പുരശില്പി

അഭിമുഖം തയ്യാറാക്കിയത്‌ രഘു പി.

ഈ രംഗത്ത്‌ സജീവമായി എത്തിയിട്ട്‌ മൂന്നു പതിറ്റാണ്ട്‌ കഴിഞ്ഞു. ആദ്യഗുരു മണ്‌ഡലക്കോട്‌ നാരായണനാചാരി. തലമുറയായി കൈവരിച്ച അറിവുകൾക്കു പുറമെ, പാടൂര്‌, ചെർപ്പുളശ്ശേരി, മാത്തൂർ എന്നിവിടങ്ങളിലായി 9 വർഷം ഗുരുകുലവിദ്യാഭ്യാസം. ആലപ്പുഴയിൽ 3 വർഷം കൂപശാസ്‌ത്രത്തിൽ വൈദഗ്‌ദ്ധ്യം നേടി. മാധ്യമങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌​‍്‌​‍്‌​‍്‌​‍്‌​‍്‌​‍്‌​‍്‌. നിരവധി ഗൃഹങ്ങൾക്കും ജലസാന്നിദ്ധ്യ സ്ഥാനങ്ങൾക്കും ഉളള സ്ഥലനിർണ്ണയം നടത്തിയിട്ടുണ്ട്‌.

മനുഷ്യപരിണാമ പ്രക്രിയയിൽ ഗൃഹനിർമ്മാണത്തിന്റെ ആവശ്യകത അടിസ്ഥാനപരമായി എന്തവാം?

പ്രകൃതിദൃശ്യങ്ങൾകണ്ട്‌ ആകൃഷ്‌ടനായ ആദിമമനുഷ്യൻ, അവയെ സ്വന്തം ഭാവനയിൽ മണ്ണിലും കല്ലിലും വരച്ചുകൊത്തി രൂപപ്പെടുത്തിയെടുക്കുമ്പോൾത്തന്നെ പ്രകൃതിക്ഷോഭങ്ങളിൽനിന്ന്‌ രക്ഷനേടാനുളള തന്ത്രങ്ങളെക്കുറിച്ചും വിഭാവനം ചെയ്‌തിരുന്നു. സൗകര്യപ്രദമായ ഒരു പാർപ്പിടം ഉണ്ടാകണമെന്ന്‌ എല്ലാ ജീവികൾക്കും ആദ്യമായി തോന്നുന്നത്‌ അവരവരുടെ ജന്മസ്വഭാവമാകുന്നു. എലി, മുയൽ തുടങ്ങിയവയ്‌ക്ക്‌ മാളവും ഉറുമ്പുകൾക്ക്‌ പുറ്റും പക്ഷികൾക്ക്‌ കൂടും മനുഷ്യർക്ക്‌ ഗൃഹവും ഉണ്ടാകണമെന്ന ചിന്ത പ്രകൃതിദത്തമായി ഉണ്ടാകുന്നതാണ്‌.

താന്ത്രികചിന്താ പദ്ധതി ഗൃഹനിർമ്മാണകലയോട്‌ ഇണങ്ങുന്നതെങ്ങനെയാണ്‌?

ആദ്ധ്യാത്‌മിക രഹസ്യങ്ങൾക്കുമീതെ മനോഹരമായ സങ്കല്പങ്ങളുടെ അങ്കിയണിച്ചുകൊണ്ട്‌ ചില ഭാഗങ്ങളിൽ – ശില്പശാസ്‌ത്രം പ്രവർത്തിക്കുന്നതായി കാണാം. ഗൃഹസ്ഥാശ്രമികൾക്ക്‌ ശ്രേയസ്സിനായി വൈദികമന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ടുളള വാസ്‌തുബലി-വാസ്‌തുപൂജ-വാസ്‌തുഹോമം തുടങ്ങിയ താന്ത്രിക കർമ്മങ്ങൾ ഗൃഹത്തിലും ക്ഷേത്രത്തിലും ഇവകൾ നിർമ്മിയ്‌ക്കുന്ന വാസ്‌തുവിലും പ്രാചീനകാലം മുതൽക്കേ നടപ്പുളളതാണ്‌. ഇന്നും ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട്‌ വാസ്‌തുപൂജാദികർമ്മങ്ങൾ നടത്തുന്നുണ്ട്‌. ഈശാനകോണിൽ ശിരസ്സും, വായുകോണിൽ വലതുകൈയ്യും, അഗ്‌നികോണിൽ ഇടതുകൈയ്യും, നിര്യതികോണിൽ കാലുകളുമായി മലർന്ന്‌ അല്പം ഇടതുവശം ചെരിഞ്ഞ്‌ ഭൂമിയാകെ വ്യാപിച്ചുകിടക്കുന്നു എന്ന സങ്കല്പത്തിലുളള വാസ്‌തുപുരുഷന്റെ അവയവങ്ങളിലും പുറത്തു സ്ഥിതിചെയ്യുന്ന ദേവൻമാർക്കാണ്‌ തന്ത്രവിദ്യയനുസരിച്ചുളള പൂജാദികർമ്മങ്ങൾ ഇണങ്ങിച്ചേരുന്നത്‌.

