കേരളത്തിലെന്നല്ല ഇന്ത്യയിലെല്ലായിടത്തും, ലോകത്തിൽ മിക്ക രാജ്യങ്ങളിലും മന്ത്രവാദമുണ്ട്, മന്ത്രവാദികളുണ്ട്. രോഗശമനത്തിനായും ‘പ്രശ്‌ന’ പരിഹാരത്തിനായും മന്ത്രവാദത്തെ ഉപയോഗപ്പെടുത്തുന്നു. മന്ത്രം ജപിച്ചു ശരീരഭാഗങ്ങളിൽ ഊതിയും മന്ത്രം ‘ജപിച്ചു ഊതിയ’ വെളളം കുടിച്ചുംതളിച്ചും രോഗപ്രതിരോധം സാധിക്കാറുണ്ട്. മന്ത്രം ജപിച്ചൂതിയ ചരട് / നൂൽ കഴുത്തിൽ അല്ലെങ്കിൽ കൈയ്യ്, കാല്, അരകെട്ട് എന്നിവിടങ്ങളിൽ കെട്ടുകയാണു ചെയ്യുക. മന്ത്രങ്ങളും മാന്ത്രികചിഹ്‌നങ്ങളും കടലാസിലോ സ്വർണ്ണം, വെളളി, ചെമ്പ്, ഈയ്യം എന്നിവയുടെ തകിടിലോ കുറിച്ചു ധരിക്കുന്നതാണ് ‘യന്ത്രം’. മുസ്ലീം മാപ്പിളമാർക്കിടയിൽ യന്ത്രം, ‘അയിക്കല്ല്’ എന്നും ‘ഉറുക്ക്’ എന്നും അറിയപ്പെടുന്നു. കടലാസിൽ അഥവാ തകിടിൽ കുറിച്ച ‘അയിക്കല്ല്’, സ്വർണ്ണം, വെളളി, ചെമ്പ് എന്നിവയിൽ- ഒരാഭരണം പോലെ – നിർമ്മിച്ച കൂടിൽ നിറച്ച് ശരീരഭാഗങ്ങളിൽ കെട്ടിത്തൂക്കുന്നു.
മുസ്ലീം മാപ്പിളമാർക്കിടയിലെ മന്ത്രതന്ത്രപ്രയോഗ പണ്‌ഡിതരെ ‘അസ്മാഅ് മുസ്‌ല്യാർ’ എന്നു പറയുന്നു. മന്ത്രിച്ചു ഊതൽ, വെളളം മന്ത്രിക്കൽ, ചരട് / നൂൽ മന്ത്രിക്കൽ, അയിക്കല്ല് എഴുതൽ എന്നീ ‘സാധാരണമായ’ (ഗുരുതി, ഹവനം, രൂപപ്രയോഗം ആദിയായ ആഭിചാരപ്രവൃത്തികൾ അസാധാരണമെന്നു വിവക്ഷ) മുറകൾ കേരളത്തിൽ മിക്ക ജാതി മതസ്‌ഥർക്കിടയിൽ അവരവരുടെ മതവിശ്വാസത്തോടിണങ്ങും വിധം, അല്പസ്വല്പം വ്യത്യാസത്തിൽ പ്രയോഗപ്പെടുത്തിവന്നിരുന്നു. എന്നാൽ മാപ്പിളമാരിലെ ‘അസ്മാഅ് മുസ്‌ല്യാക്കന്‌മാർ’ക്കു മാത്രം വശമായിരുന്നതാണു ‘പിഞ്ഞാണം എഴുത്ത്’.
