നാടോടി ജലസംരക്ഷണരീതികളും ജനസേചനയന്ത്രങ്ങളും

മുൻകാലങ്ങളിൽ വെളളത്തിന്‌ കാലാകാലങ്ങളിൽ പെയ്യുന്ന മഴയെയാണ്‌ പ്രധാനമായും ആശ്രയിച്ചിരുന്നത്‌. ഞാറ്റുവേലകളെ അടിസ്‌ഥാനമാക്കിയാണ്‌ കൃഷി ചെയ്‌തിരുന്നത്‌. കാലവർഷത്തിന്റെ വരവ്‌ കൃത്യമായി അറിയുന്നതിന്‌ കർഷകർ അവലംബിച്ചു പോന്നിരുന്ന നാടൻരീതികൾ രസകരമായ അനുഭവമാണ്‌. മുണ്ടകൻകൊയ്‌ത്തുകഴിഞ്ഞ്‌ ഉത്തരായനം തുടങ്ങി ഇരുപത്തെട്ടാം ദിവസത്തെ ഇരുപത്തെട്ടുച്ചാരൻ എന്നറിയപ്പെടുന്നു. ആരൻ-ചൊവ്വ-അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്നതിനാലാണ്‌ ഇങ്ങനെ പറയുന്നത്‌. അന്നേ ദിവസം ഏറ്റവും ഉയരത്തിലുളള തുറുവിന്റെ -വൈക്കോൽക്കൂന-മുകളിൽ വെളളത്തുണികൊണ്ട്‌ ഒരു കൊടി കെട്ടും. അന്നത്തെ കാറ്റിന്റെ ഗതിയനുസരിച്ച്‌ ഈ കൊടി ഏത്‌ ദിശയിലേക്കാണോ തിരിഞ്ഞുനിൽക്കുന്നത്‌ അതിന്റെ അടിസ്‌ഥാനത്തിൽ വരുന്ന വർഷത്തെ കാലാവസ്ഥാപ്രവചനം നടത്താമത്രേ. ഇത്‌ കാലാവസ്ഥാ പ്രവചനത്തിന്റെ അനേകം രീതികളിൽ ഒന്നുമാത്രം.

മഴ വിടുന്ന സമയങ്ങളിൽ സമൃദ്ധമായുണ്ടായിരുന്ന കുളങ്ങളിൽനിന്നോ തോടുകളിൽനിന്നോ പുഴകളിൽനിന്നോ ആണ്‌ ജലസേചനം നടത്തിയിരുന്നത്‌. ജലത്തിന്റെ കാര്യക്ഷമമായ വിനിയോഗത്തിന്‌ തടയണകൾ-ചിറകൾ-കെട്ടിയിരുന്നു. പ്രാദേശികമായി ലഭ്യമായിരുന്ന വിഭവങ്ങൾ മാത്രം ഉപയോഗപ്പെടുത്തിയാണ്‌ ചിറകൾ കെട്ടിയിരുന്നത്‌. ഇവ സ്ഥിരമായി നിലനിൽക്കാൻ ഉദ്ദേശിച്ചിരുന്നില്ല. മഴക്കാലത്തെ ശക്‌തിയായ കുത്തൊഴുക്കിൽ ഇവ നശിച്ചുപോകുന്നു.

പരമ്പരാഗതമായി നിലനിന്നുപോന്നിരുന്ന മറ്റൊരു ജലസേചനരീതിയാണ്‌ പുഴകളോട്‌ ചേർന്നുളള മനുഷ്യനിർമ്മിതമായ ചാലുകൾ. വർഷക്കാലത്ത്‌ പുഴയിൽ വെളളം നിറയുമ്പോൾ കുറെ ജലം ഈ ചാലുകൾ ഉൾക്കൊളളുകയും ചാല്‌ കടന്നുപോകുന്ന പ്രദേശത്തെ കുളങ്ങളും കിണറുകളും നിറയുകയുംചെയ്യുന്നു. അതോടൊപ്പം മലകളിൽ നിന്നുളള ഫലഭൂയിഷ്‌ഠമായ മട്ട്‌-ഹ്യൂമസ്‌-കൃഷിയിടങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു. വേനൽക്കാലത്ത്‌ പുഴയിൽ നീരൊഴുക്ക്‌ നിലനിർത്താൻ ഈ വെളളം ഉപകരിക്കുന്നു. ഇത്തരം തോടുകളും പാടശേഖരങ്ങളിലുളള കുളങ്ങൾ കവിഞ്ഞൊലിച്ചുണ്ടാകുന്ന തോടുകളും ചേർന്ന്‌ ഒരു സിരാവ്യൂഹം പോലെ പ്രവർത്തിച്ചിരുന്നു.

