മുടിയേറ്റിലെ കൂളിനാടകം

01kimpheritage_753496f

മദ്ധ്യകേരളത്തിലെ കാളിക്ഷേത്രങ്ങളിൽ കാളിപ്രീതിക്കായി നടത്തുന്ന ഏറ്റവും വലിയ വഴിപാടാണ്‌ മുടിയേറ്റ്‌. പ്രത്യേക വേദിയോ അലങ്കാരങ്ങളോ ഇല്ലാതെ ക്ഷേത്രാങ്കണത്തിൽ നടത്തപ്പെടുന്ന ഒരു കലാരൂപമാണ്‌ മുടിയേറ്റ്‌. മുടിയേറ്റിൽ ഏഴു കഥാപാത്രങ്ങളാണുളളത്‌. ഇവയെല്ലാം ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു. എന്നാൽ പ്രേക്ഷകരുടെ നോട്ടത്തിൽ പ്രധാനപ്പെട്ട വേഷങ്ങളായി രണ്ടോ മൂന്നോ ആണ്‌ വരുന്നത്‌. മുടിയേറ്റ്‌, തിയ്യാട്ട്‌ മുതലായ അനുഷ്‌ഠാനകലകൾക്ക്‌ പ്രേക്ഷകർ ഇല്ല. കാണികളും കലയുടെ ഒരു ഭാഗമാണ്‌. ആരും കാണുവാൻ ഇല്ലെങ്കിലും അനുഷ്‌ഠാനകലകൾ നടത്തിയിരിക്കണം.

 

 

