കുറിച്യരുടെ ഭക്ഷണരീതി

ജീവജാലങ്ങളുടെ പ്രാഥമികചോദന വിശപ്പും അന്നവുമായി ബന്ധപ്പെട്ടതാണ്‌. അന്നം ജീവനെ നിലനിർത്തുന്ന ഘടകം മാത്രമല്ല, ജീവിതത്തേയും സംസ്‌ക്കാരത്തേയും നിർണ്ണയിക്കുന്ന ഘടകം കൂടിയാണ്‌. അന്നം സമ്പാദിക്കൽ, ആഹരിക്കൽ, പങ്കുവയ്‌ക്കൽ, സൂക്ഷിച്ചുവയ്‌ക്കൽ ഇവയിലെല്ലാം ഓരോ കൂട്ടായ്‌മയുടെയും ആചാരാനുഷ്‌ഠാനങ്ങളിലും വിശ്വാസങ്ങളിലും പ്രതിഫലിക്കുന്നു. സാർവ്വകാലികമായി നിലനിൽക്കുന്ന ഐതിഹ്യങ്ങളായോ മിത്തുകളായോ ഇവ രൂപപ്പെടാം. ഉൽസവങ്ങൾ ആഘോഷങ്ങൾ, വിവാഹം, പ്രത്യേക ചടങ്ങുകൾ എന്നിങ്ങനെ മനുഷ്യൻ ഒത്തുചേരുന്ന സന്ദർഭങ്ങളിൽ സവിശേഷ ഭക്ഷണക്രമവും ശീലങ്ങളും ആചാരപരമായിത്തന്നെ നിലനിൽക്കുന്നുണ്ട്‌.

അമ്മയുടെ മുലപ്പാൽ ആണ്‌ ശിശുവിന്റെ ആദ്യത്തെ അന്നം. മറ്റ്‌ ഭക്ഷണപദാർത്‌ഥങ്ങൾ കഴിക്കാനാരംഭിക്കുന്നത്‌ ‘ചോറൂണി’നു ശേഷമാണ്‌. ചോറൂണ്‌ മിക്കവാറും ജാതിമതവിഭാഗങ്ങൾ നടത്തിവരുന്ന ചടങ്ങാണ്‌. അതിനെ സംബന്ധിക്കുന്ന സങ്കല്പങ്ങളിലോ ആചാരക്രമങ്ങളിലോ വ്യത്യാസമുണ്ടാകുമെന്നു മാത്രം. മരണാനന്തര ചടങ്ങുകളായ ശ്രാദ്ധം, ബലിയിടൽ ഇവയ്‌ക്കുപിന്നിൽ ‘ആത്‌മാവിന്‌ അന്നം കൊടുക്കണം’ എന്ന വിശ്വാസമാണ്‌ ഉളളത്‌. ശരീരത്തിൽനിന്നു വേർപെട്ട ആത്‌മാവിന്‌ മരണമില്ല. ആത്‌മാവിന്‌ ഇഷ്‌ടഭോജ്യങ്ങളാവാം നിവേദിക്കുക. ദൈവങ്ങൾക്കും ദേവതകൾക്കും ഇഷ്‌ടഭോജ്യങ്ങളും പാനീയങ്ങളും നിവേദിച്ച്‌ പ്രീതിപ്പെടുത്തുന്ന സമ്പ്രദായം ഉണ്ട്‌.

