ടി.എച്ച്‌. കുഞ്ഞിരാമൻനമ്പ്യാർഃ വടക്കിന്റെ പാട്ടുകാരൻ

ജീവിതസാഹചര്യങ്ങളോടുളള ഇടപഴകലിലൂടെ ഫോക്‌ലോറിൽ ആകൃഷ്‌ടനാവുകയും ഈ താല്പര്യത്തെ സ്വന്തമായ അന്വേഷണത്തിലേയ്‌ക്ക്‌ നയിച്ചതോടെ അതിൽ കൂടുതൽ പാണ്ഡിത്യം നേടുകയും ചെയ്‌ത വ്യക്തിയാണ്‌ ടി.എച്ച്‌. കുഞ്ഞിരാമൻനമ്പ്യാർ. സാമാന്യം മോശമല്ലാത്ത ഭൂസ്വത്തും കൃഷിയുമെല്ലാമുളള കുടുംബത്തിൽ ജനിച്ചു. നന്നെ ചെറുപ്പത്തിലെ കൃഷിപ്പണികൾ നേരിട്ടുകാണുന്നതിനും പണികളിൽ പങ്കെടുക്കുന്നതിനും അവസരമുണ്ടായി. എന്നാൽ ഇതിനേക്കാളേറെ താല്പര്യം പാടത്തെ പണിപ്പാട്ടുകൾ കേൾക്കുന്നതിലായിരുന്നു. സ്വന്തം അമ്മയിൽ നിന്നും ഒരുപാട്‌ നാടൻപാട്ടുകൾ അദ്ദേഹം പഠിച്ചിട്ടുണ്ട്‌; ആയിരക്കണക്കിന്‌ തേങ്ങാവെട്ടി പുകവെച്ചിരുന്ന അക്കാലത്ത്‌ ഉറക്കമിളച്ച്‌ കാവലിരിക്കുന്നതും ഒരു പതിവായിരുന്നു. ഇത്തരം അവസരങ്ങളിൽ പാട്ടുപാടുകയും മറ്റുകലാപരിപാടികളും തമാശപ്പരിപാടികളും അവതരിപ്പിക്കുകയും ചെയ്യും. ഇവയിലെല്ലാം പങ്കുകൊണ്ട സമ്പന്നമായ ഒരു ബാല്യകാലത്തിന്റെ ഉടമയാണ്‌ ടി.എച്ച്‌.

പഴയ ഇ.എസ്‌.എസ്‌.എൽ.സി. പാസ്സായ ശേഷം കീഴൽ സ്‌കൂളിൽ അധ്യാപകനായി ജോലി കിട്ടി. സാഹിത്യസമാജം പരിപാടികളിൽ മോഡൽക്ലാസ്‌ എടുക്കുന്നതും അന്നേദിവസം ഡി.ഇ.ഒ. പരിപാടികളിൽ സംബന്ധിക്കുന്നതും ഒരു സമ്പ്രദായമായിരുന്നു. മോഡൽ ക്ലാസ്സുകളധികവും എടുത്തിരുന്നത്‌ കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങിയ ആശാൻ കൃതികളും ചില ഉളളൂർ കൃതികളും ഈ രൂപത്തിൽ പരിചയപ്പെടുത്തി. ഇത്തരം ക്ലാസ്സുകളിൽ നാടൻപാട്ടുകളിലെ ഈരടികൾ പ്രയോഗിക്കുന്നത്‌ സദസ്യരുമായി സംവദിക്കുന്നതിൽ വളരെ ഫലപ്രദമാണെന്ന്‌ മനസ്സിലായി. അപ്പോഴേയ്‌ക്കും സ്‌കൂളിലെ സാഹിത്യസമാജത്തിനുളള മോഡൽ ക്ലാസ്സുകൾ സ്‌കൂളിനു വെളിൽ കഥാപ്രസംഗമായി പരിണമിച്ചിരുന്നു. ‘മതിലേരിക്കന്നി’, ‘പൂമാതൈപൊന്നമ്മ’ തുടങ്ങിയ നാടോടികഥാഗാനങ്ങൾ കഥാപ്രസംഗരൂപേണ അവതരിപ്പിക്കാൻ തുടങ്ങിയതോടെ കടത്തനാട്ടിലെ അറിയപ്പെടുന്ന കാഥികനായി അദ്ദേഹം മാറി.

