മരത്തിൽ ചായപ്പണി

ഭാരതത്തിൽ ശില്പകലയ്‌ക്കും മറ്റു ശാസ്‌ത്രങ്ങളോടൊപ്പം വിലയും നിലയും സിദ്ധിച്ചിരുന്നു എന്ന്‌ പല അനുഭവങ്ങൾകൊണ്ടും അനുമാനിക്കാവുന്നതാണ്‌. എന്നാൽ ഭാരതീയ ആദർശങ്ങൾക്ക്‌ ആകമാനം ഉടവുസംഭവിച്ച കൂട്ടത്തിൽ ശില്പകലയ്‌ക്കും ചില താഴ്‌ച വീഴ്‌ചകൾ വന്നുപോയിട്ടുളളതിൽ അതിശയിപ്പാനില്ലല്ലോ. വിശേഷിച്ച്‌ സ്വാർത്ഥലോലുപൻമാരായ ചില ദുഷ്‌പ്രഭുക്കൻമാരുടെ നീചമനോഭാവത്തിന്‌ അടിമപ്പെട്ട്‌ ശില്പകല കേരളത്തിൽ അല്പമൊന്നു വ്യതിചലിച്ചിട്ടുണ്ടെന്നുകൂടി പറയാതിരിക്കാൻ നിവൃത്തിയില്ല. സത്യം ജയിക്കുമെന്നുളള ദൈവവാക്യം അയഥാർത്ഥമായി പരിണമിക്കുമോ? ഒരിക്കലും ഇല്ല. ശില്പകലയും തൽപ്രവർത്തകൻമാരുടെ നിലയും എത്തിടേണ്ട ദിശയിൽ ചെന്നെത്തുമെന്നുതന്നെ സമാധാനപ്പെടാം.