പഴയ തലമുറ സ്വന്തം കൃഷിയിടങ്ങളിലെ ഓരോ തരം മണ്ണും അതിന്റെ ചരിവ്‌ നീർവാഴ്‌ച, ജലസംഭരണശേഷി, വിളകളുടെ അനുയോജ്യത എന്നിവ മനസ്സിലാക്കി കൃഷിയുടെ ജൈവവൈവിദ്ധ്യം നിലനിർത്താൻ മുന്തിയ പരിഗണന നൽകിയിരുന്നു. ചരിവുഭൂതലങ്ങളിൽ തിട്ടകൾ പണിതും, അനുയോജ്യമായ മരങ്ങൾ നട്ടുപിടിപ്പിച്ചും മണ്ണൊലിപ്പിനെ തടഞ്ഞിരുന്നു. ജലസംരക്ഷണത്തിന്‌ ദിശ മനസ്സിലാക്കി തലക്കുളങ്ങളും, അവയിൽ മത്സ്യകൃഷിയും നടത്തിയിരുന്നു. താളക്രമമനുസരിച്ച്‌ ഇടയിളക്കുകയും തടമെടുക്കുകയും ചെയ്‌ത്‌ മണ്ണിന്റെ ഈർപ്പം നിലനിർത്തിയിരുന്നു. കൂടാതെ പുതയിടൽ മിശ്രിതകൃഷി, വിളപരിക്രമം, ആവരണവിള തുടങ്ങി അസംഖ്യം നാട്ടറിവുകളിലൂടെ മണ്ണിന്റെ ഈർപ്പവും ഫലപുഷ്‌ടിയും നിലനിർത്തിപ്പോന്നു.

പുത്തൻ വികസനത്തിന്റെ ഭാഗമായി നാഗരികത വളർന്നതോടെ കുളങ്ങളും കിണറുകളും നികത്തപ്പെട്ടു. വൻകിട ഡാമുകളും ലിഫ്‌റ്റിറിഗേഷനും നിലവിൽ വന്നതോടെ സ്വാഭാവിക ജലസംഭരണരീതികളും ജലസേചനയന്ത്രങ്ങളും അപ്രത്യക്ഷമായി. നാടൻജലസേചനയന്ത്രങ്ങൾ കാഴ്‌ചബംഗ്ലാവിൽ സൂക്ഷിക്കേണ്ട വസ്‌തുക്കളായി. എന്നാൽ ഈ അണക്കെട്ട്‌ സംസ്‌കാരം നമ്മെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു എന്ന്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും. കേരളത്തിൽ കമ്മീഷൻചെയ്‌തതും പണിതുടരുന്നതുമായി ഇരുപത്തെട്ട്‌ വൻകിട ജലസേചനപദ്ധതികളുണ്ട്‌. തുടക്കത്തിൽ ഇവയുടെ മതിപ്പുചെലവ്‌ 20,771 ലക്ഷം രൂപയായിരുന്നു. സമയത്തിന്‌ പണി പൂർത്തിയാക്കാത്തതുകൊണ്ട്‌ ഇപ്പോഴത്തെ മതിപ്പുചെലവ്‌ 176033.92 രൂപയിലെത്തിനിൽക്കുന്നു. അണക്കെട്ടിനെ ആശ്രയിച്ച്‌ മൂപ്പുകൃഷിയാരംഭിച്ച കടുംകൃഷി നിലങ്ങളിൽ വേനൽക്കാലത്ത്‌ വെളളം എത്തുന്നില്ല. തുറന്നുവിടാൻ റിസർവോയറിൽ വെളളമില്ലെന്നതാണ്‌ കാരണം. അണക്കെട്ടുകളോടനുബന്ധിച്ചുളള പുത്തൻനാഗരികതയും കുടിയേറ്റവും വിസ്‌തൃതമായ വനപ്രദേശങ്ങൾ വെളുപ്പിക്കുന്നതിന്‌ കാരണമായി. വൃഷ്‌ടിപ്രദേശത്തെ വനശോഷണവും രൂക്ഷമായ മണ്ണിടിയലും ഡാമുകളുടെ സംഭരണശേഷി കുറച്ചു.