ബൃഹതാകാരത്തിൽനിന്ന്‌ സൂക്ഷ്‌മാകാരത്തിലേയ്‌ക്കും തിരിച്ചും സഞ്ചരിയ്‌ക്കുന്ന വാസ്‌തു ശില്പശാസ്‌ത്രത്തിന്റെ അടിസ്ഥാനാശയങ്ങൾ എന്തെല്ലാമാണ്‌?

ശാസ്‌ത്രീയതയിൽനിന്ന്‌ വ്യതിചലിയ്‌ക്കാതെ കാലത്തിനൊത്ത്‌ ശാസ്‌ത്രത്തെ പരിഷ്‌ക്കരിപ്പിച്ച്‌ ഈടും ഭംഗിയും നഷ്‌ടപ്പെടുത്താതെ കണ്ണിനും മനസിനും സംതൃപ്‌തിയേകുന്നവിധത്തിൽ അധിഷ്‌ഠാനം മുതൽ സൂച്യാഗ്രം വരെ (ജന്‌മം തൊട്ട്‌ അവസാനം വരെ) ഉത്തമമായ കണക്കുകളാൽ ആരൂഢകല്പനചെയ്‌ത്‌ ഇഷ്‌ടയോഗികൊണ്ട്‌ പ്രാണപ്രതിഷ്‌ഠ നടത്തി കാറ്റും വെളിച്ചവും ലഭിക്കത്തക്കവിധത്തിൽ സൗകര്യപ്രദമായ മുറികളോടെ ഭവനനിർമ്മാണകൃത്യം നിർവഹിയ്‌ക്കപ്പെടുന്നു.

വാസ്‌തുശില്പസമുച്ചയം എന്നാലെന്താണ്‌? ദേവശില്പികൾ ആരെല്ലാമാണ്‌?

വാസ്‌തുശില്പം, പ്രതിമാശില്പം, ചിത്രശില്പം എന്നിങ്ങനെ ശില്പങ്ങൾ മൂന്നാണ്‌. ഇവയിൽ തരംതിരിച്ചെടുക്കപ്പെട്ടിട്ടുളളത്‌ വാസ്‌തുശില്പമാണ്‌. ഗ്രാമം, നഗരം, ദുർഗ്ഗം, രാജധാനി, മണ്‌ഡപങ്ങൾ, കൂപങ്ങൾ, തടാകങ്ങൾ, യന്ത്രങ്ങൾ, വാഹനങ്ങൾ തുടങ്ങി പലതും വാസ്‌തുശില്പസമുച്ചയത്തിൽപ്പെടുന്നു.