കുറിച്യരുടെ ഭക്ഷണരീതി ഃ വയനാട്ടിലെ ഒരു പ്രധാന ആദിവാസി വിഭാഗമാണ്‌ കുറിച്യർ. മാനന്തവാടി, വൈത്തിരി താലൂക്കുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ്‌ കുറിച്യർ പാർക്കുന്നത്‌. കൃഷിയും വേട്ടയാടലുമായി കഴിഞ്ഞിരുന്നവരാണ്‌ ഇവർ. ഒരുകാലത്ത്‌ നെൽകൃഷി ചെയ്‌തിരുന്നതുകൊണ്ട്‌ അരിയും നെല്ലും ഇവരുടെ അന്നസംസ്‌ക്കാരത്തിൽ പ്രധാനമായി. അരിഭക്ഷണം തന്നെയാണ്‌ പ്രധാനം. നൂറോ അതിലധികമോ അംഗങ്ങൾ ഒരു കുടുംബത്തിലുണ്ടാവും. അവർക്കെല്ലാമുളള ഭക്ഷണം തയ്യാറാക്കണം. നെല്ലുകുത്തുന്ന സമയത്ത്‌ പാടുന്ന ‘നെല്ലുകുത്ത്‌പാട്ട്‌’ ഇവർക്കുണ്ട്‌. നെല്ലുകുത്തുന്നത്‌ കുടുംബത്തിലെ സ്‌ത്രീകൾ ഒന്നിച്ചുചേർന്നാണ്‌. അരികുത്തി തയ്യാറാക്കുന്നത്‌ ഓരോ വീട്ടിൽ വച്ചാണെങ്കിലും ഭക്ഷണം തയ്യാറാക്കുന്നത്‌ തറവാട്ടിലെ അടുക്കളയിൽ വെച്ചാണ്‌. ഓരോ വീട്ടിലേയും സ്‌ത്രീകൾ ഓരോ വിഭാഗമായി ഓരോ ദിവസവും നെല്ലുകുത്തുന്നു. തലമുറകളായി ഇവരുപയോഗിക്കുന്ന നല്ലയിനം അരികളെപ്പറ്റി നെല്ലുകുത്തുപാട്ടിൽനിന്ന്‌ മനസ്സിലാക്കാം. ചെന്നെല്ല്‌, ചോമല, കാമാരി എന്നിവ ഇവയിൽ പ്രധാനമാണ്‌. ആറുമാസംകൊണ്ട്‌ വിളയുന്ന കാമാരി വയനാട്ടിലും മറ്റും വ്യാപകമായി ഒരുകാലത്ത്‌ കൃഷി ചെയ്‌തിരുന്നതായി പറയപ്പെടുന്നു.

കുറിച്യരുടെ പ്രധാന ആഹാരങ്ങളിൽ മാംസവും പെടും. ദേവപൂജയ്‌ക്ക്‌ മാംസം നിവേദ്യമായി കല്പിക്കപ്പെട്ടിരുന്നു. അയിത്തം കണിശമായി പാലിയ്‌ക്കുന്നതുകൊണ്ട്‌ പുറമേനിന്നുളള ഭക്ഷണം കഴിക്കാറില്ല. ദീർഘയാത്രയ്‌ക്കു പോകുമ്പോൾ ഭക്ഷണം കരുതുകയാണ്‌ പതിവ്‌. കൃഷിയും നായാട്ടും ഫലവത്താക്കുന്ന ‘അതിരാളൻ തെയ്യം’ കുറിച്യരുടെ ആരാധനാമൂർത്തിയാണ്‌. ഇപ്പോൾ കുരുമുളകും കാപ്പിയും ഇവർ കൃഷി ചെയ്‌തുവരുന്നു. എ.എ.ഡി. ലൂയിസിന്റെ ‘കേരളത്തിലെ ആദിവാസികൾ’ എന്ന ഗ്രന്ഥത്തിൽ കുറിച്യർ പണ്ട്‌ ‘പുനംകൃഷി’ നടത്തിയിരുന്നതായി പറയുന്നുണ്ട്‌. തൊഴിലും ആഹാര സമ്പാദനവുമായി ബന്ധപ്പെട്ട വിനോദപ്പാട്ടുകൾ കുറിച്യർക്കുണ്ട്‌. ‘കൈതപ്പാട്ടി’ൽ മുക്കുവനും, വലയും, കടലും, മീനും എല്ലാം പ്രത്യക്ഷപ്പെടുന്നു. കോടി കായ്‌ച ഫലം തിന്നാൽ മരിക്കുമെന്ന വിശ്വാസം ‘മരപ്പാട്ടി’ലുണ്ട്‌. കുറുവടികൊണ്ട്‌ മാങ്ങയെറിഞ്ഞു വീഴ്‌ത്തി പിച്ചാത്തികൊണ്ട്‌ ചെത്തിത്തിന്നുന്നതിന്‌ താളനിബദ്ധമാക്കി പാടുന്നതാണ്‌ ‘മാങ്ങാപ്പാട്ട്‌.’

കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്നു. പുരുഷൻമാരും സ്‌ത്രീകളും വെവ്വേറെയാണ്‌ സ്‌ഥലം പിടിക്കുന്നത്‌. പുരുഷൻമാരെല്ലാവരും ‘ഒടെയ്‌ക്കാരന്റേ’യോ, ‘കാരണവരു’ടേയോ മുറിയിലിരിക്കും. സ്‌ത്രീകൾ അടുക്കളയിലോ മറ്റോ ഇരുന്നാണ്‌ ഭക്ഷണം കഴിക്കുക. ഭക്ഷണം പാകം ചെയ്യുന്നത്‌ ഓരോ നേരത്തും ഓരോ സ്‌ത്രീയായിരിക്കണമെന്നുണ്ട്‌. മൽസ്യമാംസാദികൾ ഭക്ഷണത്തിൽ പ്രധാനമാണെങ്കിലും കന്നുകാലിമാംസം പാകം ചെയ്യുകയോ കഴിക്കുകയോ ഇല്ല. കാർഷിക സംസ്‌ക്കാരത്തിന്റെ ഭാഗമായിട്ടാണ്‌ ഇത്‌. ഋതുമതികളായ പെൺകുട്ടികളുടെ തിരണ്ടുകല്യാണദിവസം അവർക്ക്‌ ‘ചക്കരച്ചോറ്‌’ കൊടുക്കുന്ന ഏർപ്പാടുണ്ട്‌. അതിനുശേഷം പെൺകുട്ടിയും അഞ്ചുസ്‌ത്രീകളും ആദ്യം സദ്യ (മൂരുത്ത ചോറ്‌) വിളമ്പിക്കഴിക്കുന്നു. അതുകഴിഞ്ഞാലേ മറ്റുളളവർക്ക്‌ സദ്യയുണ്ണാൻ അനുവാദമുളളൂ. ഓണവും ഓണസദ്യയും കുറിച്യർക്ക്‌ വിശേഷപ്പെട്ടതാണ്‌. ഓണ ദിവസം ആർഭാടപൂർവ്വം തന്നെയാണ്‌ സദ്യ ഒരുക്കുക. കന്നിമാസത്തിലെ മകംനാൾ മറ്റൊരുവിശേഷദിനമാണ്‌. അന്ന്‌ ‘ചക്കരി’യിട്ട പുന്നെല്ല്‌ചോറ്‌ എല്ലാവീട്ടിലും ഉണ്ടാക്കുന്നു.

ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്‌മ ഇവ എല്ലാ ആദിവാസിവിഭാഗങ്ങളും രൂക്ഷമായി അനുഭവിക്കുന്ന പ്രസ്‌നങ്ങളാണ്‌. കർശനമായ അയിത്താചരണം, പരിഷ്‌കൃതജനതയോടുളള അവിശ്വാസം ഇവ സാമൂഹ്യ മുഖ്യധാരയിൽനിന്ന്‌ ഇവരെ ഒറ്റപ്പെടുത്തുന്നഘടകങ്ങളാണ്‌. എങ്കിലും പ്രകൃതിയോട്‌ ഇണങ്ങിക്കൊണ്ടുളള ആദിവാസികളുടെ ജീവിതസംസ്‌ക്കാരം ആധുനിക നാഗരികതയുടെയും ആഗോളവൽക്കരണത്തിന്റേയും അപകടങ്ങളെ പ്രതിരോധിക്കുന്നു.

അടിയാൻമാർ കൃഷിചെയ്‌തും കാലിമേച്ചും കാട്ടുകിഴങ്ങുകൾ തിന്നും ജീവിക്കുന്ന വിഭാഗമാണ്‌ അടിയാൻമാർ. പ്രകൃതിയിൽനിന്നു കിട്ടുന്ന മിക്കതും ഇവർ ഭക്ഷണമാക്കുന്നു. മൽസ്യവും മാംസവും ധാരാളം ഉപയോഗിക്കുന്നു. കുരങ്ങ്‌, അണ്ണാൻ, കുളക്കോഴി, കാട്ടുകോഴി, വെരുക്‌, മുയൽ എന്നിവയുടെ മാംസവും മൽസ്യവും ഞണ്ടും ഇഷ്‌ടഭോജ്യങ്ങളാണ്‌. പശു, പോത്ത്‌, കാള എന്നിവയുടെ മാംസം നിഷിദ്ധമായി കരുതുന്നു. കാക്കതൊട്ട ഭക്ഷണം കഴിക്കാൻ പാടില്ലെന്ന്‌ വിശ്വാസമുണ്ട്‌. ഗർഭിണികളുടെ സുഖപ്രസവത്തിനായി ‘അരാങ്കെയിട്ടു നീക്കുക’ എന്നൊരു ചടങ്ങുണ്ട്‌. കളത്തിനു മദ്ധ്യത്തിൽ നാക്കിലയിൽ അരി, തേങ്ങ, ചന്ദനത്തിരി എന്നിവ നിവേദ്യമായി വച്ചു നടത്തുന്ന പൂജയാണിത്‌. ഗർഭം അലസിപ്പോയാൽ പരിഹാരം പുളികുടി (കുളിയാട്ട്‌) ആണ്‌. പ്രസവിച്ചു കഴിഞ്ഞാൽ പതിനഞ്ചുദിവസം പ്രത്യേക മുറിയിലാക്കി പ്രത്യേക കഞ്ഞി നൽകുന്നു. അടിയാൻമാരുടെ കല്യാണം ചെറുക്കന്റെ വീട്ടിൽ വച്ചു നടത്തുന്ന സദ്യയോടെയാണ്‌ അവസാനിക്കുക. മരണാനന്തര ചടങ്ങുകളാണ്‌ ചാത്തവും പതിമൂന്റും, കൂട്ടവും. കൂട്ടം നടത്തുന്നതുവരെ മരിച്ചയാളുടെ ഭാര്യ ഇലയിൽ ഭക്ഷണം കഴിക്കാൻ പാടില്ല. മൽസ്യ മാംസാദികളും അവർക്ക്‌ നിഷിദ്ധമാണ്‌.

