ഇന്നത്തേതും ’വർണ്ണവിധികളിൽ‘ പറയുന്നതും തമ്മിലുളള വ്യത്യാസം ശ്രദ്ധേയമാണ്‌. ’വർണ്ണവിധികൾ‘ എന്ന ഹസ്‌തലിഖിത ശ്രന്ഥശാലാപ്രസിദ്ധീകരണത്തിൽ ഇങ്ങനെ കാണുന്നു.

’ചോരുമ്മേലെഴുതുവാൻ; ചാലിയം ആവോളം അരച്ചു ഒരു പിഞ്ഞാണത്തിലാക്കി വെളളം വീത്തി തെളിഞ്ഞാൽ വീത്തിക്കൊളളൂ. ഇങ്ങനെ മൂന്നു പിഴ ഊറ്റു. പിന്നെ ചെറുനാരങ്ങ വെളളം പിഴിഞ്ഞതും വീത്തി കുറഞ്ഞോരു പച്ചവെളളവും വീത്തി പാകത്തിലാക്കിക്കൊണ്ട്‌ പിന്നെ കളളിയുടെ പാൽ എങ്കിലും, ചോരുംമേൽ ഒക്കെ തേച്ചു ഉണക്കിയാൽ എഴുതി തെടങ്ങുകയുമാവാം. ചാലിയത്തിൽ പശയ്‌ക്ക്‌ വിളാമ്പശയും കപ്പൽമാവിന്റെ പശയും കൊളളാം. ചാലിയം, മനയോല, കറുപ്പ്‌, നീലം ഒക്കെയ്‌ക്കും പശ ഒന്നുതന്നെ. എഴുതിക്കഴിഞ്ഞാൽ പയനിന്റെ പശയിൽ നാലൊന്ന്‌ എണ്ണകൂടി തുണിയിൽ അരിച്ച്‌ ചോരിൻമേലൊക്കെ തേയ്‌ക്കൂ. അതുനിറം വരുവാൻ ഇരുപത്തഞ്ചുപണത്തൂക്കം ചാലിയത്തിന്‌ ഏകദേശം ഒരു കഴഞ്ചുപശ കൂട്ടിക്കൊളളു. ജോനകനാരങ്ങാവെളളവും പച്ചവെളളവും ചാലിയത്തിൽ വീഴ്‌ത്തിയാൽ പശകൂട്ടി അതിലിടയ്‌ക്ക്‌ കൊറഞ്ഞൊരുനേരം ചെന്നാൽ കുതർന്നു വഴിപോലെ ചേരും. എഴുതിക്കൊളളുക. പയനിന്റെ പശ തേപ്പാൻ തൂവൽകൊണ്ടുമാം, കൈതയുടെ വേട്‌ ചതച്ചതുകൊണ്ടുമാം.‘ ’പൂ പിഴിയാൻ ഒരു ഉപായം‘ എന്ന്‌ ഗദ്യത്തിലും, ’നീലം ഉണ്ടാക്കും പ്രകാരവും‘ ’പൂ നീലത്തിനും‘ പദ്യത്തിലുമാണ്‌ വിവരണങ്ങൾ നൽകിയിട്ടുളളത്‌.

Generated from archived content: nattariv1_nov6_07.html Author: kvm

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here