ദേവശില്പി വിശ്വകർമ്മാവും അസുരശില്പി മയനുമാണ്‌. പരമേശ്വരൻ ആദ്യമായി വാസ്‌തുശാസ്‌ത്രത്തെ പരാശരമഹർഷിയ്‌ക്ക്‌ ഉപദേശിച്ചുകൊടുത്തു. പരാശരൻ ബൃഹദ്രഥ മഹർഷിയ്‌ക്കും, ബൃഹദ്രഥൻ വിശ്വകർമ്മാവിനും ഉപദേശിച്ചുകൊടുത്തു. വിശ്വകർമ്മാവ്‌ വാസ്‌തുശാസ്‌ത്രം ഉപയോഗയോഗ്യമായ രീതിയിൽ പ്രചരിപ്പിച്ചു. പ്രാചീനകാലത്തെ മറ്റു വാസ്‌തുശാസ്‌ത്രകർത്താക്കൾ ഇവരൊക്കെയാണ്‌ ഃ ഭൃഗു, അത്രി, വസിഷ്‌ഠൻ, മയൻ, നാരദൻ, സം്നചിത്ത്‌, വിശാലാക്ഷൻ, പുരന്ദരൻ, ബ്രഹ്‌മാവ്‌, കുമാരൻ, നന്ദീശൻ, ശൗനകൻ, ഗർഗ്ഗൻ, വാസുദേവൻ, അനിരുദ്ധൻ, ശുക്രൻ, ബൃഹസ്‌പതി.

പുരയും ജൈവവ്യവസ്ഥയും തമ്മിൽ, നിർമ്മാണശാസ്‌ത്രവുമായി ചേർന്നുവരുന്ന എന്തെങ്കിലും സാമ്യതകൾ ഉണ്ടോ?

പുര നിർമ്മാണത്തിനുപയോഗിക്കുന്ന കല്ല്‌, കുമ്മായം, ജലം, മരം, ഇരുമ്പ്‌ എന്നീ ദ്രവ്യങ്ങളുടെ സംയോഗത്തിൽനിന്ന്‌ ഉണ്ടാകുന്ന ശക്തിവിശേഷം പുരയിൽ വാഴുന്ന വ്യക്തികൾക്ക്‌ സുഖദുഃഖങ്ങളായി ഭവിക്കുന്നു. ഈ തത്ത്വം ഉളളിൽകണ്ട്‌ ദുരിതദോഷങ്ങളെ ഒരു പരിധിവരെ അടുപ്പിക്കാതിരിക്കാനാണ്‌ ഇഷ്‌ടയോഗികൊണ്ട്‌ പ്രാണപ്രതിഷ്‌ഠ നടത്തി ഉത്തമമായ കണക്കുകൾകൊണ്ട്‌ ആരൂഢപരിവൃതം ചെയ്യുന്നത്‌.

ശില്പാരൂഢം എന്നാലെന്താണ്‌?

ഗൃഹാന്തർഭാഗത്ത്‌ ഉത്തരത്താൽ സന്ധിചെയ്‌തു ജീവപ്രതിഷ്‌ഠ ചെയ്യുന്നതിനെ ആരൂഢം എന്നു പറയുന്നു. ആരൂഢമില്ലാത്ത ഗൃഹം ജീവനില്ലാത്ത ജഡമായി കണക്കാക്കുന്നു. പ്രധാനപുരയുടെ ഉത്തരത്തിലാണ്‌ ആരൂഢകല്പന നടത്തുന്നത്‌.

പ്രകൃതി പുരുഷബന്ധം ഗൃഹനിർമ്മാണകലയുമായി ഇണങ്ങുന്നതെങ്ങനെയാണ്‌?

പുരയെ സ്‌ത്രീയായും ഗൃഹത്തെ വരനായും സങ്കല്പിച്ചിരിയ്‌ക്കുന്നു. പുരവെയ്‌ക്കുന്ന ഓരോ വളപ്പിനും ഓരോ പേരുണ്ടായിരിയ്‌ക്കും. പേരിന്റെ ആദ്യാക്ഷരംകൊണ്ട്‌ സിദ്ധമാകുന്ന നക്ഷത്രം സ്‌ത്രീനക്ഷത്രം. വളപ്പ്‌ വധൂഗൃഹത്തിന്റെ ചുറ്റളവിൽനിന്ന്‌ ലഭ്യമാകുന്ന നക്ഷത്രം പുരുഷനക്ഷത്രം. ഗൃഹം വരൻ. വളപ്പിന്റേയും ഗൃഹത്തിന്റേയും നക്ഷത്രങ്ങൾ തമ്മിലുളള ചേർച്ചയാണ്‌ ഗൃഹനിർമ്മാണകലയുടെ ആന്തരികസൗന്ദര്യം.

കോണുകൾ അർത്ഥമാക്കുന്ന അടിസ്ഥാനാശയങ്ങളെന്തെല്ലാം?