തൃശൂർ ജില്ല പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂരിൽ പരേതനായ രായംമരക്കാരവീട്ടിൽ താഴത്ത് മുഹമ്മദ് കുട്ടി എന്ന കുട്ടുക്ക അസ്മാഅ് പ്രയോഗത്തിൽ അഗാധ പാണ്‌ഡിത്യം നേടിയിരുന്നു. കുട്ടുക്കാടെ മകനും സ്വപിതാവിൽനിന്നു നേരിട്ടു ശിക്ഷണം ലഭിച്ച ദേഹവും മനുഷ്യനന്‌മയ്‌ക്കത്യാവശ്യം ‘അസ്മാഅ് ’ എന്നു ഉറച്ചുവിശ്വസിക്കയും ചെയ്യുന്ന കുഞ്ഞിമുഹമ്മദ് മുസ്‌ല്യാർ പിഞ്ഞാണം എഴുത്തിനെപ്പറ്റി പറഞ്ഞുതന്ന അറിവുകൾ ഃ
‘തൂവെളള ബസ്സി (പ്ലേറ്റ്) പിഞ്ഞാണത്തിലാണു എഴുതുക. കരിയുന്നവരെ, വറുത്ത അരി പൊടിച്ചുണ്ടാക്കിയ മഷിയാണ് ഉപയോഗിക്കുക. ഇതിൽ കുങ്കുമം, കസ്‌തൂരി എന്നിവയും പനിനീരും (പ്രയോഗത്തിന്റെ പ്രാധാന്യമനുസരിച്ച്) ചേർക്കുന്നു. മുള പൊളിച്ചു ചെറിയതായി ചീന്തിയെടുത്തുണ്ടാക്കിയ ’ഖലം‘ (പെൻ) ആണു, പിഞ്ഞാണമെന്നല്ല എല്ലാ എഴുത്തിന്നും പഴയ മുസ്‌ല്യാക്കന്‌മാർ ഉപയോഗിച്ചിരുന്നത്. എല്ലാതരം വിഷമങ്ങൾക്കും രോഗങ്ങൾക്കും സമാശ്വാസത്തിന് പിഞ്ഞാണം എഴുതി കൊടുക്കുമായിരുന്നു / കുടിക്കുമായിരുന്നു. ’ഫാത്തിഹ‘ എന്ന ഖുർആനിലെ ഒന്നാമത്തെ അദ്ധ്യായവും ഖുർആനിൽ ’ശിഫാന്റെ ആയത്തുകൾ‘ എന്ന് അറിയപ്പെടുന്നവയിൽ ആറ് ആയത്തുകളുമാണു സാധാരണ പിഞ്ഞാണമെഴുത്തിൽ ഉൾപ്പെടുത്താറ്.
’മാ ഹുവ ശിഫാഉം വ റഹ്‌മത്തും ല്ലിൽ മുഅ്മിനീൻ…‘ ശിഫാന്റെ ആയത്തിൽ പെട്ട ഒന്ന് തുടങ്ങുന്നതിങ്ങനെ.
എന്നാൽ ’പിഞ്ഞാണം എഴുതിയത്‘ പതിവായി കുടിച്ചിരുന്നത് ഗർഭിണികളാണ്. പ്രസവരക്ഷക്കുവേണ്ടിയുളള പിഞ്ഞാണത്തിൽ, ഖുർആൻ മൂന്നാം അദ്ധ്യായത്തിലെ ഇരുപത്തഞ്ചാം വാക്യമാണു എഴുതാറ് ഃ
’ഇദ് ഖാലത് ഇംറാതു ഇംറാന റബ്ബി ഇന്നീ നദർതുലക മാഫീ ബത്‌നി മുഹറ, റൻ ഫതഖബ്ബൽ മിന്നീ ഇന്നക അൻത സ്സമീഉൽ അലീം‘
അർത്‌ഥം ഃ ’രക്ഷിതാവേ, എന്റെ വയറ്റിലുളള കുട്ടിയെ നിനക്കായി ഉഴിഞ്ഞുവെക്കുവാൻ ഞാനിതാ നേർച്ചയാക്കിയിരിക്കുന്നു. അതുകൊണ്ട് എന്റെ പക്കൽനിന്നു സ്വീകരിക്കേണമേ. നീയാണു, നീ മാത്രമാണു എല്ലാം കേൾക്കുന്നവനും അറിയുന്നവനും എന്നു ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദർഭം സ്‌മരണീയമാണ്‘. അല്പം ശുദ്ധജലം കൊണ്ടു പിഞ്ഞാണത്തിൽ എഴുതിയതു കഴുകിയെടുത്തു അതാണു കുടിക്കുക. ഒരു പിഞ്ഞാണത്തിലെ എഴുത്ത് ചിലപ്പോൾ രണ്ടു ഭാഗമാക്കി രണ്ടുനേരമാക്കിയും കുടിക്കാറുണ്ട്, കുടിപ്പിക്കാറുണ്ട്.
Generated from archived content: pattu_june2.html Author: kt_hamsahaji