തെയ്യം-നാടകീയാംശങ്ങൾ

ഉത്തരകേരളത്തിലെ പ്രാചീനമായ ഒരനുഷ്‌ഠാനകലാരൂപമാണ്‌ തെയ്യം. ഒരനുഷ്‌ഠാനകലയെന്ന നിലയിൽ സാമൂഹ്യജീവിതത്തിന്റെ എല്ലാഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ നാടകീയാംശങ്ങൾ കാണികളുടെ ഹൃദയത്തെ ഭക്തിഭയവിശ്വാസാദികളാൽ കോരിത്തരിപ്പിക്കുന്നു.

കാവുകളുടെ പശ്ചാത്തലത്തിൽ പളളിയറയുടെ തിരുമുറ്റത്ത്‌ ഒരു തുറന്ന സ്‌റ്റേജിലെന്നപോലെയാണ്‌ തെയ്യം അരങ്ങേറുന്നത്‌. ചെണ്ട, വീക്ക്‌ തുടങ്ങിയ ഗ്രാമീണവാദ്യങ്ങൾ കൊട്ടിക്കൊണ്ട്‌ തികച്ചും ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം അവിടെ സൃഷ്‌ടിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ വെളളാട്ടം, തോറ്റം എന്നീ അവതരണങ്ങൾ തെയ്യത്തിന്റെ പ്രാഥമികരംഗം അവതരിപ്പിക്കപ്പെടുന്നു. ചമയങ്ങൾ ഇതിനുശേഷം പീ​‍്‌ഠത്തിലിരുന്നുകൊണ്ടണിയുന്നു. ഇതാകട്ടെ തെയ്യമായി മാറുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു. ഓരോ തെയ്യത്തിനും അതിന്റേതായ തോറ്റംപാട്ടുകൾ പ്രത്യേകമായി നിലവിലുണ്ട്‌. തോറ്റംപാട്ടുകൾക്കുതന്നെ വരവിളി, മുമ്പിൽസ്‌ഥാനം തുടങ്ങിയ പ്രധാന ഘടകങ്ങളും കാണാം. ഓരോ കലാരൂപത്തിന്റെയും അവതരണം നാടകീയാശംങ്ങൾ നിലനിർത്തിക്കൊണ്ടാണ്‌. മുത്തപ്പൻ തുടങ്ങിയ തെയ്യങ്ങൾക്കു മലയിറക്കൽ, കെട്ടിക്കോലംധരിക്കൽ, തോറ്റം, മുടിവെപ്പ്‌, വരവിളി, വാണവരോടും ഭക്തജനങ്ങളോടുമുളള ഉരിയാട്ട്‌. മലകയറ്റൽ തുടങ്ങിയ ഘട്ടങ്ങൾ കാണാവുന്നതാണ്‌. ഓരോഘട്ടവും ഓരോ രംഗമായി സങ്കൽപിക്കാവുന്നതാണ്‌. എന്നാൽ ഇത്തരം രംഗങ്ങളെല്ലാംതന്നെ ഒരു ശ്രോതസ്സുപോലെ പരസ്‌പരം യോജിച്ചുകൊണ്ടാണ്‌ ഈ അനുഷ്‌ഠാനപ്രദർശനംമുന്നോട്ടു പോകുന്നത്‌. കാണികളും കലാകാരനും വാദ്യക്കാരും എല്ലാം ഒത്തുചേർന്നുകൊണ്ടുളള ഒരു സാമൂഹ്യയജ്ഞത്തിന്റെ രൂപത്തിൽ പ്രദർശനം മുന്നോട്ടുപോകുന്നു. പ്രദർശകരും കാണികളുമെന്ന രണ്ടെന്ന വിഭജനം ഇവിടെ ഉണ്ടാകുന്നില്ല. ഒരു പക്ഷെ, ഒരു കലാരൂപമെന്ന നിലയിൽ ഒരു ദൃശ്യവേദിയുടെ അഭേദ്യഭാഗമായി ഇതു രൂപാന്തരപ്പെടുന്നു.

കാണികളോടുളള തെയ്യത്തിന്റെ ഉരിയാടലും കാണികളുടെ പരിദേവനംനടത്തലും അതിന്‌ ഉപശാന്തിനൽകലും അനുഗ്രഹിക്കലും എല്ലാം ഈ രംഗകലയുടെ ഭാഗമായി അഭിനയിക്കപ്പെടുന്നു. അവയെ അഭിനയം എന്ന വാക്കുകൊണ്ട്‌ വിശേഷിപ്പിക്കുക തികച്ചും തെറ്റാണെന്നു മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്‌ ആ പദം ഉപയോഗിക്കുന്നത്‌. അതെല്ലാം തികച്ചും സ്വാഭാവികമായ പ്രകടനങ്ങളും അനുഷ്‌ഠാനങ്ങളുമാണ്‌. ഈ അനുഷ്‌ഠാനങ്ങളിൽ യാതൊന്നും ഒഴിവാക്കപ്പെടുന്നില്ല. അവയെല്ലാം അനുഷ്‌ഠിക്കുകയെന്നതു പ്രദർശനത്തിന്റെ സമഗ്രരൂപമായിത്തീർന്നിരിക്കുന്നു. തിരുമുടിയഴിപ്പ്‌ എന്ന കർമ്മംവരെ അരങ്ങുനിറഞ്ഞു നിൽക്കുന്ന ഒരു ദൃശ്യകലാരൂപമായി തെയ്യം പ്രദർശനം നീണ്ടുനിൽക്കുന്നു. ഒന്നോരണ്ടോ രാത്രികളോളം നീണ്ടുനിൽക്കുന്ന ഒറ്റപ്രദർശവും കാണാൻ കഴിയും.