വടക്കൻപാട്ടുകളുടെ കൂട്ടത്തിൽ ഭാഷാഭംഗികൊണ്ടും സാഹിത്യഭംഗികൊണ്ടും ഏറെ ഉയർന്നുനില്‌കുന്നതും ഏതാണ്ട്‌ സാഹിത്യത്തോടടുത്തുനില്‌കുന്നതുമാണ്‌ ‘മതിലേരിക്കന്നി’ എന്ന്‌ നമ്പ്യാർ തന്നെ അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ്‌ അതിന്‌ എല്ലാവരെയും ആകർഷിക്കാൻ കഴിഞ്ഞതും. അധ്യാപകവൃത്തിയിൽ നിന്നും പെൻഷൻപറ്റിയ കുഞ്ഞിരാമൻനമ്പ്യാർ ആരോഗ്യപരമായ കാരണങ്ങളാൽ നാലഞ്ചുവർഷങ്ങളായി കാര്യമായി കഥാപ്രസംഗം നടത്താറില്ല.

വടക്കൻപാട്ടുകളിലൊന്നായ ‘പൂമാതൈ പൊന്നമ്മ’യാണ്‌ ഇദ്ദേഹത്തിന്റെ ആദ്യപുസ്‌തകം. രണ്ടാമത്തെ പുസ്‌തകമായ ‘മതിലേരിക്കന്നി’ വി.ടി.കുമാരൻ മാഷുടെ പഠനവും ചേർത്ത്‌ കേരള സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ചു. ഇത്‌ നാടൻപാട്ടല്ലെന്നും നാടൻപാട്ടിനെ അനുകരിച്ചുളള കവികെട്ടാണെന്നും ഡോ.എം.ആർ.രാഘവവാര്യർ പിന്നീട്‌ അഭിപ്രായപ്പെട്ടു (വടക്കൻപാട്ടുകളുടെ പണിയാല-അനുബന്ധം 2). ഇതിന്‌ ജി.ഭാർഗവൻപിളള മറുപടിയും എഴുതിയിട്ടുണ്ട്‌. ആ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാൽ ‘മതിലേരിക്കന്നി’, ചെറുപ്പത്തിൽ താൻ കേട്ടുപഠിച്ചതാണെന്നും പിന്നീട്‌ പറഞ്ഞുകൊടുത്ത്‌ വി.ടി.കുമാരൻമാഷ്‌ പകർത്തിയെഴുതുകയാണുണ്ടായതെന്നും കുഞ്ഞിരാമൻനമ്പ്യാർ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ പുസ്തകം വടക്കൻ പാട്ടുശേഖരത്തിലൊന്നായ ‘കുഞ്ഞിത്താലു’ ഇപ്പോൾ അച്ചടിയിലാണ്‌.

ജീവിതത്തിലെ നല്ലകാലം കാവുകളിലും അമ്പലങ്ങളിലും തിറയും ഉത്സവങ്ങളും കാണാൻവേണ്ടി ചെലവഴിച്ച കുഞ്ഞിരാമൻ നമ്പ്യാരുടെ ശേഖരത്തിൽ ഏതാനും തോറ്റംപാട്ടുകളും ഉണ്ട്‌. എന്നാൽ അനുഷ്‌ഠാനാവസരങ്ങളിൽ പ്രത്യേകധർമ്മം നിർവ്വഹിക്കുന്ന ഈ തോറ്റംപാട്ടുകളുടെ പരിപാവനത നശിപ്പിക്കുവാനോ അവപ്രസിദ്ധീകരിക്കുവാനോ ടി.എച്ചിന്‌ ഉദ്ദേശ്യമില്ല. പ്രദേശത്തെ അറിയപ്പെടുന്ന ഒരു മന്ത്രവാദികൂടിയാണദ്ദേഹം.

ഇപ്പോൾ തന്നെ കാണാനെത്തുന്ന അന്വേഷണകുതുകികളായ നിരവധിയാളുകൾക്ക്‌ കടത്തനാടിനെക്കുറിച്ചും മലബാറിലെ ഫോക്‌ലോറുകളെക്കുറിച്ചുമുളള സംശയങ്ങൾ ദുരീകരിച്ചു കൊടുത്തുകൊണ്ട്‌ സുഖമായ കുടുംബജീവിതം നയിക്കുന്നു. രണ്ടുപെണ്ണും നാലാണും ഉൾപ്പെടെ ആറ്‌ മക്കൾ. വടകരയിൽ നിന്നും 8 കിലോമീറ്റർ കിഴക്കുമാറി തിരുവളളൂർ റൂട്ടിൽ ബേങ്ക്‌ റോഡിലാണ്‌ ഇപ്പോൾ താമസിക്കുന്നത്‌.

Generated from archived content: pattu_oct04_06.html Author: km_bharathan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here