പുരവെയ്‌ക്കുന്ന വളപ്പിനെ സമചതുരമാക്കി കിഴക്കുപടിഞ്ഞാറും തെക്കുവടക്കും ഓരോ രേഖവരച്ച്‌ നാലുഖണ്‌ഡങ്ങളാക്കണം. ഇതിൽ കിഴക്കിന്റേയും തെക്കിന്റേയും ഇടഭാഗത്തെ അഗ്‌നിഖണ്‌ഡമെന്നും, തെക്കുകിഴക്കേദിക്കിനെ അഗ്‌നികോണെന്നും, തെക്കിന്റേയും പടിഞ്ഞാറിന്റേയും ഇടഭാഗത്തെ നിര്യതിഖണ്‌ഡമെന്നും തെക്കുപടിഞ്ഞാറെ ദിക്കിനെ നിര്യതികോണെന്നും, പടിഞ്ഞാറിന്റെയും വടക്കിന്റേയും ഇടഭാഗത്തെ വായുഖണ്‌ഡമെന്നും, വടക്കുപടിഞ്ഞാറെ ദിക്കിനെ വായുകോണെന്നും, വടക്കിന്റേയും കിഴക്കിന്റേയും ഇടഭാഗത്തെ ഈശ്വഖണ്‌ഡമെന്നും, വടക്കുകിഴക്കേ ദിക്കിനെ ഈശാനകോണെന്നും പറയുന്നു. ഇതിൽ ഈശഖണ്‌ഡത്തെ മനുഷ്യഖണ്‌ഡമെന്നും, വായുഖണ്‌ഡത്തെ അസുരഖണ്‌ഡമെന്നും, അഗ്‌നിഖണ്‌ഡത്തെ യമഖണ്‌ഡമെന്നും, നിര്യതിഖണ്‌ഡത്തെ ദേവഖണ്‌ഡമെന്നും പറയുന്നു. മനുഷ്യഖണ്‌ഡത്തിലും, ദേവഖണ്‌ഡത്തിലുമാണ്‌ വീടുകൾ വെയ്‌ക്കേണ്ടത്‌. യമഖണ്‌ഡവും അസുരഖണ്‌ഡവും ഗൃഹസ്ഥാനത്തിന്‌ നല്ലതല്ല. ഇന്ദ്രൻ, അഗ്‌നി, യമൻ, നിര്യതി, വരുണൻ, വായു, കുബേരൻ, ഈശാനൻ എന്നിങ്ങനെയാണ്‌ കിഴക്കുമുതൽ വടക്കുകിഴക്കുവരെയുളള ദിക്കുവിദിക്കുകളുടെ അധിപന്‌മാരുടെ നാമങ്ങൾ.

ആധുനികാവശ്യങ്ങളുമായി ചേർന്നുവരുമ്പോൾ വാസ്‌തുശില്പശാസ്‌ത്രം ഇന്നഭിമുഖീകരിയ്‌ക്കുന്ന മുഖ്യപ്രതിബന്ധങ്ങൾ എന്തെല്ലാമാണ്‌?

പ്രധാനമായും സ്ഥലദൗർലഭ്യം. 60 കോൽ ചതുരമെങ്കിലും (45 സെന്റ്‌) പുരവെയ്‌ക്കുന്ന വളപ്പിന്‌ അളവ്‌ വേണ്ടിടത്‌, രണ്ടരയും മൂന്നും സെന്റ്‌ വിസ്‌തീർണ്ണമുളളയിടത്തിലാണ്‌ മിക്കവരും വീടു പണിയുന്നത്‌. ഇതിൽ വീട്‌ കിണർ, കക്കൂസ്‌, തൊഴുത്ത്‌ എന്നിവയെല്ലാം വേണമെന്നോർക്കുക. സിവിൽ എൻജിനീയറിങ്ങിന്റെ വരവോടെ ഗൃഹനിർമ്മാണത്തിന്‌ ഭാരതീയ ശില്പശാസ്‌ത്രപ്രകാരമുളള കണക്കോ സ്ഥാനമോ ഒന്നും നോക്കേണ്ട എന്നായിട്ടുണ്ട്‌. ഈ നില തുടർന്നാൽ ഈ ശാസ്‌ത്രശാഖയെ കുറിച്ച്‌ വരും തലമുറയ്‌ക്ക്‌ കേട്ടറിവുപോലുമുണ്ടാകില്ല.