അണക്കെട്ടുകൾ കൂടുതൽ സ്ഥലത്തേയ്‌ക്ക്‌ വെളളമെത്തിച്ചു എന്നു പറയുമ്പോൾത്തന്നെ അവയുടെ റിസർവോയറുകളിൽ ഫലഭൂയിഷ്‌ഠമായ ഏറെ കൃഷിഭൂമി മുങ്ങിപ്പോയിരിക്കുന്നു. അണക്കെട്ടിനുതാഴെയുളള ഇരുകരകളിലും നൂറ്റാണ്ടുകളായി നദിയിൽ നിന്നും ജലം ലഭിച്ചിരുന്ന കൃഷിയിടങ്ങൾക്ക്‌ വെളളവും എക്കലും എത്താതായി. കനാൽശൃംഖലകൾക്കുവേണ്ടിയൊരുപാട്‌ കൃഷിഭൂമി ബലികഴിച്ചിരിക്കുന്നു. അതേ സമയം അമിതജലസേചനം കൃഷിഭൂമികളിൽ വെളളക്കെട്ട്‌ സൃഷ്‌ടിച്ച്‌ കൃഷിക്ക്‌ ഉപയുക്‌തമല്ലാത്ത ആർദ്ര മരുഭൂമികൾ എന്ന്‌ വിളിക്കുന്ന ചതുപ്പുപ്രദേശങ്ങൾക്ക്‌ ജൻമം നൽകി. അശാസ്‌ത്രീയമായ ജലസേചനങ്ങൾ മണ്ണിലെ ലവണത്വവും ക്ഷാരത്വവും വർദ്ധിപ്പിച്ച്‌ കൃഷിയിടങ്ങളെ ചാവുഭൂമികളാക്കുന്നു. ജലസേചനമെത്തിച്ച ഓരോ ഹെക്‌ടർ ഭൂമിയിൽനിന്നും ശരാശരി 5 ടൺ ധാന്യം കിട്ടണമെന്നാണ്‌ കണക്കെങ്കിലും ഇന്ത്യയിൽ ശരാശരി 1.7 ടൺ പോലും വിളവ്‌ ലഭിക്കാറില്ലെന്നതാണ്‌ വാസ്‌തവം.