കഥാസാരംഃ ദാരുമതിക്കും ദാനമതിക്കും ജനിക്കുന്ന രണ്ടു പുത്രൻമാരാണ്‌ ദാരികനും, ദാനവേന്ദ്രനും. ദാരികാദാനവേന്ദ്രാദികൾ ബ്രഹ്‌മാവിനെ തപസ്സുചെയ്‌ത്‌ തങ്ങളെ ആരും വധിക്കരുതെന്ന്‌ വരം ആവശ്യപ്പെടുന്നു. എന്നാൽ ജനിച്ച എല്ലാവർക്കും മരണം വേണം എന്നുളളതുകൊണ്ട്‌ മറ്റുവല്ല വരവും ചോദിക്കുവാൻ ആവശ്യപ്പെടുന്നു. തങ്ങളെ പുരുഷൻമാർ വധിക്കരുതെന്ന്‌ വരം ആവശ്യപ്പെടുന്നു. ഈ സമയം ബ്രഹ്‌മാവ്‌ ഇപ്രകാരം ചോദിക്കുന്നു. സ്‌ത്രീകൾ വധിക്കരുതെന്ന വരം ആവശ്യപ്പെടാത്തത്‌ എന്താണ്‌? വരബലത്താൽ അഹങ്കാരികളായ ദാരികദാനവേന്ദ്രാദികൾ ഇപ്രകാരം പറഞ്ഞു. സ്‌ത്രീകൾ വധിക്കരുതെന്ന്‌ വരം ചോദിക്കുന്നത്‌ ഞങ്ങൾക്കും ഞങ്ങളുടെ വംശത്തിനും മോശമാണ്‌ എന്ന്‌ അഹങ്കരിച്ചു. ഈ അഹങ്കാരത്തിൽ കോപിഷ്‌ഠനായ ബ്രഹ്‌മാവ്‌ നിങ്ങൾ സ്‌ത്രീയുടെ കൈകൊണ്ടു മരിക്കാൻ ഇടവരട്ടെയെന്നു ശപിക്കുന്നു. ഈ ശാപം വകവയ്‌ക്കാതെ വരബലത്താൽ അഹങ്കാരികളായ ദാരികദാനവേന്ദ്രാദികൾ ദുർഭരണം നടത്തുന്നു. ദാരികന്റെ ദുർഭരണത്തിൽ പൊറുതിമുട്ടിയ ബ്രാഹ്‌മണരും മുനിമാരും ദേവൻമാരും ആകെ വിഷമിച്ച്‌ ഇന്ദ്രാദി ദേവൻമാരെ അഭയം പ്രാപിച്ച്‌ തങ്ങളുടെ സങ്കടം ഉണർത്തിക്കുന്നു. ദേവൻമാർ സപ്‌തമാതൃക്കൾക്ക്‌ ജൻമം നൽകി. ദാരിക നിഗ്രഹത്തിനായി അയയ്‌ക്കുന്നു. യുദ്ധസമയത്ത്‌ സപ്‌തമാതൃക്കളിൽ മാഹേശ്വരിയുടെ ശൂലത്തിന്റെ കുത്തേറ്റ്‌ ദാരിക കണ്‌ഠത്തിൽനിന്നും രക്‌തം നിലത്തുവീഴുന്നു. അതിൽനിന്ന്‌ അനേകം അസുരൻമാർ ഉണ്ടാവുകയും ഈ അസുരൻമാരെ കണ്ട്‌ സപ്‌തമാതൃക്കൾ പേടിച്ച്‌ ഒളിക്കുകയും ചെയ്യുന്നു. സപ്‌തമാതൃക്കളെ അന്വേഷിച്ച്‌ ദാരികൻകോട്ടയിലെത്തുന്ന നാരദനെ ദാരികൻ ബന്ധിക്കാൻ തുടങ്ങുന്നു. അതിൽനിന്നു രക്ഷപ്പെട്ട നാരദൻ ഓടി പരമശിവന്റെ അടുത്തുചെന്ന്‌ സങ്കടം ഉണർത്തിക്കുന്നു. പരമശിവൻ കോപിഷ്‌ഠനാവുകയും തൃക്കണ്ണിൽനിന്നും ഭദ്രകാളി ജനിക്കുകയും ചെയ്യുന്നു. ഭദ്രകാളി വേതാളത്തിന്റെ കഴുത്തിലേറി പടയോടുകൂടി ദാരികനുമായി യുദ്ധം ചെയ്യുന്നു. യുദ്ധത്തിൽ പരാജയം ഉറപ്പിച്ച ദാരികദാനവേന്ദ്രാദികൾ പാതാളത്തിൽ പോയി ഒളിക്കുന്നു. രാത്രിയാവുമ്പോൾ മായായുദ്ധം ചെയ്യാൻ കഴിയുന്ന ദാരികൻ സൂര്യാസ്‌തമയം കാത്തിരിക്കുന്നു. ഈ സമയം ഭദ്രകാളി തന്റെ കാരിരുൾ നിറമൊത്ത മുടികൊണ്ട്‌ സൂര്യബിംബം മറയ്‌ക്കുന്നു. ഈ സമയത്ത്‌ സൂര്യൻ അസ്‌തമിച്ചു എന്ന്‌ മനസ്സിലാക്കി പോർക്കളത്തിൽ എത്തിച്ചേരുന്ന ദാരികനെ വധിച്ച്‌ ഭദ്രകാളി ത്രിലോകത്തെ രക്ഷിച്ച്‌ ഭൂമിയിൽ സ്‌ഥിതി ചെയ്യുന്നു.

 

 

കഥാപാത്രങ്ങൾഃ മുടിയേറ്റിൽ ഏഴു കഥാപാത്രങ്ങളാണുളളത്‌. ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ, കോയിംഗപടനായർ, കൂളി. ശിവനും നാരദനും കോയിംഗപടനായരും മിനുക്ക്‌ വേഷങ്ങളാണ്‌. ദാരികൻ, ദാനവേന്ദ്രൻ ഇവ കത്തി വേഷങ്ങളാണ്‌. ഈ വേഷങ്ങളെ ഉപജീവിച്ചാവാം കഥകളിയിലെ കത്തിവേഷം ഉണ്ടായത്‌. മുടിയേറ്റിലെ വേഷങ്ങൾ പരിഷ്‌കരിച്ചാണ്‌ കഥകളിയിലെ വേഷങ്ങൾ. മുടിയേറ്റിലെ കാളിവേഷത്തോട്‌ സാദൃശ്യമുളളതാണ്‌ ദക്ഷയാഗം കഥകളിയിലെ കാളിയുടെ വേഷം. മുടിയേറ്റിലും കഥകളിയിലും മുഖത്തു കരിതേച്ചതിനുശേഷം അരിമാവുകൊണ്ട്‌ വസൂരിക്കല കുത്തുന്നു. കൂളിയുടെ വിരൂപമായ തേപ്പും ഹാസ്യംജനിപ്പിക്കുന്ന രീതിയിലുളള ഉടുത്തുകെട്ടും പ്രത്യേകതയാണ്‌.

