ഒരു മാപ്പിള കഥ

ഭയഭക്തിയോടുകൂടിയ അച്ചടക്കം എന്നതാണു ‘അദബ്‌ ’ എന്ന അറബിപദം കൊണ്ടുദ്ദേശിക്കുന്നത്‌.

‘ഭക്ഷണം അദബോടെ കഴിക്കണം’

‘മുതിർന്നവരോടു അദബോടെ പെരുമാറണം’.

അദബിൽ നടക്കണം, ഉടുക്കണം.

എല്ലാം അദബിൽ വേണമെന്ന്‌ നന്നെ ചെറുപ്പത്തിലേ പഠിക്കുന്നു / പഠിപ്പിക്കുന്നു മാപ്പിള. അദബില്ലെങ്കിൽ അളളാഹുവിന്റെ ശിക്ഷയേൽക്കേണ്ടി വരുമെന്ന ശാസനവും കൂടിയാകുമ്പോൾ, ഏറ്റം വിധേയൻ തന്നെയായി വളരുന്നു, വർത്തിക്കുന്നു.

പക്ഷെ… പണക്കാരനായ മാമാനെ (അമ്മാമനെ) ക്രൂരനും പിശുക്കനുമായാണ്‌ അറിയപ്പെടുന്നതെങ്കിലും അദബ്‌ വിട്ടു പെരുമാറുക വയ്യല്ലോ. തന്റെ മകൾക്കൊരു കല്യാണക്കാര്യം വന്ന വിവരവും ഇന്ന ദിവസം അതു നടത്താൻ ഉദ്ദേശിക്കുന്നതും മമ്മതു ചെന്നു അദബോടെ മാമാനെ അറീച്ചു.

‘അതിനെന്താടാ!’ നല്ല കാര്യമല്ലേ, എന്ന സംതൃപ്‌തിയിൽ തുടങ്ങിയതു കേട്ടു മമ്മതിന്റെ മനസ്സിൽ കുളിരല ഉയർന്നു. എന്നല്ല അമ്മാമൻമാർ ചെയ്യേണ്ട അവകാശമായ ‘കാനോത്തിന്റെ കാശു’ പിശുക്കൻ കൊടുത്തേക്കുവെന്ന ഒരു സന്തോഷവും ഉളളിലുണ്ടായി. ‘ഒരു പോത്തും ഒരു ചാക്ക്‌ അരീം ഇന്റെ വക’ ‘ങ്‌ഹേ?’ മമ്മതിനു വിശ്വസിക്കാനാവുന്നില്ല.

“അതെ, പോത്തും അരീം…. മമ്മതിന്റെ മുഖത്തെ സന്തോഷാത്‌ഭുതത്തിൽ ഉറ്റുനോക്കി മാമൻ തുടർന്നു;- ‘ഈ പറഞ്ഞതല്ലാതൊന്നും ഞമ്മളെ കണക്കാക്കണ്ട, ട്ടാ’ ‘വേണ്ടാ’ ഇതുതന്നെ ധാരാളം. നെയ്‌ച്ചോറിനുളള അരിയും ഇറച്ചിക്കറിക്കുളള പോത്തും അമ്മാമൻ തരുന്നൂവെന്ന ആഹ്ലാദാവേശത്തോടെ വീട്ടിലെത്തിയ മമ്മതു വീണ്ടും നടന്നു. കൂടുതൽ പേരെ കല്യാണത്തിനു ക്ഷണിച്ചു.

ഒരു ചാക്ക്‌ അരിയും ഒരു പോത്തും ഇല്ലേ! അമ്മാമൻ പോത്തും അരിയും പക്ഷേ കല്യാണദിവസം വരെ എത്തിച്ചില്ല. തന്റെ അദബ്‌കേടിൽ കോപിച്ച്‌ ‘മാമൻ പോത്തും അരിയും തന്നില്ലെങ്കിലോ’ എന്നു ഭയന്നു വീണ്ടും ചോദിക്കാൻ ഇതുവരെ ചെന്നുമില്ല. ക്ഷണിച്ചവർ വീട്ടിൽ നിറഞ്ഞു തുടങ്ങി. അവർക്ക്‌ വിളമ്പാൻ നെയ്‌ച്ചോറിനുളള അരിയും ഇറച്ചിക്കറിയുടെ പോത്തും ഇനിയെപ്പോൾ മാമൻ എത്തിച്ചു തരാനാണ്‌! അദബിനു അല്പം അവധികൊടുത്തു അമ്മാമന്റെ അടുക്കൽ ചെന്നു മമ്മത്‌ തിരക്കിഃ

‘ഇക്കാക്കാ…’

‘എന്താടാ?’

‘ഇന്റെ മോള്‌ കുൻസുമ്മാടെ കല്യാണം ഇന്നാണ്‌’

‘അതിന്‌?’

‘ഇക്കാക്ക തരാംന്ന്‌ പറഞ്ഞ പോത്തും അരീം?’

‘ഫ്‌ഫ! ഹമുക്കേ,’

ക്രൂരനായ പിശുക്കൻ അലറി ഃ

‘ഞാൻ ആ പറഞ്ഞതു തന്നേന്ന്‌ – അപ്പളേ പറഞ്ഞില്ലേ?’

ശരിയാണു, അമ്മാമൻ പറഞ്ഞതു മാത്രം.

Generated from archived content: nadan_feb10_06.html Author: kolayil-khadeeja

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here