നാം നേരിടാൻപോകുന്ന ജലദൗർലഭ്യത്തെക്കുറിച്ച്‌ വേൾഡ്‌ ബാങ്ക്‌ വൈസ്‌ പ്രസിഡണ്ട്‌ ഡോ. ഇസ്മയിൽ സെർഗാൾഡിന്റെ അഭിപ്രായം ഇത്തരുണത്തിൽ പ്രത്യേകം പ്രസ്താവ്യമാണ്‌. നിലവിലുളളരീതികൾ ഉപേക്ഷിച്ച്‌ ഒരു തിരിച്ചുപോക്ക്‌ നടത്തിയില്ലെങ്കിൽ ആഗോളതലത്തിൽ നാം വെളളത്തിന്റെ കാര്യത്തിൽ വലിയൊരു പ്രതിസന്ധി നേരിടാൻ പോകുകയാണെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നൽകുന്നു. ഡാമുകൾ നിർമ്മിക്കുകയും ഭൂഗർഭജലം ചൂഷണംചെയ്യുകയും വിരളവും ചിലവേറിയതുമായ പ്രവൃത്തികളാവാൻ പോകുന്നു. കൂടാതെ വ്യാപകമായ മലിനീകരണവും ജലത്തിന്റെ ലവണത്വവും വലിയ വെല്ലുവിളിയാണ്‌. സാമ്പത്തിക പരാധീനത, ഉയർന്ന നിർവ്വഹണച്ചെലവ്‌, സാങ്കേതികവിദഗ്‌ദ്ധരുടെ അഭാവം ഭരണപരമായതാമസം തുടങ്ങിയ പ്രശ്‌നങ്ങൾമൂലം വൻജലസേചനപദ്ധതികൾ അഭികാമ്യമല്ല എന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ഇതിന്‌ ശാശ്വതപരിഹാരമായി നിർദ്ദേശിക്കുന്നത്‌ വെളളത്തിന്റെ നിയന്ത്രണം ഗ്രാമീണസംഘങ്ങൾക്ക്‌ കൈമാറുകയും നാട്ടറിവിൽ അധിഷ്‌ഠിതമായ പദ്ധതികൾ ആവിഷ്‌കരിക്കുകയുമാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ്‌ പ്രാചീനജലസേചനയന്ത്രങ്ങളുടെ പ്രസക്തി. ഇവ അമിതജലോപയോഗവും നീരുറവവറ്റുന്നതും തടയുന്നു. ഉപയോഗത്തിലുണ്ടായതും നാമാവശേഷമായിക്കൊണ്ടിരിക്കുന്നതുമായ ചില ഉപകരണങ്ങളെക്കുറിച്ച്‌ താഴെ വിവരിക്കുന്നു.

വേത്ത്‌&വേത്തി&തുടിപ്പ്‌&ഉപണി ഃ ആഴംകുറഞ്ഞ ജലവിതാനത്തിൽനിന്നും കണ്ടങ്ങളിലേയ്‌ക്ക്‌ വെളളം തേവി എത്തിയ്‌ക്കാനുളള ഉപകരണമാണിത്‌. ജലവിതാനത്തിൽ നിന്നും രണ്ടുമൂന്നടി ഉയരത്തിലേ ഇതുകൊണ്ടു വെളളമെത്തിക്കാൻ കഴിയൂ. ഉദ്ദേശം എട്ടടി നീളമുളള 3 കാലുകൾ 4 അടി അകലത്തി ത്രികോണാകൃതിയിൽ സമാന്തരമായി കുഴിച്ചിടുന്നു. ത്രികോണത്തിന്റെ മദ്ധ്യത്തിൽ വരത്തക്കവണ്ണം മൂന്നിന്റേയും തലകൾ കൂട്ടിക്കെട്ടുന്നു. അവിടെനിന്നും ചുവട്ടിലേയ്‌ക്ക്‌ ഞാത്തിയിടുന്ന കയറിൽ വേത്തി കെട്ടിത്തൂക്കുന്നു. ഒരുതരം മരപ്പാത്തിയാണ്‌ വേത്തി. സുമാർ 3 അടി നീളവും 10 ഇഞ്ച്‌ വീതിയും 7 ഇഞ്ച്‌ താഴ്‌ചയും ഉണ്ടായിരിക്കും. മുൻവശത്ത്‌ വക്കുണ്ടായിരിക്കുകയില്ല. പിന്നിൽ നീളമുളള വാലുണ്ടായിരിക്കും. പിന്നിലെ പലക തുളച്ച്‌ പിടി അതിൻമേൽ ഉറപ്പിക്കുന്നു. പിടിയുടെ അറ്റത്ത്‌ പാത്തിയോടു ചേർന്നാണ്‌ കയർ കെട്ടിത്തൂക്കിയിടുന്നത്‌.