അപ്പോൾ, അനുദിനം രൂക്ഷമായിക്കൊണ്ടിരിയ്‌ക്കുന്ന സ്ഥലപരിമിതിയെന്ന പ്രശ്‌നത്തിനുമേൽ വാസ്‌തുശില്പശാസ്‌ത്രം നിശബ്‌ദമാവുകയാണോ?

ഒരിയ്‌ക്കലുമല്ല. പൂർവാചാര്യന്‌മാർ അതിനും പ്രതിവിധി നിർദ്ദേശിച്ചിട്ടുണ്ട്‌. അല്പക്ഷേത്രവിധി. നാലായി ഖണ്‌ഡിയ്‌ക്കുന്നതിനുപകരം ലഭ്യമായ സ്ഥലത്തെ ഖണ്‌ഡമാക്കുക. ഈ വിധി അതിനിഗൂഢവും, കൈകാര്യം ചെയ്യാൻ കഴിയുന്നവർ വളരെ വിരളവുമാണ്‌. ശില്പ-വാസ്‌തുവിദ്യയുടെ ആഴത്തിൽ സ്ഥിതമാകുന്ന ജ്ഞാനമാണിതെന്നു പറയാം.

വാതായനങ്ങളുടെ ആവശ്യകതയേയും വിന്യാസക്രമത്തേയും സൂചിപ്പിയ്‌ക്കാമോ?

ഗൃഹാന്തർഭാഗത്തെ മുറികളിലേയ്‌ക്കുളള സഞ്ചാരവശ്യത്തിനായി കട്ടിളകളും കാറ്റിനും വെളിച്ചത്തിനുമായി ജനാലകളും സ്ഥാപിക്കുന്നു. പൊതുവേ വാതായനങ്ങളെ ദ്വാരങ്ങളെന്നാണ്‌ പറയുക. ഗൃഹം പുരുഷനാണ്‌. നമ്മുടെ ശരീരത്തിൽ മർമ്മങ്ങൾ ഉണ്ടല്ലോ. അതുപോലെ ഗൃഹശരീരത്തിലും മർമ്മങ്ങൾ ഉണ്ട്‌. ഗൃഹദീർഘത്തെ എട്ടായും ഒമ്പതായും ഭാഗിച്ചുവരുന്ന ഭാഗങ്ങളും, എട്ടിന്റെ രണ്ടുഭാഗവും ഒമ്പതിന്റെ മൂന്നുഭാഗവും വരുന്നതിന്റെ മദ്ധ്യവും, വിസ്‌താരാർദ്ധവും ദീർഘത്തിലെ മർമ്മങ്ങളാണ്‌. വിസ്‌താരം മൂന്നായും നാലായും ഭാഗിച്ചുവരുന്ന ഭാഗങ്ങൾ വിസ്‌താരത്തിലും മർമ്മങ്ങളാകുന്നു. ഈ മർമ്മസന്ധികളിൽ കട്ടിളക്കാലുകൾ, ജനാലകൾ, തൂണുകൾ എന്നിവ വരുവാൻ പാടില്ല. അങ്ങിനെ വന്നാൽ വിപത്തുകളാണ്‌ ഫലം.

വാസ്‌തുശില്പി ജലസാന്നിദ്ധ്യം തിരിച്ചറിയുന്നതിന്റെ വസ്‌തുതാപരമായ സാദ്ധ്യതയെന്താണ്‌?

പാരമ്പര്യരീതികൾ ഇവയൊക്കെയാണ്‌ ഃ താംബൂലലക്ഷണം, ദൂതലക്ഷണം, നിമിത്തലക്ഷണം, കൂടാതെ മണ്ണിന്റെ നിറം, ഗന്ധം എന്നിവ പരിശോധിച്ചും, വൃക്ഷങ്ങളുടെ സ്ഥിതിയറിഞ്ഞും ആത്‌മീയശക്തി കൈവരുത്തിയും ജലസാന്നിദ്ധ്യം തിരിച്ചറിയുന്നു. വരാഹമിഹിരാചാര്യനാണ്‌ ഇതിന്റെ ഉപജ്ഞാതാവ്‌. കൂപശാസ്‌ത്രം എന്ന്‌ ഇത്‌ അറിയപ്പെടുന്നു. ‘ഉദകാർഗ്ഗള’മാണ്‌ അടിസ്ഥാനഗ്രന്ഥം. ഘ്രാണശക്തികൊണ്ട്‌ ജലസാന്നിദ്ധ്യമറിയാൻ നിരന്തരസാധനയിലൂടെ കൈവരിയ്‌ക്കുന്ന ആത്‌മീയശക്തി കൊണ്ടേ കഴിയൂ.