കുശവൻമാർഃ മൺപാത്രനിർമ്മാണം തൊഴിലായ കുശവൻമാർക്ക്‌ കൃഷിയുമായി ആദ്യകാലത്ത്‌ ബന്ധം ഉണ്ടായിരുന്നില്ല. മൽസ്യമാംസാദികൾ ഉപയോഗിച്ചിരുന്നില്ലെങ്കിലും പിന്നീട്‌ ശീലിച്ചു. വെട്ടയാടാൻപോകുമ്പോൾ പാടുന്ന ‘നായാട്ടുപാട്ടി’ൽനിന്ന്‌ ഇതു മനസ്സിലാക്കാം. വയനാട്ടിൽ പുളളിയോട്‌, കുപ്പാടി, പുൽപ്പളളി, പേരിയ, മുത്തങ്ങ, കാട്ടിക്കുളം, കൊയിലേരി ഭാഗങ്ങളിലാണ്‌ കുശവൻമാരുളളത്‌. തീണ്ടാരിയായ സ്‌ത്രീകൾ പതിനൊന്നുദിവസം ഭക്ഷണം പാകം ചെയ്യാൻ പാടില്ല. പ്രസവിച്ച സ്‌ത്രീകൾ 21 ദിവസത്തെ പ്രത്യേക ഭക്ഷണക്രമം പാലിക്കണം. 90 തികഞ്ഞാൽ കോഴിസൂപ്പ്‌ കഴിക്കുന്നു. മരുന്നായാണ്‌ ഇത്‌ സേവിക്കുന്നത്‌. കുശവൻമാർ ഭക്ഷണകാര്യത്തിലും അയിത്തം കർശനമായി പാലിക്കുന്നു. നായൻമാർതൊട്ട ഭക്ഷണം നിഷിദ്ധമല്ല. നവവധു വരന്റെ വീട്ടിലേയ്‌ക്ക്‌ വരുമ്പോൾ വരന്റെ മാതാവിന്‌ മധുരപലഹാരം കൊടുക്കുന്ന ചടങ്ങുണ്ട്‌. കുശവൻമാർ ശവം ദഹിപ്പിക്കാറില്ല. കല്ലറയുണ്ടാക്കി ശവം അതിൽ ഇറക്കിവച്ച്‌ കുമളിൽ പലകപാകി മണ്ണിടുകയാണ്‌ പതിവ്‌. ശവശരീരം മണ്ണിന്റെ അന്നമാണെന്ന സങ്കല്പമാണിതിനുപിന്നിൽ. ശവക്കുഴിയുടെ കാൽക്കലായി കലശമുടയ്‌ക്കുന്ന ചടങ്ങും പ്രതീകാത്‌മകമാണ്‌. പരേതൻ മരിച്ചിടത്ത്‌ നിലത്ത്‌ മണൽവിരിച്ച്‌ തലയ്‌ക്കൽ ഏഴുദിവസം കിണ്ടിയിൽ വെളളം നിറച്ചുവയ്‌ക്കുന്നു. പതിനഞ്ചാംദിവസം ബലിയിടലും സദ്യയും നടത്തുന്നു.

Generated from archived content: annam_dec23_05.html Author: kp_ravichandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here