വശങ്ങളിലെയും അടിയിലെയും പലകകൾ ഉണ്ടാക്കുന്നത്‌ കനംകുറഞ്ഞ മരങ്ങളെക്കൊണ്ടായിരിക്കും. ഭാരം കയർ കെട്ടുന്ന ഭാഗത്ത്‌ വരുന്നതുകൊണ്ട്‌ പിന്നിലെ പലക ഉറപ്പുളള മരമായിരിക്കും. തേക്ക്‌, പ്ലാവ്‌ എന്നീ മരങ്ങൾകൊണ്ട്‌ പിന്നിലെ പലക ഉണ്ടാക്കുമ്പോൾ പന, തെങ്ങ്‌ എന്നിവയുടെ തടികൊണ്ടാണ്‌ പിടി ഉണ്ടാക്കുന്നത്‌. ഒരു വേത്തിൽ ഏകദേശം 25 ലിറ്ററോളം വെളളം കൊളളും. 400 പ്രാവശ്യം തേവാൻ ഏതാണ്ട്‌ മുക്കാൽ മണിക്കൂർ മതിയാകും.

കയറ്റുകൊട്ട&തേക്കുകുട്ട&തേവുകുട്ട&എറവട്ടിഃ സാധാരണകൊട്ടപോലെ കയറ്റുകൊട്ടയും മുള ചീന്തി ഉണ്ടാക്കുന്നതാണ്‌. ഇതുകൊണ്ട്‌ തേവാൻ രണ്ടാളുകൾ വേണം. അഞ്ചടിയോളം ഉയരത്തിൽ വെളളം തേവാൻ ഇതുകൊണ്ട്‌ സാധിക്കും. കോണിക്കൽ ആകൃതിയാണ്‌ ഇതിനുളളത്‌. കമിഴ്‌ത്തിവച്ചാൽ ഒരു വൃത്തസ്തൂപികയുടെ ആകൃതിയാണുളളത്‌. തുറന്നിരിക്കുന്ന ഭാഗത്ത്‌ കനമുളള മുളവാരികൾ കൊണ്ട്‌ താങ്ങു കൊടുത്തിരിക്കും. ഈ രണ്ട്‌ മുളവാരികളാണ്‌ കുട്ടയുടെ ആകൃതി നിലനിർത്തുന്നത്‌. കൂർത്ത അടിഭാഗത്ത്‌ മുകൾഭാഗത്ത്‌ മുളവാരികൾ കൂടിച്ചേരുന്നിടത്തും ഓരോ കയറും ഉണ്ടായിരിക്കും. ഈ കയറുകളുടെ സ്വതന്ത്രമായ അറ്റത്ത്‌ മരംകൊണ്ടോ മുളം കഷണങ്ങൾ കൊണ്ടോ ഒരു പിടുത്തം ഉണ്ടായിരിക്കും. കരിമ്പനയുടെ പട്ട ചീന്തി അതുകൊണ്ടായിരിക്കും കയറുണ്ടാക്കുന്നത്‌. തേവുന്നവർ ഓരോരുത്തരും ഈ രണ്ടുകയറുകൾവീതം പിടിച്ച്‌ ഇരുപുറവും നിന്ന്‌ കുട്ട വെളളത്തിൽ മുക്കി വെളളം താഴേയ്‌ക്കൊഴിക്കുന്നു.

ചക്രംഃ കായൽനിലങ്ങളിൽ വെളളം വറ്റിക്കുന്നതിനും നിലങ്ങളിലേയ്‌ക്ക്‌ വെളളം തേവാനും ഇവ സഹായിച്ചിരുന്നു. വൃത്താകൃതിയിൽ മരംകൊണ്ടുണ്ടാക്കിയ ഒരു ഉപകരണമാണ്‌ ചക്രം. പുറത്തേയ്‌ക്ക്‌ തളളിനിൽക്കുന്ന മരംകൊണ്ടുണ്ടാക്കിയ ദളങ്ങൾ ഇവയ്‌ക്കുണ്ട്‌. ചക്രങ്ങൾ പല വലിപ്പത്തിലുണ്ട്‌. ചക്രത്തിന്റെ വലിപ്പത്തിന്‌ ആനുപാതികമായാണ്‌ ചക്രപ്പലുകളുടെ എണ്ണം. നാലുദളങ്ങൾ മുതൽ 25 ദളങ്ങൾ വരെ ഉണ്ടാകും. 25 ദളങ്ങളുളള ചക്രത്തിന്‌ പത്തടിയോളം വ്യാസം ഉണ്ടായിരിക്കും.