ഗോത്രവ്യവസ്ഥയിൽനിന്ന്‌ സാമൂഹ്യവ്യവസ്ഥയിലേയ്‌ക്കുളള പ്രയാണത്തിൽ വാസ്‌തുശില്പികൾ വഹിച്ച പങ്കെന്താണ്‌?

തനിമ നഷ്‌ടപ്പെടാതെ ശാസ്‌ത്രത്തെ പരിഷ്‌ക്കരിപ്പിച്ച്‌ നിർമ്മാണരംഗത്ത്‌ മികവു കാണിച്ചു. മോഹൻജദാരോ സംസ്‌ക്കാരം അതാണ്‌ തെളിയിക്കുന്നത്‌.

വാസ്‌തുശില്പി മുഖ്യമായും ലക്ഷീകരിച്ചാരാധിയ്‌ക്കുന്ന മൂർത്തിസങ്കല്പമേതാണ്‌?

വിശ്വകർമ്മാവ്‌.

അധിവാസകേന്ദ്രമെന്നതിലുപരി സാധനയാർന്ന ക്രമബദ്ധതയുടെ പൂർണ്ണരൂപമാണോ ഗൃഹം?

അധിഷ്‌ഠാനം എന്ന തറ, പാദം എന്ന ഭിത്തിക്കാൽ, പ്രസ്‌തരം എന്ന കല്ലുത്തരം, വളറ്‌, ഗളം എന്ന കഴുത്തായം, ശിഖിരം എന്ന മേല്പുര, സ്‌തൂപിക എന്ന തലപ്പാവ്‌ ഇത്രയുമാകുമ്പോഴാണ്‌ ഗൃഹമെന്ന ശില്പം പൂർണ്ണമാകുന്നത്‌.

നിഴൽ വീഴാത്ത കൊട്ടാരങ്ങൾ തുടങ്ങിയ നിർമ്മിതികൾ പ്രകൃതിയുടെ നിയതഭാവുകത്വത്തെ വിസ്‌മയം കൊണ്ടാണെങ്കിലും ഭേദിയ്‌ക്കുകയല്ലേ ചെയ്യുന്നത്‌?

കൊട്ടാരങ്ങളും മഹാക്ഷേത്രങ്ങളും താജ്‌മഹൽ പോലുളള വിസ്‌മയ സൗധങ്ങളും നിർമ്മിച്ചിരുന്ന കാലത്ത്‌ ശാസ്‌ത്രസാങ്കേതിക വിദ്യ ഇന്നത്തെപ്പോലെ പുരോഗമിച്ചിരുന്നില്ല. ഇന്നത്തെ കോൺക്രീറ്റ്‌ കൂട്ടിനുപകരമുളള അന്നത്തെ പച്ചിലച്ചാറുകളുടെ ഒളിയും നിർവ്വചിയ്‌ക്കാനാവാത്തതാണ്‌. കാലത്തെ വെല്ലുവിളിച്ചുനില്‌ക്കുന്ന ആ ശില്പസൗധങ്ങൾക്കുളള കണക്കുകൾ കൊടുത്തത്‌ ഭാരതീയശില്പശാസ്‌ത്രമാണ്‌. എന്നാലും പ്രകൃതിയുടെ നിശിതമായ അധീശത്വത്തിൽനിന്നും വാഴ്‌വിൽനിന്നും ഒന്നിനും വിടുതിയില്ല. ഇനിയും ഏറെ ഇവയെക്കുറിച്ചെല്ലാം അറിയാനിരിയ്‌ക്കുന്നതേയുളളൂ.

Generated from archived content: nattarivu_dec31.html Author: kottayi_ramakri_achari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English