 

 

വേദിഃ പ്രത്യേക വേദിയോ, അലങ്കാരങ്ങളോ മുടിയേറ്റിനാവശ്യമില്ല. ക്ഷേത്രത്തിരുമുറ്റത്തോ മുറ്റത്തോടു ചേർന്ന നിരപ്പായ സ്‌ഥലത്തോ മുടിയേറ്റിന്‌ വിളക്കു വയ്‌ക്കുന്നു. ഒരു പ്രത്യേകസ്‌ഥലത്ത്‌ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല മുടിയേറ്റ്‌. അതുകൊണ്ടുതന്നെ ഒരു ചെറിയ വേദികെട്ടി അതിൽ ഒതുക്കി നിർത്താറില്ല. വിളക്കു വയ്‌ക്കുന്ന സ്‌ഥലം നല്ല നിരപ്പുളളതായിരിക്കണം. സ്‌ഥലം കയറ്റിറക്കുളളതായാൽ യുദ്ധസമയത്ത്‌ അപകടസാദ്ധ്യതകൾ കൂടുതലുണ്ട്‌. കൂടാതെ വേഷക്കാരന്റെ ഓരോ ചുവടുവയ്‌പിനും അത്‌ തടസ്സമാകുകയും ചെയ്യും.

 

 

ചടങ്ങുകൾഃ 1. കൊട്ടിയറിയിക്കുക. ഇപ്പോൾ ചില ക്ഷേത്രങ്ങളിൽ മാത്രമേ കൊട്ടിയറിയിക്കുന്ന രീതിയുളളു. ഉച്ചഭാഷിണിയോ നോട്ടീസോ ഇല്ലാതിരുന്ന ഒരു കാലത്ത്‌ മുടിയേറ്റ്‌ ഉണ്ട്‌ എന്ന്‌ ദേശക്കാരെ അറിയിച്ചിരുന്നത്‌ ഈ കൊട്ടിയറിയിക്കലിലൂടെയാണ്‌. ക്ഷേത്രത്തിൽ ഉച്ചപൂജ തുടങ്ങുന്നതിന്‌ മുമ്പ്‌ കളിക്കോപ്പുകളുമായി എത്തി കൊട്ടിയറിയിക്കണം.

 

 

2. കളമെഴുത്ത്‌ഃ മുടിയേറ്റിന്റെ മുന്നോടിയായി മുടിയേറ്റു നടക്കുന്ന ക്ഷേത്രത്തിൽ കളമെഴുത്ത്‌ നടന്നിരിക്കണം. ഉച്ചതിരിഞ്ഞ്‌ മൂന്നുമണിയോടുകൂടി കളമെഴുത്ത്‌ തുടങ്ങുന്നു. നേരത്തെ തുടങ്ങുന്നതിന്‌ വിരോധമില്ല. സന്ധ്യയ്‌ക്ക്‌ ദീപാരാധനയ്‌ക്ക്‌ മുൻപായി കളമെഴുത്ത്‌ കഴിഞ്ഞിരിക്കും.

 

 

3. സന്ധ്യകൊട്ട്‌. ദീപാരാധന കഴിഞ്ഞാൽ സന്ധ്യകൊട്ട്‌ അല്ലെങ്കിൽ സന്ധ്യകേളി എന്ന ചടങ്ങാണ്‌. ഈ കൊട്ട്‌ മുടിയേറ്റിൽ മാത്രം കേൾക്കുന്ന ഒരു ശൈലിയോടെയാണ്‌ തുടങ്ങുന്നത്‌.