അടിയിലെ പല്ലുകൾ വെളളത്തിൽ മുങ്ങത്തക്കവിധം മുളംകാലിൽ ഉറപ്പിച്ചുനിർത്തിയ ചക്രത്തെ മുളകൊണ്ടോ കവുങ്ങിൻ പാളികൊണ്ടോ ഉണ്ടാക്കുന്ന പടിയിൻമേലിരുന്ന്‌ ഓരോ പല്ലിലും മാറിമാറി ചവിട്ടിയാണ്‌ ചക്രം തിരിക്കുന്നത്‌. ചക്രം തിരിയുമ്പോൾ വെളളത്തിൽ മുട്ടിനിൽക്കുന്ന ചക്രപ്പല്ലുകൾ വെളളത്തെ മുകളിലേയ്‌ക്ക്‌ തളളുന്നു. ചക്രത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച്‌ ചവിട്ടുകാരുടെ എണ്ണവും വർദ്ധിക്കുന്നു. 20-25 ദളങ്ങളുളള ഒരു വലിയ ചക്രം ചവിട്ടണമെങ്കിൽ ഇരുപത്തഞ്ചോളം ആളുകൾ ഒരേസമയം വേണ്ടിവരും. തട്ടുകളായി ചാരുകൾ കെട്ടിയുണ്ടാക്കി അതിൻമേൽ ഇരുന്നും നിന്നുമൊക്കെയാണ്‌ ചവിട്ടുകാർ ചത്രം തിരിക്കുക. ചവിട്ടു തുടങ്ങിയാൽ പാടത്തെ വെളളം വറ്റുന്നതുവരെ രാപകൽ ഭേദമില്ലാതെ രണ്ടുമൂന്നുദിവസം തുടർച്ചയായി ചക്രം തിരിച്ചുകൊണ്ടിരിക്കും. മൂന്നുചക്രങ്ങളും 36 ആളുകളുമുണ്ടെങ്കിൽ ഒന്നേകാൽ ഏക്കർ സ്ഥലത്തുനിന്ന്‌ മൂന്നടിവെളളം വറ്റിക്കാൻ ഒരു ദിവസം കൊണ്ടു സാധിക്കുന്നു.

ഒരു ചക്രംകൊണ്ട്‌ രണ്ടടിയിലധികം ഉയരത്തിലേയ്‌ക്ക്‌ വെളളം കയറ്റാൻ സാധിക്കുകയില്ല. അതിൽ അധികം ഉയരത്തിലേയ്‌ക്ക്‌ വെളളം കയറ്റേണ്ടിവരുന്ന അവസരങ്ങളിൽ തട്ടുകളായി ഒന്നിൽ കൂടുതൽ ചക്രംവച്ച്‌ വെളളംകയറ്റുന്നു. തേക്ക്‌, ആഞ്ഞിലി മരങ്ങളാണ്‌ ചക്രമുണ്ടാക്കാൻ ഉപയോഗിക്കുന്നത്‌.