പൗരാണികകാലം മുതൽ നമ്മുടെ പൂർവ്വികൻമാരായ ശില്പികൾ സംഭാവന ചെയ്‌തിട്ടുളളത്‌ മഹത്തായ പലതും ലോകം ഉളളകാലംവരെ നിലനിൽക്കുന്നതും പാരമ്പര്യമായി കൈമാറിപോന്നിട്ടുളളതും ആകുന്നു. ഇന്നും വെളിച്ചംകാണാതെ പല അറിവുകളും നമുക്ക്‌ സിദ്ധിക്കാതെ പോകുന്നുണ്ട്‌. ആയതിന്‌ പലകാരണങ്ങളും ഉണ്ട്‌. അവഗണനകൊണ്ടാണ്‌. ഇതിന്റെയെല്ലാം അടിസ്‌ഥാനതത്വങ്ങൾ എന്താണ്‌ എന്ന്‌ നാം അറിയുന്നില്ല. ക്ഷേത്രോല്പത്തിക്ക്‌ ഹേതുഭൂതമായി പ്രവർത്തിച്ചിട്ടുളളതും ആയതിന്‌ രൂപവും ഭാവവും നൽകിപോന്നിട്ടുളളതും അങ്ങനത്തെ ശില്പിശ്രേഷ്‌ഠൻമാർ തന്നെയാണ്‌. വടക്കേ മലബാറിൽ പഴയക്ഷേത്രങ്ങളിൽ കണ്ടുവരുന്ന ചായപ്പണികൾ ഇന്നും മങ്ങൽ ഏല്‌ക്കാതെ നിലനിൽക്കുന്നുണ്ട്‌. ആയതിന്റെ തനിമ നിലനിർത്തണം എന്ന്‌ ആഗ്രഹിക്കുന്നവർ ദുർലഭം തന്നെ. കൂത്തമ്പലത്തിന്റെ പ്രധാന തൂണുകളിലും ബാലകൂടം മുതലായവയിലും കാണുന്നതായ ചായക്കൂട്ടുകൾ എന്താണ്‌ എന്ന്‌ ആരും ചിന്തിച്ചിട്ടില്ല. ആയത്‌ ചെയ്യേണ്ടതായ രീതികളെ കുറിച്ചു ചില മഹാത്‌മാക്കളുടെ നിർബന്ധപൂർവ്വം എനിക്ക്‌ അറിയുന്നതായ സംഗതികൾ വിവരിക്കുന്നു. ഇതിന്‌ വേണ്ടതായ വസ്‌തുക്കൾ കർണ്ണാടകത്തിലാണ്‌ ലഭിക്കുന്നത്‌. പണ്ടുകാലത്ത്‌ ഇവിടെ ചെയ്‌തിരുന്ന സാധനങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഉണ്ടെങ്കിൽതന്നെ മായം ചേർത്തതാണ്‌. ആയത്‌ പണിക്ക്‌ പറ്റില്ല. ബട്ടൻ ലാക്കർ എന്ന്‌ പറയുന്ന സാധനം തീക്കനലിൽ രണ്ടു വടിയുപയോഗിച്ച്‌ ചൂടാക്കി നല്ലതുപോലെ ഉരുക്കി ചക്കമൊളഞ്ഞിപോലെ ആക്കണം. കളർ കിട്ടുന്നതിന്‌ പ്രത്യേക പൗഡർ ഉണ്ട്‌. അതും കർണ്ണാടകത്തിൽ തന്നെ ലഭിക്കുന്നതാണ്‌. ഏത്‌ കളർ വേണമെങ്കിൽ ആയതിന്റെ പൗഡർ വെളളം ചേർത്ത്‌ കലക്കി ഇതിൽ ചേർത്ത്‌ മിക്സ്‌ ചെയ്യണം. ആയതിന്‌ ശേഷം സിങ്ക്‌ പൗഡർ വെളളത്തിൽ കുഴമ്പാക്കി ആയതും ഇതിൽ ചേർക്കണം. നല്ലപോലെ എല്ലാംകൂടി മിക്‌സ്‌ ചെയ്യണം. ശേഷം പലകയിൽ വെളളം നനച്ച്‌ അതിൽ ഇട്ട്‌ മെഴുകുതിരിപോലെ ഉരുട്ടിയെടുക്കണം. മരം ലെയിത്തിൽ രൂപപ്പെടുത്തി മിനുസപ്പെടുത്തിയതിനുശേഷം തിരിയുന്ന സമയത്ത്‌ ചായക്കൂട്ട്‌ അതിൽ വച്ചുകൊടുക്കണം. അപ്പോൾ ഉരുകി മരത്തിൽ പിടിക്കും. കൂടുതൽ കനം പിടിപ്പിക്കേണ്ട ആവശ്യം ഇല്ല. ശേഷം കൈതഓല ഉണങ്ങിയത്‌ ഇതിൽ അമർത്തിപ്പിടിക്കുക. അപ്പോൾ ഒരേ കനത്തിൽ പിടിച്ച്‌ ഫിനിഷിംഗ്‌ ആയി കിട്ടുന്നതാണ്‌. എല്ലാതരം മരത്തിലും പിടിക്കില്ല. എണ്ണലില്ലാത്ത മരം ആയിരിക്കണം പ്രധാനം. സോഫ്‌റ്റ്‌ മരം ആയിരിക്കണം ടോയ്‌ നിർമ്മാണത്തിനുപയോഗിക്കുന്നത്‌. ഇതിന്റെ മെറ്റീരിയൽ പുറത്തുനിന്ന്‌ വരുത്തുന്നതാണ്‌. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ്‌ വരുന്നത്‌. കൂടുതൽ ആവശ്യക്കാർ കർണ്ണാടകത്തിലാണ്‌. അതാണ്‌ അവിടെ ലഭിക്കുന്നത്‌. ഈ തൊഴിൽ പെൺകുട്ടികൾക്ക്‌ വീട്ടിൽ ഇരുന്ന്‌ ചെയ്യാവുന്നതാണ്‌. കുറച്ചു കലാവാസന ഉണ്ടായിരിക്കണം. ചെന്നപ്പട്ടണത്ത്‌ വനിതകൾ പ്രവർത്തിക്കുന്ന യൂണിറ്റ്‌ ഉണ്ട്‌. ഞാൻ പോയിക്കണ്ടിട്ടുണ്ട്‌. ആൺകുട്ടികളേക്കാൾ കൂടുതൽ പണിയെടുക്കുന്നത്‌ പെൺകുട്ടികളാണ്‌. ബീഡിവലി മുതലായ ദുശ്ശീലങ്ങൾ ഇല്ലാത്തതുകൊണ്ട്‌ കൂടുതൽ സമയം ജോലിചെയ്യാൻ സാധിക്കും. കേരളത്തിൽ പണി എടുക്കാൻ തയ്യാറില്ല, പുരോഗതിയും ഇല്ല.

സാധാരണ ഉണ്ടാക്കിയിരുന്ന സാധനങ്ങൾ

1. കട്ടിലിന്റെ കാല്‌

2. ക്രാസി.

3. മരക്കലം.

4. ഭസ്‌മക്കൊട്ട

5. അമ്പലങ്ങളിലെ ബാലകൂടം

6. അമ്പലത്തിലെ തൂണുകൾ

7. കളിപ്പാട്ടങ്ങൾ

8. കോലാട്ടക്കോല്‌

9. കുട്ടികളുടെ തൊട്ടിക്കട്ടിൽ

10. എടക്കവാദ്യത്തിന്റെ ജീവക്കോൽ.

Generated from archived content: oct7_kaivela.html Author: ks_narayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here