 

 

4. കളംപൂജ. ക്ഷേത്രത്തിൽ അത്താഴപൂജ കഴിഞ്ഞാൽ തുടർന്ന്‌ കളത്തിൽ പൂജയാണ്‌. ഈ പൂജ നടത്തുന്നത്‌ മേൽശാന്തിതന്നെയാണ്‌. മേൽശാന്തിയുടെ പൂജ കഴിഞ്ഞാൽ തിരിയുഴുച്ചിൽ. തിരിയുഴിച്ചിലിനെ തുടർന്നാണ്‌ താലപ്പൊലി എതിരേൽപ്പ്‌. താലപ്പൊലി കഴിഞ്ഞാൽ കളത്തിൽ പാട്ട്‌. പാട്ടിനു ശേഷം കളം മായ്‌ക്കുന്നു.

 

 

5. അണിയറ ചടങ്ങുകൾ. അണിയറയിൽ വിളക്കുവച്ച്‌ പരദേവതയെ മനസ്സിൽ ധ്യാനിച്ച്‌ നിവേദ്യവും പൂജയും കഴിഞ്ഞാൽ മുഖത്ത്‌ തേയ്‌ക്കുന്നു. (കാളിവേഷം കെട്ടുന്ന ആളായിരിക്കും പൂജയും നിവേദ്യവും കഴിക്കുക) ഇതോടൊപ്പം ദാരിക വേഷവും മുഖത്ത്‌ തേയ്‌ക്കുന്നു. തുടർന്ന്‌ ചുട്ടി കുത്തുന്നു. വേഷങ്ങൾ തയ്യാറായിക്കഴിഞ്ഞാൽ കളിവിളക്ക്‌ വയ്‌ക്കുന്നു. തുടർന്ന്‌ അരങ്ങത്ത്‌ കേളി. ഇതു കഴിയുന്നതോടുകൂടി വന്ദന ശ്ലോകങ്ങൾ ചൊല്ലുന്നു. അത്‌ അവസാനിക്കുന്നതോടുകൂടി ശിവനും നാരദനും രംഗത്തുവരുന്നു. ശിവൻ തിരശ്ശീലയ്‌ക്കു പിന്നിൽ പീഠത്തിൽ കയറിനിൽക്കും. നാരദൻ മുറിയടന്ത താളത്തിൽ ചുവടുവയ്‌ക്കുന്നു. ശിവന്റെ സംഭാഷണം പാട്ടുരീതിയിലും നാരദന്റേത്‌ സംസാരരീതിയിലുമാണ്‌.

 

 

6. ദാരികൻ പുറപ്പാട്‌. തിരനോട്ടം, പുറപ്പാട്‌, വിളക്കുപൂജ, ചെമ്പട്ടുവല്ലി, ദിഗ്‌വിജയം എന്നിവയാണ്‌ ദാരികൻ പുറപ്പാടിൽ അടങ്ങിയരിക്കുന്നത്‌.

 

 

7. കാളിപുറപ്പാട്‌. ദാരികൻ പുറപ്പാടിലെ എല്ലാ കാര്യങ്ങളും ആവർത്തിക്കുന്നു.

 

 

8. കോയിംപടനായർ. മുടിയേറ്റിന്റെ അവതാരകൻ. മിനുക്കു വേഷം. സംസാരത്തിലൂടെ ജനങ്ങളെ ചിരിപ്പിക്കുന്നു.

 

 

9. കൂളിപുറപ്പാട്‌. മനോധർമ്മമനുസരിച്ച്‌ വേലകൊട്ടിൽ ആടിത്തിമർക്കുകയാണ്‌ കൂളി.

 

 

10. കൂടിയാട്ടം. (യുദ്ധം) ദാരികദാനവേന്ദ്രാദികളുമായി കാളി യുദ്ധം ചെയ്യുന്നു. കാളിക്ക്‌ പോർക്കലി ബാധിക്കുന്നു. കോയിംപടനായർ കാളിയുടെ മുടി പറിച്ച്‌ ആയുധം നിലത്തുകുത്തി കലി ശമിപ്പിക്കുന്നു.