ഓരോ തെയ്യത്തിന്റെ തോറ്റവും ഒരു സമ്പൂർണ്ണകഥയെ ചിത്രീകരിക്കുന്നു. അതിനാൽ കഥാംശവും വേഷവിധാനവും എല്ലാം തെയ്യത്തിൽ ഒത്തിണങ്ങി നിൽക്കുന്നു. എന്നാൽ ചില തെയ്യങ്ങളുടെ തോറ്റങ്ങൾ കഥാംശത്തെ പൂർണ്ണമായി പ്രതിപാദിക്കുന്നില്ലതാനും. അത്തരം തെയ്യങ്ങളുടെ കാര്യത്തിൽ അവയെ സംബന്ധിച്ചുളള മിത്ത്‌ തലമുറകളായി പ്രചരിപ്പിക്കപ്പെട്ട നിലയിൽ കാണികളുടെ മനസ്സിലെത്തിച്ചേർന്നിരിക്കുന്നു. ഉദാഹരണത്തിന്‌ മുച്ചിലോട്ടുഭഗവതി ഒരു ബ്രാഹ്‌മണ കന്യകയുടെ ഉടന്തടിച്ചാട്ടത്തിൽനിന്നുൽഭവിച്ചതാണെന്നു നാം മനസ്സിലാക്കുമ്പോൾ അതിനുകാരണമായ വസ്‌തുതകൾ തോറ്റംപാട്ടിൽ വിവരിക്കപ്പെടുന്നില്ല. ആ കഥകൾ മിത്തെന്ന രൂപത്തിൽ കോലത്തുനാട്ടിൽ പ്രചരിപ്പിക്കപ്പെട്ടിരിക്കയാണ്‌. ആയതിനാൽ ഈ തെയ്യത്തിന്റെ കാണികൾ തങ്ങളുടെ മനസ്സിൽ ഈ മിത്ത്‌ ഉൾക്കൊണ്ടുകഴിഞ്ഞിരിക്കുന്നു. ആയതിനാൽ കഥാംശത്തെ പരിചയപ്പെടുത്തേണ്ട ആവശ്യം വരുന്നില്ല. എന്നാൽ കോലത്തുനാട്ടിനുപുറത്ത്‌ ഈ അനുഷ്‌ഠാനകല കെട്ടിയാടുമ്പോൾ മുച്ചിലോട്ടുഭഗവതിയുടെ പ്രാധാന്യം കാണികൾ മനസ്സിലാക്കുന്നില്ലതാനും. അതിനാൽ തെയ്യങ്ങളുടെ അനുഷ്‌ഠാനപ്രദർശനങ്ങളിൽ മുമ്പുതന്നെ അവയെപ്പറ്റി പ്രചരിക്കപ്പെട്ട മിത്തുകളും അത്യന്തം പ്രാധാന്യമർഹിക്കുന്നു.

പല തെയ്യങ്ങളുടെയും തോറ്റംപാട്ടുകൾ നാടകീയസ്വാഗതം എന്ന രൂപത്തിലവതരിപ്പിക്കപ്പെടുന്നു. അതാകട്ടെ കഥാകഥനത്തിന്റെ ശക്‌തിയും കാണികളുടെ ഹൃദയത്തിലേയ്‌ക്കു നേരിട്ടു കടന്നുചെല്ലുന്ന പ്രതീതിയും ഉളവാക്കുന്നു. തെയ്യം എന്ന മനോഹരമായ രംഗദൃശ്യത്തെ സമ്പൂർണ്ണമാക്കുന്ന അനേകം ഘടകങ്ങളിൽ തോറ്റംപാട്ടും അതിന്റെ വിവിധ ഘട്ടങ്ങളും അത്യന്തം പ്രാധാന്യം അർഹിക്കുന്നു. വാദ്യങ്ങളും ചമയങ്ങളും അനുഷ്‌ഠാനങ്ങളിലെ വിവിധഘട്ടങ്ങളും എല്ലാംചേർന്നുകൊണ്ട്‌ കാണികളുടെ മുമ്പിൽ ഒരു ദൃശ്യപ്രപഞ്ചമായി തെയ്യം പ്രത്യക്ഷപ്പെടുന്നു. ക്രമേണകാണികൾതന്നെ ഈ ദൃശ്യപ്രകടനത്തിന്റെ ഭാഗമായി സ്വയം രൂപപ്പെടുന്നു. അതിനാൽ ഒരു കലാരൂപവും അനുഷ്‌ഠാനകലയുമെന്ന നിലയിൽ തെയ്യത്തിനു കേരളീയ കലാരൂപങ്ങളിലുളള പ്രാധാന്യം അതിന്റെ നാടകീയാംശങ്ങൾ കാരണം ഏറ്റവും ഉയർന്നതാണെന്നുകാണാം.

Generated from archived content: purattu_apr10.html Author: kkn_kurup

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here