തുലാൻ&തുലാവ്‌&ഏത്തംഃ കവുങ്ങുൻതോട്ടങ്ങളും തെങ്ങിൻപറമ്പുകളും നനയ്‌ക്കാനാണ്‌ തുലാൻ-തുലാവ്‌-ഉപയോഗിക്കുന്നത്‌. മരംകൊണ്ടോ മുളകൊണ്ടോ ഉറപ്പിച്ചിരിക്കുന്ന ഏത്തക്കാലുകളിലാണ്‌ തുലാൻ ഉറപ്പിക്കുക. ഒന്നോരണ്ടോ തുലാനുകൾ ഒരു ഏത്തക്കാലിലുണ്ടായിരിക്കും. ലോഹത്തിലൊ മരത്തിലോ ഉണ്ടാക്കിയ വെളളം കോരുന്ന പാത്രമാണ്‌ തുലാക്കുട്ട. തുലാക്കുട്ടയുടെ ഭാരത്തിനെതിരായ ഒരു പ്രതിഭാരമാണ്‌ ഉഴിഞ്ഞാൽ അല്ലെങ്കിൽ കൂട്‌. മുളവാരികൾ വളളികൊണ്ട്‌ നെയ്‌തെടുത്താണ്‌ ഇത്‌ ഉണ്ടാക്കുന്നത്‌. ഇതിൽ ഭാരംകൂടിയ കല്ല്‌, ചെളി എന്നിവ ഉപയോഗിക്കുന്നു. തുലാക്കുട്ടയിൽ കൂടിയിരിക്കണം ഉഴിഞ്ഞാലിന്റെ ഭാരം… തുലാക്കുട്ടയും ഉഴിഞ്ഞാലും തമ്മിലുളള സന്തുലനമാണ്‌ അദ്ധ്വാനത്തെ ലഘൂകരിക്കുന്നത്‌. ഒരു തുലാക്കൊട്ടയിൽ 25 ലിറ്റർ വെളളം കൊളളുന്നു.

കാളത്തേക്ക്‌ ഃ വേനലിൽ പറമ്പുകൾ നനയ്‌ക്കാനാണ്‌ കാളത്തേക്ക്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. കാളകളേയോ പോത്തുകളേയോ ഉപയോഗിച്ചാണ്‌ വെളളം തേവുന്നത്‌. കാളകളുടെ വലിപ്പം, കരുത്ത്‌, ജലാശയത്തിന്റെ ആഴം എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ കുട്ടയുടെ വലിപ്പം നിർണ്ണയിക്കുന്നത്‌. തേക്കുകുട്ടയ്‌ക്ക്‌ ലോഹംകൊണ്ടുളള ഒരു പിടുത്തവും പിടിക്ക്‌ ഒരു കൊളുത്തുമുണ്ടായിരിക്കും. 4 അടി നീളംവരുന്ന ആനയുടെ തുമ്പിക്കൈയ്യിന്റെ ആകൃതിയിലുളള ഒരു തുകൽക്കുഴലാണ്‌ തുമ്പി. കുട്ടയുടെ അടിയിൽനിന്നും തളളിനിൽക്കുന്ന ഒരു ലോഹക്കുഴലിലായിരിക്കും തുമ്പി ഘടിപ്പിച്ചിരിക്കുന്നത്‌. കുട്ടയുടെ പിടിയുടെ കൊളുത്തിൽ നീളമുളള ആലാസ്‌ കയർ ബന്ധിച്ചിരിക്കും. തുമ്പിയിൽനിന്നും തുമ്പിക്കയറും കെട്ടിയിരിക്കും. തുമ്പിക്കയർ വണ്ണം കുറഞ്ഞതും കുട്ടക്കയറിനേക്കാൾ നീളം കുറഞ്ഞതുമായിരിക്കും. ഇവ രണ്ടും ചേർത്ത്‌ നുകത്തിൽ ബന്ധിച്ചിരിക്കും. കമ്പക്കയർ തിരിയുന്നത്‌ മരത്തടിയിലായിരിക്കും. ഈ മരത്തടി ജലാശയത്തിലേയ്‌ക്ക്‌ ചരിച്ച്‌ നാട്ടിയ രണ്ട്‌ കാലിൻമേൽ ഉറപ്പിച്ചിരിക്കും. മരത്തടി മരം കൊണ്ടുണ്ടാക്കിയ ഒരു ഫ്രെയിമിലാണ്‌ തിരിയുന്നത്‌.