 

 

11. ചൊല്ലത്തുകൾഃ കാളിയുടെ മുടി വച്ചുകെട്ടി ദാരികദാനവേന്ദ്രാദികൾ വന്ന്‌ വാക്കുതർക്കം പോലെ പേശലുകൾ പറയുന്നു. ഒടുവിൽ ദാനവേന്ദ്രന്റെ കിരീടം എടുക്കുന്നു.

 

 

12. കുട്ടികളെ എടുക്കുക. കുട്ടികൾക്ക്‌ പേടിയുണ്ടാവാതിരിക്കുന്നതിനും പേടിച്ചിട്ടുളള കുട്ടികൾക്ക്‌ അത്‌ കളയുന്നതിനും വേണ്ടിയാണ്‌ കാളിയെക്കൊണ്ട്‌ എടുപ്പിക്കുന്നത്‌. മറ്റൊരുകഥ ദാരികവധം കഴിഞ്ഞുവരുന്ന കാളിയുടെ കലി ശമിക്കുന്നതിനുവേണ്ടി സുബ്രഹ്‌മണ്യനും ഗണപതിയും കുട്ടികളുടെ രൂപത്തിൽ നിലത്തുകിടന്നുവെന്നും കുട്ടികളെ കണ്ട സ്‌ത്രീഹൃദയത്തിൽ മാറ്റം വരുത്തുകയായിരുന്നു ലക്ഷ്യമെന്നുമാണ്‌. ആ പുരാവൃത്തത്തിന്റെ ഓർമ്മയായിട്ടാവാം ഇപ്പോഴത്തെ കുട്ടികളെ എടുപ്പ്‌.

 

 

13. പന്തമുഴിച്ചിൽ. കുട്ടികളെ എടുത്തതിനുശേഷം വിളക്കത്ത്‌ പൂജയും നിവേദ്യവും കഴിക്കുന്നു. തുടർന്ന്‌ പന്തമുഴിയുന്നു. ജനങ്ങളെ മുഴുവനും പന്തമുഴിഞ്ഞ്‌ മുടിയിലെപൂവ്‌ പ്രസാദമായികൊടുത്ത്‌ മുടിയെടുത്ത്‌ മുടിയേറ്റ്‌ അവസാനിക്കുന്നു.

 

 

ഓരോ കഥാപാത്രത്തിന്റെയും അഭിനയസവിശേഷതകൾ ശിവനാരദ സംവാദം- മുറിയടന്തയിൽ നാരദൻ ചുവടുവയ്‌ക്കുന്നു. ദാരികൻ-പ്രേക്ഷകരുടെ മനസ്സിൽ ഒരു ദുഷ്‌ടകഥാപാത്രമാണ്‌. ചെന്ന്‌ അവസ്‌ഥയുണ്ടാക്കിയെടുക്കുക. അതുപോലെ ദാരികൻ എന്ന കഥാപാത്രത്തെ വളരെ ക്രൂരമായ രീതിയിൽ കാണുന്നു. ഇങ്ങനെ പ്രേക്ഷകർ കാണുന്ന വിധത്തിൽ കലാകാരന്റെ ഭാവനയ്‌ക്കനുസരിച്ച്‌ ചെയ്യണം. മുടിയേറ്റിലെ ഒരു വേഷത്തിനും മുദ്രകൾ ഇല്ല. പ്രാധാന്യമർഹിക്കുന്ന ചുവടുകൾ വളരെയധികമുണ്ട്‌. കഥാപാത്രത്തിന്‌ ജീവൻ നൽകുന്ന ചുവടുകളാണ്‌ ഉളളത്‌.

 

 

ചുവടുകൾഃ

 

 

1. തിരശ്ശീലയ്‌ക്ക്‌ പിന്നിൽ വന്ദനം നാലുദിക്കും. ഭൂമി, ആകാശം, സർവ്വതിനെയും വന്ദിക്കുന്നു.

 

 

2. തിരശ്ശീലയ്‌ക്കു പിന്നിൽ വളച്ചുവീശ്‌

 

 

3. കുടിക്കലശത്തിനു ചാടുക.

 

 

4. കുത്തിയമരുക

 

 

5. മലക്കംമറിച്ചിൽ

 

 

6. വളച്ചുവീശ്‌

 

 

7. മലക്കംമറിച്ചിൽ

 

 

8. ചെമ്പടയുടെ കലാശത്തിൽ നാലുദിക്കും തൊഴുക

 

 

9. തിരനോട്ടം- തിരനോട്ടം പണ്ട്‌ ഉണ്ടായിരുന്നില്ല എന്ന്‌ കരുതുന്നു. തുടങ്ങിയിട്ട്‌ 45 വർഷങ്ങളോളമേ ആയിട്ടുളളു എന്നും പറയുന്നു.

 

 

10. പുറപ്പാട്‌-അല്‌പം പുറകോട്ട്‌ മാറി പഞ്ചാരി 5-‍ാം കാലത്തിൽ പുറപ്പാട്‌

 

 

11. കുത്തിയമരുക-നിലത്തുചാരി

 

 

12. ചാടിപതിരി

 

 

13. വളച്ചുവീശ്‌

 

 

14. ഇരുകാൽമുറുകുക 1

 

 

5. വിളക്കത്തുപതിരി

 

 

16. മലക്കംമറിച്ചിൽ

 

 

17. ആയുധംകൊടുക്കുക

 

 

18. വിളക്കത്തുപൂജ

 

 

19. കുടിക്കലാശംചാടുക

 

 

20. ആയുധംവാങ്ങിപതിരി

 

 

21. ചെമ്പടവല്ലി മൂന്നുകാലത്തിലും

 

 

22. ദിഗ്‌വിജയം മടമ്പിടിച്ച്‌ അല്ലെങ്കിൽ കച്ചയിലമർന്നു കിടക്കുക-വേഷക്കാരൻ തയ്യാറാകുന്നതിന്‌ ഉഷാറാവുകയാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. താളം മുറിയടന്ത-തിയന്ത തിയം തന്ത

 

 

മുടിയേറ്റിലെ കൂളിഃ ജനങ്ങളെ വേഷത്തിലും സംസാരത്തിലും ചിരിപ്പിച്ചുകൊണ്ട്‌ പ്രേക്ഷകരുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന കഥാപാത്രമാണ്‌ മുടിയേറ്റിലെ കൂളി. അനുഷ്‌ഠാനവും മുടിയേറ്റിലെ കഥാസാരവും നിലനിർത്തിക്കൊണ്ട്‌ ജനങ്ങളോട്‌ ചേർന്ന്‌ ഒരാളായിത്തീർന്ന്‌ ഞങ്ങളും ഇതിലെ കഥാപാത്രങ്ങളാണെന്ന്‌ ജനങ്ങൾക്ക്‌ തോന്നുന്ന രീതിയിലാണ്‌ കൂളിയുടെ അഭിനയം. പ്രാകൃതരൂപത്തിലുളള വേഷവിധാനം മറ്റുവേഷങ്ങൾക്ക്‌ ദൃഷ്‌ടിദോഷം ഉണ്ടാവാതിരിക്കുന്നതിനാണെന്നും ഒരഭിപ്രായമുണ്ട്‌. മുടിയേറ്റ്‌ കാണുവാൻ വരുന്ന ജനങ്ങളെ വലിപ്പചെറുപ്പം നോക്കാതെ എടുത്തുകൊണ്ടുപോയി വിളക്കത്തിരുത്തി മാതൃവാത്‌സല്യത്തോടെ മുലയൂട്ടുന്ന രീതിയും ഇതിലെയൊരു പ്രത്യേകതയാണ്‌. തൃശൂർ കേരളവർമ കോളേജിൽ മുടിയേറ്റ്‌ നടന്ന സമയത്ത്‌ കൂളി ഒരു പ്രമുഖനായ വ്യക്തിയെ എടുത്ത്‌ വിളക്കത്തിരുത്തി അല്‌പം തമാശ കാണിച്ചു. കൂളിയുടെ കയ്യിൽനിന്നും മോചിതനായ ആ വ്യക്തി ഇപ്രകാരം പറഞ്ഞു. ‘എന്റെ വ്യക്തിത്വം എല്ലാം ചോർന്നുപോയി. ഒരു നിമിഷം ഞാനൊരു കൊച്ചുകുട്ടിയെപ്പോലെ കൂളിയുടെ കൈകളിൽ മലർന്നുകിടന്നു.’കൂളിയെ ഏറ്റവും നിസ്സാരകഥാപാത്രമായി തളളിക്കളയുന്ന കാണികൾ വളരെയധികമുണ്ട്‌. എന്നാൽ രംഗത്തവതരിപ്പിച്ച്‌ വിജയംവരിക്കുന്നതിന്‌ ഏറ്റവും ബുദ്ധിമുട്ടുളള കഥാപാത്രമാണ്‌ കൂളി. കലാകാരന്റെ മനോധർമ്മത്തെ ഓരോ നിമിഷവും വളർത്തിയെടുക്കണം. ഇന്ന്‌ കാണുന്ന മിമിക്രി മുതലായവ കൂളിയെപ്പോലുളള വേഷങ്ങളിൽനിന്ന്‌ വഴിത്തിരിഞ്ഞുണ്ടായതാവാം. ശബ്‌ദം മാറ്റിയാണ്‌ കൂളി സംസാരിക്കുന്നത്‌. ദാരികവധം കഥയിൽ ദാരികന്റെ ദുർഭരണത്തെ ചിത്രീകരിക്കുന്ന രീതിയിലാണ്‌ കൂളിയുടെ വേഷവിധാനം. ജനങ്ങളെ ചിരിപ്പിക്കുന്നതോടൊപ്പം ഈ ഒരു വലിയ തത്വവും അതിൽ അടങ്ങിയിരിക്കുന്നു.