മൂന്നടി നീളംവരുന്ന ഒരു മരത്തടിയാണ്‌ ഉരുൾ. തുമ്പിക്കയർതിരിയുന്നത്‌ ഉരുളിലാണ്‌. ഉരുൾ പടക്കയുടെ അതേ ലെവലിൽ കുറച്ചുമാത്രം ജലാശയത്തിലേയ്‌ക്ക്‌ തളളിനിൽക്കുന്നു. കഴുത്തിലുളള നുകവുംകൊണ്ട്‌ കാളകൾ മുന്നോട്ടും പിന്നോട്ടും നടന്നാണ്‌ വെളളം തേവുന്നത്‌. കാളകൾ പിന്നോട്ട്‌ നടക്കുമ്പോൾ കയറുകൾ അഴയുകയും തേക്കുകൊട്ട ജലാശയത്തിലേയ്‌ക്ക്‌ താഴുകയും അതിൽ വെളളം നിറയുകയും ചെയ്യുന്നു. കാളകൾ മുന്നോട്ടുനടക്കുമ്പോൾ കുട്ട ഉയരുകയും നീളംകുറഞ്ഞ തുമ്പിക്കയർ വലിയുന്നതിന്റെ ഫലമായി തുമ്പി മടങ്ങുന്നതുകൊണ്ട്‌ വെളളം ചോർന്നു പോകാതിരിക്കുകയും ചെയ്യുന്നു. കുട്ട മുകളിലെത്തുമ്പോൾ കുട്ട ചെരിയുകയും തുമ്പി നിവരുകയും ചെയ്യുന്നു. കുട്ടയിൽനിന്ന്‌ വെളളം പടുക്കയിലേയ്‌ക്ക്‌ വീഴുന്നു. ഒരു കുട്ടയിൽ ഏതാണ്ട്‌ 133 ലിറ്റർ വെളളമുണ്ടായിരിക്കും. തേവുന്നതിന്‌ ഉപയോഗിക്കുന്ന കാളകളെ പിന്നോക്കം നടക്കാൻ പഠിപ്പിക്കേണ്ടതുണ്ട്‌.

വിവിധവിഭാഗം ജനങ്ങളുടെ കൂട്ടായ്‌മ നാടൻജലസേചനസംവിധാനങ്ങളിൽ ഉണ്ടായിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. തേക്കുകുട്ട, വേത്ത്‌, ചക്രം മുതലായ ഉപകരണങ്ങൾ ഉണ്ടാക്കിയിരുന്നത്‌ ആശാരിയാണ്‌. കാളത്തേക്കിന്റെ ചെമ്പുകൊണ്ടുളള കുട്ട മൂശാരിയുണ്ടുക്കുന്നു. ഇരുമ്പ്‌ കുട്ട കാളത്തേക്കിന്റെ ആണി മുതലായവ കരുവാനുണ്ടാക്കുന്നു. ഭൂവുടമ ആവശ്യപ്പെടാതെതന്നെ ഈ ഉപകരണങ്ങൾ ഉപചാരമെന്നനിലയിൽ അതത്‌ കൈവേലകൾ ചെയ്യുന്നവർ എത്തിക്കുകയാണ്‌ ചെയ്യുന്നത്‌. പ്രത്യേകിച്ചും കാളത്തേക്കിൽ മനുഷ്യരുടേയും മൃഗങ്ങളുടേയും ഒത്തൊരുമിച്ച അദ്ധ്വാനമാണ്‌ ഉണ്ടാകുന്നത്‌. തുമ്പിയുണ്ടാക്കുന്നത്‌ തോൽക്കൊല്ലനാണ്‌. വിവിധ ജലസേചന ഉപകരണങ്ങളുടേയും പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ അനേകം പാട്ടുകൾ പാടിയിരുന്നു. അവയെല്ലാം ഇന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു.

അവലംബം 1. കൃഷിമലയാളം സി.കെ.സുജിത്‌ കുമാർ. 2. എന്റെ സ്‌മരണകൾ-കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്‌. 3. കൃഷിക്കാരുമായി നടത്തിയ സംവാദം.

Generated from archived content: kaivela_feb5.html Author: kp_dileepkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here