 

 

മുടിയേറ്റിലും മറ്റുപലകലകളിലും വേഷങ്ങൾ തലയിൽ വയ്‌ക്കുന്ന കോപ്പിന്‌ കേശഭാരം എന്നാണ്‌ പറയുന്നത്‌. എന്നാൽ മുടിയേറ്റിലെ കാളിവേഷം തലയിൽവയ്‌ക്കുന്ന കിരീടത്തിന്‌ വലിയമുടിയെന്നാണ്‌ പറയുന്നത്‌. ഈ മുടിയേറ്റുന്നതുകൊണ്ടായിരിക്കാം മുടിയേറ്റെന്നപേരു വന്നത്‌. പ്രകൃതിയിൽനിന്നു കിട്ടുന്ന സാധനങ്ങൾകൊണ്ട്‌ അതാതു ദിവസം ഉണ്ടാക്കിയെടുക്കുന്ന കോപ്പുകളാണ്‌ പണ്ട്‌ ഉപയോഗിച്ചിരുന്നത്‌ (ഇന്ന്‌ പടയണിയിൽ കാണുന്നതുപോലെ). മുടിയേറ്റിന്റെ മുന്നോടിയായി കളമെഴുത്തു പാട്ടു വേണമെന്നു നിർബന്ധമുണ്ട്‌. കളമെഴുതുന്നതിന്‌ അഞ്ചുനിറത്തിലുളള പ്രകൃതിദത്തമായ പൊടികൾ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. ഇന്നും ഇത്‌ തുടർന്നുപോരുന്നു. പച്ചപ്പൊടി-വാകയില പൊടിച്ചത്‌ അല്ലെങ്കിൽ പൊങ്ങില്യത്തിന്റെ ഇല ഉണക്കിപ്പൊടിച്ചത്‌. കരി-ഉമി കരിച്ചെടുക്കുന്നത്‌. വെളള-അരിപ്പൊടി. മഞ്ഞൾ-മഞ്ഞളുപൊടിക്കുന്നത്‌. ചുവപ്പ്‌-മഞ്ഞളും ചുണ്ണാമ്പും ചേർത്ത്‌ ഉണ്ടാക്കുന്നത്‌.

 

 

ഈ അഞ്ചുസാധനങ്ങളും ആയുർവേദ ചികിൽസയിൽ പല അസുഖത്തിനും ഔഷധങ്ങളായി ഉപയോഗിക്കുന്നു. കൂടാതെ ഇവ അഞ്ചും കൂടികലരുമ്പോൾ ഉണ്ടാകുന്ന വാസനയ്‌ക്കും ഒരു പ്രത്യേകതയാണ്‌. ഇത്‌ കുട്ടികളെ തേച്ചുകുളിപ്പിക്കുന്നതിനും ചൊറിഞ്ഞു തടിക്കുകയോ മറ്റോ ഉണ്ടായാൽ ആ സ്‌ഥലത്ത്‌ തിരുമ്മുന്നതിനും അമ്മമാർമേടിച്ചു കൊണ്ടുപോകാറുണ്ട്‌. പണ്ടുകാലത്ത്‌ ഭക്‌തിമാർഗ്ഗത്തിൽ മാത്രം മനസ്സുറപ്പിച്ചാണ്‌ പൊടികൾ വാങ്ങിച്ചുകൊണ്ടുപോകാറുളളത്‌. ഇന്ന്‌ അതിന്റെ ‘ശാസ്‌ത്രീയ’ വശങ്ങളും മനസ്സിലാക്കിയാണ്‌ കൊണ്ടുപോകുന്നത്‌. മുടിയേറ്റിൽ മുഖത്തുതേയ്‌ക്കാൻ ഉപയോഗിക്കുന്ന ചായില്യം, മനയോല, കടുനീലം എന്നിവ ആയുർവ്വേദത്തിൽ മരുന്നുകളാണ്‌. ചുവപ്പുനിറത്തിനുവേണ്ടി ചായില്യവും മനയോലയും കട്ടനീലവുംകൂടി അരച്ചാൽ അത്‌ പച്ചച്ചായവും ആകുന്നു. അരിതാരം എന്നതിന്റെ ഒരു വകഭേദമാണിത്‌. പ്രമേഹം, പൊട്ട്‌, ചൊറി മുതലായവയ്‌ക്ക്‌ മനയോല വളരെ പ്രധാനമാണ്‌. കസ്‌തൂര്യാദി ഗുളികയിൽ ചായില്യവും മനയോലയും ചേരുന്നു. ചായില്യം-വെട്ടുവാതം ഗുളികയിൽ ചേരുന്നു. കണ്ണുചുവപ്പിക്കാൻ വേണ്ടി കണ്ണിൽ ചൂണ്ടപ്പൂവിടുന്നു. ചൂണ്ടപ്പൂവിട്ടതിനുശേഷം കണ്ണു ചലിപ്പിക്കുന്നു. ഇത്‌ കണ്ണിന്റെ കാഴ്‌ച വർദ്ധിപ്പിക്കുന്നു.

 

 

ഭഗവതി സംബന്ധമായ എല്ലാ ചടങ്ങുകൾക്കും പന്തം കത്തിച്ചു തെളളിയെറിയുന്നു. ഈ തെളളിയുടെ പുക അന്തരീക്ഷത്തിലെത്തി മാലിന്യത്തെ നീക്കം ചെയ്യുന്നു. കൂടാതെ തെളളി ഒരു വേദനാസംഹാരിയാണ്‌. പിണ്ണതൈലം കുഴമ്പിൽ ഇതുപയോഗിക്കുന്നു. കുരുത്തോല, ചെത്തിപ്പൂവ്‌, ആലില, മാവില എന്നിവ മംഗളവസ്‌തുക്കളിൽ പെടുന്നു. കൂടാതെ വേഷത്തിന്റെ ഭംഗിയും ഇതിനു ബാധകമാവുന്നു.

Generated from archived content: purattu_feb5.html Author: keezhillam_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

  1. ‘മുടിയേറ്റിലെ കൂളി നാടകം’ എന്നല്ലേ തലക്കെട്ട് വേണ്ടിയിരുന്നത്?
    വിജ്ഞാനം പകരുന്ന ലേഖനം,നന്ദി.

  2. സാധാരണീകരണവും കഥാർസിസും തമ്മിലുള്ള വ്യത്യാസം പം നം ആവശ്യമായിരുന്നു ഒരുപാട് ഉപകാരപ്പെട്ടു മുടിയേറ്റ് എന്ന ഭാഗം

Leave a Reply to Elizabeth Cancel reply

Please enter your comment!
Please enter your name here